സിനിമ തന്ന ഭാഗ്യങ്ങളും നഷ്ടങ്ങളും: അരുണുമായി ദീർഘസംഭാഷണം

ഞാനൊക്കെ വന്ന കാലത്ത് ഇതു പോലെ തിരക്ക് അഭിനയിക്കാന്‍ എത്തുന്നവരുടെ കാര്യത്തിലാണ്. ഇന്ന് ഫിലിം മേക്കര്‍ ആവാനാണ് കൂടുതല്‍ തിരക്ക്. ഒന്നാന്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാന്‍ പോവുന്നു എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്

arun, arun actor, arun malayalam actor, malayalam actor interview, film interviews, movie star interview, അരുണ്‍, താരങ്ങള്‍, അഭിമുഖം, സിനിമ വാര്‍ത്ത, സിനിമ വിശേഷം,

മലയാള സിനിമയ്ക്ക് ഫാസിലിന്റെ കണ്ടെത്തലായിരുന്നു അരുണ്‍ എന്ന നടന്‍. നായകനായും വില്ലനായും സ്വഭാവനടനായും മലയാള സിനിമയുടെ ഓരം ചേര്‍ന്ന് അരുണ്‍ നടക്കാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാകുന്നു. 20 വര്‍ഷങ്ങള്‍, 50 ലേറെ ചിത്രങ്ങള്‍, അതിനിടെ, ഇടക്കാലത്ത് എവിടെ പോയി എന്ന് ചോദിക്കേണ്ട രീതിയിലുള്ള ബ്രേക്കുകള്‍. അടുത്തിടെ തിയേറ്ററുകളില്‍ എത്തിയ ‘അണ്ടര്‍ വേള്‍ഡ്’, ‘ഡ്രൈവിംഗ് ലൈസന്‍സ്’, ‘അഞ്ചാം പാതിര’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു കൊണ്ട് വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് അരുണ്‍.

പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും സിനിമ തന്ന അനുഗ്രഹങ്ങളുമെല്ലാം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പങ്കുവയ്ക്കുകയാണ് അരുണ്‍.

‘അഞ്ചാം പാതിര’യിലെ പീഡോഫിലായ പുരോഹിതന്‍

‘അഞ്ചാം പാതിര’ കണ്ട ഒരു സുഹൃത്ത് എന്നോട് ചോദിച്ചു, നിങ്ങളെന്തിനാണ് ഇത്തരം വേഷങ്ങള്‍ ചെയ്യുന്നതെന്ന്. ഒന്ന്, കുഞ്ചാക്കോ ബോബന്റെ വേഷം കിട്ടാത്തതു കൊണ്ട് എന്നാണ് ചിരിച്ചു കൊണ്ട് ഞാനുത്തരം നല്‍കിയത്.

പുതിയ സംവിധായകര്‍ക്ക് ഒപ്പം ഞാനധികം വര്‍ക്ക് ചെയ്തിട്ടില്ല. പുതിയ സംവിധായകരില്‍ പ്രോമിസിംഗ് ആയിട്ടുള്ള, ധാരാളം ആളുകള്‍ കാണുന്ന സിനിമകള്‍ ചെയ്യുന്ന ഒരാളാണ് മിഥുന്‍ മാനുവല്‍ തോമസ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ നമുക്ക് ഏറ്റവും സന്തോഷം നല്‍കുക, ആളുകള്‍ ധാരാളമായി കാണുന്ന സിനിമകളുടെ ഭാഗമാവുക എന്നതാണ്. മറ്റൊരു കാരണം, ഞാനിതു വരെ ഒരു പള്ളിലച്ചന്റെ വേഷം ചെയ്തിട്ടില്ല. ഞാനെപ്പോഴും ഇഷ്ടത്തോടെയും കൗതുകത്തോടെയും നോക്കുന്ന ആളുകളാണ് പുരോഹിതന്മാര്‍. അത്തരമൊരു വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കഥാപാത്രത്തിന്റെ സ്വഭാവം നെഗറ്റീവാണോ പോസിറ്റീവാണോ അത്തരം കാര്യങ്ങളൊന്നും ഞാന്‍ വിലകല്‍പ്പിക്കുന്നില്ല.

