Interview with Malayalam Actor Saiju Kurup, സൈജു കുറുപ്പ് അഭിമുഖം: തീർത്തും അന്തർമുഖനായ, വേദികളെ ഭയന്നിരുന്ന ഒരു കുട്ടിയിൽ നിന്നും മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയ ജീവിതമാണ് സൈജു കുറുപ്പ് എന്ന അഭിനേതാവിന് പറയാനുള്ളത്. വിജയത്തിന് കുറുക്കുവഴികളില്ലെന്ന ബോധ്യത്തോടെ നിരന്തരം തന്നിലെ അഭിനേതാവിനെ മിനുക്കിയെടുക്കുകയാണ് ഈ നടൻ. പതിനഞ്ചു വർഷം, നൂറിലേറെ സിനിമകൾ. അഭിനയ ജീവിതത്തിലെ കഷ്ടപ്പാടിന്റെ കാലം, ജീവിതം മാറ്റിമറിച്ച സിനിമകൾ, സിനിമ തന്ന അനുഭവങ്ങൾ, കുടുംബം, അപ്രതീക്ഷിതമായി ഉണ്ടായ അച്ഛന്റെ വിയോഗം… സൈജു കുറുപ്പ് ജീവിതം പറയുകയാണ് ഈ ദീര്‍ഘസംഭാഷണത്തില്‍.
ഒന്നര പതിറ്റാണ്ട് പിന്നിടുന്ന അഭിനയജീവിതം
Saiju Kurup: കൂടുതലും മുള്ളുകളായിരുന്നു വഴിയിൽ. വേറാരും മനപൂർവ്വം എനിക്കു വേണ്ടി വിതറിയിട്ട മുള്ളുകളായിരുന്നില്ല അത്. എന്റെ തന്നെ കുറെ പ്രശ്നങ്ങളുണ്ടായിരുന്നു, അഭിനയത്തിലെ പരിചയമില്ലായ്മ. സിനിമയിൽ വരണമെന്ന് മുൻപെ ആഗ്രഹിച്ചിരുന്നെങ്കിൽ സിനിമയ്ക്ക് വേണ്ട കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുമായിരുന്നു. ഉദാഹരണത്തിന് ഡാൻസ് പഠിക്കുകയോ സ്റ്റണ്ട് പ്രാക്റ്റീസ് ചെയ്യുകയോ ഒക്കെ ചെയ്യുമായിരുന്നു. തമിഴിലൊക്കെ മിക്ക താരങ്ങളുടെ മക്കളും അങ്ങനെയൊക്കെയാണ്.
ഭാഗ്യരാജ് സാറിന്റെ മകൻ ശാന്തനുവിന്റെ കൂടെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ശാന്തനുവുമായി സംസാരിക്കുമ്പോൾ ഞാൻ പറയുകയായിരുന്നു, എനിക്ക് ഡാൻസിന്റെ എല്ലാ സ്റ്റെപ്പുകളുമൊന്നും വഴങ്ങില്ലെന്ന്. പെട്ടെന്ന് ഡാൻസ് മാസ്റ്റർ ഒരു സ്റ്റെപ്പ് തന്നാൽ എനിക്ക് ചെയ്യാൻ പറ്റില്ല, നിങ്ങളെയൊക്കെ ഞാൻ സമ്മതിച്ചു എന്നു പറഞ്ഞു. ‘അങ്ങനെ സമ്മതിക്കേണ്ട ആവശ്യമില്ല. എന്നെങ്കിലും സിനിമയിൽ വരും എന്നറിയാവുന്നതു കൊണ്ട്, അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ മുൻപേ തുടങ്ങിയിരുന്നു എന്നായിരുന്നു ശാന്തനുവിന്റെ മറുപടി. ശാന്തനുവൊക്കെ പതിമൂന്നാം വയസു മുതൽ ഡാൻസും ഫൈറ്റും ഒക്കെ പ്രാക്റ്റീസ് ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ച് സ്വപ്നത്തിൽ പോലും ഓർക്കാത്ത കാര്യമാണ് സിനിമയിൽ വരുമെന്നത്. അതു കൊണ്ടു തന്നെ ഒന്നും പഠിച്ചിട്ടില്ല. ആക്ടിംഗിന്റെ ആ താളവും എനിക്കാദ്യം ഇല്ലായിരുന്നു.
ഞാൻ വിചാരിച്ചിരുന്നത് ഒരു നല്ല നടൻ എന്നു പറഞ്ഞാൽ ആക്ഷൻ പറയുമ്പോൾ കൃത്യമായി ഡയലോഗ് പറയുന്ന ആളാണെന്നാണ്. അതാരും പറഞ്ഞു തന്നതൊന്നുമല്ല, സ്വയം ഞാനങ്ങനെ വിചാരിച്ചു വെച്ചതായിരുന്നു. അതു മാത്രമല്ല ആക്റ്റിംഗ് എന്ന് പിന്നെ മനസ്സിലായി.
ആദ്യ ചിത്രത്തിൽ (മയൂഖം – 2005) ഹരിഹരൻ സാർ എല്ലാം പറഞ്ഞു തരുമായിരുന്നു. എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് കൃത്യമായി കാണിച്ചു തരും. നമ്മളത് നോക്കി മനസിലാക്കി പുനരാവിഷ്കരിച്ചാൽ മതി. എന്നാൽ അഭിനയത്തിൽ എപ്പോഴുമത് നടക്കില്ല, ചിലപ്പോഴൊക്കെ ഒരു സീനിൽ എങ്ങനെ പെർഫോം ചെയ്യണമെന്ന് നമ്മൾ തന്നെ ആലോചിച്ച് ചെയ്യണം. ആദ്യ പടത്തിൽ നന്നായി ചെയ്യാൻ പറ്റിയെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, ആ താളം അഭിനയത്തിൽ അന്നെനിക്ക് ഇല്ലായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
എന്റെ ജീവിതത്തിൽ എട്ടു വർഷത്തെ കഷ്ടപ്പാടുണ്ട്. അത് ഉണ്ടാവേണ്ടത് തന്നെയായിരുന്നു, എന്റെ അനുഭവക്കുറവ് കൊണ്ട് വന്നതാണ് അത്. എന്റെ 29-ാമത്തെ പടമാണ് 2012 ൽ റിലീസ് ആയ ‘ട്രിവാൻഡം ലോഡ്ജ്’. അതിനു മുൻപു ചെയ്ത് 28 പടങ്ങളും എന്റെ അഭിനയത്തെ നന്നാക്കാന്‍ ആണ് എന്നെ സഹായിച്ചത്. ഒരു നടനെന്ന രീതിയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയത് ആ എട്ടു വർഷത്തിനിടയിലാണ്.
‘ട്രിവാൻഡം ലോഡ്ജി’ലൂടെ ഒരു ബ്രേക്ക് കിട്ടിയെങ്കിലും അവിടുന്നിങ്ങോട്ടും അത്ര സുഗമമായിരുന്നില്ല യാത്ര. ഇപ്പോഴും അതെ. അരക്ഷിതാവസ്ഥ എപ്പോഴുമുണ്ട്, അതെല്ലാവരുടെ ജീവിതത്തിലും കാണും. ബിസിനസ് ചെയ്യുകയാണെങ്കിലും ജോലി ചെയ്യുകയാണെങ്കിലുമൊക്കെ അത് നമുക്കൊപ്പം കാണും. പിന്നെ ഇപ്പോഴത്തെ ഈ ഒരു ഘട്ടം ജീവിതകാലം മുഴുവൻ ഉണ്ടാവണമെന്നും ഇല്ലല്ലോ. അതൊക്കെ എപ്പോഴും ഓർക്കാറുണ്ട്. വീണ്ടും പഴയ ആ അവസ്ഥയിലേക്ക് പോവാതിരിക്കാൻ എന്തു ചെയ്യാൻ പറ്റുമെന്നാണ് ആലോചിക്കുന്നത്. കിട്ടുന്ന നല്ല കഥാപാത്രങ്ങൾ കഴിയുന്നതും ഉഗ്രനായി ചെയ്യാൻ ശ്രമിക്കുക എന്നതാണ് ലക്ഷ്യം.

മലയാളസിനിമയിലെ മാറ്റങ്ങള്‍
നല്ല മാറ്റമാണ് എന്നു വേണമെങ്കിൽ പറയാം. 2010 കാലഘട്ടത്തിൽ തുടങ്ങിയ ഒരു മാറ്റം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മൊത്തം സിനിമാ ഇൻഡസ്ട്രി തന്നെ മാറിയിട്ടുണ്ട്, 2010 ന് ശേഷം ഒരുപാട് തിയേറ്ററുകൾ പുതുക്കി പണിതു. വലിയ തിയേറ്ററുകളൊക്കെ രണ്ടും മൂന്നും സ്ക്രീനുകളാക്കി മാറ്റി. സിനിമ കാണുക എന്ന അനുഭവം കുറച്ചുകൂടി മെച്ചപ്പെട്ട ഒന്നായി മാറി.
