scorecardresearch
Latest News

മിന്നൽ മുരളിയുടെ രണ്ടാം ഭാഗം എപ്പോൾ? ചിത്രത്തിൽ ഒളിപ്പിച്ചുവച്ച ബ്രില്ല്യൻസുകളെന്തൊക്കെ?; ബേസിൽ ജോസഫ്, അഭിമുഖം

“ഈ സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് ഞങ്ങളേറ്റവും​ അവസാനം തീരുമാനിക്കുന്നത്. ആറുമാസത്തോളം തലകുത്തി നിന്നിട്ടാണ് ഞങ്ങൾക്ക് ഞങ്ങളുടെ വില്ലനെ കിട്ടുന്നത്”

മിന്നൽ മുരളിയുടെ രണ്ടാം ഭാഗം എപ്പോൾ? ചിത്രത്തിൽ ഒളിപ്പിച്ചുവച്ച ബ്രില്ല്യൻസുകളെന്തൊക്കെ?; ബേസിൽ ജോസഫ്, അഭിമുഖം

മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ പടം ‘മിന്നൽ മുരളി’ മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി നെറ്റ്ഫ്ലിക്സിൽ വിജയകരമായി സ്ട്രീമിംഗ് തുടരുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ ബേസിൽ ജോസഫ്. നെറ്റ്ഫ്ളിക്സ് ഇന്ത്യ ടോപ്പ് 10 പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ‘മിന്നൽ മുരളി’.

“മിന്നൽ മുരളി കണ്ട് എന്നെ ഒരുപാട് പേർ വിളിക്കുന്നുണ്ട്. അഞ്ചു വയസ്സുള്ള കുട്ടികൾ മുതൽ 65 വയസ്സുള്ളവർ വരെ നേരിട്ട് വിളിച്ച് സിനിമ ഇഷ്ടപ്പെട്ടു എന്നു പറയുന്നു. എല്ലാതരം പ്രായക്കാർക്കും സിനിമ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ സന്തോഷം. ഒരു കോമിക് ബുക്ക് വായിക്കുന്നതു പോലെ ആളുകൾ ചിത്രം ആസ്വദിക്കുന്നുണ്ട്,” റിലീസിനു പിന്നാലെ തന്നെ തേടിയെത്തുന്ന പ്രതികരണങ്ങളെ കുറിച്ചും മിന്നൽ മുരളിയുടെ അണിയറവിശേഷങ്ങളെ കുറിച്ചും ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് ബേസിൽ ജോസഫ്.

ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, വസിഷ്ഠ് എന്നിവർക്കൊപ്പം ബേസിൽ
 • മിന്നൽ മുരളിയിലെ ഡയറക്ടർ ബ്രില്ല്യൻസ് കണ്ടുപിടിക്കുന്ന തിരക്കിലാണ് പ്രേക്ഷകർ. ഇതുവരെ പ്രേക്ഷകരുടെ കണ്ണിൽ പെടാത്ത എന്തെങ്കിലും ബ്രില്യൻസ് കൂടി ഒളിപ്പിച്ചു വച്ചിട്ടുണ്ടോ?

ബ്രില്ല്യൻസിനായി ചെയ്യുന്നതല്ല ഒന്നും. മിന്നൽ മുരളിയിൽ ആർട്ടിലും കോസ്റ്റ്യൂമിലുമെല്ലാം ഞങ്ങൾ കുറേ ഡീറ്റെയിലിംഗ് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടർമാർക്കും ആർട്ട് ഡയറക്ടർക്കുമൊക്കെ അതിന്റെ ക്രെഡിറ്റ് കൊടുക്കണം. ഒരുപാട് പ്രീപ്രൊഡക്ഷൻ വർക്കുകൾ നടത്തിയും സ്റ്റോറി ബോർഡ് ചെയ്തുമൊക്കെയാണ് ഞങ്ങൾ ഇതിനുവേണ്ടി ഇറങ്ങിയത്. ഒരുപാട് വിഷ്വൽ കോമഡികളും ചെറിയ മെറ്റഫറുകളും ചിത്രത്തിൽ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. അതിൽ പലതും ആളുകൾ സ്പോട്ട് ചെയ്യുന്നുണ്ട് ഇപ്പോൾ. ഞങ്ങൾ പോലും വിചാരിക്കാത്ത ബ്രില്ല്യൻസുകളും ആളുകൾ കണ്ടെത്തുന്നുണ്ട് (ചിരിക്കുന്നു). പ്രേക്ഷകരുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങളൊക്കെ കാണുന്നത് രസമാണ്.

