scorecardresearch

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ വന്ന് കളറായ നായകൻ

സിനിമയിൽ 44 വർഷങ്ങൾ പൂർത്തിയാക്കുന്ന അശോകനുമായി നടത്തിയ ദീർഘസംഭാഷണം

Actor Ashokan, Actor Ashokan Interview ,

ഗായകനാവാൻ മോഹിച്ചൊരു കൗമാരക്കാരൻ. സിനിമയിൽ പാടുക എന്നതായിരുന്നു ആ കുട്ടിക്ക് അന്നു  കാണാനാവുന്ന ഏറ്റവും വലിയ സ്വപ്നം. എന്നാൽ കാലം കാത്തുവച്ചത് സിനിമയിലെ നായകവേഷമായിരുന്നു. 17-ാം വയസ്സിൽ പത്മരാജന്റെ ആദ്യ ചിത്രമായ ‘പെരുവഴിയമ്പല’ത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ചു. മലയാളസിനിമയിൽ 44 വർഷങ്ങൾ പൂർത്തിയാക്കുകയാണ് ആ പഴയ കൗമാരക്കാരനിപ്പോൾ. ഒരിടത്തൊരു ഫയൽവാനിലെ കണ്ണൻ,  യവനികയിലെ വിഷ്ണു, അനന്തരത്തിലെ അജയൻ, ഹരിഹർ നഗർ സീരിസിലെ തോമസുകുട്ടി, അമരത്തിലെ രാഘവൻ, പൊന്നുച്ചാമിയിലെ രാജപ്പൻ, സ്ഫടികത്തിലെ ജെറി, സുന്ദരക്കില്ലാഡിയിലെ ഭുവനപ്പൻ, ഹലോയിലെ സെബാസ്റ്റ്യൻ, പാപ്പി അപ്പച്ചനിലെ ശശാങ്കൻ മുതലാളി മുതലിങ്ങോട്ട് നൻപകൽ നേരത്തിലെ റേഷൻകട മുതലാളി വരെ നീളുന്ന എത്രയോ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സിനിമാക്കാഴ്ചകളിൽ നിറഞ്ഞുനിൽക്കുകയാണ് അശോകൻ.

പത്മരാജൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തവണ അഭിനയിച്ച നടൻ, മോഹൻലാൽ- മമ്മൂട്ടി എന്നിവർ മലയാളസിനിമയിൽ സജീവമായി തുടങ്ങിയ അതേ കാലയളവിൽ തന്നെയാണ് അശോകന്റെയും വരവ്. പ്രേംനസീറിൽ നിന്നും മധുവിൽ നിന്നും ബാറ്റൺ ഏറ്റെടുത്ത് മമ്മൂട്ടിയും മോഹൻലാലും മലയാളത്തിലെ സൂപ്പർതാരങ്ങളായി ഉദിച്ചുയരുന്നത് അടുത്തുനിന്നും കണ്ട താരം. നാലു പതിറ്റാണ്ടിലേറെ നീളുന്ന അഭിനയജീവിതത്തെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് അശോകൻ.

കുടുംബസമേതം ചെന്നൈയിലാണ് താമസം. സിനിമാ ആവശ്യങ്ങൾക്കായി ഇടയ്ക്കിടയ്ക്ക് കേരളത്തിലെത്തും. മറൈൻ ഡ്രൈവിലേക്ക് ജാലകങ്ങൾ തുറക്കുന്ന കൊച്ചിയിലെ ഹോട്ടൽ മുറിയിലിരുന്ന് അശോകൻ പോയകാലത്തെ ഓർത്തെടുത്തു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ വന്ന് കളറായ നായകനാണ് ഞാനെന്ന് സംസാരത്തിനിടെ തമാശ പറഞ്ഞു.

44 വർഷങ്ങൾ സിനിമയിൽ… പത്മരാജന്റെ ‘പെരുവഴിയമ്പല’ത്തിലൂടെ അരങ്ങേറ്റം. ഇരുനൂറിലേറെ ചിത്രങ്ങൾ. നൻപകൽ നേരത്ത് മയക്കം വരെ എത്തി നിൽക്കുന്നു.  പോയകാലം എങ്ങനെ ഓർത്തെടുക്കുന്നു?

ഞാൻ സിനിമയിൽ വരുന്ന സമയത്ത് നസീർ സർ, മധു സാർ ഒക്കെ തിളങ്ങി നിൽക്കുന്ന കാലമാണ്. തൊട്ടുതാഴെ ജയൻ, എംജി സോമൻ, സുകുമാരൻ… മോഹൻലാൽ- മമ്മൂട്ടി ഒന്നും അന്ന് സ്റ്റാർ ആയിട്ടില്ല, ഏതാനും ചിത്രങ്ങളിലൊക്കെ അഭിനയിച്ച് ശ്രദ്ധ നേടി വരുന്നേയുണ്ടായിരുന്നുള്ളൂ രണ്ടുപേരും. ആ സമയത്താണ് എന്റെ എൻട്രി, അതും വളരെ വ്യത്യസ്തമായൊരു സിനിമയിലൂടെ.

സിനിമയിൽ വരുന്നതിനു മുൻപ് അഭിനയമോഹമൊന്നുമില്ലായിരുന്നു. അടിസ്ഥാനപരമായൊരു ഗായകനായിരുന്നു ഞാൻ. അന്നത്തെ ആഗ്രഹം സിനിമയിൽ പാടണമെന്നായിരുന്നു. സ്കൂളിലെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കും. ലളിതഗാനം, ശാസ്ത്രീയസംഗീതം, സമൂഹഗാനം, ദേശീയഗാനം ഇതിലൊക്കെ ഫസ്റ്റ് അടിക്കുക എന്നതാണ് അന്നത്തെ വാശി. സ്റ്റേറ്റിലും ജില്ലാതലത്തിലുമൊക്കെ മത്സരിക്കുമായിരുന്നു.  ഏതെങ്കിലും മത്സരത്തിലൊക്കെ ഫസ്റ്റ് കിട്ടാതെ പോയാൽ വല്യ സങ്കടമാണ്,  പരീക്ഷയിലൊക്കെ തോറ്റതുപോലുള്ള മനപ്രയാസമാണ്.

ഹരിപ്പാടിന് അടുത്ത് ചേപ്പാട് ആണ് എന്റെ സ്വദേശം. അച്ഛൻ സിബിഐയിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. നാലു മക്കളിൽ ഏറ്റവും ഇളയയാളാണ് ഞാൻ. കുട്ടിക്കാലം മുതൽ പാട്ടിനോട് വലിയ താൽപ്പര്യമാണ്. സ്കൂളിലൊക്കെ പാടുമായിരുന്നു. എന്നെ പോലെ തന്നെ അച്ഛനുമമ്മയും പാട്ട് ഇഷ്ടമുള്ള ആളുകളാണ്. ഞാൻ പാടുന്നതും അവർക്കിഷ്ടമായിരുന്നു. പാട്ടുകൾ കേട്ടു പഠിക്കാനായി അവരെന്നെ എല്ലാ സിനിമയ്ക്കും കൊണ്ടുപോവും. തിയേറ്ററിൽ കപ്പലണ്ടിയും പാട്ടുപുസ്തകവും വിൽക്കുന്ന കുട്ടികളുണ്ടാവും. ധാരാളം പാട്ടുപുസ്തകങ്ങൾ   വാങ്ങിത്തരും.  അന്നേ വീട്ടിൽ ഗ്രാമഫോണൊക്കെയുണ്ട്, റെക്കോർഡുകളൊക്കെ സംഘടിപ്പിച്ചു കൊണ്ടു തരും. അതൊക്കെയായിരുന്നു പാട്ടിലെ  എന്റെ ആദ്യ ഗുരുക്കന്മാർ.  പിന്നെയുണ്ടായിരുന്ന ഉപാധി റേഡിയോ ആണ്. നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ, രഞ്ജിനി അങ്ങനെ ചുരുക്കം പരിപാടികളേ കാണൂ. ആ പരിപാടികളുടെ സമയമൊക്കെ ഓർത്തുവച്ച് പഠിത്തം പോലും നിർത്തിവച്ച് കൃത്യസമയത്ത് റേഡിയോയ്ക്ക് മുന്നിൽ സ്ഥാനം പിടിക്കും. അടുത്ത പാട്ട് ഇന്ന സിനിമയിലേത് ആവുമെന്ന് കസിൻസിനോട് ബെറ്റൊക്കെ വയ്ക്കുമായിരുന്നു അക്കാലത്ത്. ചിലപ്പോൾ അതുപോലെ തന്നെ വരും. രസമുള്ള ഓർമകളാണ് അതൊക്കെ. ചിലപ്പോൾ ആ പാട്ടിന്റെ പിൻബലം കൊണ്ടായിരിക്കും ഞാൻ സിനിമയിൽ വന്നത്.

