Manju Warrier on Vetrimaran-Dhanush ‘Asuran’: ഒരിക്കൽ നിർത്തിയ അഭിനയജീവിതം മഞ്‍ജു വാര്യർ ഒന്നു കൂടി തുടങ്ങുന്നത് ആകാംഷയോടെ, അതിലേറെ സ്നേഹത്തോടെ നോക്കി നിന്നവരാണ് മലയാളികൾ. രണ്ടാം വരവിൽ മഞ്‍ജുവിന്റെ കരിയറിന് ആയുസ്സുണ്ടാകുമോ എന്ന ചില സംശയങ്ങളെയെല്ലാം കാറ്റിൽ പറത്തി, ഇപ്പോൾ രണ്ടാം വരവിന്റെ അഞ്ചാം വർഷത്തിലാണവർ. അതേ സമയത്തു തന്നെ അഭിനയജീവിതത്തിലെ മറ്റൊരു പ്രധാന വഴിത്തിരിവും സംഭവിക്കുന്നു എന്നത് സ്വാഭാവികമാകാം, ഒരുപക്ഷേ നിയോഗവും.
വെട്രിമാരൻ ഒരുക്കുന്ന ‘അസുരൻ’ എന്ന തമിഴ് സിനിമയിലൂടെ മലയാളം കടക്കുകയാണ് മഞ്‍ജു. പുതിയ തുടക്കത്തെക്കുറിച്ചു സംസാരിക്കാൻ മഞ്‍ജുവിനെ വിളിക്കുമ്പോൾ, തുടങ്ങിയ ഇടത്തു തന്നെയായിരുന്നു അവർ എന്നത് മറ്റൊരു ആകസ്മികത. മഞ്‍ജുവിന്റെ തിരിച്ചു വരവിനു വഴിയൊരുക്കിയ റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ ‘പ്രതിപൂവൻ കോഴി’ എന്ന സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു അവർ.
‘ഹൗ ഓൾഡ് ആർ യു’ തുടങ്ങി ‘പ്രതിപൂവൻ കോഴി’യിൽ എത്തുമ്പോൾ മഞ്‍ജു എന്ന നടിയ്ക്ക് എന്ത് മാറ്റമുണ്ടായി എന്ന ചോദിച്ചാണ് തുടങ്ങിയത്. തനിക്കു മാറ്റമില്ല എന്നും സംവിധായകൻ പറയുന്നത് അനുസരിക്കുന്ന, എല്ലാ ഷോട്ടിന് മുൻപും ‘nervous’ ആകുന്ന ആ പഴയ ആള് തന്നെയാണ് താൻ എന്നുമാണ് മഞ്‍ജുവിനു പറയാനുണ്ടായത്.
തമിഴിലേക്ക് എത്തുമ്പോൾ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും തമിഴകത്തിന്റെ സ്നേഹത്തെക്കുറിച്ചും ‘അസുരനി’ലെ പച്ചൈയമ്മ എന്ന കഥാപാത്രത്തെകുറിച്ചുമെല്ലാം മഞ്‍ജു വാര്യർ മനസ്സു തുറക്കുന്നു.
മഞ്ജുവിന്റെ അഭിനയജീവിതത്തെ സംബന്ധിച്ച്, ‘അസുരന്‍’ എന്ന ചിത്രം ഒരു milestone ആണ് – ആദ്യമായി മലയാളത്തിനു പുറത്തേക്കു പോകുന്നു എന്ന നിലയില്‍. എത്രയോ വര്‍ഷം മുന്‍പ്, വളരെ സ്വാഭാവികമായി സംഭവിക്കേണ്ട ഒരു കാര്യം, എന്ത് കൊണ്ടാണ് ഇത്രയും വൈകിയത്?