കൃത്യമായി പറഞ്ഞാൽ, മിന്നൽ മുരളിയ്ക്കായി ഞങ്ങൾ 3 വർഷവും മൂന്നു മാസവും എടുത്തിട്ടുണ്ട്. 2018 സെപ്റ്റംബറിലാണ് ‘മിന്നൽ അടിച്ച് അമാനുഷിക ശക്തി കിട്ടുന്ന ഒരു നാട്ടിൻപ്പുറത്തുകാരൻ’ എന്ന ആശയത്തിൽ നിന്നും ഞങ്ങൾ തുടങ്ങുന്നത്. ചിത്രത്തിലെ എല്ലാ സീനുകൾക്കും ഞങ്ങൾ സ്റ്റോറി ബോർഡ് ചെയ്തിരുന്നു. 1200 ഓളം കളർഫുൾ ഫ്രെയിമുകൾ ഇതിനായി വരച്ചിട്ടുണ്ട്. ഒരു ടീമായി ഒന്നിച്ച് ഒരു റൂമിലിരുന്ന് വരക്കുകയാണല്ലോ, അപ്പോൾ തന്നെ കുറേയേറെ കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റിയിട്ടുണ്ട്. സാധാരണ ഒരു സിനിമ എന്നതിനപ്പുറത്തേക്ക് ഏറെ പാഷനോടെയാണ് എല്ലാവരും വർക്ക് ചെയ്തത്. എല്ലാവരിലും ഉണ്ടായിരുന്ന ആ ആവേശത്തിന്റെ, ടീം വർക്കിന്റെ ഫലമാണ് ഈ വിജയം.

 • അളിയൻ പോത്തനെ ജെയ്സൺ ഇടിച്ചിടുന്ന കിണർ പിന്നീട് പുതുക്കി പണിതപ്പോൾ അതിനു മുകളിൽ ജോസ്മോൻ ചോക്ക് കൊണ്ട് എഴുതി വച്ചത് ‘അച്ഛൻ പോയ വഴി’ എന്നാണ്. രസകരമായ അത്തരം വിഷ്വൽ കോമഡികളൊന്നും സിനിമയിൽ ഫോക്കസ് ചെയ്യാതെ പോയത് പിന്നീട് പ്രേക്ഷകർ കണ്ടെത്തട്ടെ എന്നോർത്താണോ? ഒരു റീവാച്ചിനുള്ള മരുന്നു നിറച്ചിടുകയാണോ ഇതിലൂടെ?

അതെ. റീവാച്ച് സാധ്യത എന്നുമുണ്ട്. അതുകൊണ്ടുതന്നെ കുറേ കാര്യങ്ങൾ ഞങ്ങളധികം ഫോക്കസ് ചെയ്താതെ പറഞ്ഞുപോവുന്നുണ്ട്. സിനിമ ഇഷ്ടപ്പെടുന്നവർ പിന്നീടൊരിക്കൽ കൂടി കാണാൻ സാധ്യതയുണ്ട്. ഓരോ കാഴ്ചയിലും എന്തെങ്കിലും പുതുമ വേണ്ടേ. റീവാച്ചിൽ അവർക്ക് കണ്ടെത്താൻ കഴിയട്ടെ എന്നൊരു ലക്ഷ്യത്തോടെ തന്നെ മന:പൂർവ്വം വിടുന്നതാണ് അതൊക്കെ.

 • എങ്ങനെയാണ് ഷിബു എന്ന കഥാപാത്രത്തെ തേടി ഗുരു സോമസുന്ദരിലെത്തുന്നത്?

ഈ സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് ഞങ്ങളേറ്റവും​ അവസാനം തീരുമാനിക്കുന്നത്. ആറുമാസത്തോളം തലകുത്തി നിന്നിട്ടാണ് ഞങ്ങൾക്ക് ഞങ്ങളുടെ വില്ലനെ കിട്ടുന്നത്. അതുവരെ, സൂപ്പർ ഹീറോയ്ക്ക് ഒരു സൂപ്പർ വില്ലനായി ആരുവരും എന്നായിരുന്നു ആലോചന. ഒരു കുഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള കഥ, അവിടെ ഒരു വില്ലൻ എന്നൊക്കെ പറഞ്ഞാൽ കൂടിപ്പോയാൽ ഒരു രാഷ്ട്രീയക്കാരൻ, അല്ലെങ്കിൽ ഒരു ഗ്യാങ്ങ്സ്റ്റർ, അതിനപ്പുറം ഒരു സൂപ്പർ വില്ലനെ കിട്ടാൻ ബുദ്ധിമുട്ടാണ്.

