scorecardresearch
Latest News

നാരദന്റെ തിരക്കു കാരണം ഭീഷ്മപർവ്വം ഒഴിവാക്കേണ്ടി വന്നു: ഉണ്ണി ആർ സംസാരിക്കുന്നു

ഉണ്ണി ആറിന്റെ രചനയിൽ ദൃശ്യമാധ്യമ രംഗത്തെ പശ്ചാത്തലമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’ നാളെ തിയേറ്ററുകളിലേക്ക്

നാരദന്റെ തിരക്കു കാരണം ഭീഷ്മപർവ്വം ഒഴിവാക്കേണ്ടി വന്നു: ഉണ്ണി ആർ സംസാരിക്കുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ് ഉണ്ണി ആർ. സാധാരണ മനുഷ്യ ജീവിതത്തെയും യാഥാർത്ഥ്യങ്ങളെയും സൂക്ഷ്മമായി നീരിക്ഷിക്കുകയും അതിലെ അസാധാരണത്വത്തെ തിരയുകയും ചെയ്യുന്ന  കഥാകൃത്ത്.

ഒഴിവുദിവസത്തെ കളി, ബിഗ് ബി , ചാർളി, ബാച്ച്‌ലർ പാർട്ടി, അൻവർ, മുന്നറിയിപ്പ് തുടങ്ങിയ ശ്രദ്ധേയചിത്രങ്ങൾക്ക് ശേഷം ഉണ്ണിയുടെ രചനയിൽ മറ്റൊരു ചിത്രം കൂടി നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്, ദൃശ്യമാധ്യമ രംഗത്തെ പശ്ചാത്തലമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’. നാരദനെ കുറിച്ചും, മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം ബിലാലിനെ കുറിച്ചും എഴുത്തുവഴികളെ കുറിച്ചും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ഉണ്ണി ആർ.

നാരദൻ വന്ന വഴി?

ദൃശ്യമാധ്യമങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ചിത്രം ആലോചിച്ചാലോ എന്നൊരുദിവസം ആഷിഖ് എന്നോട് ചോദിച്ചു. ഞാനും മുൻപ് ആലോചിച്ചിരുന്ന ആശയമായതിനാൽ ആഷിഖ് എന്നോട് സംസാരിച്ചതിന്റെ അടുത്ത ദിവസം തന്നെ ഞാനൊരു വൺ ലൈൻ ത്രെഡ് പറഞ്ഞു. അത് ആഷിഖിന് ഓക്കെ ആയിരുന്നു. ഇന്നത്തെ ദൃശ്യമാധ്യമ സ്‌ഥാപനങ്ങളിലെ രീതികളും അവിടെ സംഭവിക്കുന്ന കാര്യങ്ങളുമെല്ലാം നാരദനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംവിധായകരുമായുള്ള ഇടപെടൽ

ഒരു സിനിമയുടെ തിരക്കഥ എഴുതുമ്പോൾ അതിൽ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തണമല്ലോ. ഒരു സ്ഥലം ഉണ്ടാവും, സന്ദർഭം ഉണ്ടാവും , ആളുകളുടെ രീതികൾ ഉണ്ടാവും, അതിനെ സംവിധായകർ അവരുടെ കാഴ്ച ബോധത്തിൽ നിന്ന് കൂടുതൽ മികച്ചതാക്കുന്നു. ഏതു രീതിയിൽ ഷൂട്ട് ചെയ്യണം, ഏതു ആംഗിൾ ഉപയോഗിക്കണം, കലാ സംവിധാനത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയും ഇതെല്ലാം സംവിധായകന്റെ തീരുമാനങ്ങളാണ്. തീർച്ചയായും സംവിധായകനുമായി കൃത്യമായ കമ്മ്യൂണിക്കേഷൻ തുടക്കം മുതൽ പോസ്റ്റ് പ്രൊഡക്ഷൻ സമയം വരെ ഉണ്ടാകും.

ബിലാൽ, ചാർളി പോലെയുള്ള കഥാപാത്രങ്ങൾ അവരുടെ സംസാരശൈലിയും മാനറിസവും കൊണ്ട് പുതു തലമുറയുടെ ഇഷ്ടം കവർന്നവരാണ്. എങ്ങനെയാണ് പുതു തലമുറയുടെ പൾസ് മനസ്സിലാക്കുന്ന രീതിയിൽ സംഭാഷണങ്ങൾ ഒരുക്കാൻ സാധിക്കുന്നത്?

നമ്മൾ ഈ സമൂഹത്തിൽ ജീവിക്കുകയും സമൂഹത്തിലെ ചലനങ്ങളെ കൂടുതൽ ശ്രദ്ധയോടെ വീക്ഷിക്കുകയും ചെയ്യുമ്പോൾ ഇതിനെ കുറിച്ചൊക്കെയൊരു ധാരണ ഉണ്ടാകുമല്ലോ. അതൊക്കെ എഴുത്തിൽ പ്രതിഫലിക്കുന്നു എന്നേയുള്ളു. ഇതൊന്നും ജീവിച്ചിരിക്കുന്ന ആളുകളല്ലല്ലോ, ഫിക്ഷണൽ ആയിട്ടുള്ള കഥാപാത്രങ്ങളല്ലേ? അത്തരം സാങ്കല്പിക കഥാപാത്രങ്ങൾക്ക് വേണ്ടി ഒരുക്കുന്ന സംഭാഷണ ശൈലി യഥാർത്ഥ ആളുകൾ സംസാരിക്കുന്നതു പോലെയാവില്ല. യഥാർത്ഥ മനുഷ്യർ സംസാരിക്കുന്നത് പോലെ സാങ്കൽപ്പിക കഥാപാത്രങ്ങൾ സംസാരിച്ചാൽ അതൊരു മിമിക്രിയായി പോകും. സിനിമ എന്ന് പറയുന്നത് ഒരു സാങ്കല്പിക ലോകമാണ്, അതിലെ കഥാപാത്രങ്ങളും സാങ്കൽപ്പികമാണ്, ബിലാലും ആ രീതിയിലാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് ആളുകൾ അത് ഇഷ്ടപ്പെടുന്നത്.