എന്താ വൈകിയത് എന്ന് ചോദിച്ചാൽ കാരണമൊന്നും പറയാനില്ല. ‘Destiny’ എന്നൊക്കെ വേണമെങ്കിൽ പറയാം. തമിഴിൽ നിന്നും പല പ്രൊജക്റ്റ്സും മുൻപും വന്നിരുന്നു, വീണ്ടും അഭിനയിക്കാൻ തുടങ്ങിയപ്പോഴും വന്നിരുന്നു. രണ്ടാമത് വന്നപ്പോൾ വളരെ കൂടുതലായി വേഷങ്ങൾ വരുന്നുണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ടാണ് അതൊന്നും നടക്കാതെ പോയത് – ചിലപ്പോൾ മലയാളത്തിലെ ഡേറ്റ് പ്രശ്നങ്ങൾ ആവാം, മറ്റു ചിലപ്പോൾ വന്ന തിരക്കഥയെക്കുറിച്ചു നമ്മൾ ആലോചിക്കാൻ എടുക്കുന്ന സമയമായിരിക്കാം – അങ്ങനെ പല കാരണങ്ങൾ. അല്ലാതെ വേറെ ഭാഷകളിൽ സിനിമ ചെയ്യില്ല എന്നൊരു തീരുമാനമൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാം ഒത്തു വന്നു, അത് സംഭവിച്ചു.
‘അസുരൻ’ എന്ന ചിത്രത്തോട് ‘yes’ പറയാൻ പ്രേരിപ്പിച്ച കാര്യം എന്തായിരുന്നു?
Manju Warrier on Vetrimaran-Dhanush ‘Asuran’: വളരെ സിമ്പിൾ ആണ്. ധനുഷിന്റെ സിനിമകൾ എല്ലാം വളരെ ഇഷ്ടത്തോടെ കാണുന്ന ഒരാളാണ് ഞാൻ. വെട്രിമാരന്റെ സിനിമകൾ അതിലേറെ ഇഷ്ടത്തോടെയും. കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളൂ എങ്കിലും അവയെല്ലാം തന്നെ വളരെ ശക്തമായ, ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങൾ ആയിരുന്നു. ധനുഷ് – വെട്രിമാരൻ കൂട്ടുകെട്ടിൽ വന്ന എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അത് പോലെ തന്നെ വെട്രിമാരൻ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ, കഥ പറയുന്ന രീതി ഇതെല്ലാം വളരെ ‘unique’ ആയിട്ട് തോന്നിയിട്ടുണ്ട്.
ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരു സിനിമ ഞാൻ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ എന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് എന്റെ സിനിമാപ്രവർത്തകരായ സുഹൃത്തുക്കളാണ്. അപ്പൊ അങ്ങനെയുള്ള ഒരു ചിത്രം, ആർക്കാണ് ‘നോ’ പറയാൻ പറ്റുക? അത് കൊണ്ട് അത് വളരെ സിമ്പിൾ ആയിരുന്നു. കൂലങ്കഷമായി ആലോചിച്ച് ഒരു തീരുമാനം എടുക്കേണ്ട ആവശ്യമില്ലായിരുന്നു, ഈ സിനിമയെ സംബന്ധിച്ച്. It was an instant yes.
‘അസുരനിലെ’ കഥാപാത്രം എന്താണ്?
ഇതൊരു ഫാമിലി ഡ്രാമയാണ്. എല്ലാ കുടുംബങ്ങളിലും ഉള്ള പോലെ കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീ. അത്തരത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഞാൻ അവതരിപ്പിക്കുന്ന പച്ചയമ്മ. ഈ കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളും കഥയിൽ ഒരുപോലെ പ്രധാനമാണ്. പൂമണി എന്ന എഴുത്തുകാരന്റെ ‘വെക്കൈ’ എന്ന നോവലിന്റെ അവലംബമാണ് ഈ ചിത്രം.
വെട്രിമാരൻ – ധനുഷ് എന്നിവർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം എന്തായിരുന്നു?