അല്ലെങ്കിൽ ഒരു ഫാന്റസി കൂടി കൊണ്ടുവരണം. ആദ്യമേ ചിത്രത്തിൽ ഒരു ഫാന്റസി എലമെന്റ് ഉണ്ട്, രണ്ടാമതൊന്നു കൂടി ബോധപൂർവ്വം കൊണ്ടുവരുമ്പോൾ സംഭവം ബോറാവുമോ എന്ന ആലോചനയാൽ എഴുത്ത് പലപ്പോഴും നിന്നുപോയി. അങ്ങനെയിരിക്കുമ്പോഴാണ്, ഒരേ മിന്നൽ രണ്ടുപേർക്ക് അടിച്ചാലോ എന്നാലോചിക്കുന്നത്. നാണയത്തിന്റെ രണ്ടുവശങ്ങളെ പോലെ ഒരു നായകനും വില്ലനുമെന്ന ആശയത്തിലേക്ക് എത്തിയത്. ഇപ്പോൾ അതാലോചിക്കുമ്പോൾ വളരെ ഈസിയാണ്, ഫസ്റ്റ് ഷോട്ട് ഐഡിയയായി ആർക്കും തോന്നാം. എന്നാൽ ആ ഐഡിയയിലേക്ക് ഞങ്ങളെത്താൻ ആറുമാസമെടുത്തു. ആ ഐഡിയയിലേക്ക് എത്തിയതോടെ, പിന്നീട് എഴുത്തും സ്മൂത്തായി നടന്നു.

ടൊവിനോയും ഗുരു സോമസുന്ദരവും ‘മിന്നൽ മുരളി’യിൽ

പിന്നെയുള്ള ആലോചന, വില്ലൻ കഥാപാത്രത്തിന് ആരു വേണം എന്നതായിരുന്നു. കൂട്ടായ ചർച്ചകൾക്കിടയിൽ അസോസിയേറ്റായ ശിവപ്രസാദാണ് ഗുരു സാറിനെ കുറിച്ച് പറയുന്നത്. ജിഗർത്തണ്ട,​ അരണ്യകാണ്ഡം പോലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളൊക്കെ മുൻപു കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഗുരുസാറിന്റെ പേര് ഉയർന്നുവന്നതോടെ, പിന്നീട് ആ കഥാപാത്രത്തിനായി മറ്റാരെ കുറിച്ചും ആലോചിച്ചിട്ടില്ല. പക്ക ആയിരുന്നു ആ കാസ്റ്റിംഗ്. കാരണം ആ കഥാപാത്രത്തിന് ഒരു അൺപ്രെഡിക്റ്റിബിലിറ്റി (നിർവ്വചിക്കാനാവാത്ത സ്വഭാവം) ഉണ്ട്. വളരെ പരിചിതനായൊരു നടൻ ആ സ്ഥാനത്തേക്ക് വന്നാൽ ടൈപ്പ് കാസ്റ്റായി പോവും. വില്ലൻ ഇമേജുള്ള ഒരാൾ വന്നാലും ആളുകൾക്ക് പെട്ടെന്ന് പിടികിട്ടും. നമ്മുടെ ഓഡിയൻസിന് അത്ര പരിചിതമല്ലാത്ത, ബ്രില്ല്യന്റായ ഒരു നടൻ വന്നാലേ സിനിമയ്ക്ക് ഗുണം ചെയ്യൂ. സിനിമയിലൂടെയാണ് അയാൾ വില്ലനാവുന്നത്, അല്ലാതെ പുറത്തുള്ള ഇമേജിലൂടെയല്ല. ആ കഥാപാത്രത്തിന് ഓർഗാനിക് ആയൊരു വളർച്ച ഫീൽ ചെയ്യേണ്ടതുണ്ടായിരുന്നു.

ഗുരു സാർ കഥ കേട്ടപ്പോൾ തന്നെ ആവേശത്തിലായിരുന്നു. സൂപ്പർ ഹീറോ- സൂപ്പർ വില്ലൻ ടൈപ്പ് പടങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളാണ് അദ്ദേഹം. എന്നാൽ അത്തരമൊരു കഥാപാത്രം ചെയ്യാൻ തനിക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നില്ല, അതിനാൽ തന്നെ അവസരം വന്നപ്പോൾ സന്തോഷത്തോടെ ഓകെ പറഞ്ഞു. അന്നു മുതൽ പുള്ളി മറ്റു പല തിരക്കുകളും മാറ്റിവച്ച് ഇതിനായി മലയാളം പഠിക്കാൻ തുടങ്ങി.

