കോഴിക്കോടിന്റെ നാട്ടുവഴികളിലൂടെ നടക്കുമ്പോൾ “ഇങ്ങളെങ്ങോട്ടാ, ഞാനും അങ്ങോട്ടാ,” എന്നും പറഞ്ഞ് ഏതെങ്കിലും ഒരു ഊടുവഴിയിലൂടെ ഇറങ്ങിവന്ന് നമുക്കൊപ്പം നടന്നു തുടങ്ങുന്ന ഒരു നാട്ടുപ്പുറത്തുകാരനെ പോലെയാണ് നവാസ് വള്ളിക്കുന്ന് എന്ന നടൻ. കോഴിക്കോടിന്റെ പ്രാദേശികഭാഷയിൽ ഡയലോഗ് ഡെലിവറി നടത്തുന്ന നവാസിനെ മാമുക്കോയയുടെ പിൻഗാമി എന്നു വിശേഷിപ്പിച്ചത് പ്രശസ്ത സംഗീതജ്ഞനായ ഷഹബാസ് അമൻ ആണ്.

‘സുഡാനി ഫ്രം നൈജീരിയ’യെന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നവാസ് ഇപ്പോൾ ‘തമാശ’യിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ്. ‘തമാശ’യിൽ സ്കൂളിലെ പ്യൂണായ റഹീം എന്ന കഥാപാത്രത്തെയാണ് നവാസ് അവതരിപ്പിക്കുന്നത്. വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന ശ്രീനിവാസൻ സാറിന്റെ സുഹൃത്തും ഉപദേശകനുമൊക്കെയാണ് റഹീം. തുടക്കം മുതൽ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ റഹീം എന്ന കഥാപാത്രത്തിന് നല്ല പങ്കുണ്ട്. വിനയ് ഫോർട്ടും നവാസ് വള്ളിക്കുന്നും ഒന്നിച്ചുള്ള രംഗങ്ങൾ പ്രേക്ഷകർക്കും ചിരിക്കോള് സമ്മാനിക്കുകയാണ്. കൃത്യമായ ടൈമിംഗോടു കൂടിയ നവാസിന്റെ തമാശകൾക്ക് മികച്ച കയ്യടിയാണ് തിയേറ്ററിൽ ലഭിക്കുന്നത്.

പ്രേക്ഷക പ്രശംസ നേടി ‘തമാശ’ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ സിനിമയിലേക്കുള്ള വഴികളെ കുറിച്ചും സുഡാനി കൊണ്ടുവന്ന ഭാഗ്യത്തെ കുറിച്ചും തമാശയെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ ഇന്ത്യൻ​ എക്സ്‌പ്രസ്സ് മലയാളത്തോട് സംസാരിക്കുകയാണ് നവാസ് വള്ളിക്കുന്ന്. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നാണ് ഈ കോഴിക്കോടുകാരൻ പറയുന്നത്.

“‘തമാശ’ തിയേറ്ററിൽ കണ്ടിറങ്ങിയപ്പോൾ കുറേപേര് വന്ന് കെട്ടിപ്പിടിച്ചു, ഒപ്പം നിന്ന് സെൽഫിയെടുത്തു, എന്റെ ജീവിതത്തിൽ ഇതൊക്കെ ആദ്യമാ,” നവാസ് പറഞ്ഞു തുടങ്ങി. “ഷഹബാസ് ഇക്കയുടെ പോസ്റ്റൊക്കെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു. ഞാനൊരുപാട് ഇഷ്ടപ്പെടുന്ന പാട്ടുകാരനാണ്. ആ ആൾ നമ്മളെ കുറിച്ച് നല്ലത് പറയുന്നു. ഒരു അവാർഡ് ഒക്കെ കിട്ടിയതുപോലെയായിരുന്നു ആ വാക്കുകൾ.”

Navas Vallikkunnu, നവാസ് വള്ളിക്കുന്ന്, Sudani from Nigeria, സുഡാനി ഫ്രം നൈജീരിയ, തമാശ, Thamaasha, Shahabaz Aman, ഷഹബാസ് അമൻ, Navas Vallikkunnu family, Navas Vallikkunnu new films

‘തമാശ’യിൽ വിനയ് ഫാേർട്ടിനും ദിവ്യ പ്രഭയ്ക്കും ഒപ്പം നവാസ്

കുട്ടിക്കാലം മുതൽ പ്രേംനസീറിന്റെ കടുത്ത ആരാധകനാണ് നവാസ്. “പ്രേംനസീറിന്റെ ഇമ്മിണി വല്യൊരു ആരാധകനാണ് ഞാൻ. പ്രേംനസീറിനെ മിമിക്രി വേദികളിൽ അവതരിപ്പിക്കൽ ആയിരുന്നു ഹോബി.” പ്രേംനസീറിനോടുള്ള ആരാധനയിൽ നിന്നു തന്നെയാവും തന്റെ സിനിമാമോഹത്തിന്റെയും ആരംഭമെന്ന് നവാസ് പറയുന്നു.

