Latest News

‘മരക്കാറി’ന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനം: രാഹുൽ രാജ്

ഒരു മലയാളം സിനിമയാണെന്നോ ഇന്ത്യന്‍ സിനിമയാണെന്നോ ചിന്തിക്കേണ്ട, ഹോളിവുഡില്‍ നിന്നും ഒരു പ്രൊജക്റ്റ് ലഭിച്ചാൽ എങ്ങനെയാണോ ചെയ്യുക, ആ ലെവലില്‍ ചെയ്‌തോളൂ എന്നായിരുന്നു പ്രിയൻ സാറിന്റെ നിർദേശം

Rahul Raj, രാഹുൽ രാജ്, Marakkar score, Marakkar theme music, Rahul Raj songs, രാഹുൽ രാജ് പാട്ടുകൾ, Marakkar, Marakkar Arabikkadalinte Simham, മരക്കാർ അറബിക്കടലിന്റെ സിംഹം

ഏറെ നാളായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളിലേക്ക് എത്താൻ ഇനി ഒരു ദിനം മാത്രം ബാക്കി. ഡിസംബർ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്. മരക്കാറിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സിനിമാപ്രേമികകളും തിയേറ്ററുകളും മോഹൻലാൽ ആരാധകരുമൊക്കെ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മരക്കാർ തിയേറ്ററുകളിലെത്തുമ്പോൾ ചിത്രത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കിയ രാഹുൽ രാജും ആവേശത്തിലാണ്. മരക്കാർ പോലൊരു ബ്രഹ്മാണ്ഡചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് രാഹുൽ രാജ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“കുറച്ചു വർഷങ്ങൾക്ക് മുൻപ് സ്‌പെയ്‌നിലെ ബേർക്‌ലി കോളേജ് ഓഫ് മ്യൂസിക്കിൽ ഞാൻ മാസ്റ്റേഴ്‌സ് ചെയ്യാന്‍ പോയിട്ടുണ്ടായിരുന്നു. തീസിസിനായി ഞാൻ ഒരു സിംഫോണിക്ക് മ്യൂസിക് പീസ് ആണ് ചെയ്തിരുന്നത്. ലണ്ടനിലെ പ്രശസ്തമായ എഐആര്‍ സ്റ്റുഡിയോയിലായിരുന്നു അതിന്റെ റെക്കോഡിങ്. ഈ സ്റ്റുഡിയോവിൽ വച്ച് എന്റെ സിംഫോണിക്ക് തീമിന്റെ റെക്കോർഡിങ്ങിൽ ഞാൻ അമ്പത്തിരണ്ട് പേരടങ്ങുന്ന ലണ്ടൻ ഓർക്കസ്ട്രയെ കണ്ടക്ക്റ്റ് ചെയ്യുന്ന വീഡിയോ പ്രിയദർശൻ സാറും കാണാനിടയായി. എനിക്ക് പരിചയമുള്ള ചിലർ ആ വീഡിയോ സാറിനെ കേൾപ്പിച്ചപ്പോൾ, അദ്ദേഹം ഇംപ്രസ്ഡാവുകയും ഇയാള്‍ എവിടെയുണ്ട് എന്ന് തിരക്കുകയും ചെയ്തു. അങ്ങനെയാണ് പ്രിയദർശൻ സാർ എന്നെ വിളിക്കുന്നത്.”

“സാറെന്നെ വിളിക്കുമ്പോൾ എന്റെ കോഴ്സ് കഴിഞ്ഞിട്ടില്ല, രണ്ടുമാസം കൂടി ബാക്കിയുണ്ടായിരുന്നു. കോഴ്‌സ് കഴിഞ്ഞ് രാഹുല്‍ വരുമ്പോള്‍ ഒരാഴ്ചയ്ക്ക് അകത്ത് എന്നെ വന്ന് കാണണം എന്നു സാർ പറഞ്ഞു. അതിനിടയിൽ വരുന്നില്ലേ എന്നൊക്കെ ചോദിച്ച് അദ്ദേഹം എന്നെ ഒന്നു രണ്ടുതവണ കോൺടാക്റ്റ് ചെയ്തിരുന്നു. ഞാൻ നാട്ടിലെത്തിയ ഉടനെ അദ്ദേഹത്തെ ചൈന്നൈയില്‍ പോയി കണ്ടു. എഐആര്‍ സ്റ്റുഡിയോയിൽ ഞാനവതരിപ്പിച്ച ആ സിംഫോണിക്ക് പീസ് ആണ് മരക്കാറിലേക്ക് എത്താൻ നിയോഗമായത്. കരിയറിൽ നിന്ന് ബ്രേക്ക് എടുത്ത് പഠിക്കാൻ പോയ ഞാൻ തിരിച്ചെത്തി ആദ്യം ചെയ്യുന്ന പ്രൊജക്റ്റും ‘മരക്കാർ’ ആണ്.”