 • ഷിബു എന്ന കഥാപാത്രത്തെ ടൊവിനോ ചോദിച്ചിട്ടും ബേസിൽ കൊടുത്തില്ലെന്നു കേട്ടു!

ശരിയാണ്, കഥ കേട്ടപ്പോൾ ടൊവിനോയ്ക്ക് ഷിബു എന്ന കഥാപാത്രം ചെയ്യാൻ താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ അത് കൊടുക്കാതിരിക്കാൻ കാരണം, നമുക്ക് ഇനിയും ഒരുപാട് മിന്നൽ മുരളികൾ ഉണ്ടാവണമല്ലോ. ലോങ്ങ് ടേമിൽ ‘മിന്നൽ മുരളി’ ടൊവിനോയുടെ സിനിമ തന്നെയാണ്. മാത്രമല്ല, ടൊവിനോ എന്ന നടനും ഒരുപാട് പണിയെടുക്കാനുള്ള കഥാപാത്രമായിരുന്നു ജെയ്സൺ.. ശരീരഭാഷയിൽ ഹ്യൂമറും വിഷ്വൽ കോമഡിയും കുട്ടിത്തവും നിഷ്കളങ്കയുമെല്ലാം കൊണ്ടുവരണം. സീരിയസ് ആവേണ്ടിടത്ത് സീരിയസ് ആവണം, ആ സൂപ്പർ ഹീറോ കോസ്റ്റ്യൂമിൽ ഫിറ്റായിരിക്കണം, ആ കോസ്റ്റ്യൂമിൽ വരുമ്പോൾ ആളുകൾക്ക് സൂപ്പർ ഹീറോയായി തോന്നണം. അങ്ങനെയങ്ങനെ, ശാരീരികമായും മാനസികമായുമൊക്കെ നല്ല അധ്വാനം വേണ്ട ചലഞ്ചിംഗായൊരു കഥാപാത്രം തന്നെയായിരുന്നു ടൊവിനോയുടേത്. ചിത്രം തമാശയുടെ രൂപത്തിൽ പൊതിഞ്ഞുകൊണ്ടുപോവുമ്പോഴാണ് അതിനു മുകളിലേക്ക് വില്ലൻ വളരുന്നത്. ഗുരു സാറിന്റെ പെർഫോമൻസിനൊപ്പം തന്നെ എടുത്തുപറയേണ്ടതാണ് ടൊവിനോ ചിത്രത്തിനായി എടുത്ത എഫോർട്ട്. അതൊട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല.

 • ചിത്രത്തിലെ ‘ഉയിരെ’ എന്ന പാട്ടിന്റെ പ്ലേസ്മെന്റിനെ കുറിച്ച്?

എഴുത്തിന്റെ ഘട്ടത്തിൽ തന്നെ പ്ലാൻ ചെയ്തതാണ് അത്. ഒരു മ്യൂസിക്കൽ, ആക്ഷൻ, ഇമോഷണൽ സ്വീകൻസ് എന്ന രീതിയിൽ തന്നെയാണ് ആ സീൻ എഴുതിയത്. ഷിബുവിന്റെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ അതൊരു കാവ്യാത്മകമായ നിമിഷമാണ്, 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉഷ അയാളിലേക്ക് എത്തുന്ന മുഹൂർത്തം. ഷിബുവിന്റെ കഥയിൽ അയാളാണല്ലോ നായകൻ, അതിനെ പരമാവധി വൈകാരികമായി സമീപിച്ചു.

യൂട്യൂബിൽ, ലിറിക്കൽ വീഡിയോ ഇറങ്ങിയപ്പോൾ ആരും ആ പാട്ട് അത്ര ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ സിനിമ ഇറങ്ങിക്കഴിഞ്ഞ് ആ പാട്ടു തേടി ആളുകൾ വരുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു, ആദ്യം മുതൽ ഞങ്ങളുടെയെല്ലാം പ്ലേ ലിസ്റ്റിലെ ഫേവറേറ്റ് പാട്ടാണ് ‘ഉയിരെ’. അത്ര മനോഹരമായാണ് ഷാൻ റഹ്മാൻ ആ പാട്ടൊരുക്കിയിരിക്കുന്നത്.