ഏറ്റവും ‘welcoming, warm, sweet’ എന്നൊക്കെ പറയാവുന്ന പെരുമാറ്റം ആയിരുന്നു അവരുടേത്. പക്ഷേ മാറിയ അന്തരീക്ഷമാണോ, തമിഴാണ് സംസാരിക്കേണ്ടത് എന്നതാണോ… എന്താണ് എന്നറിയില്ല. എന്റെ ഒരു പരിഭ്രമവും സഭാകമ്പവുമൊക്കെയായിരുന്നു ആദ്യത്തെ ഒരാഴ്ച, അല്ലെങ്കിൽ ഒരു പത്തു ദിവസം പ്രശ്നം. നമ്മൾ തമിഴ് സിനിമയെക്കുറിച്ചു കേട്ട് പരിചയമേ ഉള്ളൂ. അവിടെ ആളുകൾ എങ്ങനെയാണ്, കാര്യങ്ങൾ എങ്ങനെ തുടങ്ങിയ പരിചയക്കുറവ് ആയിരുന്നിരിക്കാം. നമ്മൾ ചെയ്യുന്നത് ശരിയാണോ, എത്രയും നല്ലൊരു കഥാപാത്രം നമ്മളെ വിശ്വസിച്ചേൽപ്പിച്ചിട്ടു മോശമാക്കരുത്, പിന്നെ ഞാൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്ന് മീഡിയ ഹൈപ്പ്, ഇതൊക്കെ ചേർന്ന ഒരു ‘nervous excitement’ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഒരു പേടിയോ, വേണ്ടായിരുന്നു എന്ന തോന്നലോ അല്ല, സന്തോഷം തന്നെയായിരുന്നു.
ലളിതമായി പറഞ്ഞാൽ, ചെയ്തു ശീലമുള്ള ജോലിയാണ് എങ്കിലും മറ്റൊരു സാഹചര്യത്തിൽ അത് ചെയ്യേണ്ടി വരുമ്പോൾ നമ്മൾ ഒന്നു സെറ്റിൽ ആവാൻ എടുക്കുന്ന സമയം. സ്കൂൾ മാറി പുതിയ സ്കൂളിൽ പോകുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥ.
എന്നെ സംബന്ധിച്ച് തുടക്കത്തിൽ ‘സാക്ഷ്യം’ ചെയ്തിട്ടുണ്ട് എങ്കിലും, ഒരു പ്രധാന വേഷം എന്ന് പറയുന്നത് ‘സല്ലാപം’ ആയിരുന്നു. ‘സല്ലാപത്തിൽ’ അഭിനയിച്ച ഫീൽ ഒന്ന് കൂടി അനുഭവിക്കാൻ കഴിഞ്ഞു ‘അസുരനിൽ’. അത്രയും തന്നെ ‘nervous’ ആയിരുന്നു ഇവിടെയും. പക്ഷേ ഒരു തരത്തിൽ അതൊരു സന്തോഷവും ആണ്. ആദ്യമായി ഒരു കാര്യം ചെയ്യുന്നതിന്റെ ഒരു ത്രില്ല്. ഇനി ഞാൻ ഒരു തമിഴ് പടത്തിൽ അഭിനയിക്കുമ്പോൾ അത് കിട്ടില്ല. ഒരു സിനിമയുടെ അനുഭവം ഉണ്ട്, അത് മായ്ച്ചു കളയാൻ പറ്റില്ലല്ലോ. മറ്റൊരു പുതിയ തുടക്കം, അതിന്റെ ഫ്രഷ്‌നെസ് അതൊക്കെ രസമാണ്.
Manju Warrier on Vetrimaran-Dhanush ‘Asuran’: മറ്റൊരു കാര്യം വെട്രിമാരൻ – ധനുഷ് എന്നിവർ മലയാളം സിനിമയെ കാര്യമായി നിരീക്ഷിക്കുന്നവരാണ്. ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചു അവർ ‘അപ്ഡേറ്റഡ്’ ആണ്. മലയാള സിനിമയെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുകയും സത്യസന്ധമായി അഭിപ്രായം പറയുകയും ചെയ്യുന്നവരാണ്. പക്ഷേ എന്നെ ഒരു മലയാളം താരമായി അവർ കണ്ടില്ല, അവരിൽ ഒരാളായാണ് കണ്ടത്. അതിന്റെ ഒരു ഉദാഹരണം, എനിക്ക് അവർ ‘അസുരന്റെ’ തിരക്കഥ അവർ തന്നത് തമിഴിലാണ്. ഒരു ചെറുചിരിയോടെയാണ് അത് തന്നത്. ഞാൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു. ഇതെന്താ ഇങ്ങനെ എന്ന്. പിന്നെ എനിക്ക് മനസ്സിലായി. അതൊരു ‘statement’ ആണ് എന്ന്.