പ്രശസ്ത തിരക്കഥാകൃത്തായ പത്മരാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് 15നും 18നും ഇടയ്ക്കുള്ള അഭിനേതാക്കളെ തേടുന്നു എന്ന പരസ്യം കണ്ട് എന്റെ ഫോട്ടോ അയക്കുന്നത് ചേട്ടനാണ്.   എഴുത്തുകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അന്നേ പ്രശസ്തനാണ് പത്മരാജൻ. സാഹിത്യ അക്കാദമി അവാർഡൊക്കെ കിട്ടി നിൽക്കുകയാണ്. പെരുവഴിയമ്പലം എന്ന നോവൽ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നിരുന്നു.  പ്രേം പ്രകാശ് സാറായിരുന്നു ആ ചിത്രത്തിന്റെ നിർമാതാവ്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മറുപടി എത്തി, ‘കത്തും ഫോട്ടോയും കണ്ടു, ഇന്റർവ്യൂവിന് തിരുവനന്തപുരത്ത് വരണം’. എന്റെ അന്നത്തെ ആ രൂപമായിരുന്നു അവർക്ക് ആവശ്യം. അവർ മനസ്സിൽ കണ്ടത് അതേ രൂപമുള്ള ഒരാളെയായിരുന്നു. കണ്ട് സംസാരിച്ചയുടനെ അവർ ഓകെ പറഞ്ഞു.

സിനിമയിൽ അഭിനയിക്കുന്ന നടന്മാർ, സംവിധായകർ, മ്യൂസിക് ഡയറക്ടർ, പുതിയ സിനിമകൾ തുടങ്ങിയ കാര്യങ്ങളിലൊക്കെ ഏതാണ്ടൊരു ധാരണ അന്നേയുണ്ട്. ചിത്രരമ, മലയാളനാട് ദ്വൈവാരിക, സിനിരമ, സിനിമാ മാസിക തുടങ്ങി അക്കാലത്ത് ലഭ്യമായിരുന്ന സിനിമ മാഗസിനുകളൊക്കെ ധാരാളം വായിക്കുമായിരുന്നു.  സത്യത്തിൽ പഠിക്കുന്നതിലും ഇഷ്ടം ഇത്തരം മാഗസിനുകൾ വായിക്കാനാണ്. പ്രേംനസീർ, മധു, കെ പി ഉമ്മർ, സോമൻ ഇവരോടൊക്കെ കടുത്ത ആരാധനയുള്ള കാലമാണത്. പക്ഷേ ഇതൊക്കെയാണെങ്കിലും സിനിമയുടെ ഷൂട്ടിങ് പ്രോസസിനെ കുറിച്ച് യാതൊരു ധാരണയും എനിക്കുണ്ടായിരുന്നില്ല.

എന്റെ ആദ്യ ഷോട്ട് ഇപ്പോഴും ഓർമയുണ്ട്. ഭരത് ഗോപി ചേട്ടനൊപ്പമായിരുന്നു ആദ്യ സീൻ. ക്യാമറ പിറകിൽ വച്ചിട്ട് പപ്പേട്ടൻ ഞങ്ങൾക്ക് ആ ഷോട്ടിന്റെ ദൈർഘ്യമൊക്കെ പറഞ്ഞുതന്നു. പറഞ്ഞു തന്നതുപോലെ  അഭിനയിച്ചു. പെട്ടെന്ന് ഡയറക്ടർ കട്ട് പറയുന്നതു കേട്ട് ഞാൻ പിറകോട്ട് തിരിഞ്ഞുനോക്കി. ഞാൻ വിചാരിച്ചത്, അഭിനയിച്ചത് ശരിയായില്ല അതുകൊണ്ടാണ് കട്ട് എന്നു പറഞ്ഞതെന്നാണ്.  ഒന്നു രണ്ടു തവണ ഇങ്ങനെ ആവർത്തിച്ചപ്പോൾ പപ്പേട്ടൻ അടുത്ത് വിളിച്ചു പറഞ്ഞുതന്നു, കട്ട് എന്നു പറഞ്ഞയുടനെ തിരിഞ്ഞുനോക്കരുത് എന്ന്. ഹരിശ്രീ എഴുതി പഠിക്കും പോലെയായിരുന്നു ആ തുടക്കം.

പപ്പേട്ടനുമായി വലിയെ ആത്മബന്ധവും വ്യക്തിപരമായ അടുപ്പവും സ്വാതന്ത്ര്യവുമെല്ലാം ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ഞാൻ എട്ടു പടങ്ങൾ ചെയ്തു. പപ്പേട്ടൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ  ഏറ്റവും കൂടുതൽ തവണ അഭിനയിച്ച അഭിനേതാക്കൾ ഞാനും ജഗതി ശ്രീകുമാറുമാണ്. ‘ഇടവേള’ എന്ന ചിത്രത്തിൽ അദ്ദേഹമെഴുതിയ തിരക്കഥയിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. ഹരിഹർ നഗറിലെ പോലെ നാലു പയ്യൻമാരുടെ കഥയാണ് ആ ചിത്രവും പറഞ്ഞത്. ഇടവേള ബാബു ആയിരുന്നു അതിലെ ഹീറോ. ഞാനിത്തിരി വില്ലനാണ്. ഇപ്പോൾ കണ്ടാലും ഫ്രഷായ സിനിമയാണത്.

‘ഒരിടത്തൊരു ഫയൽവാനി’ൽ ആദ്യം അത്ര പ്രാധാന്യമില്ലാത്ത വേഷമായിരുന്നു എനിക്ക് ലഭിച്ചത്. അന്നത്തെ എന്റെ രൂപത്തിനു അനുസരിച്ച് എനിക്ക് അത്രയൊക്കെ തരാൻ പറ്റുമായിരുന്നു. അതെങ്കിലും തന്നല്ലോ എന്നതു തന്നെ സന്തോഷമാണെനിക്ക്. കാരണം സിനിമയിൽ പൊതുവെ അങ്ങനെയുള്ള സെന്റിമെൻസ് കുറവാണ്, പലർക്കും സിനിമ കച്ചവടമാണ്. പക്ഷേ അദ്ദേഹം അങ്ങനെയായിരുന്നില്ല. ഉള്ളിൽ എന്നോട് ഒരു താൽപ്പര്യവും വാത്സല്യവുമൊക്കെ ഉള്ളതുപോലെ തോന്നിയിരുന്നു. അതുമൊരു ഭാഗ്യമാണ്.  ‘ഒരിടത്തൊരു ഫയൽവാനി’ൽ  ഹീറോയേയും  സെക്കന്റ് ഹീറോയേയുമൊക്കെ തീരുമാനിച്ചു. ആ ചിത്രത്തിൽ എനിക്ക് പരിചയമുള്ള ആളായി നെടുമുടി വേണു ചേട്ടൻ മാത്രമേയുള്ളൂ. അങ്ങനെയിരിക്കെയാണ്, ഷൂട്ടിന്റെ തലേദിവസം സെക്കൻഡ് ഹീറോയ്ക്ക് വരാൻ പറ്റാതെ ആയത്. അതോടെ ആ റോളിലേക്ക് എന്നെ പിടിച്ചിട്ടു. തിരിഞ്ഞുനോക്കുമ്പോൾ എല്ലാം ഒരു നിമിത്തമാണ്, നമുക്ക് വരാനുള്ളത് നമ്മളെ തന്നെ തേടിവരും.

അടൂരിന്റെ ‘അനന്തര’ത്തിലും നായകനായിരുന്നല്ലോ?
അടൂരിന്റെ ‘മുഖാമുഖം’ എന്ന ചിത്രത്തിൽ മുൻപ് അഭിനയിച്ചിരുന്നു. സുധാകരൻ, എന്ന ഒരു കൊച്ചു സഖാവിന്റെ വേഷമായിരുന്നു അത്. ‘അനന്തരം’ അദ്ദേഹത്തിനൊപ്പമുള്ള എന്റെ രണ്ടാമത്തെ ചിത്രമാണ്. ശോഭനയായിരുന്നു നായിക. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രം. നടൻ സുധീഷിന്റെ ആദ്യത്തെ സിനിമയായിരുന്നു അത്,  എന്റെ ചെറുപ്പകാലമാണ് സുധീഷ് അഭിനയിച്ചത്.  അതൊരു നല്ല അനുഭവമായിരുന്നു. കുറച്ച് മാനസിക പ്രശ്നമുള്ളൊരു കഥാപാത്രമാണ് അനന്തരത്തിലെ അജയൻ, അഭിനയപ്രാധാന്യമുള്ള വേഷമായിരുന്നു അത്. പടത്തിന് ഒരുപാട് അംഗീകാരങ്ങൾ കിട്ടി, റഷ്യയിലൊക്കെ ചിത്രം ഏറെ പുരസ്കാരങ്ങൾ നേടി. ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം എല്ലാം ആ പടത്തെ തേടിയെത്തി.

