Latest News

അവനും എന്നെപോലെയായിരുന്നേൽ ഒരേ സമയം രണ്ടു സിനിമ ചെയ്യാമായിരുന്നു; നസ്‌ലൻ പറയുന്നു

“എനിക്കൊരു ഇരട്ടസഹോദരൻ കൂടിയുണ്ട്. ഇരട്ടകളാണെങ്കിലും ഞങ്ങൾ ഐഡന്റിക്കൽ ട്വിൻസ് അല്ല”

Naslen K Gafoor, Naslen K Gafoor interview, Naslen K Gafoor photos, Naslen K Gafoor age, Naslen K Gafoor films, Super Sharanya, Anaswara Rajan

തല നിറയെ ബുദ്ധിയുള്ള, കൗണ്ടറുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന, തണ്ണീർമത്തൻ ദിനങ്ങളിലെ പപ്സ് പയ്യൻ, കുരുതിയിലെ കലിപ്പൻ, ഹോമിൽ ആർക്കും സ്നേഹം തോന്നുന്ന അനിയൻ കഥാപാത്രം- വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇതിനകം തന്നെ മലയാളികളുടെ ഇഷ്ടം കവർന്നു കഴിഞ്ഞു നസ്‌ലന്‍ കെ ഗഫൂര്‍. ‘അഭിനയമാണ് സാറേ ഇവന്റെ മെയിന്‍’ എന്നു തോന്നിപ്പിക്കുന്നത്ര അനായാസേനയാണ് ഓരോ കഥാപാത്രങ്ങളെയും നസ്‌ലന്‍ അവതരിപ്പിക്കുന്നത്.

‘തണ്ണീർമത്തൻ ദിനങ്ങളി’ലൂടെ സംവിധായകൻ ഗിരീഷ് എഡിയാണ് നസ്‌‌ലനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. രണ്ടര വർഷങ്ങൾക്കിപ്പുറം ‘സൂപ്പർ ശരണ്യ’ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ നസ്‌ലനും ഏറെ സന്തോഷത്തിലാണ്. തറവാട്ടിലേക്ക് തിരിച്ചെത്തിയതു പോലൊരു ഫീൽ എന്നാണ് ‘സൂപ്പർ ശരണ്യ’ ടീമിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവത്തെ നസ്‌ലൻ വിശേഷിപ്പിക്കുന്നത്. ‘സൂപ്പർ ശരണ്യ’ അനുഭവങ്ങളും പുതിയ വിശേഷങ്ങളും ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് നസ്‌ലൻ.

“സൂപ്പർ ശരണ്യയിലേക്ക് വിളിച്ചപ്പോൾ മുതൽ ഞാൻ എക്സൈറ്റഡാണ്. മറ്റുള്ള ഏതു സെറ്റിനേക്കാളും എനിക്ക് കംഫർട്ടബിൾ ആയി അഭിനയിക്കാൻ പറ്റുന്നയിടമാണ് ഗിരീഷേട്ടന്റെ സെറ്റ്. ഒരു ഫ്രണ്ട്സ് ഗ്യാങ്ങ് പോലെയാണ് അവിടെ. എല്ലാവരും അടുത്തറിയുന്ന ആളുകൾ. തമാശയും ചിരിയുമൊക്കെയായി ലൊക്കേഷനിൽ പോവാൻ തന്നെ രസമാണ്. ഒരുപാട് ഫ്രീഡമുള്ള സെറ്റ്. ചെറിയൊരു റോളാണ് ചിത്രത്തിൽ എനിക്ക്. സംഗീത് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അനശ്വര അവതരിപ്പിക്കുന്ന ശരണ്യയെന്ന കഥാപാത്രത്തിന്റെ സുഹൃത്താണ് സംഗീത്. ഒരു ഫ്രണ്ട് ബെഞ്ച് പഠിപ്പിസ്റ്റ് പയ്യൻ. തണ്ണീർമത്തനിൽ ക്ലാസിൽ കയറാൻ മടിയുള്ള എന്നെ ഇത്തവണ കുറേദിവസം ക്ലാസ്റൂമിലിരുത്തി സംവിധായകൻ.

കോവിഡ് സമയമായതിനാൽ, ക്ലാസുകൾ ഓൺലൈനായപ്പോൾ ക്യാമ്പസ് ജീവിതം മിസ്സ് ചെയ്തിരിക്കുമ്പോഴാണ് സൂപ്പർ ശരണ്യയുടെ ഷൂട്ട് വരുന്നത്. അത് ഞങ്ങളെല്ലാവരും നന്നായി ആസ്വദിച്ചു. ക്യാമ്പസിലേക്കു പോവുന്ന ഒരു ഫീലായിരുന്നു. ആ ഒരു വൈബ് ചിത്രത്തിലുമുണ്ട്.

