മുപ്പത്തഞ്ച് വർഷങ്ങൾക്കു മുൻപാണ് അടൂർ ഗോപാലകൃഷ്ണന്റെ ‘അനന്തരം’ റിലീസാവുന്നത്. അന്ന് മുതൽ ഇന്ന് വരെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നമ്മുടെ സിനിമാ കാഴ്ചകളിൽ മൂന്ന് ദശാബ്ദത്തിലേറെയായി നിറഞ്ഞു നിൽക്കുന്നുണ്ട് സുധീഷ്. കുറച്ചു വർഷങ്ങളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുമുണ്ട് ഈ കലാകാരൻ. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സുധീഷ് മനസ് തുറക്കുന്നു.
ഇപ്പോൾ തീയറ്ററുകളിൽ ഉള്ള ‘പടവെട്ടിൽ’ നിന്നു തന്നെ തുടങ്ങാം… ചിത്രത്തിൽ നായകനൊപ്പം നിൽക്കുന്ന, വ്യത്യസ്തമായ മാനങ്ങളുള്ള കഥാപാത്രമായിരുന്നല്ലോ?
‘പടവെട്ടിലെ’ കഥാപാത്രം ഞാൻ ഇത് വരെ ചെയ്യാത്ത ഒരു റോളാണ്. ഗോവിന്ദൻ ഒരു ബാർബറാണ്. രാവിലെ തൊഴിൽ ചെയ്യുമ്പോൾ, ആളുകളോട് ഇടപെടുമ്പോൾ ഒക്കെ അയാൾ തീർത്തും ശാന്തനാണ്. ഒരു നാടിന്റെ കൂടി കഥയാണല്ലോ ‘പടവെട്ട്.’ ആ നാട്ടിലെ ഒബ്സെർവർ ആണ് പകൽ ഗോവിന്ദൻ. രാത്രി പക്ഷെ അയാളുടെ വിധം മാറും. അയാൾ കണ്ട, കേട്ട, അനുഭവിച്ച കാര്യങ്ങൾ പറയാൻ തുടങ്ങും. ഒരുപാട് തലങ്ങളും അടരുകളും ഒക്കെയുണ്ട് ഈ കഥാപാത്രത്തിന്. ഞാൻ കണ്ട് ശീലിച്ച രീതിയോ ശൈലിയോ ഒന്നും ഈ കഥാപാത്രത്തിനില്ല. സത്യത്തിൽ സംവിധായകൻ ലിജു കൃഷ്ണ തന്ന ധൈര്യവും അയാളുടെ കൂടെ കഴിവുമാണ് ഈ കഥാപാത്രം എന്ന് പറയാം. വളരെയധികം സൂക്ഷ്മ തലത്തിൽ ശ്രദ്ധിച്ചഭിനയിച്ച കഥാപാത്രമാണ് ‘പടവെട്ടി’ലെ ഗോവിന്ദൻ. അത് സിനിമയോളം തന്നെ ശ്രദ്ധിക്കപ്പെടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്.

കരിയറിലെ രസകരമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ…
അതെ.. യാദൃശ്ചികമായി സംഭവിച്ചതാണ് അത്. 2018 ൽ ‘തീവണ്ടി’യോടെയാണ് ഇങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങൾ എന്നെ തേടി വരാൻ തുടങ്ങിയത്. അത് എങ്ങനെ സംഭവിച്ചുവെന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല. ‘തീവണ്ടി’യിലേക്ക് എന്നെ വിളിക്കുമ്പോൾ അതിന്റെ അണിയറ പ്രവർത്തകരെയാരെയും എനിക്ക് പരിചയമില്ല. ആരുമായും സൗഹൃദമില്ല. സംവിധായകൻ ഫെല്ലിനി എന്നെ എന്ത് കൊണ്ട് വിളിച്ചു എന്ന അത്ഭുതത്തോടെയാണ് ഞാൻ ഷൂട്ടിനു ചെന്നത്. സിനിമയും കഥാപാത്രവും തീയറ്ററുകളിൽ ഹിറ്റായതോടെ വീണ്ടും ഒരുപാട് സാധ്യതകളുള്ള കഥാപാത്രങ്ങൾ എന്നെ തേടി വരാൻ തുടങ്ങി. കരിയറിന്റെ മറ്റൊരു തലത്തിൽ നിന്നു കൊണ്ടുള്ള സാധ്യതകൾ നടനെന്ന നിലയിൽ ഉപയോഗിക്കാനായി എന്നതും വലിയൊരു സാധ്യതയാണ്. ടൈപ്പ്കാസ്റ്റ് ആവാതെ പുതിയ റോളുകൾ തിരഞ്ഞെടുക്കാൻ ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്.