2005 സമയത്തൊക്കെ സിനിമകളുടെ വ്യാജ സിഡിയും തിയേറ്റർ പ്രിന്റുമൊക്കെ ധാരാളമായി ഇറങ്ങുമായിരുന്നു, അന്ന് ആളുകൾ ആവേശത്തോടെയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, കഴിഞ്ഞ ആഴ്ച റിലീസായ പടത്തിന്റെ സിഡി കിട്ടിയിട്ടുണ്ട്. എന്റെ അയൽപ്പക്കത്തൊക്കെയുള്ള ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ സിനിമകൾ റിലീസ് ആവുമ്പോൾ മാത്രം ഞാൻ കേൾക്കെ പറയാറില്ലെന്നുമാത്രം. അന്ന് വിഷമം തോന്നുമായിരുന്നു, ഒരു കുടുംബത്തിലെ പത്തു പേർ അങ്ങനെ വ്യാജ സിഡി കണ്ടാൽ നിർമാതാവിന് 10 ടിക്കറ്റിന്റെ കാശ് പോയില്ലേ? പക്ഷേ ഇന്ന് ജനങ്ങൾ മാറി. പ്രേക്ഷകർക്ക് നല്ല വിഷ്വൽ എക്സ്പീരിയൻസും മികച്ച സൗണ്ട് സിസ്റ്റവും വേണം, നല്ല സീറ്റിലിരുന്ന് സിനിമ കാണണം. ക്യൂ നിൽക്കാതെ ഓൺലൈനിൽ ബുക്ക് ചെയ്യാം, നമ്മുടെ സൗകര്യങ്ങൾക്ക് അനുസരിച്ച് പ്ലാൻ ചെയ്യാം. എല്ലാ സൗകര്യങ്ങളും വിരൽത്തുമ്പിലാണ്. ഇതെല്ലാം സിനിമ ഇൻഡസ്ട്രിയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങൾ കൂടുതൽ സിനിമകളുമായി എത്താൻ സംവിധായകനും നിർമാതാവിനുമൊക്കെ പ്രചോദനമാവുന്നുണ്ട്.
സിനിമയ്ക്ക് അകത്തുള്ള മാറ്റത്തെ കുറിച്ചു പറഞ്ഞാൽ, അത് ഡിജിറ്റൽ സിനിമകളുടെ വരവാണ്. അതിന് നന്ദി പറയേണ്ടത് വികെ പ്രകാശിനോടാണ്. അദ്ദേഹമാണ് ഇവിടെ ആദ്യമായി ഡിജിറ്റൽ സിനിമകൾ ചെയ്യുന്നത്. ജയറാമേട്ടൻ അഭിനയിച്ച ‘മൂന്നാമതൊരാൾ’ ആയിരുന്നു അത്. ഡിജിറ്റൽ സിനിമകൾ ശരിയാവുമോ, ഫിലിമിന്റെ ക്വാളിറ്റി കിട്ടുമോ എന്നൊക്കെയായിരുന്നു ഞാനടക്കം ആലോചിച്ചിരുന്നത്. ഇപ്പോൾ 99.9 ശതമാനവും ഡിജിറ്റൽ സിനിമകളാണ്. ഫിലിമിന്റെ ആ ക്വാളിറ്റിയിലേക്ക് അതിനെ എത്തിക്കാനും ഇന്നത്തെ സാങ്കേതികപ്രവർത്തകർക്ക് കഴിയുന്നുണ്ട്.
എന്നെ പോലുള്ള അഭിനേതാക്കൾക്ക് ഡിജിറ്റൽ സിനിമ ഏറെ ഗുണം ചെയ്തിട്ടുണ്ട്. വികെപിയോട് ഞാനെപ്പോഴും പറയാറുണ്ട്, നിങ്ങളെനിക്ക് ‘ട്രിവാൻഡം ലോഡ്ജി’ൽ ബ്രേക്ക് തന്നു. അതിന് ജീവിതകാലം മൊത്തം ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുകയാണ്. പക്ഷേ അതിനേക്കാളും വലിയ കടപ്പാട് നിങ്ങൾ ഡിജിറ്റൽ സിനിമ ഇവിടെ കൊണ്ടുവന്നതിനാണെന്ന്. കാരണം ഞാൻ ഒരു വൺ ടേക്ക് ആർട്ടിസ്റ്റൊന്നുമല്ല. ചിലപ്പോൾ മൂന്നോ നാലോ ടേക്ക് ഒക്കെ പോവേണ്ടി വരും. ഡിജിറ്റൽ ആവുമ്പോൾ ഫിലിം വേസ്റ്റ് ആവുന്നില്ല, പ്രൊഡ്യൂസറുടെ അത്രയും കാശ് പോവുന്നില്ല. മറ്റേത് ഭയങ്കര ടെൻഷനാണ്.
വികെപിയുമായി വളരെ നല്ലൊരു സുഹൃത്ത് ബന്ധമാണ് ഉള്ളത്. ഒമ്പതാമത്തെ പടമാണ് ഞാൻ ഇപ്പോൾ അദ്ദേഹത്തിനൊപ്പം ചെയ്യുന്നത്. കൂടാതെ അദ്ദേഹത്തിന്റെ എട്ടോളം പരസ്യങ്ങളിലും വർക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് പുതിയ കാര്യങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ ഹെലിക്യാം ഒക്കെ ആദ്യമായി ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ പടത്തിലാണ്. ഇപ്പോൾ ഡ്രോൺ ക്യാമറയൊക്കെ സർവസാധാരണമായി.
Saiju Kurup Interview: ആദ്യത്തെ ബ്രേക്ക്
2008-2009 ആയപ്പോഴാണ് അഭിനയത്തിന്റെ ഒരു താളം ചെറുതായെങ്കിലും എനിക്ക് വഴങ്ങി തുടങ്ങിയത്. ‘മുല്ല,’ ‘ഡബ്ബിൾസ്’ പോലുള്ള സിനിമകൾ ആ സമയം ഞാൻ ചെയ്തിരുന്നു. അതിൽ രണ്ടിലും കുഴപ്പമില്ലാതെ ചെയ്തു എന്ന് തോന്നിയിരുന്നെങ്കിലും അപ്പോഴും ഉള്ളിന്റെയുള്ളിൽ ഒരു ആത്മവിശ്വാസക്കുറവുണ്ട്. ഇടയ്ക്ക് തമിഴിൽ ‘ആദിഭഗവാൻ’ എന്നൊരു തമിഴ് സിനിമ ചെയ്തു. ആ പടത്തിന്റെ ഷൂട്ട് ഒന്നര വർഷത്തോളം നീണ്ടു നിന്നു. ആ സമയത്ത് മലയാളത്തിൽ എനിക്ക് മെയിൻസ്ട്രീം ചിത്രങ്ങളൊന്നും ഇല്ല. വരുന്നതാണെങ്കിൽ അധികവും ഓഫ്ബീറ്റ് ചിത്രങ്ങൾ. അങ്ങനെ മലയാളത്തിൽ നിന്ന് ഞാനൊരു ബ്രേക്ക് എടുത്തു.
മലയാളം അറിയാവുന്ന ഭാഷയായിട്ടും ഇവിടെ എനിക്ക് നല്ല രീതിയിൽ ചെയ്യാൻ പറ്റിയില്ല. അപ്പോഴാണ് തമിഴ് ചിത്രം വരുന്നത്, അതാണെങ്കിൽ ഒട്ടുമറിയാത്ത ഭാഷ. പക്ഷേ അവിടെ ചെന്നപ്പോൾ എന്റെ കഥാപാത്രം ബോംബൈക്കാരനായ ഒരു പൊലീസ് ഓഫീസറാണ്. ആ കഥാപാത്രം ഹിന്ദിയാണ് സംസാരിക്കേണ്ടത്. ഹിന്ദി അറിയാവുന്നതുകൊണ്ട് അതെനിക്ക് എളുപ്പമായി. പിന്നെ ഞാനാണ് തമിഴ് ഡയലോഗുകളൊക്കെ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത് പറയുന്നത്. ആ ഒന്നര വർഷം കൊണ്ട് ആത്മവിശ്വാസം കൂടി. ‘ആദി ഭഗവാന്റെ’ ഷൂട്ട് ഗോവയിൽ തീരുന്നതിന്റെ പിറ്റേന്നാണ് ഇവിടെ ‘ട്രിവാൻഡം ലോഡ്ജ്’ തുടങ്ങുന്നത്. നേരെ വീട്ടിലെത്തി ഒന്ന് ഫ്രഷായി ഫോർട്ട് കൊച്ചിയിലെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു..
വികെപി ആദ്യമേ പറഞ്ഞിരുന്നു, ഇതൊരു പത്രപ്രവർത്തകന്റെ വേഷമാണ്. ആളത്ര കറക്റ്റല്ല, അൽപ്പം ഉടായിപ്പാണ്. രസകരമായൊരു കഥാപാത്രമാണ്, ഹ്യൂമർ ടൈപ്പാണ് എന്നൊക്കെ. ലൊക്കേഷനിൽ എത്തിയപ്പോൾ അനൂപ് എനിക്ക് സീൻ വായിച്ചു തന്നു, എന്റെ കഥാപാത്രം തിരുവനന്തപുരം ശൈലിയിൽ ആണ് സംസാരിക്കേണ്ടത്.