“സംവിധായകനുമായി നല്ലൊരു അടുപ്പവും മനസ്സിലാക്കലും ഉണ്ടായാൽ ഒന്നും ചലഞ്ചിംഗ് അല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ സിനിമ എന്നൊരു റാപ്പോ ആണ് ആദ്യം ഉണ്ടാകേണ്ടത് എന്നെനിക്കു തോന്നുന്നു. ഈ സിനിമയില്‍ അതുണ്ടായിരുന്നു. ഒരിക്കലും അദ്ദേഹത്തെ പോലൊരു ലെജന്റിനൊപ്പം ഇങ്ങനൊരു ബ്രഹ്‌മാണ്ഡ ചിത്രത്തിൽ വര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. എനിക്കിത് ചെയ്യാന്‍ പറ്റുമെന്നത് അദ്ദേഹത്തിന്റെ വിശ്വാസമായിരുന്നു. അദ്ദേഹമാണ് എന്നെ തിരഞ്ഞെടുത്തത്.”

സാധാരണ തന്റെ സിനിമകൾക്ക് അദ്ദേഹം റഫറന്‍സ് കൊടുക്കാറുണ്ട്. എന്നാൽ എന്നോട് പറഞ്ഞത്, “എങ്ങനെ വേണമെന്ന് പറഞ്ഞ്, എനിക്ക് അറിയാവുന്നതു പറഞ്ഞ് ഞാന്‍ നിങ്ങളെ ലിമിറ്റ് ചെയ്യാന്‍ പോവുന്നില്ല. നിങ്ങള്‍ ഒരുപാട് അറിവ് നേടിയിരിക്കുന്നു,” എന്നാണ്. പൂർണമായ സ്വാതന്ത്ര്യം അദ്ദേഹം തന്നു. ഇവിടെ മുതല്‍ ഇവിടെ വരെ മ്യൂസിക് വേണം എന്നൊക്കെ കൃത്യമായി മാര്‍ക്ക് ചെയ്തു പറഞ്ഞുതരുന്നതാണ് അദ്ദേഹത്തിന്റെ രീതി. അത്തരം വിശദാംശങ്ങൾ പറഞ്ഞു തന്നപ്പോഴും, എവിടെയെങ്കിലും മ്യൂസിക് വേണ്ടെന്നു തോന്നുവെങ്കില്‍ വേണ്ടെന്നു വെക്കാനുള്ള ഫ്രീഡവും തന്നു. ആ സ്വാതന്ത്യം വളരെ വലുതായിരുന്നു എന്നെ സംബന്ധിച്ച്. വീട്ടില്‍ ഇരുന്നാണ് ഞാന്‍ മരക്കാറിന്റെ മുഴുവൻ സ്‌കോറും ചെയ്തത്.

സാധാരണ പല ചിത്രങ്ങളിലും പശ്ചാത്തല സംഗീതം ചെയ്യുമ്പോൾ കീബോർഡ് പ്രോഗ്രാമ്മിങ്ങ് ചെയ്യാൻ എന്നോടൊപ്പം രണ്ടോ മൂന്നോ പേർ കൂടിയുണ്ടാവും. പക്ഷെ മരക്കാർ എന്ന ചിത്രത്തിന്റെ സ്കോറിന് പ്രത്യേക ട്രീറ്റ്‌മെന്റ് ആവശ്യമായതിനാൽ, ഞാൻ ഒറ്റയ്ക്കാണ് മൊത്തം പ്രോഗ്രാമിങ്ങും പ്രൊഡക്ഷനും ചെയ്തത്. പ്രഗത്ഭരായ ചെന്നൈ സ്ട്രിങ്സ് ഓർക്കസ്ട്രയെകൊണ്ടും സ്‌കോറിൽ സുപ്രധാനമായ സ്ട്രിങ്ങ്സ് പീസുകൾ വായിപ്പിക്കാൻ പറ്റി എന്നുള്ളത് മറ്റൊരു സന്തോഷം.