Ashokan, Ashokan Shobana
ശോഭനയ്ക്ക് ഒപ്പം ‘അനന്തര’ത്തിൽ

കരിയറിൽ നടനെന്ന രീതിയിൽ സംതൃപ്തി തന്ന കഥാപാത്രങ്ങൾ?

‘പെരുവഴിയമ്പലം’ ചെയ്യുന്ന സമയത്ത് എനിക്കതിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയില്ലായിരുന്നു. പക്ഷേ പിന്നീട് പലരും പറഞ്ഞു പറഞ്ഞ് ആ കഥാപാത്രത്തോട് ഇഷ്ടം തോന്നിയിട്ടുണ്ട്. ഏറെ സംതൃപ്തി തന്ന മറ്റൊരു കഥാപാത്രം കെജി ജോർജിന്റെ ‘യവനിക’യിലേതാണ്.  വളരെ കരുത്തുറ്റ കഥാപാത്രമാണ് അതിലെ വിഷ്ണു. എന്റെ മൂന്നാമത്തെ സിനിമയാണത്.  ആദ്യമായി ഞാനും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച പടവും അതാണ്.   ഇടവേള,  അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, പൊന്നുച്ചാമി, അമരം  എന്നിവയിലെയൊക്കെ കഥാപാത്രങ്ങൾ ഏറെയിഷ്ടമാണ്. ഇടനാഴിയിൽ ഒരു കാലൊച്ചയിലെ വട്ടോളിയും ആ സമയത്ത് പോപ്പുലറായിരുന്നു.

ഞാൻ ഒരൊറ്റ സീനിൽ വന്നുപോവുന്ന ചിത്രമാണ് ‘ഹലോ’. പക്ഷേ ആ കഥാപാത്രം എനിക്ക് വളരെ മൈലേജ് തന്ന ചിത്രമാണ്. ഒരു സീൻ മാത്രം ആയതുകൊണ്ട് താൽപ്പര്യമില്ലെന്ന് ഞാനാദ്യം ഒഴിഞ്ഞുമാറിയതാണ്. പക്ഷേ അവർ നിരന്തരമായി വിളിച്ച് ആ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞപ്പോൾ പോയി അഭിനയിച്ചതാണ്. പടമിറങ്ങി കഴിഞ്ഞപ്പോഴാണ് അതിന്റെ ഇംപാക്റ്റ് എനിക്കു മനസ്സിലായത്.

85- 86 കാലഘട്ടത്തിൽ ഇറങ്ങിയ ‘ഗായത്രി ദേവി എന്റെ അമ്മ’ എന്ന പടത്തിലെ കഥാപാത്രവും എനിക്കിഷ്ടമാണ്. ഞാനാദ്യമായി കോമഡി ട്രാക്കിലേക്ക് മാറിയ ചിത്രമാണത്. പക്ഷേ ചിത്രം അത്ര ഹിറ്റാവാതെ പോയതുകൊണ്ട്  വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. ഭരത് ഗോപി, സീമ, റഹ്മാൻ, രോഹിണി ഒക്കെ അഭിനയിച്ച ആ പടത്തിൽ റഹ്മാന്റെ സുഹൃത്തിന്റെ വേഷമായിരുന്നു എനിക്ക്. നല്ല  രസികനായൊരു കൂട്ടുകാരൻ. പിന്നീട്  കോമഡി ട്രാക്കിലേക്ക് മുഴുവനായും വന്ന ചിത്രമാണ് ‘ഇൻ ഹരിഹർ നഗർ’. അതൊരു ട്വിസ്റ്റായിരുന്നു. ആ നാലുപേരിൽ വളരെ ടിപ്പിക്കൽ കഥാപാത്രമാണ് തോമസുകുട്ടി. കുറച്ച് കുസൃതി, ചെറിയ കള്ളത്തരങ്ങൾ, അബദ്ധങ്ങൾ ഒക്കെയുള്ള ചെറുപ്പക്കാരൻ. ആ സീരിസിലെ മൂന്നുപടങ്ങളും ഹിറ്റാവുകയും എനിക്ക് ഗുണം ചെയ്യുകയും ചെയ്തു.  ആളുകൾ ഇപ്പോഴും ആഘോഷിക്കുന്ന  കഥാപാത്രമാണത്. കുട്ടികൾ പോലും എന്നെ കാണുമ്പോൾ തോമസുകുട്ടി എന്നു വിളിക്കാറുണ്ട്.

ഇടക്കാലത്ത് സിനിമയിൽ നിന്നും നീണ്ടൊരു ഇടവേളയെടുത്തല്ലോ…. ബോധപൂർവ്വമായിരുന്നോ അത്?
കരിയറിൽ വലിയൊരു ഗ്യാപ് വന്നിട്ടുണ്ട് ഇടയ്ക്ക്. പിന്നെ സിനിമയിൽ പബ്ലിസിറ്റി എന്നത് പ്രധാനപ്പെട്ട കാര്യമാണല്ലോ. അശോകൻ എവിടെ പോയി?, എന്താണ് ബ്രേക്ക് എടുത്തത്? എന്നൊക്കെ ആളുകൾ  ചോദിക്കുമ്പോൾ അതുപോലും എന്നെ സംബന്ധിച്ച് ഒരു പബ്ലിസിറ്റിയാണ്. നമ്മളുടെ അസാന്നിധ്യം ആളുകൾ ശ്രദ്ധിക്കുന്നു എന്നതു തന്നെ ഒരു തരത്തിൽ അംഗീകാരമാണ്.  ഇടയ്ക്ക് ഞാൻ നാട്ടിൽ ചില ബിസിനസ്സൊക്കെ തുടങ്ങി. അതിനിടയിൽ തമിഴ് സീരിയലിൽ നിന്നും ഒരു ഓഫർ വന്നു. കേട്ടപ്പോൾ ത്രിൽ തോന്നി.  മെഗാ സീരിയലല്ലേ, അതിങ്ങനെ തീരാതെ തുടർന്നുകൊണ്ടിരിക്കുമല്ലോ. സീരിയലിലേക്ക് തിരിഞ്ഞതോടെ ചില സിനിമകൾ മിസ്സായി. അങ്ങനെ പത്തുവർഷത്തോളം കടന്നുപോയി. 1996 മുതൽ 2006 വരെ– അതിനിടയിൽ ഒരു സിനിമ മാത്രമേ ഞാൻ അഭിനയിച്ചുള്ളൂ.

തിരിച്ചുവരുന്നത് എം എ നിഷാദിന്റെ ‘നഗരം’ എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമയ്ക്ക് പേരിട്ടതും  ഞാനാണ്. ഒരു പരിപാടിക്കിടയിൽ കായംകുളത്തു വച്ചുകണ്ടപ്പോൾ നിഷാദ് എന്നോട് ചോദിച്ചു, “നിങ്ങളെന്താ ഇപ്പോൾ സിനിമയിലൊന്നും വരാത്തത്, ഞാനൊരു റോൾ തന്നാൽ അഭിനയിക്കുമോ?”. അതിനെന്താ എന്നു ചോദിച്ച് ഞാൻ കൈ കൊടുത്ത പടമാണ് നഗരം. തൊട്ടുപിന്നാലെ  നാലുപെണ്ണുകൾ, റോമിയോ അങ്ങനെ ചില ചിത്രങ്ങൾ കൂടിയെത്തി. അതിനിടയിലാണ് ഹരിഹർ നഗറിന്റെ രണ്ടാം ഭാഗം വന്നത്. സാഹചര്യം കൊണ്ട് ആന്റിഹീറോ ആവുന്ന ആ കഥാപാത്രം വീണ്ടും എന്നെ ലൈവാക്കി. ഇതിനകം, നായകൻ, ഉപനായകൻ, വില്ലൻ, ഹാസ്യകഥാപാത്രങ്ങൾ, ക്യാരക്ടർ റോളുകൾ, ഗസ്റ്റ് റോളുകൾ അങ്ങനെയെല്ലാം ചെയ്യാൻ കഴിഞ്ഞുവെന്നത് ഭാഗ്യമാണ്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടില്ല എന്നതാണ് മറ്റൊരു ആശ്വാസം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുക എന്നു വച്ചാൽ ഒരു അഭിനേതാവിനെ സംബന്ധിച്ച് വിഷമകരമായ കാര്യമാണ്.