ഒന്നാമത് ഞാനാദ്യമായി ഹ്യൂമർ കഥാപാത്രം ചെയ്യാൻ പോവുന്നു, ഒന്നര വർഷമായി ഒരു മലയാളം സിനിമ ചെയ്തിട്ട്, ഒരു ബ്രേക്കിന് വേണ്ടി കാത്തിരിക്കുകയാണ്, അതിനിടയിൽ കിട്ടിയൊരു മെയിൻ സ്ട്രീം സിനിമ. ഇത്രയും ടെൻഷനിൽ നിൽക്കുമ്പോഴാണ് തിരുവനന്തപുരം ശൈലിയിൽ സംസാരിക്കണമെന്ന് പറയുന്നത്. ആകെ ടെൻഷനായിരുന്നു.
എന്റെ സുഹൃത്ത് അരുണും ആ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു. എന്റെ വെപ്രാളം കണ്ട് അവനെന്നെ മാറ്റി നിർത്തിയിട്ട് പറഞ്ഞു. ‘സൈജൂ, സീൻ ഞാൻ വായിച്ചു. ഉഗ്രൻ കഥാപാത്രമാണ്. നോക്കിക്കോ, ഈ കഥാപാത്രം നിങ്ങള് മര്യാദയ്ക്ക് ചെയ്യുകയാണെങ്കിൽ സൈജു കുറുപ്പ് എന്ന നടൻ ‘ട്രിവാൻഡ് ലോഡ്ജിനു’ മുൻപും ശേഷവുമെന്ന് ആളുകൾ പറയും. ഇതു കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി, ഒപ്പം പേടിയും. ദൈവമേ! ഇതെന്നെ കൊണ്ട് ചെയ്യാൻ പറ്റുമോ?
വികെപിയുടെ ഒരു പ്രശ്നം പുള്ളി പ്രോംപ്റ്റിംഗ് സമ്മതിക്കില്ല. രണ്ടു ക്യാമറയൊക്കെ വെച്ച് ഷൂട്ട് ചെയ്യും. ഒരു സീൻ ഒറ്റയടിക്ക് അങ്ങെടുക്കും. മെസ്സിലെ സീനിലൊക്കെ പത്ത് പന്ത്രണ്ട് നടന്മാരുണ്ട്. ആ ലൊക്കേഷനിൽ ഉള്ള അസിസ്റ്റന്റ് ഡയറക്ടർമാരും അസോസിയേറ്റ്സുമൊക്കെ നല്ല പിന്തുണ തന്നു. അസോസിയേറ്റ് ഡയറക്ടറായ വാവചേട്ടൻ, ‘ബിടെക്’ സംവിധാനം ചെയ്ത മൃദുൽ, ‘കോഹിനൂർ’ സംവിധായകൻ വിനയ് ഗോവിന്ദ്, വിവേക് രഞ്ജിത്ത്, ജിജോ ആന്റണി, രാകേഷ് കല്ലേലി അവരൊക്കെ അവിടെ ഉണ്ടായിരുന്നു. മൃദുലും വിനയും വിവേകും ജിജോയും രാകേഷുമൊക്കെ എന്നേക്കാൾ ഇളയതാണെങ്കിലും അവർക്കൊരു സഹോദരസ്നേഹമുണ്ടായിരുന്നു എന്റെ അടുത്ത്. വാവചേട്ടനെ ആ പടത്തിലാണ് ഞാനാദ്യമായി മീറ്റ് ചെയ്യുന്നത്. ഇവരെല്ലാം എന്നെ പ്രോത്സാഹിപ്പിച്ചു. വികെപിയും മോട്ടിവേഷറ്റു ചെയ്തു നമ്മളെ റെഡിയാക്കി എടുക്കും. ഇതെല്ലാം കൊണ്ടാവാം ആ കഥാപാത്രം എനിക്ക് മര്യാദയ്ക്ക് ചെയ്യാൻ പറ്റി. സൈജു ഇത്തരമൊരു കഥാപാത്രം ചെയ്യുന്നുവെന്നത് പ്രേക്ഷകരുടെ കാഴ്ചപ്പാടിലും അത്ഭുതമായിരുന്നു. ആ സിനിമ വർക്ക് ഔട്ട് ആയതിൽ പിന്നെ അവസരങ്ങൾക്കായി അധികം കാത്തിരിക്കേണ്ടി വന്നില്ല.
പക്ഷേ അന്നും ഇന്നും ഒരു കാര്യം എനിക്കറിയാം. ബ്രേക്ക് കിട്ടി എന്നു വെച്ചിട്ട് എനിക്ക് ചെയ്യാൻ പറ്റാത്ത സിനിമകളോ കഥാപാത്രങ്ങളോ ഞാൻ ചെയ്താൽ വീണ്ടും പ്രശ്നമാവും. മനുഷ്യരല്ലേ, എത്രമാത്രം സെലക്റ്റീവ് ആയാലും അബദ്ധങ്ങൾ പറ്റാം. ചിലപ്പോൾ ഒരു കഥാപാത്രം കേൾക്കുമ്പോൾ ചെയ്യാം എന്നു തീരുമാനിക്കും. ലൊക്കേഷനിൽ പോയി അഭിനയിക്കുമ്പോൾ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെയാകും. വാക്കു കൊടുത്തതിനാൽ അഭിനയിക്കേണ്ടിയും വരും. ചിലപ്പോൾ സ്ക്രീനിൽ അത് വർക്ക് ചെയ്യാതെയും വരാം.
കൂടുതൽ ശ്രദ്ധയോടെ സിനിമകളെ സമീപിക്കുക എന്നു മാത്രമേ വഴിയുള്ളൂ. ഇപ്പോൾ കുറച്ചു കൂടി ഓപ്ഷൻസ് വരുന്നുണ്ട്, രണ്ടു കഥാപാത്രം വന്നാൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഒന്ന് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. അങ്ങനെയാണ് ഇപ്പോൾ കരിയർ പോയി കൊണ്ടിരിക്കുന്നത്. നാളെ എന്ത് സംഭവിക്കുമെന്നറിയില്ല. പക്ഷേ എന്തായാലും അരുൺ പറഞ്ഞതു പോലെ ‘ട്രിവാൻഡ് ലോഡ്ജ്’ എന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറി.
‘ട്രിവാൻഡം ലോഡ്ജിനെ’ കുറിച്ചോർക്കുമ്പോൾ വേറൊരു സംഭവമുണ്ട്. റിലീസിന്റെ തലേ ദിവസം ലാൽ മീഡിയയിൽ ചിത്രത്തിന്റെ ഒരു പ്രിവ്യൂ വെച്ചു. പുറത്തുനിന്നുള്ള ആളായിട്ട് ജയസൂര്യയുടെ ഭാര്യ സരിത മാത്രമേ ഉള്ളൂ, ബാക്കി എല്ലാം ഞങ്ങളുടെ ടീം തന്നെ. ഞാൻ ഏറ്റവും മുൻപിലെ സീറ്റിലാണ് ഇരിക്കുന്നത്. പടം തുടങ്ങി. നോക്കിയപ്പോൾ എന്റെ സീനുകളിലൊന്നും ആരും ചിരിക്കുന്നില്ല.അനൂപ് രവീന്ദ്രൻ എന്നൊരു അസോസിയേറ്റ് മാത്രമേ ചിരിക്കുന്നുള്ളൂ. അപ്പോൾ എനിക്ക് അനൂപിനോട് ഒരിഷ്ടം തോന്നി, അവനെങ്കിലും സപ്പോർട്ട് ചെയ്യുന്നല്ലോ. എന്നാലും ഒരാളല്ലേ ചിരിച്ചുള്ളൂ, ഭൂരിപക്ഷത്തിനും ചിരി വന്നില്ലെങ്കിൽ ഹ്യൂമർ ഏറ്റില്ലെന്നല്ലേ അതിനർത്ഥം എന്നൊക്കെയോർത്ത് ഞാനാകെ അസ്വസ്ഥനായി.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ വികെപി ചോദിച്ചു. ‘എന്താടാ നിനക്ക് പടം ഇഷ്ടപ്പെട്ടില്ലേ?’ ‘എനിക്ക് പടമൊക്കെ ഇഷ്ടപ്പെട്ടു, പക്ഷേ നിങ്ങളൊക്കെ വല്ലാത്ത പരിപാടിയാ കാണിച്ചത്. എന്റെ സീനിലൊക്കെ ചിരിച്ച് ഒന്നു സപ്പോർട്ട് ചെയ്യാൻ പാടില്ലായിരുന്നോ, ആകെ അനൂപ് മാത്രമാണ് ചിരിച്ചത്. എനിക്ക് ഭയങ്കര വിഷമമായി പോയി,’ എന്നായി ഞാൻ.