മരക്കാറിന്റെ സൗണ്ട്സ്‌കേപ്പിനെ കുറിച്ചു പറയുകയാണെങ്കിൽ, ഗോള്‍ഡന്‍ ഏജ് ഹോളിവുഡ് മൂവികളുടെ എപ്പിക് സ്വഭാവം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഒരു റീജിയണല്‍ സിനിമ എന്നു തോന്നേണ്ട എന്നായിരുന്നു പ്രിയദർശൻ സാർ പറഞ്ഞത്. ബേർക്‌ലിയിലെ ഓര്‍ക്കെസ്ട്ര റെക്കോർഡിംഗിനായി ഞാനെഴുതിയ പീസും യഥാര്‍ത്ഥത്തില്‍ അതുപോലെ സ്വഭാവമുള്ള ഒന്നായിരുന്നു. ഗ്രീക്ക് മിത്തുകളെ ഒക്കെ ഓർമിപ്പിക്കുന്ന രീതിയിലുള്ളത്. അത് കണ്ടപ്പോഴാണ്, ഇതാണ് എനിക്ക് വേണ്ടത് എന്ന് പ്രിയൻസാറിന് തോന്നിയത്. ഒരു മലയാളം സിനിമയാണെന്നോ ഇന്ത്യന്‍ സിനിമയാണെന്നോ ചിന്തിക്കേണ്ട, ഹോളിവുഡില്‍ നിന്നും ഒരു പ്രൊജക്റ്റ് ലഭിച്ചാൽ എങ്ങനെയാണോ ചെയ്യുക, ആ ലെവലില്‍ ചെയ്‌തോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

പ്രിയൻ സാർ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ അല്ലേ? 95ല്‍ കാലാപാനി ചെയ്തു. പരിമിതമായ ബഡ്ജറ്റിലും സാധ്യമായ ഗ്രാഫിക്‌സിലും ചെയ്ത ഒരു വണ്ടര്‍ ആയിട്ടാണ് ആ ചിത്രത്തെ ഞാൻ നോക്കി കാണുന്നത്. അതുകഴിഞ്ഞ് 25 വർഷം പിന്നിട്ടിരിക്കുന്നു, ഇപ്പോള്‍ സാധ്യമാകുന്ന ടെക്‌നോളജി അതിലും വലുതാണ്. ഈ കാലഘട്ടത്തില്‍ അത്തരമൊരു സിനിമ ചെയ്താല്‍ എങനെയൊക്കെ വരാം. അതൊക്കെയാണ് ഈ ക്രാഫ്റ്റ്മാന്‍ഷിപ്പിന്റെ പ്രസക്തി. പണി അറിയാവുന്ന ഒരാള്‍ക്ക് ബഡ്ജറ്റിനേക്കാളും കറക്റ്റ് ടെക്‌നീഷ്യന്‍മാരെ വെച്ച് എങ്ങനെ എക്‌സിക്യൂട്ട് ചെയ്യാം എന്നറിയാം. അത്തരം ബ്രില്യന്റ് സ്കില്ലുകൾ സാറിന്റെ കയ്യില്‍ ഉണ്ട്.

ബിഗ് സ്ക്രീനിൽ, തിയേറ്റർ ആരവങ്ങൾക്കിടയിലിരുന്ന് മരക്കാർ കാണാനായി കാത്തിരിക്കുകയാണ് ഞാനും,” രാഹുൽ പറഞ്ഞു നിർത്തി.

Get the latest Malayalam news and Interview news here. You can also read all the Interview news by following us on Twitter, Facebook and Telegram.

Web Title: Music composer rahul raj sharing marakkar lion of the arabian sea working experience

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express