പുരസ്കാര കമ്മറ്റികൾ പലപ്പോഴും താങ്കളിലെ നടനെ കണ്ടില്ലെന്നു നടിച്ചതായി തോന്നിയിട്ടുണ്ടോ?
ഒരുപാടു തവണ പുരസ്കാരങ്ങൾ കയ്യെത്തും ദൂരത്തുനിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. പെരുവഴിയമ്പലത്തിലെ അഭിനയത്തിന് അവാർഡ് പ്രതീക്ഷിച്ചിരുന്നു പലരും. പക്ഷേ അവാർഡ് പ്രഖ്യാപന സമയത്ത് ഏതു കാറ്റഗറിയിൽ കൊടുക്കും എന്നായി. യുവാവല്ല, ബാലനടനുമല്ല… അങ്ങനെയാണ് നാഷണൽ അവാർഡ് തള്ളിപ്പോയത് എന്ന് പിന്നീട് സംവിധായകരും നിർമാതാക്കളും പറഞ്ഞു കേട്ടിട്ടുണ്ട്. യവനിക, അമരം, ജാലകം, പൊന്ന് ഇതൊക്കെ സ്പെഷൽ അവാർഡ് കിട്ടാൻ സാധ്യതയുണ്ടായിരുന്ന വേഷങ്ങളാണ്. പക്ഷേ അവസാനനിമിഷം എന്റെ പേര് മാറിപ്പോവും.

അവാർഡ് കിട്ടാതെ പോയപ്പോൾ അന്നൊന്നും വിഷമം തോന്നിയിരുന്നില്ല. പക്ഷേ പിന്നീട് അറിഞ്ഞു, ചിലർ ഇടപെട്ട് മാറ്റിയതാണെന്ന്. ജൂറിയിൽ ഉണ്ടായിരുന്ന, എനിക്ക് പരിചയമുള്ള ഒരാൾ തന്നെ എന്റെ പേര് മാറ്റി എന്നറിഞ്ഞപ്പോഴാണ് കൂടുതൽ വിഷമം ആയത്. ആ മനുഷ്യൻ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തത്’ എന്നു ആലോചിച്ചിട്ടുണ്ട്. പക്ഷേ ഇതിലെ തമാശയെന്താണെന്നു വച്ചാൽ പലരും എന്നോട് ചോദിക്കുന്നത്, അമരത്തിന് അവാർഡ് കിട്ടിയില്ലേ, പെരുവഴിയമ്പലത്തിന് കിട്ടിയില്ലേ, ജാലകത്തിനും അനന്തരത്തിനും കിട്ടികാണുമല്ലോ എന്നൊക്കെയാണ്. ഇങ്ങനെ ആളുകൾ ചോദിക്കുന്നതും ഞാനൊരു അവാർഡായി കാണുന്നു. അവരുടെ കണ്ണിലെകിലും നമ്മൾ ആ അവാർഡ് അർഹിച്ചിരുന്നു എന്നല്ലേ അതിനർത്ഥം. അന്നു ചെയ്തു വച്ചതിന്റെ പലിശ കൊണ്ടാണ് 44 വർഷമായിട്ടും ഞാനിവിടെ പിടിച്ചു നിൽക്കുന്നത്.

ഗായകനാവാൻ ആഗ്രഹിച്ചയാൾ, ആ സ്വപ്നത്തിനു പിന്നീടെന്തു സംഭവിച്ചു?

കുറേക്കാലം ആ സ്വപ്നം കൊണ്ടുനടന്നിരുന്നു.  വർഷങ്ങൾക്കു മുൻപ് ഞാനൊരു സിനിമയിൽ പാട്ടു പാടി. അർജുനൻ മാസ്റ്റർ ആയിരുന്നു ആ പാട്ടിന് സംഗീതം നൽകിയത്. ചിത്രം, തൊഴിൽ അല്ലെങ്കിൽ ജയിൽ. രണ്ടു വരിയാണ് പാടിയത്, ഞാനാഗ്രഹം പറഞ്ഞപ്പോൾ സംവിധായകൻ സമ്മതിച്ചതാണ്. അതിനുശേഷം പൂനിലാവ് എന്നൊരു സിനിമയിൽ ടൈറ്റിൽ സോങ്ങ് പാടി. ഗായകനായി അറിയപ്പെടാൻ ആഗ്രഹിച്ച് നടക്കാതെ പോയ ഞാനിപ്പോഴൊരു സംഗീതസംവിധായകനായി, ബാബു തിരുവല്ല സംവിധാനം ചെയ്ത ‘മനസ്സ്’ എന്ന ചിത്രത്തിലൂടെ.  ഞാൻ അങ്ങോട്ട് താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ ബാബു അവസരം തന്നതാണ്. ശ്രീകുമാർ തമ്പിയുടേതാണ് വരികൾ, പാട്ട് ആലപിച്ചിരിക്കുന്നത്  പി ജയചന്ദ്രൻ . ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രം റിലീസ് കാത്തിരിക്കുകയാണ്.

അമ്മയുടെ പ്രവർത്തനങ്ങളിൽ ഒന്നും സജീവമല്ലല്ലോ?
വർഷങ്ങൾക്കുമുൻപ് ഞാൻ അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു. പിന്നെ ചെന്നൈയിലേക്ക് താമസം മാറിയതോടെ  ഇലക്ഷനൊന്നും നിന്നില്ല. വേണമെങ്കിൽ നിൽക്കാമായിരുന്നു, പക്ഷേ താൽപ്പര്യം തോന്നിയില്ല. ഇടയ്ക്ക് ജനറൽ ബോഡി മീറ്റിംഗിനൊക്കെ വരാറുണ്ട്.

പത്മരാജൻ മുതൽ ലിജോ ജോസ് പല്ലിശ്ശേരി വരെയുള്ള സംവിധായകർക്കൊപ്പം അഭിനയിച്ചു. മലയാളസിനിമയ്ക്ക് ഇക്കാലയളവിൽ വന്ന മാറ്റങ്ങളെ എങ്ങനെ നോക്കി കാണുന്നു?

മാറ്റങ്ങൾ എന്നും സിനിമയിലുണ്ട്. നാൽപ്പതുകളിലെ മലയാള സിനിമ മുതൽ നോക്കാം.  അമ്പതുകളായപ്പോൾ തന്നെ മലയാളസിനിമയിൽ വ്യത്യാസങ്ങൾ വന്നു തുടങ്ങി. അറുപതുകളിൽ നിന്നും എൺപതുകളിലേക്ക് എത്തിയപ്പോഴേക്കും കഥകളുടെ സ്വഭാവവും സാങ്കേതിക വശങ്ങളുമെല്ലാം മാറി. ഓരോ പത്തുവർഷം കഴിയുന്തോറും പ്രകടമായ  മാറ്റങ്ങൾ നമുക്കു കാണാം.  

പത്മരാജൻ, ഭരതൻ, കെജി ജോർജ് ഇവരുടെ സിനിമകളെല്ലാം അന്നുകാലത്ത് മാറ്റങ്ങളിലൂടെ വന്നവരാണ്. അന്നത്തെ ട്രെൻഡ് സെറ്റേഴ്സാണ് അവരെല്ലാം. അവരുടെ സിനിമകൾ ഇന്നു കാണുമ്പോഴും ഫ്രഷാണ്, ഒറ്റ വ്യത്യാസമേയുള്ളൂ, അതിൽ ഇന്നത്തെ പോലത്തെ കമ്പ്യൂട്ടറും ടെക്നോളജിയുമൊന്നും കാണില്ല എന്നേയുള്ളൂ. മനുഷ്യരുടെ വിവിധതരം സ്വഭാവങ്ങൾ, ബന്ധങ്ങൾ ഒക്കെ ആഴത്തിൽ പറഞ്ഞ സിനിമകളാണ് അവയെല്ലാം.