‘നമ്മള് ഈ സിനിമ എത്രതവണ കണ്ടതാ, ആ കോമഡിയൊക്കെ കണ്ട് നമ്മള് ആദ്യമേ ചിരിച്ചു കഴിഞ്ഞതല്ലേ, ഇനി പ്രേക്ഷകരല്ലേ ചിരിക്കേണ്ടത്?’
‘എന്നാലും വികെപി, എന്റെ ഒരു മാനസികാവസ്ഥ നിങ്ങള് ആലോചിക്കേണ്ടേ? എപ്പോഴെങ്കിലും ഇടയ്ക്ക് എങ്കിലും ഒന്ന് ചിരിക്കാൻ പാടില്ലായിരുന്നോ?’
എന്റെ വിഷമം ഞാനങ്ങനെയാണ് അന്ന് പറഞ്ഞ് തീർത്തത്. എല്ലാം കേട്ട് പുള്ളി ചിരിച്ചുകൊണ്ട് എന്റെ തോളിൽ തട്ടി പറഞ്ഞു, ‘നീ നോക്കിക്കോ ഈ ചിത്രം നിനക്ക് ഗുണം ചെയ്യുകയേ ഉള്ളൂ.’
ആ വാക്കുകളൊക്കെ സത്യമായി മാറുകയായിരുന്നു പിന്നീട്. റിലീസ് കഴിഞ്ഞ് നാലഞ്ചു ദിവസത്തേക്ക് ആളുകളുടെ വിളിയും മെസേജുമായി ബഹളമായിരുന്നു. ആദ്യചിത്രത്തിലെ ഉണ്ണികേശവൻ എന്ന കഥാപാത്രത്തിനു ശേഷം ആളുകൾ ഒരു കഥാപാത്രത്തിന്റെ പേരിൽ എന്നെ വിളിച്ചു തുടങ്ങിയത് ‘ട്രിവാൻഡം ലോഡ്ജി’ൽ ആണ്.
പിന്നീട് ‘വെടിവഴിപാടി’ലെ സഞ്ജയ് എന്ന കഥാപാത്രം ശ്രദ്ധ നേടി തന്നു. അതുപോലെ, ‘1983’ലെ പപ്പൻ. ക്രിക്കറ്റ് സ്നേഹികളായ കുറേ പയ്യന്മാരൊക്കെ ആ സമയത്ത് എന്നെ പപ്പേട്ടാ എന്നു വിളിക്കുമായിരുന്നു. എന്നാൽ വലിയൊരു ക്യാൻവാസിലേക്ക് കൊണ്ടു പോയത്, ‘ആടിലെ’ അറക്കൽ അബു എന്ന കഥാപാത്രമാണ്. സൈജു കുറുപ്പ് എന്ന നടനേക്കാളും അപ്പുറം പ്രേക്ഷകരിലേക്ക് അറക്കൽ അബു എന്ന കഥാപാത്രം ഇറങ്ങി ചെന്നു. കൊച്ചുകുട്ടികൾ വരെ ആ കഥാപാത്രത്തോടെയാണ് തിരിച്ചറിഞ്ഞു തുടങ്ങിയത്. യഥാർത്ഥ പേരറിയില്ലെങ്കിലും കുട്ടികൾ അബു അങ്കിൾ എന്നൊക്കെ വിളിച്ച് അടുത്തുവരാറുണ്ട് ഇപ്പോഴും.

മയൂഖം എന്ന നൊസ്റ്റാൾജിയ
ചെയ്തതിൽ ഇഷ്ടപ്പെട്ട ഒരുപാട് കഥാപാത്രങ്ങളുണ്ടെങ്കിലും ഹൃദയത്തോട് ഏറ്റവും അടുത്തു നിൽക്കുന്നത് ‘മയൂഖ’ത്തിലെ ഉണ്ണി കേശവൻ തന്നെയാണ്. ജീവിതത്തെ മൊത്തമായി മാറ്റിയൊരു അനുഭവമായതു കൊണ്ടാവാം ചിലപ്പോൾ. ആ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് നൊസ്റ്റാൾജിയ ഉണ്ട്. രാവിലെ എണീറ്റ് അംബാസിഡർ കാറിൽ ലൊക്കേഷനിലേക്ക് പോവുന്നത്. ആ ചിത്രത്തിനു വേണ്ടി നടത്തിയ യാത്രകൾ… അന്നാ ലൊക്കേഷനിൽ ഉണ്ടായിരുന്ന ഒട്ടുമിക്ക ആളുകളുടെയും പേര് എനിക്കിപ്പോഴും ഓർമയുണ്ട്. പ്രതാപൻ, ശരത്ത്, തലേക്കെട്ട് രാജേഷ്…. അങ്ങനെ പ്രൊഡക്ഷൻ ടീമിലുള്ളവരെ വരെ ഓർമയുണ്ട്.
‘മയൂഖ’ത്തിന്റെ സെറ്റിൽ വെങ്കിട് സാർ ഉണ്ടായിരുന്നു, ക്യാമറ ടീമിൽ. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം ഞാനദ്ദേഹത്തെ ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കണ്ടു. ആദ്യചിത്രത്തിൽ തന്നെ ദാസേട്ടൻ, എം ജയചന്ദ്രൻ, എംജി ശ്രീകുമാർ എന്നിവരെല്ലാം പാടിയ പാട്ടു സീനിൽ അഭിനയിക്കാൻ സാധിച്ചു. അതെല്ലാം ഒരു ഭാഗ്യമായി കാണുന്ന കാര്യങ്ങളാണ്.
ചെന്നത് എയർടെൽ കണക്ഷൻ കൊടുക്കാൻ, കിട്ടിയത് സിനിമയിലേക്കൊരു ചാൻസ്
എംജി ശ്രീകുമാർ സാറിന്റെ വീട്ടിൽ ഒരു എയർടെൽ കണക്ഷൻ കൊടുക്കാൻ പോയതാണ് എന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തിരുവനന്തപുരത്തെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹമാണ് ചോദിച്ചത്, സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ? എന്ന്. അത് വരെ അഭിനയമോഹം ഒന്നും തോന്നിയിരുന്നില്ലെങ്കിലും പെട്ടെന്ന് ഞാൻ യെസ് പറഞ്ഞു.
ഹരിഹരൻ സാർ ഒരു സിനിമ ചെയ്യാനൊരുങ്ങുകയാണ്, നിങ്ങളെ പോലെയുള്ള ഒരാളെയാണ് ആവശ്യം എന്നും പറഞ്ഞ് അദ്ദേഹം ഹരിഹരൻസാറിനെ ഡയൽ ചെയ്യുകയാണ്. സിനിമയിൽ വന്നു കഴിഞ്ഞാൽ ആളുകൾക്ക് എന്റെ മുഖം പരിചിതമാകും, അതെനിക്ക് സെയിൽസിൽ ഗുണം ചെയ്യും. ഇതൊക്കെയാണ് അപ്പോൾ ഞാൻ ചിന്തിച്ചത്. പടം കിട്ടുമോ എന്നു പോലും അറിയില്ല അപ്പോൾ.
പിന്നീട് ഹരിഹരൻ സാർ പറഞ്ഞിട്ട് ഞാനദ്ദേഹത്തെ ചെന്നൈയിൽ പോയി കണ്ടു. അദ്ദേഹത്തിന് വേണ്ടിയിരുന്നത് സാമ്പ്രദായികമായ നായകസങ്കൽപ്പങ്ങൾ ഇല്ലാത്ത ഒരാളെയായിരുന്നു. നായകനാവുന്നതിനൊപ്പം അൽപ്പം നെഗറ്റീവ് ഷെയ്ഡും വേണം. ചുള്ളന്മാരെ ആവശ്യമില്ലായിരുന്നു ആ കഥാപാത്രത്തിന്, അതാണ് എനിക്ക് ഭാഗ്യമായത്. വലിയ കണ്ണുകൾ, വെളുത്ത നിറം, ആറടി ഉയരം, 25 വയസ് പ്രായം അതൊക്കെയായിരുന്നു കഥാപാത്രത്തിന് വേണ്ടിയിരുന്നത്. എന്റെ കാര്യത്തിൽ അതെല്ലാം ഏറെക്കുറെ ഓകെ ആയിരുന്നു. അദ്ദേഹം എന്നോട് അഭിനയിച്ച് പരിചയമുണ്ടോ എന്ന് ചോദിച്ചു. ഇല്ല സാർ, നല്ല സഭാകമ്പം ഉള്ള ആളാണ് ഞാനെന്നു പറഞ്ഞു. അതു സാരമില്ല, ഒരു സ്പാർക്ക് കിട്ടിയാൽ ഞാൻ അഭിനയിപ്പിച്ചെടുത്തോളാം എന്നായി സാർ. അങ്ങനെ എന്നെ സെലക്റ്റ് ചെയ്തു.