 ‘ഡ്രൈവിംഗ് ലൈസൻസി’ലെ നിസഹായനായ സംവിധായകൻ

ജീന്‍പോള്‍ നല്ലൊരു സുഹൃത്താണ്. ‘ഹണീബീ 2’വിലാണ് ഞാനാദ്യം ജീനിനൊപ്പം വര്‍ക്ക് ചെയ്തത്. ഒരു സമയത്ത് എനിക്ക് ഏറെ കോണ്‍ഫിഡന്‍സ് തന്നൊരു ആളാണ് ജീന്‍. എന്നിലെ നടനില്‍ വിശ്വസമുള്ള, എപ്പോഴും പ്രോത്സാഹിപ്പിക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

‘ഹണീബീ 2’ ചെയ്യുന്ന സമയത്ത് ഞാന്‍ മാനസികമായി കുറച്ച് ഡൗണായിരിന്നു. അന്ന് ജീനും ജീനിന്റെ ഫാദറുമെല്ലാം ഏറെ സപ്പോര്‍ട്ട് ചെയ്തു. ആ ടീമിന്റെ കൂടെ വീണ്ടും ജോലി ചെയ്യുന്നു എന്നതായിരുന്നു ‘ഡ്രൈവിംഗ് ലൈസന്‍സ്’ തന്ന സന്തോഷം. അതിനും മുന്‍പെ നടന്മാരായും ഞങ്ങള്‍ക്ക് ഒന്നിച്ച് അഭിനയിക്കാന്‍ പറ്റി. അരുണ്‍ കുമാര്‍ അരവിന്ദിന്റെ ‘അണ്ടര്‍ വേള്‍ഡ്’ എന്ന ചിത്രത്തില്‍.

Read Here: Driving License Movie Review: താരവും ആരാധകനും ഏറ്റുമുട്ടുമ്പോള്‍ ‘ഡ്രൈവിങ് ലൈസന്‍സ്’ റിവ്യൂ

arun, arun actor, arun malayalam actor, malayalam actor interview, film interviews, movie star interview, അരുണ്‍, താരങ്ങള്‍, അഭിമുഖം, സിനിമ വാര്‍ത്ത, സിനിമ വിശേഷം,

ഫാസില്‍ എന്ന ഗുരു

ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജനുവരിയില്‍ ആണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. ഫാസില്‍ സാറിന്റെ കൂടെ കരിയര്‍ തുടങ്ങാന്‍ പറ്റിയത് വലിയൊരു കാര്യമായാണ് ഞാന്‍ കാണുന്നത്. എന്നെയൊക്കെ സിനിമയിലേക്ക് ആകര്‍ഷിച്ച, ഒരു കാലഘട്ടത്തില്‍ മനോഹരമായ സിനിമകള്‍ ചെയ്ത കുറേ പേരുണ്ട്. സിനിമയില്‍ നിന്ന് എന്തു നേടി എന്നു ചോദിച്ചാല്‍, അവര്‍ക്കൊപ്പം ജോലി ചെയ്യാനും അവര്‍ ജോലി ചെയ്യുന്നത് വളരെ അടുത്തുനിന്ന് കാണാനും പറ്റി എന്നാണ് ഞാന്‍ പറയുക.

അതില്‍ ഏറ്റവും അഭിമാനകരമായ ഒരു കാര്യമാണ്, ആദ്യം അഭിനയിച്ചത് ഫാസില്‍ സാറിന്റെ സിനിമയിലാണെന്നത്. ആ ‘ലക്ക് ഫാക്റ്റര്‍’ അവിടം കൊണ്ട് തീരുന്നില്ല. ഏറ്റവും ആദ്യത്തെ ഷോട്ട് ലാലേട്ടനൊപ്പമായിരുന്നു. അദ്ദേഹം അധ്യാപകനും ഞാനൊരു വിദ്യാര്‍ത്ഥിയുമായ സീനായിരുന്നു അത്. ലാലേട്ടനെയും ഫാസില്‍ സാറിനെയുമൊക്കെ കാണുമ്പോള്‍ അവര്‍ അധ്യാപകരായും ഞാന്‍ സ്റ്റുഡന്റായുമാണ് ഇപ്പോഴും തോന്നാറുള്ളത്.

ഫാസില്‍ സാറിന്റെ സിനിമയിലൂടെ തുടക്കം കുറിച്ച ഒരുപാട് പേരുണ്ട്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ല്‍ ഞാനും ഗീതു മോഹന്‍ദാസും ഒന്നിച്ചാണ് വന്നത്. ഗീതു ബാലതാരമായി അഭിനയിച്ചുണ്ടെങ്കിലും രണ്ടാം വരവിലെ തുടക്കം അവിടെ നിന്നായിരുന്നു. അതൊരു പ്ലസ്ടു കാലഘട്ടത്തിന്റെ കഥയായതിനാല്‍ ആ പ്രായത്തിലുള്ള ഒരുപാട് പേര്‍ ഉണ്ടായിരുന്നു ലൊക്കേഷനില്‍. ഇന്നും തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുകയും മിസ് ചെയ്യുകയും ചെയ്യുന്ന സെറ്റുകളില്‍ ഒന്നാണത്, ‘ആദ്യമായി’ എന്നു പറയുന്നതിന് എപ്പോഴും ഒരു പ്രത്യേകതയുണ്ടല്ലോ.