ഇന്നത്തെ സിനിമ ഒരുപാട് മാറിയിട്ടുണ്ട്. മുൻപ് നായകനുണ്ട്, ഉപനായകനുണ്ട്, വില്ലനുണ്ട്, നായികയുണ്ട്, ഉപനായികയുണ്ട്, കോമഡിക്ക്  വേറെ ആൾക്കാരുണ്ട്. ആ ഒരു രീതി തന്നെ മാറി. ഇന്ന് നായകൻ തന്നെ കോമഡി ചെയ്യും, ചിലപ്പോൾ വില്ലത്തരവും കാണിക്കും. നായകൻ രണ്ടു ഷേഡിലൊക്കെ പ്രത്യക്ഷപ്പെട്ടെന്നിരിക്കും. സെക്കന്റ്ഡ് ഹീറോയും ഹീറോയിനും ചിത്രത്തിൽ നിർബന്ധമില്ല. ചിലപ്പോൾ നായികയാവും വില്ലത്തിയായി മാറുക. ചിലപ്പോൾ നായിക ഹീറോ പരിവേഷം നേടും. പ്രത്യേക നിയമങ്ങളോ കീഴ്വഴക്കങ്ങളോ ഒന്നും ഇന്ന് സിനിമയ്ക്കില്ലെന്നു പറയാം. വില്ലനെ നായകൻ കീഴ്പ്പെടുത്തി പൊലീസിനു കൈമാറുമ്പോഴും, നായികയും നായകനും ഒന്നിക്കുമ്പോഴുമെല്ലാം ശുഭം എന്നെഴുതി കാണിക്കുന്ന രീതിയൊന്നും ഇന്നില്ല.

മറ്റൊരു പ്രകടമായ മാറ്റം ഫിലിമിൽ നിന്നും ഡിജിറ്റലിലേക്ക് മാറി എന്നതാണ്. അന്ന് ഒരുപാട് റീടേക്ക് എടുക്കേണ്ടി വന്നാൽ ആ ഫിലിമിന്റെ കാര്യം പോക്കാണ്. അതിന്റെ ഒരു ടെൻഷൻ അഭിനേതാക്കൾക്കും സംവിധായകർക്കും നിർമാതാവിനുമൊക്കെയുണ്ടായിരുന്നു. ഇന്ന് അത്തരം പ്രശ്നമില്ല. ഓരോ സീനുകളും മോണിറ്ററിൽ കാണാനും അപ്പപ്പോൾ വേണ്ട മാറ്റങ്ങൾ വരുത്താനുമുള്ള സാഹചര്യമുണ്ട്. മുൻപ്  അത്തരം സൗകര്യങ്ങളില്ലല്ലോ. കാണാതെ ഒരു പടം പൂർത്തിയാക്കുക അത്ര എളുപ്പമല്ല, അതിൽ ഔട്ട് ഓഫ് ഫോക്കസ് വന്നിട്ടുണ്ടോ, മറ്റെന്തെകിലും ഇഷ്യൂ ഉണ്ടോ എന്നൊക്കെ പിന്നീടേ മനസ്സിലാവൂ. ചിലതൊക്കെ റീഷൂട്ട് ചെയ്യേണ്ടി വരും, അത് കൂടുതൽ ചെലവാണ്.

ഡിജിറ്റലാണ്  എന്ന സന്തോഷമുണ്ടെങ്കിലും ഇന്നും സിനിമ എക്സ്പൻസീവ് തന്നെയാണ്. ചിലവൊന്നും കുറഞ്ഞിട്ടില്ല. പെട്രോൾ, ഡീസൽ, ബാറ്റ, താരങ്ങളുടെ പ്രതിഫലം, നിത്യോപയോഗ സാധനങ്ങൾ. എല്ലാം കൂടിവരികയാണ്. ഒരു ഒഴുക്കിഷ അങ്ങനെയങ്ങ് പോവുന്നു അത്രേയുള്ളൂ. ‘പെരുവഴിയമ്പല’ത്തിന് ഒന്നര ലക്ഷം രൂപയായിരുന്നു അന്ന് ബജറ്റ് എന്നാണ് ഓർമ. അതു തന്നെ അപ്രതീക്ഷിതമായ ചില ചെലവുകൾ വന്നിട്ടാണ് അത്രയും കൂടിയത്. അന്ന് കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം നെയ്യാർ ഡാമിൽ വെള്ളം ഉയർന്നു. ഷൂട്ടിങ് അപ്രതീക്ഷിതമായി നിന്നുപോയി, രണ്ടുമൂന്നു ഷെഡ്യൂൾ ആയാണ് ചിത്രം പൂർത്തീകരിച്ചത്.  ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നല്ലോ അത്.  എന്റെ ആദ്യത്തേയും അവസാനത്തേയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ‘പെരുവഴിയമ്പലം’.   ബ്ലാക്ക് ആൻഡ് വൈറ്റിൽ വന്ന് കളറായ നായകനാണ് ഞാൻ. (ചിരിക്കുന്നു)

മണിയൻ പിള്ള രാജുവിന്റെ വിവാഹ വേദിയിൽ… മോഹൻലാൽ, ബാലചന്ദ്രമേനോൻ, ശങ്കർ, സുകുമാരൻ, മമ്മൂട്ടി, വേണു നാഗവള്ളി എന്നിവർക്കൊപ്പം അശോകൻ

ഒന്നിച്ച് അഭിനയിച്ച ഒരുപാട് അഭിനേതാക്കൾ ഇക്കാലയളവിൽ വിട്ടുപോയിട്ടുണ്ട്. തിലകൻ, നെടുമുടി വേണു, സുകുമാരി…. അവരെ കുറിച്ചുള്ള  ഓർമ്മകൾ.

സിനിമയിലെത്തിയ കാലത്ത് ഞാനാദ്യം പരിചയപ്പെടുന്ന നടന്മാരിൽ ഒരാൾ നെടുമുടി വേണു ചേട്ടനാണ്. പെരുവഴിയമ്പലത്തിൽ അഭിനയിക്കുമ്പോൾ തിരുവനന്തപുരത്തു കീർത്തി എന്നൊരു ഹോട്ടലിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്. അതിന്റെ എതിർവശത്തായിരുന്നു വേണു ചേട്ടനും കൂട്ടുകാരും താമസിച്ചിരുന്നത്. അദ്ദേഹം ഏതോ സിനിമയിലൊക്കെ അഭിനയിച്ച് കഴിഞ്ഞ കാലമാണ്. വേണുചേട്ടൻ അന്നേ വലിയ കലാകാരനാണ്. രാത്രി രണ്ടുമണി വരെയൊക്കെ ഇരുന്ന് പാട്ടും താളം പിടിക്കലും കഥാപ്രസംഗവും ഹാർമോണിയം വായനയുമൊക്കെയാണ്. രാത്രിയിലെ ഈ ബഹളം കാരണം എനിക്ക് ഉറങ്ങാൻ പറ്റില്ല. അന്ന് ഇതെന്ത് ശല്യമാണ് എന്നൊക്കെ ഓർത്തിട്ടുണ്ട്. പക്ഷേ പിന്നീട് പരിചയപ്പെട്ടപ്പോൾ നല്ല ആത്മബന്ധം തോന്നി, എല്ലാവരോടും നമുക്കത് തോന്നില്ല, അങ്ങനെയൊരു കണക്ഷൻ കിട്ടുക ബുദ്ധിമുട്ടാണ്. ഫയൽവാനിൽ പിന്നീട് ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. നെടുമുടി, പത്മരാജൻ ഇവരൊക്കെ നല്ല സിനിമയുടെ ആൾക്കാരാണല്ലോ,   മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്നു പറയും പോലെ നമുക്കും ഒരുപാട് കാര്യങ്ങൾ ഇവരിൽ നിന്നും പഠിക്കാൻ പറ്റും. വേണു ചേട്ടനൊരു സർവ്വകലാവല്ലഭനാണ്, സമ്പൂർണ്ണ കലാകാരൻ, പുള്ളിക്ക് അറിയാത്ത കലകൾ കുറവാണ്.

തിലകൻ ചേട്ടനെ പരിചയപ്പെടുന്നത്  ‘യവനിക’യുടെ ഷൂട്ടിങ്ങിനിടയിലാണ്. അസാധ്യ കലാകാരനാണ് അദ്ദേഹം. പരിചയ പെട്ട അന്നുമുതൽ മരിക്കുവോളം ആ അടുപ്പവും ആത്മബന്ധവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. സുകുമാരി ചേച്ചി, അടൂർ ഭവാനി, ജോസ് പ്രകാശ്, കൃഷ്ണൻകുട്ടി നായർ… ഇവരെയൊന്നും ഒരു കാലത്തും മറക്കാനാവില്ല. ഒന്നിനൊന്നു മികച്ച അഭിനേതാക്കളാണ് എല്ലാവരും. അതുപോലെ അടുപ്പമുണ്ടായിരുന്ന ഒരാൾ പറവൂർ ഭരതൻ ചേട്ടനാണ്. അദ്ദേഹത്തെ പല സിനിമകളിലും നമ്മൾ വില്ലനായി കണ്ടിട്ടുണ്ടാവും. മീശയൊക്കെ പിരിച്ച് കത്തിയും കൊണ്ട് നടക്കുന്നയാൾ… പക്ഷേ ഇത്ര പഞ്ചപാവമായൊരു മനുഷ്യനെ വേറെ കാണാൻ പറ്റില്ല. ഇവരൊക്കെ സിനിമയ്ക്ക് അപ്പുറവും ശക്തമായ മനുഷ്യബന്ധങ്ങൾ ഉള്ള ആളുകളായിരുന്നു. നാട്ടിൻപ്പുറത്തിന്റെതായൊരു അംശം അവരിലെല്ലാം ഉണ്ടായിരുന്നു. സൂക്ഷ്മമായ നിരീക്ഷണ പാടവവും ഇവരുടെയെല്ലാം പ്രത്യേകതയാണ്. ചുറ്റുമുള്ള മനുഷ്യജീവിതങ്ങളെ അവരെല്ലാം അടുത്തറിഞ്ഞിട്ടുണ്ട്.  മലയാള മണ്ണിന്റെ ഗന്ധമുള്ള അഭിനേതാക്കളും എഴുത്തുകാരുമൊക്കെയടങ്ങിയ ആ ബെൽറ്റിലേക്ക് ഞാൻ വീണു എന്നത് എന്റെ ഭാഗ്യം.