സൈജു കുറുപ്പ് അഭിമുഖം: അഭിനയത്തിൽ മുൻപരിചയങ്ങളില്ലാതെ സിനിമയില്‍
കുട്ടിക്കാലത്ത് സിനിമ കാണുമ്പോൾ ചില കഥാപാത്രങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്നൊക്കെ വെറുതെ സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ട് എന്നല്ലാതെ അതിനപ്പുറം തീവ്രമായി സിനിമയെ സ്നേഹിക്കുകയോ മോഹമായി കൊണ്ടുനടക്കുകയോ ചെയ്ത ഒരാളായിരുന്നില്ല ഞാൻ. നല്ലപോലെ സഭാകമ്പം ഉള്ളതുകൊണ്ട് തന്നെ ഒരു വേദിയിലും പെർഫോം ചെയ്യാൻ കയറിയിരുന്നില്ല.
നിങ്ങൾ വിശ്വസിക്കില്ല, ഇപ്പോഴും എനിക്ക് സ്റ്റേജ് ഭയമാണ്. പറയുമ്പോൾ നൂറുകണക്കിന് കോളേജുകളിലും വേദികളിലുമൊക്കെ ഞാൻ സംസാരിച്ചിട്ടുണ്ടാവും. ഞാൻ ചെയ്ത 105 പടങ്ങളുടെ അനുഭവം വെച്ച്, എന്നെ ഒരു സ്റ്റേജിൽ നാടകമോ സ്കിറ്റോ അവതരിപ്പിക്കാൻ നിങ്ങൾ വിളിച്ചാൽ എനിക്ക് പേടിയാണ്, ഞാനത് ചെയ്യില്ല. ക്യാമറയുടെ മുന്നിൽ എനിക്ക് പ്രശ്നമില്ല, പക്ഷേ സ്റ്റേജ് ഭയമാണ്. അടിസ്ഥാനപരമായി ഞാനൽപ്പം ഷൈ ആയ ആളാണ്.
എന്റെ കുട്ടിക്കാലത്ത് ഞങ്ങൾ നാഗ്പൂരിലായിരുന്നു. അച്ഛൻ കേന്ദ്ര സർക്കാർ ജോലിക്കാരനായിരുന്നു. ആറാം ക്ലാസ് വരെ കാംപ്ടിയിലായിരുന്നു, പിന്നെ അച്ഛന് ട്രാൻസ്ഫറായി നാഗ്പൂർ സിറ്റിയിലേക്ക് വന്നു. ഞങ്ങൾ ഒരു ക്വാട്ടേഴ്സിലേക്ക് മാറി, എനിക്കൊരു ബോയ്സ് സ്കൂളിൽ അഡ്മിഷൻ കിട്ടി. ആ ഷിഫ്റ്റിംഗ് എന്റെ ജീവിതത്തെ വല്ലാത ബാധിച്ചിട്ടുണ്ട്. ഞാൻ കൂടുതൽ ഉൾവലിഞ്ഞ ആളായി മാറിയത് അതിനു ശേഷമാണെന്ന് തോന്നുന്നു. ഞാൻ ടീനേജറായി മാറി കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്. അതേ സമയം ചേച്ചിയെ സംബന്ധിച്ച് അങ്ങനെ ഒരു പ്രശ്നമേ ഉണ്ടായില്ല. കാരണം ചേച്ചി പത്ത് കഴിഞ്ഞ് കോളേജിലേക്ക് മാറേണ്ട സമയത്തായിരുന്നു ഞങ്ങൾ ഷിഫ്റ്റ് ചെയ്യുന്നത്. പിന്നെ ഇന്നത്തെ പോലെ കുട്ടികളെ അങ്ങനെ മോട്ടിവേറ്റ് ചെയ്യുന്ന രീതി അന്ന് ഇല്ലായിരുന്നല്ലോ, സ്റ്റേജിൽ പെർഫോം ചെയ്യാൻ തയ്യാറായി മുന്നോട്ടു വരുന്ന ആളുകൾക്ക് അവസരം കിട്ടും. ഉൾവലിഞ്ഞിരിക്കുന്ന ഒരു കുട്ടിയ്ക്ക് കഴിവുണ്ടോ എന്നൊന്നും ആരും അന്വേഷിക്കില്ലല്ലോ.

നായകവേഷങ്ങൾ ചെയ്യാൻ വൈമുഖ്യം
നായക കഥാപാത്രം അല്ലെങ്കിൽ കേന്ദ്രകഥാപാത്രം എന്നു പറയുന്നത് വളരെ ഉത്തരവാദിത്വമുള്ള കാര്യമാണ്. സപ്പോർട്ടിംഗ് റോളുകൾ ആണ് എനിക്ക് കുറച്ചു കൂടി സൗകര്യം. കരിയറിൽ ഇങ്ങനെ എത്തണം, ഇതു പോലെയൊക്കെ ചെയ്യണം എന്നൊന്നും പ്ലാൻ ചെയ്യാത്ത വ്യക്തിയാണ് ഞാൻ. വരുന്നതു പോലെ വരട്ടെ എന്ന് കരുതുന്ന ആളാണ്. കരിയറിൽ മാത്രമല്ല മക്കളുടെ പഠിത്തത്തിൽ ആണെങ്കിലും അതെ. പക്ഷേ ഭാര്യ പറയും, കുട്ടികളുടെ പഠനത്തിന്റെ കാര്യത്തിൽ അങ്ങനെ വിടാൻ പറ്റില്ല എന്ന്. ജീവിതത്തിലും കുട്ടികളുടെ കാര്യത്തിലും ഞങ്ങൾക്ക് തുല്യ ഉത്തരവാദിത്വമാണ്, പക്ഷേ കരിയറിൽ തീരുമാനമെടുക്കേണ്ടത് ഞാൻ തന്നെയല്ലേ? വീഴ്ചകൾ പറ്റിയാൽ അതെന്റെ കുഴപ്പമാണ്, എന്നെ തന്നെയാണ് ഞാൻ കുറ്റപ്പെടുത്തുക. അതുകൊണ്ട് ഒന്നും പ്ലാൻ ചെയ്യാറില്ല. വരുന്നത് നന്നായി ചെയ്യുക എന്നതാണ് പോളിസി. പിന്നെ എനിക്ക് നായകനാവാൻ പൊതുവെ ഒരു ഉൾവലിവുണ്ട്.
‘ജനമൈത്രി’യെ സംബന്ധിച്ചാണെങ്കിൽ എനിക്ക് ചെയ്യാൻ വളരെ ഇഷ്ടം തോന്നിയൊരു ചിത്രമാണത്. എന്നെ ആ തിരക്കഥ ഏറെ രസിപ്പിച്ചിരുന്നു. സംയുക്തൻ എന്ന കഥാപാത്രമല്ല, അതിൽ സാബു ചെയ്ത പൊലീസുകാരന്റെ വേഷമായിരുന്നു എങ്കിലും ഞാൻ ഓകെ പറയുമായിരുന്നു. രണ്ടായാലും ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.
സഹനടനാവുമ്പോൾ വേറിട്ട നിരവധി കഥാപാത്രങ്ങളെ ലഭിക്കും. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ എടുത്തു നോക്കിയാൽ, ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്ന ചിത്രത്തിൽ ഞാൻ ജഡ്ജി ആയിരുന്നു. ‘പ്രതിപൂവൻ കോഴി’യിൽ പൊലീസ് ഓഫീസർ, ‘ആൻഡ്രോയിഡ് കുഞ്ഞപ്പനി’ലെ നാട്ടിൻപ്പുറത്തുകാരൻ, ‘ഡ്രൈവിംഗ് ലൈസൻസി’ലെ രാഷ്ട്രീയ നേതാവ് എല്ലാം വ്യത്യസ്ത കഥാപാത്രങ്ങളാണ്. ഞാനത് ആസ്വദിക്കുന്നുണ്ട്. എന്റെ അടുത്ത് കഥ പറയാൻ വരുന്നവരോട് ഞാൻ പറയാറുണ്ട്, ‘ഒരു നല്ല സ്ക്രിപ്റ്റിൽ ഞാൻ നായകനായിട്ട് കാര്യമില്ല. താരമൂല്യമുള്ള ഒരു നായകൻ വന്നിട്ടേ കാര്യമുള്ളൂ. നല്ലതിനും അപ്പുറത്തുള്ള ഒരു അത്യുഗ്രൻ സ്ക്രിപ്റ്റിൽ ഞാൻ നായകനായാൽ മാത്രമേ കാര്യമുള്ളൂ, അപ്പോഴെ ആളുകൾ തിയേറ്ററിൽ വരൂ.’
പ്രസന്നനും ജോണി പെരിങ്ങോടനും
Saiju Kurup: ‘ആൻഡ്രോയിഡ് കുഞ്ഞപ്പനി’ലെ പ്രസന്നനും, ‘ഡ്രൈവിംഗ് ലൈസൻസി’ലെ ജോണി പെരിങ്ങോടനും ആളുകള്‍ നന്നായി സ്വീകരിച്ചു. സിനിമയ്ക്ക് എപ്പോഴും ഒരു മാജിക്കുണ്ട്, പത്തു നൂറുപേരു കൂടി ഒരു കഥ ഷൂട്ട് ചെയ്ത് പ്രദർശിപ്പിക്കുന്നു, അത് ആളുകളെ രസിപ്പിക്കുന്നു. നമ്മുടെ കഥാപാത്രങ്ങൾക്ക് അവർ കയ്യടിക്കുന്നു. അതൊക്കെ കാണുമ്പോൾ ഞാനെന്നെ തന്നെ പിച്ചി നോക്കിയിട്ടുണ്ട്, സ്വപ്നമല്ലല്ലോ എന്ന്. തിയേറ്ററിൽ സിനിമ കാണാൻ പോവുമ്പോൾ മുഴുവൻ കഴിയും മുൻപെ ഞാനിറങ്ങും. ആളുകൾ വന്ന് അഭിനന്ദിക്കുമ്പോഴും അവരുടെ സന്തോഷം പങ്കു വയ്ക്കുമ്പോഴുമെല്ലാം എനിക്ക് ചമ്മൽ തോന്നാറുണ്ട്, എന്താണ് പെട്ടെന്ന് പറയേണ്ടത് എന്നെനിക്കറിയില്ല. അതൊഴിവാക്കാനാണ് സിനിമ തീരും മുൻപെ തിയേറ്ററിൽ നിന്നും രക്ഷപ്പെടുന്നത്.
ആളുകളുടെ സ്നേഹം ഒരുപാട് കിട്ടുന്നുണ്ട് ഇപ്പോൾ. ഞാൻ അത്ഭുതപ്പെടാറുണ്ട്, ഇത് ജീവിതമാണോ സ്വപ്നമാണോ? എന്ന്. സ്ക്രീനിൽ നമ്മളെ കണ്ട് ആളുകൾ കയ്യടിക്കുമ്പോൾ, അവർക്ക് നമ്മളെ ഇഷ്ടമാണെന്ന് അറിയുമ്പോൾ ഒക്കെ അത്ഭുതമാണ്. ബാക്കിയുള്ളവരുടെ കാര്യത്തിൽ എനിക്കറിയാം, അവരൊക്കെ കഴിവുള്ള ആൾക്കാരാണെന്ന്. എന്നെ സംബന്ധിച്ച്, കഴിവുള്ളൊരു നടനാണോ ഞാനെന്ന് എനിക്കറിയില്ല. വിനയം കൊണ്ടു പറയുന്നതല്ല, ഞാൻ അടിസ്ഥാനപരമായി ഒരു ‘മാനേജബിൾ ആക്ടര്‍ മാത്രമാണ്. അതിന് രണ്ട് അർത്ഥമുണ്ട്, ഒന്ന് ഒരു സംവിധായകന് എന്നെ നല്ല രീതിയിൽ മാനേജ് ചെയ്തു കൊണ്ടു പോവാൻ പറ്റും. രണ്ട്, ഞാൻ ഒരു തരത്തിൽ മാനേജ് ചെയ്തു പോവുന്ന ഒരു നടൻ കൂടിയാണ്.
പുതിയ വാതിലുകള്‍ തുറന്നിട്ട വി കെ പി
എന്തു കണ്ടിട്ടാണ് വികെപി എന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലേക്ക് കാസ്റ്റ് ചെയ്തതെന്ന് എനിക്കറിയില്ല. പല ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളൊക്കെയാണ് പുള്ളിയെനിക്ക് തന്നിട്ടുളളത്. ‘കർമയോഗി’യിൽ കളരിയൊക്കെ ചെയ്യുന്ന ഒരു പോരാളിയാണ്. അതേ സമയം ‘താങ്ക്യു’ എന്ന ചിത്രത്തിലെ എന്റെ കഥാപാത്രം പ്രേക്ഷകരെ കരയിപ്പിക്കുകയാണ്. ‘ട്രിവാൻഡം ലോഡ്ജിലാ’ണെങ്കിൽ ചിരിപ്പിക്കുന്നൊരു ക്യാരക്ടർ. മൂന്നും മൂന്നു തലത്തിൽ നിൽക്കുന്നത്. ഞാൻ പല തവണ ചോദിച്ചിട്ടുണ്ട് വികെപിയോട്, എന്തു കണ്ടിട്ടാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന്.
ചോദിക്കുമ്പോഴൊക്കെ കൃത്യമായൊരു ഉത്തരം നൽകാതെ അദ്ദേഹം ചോദ്യം ഒഴിവാക്കും. ‘നീ നല്ല നടനല്ലേ അതു കൊണ്ടാണ്’ എന്നു പറയും. ‘അതിന് അതു വരെ ഞാനൊരു നല്ല നടനാണെന്ന് ആർക്കും അറിയില്ലല്ലോ, നിങ്ങളല്ലേ എന്നെ നല്ല നടനാക്കിയത്?’ എന്നു ചോദിക്കുമ്പോൾ ‘നീ ചെയ്താൽ ഒരു വെറൈറ്റി ആവുമെന്ന് തോന്നി, ഒരു കൊമേഡിയൻ ചെയ്താൽ സാധാരണ പടം ആയി പോവും. നിനക്ക് പ്രത്യേകിച്ചൊരു ഇമേജൊന്നുമില്ലല്ലോ. അതു കൊണ്ടാണ്’ എന്ന് പറഞ്ഞ് ഉത്തരത്തിൽ നിന്നും അദ്ദേഹം പതിയെ ഒഴിഞ്ഞു മാറി.

സെയിൽസ് ജോലി മിനുക്കിയെടുത്ത സ്വഭാവം
സെയിൽസിൽ വരുന്നതിനു മുൻപു തന്നെ ഞാനെന്റെ സ്വാഭാവം നന്നാക്കിയിരുന്നു (ചിരിക്കുന്നു). ഈ ഒരു രീതി എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തു നിന്ന് എനിക്ക് കിട്ടിയതാണ്. എന്റെ ചേച്ചിയും അതെ, ചേച്ചിയെ നിങ്ങൾ പരിചയപ്പെട്ടാൽ അവളൊരു ‘ജെം’ ആണെന്നെ പറയൂ. അതു പോലെയാവും ചേച്ചി ഇടപഴകുക.
പെട്ടെന്ന് അസ്വസ്ഥനാവുന്ന ഒരാളായിരുന്നു മുൻപ് ഞാൻ. പഠനത്തിലൊക്കെ ഒരു ആവറേജ് വിദ്യാർത്ഥി. എക്സ്‌ട്രാ കരിക്കുലർ ആക്റ്റിവിറ്റികൾ ഒന്നുമില്ല. അതു കൊണ്ടു തന്നെ എന്നെ ആരും ശ്രദ്ധിക്കില്ലായിരുന്നു. ഞങ്ങളുടെ ക്വാർട്ടേഴ്സിൽ വേറെയും മലയാളി പിള്ളേർ ഉണ്ട്. അവരൊക്കെ പഠിത്തത്തിൽ മിടുക്കരാണ്. ക്വിസ് മത്സരവിജയികൾ, നാടകത്തിൽ അഭിനയിക്കുന്നവർ, സ്കൂൾ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ കിട്ടിയവർ ഒക്കെ അക്കൂട്ടത്തിലുണ്ട്. അവരെ കുറിച്ചൊക്കെ എല്ലാവരും നല്ല കാര്യങ്ങൾ പറയുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. വീട്ടിലാണെങ്കിൽ, ചേച്ചി പഠിക്കാൻ മിടുക്കി. അത്‌ലറ്റിക്സിൽ ഒക്കെ മികവു പുലർത്തിയ ആൾ, മത്സരങ്ങളിൽ എപ്പോഴും കപ്പൊക്കെ നേടും.
എന്റെ പേരിൽ മാത്രം വീട്ടിലൊരു കപ്പുമില്ല. എനിക്കാണെങ്കിൽ ഫെയ്മസ് ആവുകയും വേണം. അന്നെനിക്ക് തോന്നി, അച്ഛന്റെയും അമ്മയുടെയും പെരുമാറ്റ രീതി സ്വീകരിച്ചാൽ അത് ചിലപ്പോൾ ഗുണം ചെയ്യുമെന്ന്. അതിന് പ്രത്യേകിച്ച് വലിയ കഷ്ടപ്പാടുമില്ല. ആളുകളെ കാണുമ്പോൾ വിഷ് ചെയ്യുക, സ്നേഹത്തോടെ ‘ആന്റി സുഖമാണോ’ എന്നൊക്കെ തിരക്കുക. ആ സമയത്ത് എന്റെ പ്രായത്തിലെ ആൺകുട്ടികളൊന്നും അത് ചെയ്യില്ല. അത് വർക്ക് ഔട്ടായി. പതുക്കെ അതെന്റെ ജീവിതത്തിന്റെയും ഭാഗമായി. സെയിൽസിലും അതെനിക്ക് സഹായകരമായിട്ടുണ്ട്. ജീവിതത്തിലും ആ രീതി നല്ലൊരു കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഒരൊറ്റ കുഴപ്പം, ആളുകൾ നമ്മൾ വളരെ പാവമാണെന്നു കരുതി വേദനിപ്പിക്കും എന്നതാണ്. പക്ഷേ നമ്മൾ ഉള്ളിൽ അത്ര പാവമല്ല. പാവമല്ലാത്തതിന്റെ ഒരംശം ഉള്ളിൽ എവിടെയോ കിടപ്പുണ്ട്, വല്ലാതെ നോവിക്കുമ്പോൾ അതുണരും. പ്രായത്തിന്റെ പക്വത വെച്ച് ഇപ്പോൾ അതിനോടൊന്നും പ്രതികരിക്കാൻ പോവാറില്ല.
എന്റെ പ്ലസ് ആയി ഞാൻ കാണുന്ന ഒരു കാര്യം, ഞാൻ ആളുകളുമായി വേഗം ഒത്തുപോവും എന്നതാണ്. എന്നെ പലവട്ടം നോവിപ്പിച്ച ആളുകളുമായി മാത്രമേ ഒത്തുപോവാൻ പറ്റാതെ വരാറുള്ളൂ. അത് വളരെ ചുരുങ്ങിയ ആളുകളെ ഉള്ളൂ. ബാക്കി 99.9 ശതമാനം ആളുകളോടും സൗഹാർദ്ദപരമായി തന്നെയാണ് ഇടപെടാറുള്ളത്. ആരുടെയും കാര്യത്തിൽ അനാവശ്യമായി ഇടപെടാറില്ല. സോഷ്യൽ ബിഹേവിയറിൽ ഞാൻ വളരെ ബോധവാനാണ്.

തമിഴ് സിനിമ
സത്യത്തിൽ ഇപ്പോൾ അവിടെ നിന്ന് ഓഫറുകൾ വരാത്തതു കൊണ്ടാണ്. നാലു സിനിമകളെ ഞാൻ തമിഴിൽ ചെയ്തുള്ളൂ. അതിൽ മൂന്നെണ്ണത്തിൽ ആദ്യാവസാനമുള്ള കഥാപാത്രമായിരുന്നു, നിർഭാഗ്യത്താൽ അതു മൂന്നും ഓടിയില്ല. ഓടിയ ചിത്രം ‘തനി ഒരുവൻ’ ആണ്. അതിലാണെങ്കിൽ രണ്ടര സീനിലെ ഉള്ളു താനും.
പക്ഷേ ആ കഥാപാത്രത്തിന്റെ പുറത്ത് തമിഴ് പ്രേക്ഷകർ എന്നെ തിരിച്ചറിയാറുണ്ട്, അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ സംഭവമാണ്. ഒരിക്കൽ മൂന്നാറിൽ ഒരു ഷൂട്ടിന് പോയി. തമിഴ്നാടിൽ നിന്നും ടൂർ വന്നവർ അവിടെ വെച്ച് എന്നെ കണ്ട് ഓടി വന്ന് ‘തനിയൊരുവനിൽ’ അഭിനയിച്ച ആളല്ലേ എന്നു ചോദിച്ചു. ഊട്ടിയിൽ ‘ഡാകിനി’യുടെ ഷൂട്ടിംഗിനു പോയപ്പോഴും സമാനമായ അനുഭവം ഉണ്ടായി.
മലയാള സിനിമയിൽ നിൽക്കുന്നതാണ് എന്നെ സംബന്ധിച്ച് കുറച്ചു കൂടി സമാധാനം. തമിഴ് അറിയില്ല എന്നതാണ് വെറൊരു പ്രശ്നം, ഹിന്ദി സിനിമയിൽ നിന്നാണ് ഒരു ചാൻസ് വരുന്നതെങ്കിൽ അത്ര പ്രശ്നമില്ല. മലയാളത്തോളം എനിക്ക് ആത്മവിശ്വാസമുള്ള ഭാഷയാണ് ഹിന്ദിയും.
പൊതുവെ ഞാൻ സ്റ്റേജ് ഷോയ്ക്ക് കൂടി പോവാറില്ല, ഒന്നാമത് സഭാകമ്പമാണ്, സ്റ്റേജിൽ കയറി സ്കിറ്റ്, പെർഫോമൻസ് ഒന്നും എനിക്ക് പറ്റില്ല. പിന്നെ വിസയൊക്കെ മുൻപെ അപ്ലൈ ചെയ്യണം. ഡേറ്റ് ബ്ലോക്ക് ചെയ്തിടണം. ആ സമയത്ത് ഒരു നല്ല സിനിമ വന്നാൽ അപ്പോൾ ചെയ്യാൻ പറ്റില്ലല്ലോ, അത് നഷ്ടമാവില്ലേ എന്നൊക്കെയാണ് ഞാൻ ആലോചിക്കുക. പലപ്പോഴും ഇന്ന് വിളിച്ചാവും നാളെയോ അടുത്താഴ്ചയോ ലൊക്കേഷനിൽ എത്താമോ എന്നൊക്കെ ചോദിക്കുക. ചിലപ്പോൾ അവസാന നിമിഷം ആരെങ്കിലും മാറി പോയതു കൊണ്ടാവാം അങ്ങനെയൊരു റോൾ വരുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ട്, ‘ഹാപ്പി വെഡ്ഡിംഗി’ലെ കഥാപാത്രം എനിക്ക് ഏറെ ഗുണം ചെയ്ത ഒന്നാണ്. ഇർഷാദ് ചേട്ടൻ ചെയ്യേണ്ടതായിരുന്നു ആ റോൾ. ചേട്ടന്റെ അമ്മയ്ക്ക് വയ്യാത്തതു കൊണ്ട് അവസാനം നിമിഷം അത് ചെയ്യാൻ പറ്റിയില്ല. ഒരു ദിവസം മുൻപാണ് ആ കഥാപാത്രമെന്നെ തേടി വരുന്നത്.
എന്നെ സംബന്ധിച്ച് സിനിമ ആളുകളെ രസിപ്പിക്കാൻ ഉള്ളതാണ്. ഒരു കഥാപാത്രം എന്നെ രസിപ്പിക്കുന്നുവെങ്കിൽ എനിക്ക് ആ സിനിമ ചെയ്യാൻ താൽപ്പര്യമുണ്ട്. നാളെ ചിലപ്പോൾ ഈ മാനദണ്ഡങ്ങളിൽ മാറ്റം വരാം. സിനിമകളിൽ ഇത്ര ഉണ്ടാവണം എന്നില്ലല്ലോ. അന്ന് വരുന്ന സിനിമകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതനായെന്നും വരാം, ജീവിക്കണമല്ലോ. എന്റെ ജീവനമാർഗം സിനിമയാണ്.
ബോളിവുഡ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്
ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ, നവാസുദ്ദീൻ സിദ്ദിഖി ഇവരുടെയെല്ലാം ഏതാണ്ട് എല്ലാ സിനിമകളും വിടാതെ കാണാറുണ്ട്. അതു പോലെ മൂന്ന് ഖാൻമാരുടെയും ചിത്രങ്ങൾ, രൺബീർ കപൂറിന്റെയും വരുൺ ധവാന്റെയും സിനിമകൾ… ബോളിവുഡിൽ ഏറ്റവും വേറിട്ട ചിത്രങ്ങളുമായി എത്തുന്നത് ആയുഷ്മാൻ ഖുറാന തന്നെയാണ്. ‘ഡ്രീം ഗേളി’ൽ പെണ്ണിന്റെ ശബ്ദം, ‘വിക്കി ഡോണറി’ൽ ബീജദാതാവ്, ‘ബധായി ഹോ,’ ‘ദം ലഗാ കെ ഐഷാ,’ ‘ബറേലി കി ബര്‍ഫി’… എല്ലാം ഇഷ്ടപ്പെട്ട ചിത്രങ്ങളാണ്.
കൊമേഡിയനിൽ നിന്നും മികച്ച നടന്മാരായി മാറിയവരാണ് ഇന്ദ്രൻസേട്ടനും സുരാജേട്ടനും ഒക്കെ. കുറേ വർഷങ്ങൾ ഹാസ്യം മാത്രമാണ് കൈകാര്യം ചെയ്തതെങ്കിൽ കൂടെ അവരുടെ ഉള്ളിൽ നല്ല കഴിവുള്ള അഭിനേതാക്കൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പല സംവിധായകരും അവരെ കൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യിക്കാൻ ശ്രമിച്ചപ്പോഴാണ് ഹാസ്യ വേഷങ്ങളിൽ നിന്നും അവർ പുറത്തു കടന്നത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. അവരിപ്പോൾ ഹാസ്യവും കരുത്തുറ്റ കഥാപാത്രങ്ങളെയും ഒരുപോലെ കൈകാര്യം ചെയ്യുന്നവരാണ്.
‘ജനമൈത്രി’യിൽ ഇന്ദ്രൻസ് ചേട്ടൻ കോമഡിയാണ് ചെയ്തിരിക്കുന്നത്, പക്ഷേ ‘അഞ്ചാം പാതിര’യിലെ കഥാപാത്രം നമ്മളെ പേടിപ്പിക്കും. ശരിക്കും ഒരു റിപ്പറായിട്ടാണ് അദ്ദേഹത്തെ തോന്നുക. അതു പോലെ ‘കോടതി സമക്ഷം ബാലൻ വക്കീലിൽ’ നമ്മൾ കണ്ടത് പഴയ തമാശകളൊക്കെയുള്ള സുരാജ് ഏട്ടനെയാണ്. എന്നാൽ ‘ആക്ഷൻ ഹീറോ ബിജു’വിൽ അദ്ദേഹം നമ്മളെ കരയിപ്പിച്ചു, ‘തൊണ്ടിമുതലി’ൽ ഇമോഷണലാക്കി.