 • ഷിബുവെന്ന വില്ലന്റെ പ്രണയം ടോക്സിക് ആണ്, അതിനെ ചിത്രം ഗ്ലോറിഫൈ ചെയ്യുന്നു- ഈ രീതിയിലുള്ള ചർച്ചകളും നടക്കുന്നുണ്ടല്ലോ ഇപ്പോൾ. ഇത്തരം സോഷ്യൽ മീഡിയ ചർച്ചകളെ എങ്ങനെ നോക്കി കാണുന്നു?

ആ ചർച്ചകളെല്ലാം ഞാൻ വായിക്കാറും കാണാറുമുണ്ട്. ആളുകൾ ചർച്ച ചെയ്യുമ്പോഴാണല്ലോ ഓരോ സിനിമയും വിജയിക്കുന്നത്. ഞങ്ങൾ ഒരു സിനിമയെന്ന രീതിയിൽ പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. എങ്ങനെ നോക്കികാണണം എന്നുള്ളത് പ്രേക്ഷകരുടെ സ്വാതന്ത്ര്യമാണ്. ആളുകൾ അവരുടെ കാഴ്ചപ്പാടുകളിൽ അതിനെ ചർച്ച ചെയ്യട്ടെ. ചർച്ചകൾ വരുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്.

 • മിന്നൽ മുരളിയിൽ കടന്നുവരുന്ന ‘ദാക്ഷായണി ബിസ്കറ്റ്, ദേശം’ എന്നിങ്ങനെയുള്ള സിനിമാ റഫറൻസുകളെ കുറിച്ച്?

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിൽ വന്നു ചേർന്നതാണ് ഈ പോപ്പ് കൾച്ചർ റഫറൻസ് ഒക്കെ. ഞങ്ങൾക്കു തന്നെ ആവേശം തരുന്ന കാര്യങ്ങളാണത്. ചിത്രത്തിൽ അതു കാണാനും അതിനെ പ്ലെയ്സ് ചെയ്യാനുമൊക്കെ ഞങ്ങൾക്കുമിഷ്ടമാണ്.

 • ബേസിൽ ചിത്രങ്ങളിൽ പലപ്പോഴും കാലഘട്ടവും ദേശവുമൊക്കെ കൃത്യമായി രജിസ്റ്റർ ചെയ്യാറില്ല. ഇതിനു പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ?

സാങ്കൽപ്പിക ദേശമാണ് എന്റെ മൂന്നുസിനിമകളുടെയും ഗ്രാമങ്ങൾ. അവയെ തമ്മിൽ ബന്ധിപ്പിച്ചെടുക്കുന്നതിലൊക്കെ വ്യക്തിപരമായൊരു സന്തോഷം കണ്ടെത്തുന്നുണ്ട് ഞാൻ. അതുപോലെ, കുറുക്കൻമൂലയിലെ വണ്ടിയുടെ രജിസ്ട്രേഷൻ നമ്പറുകൾ KM എന്നതിൽ തുടങ്ങുന്നു എന്ന കാര്യം. അതൊക്കെ ഒരു സാങ്കൽപ്പികദേശം ഒരുക്കുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യമാണ്. കുഞ്ഞിരാമായണത്തിലുമുണ്ട് അത്തരം റഫറൻസുകൾ. എന്റെ ഓർമ ശരിയാണെങ്കിൽ, കുഞ്ഞിരാമായണത്തിൽ വണ്ടികൾക്ക് KL 15 എന്നാണ് നമ്പർ പ്ലേറ്റ് കൊടുത്തിരിക്കുന്നത്. KL 14 വരെയാണല്ലോ സാധാരണ പറയുന്നത്, ഇത് പതിനാല് ജില്ലകളും കഴിഞ്ഞ് വേറൊരു ദേശം എന്ന രീതിയിലാണ് നൽകിയത്.

ചെയ്യുന്ന സിനിമകളിൽ ഇത്തരം ചില കാര്യങ്ങൾ കൊണ്ടുവരുന്നതാണ് ഒരു ഫിലിം മേക്കർ എന്ന രീതിയിലുള്ള എന്റെ രസങ്ങൾ. ഞാനത്തരം കാര്യങ്ങളൊക്കെ നന്നായി ആസ്വദിക്കാറുണ്ട്. ആധികാരികമായി ചിന്തിക്കാനൊന്നുമില്ല അതിൽ.​ ആത്യന്തികമായി ആളുകളെ എന്റർടെയിൻ ചെയ്യിപ്പിക്കുക എന്നതാണല്ലോ സിനിമ. ഇതും മറ്റൊരു എന്റർടെയിൻമെന്റാണ്.