ഓരോ സംവിധായകർക്കും അവരുടേതായ ചില പ്രത്യേക രീതികളും വിശ്വാസങ്ങളുമൊക്കെയുണ്ടാവുമല്ലോ… പെട്ടെന്ന് ഓർമയിൽ വരുന്ന അത്തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങളുണ്ടോ?
 ഒരു നടനെ സംബന്ധിച്ച് കൂടെ അഭിനയിക്കുന്നവരോടും ടെക്നീഷ്യൻമാരോടുമൊപ്പം സുഗമമായി ജോലി ചെയ്യാനാവുക എന്നത് പ്രധാനമാണ്. സിനിമയെന്നത് നമ്മൾ ആർട്ടിഫിഷ്യലി ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ലേ. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന പെരുമാറ്റം, ഭാവങ്ങൾ ഒക്കെയാണല്ലോ അതിൽ നിറയെ. അപ്പോൾ സംവിധായകനും അഭിനേതാക്കളുമൊക്കെയായി അത്തരമൊരു കംഫർട്ട് ഫീൽ ചെയ്തില്ലെങ്കിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു തോന്നും. എന്നെ സംബന്ധിച്ച് അത് വളരെ  പ്രധാനമാണ്. നമ്മളെ നല്ല രീതിയിൽ ഡീൽ ചെയ്യുന്ന  സംവിധായകർക്കൊപ്പം അഭിനയിക്കുമ്പോൾ സന്തോഷം ഉണ്ടാവും, ആ കഥാപാത്രത്തെ കൂടുതൽ മെച്ചമാക്കാൻ നമ്മളും ശ്രമിക്കും. അതേ സമയം ഒട്ടും സ്വാതന്ത്ര്യം തരാത്ത സംവിധായകരാണെങ്കിൽ ബുദ്ധിമുട്ടാണ്, നമ്മുടെ അഭിനയത്തേയും അതു ബാധിക്കും. സിനിമ ആത്യന്തികമായി കച്ചവടമൊക്കെ തന്നെയാണ്, പക്ഷേ അവിടെ സൗഹാർദ്ദപരമായ ഇടപെടലുകൾ ഉണ്ടാവുമ്പോഴാണ് നമുക്ക് ജോലി ആസ്വദിച്ചു ചെയ്യാനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുക.

കോടികൾ ചെലവഴിക്കുന്ന തൊഴിലിടമാണ് സിനിമ. സൂപ്പർതാരങ്ങൾക്ക് അല്ലാതെ മറ്റുള്ള അഭിനേതാക്കൾക്ക് അർഹതപ്പെട്ട വേതനം ലഭിക്കുന്നുണ്ടോ? വേതനം നൽകാതെ പറ്റിക്കപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

കുറേപേർക്ക് അത്തരം പ്രശ്നങ്ങൾ ഉണ്ടായതായി കേട്ടിട്ടുണ്ട്. എനിക്ക് ഒന്നോ രണ്ടോ തവണയൊക്കെയേ അത്തരം പ്രശ്നങ്ങൾ  നേരിടേണ്ടി വന്നിട്ടുള്ളൂ. പക്ഷേ ഒരുപാട് പേർക്ക് വണ്ടിച്ചെക്ക് കിട്ടിയ കഥകൾ പറയാനുണ്ട്. വലിയ വലിയ താരങ്ങൾക്കു പോലും അത്തരം അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ഇന്നിപ്പോ ആ പ്രശ്നമില്ല. അതിനൊരു കാരണം സംഘടനയാണ്. ഇത്തരം പ്രശ്നങ്ങൾ കൊണ്ടൊക്കെയാണ് സംഘടനയുണ്ടായത്. ഇന്നൊരു പ്രശ്നം വന്നാൽ പരാതി പെടാനും പരിഹരിക്കാനുമൊക്കെ ഒരിടമുണ്ട്. പൈസ കൊടുക്കാതെ കളിപ്പിക്കുന്ന ആളുകളൊക്കെ കുറവാണ്. ഇപ്പോൾ ഡബ്ബിംഗ് കഴിയുമ്പോൾ തന്നെ മിക്കവാറും ചിത്രങ്ങളിൽ പൈസ സെറ്റിൽ ചെയ്യും. അല്ലെങ്കിൽ സംഘടന ഇടപ്പെട്ട് പരിഹാരം കാണാൻ ശ്രമിക്കും.

മലയാള സിനിമയിലെ സംഘടനകൾ ഇക്കാലയളവിനിടയിൽ പലരെയും വിലക്കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ടല്ലോ. ഒരാളെ തൊഴിലിൽ നിന്നു വിലക്കാൻ സംഘടനകൾക്ക് അധികാരമുണ്ടെന്ന് കരുതുന്നുണ്ടോ?
ഒരാളുടെ ജോലി ചെയ്യാനുള്ള അവകാശത്തെ വിലക്കുന്നത് മനുഷ്യത്വപരമായ കാര്യമല്ല. ഒരാളുടെ അന്നം മുട്ടിക്കുക എന്നത് ലോകത്തെ ഏറ്റവും വലിയ പാപങ്ങളിലൊന്നാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരാൾക്കും ഒരു സംഘടനയ്ക്കും അതിനുള്ള അധികാരമില്ല. അതിനർത്ഥം,  സംഘടനയിലെ ഒരു അംഗം  എന്തുകാണിച്ചാലും വെറുതെ ചിരിച്ചു തള്ളണമെന്നല്ല. ആളുകളുടെ ഭാഗത്തുനിന്നു വീഴ്ചകൾ വന്നാൽ ആ സംഘടനയുടെ നിയമാവലി അനുശാസിക്കുന്നതു പ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കാം. അയാളുടെ ജീവിതത്തെയോ കുടുംബത്തെയോ ഭാവിയേയോ ബാധിക്കാത്ത തരത്തിലുള്ള അച്ചടക്ക നടപടികളാവണം അത്.  അല്ലാതെ ഒരാളെ വേരോടെ പിഴുതെടുത്തു കളയുന്ന രീതിയിലുള്ള വിലക്കുകൾ ന്യായമായ കാര്യമല്ല. അത് ആരു ചെയ്താലും അതിനോട് യോജിക്കാനാവില്ല.

പുതുതലമുറയിലെ ആളുകളുമായുള്ള സൗഹൃദം?
പുതിയ സിനിമകൾ മിക്കവാറും എല്ലാം ഞാൻ കാണും. നല്ലതാണെങ്കിൽ വിളിച്ച് അഭിപ്രായം പറയാറുണ്ട്. ഞാനിപ്പോൾ അഭിനയിക്കുന്ന പടങ്ങളിൽ കൂടുതലും പുതിയ തലമുറയിലെ എഴുത്തുകാരുടെയും സംവിധായകരുടെയുമൊക്കെ ചിത്രങ്ങളാണ്. അവരരെല്ലാം വളരെ സൗഹൃദത്തോടെ ഇടപഴകുന്നവരാണ്, നമുക്കു വേണ്ട അംഗീകാരങ്ങൾ അവർ തരുന്നുണ്ട്. ഇവർക്കൊപ്പം അഭിനയിക്കുമ്പോഴാണ് നമുക്ക് കിട്ടിയ വേഷങ്ങളുടെ ശക്തിയൊക്കെ വീണ്ടും മനസ്സിലാവുന്നത്. കാരണം പത്മരാജൻ, ഭരതൻ, കെജി ജോർജ്, ഐവി ശശി, സത്യൻ അന്തിക്കാട്, ജോഷി പോലുള്ള ആളുകളുടെ സിനിമ കണ്ടും പഠിച്ചും അവരെ ആരാധിച്ചുമൊക്കെ സിനിമയിലേക്ക് എത്തിയവരാണ് നല്ലൊരു വിഭാഗം ചെറുപ്പക്കാരും. ഈ തലമുറ ആ പടങ്ങളൊക്കെ ഇപ്പോഴും കാണുന്നുണ്ട്. അത്തരം സിനിമകൾ കണ്ടാണ് അവർ നമ്മളെ സമീപിക്കുന്നതു പോലും. ഏതാനും മാസങ്ങൾക്കു മുൻപ്, ഏഷ്യൻ അക്കാദമി അവാർഡിനിടെ ബേസിൽ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. ആ വേദിയിൽ പത്മരാജൻ, ഭരതൻ, കെജി ജോർജ് എന്നിവരെയെല്ലാം ബേസിൽ ഓർത്തു. അതുപോലെ ലിജോ എന്നോടൊരിക്കൽ പറഞ്ഞിട്ടുണ്ട്, പത്മരാജന്റെ വലിയ ആരാധകനാണ് താനെന്ന്.  ഇവർക്കൊന്നും അതുപറയേണ്ട കാര്യമില്ല, പക്ഷേ അവരെയൊക്കെ അത്രയും സ്ട്രൈക്ക് ചെയ്തതുകൊണ്ടായിരിക്കുമല്ലോ അങ്ങനെ പറയുന്നത്.

നൻപകൽ നേരത്തേക്ക് എത്തിയതും പുതിയ തലമുറയുമായുള്ള സൗഹൃദം കൊണ്ടുതന്നെയാണ്. ലിജോയെ എനിക്ക് നേരത്തെ പരിചയമുണ്ട്. എന്നെ കേന്ദ്രകഥാപാത്രമാക്കികൊണ്ടുള്ള ഒരു പ്രൊജക്ടിനെ കുറിച്ച് ലിജോ   സംസാരിച്ചിരുന്നു. ആ സ്ക്രിപ്റ്റ് മൊത്തം എന്നെ വായിച്ചു കേൾപ്പിച്ചു. എന്തുകൊണ്ടോ പിന്നീടത്  നിന്നുപോയി. അങ്ങനെയിരിക്കെ വളരെ അപ്രതീക്ഷിതമായാണ് എനിക്ക് മമ്മൂട്ടി കമ്പനിയിൽ നിന്നും ഒരു കോൾ വരുന്നത്, നൻപകലിൽ ഒരു കഥാപാത്രമുണ്ടെന്നു പറഞ്ഞുകൊണ്ട്. 30 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിക്ക് ഒപ്പം സ്ക്രീൻ പങ്കിട്ടത് നൻപകലിലാണ്. അതിനു മുൻപു ചെയ്തത് അമരം ആയിരുന്നു. ഇടയ്ക്ക് ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ ഞങ്ങൾ രണ്ടാളും അഭിനയിച്ചിരുന്നെങ്കിലും കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു.

എന്നെ സംബന്ധിച്ച് ഇതെല്ലാം സന്തോഷമാണ്. കാരണം ഞാൻ പോയ കാലത്തിന്റെ പച്ചയിൽ നിൽക്കുന്ന ആളാണ്. അന്നു ചെയ്തതിന്റെ പലിശയാണ് ഇപ്പോഴെനിക്ക് കിട്ടികൊണ്ടിരിക്കുന്നത്. ചിലർ ചോദിക്കാറുണ്ട്, 44 വർഷമായിട്ടും ഉദ്ദേശിച്ച ലെവലിലേക്ക് വന്നിട്ടില്ലല്ലോ എന്ന്. പക്ഷേ ഞാനതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്, 44 വർഷത്തിനിടയിൽ മലയാളസിനിമയിൽ എത്രയേറെ അഭിനേതാക്കൾ വന്നുപോയി. ഇപ്പോഴും ഓരോ മണിക്കൂറിലുമെന്ന പോലെ അഭിനയമോഹവുമായി ചെറുപ്പക്കാർ സിനിമയ്ക്കു പിന്നാലെ നടക്കുകയാണ്. അതിനെല്ലാമിടയിലും ഇപ്പോഴും ആളുകൾ മറന്നുപോവാതെ, മലയാളസിനിമയുടെ ഒരു കോണിൽ ഞാൻ നിൽക്കുന്നുണ്ടല്ലോ. അതെന്നെ സംബന്ധിച്ച് ഈശ്വരാനുഗ്രഹവും ഭാഗ്യവുമൊക്കെയാണ്.

സിനിമയെന്നത് ശാശ്വതമായ സൗഹൃദങ്ങൾ ഇല്ലാത്ത സ്ഥലമായി തോന്നിയിട്ടുണ്ടോ?
ശാശ്വതമായ സൗഹൃദങ്ങൾക്ക് സിനിമയിൽ അർത്ഥമില്ല. സൗഹൃദത്തിന് പരിധിയുണ്ട്. ഇതൊരു പക്ക ബിസിനസ്സാണ്. ഡിമാന്റുള്ളതിനാണല്ലോ ഏതു ബിസിനസ്സിലും ആവശ്യക്കാർ. അവിടെ സ്നേഹബന്ധം കൊണ്ട് അവസരങ്ങൾ ലഭിക്കുന്നതൊക്കെ കുറവാണ്. നൂറുശതമാനവും എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയില്ല, ചിലർക്കൊക്കെ സൗഹൃദം സൂക്ഷിച്ച് മുന്നോട്ട് പോവാൻ കഴിയുന്നുണ്ട്. പക്ഷേ പൊതുവെ പലർക്കും അപ്പോൾ കാണുന്ന സൗഹൃദമേയുള്ളൂ. അത് കുറ്റമായി പറയുകയല്ല, സിനിമയുടെ സ്വഭാവമാണത്. ജീവിതം പോലെയൊക്കെ തന്നെയാണ് ഏറെക്കുറെ സിനിമയും.  ഇണക്കങ്ങൾ, പിണക്കങ്ങൾ, കൂടിച്ചേരലുകൾ, പിരിഞ്ഞുപോക്ക് എല്ലാം ഉണ്ടാവും… നമ്മൾ ആഗ്രഹിച്ച സമയത്ത് ചിലത് കിട്ടാതെ പോവും, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടിയെന്നുമിരിക്കും.

മോഹൻലാൽ, മമ്മൂട്ടി എന്നിവരൊക്കെ താരപദവിയിലേക്ക് ഉയരും മുൻപെ സിനിമയിലേക്ക് വന്നയാളാണല്ലോ താങ്കൾ… അവരുടെ വളർച്ചയും ഉയർച്ചയും അടുത്തുനിന്നു കണ്ടയാൾ കൂടിയാണല്ലോ… ആ സൗഹൃദങ്ങളെ എങ്ങനെ നോക്കി കാണുന്നു?

മോഹൻലാൽ 78ൽ സിനിമയിൽ വന്നെങ്കിലും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് പോപ്പുലറായത്. ഞങ്ങളൊന്നിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 84ൽ ആണ് ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അതിനും മുൻപ് മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. അവരുടെ വളർച്ചയെ കുറിച്ച് പറഞ്ഞാൽ, അതിൽ ആദ്യത്തെ ഘടകം തലയിലെഴുത്താണ്. ഒരുപാട് കഷ്ടപ്പെട്ടതുകൊണ്ട് ഒരാൾ നല്ല നിലയിൽ വരണമെന്ന് നിയമമൊന്നുമില്ല. കഷ്ടപ്പെട്ടിട്ടും ഒന്നുമാവാത്ത എത്രയോ പേരുണ്ട്. ഒരാൾക്ക് ലോട്ടറിയടിച്ചാൽ പോലും രക്ഷപ്പെടുന്ന വളരെ ചുരുക്കം ആളുകളേയുള്ളൂ. അതാണ് പറഞ്ഞത് തലയിലെഴുത്താണ്, അതിനൊരു യോഗം വേണം. പിന്നെ അവർക്കുള്ളിലെ പ്രതിഭ, എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള മനോബലം…. എല്ലാം ആ സ്റ്റാർഡത്തിനു പിന്നിലുണ്ട്. ഉള്ളിലെ പ്രതിഭയെ അവരിപ്പോഴും തേച്ചുമിനുക്കുന്നുമുണ്ട്. സിനിമകളുടെ മാറ്റങ്ങൾക്ക് അനുസരിച്ച് സഞ്ചരിക്കാൻ തയ്യാറാവുന്നുണ്ട്.  സ്റ്റാർഡം ഉണ്ടാക്കാൻ മാത്രമല്ല, അതു പരിപാലിച്ചുകൊണ്ടു പോവാനും അറിയണം. അവർക്ക് അതറിയാം. അതിനുമെല്ലാം ഉപരി പറയേണ്ടത്, അവരെ മലയാളസിനിമയ്ക്ക് ഇപ്പോഴും ആവശ്യമുണ്ട്.