എനിക്ക് തമിഴ് വായിക്കാൻ അറിയാം. അത് അവർക്കും അറിയാം. പക്ഷേ വേണമെങ്കിൽ അവർക്കു ഇംഗ്ലീഷിലോ, മലയാളത്തിലോ ആക്കി തരാമായിരുന്നു. അതവർ ചെയ്തില്ല. അവരുടെ ഒരാളെപ്പോലെ തന്നെയാണ് ട്രീറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് അതിൽ നിന്നും വ്യക്തമായി. അതൊക്കെ വരെ മനോഹരമായി തോന്നിയ അനുഭവങ്ങളാണ്.

Read Here: മഞ്ജുവോളം നന്നായി ഇതവതരിപ്പിക്കാന്‍ മറ്റാരുമില്ല: വെട്രിമാരന്‍
‘അസുരനിൽ’ വിവിധ ലുക്കുകളിലാണല്ലോ മഞ്‍ജുവും ധനുഷും എത്തുന്നത്?
വിവിധ ലുക്ക് എന്ന് പറയുമ്പോൾ, ഒരേ കഥാപാത്രത്തിന്റെ വിവിധപ്രായങ്ങൾ ആണ്. പ്രായം കൂടുന്നത് അനുസരിച്ചുള്ള ഒരു ‘പ്രോഗ്രഷൻ’ ആണ്. ധനുഷിനാണ് എന്നെക്കാളും കൂടുതൽ ഉള്ളത്. എന്റെ കഥാപാത്രം ഒരു പ്രത്യേക ഘട്ടം കഴിഞ്ഞാണ് എത്തുന്നത്. Interesting ആയിരുന്നു അത്. നമുക്ക് നമ്മുടെ പല പ്രായാവസ്ഥകൾ കാണാൻ പറ്റുക എന്നത് ഒരു രസകരമായ കാര്യമല്ലേ. എന്നെ സംബന്ധിച്ച്, തമിഴ് ലുക്ക് തന്നെ വ്യത്യാസമുള്ള ഒന്നായിരുന്നു. അതിനൊപ്പം age portrayal കൂടി വന്നപ്പോൾ ഒന്ന് കൂടി interesting ആയി.
കുറെയേറെ Nostalgia കൊണ്ട് വന്ന ചിത്രം കൂടിയാണ് ‘അസുരൻ’. ഞാൻ ജനിച്ചു വളർന്നത് തമിഴ്നാട്ടിലാണ് (നാഗർകോവിൽ). ഞങ്ങൾ ഷൂട്ട് ചെയ്തത് interior സ്ഥലങ്ങളിലാണ്. തമിഴ് സംസാരിക്കുന്ന ആളുകൾ, ബോർഡ് ഒക്കെ തമിഴിൽ, മണ്ണിന്റെ നിറം, അവിടുത്തെ റോഡുകൾ, അങ്ങനെ ഞാൻ ഒരു ‘Nostalgia trip’പ്പിൽ ആയിരുന്നു.
ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. ചുരുങ്ങിയ കാലയളവ് കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റെ കൈയൊപ്പ് ചാർത്തിയ ആൾ. ‘അസുരൻ’ എന്ന ചിത്രത്തിലെ അനുഭവത്തിൽ, മഞ്‍ജു വാര്യർ എന്ന നടി ആ ‘signature’ വായിച്ചെടുക്കുന്നത് എങ്ങനെയാണ്?
ചെയ്യുന്നത് ഒരു സിനിമയാണ് എന്ന് നമ്മൾ പലപ്പോഴും മറന്നു പോകും എന്നതാണ് വെട്രിമാരന്റെ signature.
അദ്ദേഹം സംവിധാനം ചെയ്ത ‘വിസാരണൈ’ ഒക്കെ രണ്ടാമത് കാണാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ശക്തി ആർജ്ജിക്കാൻ പറ്റിയിട്ടില്ല എനിക്ക്. അത് ഹൃദയത്തിൽ കൊണ്ട് വയ്ക്കുന്ന ഒരു ഭാരം താങ്ങാൻ ആവില്ല എന്നതാണ്. അത്രയ്ക്ക് റിയലിസ്റ്റിക് ആണ് അദ്ദേഹത്തിന്റെ സിനിമകൾ. സിനിമയാണ് എന്ന് മറന്നു പോയി പലപ്പോഴും നമ്മൾ കണ്ണ് പൊത്തുകയൊക്കെ ചെയ്യും. പ്രേക്ഷകനിൽ അത്തരം ഒരു ഫീൽ ഉണ്ടാക്കുക എന്നത് അങ്ങനെ എല്ലാവർക്കും പറ്റുന്ന കാര്യമൊന്നുമല്ല. റിയലിസ്റ്റിക്കായി പോകുമെങ്കിലും എവിടയെങ്കിലും വച്ച് ആ കള്ളത്തരം പൊളിയും, സിനിമയാണ് എന്ന് നമ്മൾ തിരിച്ചറിയും. അത് മുറിയാതെ പോവുക എന്നത് ചെറിയ കാര്യമല്ല. പക്ഷേ ഇത് അച്ചീവ് ചെയ്യാനായി ചിത്രീകരണത്തിനിടയിൽ അദ്ദേഹം സ്പെഷ്യൽ ആയി ഒന്നും ചെയ്യുന്നതായി കണ്ടില്ല. സീനൊക്കെ എടുക്കന്നത് സാധാരണ സിനിമ എടുക്കന്നത് പോലെയൊക്കെ തന്നെയാണ്.
അദ്ദേഹത്തിന്റെ ഓരോ സിനിമയിലും, അത് കൈകാര്യം ചെയ്യുന്ന രീതിയിലും, അദ്ദേഹം തെരഞ്ഞെടുക്കുന്ന വിഷയങ്ങളിലും, അതിലൂടെ പറയാൻ ശ്രമിക്കുന്ന മെസ്സേജിലും ഒക്കെ ആ signature ഉണ്ടാവും. ‘അസുരനും’ അക്കാര്യത്തിൽ വ്യത്യസ്ഥമല്ല. ‘Oppressed ക്ലാസ്സിന്റെ suffering, അവരെ exploit ചെയ്യുന്നത്, ഇവര് പല സ്ഥലത്തും നിസ്സഹായരാവേണ്ട അവസ്ഥ അങ്ങനെ പലതുമാണ് ഈ സിനിമ മുന്നോട്ട് വയ്ക്കുന്നത്.
ധനുഷുമായി നേരത്തെ സൗഹൃദം ഉണ്ടായിരുന്നോ?
Manju Warrier on Vetrimaran-Dhanush ‘Asuran’: ധനുഷിനെ എനിക്ക് കഴിഞ്ഞ പത്തു വർഷത്തോളമായി അറിയാം. സുഹൃത്തുക്കൾ വഴി പരിചയപ്പെട്ടതോ, ഏതോ പരിപാടി നടക്കുമ്പോൾ കണ്ടതോ ആണ്. കൃത്യമായി ഓർമ്മയില്ല. അപ്പോൾ മുതൽ തന്നെ ഫോണിലും മെസേജിലും മറ്റും സംസാരിക്കാറുണ്ടായിരുന്നു. വല്ലപ്പോഴുമൊക്കെ മാത്രം ആയിരുന്നു എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും വലിയ സ്നേഹബഹുമാനങ്ങൾ ഉണ്ടായിരുന്നു. പല പല പ്രൊജക്റ്റ്സിനു വേണ്ടി ധനുഷ് വിളിച്ചിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടി വിളിച്ചിട്ടുണ്ട്. അന്നൊന്നും നടന്നില്ല. ഇപ്പോൾ തോന്നുന്നു, ആ കാത്തിരിപ്പൊക്കെ നല്ലതിന് വേണ്ടി ആയിരുന്നു എന്ന്. ‘അസുരൻ’ പോലൊരു ചിത്രം സംഭവിക്കാൻ വേണ്ടി.
തുടക്കം മുതൽ തന്നെ വളരെ സപ്പോർട്ടീവ് ആയിരുന്നു ധനുഷ്. കഥ കേൾക്കുമ്പോഴും, ചിത്രീകരണത്തിനിടയിലും എല്ലാം അദ്ദേഹം എന്നെ comfortable ആക്കാൻ ഒരുപാട് സഹായിച്ചു.

മഞ്‍ജുവുമൊത്തുള്ള രംഗങ്ങളിൽ അഭിനയിക്കാൻ ഒത്തിരി ഭയമായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ ധനുഷ് പറഞ്ഞിട്ടുണ്ട്?
അത് അദ്ദേഹത്തിന്റെ എളിമ കൊണ്ട് പറയുന്നതാണ്. എനിക്കായിരുന്നു ടെൻഷൻ. ധനുഷ് മിണ്ടാതെ ഒരിടത്തിരിക്കുമെങ്കിലും പുലി എന്നൊന്നും പറഞ്ഞാൽ പോരാ, അത്രയ്ക്ക് ബ്രില്യൻറ് ആയ ഒരാക്ടർ ആണ്. അദ്ദേഹത്തിന്റെ ട്രാൻസ്ഫോർമേഷൻ ഒക്കെ കണ്ടു ഞാനാണ് അന്തം വിട്ടത്. എന്നോടുള്ള സൗഹൃദം കൊണ്ടാവാം അങ്ങനെ പറഞ്ഞത്.
മൂന്നോ നാലോ പേജ് ഡയലോഗ് ഉള്ള ഒരു സീനുണ്ട്. വളരെ ഗൗരവമുള്ള സംഭാഷണങ്ങൾ ആണ്. അദ്ദേഹം സ്ക്രിപ്റ്റ് നോക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്. ടേക്ക് എടുക്കുമ്പോൾ ഒരു തരത്തിലുള്ള പ്രോംപ്റ്റിംഗും ഇല്ലാതെ ആ നീണ്ട ഡയലോഗ് ഒറ്റ ടേക്കിൽ ഒകെ ആക്കി. ഞാനോർത്തു രാത്രി വീട്ടിലിരുന്നു പഠിച്ചു കാണും എന്നൊക്കെ. കാരണം ഷോട്ടിന്റെ ഇടയിൽ തമാശ പറയുന്നുണ്ട്, എല്ലാവരോടും സംസാരിക്കുന്നുണ്ട്. എന്നോട് സംസാരിക്കാൻ വന്നപ്പോൾ ഞാൻ ചോദിച്ചു, ‘ഇന്നലെ പഠിച്ചു അല്ലേ?’ എന്ന്. ‘ഇല്ലാ ഞാൻ ഇവിടെ വന്നു രണ്ടു തവണ വായിച്ചു’ എന്ന്. ‘എന്റെ ദൈവമേ’ എന്നായി ഞാൻ.
സീനുകളിൽ വളരെ ഇമോഷണൽ ആയി ഇഴുകിച്ചേരുന്ന ഒരു നടൻ കൂടിയാണ് ധനുഷ്. ഒരു കഥാപാത്രത്തിന്റെ ജീവിതത്തെ, അത് സിനിമയിൽ എത്രത്തോളം ഉണ്ട് എന്നത് കണക്കിലെടുക്കാതെ, മുഴുവനായി ഉൾക്കൊണ്ട് അഭിനയിക്കുന്ന ഒരു രീതി. അത് വളരെ മനോഹരമാണ്.
ഒരു ആക്ടർ എന്ന നിലയിൽ ‘അസുരനിൽ’ നിന്നും ഉണ്ടായ ‘learning’ എന്താണ്?
‘Learning, Unlearning രണ്ടും ഉണ്ടായി എന്നാണു തോന്നുന്നത്. അവരുടെ ഒരു level of dedication… ‘സിനിമ സിനിമ സിനിമ’ എന്ന് മാത്രമേയുള്ളു എപ്പോഴും ചിന്ത. ഒരു സിനിമയ്ക്ക് വേണ്ടി ഏതു തരത്തിലും കഷ്ടപ്പെടാൻ അവർ തയ്യാറാണ്. മലയാളത്തിൽ അങ്ങനെയല്ല എന്നല്ല. ലാലേട്ടൻ ഒക്കെ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ മറ്റൊരു ഇടത്തു പോയി അത് കാണുമ്പോൾ നമുക്ക് പുതിയ ഒരു ‘perspective’ കൊണ്ട് വരും.