‘തീവണ്ടി’ക്ക് മുൻപ് കുറച്ചു കാലം താങ്കൾ സ്‌ക്രീനിൽ നിന്ന് ഇടവേളയെടുത്തിരുന്നു. ഇത് മനഃപൂർവം വന്ന ഒന്നാണോ?
ശരിയാണ്, വലിയ വാണിജ്യ സിനിമകളുടെ ഭാഗമായി ഞാൻ ഉണ്ടായിരുന്നില്ല കുറച്ചു കാലം. പക്ഷേ അതിനെ ഇടവേള എന്നൊക്കെ വിളിക്കാനാവുമോ എന്നറിയില്ല. ഞാൻ സിനിമകളും ചെറുസിനിമകളും മറ്റും എന്നും ചെയ്യാറുണ്ടായിരുന്നു. തൊഴിലിൽ ഇടവേള വന്നതായി അത് കൊണ്ട് തന്നെ ഒട്ടും തോന്നിയിട്ടില്ല. സിനിമയുടെ രീതിയും ശൈലിയുമൊക്കെ അടിമുടി മാറിയ ഒരു കാലത്തിലൂടെയാണ് നമ്മൾ ആ സമയത്ത് കടന്നു പോയത്. അപ്പോൾ സിനിമക്ക് വലിയ രീതിയിൽ എന്റെ സാമീപ്യം ആവശ്യമായിരുന്നിട്ടുണ്ടാവില്ല. ആ നിലക്ക് ഒരു തിരിച്ചു വരവ് കൂടിയാണ് ‘തീവണ്ടി’ എന്ന് പറയാം.
ഒരു കാലത്തെ നായകന്റെ സ്ഥിരം കൂട്ടുകാരൻ…
അതെയതെ… ഞാൻ അങ്ങനെയൊരു ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട കാലമുണ്ടായിരുന്നു. ആ കാലത്തെ ഏതോക്കെയോ സിനിമകൾ അത്തരത്തിൽ വിചാരിച്ചിരുന്നു. അതോടെ നായകന്റെ കൂട്ടുകാരന്റെ മുഖമായി എനിക്ക്. എന്ത് കൊണ്ടങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല.
മണിച്ചിത്രത്താഴും ‘കിണ്ടി’യും
അഭിനയം എത്ര കണ്ട് സുരക്ഷിതമായ തൊഴിൽ മേഖലയാണ് എന്നൊന്നും ഉറപ്പില്ലാതെ ഈ ജോലിയിൽ തുടരുന്ന ഒരു സമയത്താണ് ‘മണിച്ചിത്രത്താഴി’ന്റെ ഭാഗമാവുന്നത്. വളരെ ഞെട്ടിക്കുന്ന പെർഫോമൻസ് ഒന്നും ആവശ്യമില്ലാത്ത കഥാപാത്രമായിട്ടാണ് കിണ്ടി അന്ന് തോന്നിയത്. വലിയ ഒരുപാട് താരങ്ങൾ, വളരെ സജീവമായ ഷൂട്ടിംഗ് സൈറ്റ്… ഇതൊക്കെയാണ് ‘മണിച്ചിത്രത്താഴിനെ’ പറ്റിയുള്ള ഓർമ. ഞാൻ വളരെ സന്തോഷത്തോടെ പോയി ചെയ്ത റോൾ ആയിരുന്നു ഇത്. സിനിമയോ കഥാപാത്രമോ ഈ രീതിയിൽ ശ്രദ്ധിക്കപ്പെടും എന്നൊന്നും അന്ന് ചിന്തിച്ചില്ല. ചന്തു എന്ന ആ കഥാപാത്രത്തിന്റെ പേര് എത്രപേർ ഓർത്തിരിക്കും എന്നറിയില്ല. പക്ഷേ കിണ്ടി എന്ന് ഇപ്പോഴും ആൾക്കാർ എന്നെ വിളിക്കാറുണ്ട്. സിനിമ എന്ന തൊഴിൽ തുടരാൻ ഈ കഥാപാത്രം തന്ന ധൈര്യം ചെറുതല്ല.