ഇപ്പോഴത്തെ സിനിമ രണ്ട് തരത്തിലുണ്ട്, ഒന്ന് സ്വാഭാവികമായി പെരുമാറുന്ന പാറ്റേണിൽ ഉള്ളവ, രണ്ടാമത് കുറച്ച് ഡ്രാമയുള്ള സിനിമകൾ. കഴിഞ്ഞൊരു വർഷത്തെ ചിത്രങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ ഇതിന്റെ രണ്ടിന്റെയും കൃത്യമായ ഒരു മിക്സാണ് കാണാൻ കഴിയുക. ‘കുമ്പളങ്ങി നൈറ്റ്സ്’ റിയലിസ്റ്റിക് ശൈലിയിലുള്ള ചിത്രമായിരുന്നു, അത് ഹിറ്റായി. മറുവശത്ത് ‘അയ്യപ്പനും കോശിയും’, ‘ഡ്രൈവിംഗ് ലൈസൻസ്’ പോലുള്ള ചിത്രങ്ങളും ഹിറ്റാവുന്നു. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ ഇതിന് രണ്ടിനുമിടയിൽ നിൽക്കുന്ന തരം സിനിമയാണ്. അതും ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ട്. നമ്മുടെ ഫിലിം മേക്കേഴ്സ് എല്ലാ തരം സിനിമകളും ഉണ്ടാക്കുന്നുണ്ട്, എല്ലാറ്റിനും ഇവിടെ പ്രേക്ഷകരുമുണ്ട്. അതിനാൽ തന്നെ ഈ കാലഘട്ടം ഇന്ന തരം ചിത്രങ്ങളുടേതാണ് എന്ന് എടുത്തു പറയാൻ പറ്റില്ല.

കുടുംബം
എന്റെ അച്ഛനും അനുവിന്റെ (ഭാര്യ) അച്ഛനും ഇപ്പോൾ ഇല്ല, പക്ഷേ ഞങ്ങളുടെ സഹോദരങ്ങളെല്ലാം നല്ല പിന്തുണ തരുന്നുണ്ട്. അമ്മയൊക്കെ എല്ലാ സിനിമകളും കാണുന്ന ആളാണ്. തുടക്കത്തിൽ എന്റെ ഏറ്റവും വലിയ പേടി, അനുവിന്റെ മാതാപിതാക്കൾ എന്നെ സപ്പോർട്ട് ചെയ്യുമോ എന്നായിരുന്നു. ‘മയൂഖ’ത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. സിനിമ റിലീസ് ആയിട്ട് കൂടിയില്ല അന്ന്. പക്ഷേ അനുവിന്റെ മാതാപിതാക്കൾ നല്ല സപ്പോർട്ട് തന്നു. ഇത് അവരുടെ വീടാണ്. ഞാനിപ്പോൾ ഇവിടെ ഓഫീസായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്, അതിൽ അവർക്കാർക്കും പരാതിയില്ല. കുറേ കാലം സിനിമകൾ ഇല്ലാത്തപ്പോൾ, കഷ്ടപ്പാടിന്റെ ദിനങ്ങളിൽ അനുവിന്റെ വരുമാനത്തിലാണ് ഞാൻ ജീവിച്ചത്.
അച്ഛന്റെ മരണം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞ ഒന്നാണ്. ആ സമയത്ത് വല്ലാത്തൊരു നിർവികാരത ആയിരുന്നു. കൂടെ നിഴലായി നിന്ന് വേണ്ടതെല്ലാം ചെയ്യാൻ സഹായിച്ചത് അമ്മാവൻ സതീഷ് കുമാറാണ്. സ്വാഭാവിക മരണമല്ലാത്തതു കൊണ്ട് ഇടയ്ക്കിടെ പൊലീസ് സ്റ്റേഷനിൽ പോവണം, അവിടുത്തെ ഫോർമാലിറ്റികൾ ഉണ്ട്. അതിനിടയിൽ അച്ഛന് മുടങ്ങാതെ ബലിയിടണം. എല്ലാം കൂടെ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. നിഴലു പോലെ അമ്മാവൻ കൂടെ നിന്നു.
അച്ഛന്റെ മരണത്തിന്റെ ഷോക്കിൽ നിന്നും അമ്മയും ചേച്ചിയുമൊക്കെ പതിയെ കരകയറി, പക്ഷേ ഞാനിപ്പോഴും പൂർണമായി കരകയറിയെന്നു തോന്നുന്നില്ല. ഞാൻ കോമഡി ചെയ്യണമെന്ന് ഏറ്റവും ആഗ്രഹിച്ചത് അച്ഛനായിരുന്നു. സിനിമയിലെ എന്റെ കഷ്ടപ്പാടിന്റെ നാളുകളിൽ അച്ഛൻ പറയുമായിരുന്നു, നിനക്ക് സുരാജിനെ പോലെയോ സലിം കുമാറിനെ പോലെയൊ ഒക്കെ കോമഡി കഥാപാത്രങ്ങൾ ചെയ്തുകൂടെ എന്ന്. അന്ന് അത്തരം വേഷങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നില്ല.

അടുത്തിടെ ഏറെ സങ്കടം തോന്നിയൊരു കാര്യമുണ്ടായി. വനിത ഫിലിം അവാർഡ്സിൽ മികച്ച കൊമേഡിയനുള്ള അവാർഡ് ലഭിച്ചപ്പോൾ വേദിയിൽ വെച്ച് ആ അവാർഡ് ഞാൻ അച്ഛനാണ് സമർപ്പിച്ചത്. അതിന്റെ വീഡിയോ യൂട്യൂബിൽ വന്നപ്പോൾ അതിനുതാഴെ വന്നൊരു കമന്റാണ് എന്നെ പഴയൊരു സംഭവം ഓർമിപ്പിച്ചത്. ‘സൈജുകുറപ്പിന്റെ അച്ഛനെ കുറിച്ച് ഒരു പഴയ ഓർമ. ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ആണ് സൈജു കുറുപ്പ് നായകനായി ‘ജൂബിലി’ എന്ന സിനിമ വരുന്നത്. ഒരു ദിവസം ആ ചിത്രത്തിന്റെ ബ്രോഷറുമായി ഒരു ചേട്ടൻ ഞങ്ങൾ വിദ്യാർത്ഥികളുടെ അടുത്ത് വന്നു. ‘ഇവന്റെയൊക്കെ സിനിമ ആരെങ്കിലും കാണുമോ, ചേട്ടന് വേറെ പണിയില്ലേ’ എന്ന് ചോദിച്ചു ഞാൻ. അയാൾ ഒന്നും പറയാതെ പോയി. അപ്പോൾ ആരോ പറഞ്ഞു, അത് സൈജു കുറുപ്പിന്റെ അച്ഛനാണെന്ന്. ഞാൻ പെട്ടെന്ന് സോറി പറഞ്ഞു. സൈജു കുറുപ്പ് ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനാണ്, അദ്ദേഹത്തെ ഓർത്ത് ഞാനഭിമാനിക്കുന്നു. ആശംസകൾ ചേട്ടാ… അദ്ദേഹത്തിന്റെ അച്ഛൻ വളരെ സ്നേഹമുള്ളൊരു വ്യക്തിയായിരുന്നു,’- ഇതായിരുന്നു ആ കമന്റ്.
അതു വായിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞു, ആ സിനിമ ഇറങ്ങിയ സമയത്ത് എനിക്കോർമയുണ്ട്. നാട്ടിലൊക്കെ അതിന്റെ ബ്രോഷർ വിതരണം ചെയ്യാൻ ഒരാളെ ഏൽപ്പിക്കാൻ ഞാനച്ഛനോട് പറഞ്ഞിരുന്നു. ഇപ്പോഴാണ് മനസ്സിലായത്, അതിന് ആളെ ഏർപ്പാടാക്കിയതിനൊപ്പം കുറച്ചു ബ്രോഷറുകൾ അച്ഛൻ തന്നെ നേരിട്ട് വിതരണം ചെയ്തിരുന്നു എന്ന്. അന്ന് ഇങ്ങനെയൊരു കാര്യം നടന്നിട്ടുണ്ടെങ്കിൽ അച്ഛനെത്ര സങ്കടമായി കാണും എന്നോർത്തപ്പോൾ വേദന തോന്നി. ഇതു പോലുള്ള സങ്കടങ്ങൾ ഒന്നും അച്ഛൻ എന്നോട് പറഞ്ഞിരുന്നില്ല. ഞാൻ രക്ഷപ്പെട്ടു കാണണമെന്ന ആഗ്രഹവും പ്രാർത്ഥനയുമായിരുന്നു അച്ഛനെന്നും.
Read Here: സിനിമയെന്നാല്‍ എനിക്ക്: അംബികാ റാവു ജീവിതം പറയുന്നു