പല മൂഡിലുള്ള സിനിമകൾക്ക് വേണ്ടി താങ്കൾ തിരക്കഥ എഴുതിയിട്ടുണ്ടല്ലോ, എങ്ങനെയാണ് ഒരു സിനിമയ്ക്കു വേണ്ടിയുള്ള ഭാവുകത്വം തിരഞ്ഞെടുക്കുന്നത്?

ഞാൻ എന്റെ രീതിയിൽ അങ്ങ് എഴുതുന്നു. എന്റെ ചിന്താരീതിക്കനുസരിച്ചു എഴുതുന്നു, അല്ലാതെ ഇന്ന രീതിയിലൊരു കഥ എഴുതാം, ഇന്ന മൂഡിലൊരു കഥ എഴുതാമെന്നൊന്നും ഞാൻ ചിന്തിക്കാറില്ല. സിനിമ എന്ന് പറയുന്നത് ട്രാജിക് ആണോ കോമഡിയാണോ എന്നുള്ളതൊന്നുമല്ല. സിനിമ ഒരു ദൃശ്യഭാഷയാണ്, ആ ഭാഷ നന്നായിരിക്കുന്നുണ്ടോ ഇല്ലയോ എന്നതേ ശ്രദ്ധിക്കേണ്ടതുള്ളൂ. ജീവിതത്തിലും സ്ഥായിയായ ദുഃഖ ഭാവമോ സന്തോഷമോ മാത്രമല്ല. എല്ലാം മാറി മറിഞ്ഞു വരുന്ന ഒരു പ്രക്രിയ ആണ് ജീവിതം, സിനിമയും അങ്ങനെ തന്നെയാണ്.

ഒഴിവുദിവസത്തെ കളിയിൽ ദാസനെ കൊല്ലുമ്പോൾ, അതൊരു സാമൂഹിക ദുരന്തം എന്ന നിലയിലാണ് അതിനെ കാണുന്നത്. ഒരു വ്യക്തിയുടെ ദുരന്തത്തിനെക്കാളുപരിയായിട്ട് സമൂഹത്തിൽ നിലനിൽക്കുന്ന ഗൗരവകരമായ ഒരു രാഷ്ട്രീയ പ്രശ്നത്തെയാണ് ആ സിനിമയിൽ അല്ലെങ്കിൽ കഥയിൽ കാണിക്കാൻ ശ്രമിച്ചിരിക്കുന്നത്. ട്രാജഡി എന്നതിനേക്കാൾ ഉപരി അതൊരു സിനിമാറ്റിക് എൻഡ് ആണ്.

നാരദൻ എന്ന സിനിമ സമകാലിക ഇന്ത്യൻ മാധ്യമ ലോകത്തെ കുറിച്ചാണ് പറയുന്നത്. ഈ പറയുന്ന രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെല്ലാം തന്നെ അതിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഭീഷ്മപർവ്വവും നാരദനും ഒരേ ദിവസം റിലീസ് ആവുമ്പോൾ

ഭീഷ്മപർവ്വത്തിന്റെ സംഭാഷണമെഴുതാൻ അമൽ എന്നോട് പറഞ്ഞിരുന്നു. പക്ഷേ ആ സമയത്ത് ഞാൻ നാരദന്റെ തിരക്കഥ എഴുതുന്ന തിരക്കിലായിരുന്നു, അതുകൊണ്ട് ഏറ്റെടുക്കാൻ കഴിഞ്ഞില്ല. ബിലാലിന് വേണ്ടിയുള്ള തിരക്കഥ അപ്പോഴേക്കും പൂർത്തിയായി കഴിഞ്ഞിരുന്നു. ആഷിഖായാലും അമലായാലും എന്റെ സുഹൃത്തുക്കളാണ്, അവരുടെ രണ്ടു പേരുടെയും പടം യാദൃശ്ചികമായാണെങ്കിലും ഒരേദിവസം ഇറങ്ങുന്നു. വ്യക്തിപരമായി സന്തോഷം തരുന്ന കാര്യമാണത്.

കഥയെഴുത്തോ തിരക്കഥയെഴുത്തോ ഏതാണ് കൂടുതൽ പ്രിയം?

രണ്ടും ഉത്തരവാദിത്വം ആണല്ലോ, എളുപ്പ വഴികളൊന്നുമില്ല, രണ്ടും എഴുതുന്നത് ഒരേ ഉത്തരവാദിത്വ ബോധത്തോടു കൂടിയാണ്. കഴിഞ്ഞകുറച്ചുനാളായിട്ട് ഞാൻ എനിക്ക് സ്വതന്ത്രമായി എഴുതാൻ കഴിയുന്ന സംവിധായകരുടെ കൂടെ മാത്രമേ പ്രവർത്തിക്കുന്നുള്ളു.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Naradan malayalam movie script writer unni r interview