ഇടക്കു ചില സിനിമകളിൽ നായകനായി ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തി. പക്ഷേ പിന്നീട് അതിനൊരു തുടർച്ചയുണ്ടായില്ല…
‘ചെപ്പടി വിദ്യ’യൊക്കെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. പക്ഷേ ആ നിലക്ക് പിന്നീട് ചെയ്ത സിനിമകൾ അന്ന് വലിയ വാണിജ്യ വിജയം നേടിയില്ല. അത് കൊണ്ട് തന്നെ അതിനൊരു തുടർച്ചയുണ്ടായില്ല. അങ്ങനെ വലിയ വിജയം നേടിയിരുന്നെങ്കിൽ മറ്റൊരു രീതിയികാണുമായിരുന്നു എന്റെ കരിയർ. അങ്ങനെ ആയില്ലെന്നത് കൊണ്ട് ഒട്ടും വിഷമമില്ല. സ്‌ക്രീനിൽ എന്റെ മുഖം കാണുന്നത് സന്തോഷം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വളരെ കുറച്ച് നടന്മാരെ കോഴിക്കോട് നിന്നൊക്കെ ഉണ്ടായിട്ടുള്ളൂ. അവരിൽ ഒരാളായി ആ നാടിനെ കൂടി പ്രതിനിധീകരിക്കുന്നത് വലിയ കാര്യമായി കരുതുന്നു. അങ്ങനെ ഞാൻ എത്തിപ്പെടുന്ന ഓരോ കഥാപാത്രവും എനിക്ക് നൽകുന്ന സന്തോഷം വലുതാണ്.
മൂന്നര പതിറ്റാണ്ട് നീണ്ട കരിയറിൽ സിനിമക്കും സുധീഷ് എന്ന നടനും വന്ന മാറ്റങ്ങൾ…
കാലത്തിനും സമൂഹത്തിനും വന്ന സൂക്ഷ്മമായ ഓരോ കാര്യങ്ങളും സിനിമക്കും വന്നിട്ടുണ്ട്. സാങ്കേതികമായും കലാപരമായും വാണിജ്യപരമായും സിനിമ കാലത്തിനൊത്ത് മാറും. അത് സ്വാഭാവികവുമാണ്. ഒരു പ്രേക്ഷകൻ എന്ന നിലയിലും നടനെന്ന നിലയിലും സിനിമയുടെ ഓരോ കാലത്തെ മാറ്റങ്ങൾക്കൊപ്പം നിൽക്കാൻ സന്തോഷം തോന്നാറുണ്ട്.
നടനെന്ന നിലയിൽ ചെയ്യുന്ന ജോലിയിൽ വലിയ മാറ്റമില്ല… സംവിധായകൻ പറയുന്നതിനൊത്ത് അഭിനയിക്കുന്ന, അയാളുടെ കഥാപാത്രത്തിനു ജീവൻ നൽകുന്ന ഒരാളാണ് നടൻ. പരമാവധി അവരുടെയൊക്കെ മനസിലുള്ള കഥാപാത്രത്തെ മനസിലാക്കാനും അവർ ആഗ്രഹിക്കുന്ന പൂർണതയോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനും ശ്രമിക്കാറുണ്ട്. ആ ശ്രമം തന്നെയാണ് അന്നും ഇന്നും അഭിനയം. സിനിമയിൽ ഏറ്റവുമധികം മാറ്റം വന്നിട്ടുള്ള ഒരു മേഖലയായി എനിക്ക് തോന്നിയിട്ടുള്ളത് റിസർച്ച് ആണ്. റിസർച്ച് ചെയ്ത് പല കാലങ്ങളെ കഥാപാത്രങ്ങളെ ഒക്കെ അവതരിപ്പിക്കാൻ ഇപ്പോൾ സിനിമയിൽ നടക്കുന്ന ശ്രമങ്ങൾ കൗതുൿത്തോടെ കാണാറുണ്ട്.