ഏറെ കഷ്ടപ്പാടുകളിലൂടെയായിരുന്നു നവാസിന്റെ സിനിമയിലേക്കുള്ള യാത്ര. “ചെറുപ്പം മുതൽ അഭിനയത്തോട് താൽപ്പര്യമുണ്ടായിരുന്നു. മഴവിൽ മനോരമയിലെ ‘കോമഡി സർക്കസ്’ എന്ന പ്രോഗാമാണ് വഴിത്തിരിയാവത്. ആ പ്രോഗാമിൽ ഫൈനലിൽ എത്തുകയും ജനപ്രിയ നായകൻ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അതുകണ്ടിട്ടാണ് ‘സുഡാനി ഫ്രം നൈജീരിയയിലേക്ക് സക്കറിയ വിളിക്കുന്നത്,” നവാസ് പറഞ്ഞു. കലാമോഹം മനസ്സിലുള്ളപ്പോഴും ജീവിക്കാനായി നിരവധിയേറെ ജോലികൾ താൻ ചെയ്തിട്ടുണ്ടെന്ന് നവാസ് പറയുന്നു. പെയിന്റിംഗ് തൊഴിലാളിയായി ജോലി ചെയ്യുമ്പോഴാണ് നവാസിനെ സിനിമ വിളിക്കുന്നത്.

‘സുഡാനി ഫ്രം നൈജീരിയ’യുടെ വിജയത്തിനു ശേഷം ‘ഫ്രഞ്ച് വിപ്ലവം’ എന്ന സിനിമയിലും നവാസ് അഭിനയിച്ചിരുന്നു. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയാണ് നവാസ്. “പേരിലെ വള്ളിക്കുന്ന് കണ്ട് പലരും ചോദിച്ചും മലപ്പുറത്തെ വള്ളിക്കുന്നാണോ എന്ന്. ഇത് കോഴിക്കോട്ടെ വള്ളിക്കുന്നാണ്. അങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് പലർക്കും അറിയില്ല, ഇങ്ങനെ അറിയട്ടെ,” എന്നാണ് തന്റെ പേരിനെ കുറിച്ച് നവാസ് പറയുന്നു.

നവാസിന്റെ സിനിമായാത്രകൾക്ക് പൂർണപിന്തുണ നൽകി കുടുംബം മുഴുവൻ കൂടെയുണ്ട്. “വീട്ടിൽ എല്ലാവരും നല്ല സപ്പോർട്ടാണ്. ഉപ്പ, ഉമ്മ, ഭാര്യ, മക്കൾ, മൂന്നു സഹോദരിമാർ, അനിയൻ- ഇതാണെന്റെ കുടുംബം. കഷ്ടപ്പാടുകളിലെല്ലാം കൂടെ നിന്ന് എന്നെ പ്രോത്സാഹിപ്പിച്ചത് അവരാണ്. മൂന്നു മക്കളാണ് എനിക്ക്. മൂത്തയാൾ ആറാം ക്ലാസ്സിൽ പഠിക്കുന്നു. രണ്ടാമത്തെ മകൾ മൂന്നാം ക്ലാസ്സിൽ. ഏറ്റവും ഇളയയാൾ ജനിച്ച ദിവസം തന്നെയാണ് സുഡാനിയുടെ ചിത്രീകരണവും ആരംഭിച്ചത്. ഹോസ്പിറ്റലിൽ നിന്നുമാണ് ഞാൻ ലൊക്കേഷനിലേക്ക് പോയത്. സുഡാനി വലിയ ഭാഗ്യങ്ങളാണ് ജീവിതത്തിലേക്ക് കൊണ്ടു വന്നത്. സിനിമ കണ്ടവരൊക്കെ വളരെ സ്നേഹത്തോടെയാണ് കാണുമ്പോൾ സംസാരിക്കുന്നത്,” നവാസ് പറഞ്ഞു.

‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് ശേഷം നിരവധിയേറെ ഓഫറുകൾ വന്നെങ്കിലും നല്ല കഥാപാത്രങ്ങൾ മാത്രം തെരെഞ്ഞെടുക്കാനാണ് നവാസ് ആഗ്രഹിക്കുന്നത്, “സുഡാനി കഴിഞ്ഞ് സക്കറിയയും ഷൈജു ഇക്കയുമെല്ലാം പറഞ്ഞു, വരുന്ന ഓഫറുകളിൽ നിന്നും നല്ല കഥാപാത്രങ്ങളെ നോക്കി മാത്രം തെരെഞ്ഞെടുത്താൽ മതിയെന്ന്.” നവാസ് അഭിനയിച്ച പിടികിട്ടാപ്പുള്ളി’ എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്. ചെറിയ വേഷങ്ങളിലൂടെ, സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാളസിനിമാലോകത്ത് തന്റേതായ വഴികൾ കണ്ടെത്തുകയാണ് ഈ കോഴിക്കോടുകാരൻ.

Read more: Thamaasha Movie Review: ചില തമാശക്കാരുടെ മുഖത്തടിക്കുന്ന ‘തമാശ’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook