ജീവിതത്തിൽ ഒരു പോരാളിയാണ് മംമ്ത മോഹൻദാസ്. നടിയും ഗായികയുമായി തിളങ്ങി നിൽക്കുന്ന സമയത്താണ് മംമ്തയ്ക്ക് കാൻസർ ഉണ്ടെന്ന് അറിയുന്നത്. വർഷങ്ങളോളം നീണ്ട പോരാട്ടത്തിലൂടെ കാൻസറിനെ അതിജീവിച്ച മംമ്ത വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. മംമ്തയും ടൊവിനോ തോമസും പ്രധാന വേഷത്തിലെത്തുന്ന ‘ഫോറൻസിക്’ നാളെ റിലീസിനെത്തുകയാണ്.
കരിയറിൽ ആദ്യമായി ഒരു പൊലീസ് ഓഫീസറുടെ വേഷം അവതരിപ്പിക്കുന്നു, യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസിനൊപ്പം ആദ്യമായി അഭിനയിക്കുന്നു, തന്റെ ആദ്യചിത്രത്തിലെ നായകനായ സൈജുകുറുപ്പിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിടുന്നു- അങ്ങനെ മംമ്തയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ ഉള്ള ചിത്രമാണ് ‘ഫോറൻസിക്’. ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് മംമ്ത.
ആത്മവിശ്വാസം തന്ന കഥയും കഥാപാത്രവും
സിനിമകളുടെ തിരഞ്ഞെടുപ്പിൽ ഞാൻ സെലക്റ്റീവ് ആണ്. വരുന്ന എല്ലാ സിനിമകളും എനിക്കെടുത്ത് ചെയ്യാൻ പറ്റില്ല. ‘ഫോറൻസി’ക്കിന്റെ കാര്യത്തിൽ, സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്കു തോന്നിയ ആത്മവിശ്വാസമാണ് തിരഞ്ഞെടുക്കാനുള്ള ഒന്നാമത്തെ കാര്യം. രണ്ടാമത്, സംവിധായകരിൽ ഒരാളായ അഖിൽ എനിക്ക് കഥ പറഞ്ഞു തന്നപ്പോൾ കഥയിൽ അഖിലിനുള്ള വിശ്വാസം. മൂന്നാമതായി, റിഥിക സേവ്യർ ഐപിഎസ് എന്ന എന്റെ കഥാപാത്രം. ആദ്യമായാണ് ഞാനൊരു പൊലീസ് കഥാപാത്രം ചെയ്യുന്നത്. ഒരു ഫീമെയ്ൽ പൊലീസ് ഓഫീസർ എന്നു പറയുമ്പോൾ അതിനൊരു രീതിയുണ്ട്, ഒരു സ്വഭാവമുണ്ട്. എനിക്കതിനെങ്ങനെ വ്യത്യസ്തതയോടെ അവതരിപ്പിക്കാം എന്നതാണ് ആദ്യ ചിന്ത. വ്യത്യസ്തമായി ഇതിനെ അവതരിപ്പിക്കാൻ ഒരു സ്കോപ്പ് ഉണ്ടോ എന്നായിരുന്നു അഖിലിന്റെ അടുത്ത് എന്റെ അടുത്ത ചോദ്യം.
റിഥിക യൂണിഫോമിലുള്ള ഒരു പൊലീസുകാരി മാത്രമല്ല. റിഥികയ്ക്ക് വലിയൊരു കഥ തന്നെയുണ്ട്. അതെന്താണെന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും. റിഥികയുടെ ഭൂതകാലവും വർത്തമാനകാലവുമെല്ലാം ‘ഫോറൻസിക്കി’ന്റെ ഭാവിയേയും നടക്കുന്ന സംഭവങ്ങളെയും ബാധിക്കുന്നുണ്ട്. അതാണ് കഥാപാത്രത്തിന്റെ പ്രധാന്യം. അതിൽ കൂടുതൽ കഥാപാത്രത്തെ കുറിച്ച് പറഞ്ഞാൽ, റിഥിക ഒരു ഭാര്യയാണ്, മകളാണ്. പൊലീസ് ഓഫീസറാണെങ്കിലും റിഥികയ്ക്ക് അവളുടേതായ ദൗർബ്ബല്യങ്ങളുണ്ട്, പക്ഷേ അവളതിൽ നാണിക്കുന്നില്ല. അതാണ് അവളെ കരുത്തയായൊരു സ്ത്രീയാക്കി മാറ്റുന്നത്.
ടൊവിനോ എന്ന സഹപ്രവർത്തകൻ
ടൊവിനോയ്ക്ക് ഒപ്പം ഞാനാദ്യമായി അഭിനയിക്കുകയാണ്. വളരെ കഠിനാധ്വാനിയായൊരു വ്യക്തിയാണ് ടൊവിനോ. ഒന്നിച്ച് അഭിനയിക്കുമ്പോൾ രണ്ടുപേർക്കും സജഷൻസ് ഉണ്ടാവും. അതെല്ലാം ഷെയർ ചെയ്യാവുന്ന വളരെ ആരോഗ്യകരമായൊരുന്നു അന്തരീക്ഷമായിരുന്നു. ഞങ്ങളുടെ കഥാപാത്രങ്ങൾക്കിടയിൽ ഒരു ഹൈറാർക്കിയുണ്ട്. ഞാൻ ടൊവിനോയേക്കാൾ കുറച്ചുകൂടി സീനിയറായത് ആ ഹൈറാർക്കി മെയിന്റൈൻ ചെയ്യാൻ സഹായിച്ചു.
സൈജുവിന്റെ വളർച്ചയിൽ സന്തോഷമേറെ
‘മയൂഖ’ത്തിനു ശേഷം ഞാനും സൈജുവും വളരെ അടുത്ത് സ്ക്രീൻ സ്പേസ് ഷെയർ ചെയ്യുന്നത് ഈ ചിത്രത്തിലാണ്. വ്യക്തികൾ എന്ന രീതിയിലും അഭിനേതാക്കൾ എന്ന രീതിയിലും ഞങ്ങൾ രണ്ടുപേരും ഒരുപാട് മാറിയിട്ടുണ്ട്. എന്നാൽ ഞാനും സൈജുവും വീണ്ടും മീറ്റ് ചെയ്തപ്പോൾ ഭയങ്കര നൊസ്റ്റാൾജിക് ആയിരുന്നു. ചുരുക്കം സീനുകളെ ഞങ്ങൾക്കുള്ളൂവെങ്കിലും. വീണ്ടും പിള്ളേർ ആയതു പോലെ ഫീൽ ചെയ്തു, ഹരിഹരൻസാറിന്റെ ‘മയൂഖം’ ദിവസങ്ങളിലേക്ക് തിരികെ പോയതുപോലെ.
ഒരു നടനെന്ന രീതിയിൽ സൈജു മനോഹരമായ നിരവധി ക്യാരക്ടർ റോളുകൾ ചെയ്യുന്നുണ്ടിപ്പോൾ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മുന്നോട്ടുപോവുമ്പോഴാണ് ഒരു ആക്റ്റർ സ്വയം തിരിച്ചറിയുക. സ്വയം തിരിച്ചറിയിലിന്റെ മനോഹരമായൊരു യാത്രയിലാണ് സൈജു ഇപ്പോൾ. സൈജുവിനെ പോലെ ഞാനത്രയും വേറിട്ട കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉണ്ടാവില്ല. സ്ത്രീകൾക്ക് ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നത് കുറവാണ്. സൈജുവിന്റെ കാര്യത്തിൽ എനിക്കേറെ സന്തോഷമുണ്ട്. സൗഹൃദത്തിൽ അന്നത്തെ അതേ സൈജു തന്നെയാണ് എന്റെ മുന്നിലുള്ളത്, എന്നാൽ ഇപ്പോൾ കുറച്ചുകൂടി ബെറ്റർ വേർഷൻ ആണെന്നു മാത്രം.
തുടക്കക്കാരിയുടെ ഭാഗ്യം എനിക്കുണ്ടായിരുന്നില്ല
ഒരു ബിഗിനേഴ്സ് ലക്ക് എനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. കാരണം തുടക്കത്തിൽ ഞാൻ ചെയ്ത ഒറ്റ സിനിമകളും വൻ സൂപ്പർഹിറ്റ് വിജയം ആയിരുന്നില്ല. അതു തന്നെയാണ് എന്നെ കൂടുതൽ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്. എനിക്ക് കൂടുതൽ മികച്ചതാവണമായിരുന്നു. എന്നെത്തന്നെ പ്രൂവ് ചെയ്യണമായിരുന്നു. ഒരു രാത്രികൊണ്ട് സൂപ്പർസ്റ്റാർ ആവുക എന്നൊന്ന് എന്റെ കാര്യത്തിൽ സംഭവിച്ചിട്ടില്ല.
Read more: അന്നും ഇന്നും ഞങ്ങൾ; മംമ്തയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് സൈജു കുറുപ്പ്