 • ബേസിലിന്റെ സിനിമകളിൽ പലപ്പോഴും കുട്ടികൾ താരങ്ങളാണ്. കുഞ്ഞിരാമായണം ക്ലൈമാക്സിലെ ആ കുട്ടി മുതൽ മിന്നൽ മുരളിയിലെ ജോസ്മോൻ വരെ. കുട്ടികൾക്കൊപ്പം വർക്ക് ചെയ്യുന്നത് എത്രത്തോളം ആസ്വദിക്കുന്നുണ്ട്?

എനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമാണ്. കുട്ടികളുടെ സിനിമകൾ കാണാനിഷ്ടമാണ്, ഞാൻ കൂടുതലും കാണുന്നത് അത്തരം സിനിമകളാണ്. വെറും കുട്ടികളായല്ല ഞാനവരെ കാണുന്നത്, ചങ്ങാതിമാരെ പോലെയാണ്. നീ പോടാ എന്നൊക്കെ വിളിച്ച് നല്ല രസമാണ് അവരുമായുള്ള എന്റെ കമ്മ്യൂണിക്കേഷൻ. എടാ പോടാ ബന്ധമാണ് അവരുമായെനിക്ക്.

കുട്ടികൾക്കൊപ്പം വർക്ക് ചെയ്യുന്നത് ആദ്യം മുതൽ എനിക്കിഷ്ടമുള്ള പരിപാടിയാണ്. ഒരു അവധിക്കാലത്തായിരുന്നു ‘കുഞ്ഞിരാമായണ’ത്തിന്റെ ഷൂട്ടിംഗ്. ഷൂട്ടിംഗ് സമയത്ത് അപ്പുറത്തെ കടയിൽ പോയിട്ട് എനിക്ക് നാരങ്ങാമിഠായിയും തേൻനിലാവുമൊക്കെ വാങ്ങികൊണ്ടുവരുന്ന ഒരു പിള്ളേർ പട തന്നെയുണ്ടായിരുന്നു ആ ലൊക്കേഷനിൽ. ഞാനവന്മാരെ വിട്ട് മാങ്ങ പറിച്ചോണ്ടുവരാനൊക്കെ പറയും. എന്റെ കസേരയുടെ ചുറ്റും മാങ്ങയും പേരയ്ക്കയുമൊക്കെയായി കുറേ പിള്ളേർ കാണുമായിരുന്നു എപ്പോഴും. അങ്ങനെയാണ് ഞാനവർക്ക് കുഞ്ഞിരാമായണത്തിൽ ചാൻസ് കൊടുക്കുന്നത്. അവരാരും ഓഡിഷനിലൂടെ വന്ന കുട്ടികളല്ല, ഷൂട്ടിംഗ് കാണാനെത്തിയവരാണ്. അങ്ങനെയെനിക്ക് മാങ്ങ കൈക്കൂലി തന്ന് സിനിമയിൽ കയറിപ്പറ്റിയവനാണ് ക്ലൈമാക്സിൽ കട്ട് വിളിക്കുന്ന ആ പയ്യൻ.

കുട്ടികൾ മാത്രമല്ല, പ്രായമുള്ളവരും അതെ. എനിക്ക് വളരെ ഇഷ്ടമാണ് ഈ രണ്ടു ഏജ് ഗ്രൂപ്പ് ആളുകളെയും. കുട്ടികളിലും അപ്പൂപ്പന്മാരിലും സ്വതസിദ്ധമായൊരു നിഷ്കളങ്കതയുണ്ട്. അതിനിടയിൽ നമ്മളാണല്ലോ ഇത്തിരി കറപ്റ്റഡ് ആയിട്ടുള്ളത്. അവരുടെ ആ നിഷ്കളങ്കത എനിക്കിഷ്ടമാണ്, അതാണ് സിനിമയിലും വരുന്നത്.