ദിവസവും ഷൂട്ടിംഗ് സെറ്റിലേക്ക് പോകുമ്പോൾ ‘ഇത് പോരാ, ഇനിയും നന്നായി ചെയ്യണം’ എന്ന് ഞാൻ എന്നോട് തന്നെ പറയും. കാരണം എന്റെ മുൻപിൽ ഉള്ളവർ അങ്ങനെയാണ്. അതവർ പ്രകടമായി കാണിക്കുകയല്ല, കൂൾ ആയിട്ട് നിന്നിട്ടാണ് അത് നമ്മുടെ ഉള്ളിൽ അവർ ഉണ്ടാക്കുന്നത്. പിന്നെ വളരെ inclusive ആയിരുന്നു അവർ. ധനുഷും-വെട്രിമാരനും തമ്മിൽ സംസാരിക്കുന്നതു കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അപ്പോൾ അവർ സംസാരിക്കുമ്പോൾ ഞാനും കൂടെ ചേരും. അവർ സംസാരിച്ചിരുന്നത് എന്ത് തന്നെയാണെങ്കിലും, ഞാൻ ചെല്ലുമ്പോൾ ഞാനും കൂടി ചേർന്നുള്ള ഒരു സംഭാഷണമാക്കി മാറ്റും അവരതിനെ. മൂന്നാമതൊരാളായി ഒരിക്കലും കണ്ടില്ല.
അപ്പോൾ അവർ സംസാരിക്കുന്നതിൽ നിന്നും അവർ സിനിമയ്ക്കു വേണ്ടി എന്ത് ചെയ്യുന്നു എന്ന് നമുക്ക് കുറേയും കൂടി മനസ്സിലാകും. അതിന്റെ ഒരു കളക്ടീവ് റിസൾട്ട് സ്ക്രീനിലും കൊണ്ട് വരാൻ സാധിക്കും. പിന്നെ ഈ സിനിമയുടെ ഓരോ ഘട്ടങ്ങളും കാണുമ്പോഴും പുതിയ പുതിയ മാനങ്ങൾ അതിനുള്ളതായി തോന്നി – ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ കണ്ടതും ഡബ്ബിങ് സമയത്തു കണ്ടതും ട്രെയിലറിൽ കണ്ടതുമൊക്കെ ഓരോ ഘട്ടത്തിലും മെച്ചപ്പെട്ടു വന്നു. ഷൂട്ടിംഗ് നേരത്തു തന്നെ ഈ ഏൻഡ് റിസൾട്ട് എല്ലാം അവരുടെ മനസ്സിൽ ഉണ്ടായിരുന്നു എന്നും മനസ്സിലായി.
Manju Warrier on Vetrimaran-Dhanush ‘Asuran’: പിന്നെ അഭിനയത്തിന്റെ കാര്യം പറഞ്ഞാൽ, ഈ സീനിൽ ഈ ഡയലോഗ് ഇങ്ങനെ പറയാം എന്ന് നമ്മൾ മനസ്സിൽ കരുതി വയ്ക്കും. നമ്മുടെ ഒരു രീതി അനുസരിച്ചു മനസ്സിൽ അറിയാതെ വരുന്നതാണത്. പക്ഷേ വെട്രിമാരൻ വന്നു അത് പറഞ്ഞു തരുമ്പോൾ ‘ഓ ഇത് ശരിയാണല്ലോ, ഇങ്ങനെ സിംപിൾ ആയിട്ടും ബ്യൂട്ടിഫുൾ ആയിട്ടും ഇത് പറയാമല്ലോ’ എന്ന് തോന്നും. ഇതിവിടെ മാത്രമല്ല കേട്ടോ, മലയാളത്തിലും ഇത് ഞാൻ അനുഭവിച്ചിട്ടുണ്ട്. നമ്മൾ മനസ്സിൽ കരുതുന്നതിനു എത്രയോ മുകളിൽ ആണ് സംവിധായകന്റെ ചിന്ത.
ഈ സിനിമ ഉയർത്തിയ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?
അതിപ്പോൾ പറയാൻ പറ്റില്ല. നിങ്ങൾ സിനിമ കണ്ടു തിരിച്ചറിയേണ്ടതാണ്. ഒരുപാട് വൈകാരിക മുഹൂർത്തങ്ങൾ ഉണ്ട്. ആ കഥയുടെ ഒരു ഘടന അങ്ങനെയാണ്. അത് കൊണ്ട് ഇതിനു ഇപ്പോൾ ഉത്തരമില്ല.
‘അസുരൻ’ ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും. ചിത്രത്തിന് കേരളത്തിലും അന്ന് തന്നെ റിലീസ് ഉണ്ടാകും.