ഇത് വരെ ചെയ്തതിൽ ഏറ്റവുമിഷ്ടപ്പെട്ട കഥാപാത്രത്തെ പറയാൻ പറഞ്ഞാൽ…
വളരെ ബുദ്ധിമുട്ടാവും… കാരണം നമ്മൾ പല നിലക്ക് നമുക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളെയാണല്ലോ അവതരിപ്പിക്കുന്നത്. ‘അനന്തരം’ മുതൽ ‘പടവെട്ട്’ വരെ അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. നായകൻ, നായകന്റെ കൂട്ടുകാരൻ, വില്ലൻ, അച്ഛൻ, അമ്മാവൻ… ഇനി ചെയ്യാൻ പോകുന്ന ചില കഥാപാത്രങ്ങളെയും ഇപ്പോൾ ഓർമ വരുന്നുണ്ട്. ‘അനന്തര’ത്തിലെ കുഞ്ഞ് അജയ്കുമാർ, ‘മുദ്ര’യിലെ ഉണ്ണി, ‘ചെപ്പടി വിദ്യ’യിലെ ജോസൂട്ടി, ‘അനിയത്തിപ്രാവി’ലെ രാധാമാധവൻ, ‘ആധാര’ത്തിലെ രമേശൻ, ‘വേനൽകിനാവു’കളിലെ അജയ്, ‘സത്യം മാത്രമേ ബോധിപ്പിക്കു’വിലെ കഥാപാത്രം, ‘തീവണ്ടി’… പറഞ്ഞാൽ തീരാത്തത്രയും പ്രിയപ്പെട്ട കഥാപാത്രങ്ങളുണ്ട്.
ചെയ്യാൻ ഒരുപാട് ഇഷ്ടം തോന്നിയ കഥാപാത്രത്തെ പറയാൻ പറഞ്ഞാലോ…
അതും പറഞ്ഞാൽ തീരില്ല… ഒരുപാടുണ്ട്…അങ്ങനെയുള്ള ചില കഥാപാത്രങ്ങൾ ഞാൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്… എന്റെ പരിമിതികളെ കുറിച്ചൊക്കെ അപ്പോഴും നല്ല ബോധ്യമുണ്ട് കേട്ടോ… ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന സിനിമയിലെ ‘കോൾഡ് ബ്ലഡ്ഡ്ഡ് ആയ വില്ലൻ ഒക്കെ അത്തരത്തിൽ ഒരു കഥാപാത്രമായിരുന്നു. കോറോണക്കിടയിൽ ആ ചിത്രത്തിന്റെ തീയറ്റർ റിലീസ് മുങ്ങിപ്പോയി. പിന്നീട് ഓ ടി ടിയിൽ റിലീസ് ആയപ്പോൾ ഏറെ അഭിനന്ദനങ്ങൾ നേടിത്തന്ന കഥാപാത്രമായിരുന്നു അത്.
അടൂർ ഗോപാലകൃഷ്ണൻ മുതൽ ഒരുപാട് സംവിധായകരുടെ വലിയ സ്വപ്ന സിനിമകളുടെ ഭാഗമായി…
അടൂർ ഗോപാലകൃഷ്ണൻ ഗുരു തുല്യനാണ്. ആദ്യ സിനിമ ‘അനന്തരം’ എന്ന് പറയുമ്പോൾ കിട്ടുന്ന സന്തോഷം ഓർത്ത് നോക്കൂ. പിന്നീട് സിബി മലയിൽ, ഫാസിൽ,സത്യൻ അന്തിക്കാട്, കമൽ, ഷാജി കൈലാസ്, ലോഹിത ദാസ്, എം ടി… ഒരുപാട് വലിയ സംവിധായകർക്കും എഴുത്തുകാർക്കുമൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ‘പുതുമഴയായി പൊഴിയാം’ പോലൊരു പാട്ടിനാണ് ഞാൻ ആദ്യമായി ലിപ് കൊടുക്കുന്നത്… സത്യം പറഞ്ഞാൽ പല സംവിധായകരും എന്നെ വിളിക്കുമ്പോൾ എനിക്ക് വലിയ അത്ഭുതം തോന്നിയിരുന്നു. ഒരു നെറ്റ്‌വർക്കിന്റെയും ഭാഗമാവാത്ത, വലിയ സൗഹൃദ വലയങ്ങളിലാത്ത എന്നെ അവർ വിളിക്കുമ്പോൾ.. വലിയ റോളുകൾ തരുമ്പോൾ ഒക്കെ സന്തോഷം തോന്നാറുണ്ട്…ഫാസിൽ സാറിന്റെ ‘അനിയത്തി പ്രാവി’ലൊക്കെ 60 ദിവസം ഞാൻ നിന്നിരുന്നു. ഇത്രയും ദിവസം ഞാൻ സിനിമ പഠിച്ച യൂണിവേഴ്സിറ്റി തന്നെയായിരുന്നു അത്. ഇപ്പോഴുള്ള സംവിധായകർ വിളിക്കുമ്പോളും അതേ സന്തോഷത്തിന്റെയും അത്ഭുതത്തിന്റെയും ബാക്കിയുണ്ടാവാറുണ്ട്. അവരെയും അത്ഭുതത്തോടെ കേട്ടിരുന്നു കൊണ്ടാണ് സിനിമയുടെ ഭാഗമാവുന്നത്.

