Master Release: വിജയ് ചിത്രത്തിൽ നായികയായി എത്തുന്നതിന്റെ സന്തോഷത്തിലാണ് നടി മാളവിക മോഹനൻ. ‘മാസ്റ്റർ’ തന്റെ കരിയറിലൊരു വഴിത്തിരിവായിരിക്കുമെന്ന് പ്രതീക്ഷയിലാണ് മാളവിക. “ഈ സിനിമയിൽ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹമെത്ര വലിയ താരമാണെന്നത് ഞാൻ അനുഭവിച്ചറിയുന്നത്. ആളുകളെ അദ്ദേഹത്തെ എത്രമാത്രം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് എനിക്ക് മനസ്സിലായി. ദളപതി ചിത്രത്തിന്റെ ഭാഗമായതോടെ എനിക്കും വളരെയധികം സ്നേഹവും പിന്തുണയും ലഭിച്ചു. വിജയ് എന്തുകൊണ്ട് ഒരു ഐക്കൺ ആയി എന്ന് ഞാനങ്ങനെയാണ് മനസ്സിലാക്കിയത്.”
“വിജയ് സാറിൽ എനിക്കേറ്റവും ആരാധന തോന്നിയ കാര്യം, എത്രത്തോളം അച്ചടക്കമുള്ള വ്യക്തിയാണ് അദ്ദേഹമെന്നതാണ്. അദ്ദേഹം എപ്പോഴും കൃത്യനിഷ്ഠ പാലിച്ചു. ചിലപ്പോഴോക്കെ സമയം വൈകി ധൃതിപ്പിടിച്ച് ചെല്ലുമ്പോൾ ഞാൻ പ്രാർത്ഥിക്കുമായിരുന്നു, ‘വിജയ് സാർ ഒന്ന് വൈകി എത്തിയിരുന്നെങ്കിൽ’ എന്ന്. അങ്ങനെയാവുമ്പോൾ എനിക്ക് തയ്യാറാകാൻ കൂടുതൽ സമയം ലഭിക്കുമല്ലോ. പക്ഷേ അദ്ദേഹം എപ്പോഴും കൃത്യസമയത്ത് എത്തി. രാവിലെ 7 മണിയ്ക്കാണ് ഷോട്ട് എങ്കിൽ അദ്ദേഹം 6.55 ആവുമ്പോഴെ റെഡിയായി സെറ്റിലുണ്ടാവും.”
സംവിധായകൻ ലോകേഷ് കനകരാജിന്റെ നേതൃത്വത്തിലുള്ള ചെറുപ്പക്കാരുടെ ഒരു ടീമാണ് മാസ്റ്ററിനു പിറകിൽ പ്രവർത്തിച്ചതെന്നും അതിനാൽ തന്നെ ഷൂട്ടിംഗ് രസകരമായിരുന്നെന്നും മാളവിക ഓർക്കുന്നു. “മാസ്റ്ററിന്റെ ഷൂട്ടിംഗ് നാളുകൾ വളരെ രസകരമായിരുന്നു. ചെറുപ്പക്കാരുടെ ടീം ആയതിനാൽ എപ്പോഴും തമാശയായിരുന്നു. ഒരു കോളേജ് പ്രോജക്റ്റ് പോലെയായിരുന്നു. ഞങ്ങളെല്ലാം വളരെയധികം ആസ്വദിക്കുകയും ക്രിയാത്മകമായി ഇടപഴകുകയും അതേ സമയം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു പ്രൊഡക്റ്റ് ഉണ്ടാക്കാനായി ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഇപ്പോൾ മറ്റൊരു കാഴ്ചപ്പാടിൽ നിന്ന് സിനിമയെകുറിച്ച് ചിന്തിക്കുമ്പോൾ, 100 കോടി രൂപ മുതൽമുടക്കുള്ള ഒരു സിനിമയെ ഞാൻ ഒരു കോളേജ് പ്രോജക്റ്റ് എന്ന് വിളിക്കുന്നു. അത് വളരെ അപൂർവമാണ്, അല്ലേ? ” മാളവിക ചോദിക്കുന്നു.
സംവിധായകൻ ലോകേഷിന്റെ സിനിമാആശയങ്ങൾ വ്യത്യസ്തമാണെന്നും മാളവിക ചൂണ്ടി കാണിക്കുന്നു. “മുഖ്യധാരാ സിനിമ എന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ ആശയം വളരെ വ്യത്യസ്തമാണ്. സാധാരണ സിനിമകളിൽ നായകനും നായികയും തമ്മിലുള്ള റൊമാന്റിക് ഡാൻസ് നമ്പറൊക്കെ വരുമ്പോൾ മാസ്റ്ററിൽ എനിക്കും വിജയ് സാറിനും ഇടയിൽ അങ്ങനെയൊന്നില്ല.” അതേസമയം, വിജയിന്റെ ആരാധകരുടെ പ്രതീക്ഷകൾ നിലനിർത്തുന്ന കാര്യത്തിൽ സംവിധായകൻ ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്നും മാളവിക പറയുന്നു. മാസ്റ്റർ അമ്പത് ശതമാനം തന്റെ സിനിമയും ബാക്കി 50 ശതമാനം വിജയ് ചിത്രവുമാണെന്ന സംവിധായകൻ ലോകേഷിന്റെ വാക്കുകൾ മാളവികയും ശരിവയ്ക്കുന്നു. “ഒരു വിജയ് ചിത്രം കാണാൻ പോവുമ്പോൾ വെറുതെ ഒരു സിനിമ കാണാൻ പോവുകയല്ലല്ലോ. അത് അനുഭവിക്കുക കൂടിയല്ലേ, വിസിൽ അടിച്ചും സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ചുമല്ലേ വിജയ് ചിത്രങ്ങൾ കാണുന്നത്?”
മാളവികയ്ക്ക് ഒപ്പം തന്നെ ഈ വിജയ് ചിത്രത്തിൽ നിർണായകമായൊരു റോളിൽ വിജയ് സേതുപതിയും എത്തുന്നുണ്ട്. “ചിത്രത്തിൽ ഉദ്വേഗം നിറഞ്ഞ ആക്ഷൻ സ്വീകൻസുകൾ, റൊമാൻസ്, ഡ്രാമ എല്ലാമുണ്ട്. എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചേരുവകളുണ്ട്. വിരസമായൊരു നിമിഷം പോലും മാസ്റ്ററിൽ ഇല്ല,” മാളവിക പറഞ്ഞുനിർത്തി.
Read more: Master movie release LIVE UPDATES: സിനിമാവ്യവസായത്തിന് പുതുജീവൻ നൽകാൻ ‘മാസ്റ്റർ’ എത്തുമ്പോൾ