മലയാളസിനിമയിലെ ആദ്യകാല സൂപ്പർസ്റ്റാറുകൾ എന്നു പറയാവുന്നത്, ത്രിമൂർത്തികളായ സത്യൻ, പ്രേം നസീർ, മധു എന്നിവരാണ്. ഇടയ്ക്ക് സോമൻ, സുകുമാരൻ എന്നിവർ ജ്വലിച്ചുനിന്നു. അതിനിടയിൽ രവികുമാർ, ജോസ്, മോഹൻ, രാഘവൻ, വിൻസെന്റ് എന്നിവരും ഒരു കാലയളവിൽ തിളങ്ങി നിന്നു. ഇടയ്ക്ക്  ജയൻ വന്ന് മലയാളസിനിമയെ ഇളക്കിമറിച്ച് ആളിക്കത്തി പോയി… മലയാളത്തിലെ എംജിആർ ആയിരുന്നു ജയൻ എന്നു പറയും ഞാൻ. പക്ഷേ ഇത്രയും കാലം സ്റ്റാർഡം അതുപോലെ നിലനിർത്തി കൊണ്ടുവരുന്നവർ  മമ്മൂട്ടിയും മോഹൻലാലും തന്നെയാണ്.

പലരും ചോദിക്കാറുണ്ട് ആരാവും അടുത്ത ജനറേഷനിലെ സൂപ്പർസ്റ്റാറുകൾ എന്ന്. ഇനിയങ്ങനെ ഒരു ജനറേഷൻ ഉണ്ടാവുക ബുദ്ധിമുട്ടായിരിക്കും എന്നു തോന്നുന്നു. ഇന്ന് രണ്ടുപേരിൽ നിൽക്കില്ലല്ലോ, ചുരുങ്ങിയത്  20 പേരെങ്കിലും കാണില്ലേ നായക വേഷങ്ങൾ ചെയ്യുന്നവരായിട്ട്. എല്ലാവരും നല്ല കഴിവുള്ളവരാണ്. ആരു നിലനിൽക്കും? കാലത്തിനൊപ്പം ഇവർക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ തുടങ്ങിയ  കാര്യങ്ങളൊക്കെ കണ്ടറിയണം. കാരണം സിനിമയും സിനിമരീതികളും അത്രയേറെ മാറിപ്പോയിട്ടുണ്ട്, നമുക്ക് പ്രവചിക്കാനാവില്ല.

പുതിയ ചിത്രങ്ങൾ?
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് റിലീസിനൊരുങ്ങുന്ന ചിത്രം. അതിൽ ഷറഫുദ്ദീന്റെ അച്ഛനായാണ് അഭിനയിക്കുന്നത്. കഷണ്ടിയൊക്കെയായി വ്യത്യസ്ത ഗെറ്റപ്പിൽ. മനസ്സ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങൾ. ഒരു വെബ് സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

ഇനി വെറുതെ എന്തെങ്കിലും ക്യാരക്ടർ ചെയ്തിട്ട് കാര്യമില്ല. ഒന്നുകിൽ അഭിനേതാവ് എന്ന രീതിയിൽ എന്തെങ്കിലും ചെയ്യാനുണ്ടാവണം, റോൾ കൊണ്ട് തൃപ്തി വരണം, അല്ലെങ്കിൽ സാമ്പത്തികമായി മെച്ചമുണ്ടാവണം. അല്ലാതെ, ഒരു സീൻ, രണ്ടു സീൻ മാത്രം വരുന്ന ചിത്രങ്ങളിലേക്ക് ഒക്കെ വിളിക്കുമ്പോൾ പോവാറില്ല. ഏറെ മത്സരസ്വഭാവമുള്ള മേഖലയാണ്  സിനിമ, അത് വിസ്മരിച്ചുകൊണ്ടൊന്നുമല്ല. പക്ഷേ പണം മാത്രം നോക്കിയിട്ട് കാര്യമില്ലല്ലോ.

കുടുംബം?
പത്തനംത്തിട്ട അടൂർ സ്വദേശിയാണ് ഭാര്യ ശ്രീജ, വീട്ടമ്മയാണ്. മകൾ കാർത്ത്യായനി, ചെന്നൈയിൽ തന്നെ ജോലി ചെയ്യുന്നു. ചെന്നൈ അവർക്കു രണ്ടുപേർക്കും ഒരുപാട് ഇഷ്ടമായി, അവിടെ വിട്ടുവരാൻ രണ്ടുപേർക്കും താൽപ്പര്യമില്ല. അവർ അവിടെയങ്ങ് സെറ്റായി. ഞാനിപ്പോൾ അവിടുന്നു വന്നാണ് അഭിനയിക്കുന്നത്.

ashokan, Actor Ashokan family
ഭാര്യയ്ക്കും മകൾക്കുമൊപ്പം അശോകൻ

ചെന്നൈ ജീവിതം?
ചെന്നൈ പണ്ടെനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത സ്ഥലമായിരുന്നു. സിനിമയുടെ ഡബ്ബിംഗിനൊക്കെ പോവുമ്പോൾ വേഗം ജോലി തീർത്ത് എത്രയും പെട്ടെന്ന് തിരിച്ചുവരാനായിരുന്നു ആഗ്രഹം. പക്ഷേ അവിടെ താമസം തുടങ്ങിയതോടെ ചെന്നൈയോട് ഇഷ്ടം തോന്നി തുടങ്ങി. കുറേ നല്ല സൗഹൃദങ്ങൾ കിട്ടി,  അവിടുത്തെ ആമ്പിയൻസ് എനിക്ക് ഇഷ്ടമാണ്, കുടുംബത്തിനുമതെ.

പഴയ മദ്രാസൊന്നുമല്ല അത്, ഒരുപാട് മാറി.  എങ്കിലും തമിഴ്നാടിന്റെ കൾച്ചർ എനിക്ക് വലിയ ഇഷ്ടമാണ്. മറ്റു പല ഭാഷക്കാരേക്കാളും തനതായ ഭാഷയും സംസ്കാരവും മര്യാദയും ബഹുമാനവുമൊക്കെ കാത്തുസൂക്ഷിക്കുന്നവരാണ് തമിഴ്നാട്ടുകാർ എന്നു തോന്നിയിട്ടുണ്ട്. മറ്റു പല ഭാഷകളെക്കാളും അവർ അവരുടെ ഭാഷയെ സ്നേഹിക്കുന്നുണ്ട്. തിരുവള്ളുവർക്കും തിരുക്കുറലിനുമൊക്കെ അവർ കൊടുക്കുന്ന ബഹുമാനം നമ്മളെ അമ്പരപ്പിക്കും. സത്യത്തിൽ, തമിഴർക്ക് ലിജോ കൊടുത്ത സ്നേഹത്തോടെയുള്ള ആദരവാണ് നൻപകൽ നേരത്ത് മയക്കം എന്നെനിക്കു തോന്നിയിട്ടുണ്ട്. ആ ചിത്രത്തിൽ തന്നെ നോക്കൂ, തമിഴർ  കാണിക്കുന്ന കരുണയൊക്കെ നമ്മുടെ മനസ്സു തൊടും. കേരളത്തിലാണ് അതുപോലൊരു കഥ നടക്കുന്നതെങ്കിലോ, അവർ പെരുമാറുന്നതുപോലെയാവില്ല ഇവിടെ അതിനെ കൈകാര്യം ചെയ്യുക. വല്ലാതെ അപമാനിക്കുകയും ബുദ്ധിമുട്ടിക്കുകയുമൊക്കെ ചെയ്തേക്കാം. കായികപരമായി പോലും നേരിട്ടിട്ടുണ്ടാവും ചിലപ്പോൾ. നമ്മൾക്ക് പൊതുവിൽ തമിഴരോടുള്ള മനോഭാവത്തിൽ പോലും കുഴപ്പം തോന്നിയിട്ടുണ്ട്. ഇപ്പോഴും ഒരു തമിഴ് രജിസ്ട്രേഷൻ വണ്ടി കണ്ടാൽ പാണ്ടി വണ്ടി എന്നു പരിഹസിക്കുന്നവരുണ്ട്. ഒരു പുച്ഛമുണ്ടതിൽ. പക്ഷേ അവരത് ചെയ്യില്ല.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Malayalam actor ashokan interview