വസിഷ്ഠ്

മിന്നൽ മുരളിയിലെ ജോസ്മോനും അതെ. വളരെ സ്മാർട്ടായൊരു പയ്യനാണ് അവൻ (വസിഷ്ഠ് ഉമേഷ്). അവന് എല്ലാവരും മാമനും മേമയുമാണ്. എന്റെ ഭാര്യയെ എലി മേമേ എന്നും എന്നെ ബേസി മാമാ എന്നുമാണ് വിളിക്കുന്നത്. ടൊവിനോയുടെ ഒരു ഡ്യൂപ്പുണ്ടായിരുന്നു ലൊക്കേഷനിൽ, ഒരു സായിപ്പ്, ജർമ്മൻകാരൻ. ഒരു ദിവസം ഞാൻ നോക്കുമ്പോഴുണ്ട് അവനയാളെ “ഏയ് ഡ്യൂപ്പ് മാമാ.. ഫുഡ് കഴിച്ചോ?” എന്നൊക്കെ ചോദിക്കുന്നു. അതുകണ്ട് ഒരുപാട് ചിരിച്ചു ഞാൻ.

ലവ് ആക്ഷൻ ഡ്രാമയിലെ ‘കുടുക്കുപൊട്ടിയ കുപ്പായം’ എന്ന പാട്ടു സീനിൽ നിന്നാണ് എനിക്കവനെ കിട്ടുന്നത്. ആ പാട്ടിൽ കുറച്ചുനേരമേ അവനെ കാണിക്കുന്നുള്ളൂ, പക്ഷേ അവനെ കണ്ടപ്പോ തന്നെ എനിക്ക് സ്പാർക്ക് കിട്ടി. പിന്നെ ഓഡിഷനു വിളിച്ച് രണ്ടു ഡയലോഗ് എങ്ങാണ്ട് പറയിപ്പിച്ചതേയുള്ളൂ, ഇവനാണ് എന്റെ ജോസ്മോൻ എന്നു തീരുമാനിച്ചു. പ്രായത്തിൽ കവിഞ്ഞ ബുദ്ധിയുള്ള കുട്ടിയാണവൻ. അവൻ നന്നായി വായിക്കും, മലയാളം മീഡിയത്തിലാണ് പഠിക്കുന്നത്. മലയാളത്തിൽ പണ്ഡിതനാണ് ചങ്ങാതി. ഞാൻ ഭാരം എന്നു പറയുമ്പോൾ അങ്ങനെയല്ല ‘ഭ’ എന്ന് കുറച്ചുകൂടി കടുപ്പിച്ചു പറയൂ എന്നൊക്കെ എന്നെ തിരുത്തും. മലയാളത്തിന്റെ ഉച്ചാരണത്തിൽ അവൻ അത്രയും ശ്രദ്ധാലുവാണ്. അവന്റെ മാതാപിതാക്കളുടെ പാരന്റിംഗും കിടുവാണ്. സെറ്റിലെത്തിയാൽ അവനെയവന്റെ ഇഷ്ടത്തിനു വിടും, അടച്ചുപൂട്ടി ഒരിടത്തു ഇരുത്തില്ല. അവന്റെ ഇഷ്ടങ്ങൾക്ക് ആണ് പ്രാമുഖ്യം. അവൻ എല്ലാവരുമായും ഇടപ്പെട്ട്, സംസാരിച്ച്, സെറ്റിനെ ലൈവാക്കി നിലനിർത്തും.

 • ‘മിന്നൽ മുരളി’യിൽ വ്യക്തിപരമായി ഏറ്റവും ആസ്വദിച്ച സീൻ ഏതാണ്?

ഇപ്പോൾ എല്ലാവരും സെലബ്രേറ്റ് ചെയ്യുന്ന ഷിബു- ഉഷ പ്രണയ സീൻ തന്നെ. കഥ ആലോചിക്കുന്ന സമയം മുതൽ തന്നെ ആ രംഗം വളരെ ഇഷ്ടമായിരുന്നു. സിനിമയിൽ, ഷിബു എന്ന കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പുകൾ തെറ്റാണ്, പക്ഷെ പുള്ളിയുടെ ലക്ഷ്യം പ്രണയമാണ്. ആ സീൻ ചെയ്യുമ്പോൾ അതിൽ അത്രയും പ്രണയം തോന്നണം. വളരെ ആവേശത്തോടെ ചെയ്തൊരു സീനാണത്. ഒരിക്കലും മറക്കാനാവാത്ത ഒന്ന്.