സിനിമ തന്ന ഭാഗ്യങ്ങൾ

ചെയ്ത കഥാപാത്രങ്ങൾ ആളുകൾ ശ്രദ്ധിച്ചുവെന്നത് ഞാനൊരു ഭാഗ്യമായി കരുതുന്നു. ഒരു പരിധിവരെ എന്നെ അതാത് കഥാപാത്രങ്ങൾക്കായി സമീപിച്ച, എന്നിൽ അങ്ങനെയൊരു കഥാപാത്രത്തെ കണ്ടവർക്കാണ് അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത്. പിന്നെ നമ്മളെ കൊണ്ട് ആ കഥാപാത്രത്തെ ചെയ്യിപ്പിച്ചെടുത്ത സംവിധായകർക്കും. നല്ല സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നതാണ് വലിയ ഭാഗ്യം.

ചലഞ്ചിംഗായ റോൾ

ഞാനിതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഏതെങ്കിലുമൊരു പോയിന്റിൽ ചലഞ്ചിംഗ് ആയി തോന്നിയിട്ടുണ്ട്. എന്നിരുന്നാലും അക്കൂട്ടത്തിൽ എടുത്തുപറയേണ്ടത് കുരുതിയാണ്. ബാക്കി ഞാൻ ചെയ്തതിൽ കൂടുതലും കോമഡിയാണ്, കുരുതി പക്ഷേ ഇമോഷണൽ സ്വീകൻസ് ഒക്കെ ഉണ്ടായിരുന്നു.

കുരുതിയിൽ വരും മുൻപ് രാജുവേട്ടനൊക്കെ ഭയങ്കര സീരിയസ് ആണെന്നാണ് ഞാൻ കേട്ടിരുന്നത്. പക്ഷേ ആ സിനിമയിൽ എന്നെ ഏറ്റവും കംഫർട്ടബിൾ ആക്കിയത് രാജുവേട്ടനാണ്. പട്ടാളം സിനിമയിൽ പറയുന്നതു പോലെ, പിന്നെയങ്ങോട്ട് ഞാനായിരുന്നു രാജുവേട്ടന്റെ സ്ഥിരം വേട്ടമൃഗം. തമാശകളും കളിയാക്കലുകളുമൊക്കെയായി രസമായിരുന്നു ലൊക്കേഷൻ. സീരിയസ് കഥാപാത്രമായി അഭിനയിക്കാനൊക്കെ രാജുവേട്ടൻ എന്നെ കുറേ ഹെൽപ്പ് ചെയ്തിട്ടുണ്ട്.

കേശു ടീമിനൊപ്പമുള്ള അനുഭവം

ഞാൻ ജനിക്കുന്നതിനു മുൻപെ അഭിനയം തുടങ്ങിയ ആളുകളാണ് ഉർവശി ചേച്ചിയും ദിലീപേട്ടനുമൊക്കെ. കേശുവിലേക്ക് വിളിക്കുമ്പോൾ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു, ഒപ്പം നല്ല പേടിയും, അവർക്കൊപ്പമൊക്കെ ഞാൻ അഭിനയിച്ചാൽ ശരിയാവുമോ?. പക്ഷേ ഷൂട്ട് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരുമായി നല്ല അടുപ്പമായി. ഉർവശി ചേച്ചിയൊക്കെ ഒരു മകനെ കൊണ്ടുനടക്കുന്നതു പോലെയാണ് എന്നെ കൊണ്ടു നടന്നത്.

ദേ നമ്മടെ പപ്സ് പയ്യൻ

തണ്ണീർമത്തൻ ദിനങ്ങളിലെ മെൽവിനായാണ് ആളുകൾ എന്നെ കൂടുതലും തിരിച്ചറിയുന്നത്. ദേ, നമ്മടെ പപ്സ് പയ്യൻ എന്നൊക്കെ പറഞ്ഞ് സംസാരിക്കും. ഹോം ഇറങ്ങിക്കഴിഞ്ഞപ്പോൾ പ്രായമായ അമ്മമാർകൂടി തിരിച്ചറിയാൻ തുടങ്ങി, നീ ആ ഹോമിലെ ചാൾസല്ലേ എന്നൊക്കെ ചോദിച്ച് വിശേഷം തിരക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്.