ജീവിതത്തിൽ മുപ്പത്തി അഞ്ചു വർഷം ജീവിച്ചത് നടനായാണ്… തിരിഞ്ഞു നോക്കുമ്പോൾ?
സന്തോഷം മാത്രം… വീട്ടിൽ നിന്നുള്ള വലിയ പിന്തുണക്കപ്പുറം മറ്റൊന്നും നടനാവാൻ ഇറങ്ങിയപ്പോൾ ഉണ്ടായിരുന്നില്ല. ചെറുതും വലുതുമായ റോളുകളിൽ ഈ നീണ്ട കാലയളവിൽ എന്നെയിവിടെ പിടിച്ചു നിർത്തിയത് സിനിമയാണ്. ആ തീരുമാനം തെറ്റായിരുന്നില്ല എന്ന ഉറപ്പ് തന്നതും സിനിമയാണ്. ഇഷ്ടപ്പെട്ട തൊഴിൽ ചെയ്ത് ഇത്രയും കാലം ജീവിക്കാനാവുക എന്ന സന്തോഷമാണ് എനിക്ക് സിനിമ. സിനിമയിലെത്തി ഇത്ര കാലം കഴിഞ്ഞു ഇപ്പോഴും എന്നെ ഓർക്കുന്നുണ്ട് കാണികൾ എന്നത് വലിയൊരു ഭാഗ്യമാണ്. അതിനൊപ്പം ഇപ്പോഴും സിനിമകൾ ചെയ്യാൻ ഞാൻ വിളിക്കപ്പെടുന്നു എന്നതും വലിയൊരു കാര്യമാണ്. അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം സ്‌ക്രീനിൽ വലുതോ ചെറുതോ ആയ റോളുകളിൽ എന്റെ മുഖവും പേരും തെളിയുന്നത് തന്നെയാണ്. അന്നെടുത്ത ആ വെല്ലുവിളി നിറഞ്ഞ തീരുമാനം ശരിയായിരുന്നു എന്ന് തോന്നും.
വരാനിരിക്കുന്ന സിനിമകൾ?
നവംബർ 11 നു റിലീസ് ആവുന്ന ‘അഡ്വക്കേറ്റ് മുകുന്ദനുണ്ണി അസോസിയേയേറ്റ്സ്’ ആണ് ഉടൻ റിലീസ് ആവാനുള്ള ഒരു സിനിമ. നല്ലൊരു കഥാപാത്രമാണ് അതിൽ ചെയ്യുന്നത്. ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയുടെ ഷൂട്ടിലാണ് ഇപ്പോഴുള്ളത്. അതിൽ ഇത് വരെ ചെയ്യാത്ത തരം ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മലപ്പുറം ഭാഷയാണ് സ്‌ക്രീനിൽ സംസാരിക്കുന്നത്. ‘അജയന്റെ രണ്ടാം മോഷണം’ ആണ് ഷൂട്ട് തുടങ്ങാനിരിക്കുന്ന ഒരു സിനിമ. വളരെ വ്യത്യസ്തമായ മേക്കിങ് ഉള്ള സിനിമ കൂടിയാണത്. അതിൽ ഒരുപാട് പ്രത്യേകതകൾ ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വേറെയും ചില രസകരമായ പ്രോജക്റ്റുകളുടെ ഭാഗമാണ്. കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനുള്ള സമയമാകുന്നതേയുള്ളു.