ഗുരു സാറോ ഉഷയെ അവതരിപ്പിച്ച ഷെല്ലിയോ ഗ്ലിസറിൻ ഉപയോഗിച്ചല്ല കരയുന്നത് എന്നതാണ് ആ രംഗത്തിന്റെ ഒരു പ്രത്യേകത. ഷൂട്ടിംഗിനിടെ കൗണ്ടർ ഷോട്ട് വെച്ചാണ് ഉഷയുടെ ഭാഗം ചിത്രീകരിച്ചത്. ആദ്യം ഗുരുസാറിന്റെ ഷോട്ടായിരുന്നു, അത് തീർത്ത് കൗണ്ടർ വച്ച് ഉഷയുടെ ഷോട്ട് എടുക്കുന്നു. ക്യാമറ ഉഷയുടെ അടുത്തേക്ക് പോവുമ്പോൾ ഉഷയുടെ കണ്ണുകൾ ഇങ്ങനെ നിറഞ്ഞ് നിറഞ്ഞ് ഒരു ഡ്രോപ്പ് കണ്ണുനീർ വീഴുന്നതാണ് ഷൂട്ട് ചെയ്യുന്നത്. അത് കഴിഞ്ഞപ്പോൾ ഞാൻ കട്ട് വിളിച്ചു.

പിന്നെയാണ് ഫോക്കസ് നോക്കുന്നത്. നമ്മുടെ ഫോക്കസ് പുള്ളർ വിജയ് വളരെ ഡേഞ്ചറാണ്, എപ്പോഴും ഫോക്കസ് പോയി, ഫോക്കസ് പോയി എന്നു പ്രശ്നമുണ്ടാക്കുന്ന ചങ്ങാതിയാണ്. ഷോട്ട് കഴിഞ്ഞ് ആള് ഫോക്കസ് ചെക്ക് ചെയ്യുമ്പോൾ, “ദൈവമേ! ഫോക്കസ് ഉണ്ടാവണേ, ഫോക്കസ് ഉണ്ടാവണേ” എന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. കാരണം ആ സിംഗിൾ ഷോട്ടിൽ തന്നെ എനിക്കത് ഓകെ ആയിരുന്നു. പരീക്ഷയുടെ മാർക്ക് വരാൻ കാത്തിരിക്കുന്ന കുട്ടിയെ പോലെ ടെൻഷനടിച്ച് ഞാൻ വിജയ്‌യെ നോക്കികൊണ്ടിരിക്കുകയാണ്. അങ്ങനെ ടെൻഷനടിച്ച് ഇരിക്കുന്നതിനിടയിലതാ, വിജയ് പതിയെ കൈപൊക്കി തംപ്സ് അപ് കാണിക്കുന്നു. അതുകണ്ട് എല്ലാവരും തുള്ളിച്ചാട്ടവും ആഘോഷവുമൊക്കെയായിരുന്നു പിന്നെ. കറക്റ്റായി ഫോക്കസ് പിടിച്ചല്ലോ എന്നു പറഞ്ഞ് ഞാൻ വിജയ്‌യേയും കെട്ടിപ്പിടിച്ചു.

 • ടൊവിനോ പറക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു, ബേസിൽ കൂലംകലുഷമായ ചർച്ചയിലാണ് എന്നൊക്കെ കേൾക്കുന്നു. മിന്നൽ മുരളിയുടെ രണ്ടാം ഭാഗം എപ്പോൾ വരും?

ഒന്നും തീരുമാനമായില്ല. അതിനെകുറിച്ചൊക്കെയുള്ള ചർച്ചകൾ നടക്കുന്നുണ്ട്, രണ്ടാം ഭാഗം വരാനുള്ള സാധ്യതകളുമുണ്ട്. എന്നാൽ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിക്കാവുന്ന രീതിയിൽ ആയിട്ടില്ല.

 • പുതിയ ചിത്രങ്ങൾ? അഭിനയവും സംവിധാനവും ബാലൻസ് ചെയ്തുകൊണ്ടുപോവാനാണോ ഭാവി പരിപാടി?

ഭാവന സ്റ്റുഡിയോയുടെ ഒരു ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്, അത് അടുത്ത മാസം ഷൂട്ടിംഗ് തുടങ്ങും. സംവിധാനം ചെയ്യുന്ന ചിത്രങ്ങളെ കുറിച്ചൊന്നും പറയാറായിട്ടില്ല. കുറച്ചു കഴിയുമ്പോൾ അഭിനയം ഒന്നു കുറയ്ക്കേണ്ടി വരും. കൂടുതൽ സൂപ്പർ ഹീറോ പടമൊക്കെ ചെയ്യേണ്ടി വന്നാൽ കൂടുതൽ സമയം അതിനുവേണ്ടി മാറ്റിവയ്ക്കേണ്ടി വരും, അപ്പോൾ അഭിനയം ഒന്നു ഫിൽറ്റർ ചെയ്യാം എന്നു കരുതുന്നു.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Minnal murali director basil joseph interview