കുടുംബത്തിന്റെ പിന്തുണ

കൊടുങ്ങല്ലൂരാണ് എന്റെ വീട്. വീട്ടിൽ വാപ്പ, ഉമ്മ, ഒരു ചേട്ടൻ, പിന്നെ എന്റെ ഇരട്ടസഹോദരൻ എന്നിവരാണ് ഉള്ളത്. ഇരട്ടകളാണെങ്കിലും ഞങ്ങൾ ഐഡന്റിക്കൽ ട്വിൻസ് അല്ലാട്ടോ. അവനും എന്നെ പോലെ തന്നെയാണ് ഇരിക്കുന്നതെങ്കിൽ ഒരു സമയം രണ്ടു പടമൊക്കെ ചെയ്യായിരുന്നു എന്നു പറയാറുണ്ട് ഞാൻ (ചിരിക്കുന്നു). അവനിപ്പോൾ കോഴ്സൊക്കെ കഴിഞ്ഞ് ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്.

ഫാമിലി എല്ലാ കാര്യങ്ങളിലും നല്ല സപ്പോർട്ടാണ്. സിനിമയുടെ കാര്യത്തിൽ മാത്രമല്ല. ഞാൻ ബിടെക് ആയിരുന്നു പഠിച്ചത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഞാൻ ബിടെക് ഡ്രോപ്പ് ചെയ്യാൻ പോവുകയാണ് എന്നു പറഞ്ഞപ്പോഴുമതെ, “എന്താണ് അടുത്ത പ്ലാൻ? ബിടെക് വേണ്ടെങ്കിൽ വേണ്ട, പക്ഷേ സ്റ്റഡീസ് എന്തായാലും കണ്ടിന്യൂ ചെയ്യണം” എന്നു മാത്രമേ അവർ പറഞ്ഞുള്ളൂ. ആ സമയത്ത് സിനിമ പ്ലാനൊന്നുമില്ലായിരുന്നു. തണ്ണീർമത്തൻ ദിനങ്ങളിലേക്ക് ഓഫർ വന്നപ്പോഴും നിന്റെ ഇഷ്ടം അതാണെങ്കിൽ ചെയ്യൂ എന്നാണ് ഫാമിലി പറഞ്ഞത്. ഇപ്പോൾ തുടർച്ചയായി സിനിമകൾ വരുമ്പോൾ അവരും ഹാപ്പിയാണ്.

ഞാനെടുത്ത തെറ്റായ തീരുമാനമായിരുന്നു അത്

ബിടെക് എനിക്ക് ഒട്ടും പറ്റുന്നുണ്ടായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ് സയൻസ് എടുത്തു. അതു കഴിഞ്ഞപ്പോൾ എല്ലാവരുടെയും ചോദ്യമായി, ഇനിയെന്താ പ്ലാൻ ബിടെക് ആണോ മെഡിസിൻ ആണോ? കുറച്ചുകൂടി ആലോചിച്ച് തീരുമാനിക്കേണ്ട കാര്യം ഞാൻ ചാടികയറി ചെയ്തു. ആ സമയത്തെ എന്റെ ഒരു തെറ്റായ തീരുമാനമായിരുന്നു ബിടെക്. പക്ഷേ അധികം വൈകാതെ തന്നെ ഞാനത് വേണ്ടെന്ന് വച്ചിട്ടു പോന്നുവെന്നതിൽ സമാധാനമുണ്ട്.

സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങി

സിനിമയിൽ തന്നെ ഫോക്കസ് ചെയ്യാനാണ് പ്ലാൻ. ഇപ്പോഴും ഓരോ സിനിമ ചെയ്യുമ്പോഴും എന്നെ കൊണ്ട് പറ്റുമോ എന്ന ടെൻഷനുണ്ട്. പക്ഷേ ഞാനതിനെ ഓവർകം ചെയ്ത് തുടങ്ങുന്നു. കാരണം എനിക്ക് സിനിമ ഇഷ്ടമായി തുടങ്ങി. അതിന്റെ പ്രോസസ് ഒക്കെ രസമാണ്. സിനിമയിൽ തന്നെ നിൽക്കണം എന്നാണ് ആഗ്രഹം.

പുതിയ റിലീസുകൾ

തണ്ണീർമത്തന്റെ കോ റൈറ്റർ ഡിനോയ് പൗലോസ് എഴുതിയ പത്രോസിന്റെ പടപ്പുകൾ, ജോ ആൻഡ് ജോ, സത്യൻ അന്തിക്കാട് സാറിന്റെ മകൾ ഈ മൂന്നു ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

Get the latest Malayalam news and Interview news here. You can also read all the Interview news by following us on Twitter, Facebook and Telegram.

Web Title: Naslen k gafoor interview super sharanya

The moderation of comments is automated and not cleared manually by malayalam.indianexpress.com