ലാലേട്ടന്‍, ലളിത ചേച്ചി, വേണു ചേട്ടന്‍ എന്നും ആദരവോടെ നോക്കി കണ്ട ഒരുപാട് അഭിനേതാക്കള്‍ ആ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. അതു മാത്രമല്ല, മലയാള സിനിമയിലെ, നേരിട്ടൊന്ന് കാണാന്‍ ആഗ്രഹിച്ച ഒരുപാട് ടെക്‌നീഷ്യന്‍മാര്‍ ആ ലൊക്കേഷന്‍ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. ഇന്നത്തെ പോലെ യൂട്യൂബ് ചാനലുകളോ ഓണ്‍ലൈന്‍ മീഡിയകളോ വഴി ടെക്‌നീഷ്യന്മാരുടെ അഭിമുഖങ്ങള്‍ പോലും കാണാന്‍ കഴിയാതിരുന്ന ഒരു കാലത്ത്, അവരെയെല്ലാം നേരില്‍ കാണുക എന്നത് സിനിമയുമായി യാതൊരു കണക്ഷനും ഇല്ലാത്ത എന്നെ പോലെ ഒരാളെ സംബന്ധിച്ച് വളരെ എക്‌സൈറ്റിംഗ് ആയ കാര്യമായിരുന്നു.

രണ്ടു പതിറ്റാണ്ടും മാറിയ സിനിമയും

ഞാനാദ്യം എന്റെ മുഖം സിനിമയില്‍ കാണുന്നത് ഫാസില്‍ സാറിന്റെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്താണ്. ടി ആര്‍ ശേഖര്‍ സാറായിരുന്നു അന്ന് എഡിറ്റര്‍. അദ്ദേഹത്തിന്റെ മൂവിയോളയില്‍ ആണ് ഞാനാദ്യമായി എന്റെ മുഖം കാണുന്നത്. ഇപ്പോഴും ഓര്‍മയുണ്ട്, അന്നെനിക്കുണ്ടായ ആവേശം. അതു പറഞ്ഞറിയിക്കാനാവില്ല. യുണീക് ആയൊരു അനുഭവമായിരുന്നു അത്. ചെന്നൈയില്‍ വെച്ചായിരുന്നു ആ അനുഭവം. അന്നത് മദ്രാസാണ്, സിനിമാനഗരി. സിനിമ കേരളത്തിലേക്ക് മാറി തുടങ്ങുന്നതിന്റെ തൊട്ടു മുന്‍പായിരുന്നു അത്.

ഇന്ന് ഓരോ ഷോട്ടും അപ്പപ്പോള്‍ ചെക്ക് ചെയ്യാന്‍ സാധിക്കും. സ്‌പോട്ടില്‍ തന്നെ റഫ് ആയി എഡിറ്റ് ചെയ്ത് കാണാനുള്ള സൗകര്യം പോലും ഇന്നുണ്ട്. അടുത്തിടെ പൃഥ്വിയോട് സംസാരിച്ചപ്പോള്‍ പൃഥ്വിയും പറഞ്ഞു, ‘അരുണ്‍, ഓര്‍ക്കുന്നുണ്ടോ? നമ്മള്‍ മോണിറ്റര്‍ ഇല്ലാത്തൊരു കാലത്ത് അഭിനയിച്ചു തുടങ്ങിയവരാണ്’. ആ അനുഭവങ്ങളെ കുറിച്ച് പുതിയ അഭിനേതാക്കളില്‍ ചിലര്‍ രാജുവിനോട് അടുത്തിടെ ചോദിച്ചു എന്നൊക്കെ പറഞ്ഞു.

സിനിമ ഫിലിമിൽ നിന്നും ഡിജിറ്റലിലേക്ക് മാറിയത് വലിയൊരു മാറ്റമായി തോന്നിയിട്ടുണ്ട്. ഫിലിം കുറച്ചു കൂടി എക്സ്പെൻസീവ് ആണ്. ഫിലിമിൽ ഷൂട്ട് ചെയ്യമ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്. പരിമിതമായ ബജറ്റിലുള്ള ചിത്രങ്ങൾ, നമുക്ക് ‘അഫോര്‍ഡ്’ ചെയ്യാന്‍ പറ്റുന്ന ടേക്ക് എന്നു പറയുന്നത് ഒന്നോ രണ്ടോ മാത്രമാണ്. അതിനകത്ത് ഓകെ ആക്കണം. അന്ന് മൂന്ന് ടേക്ക് ഒക്കെ ലക്ഷ്വറി ആണ്. എന്നാല്‍ ഇന്ന് മൂന്ന് ടേക്ക് പോയിട്ട് 35 ടേക്കുകള്‍ വരെ എടുക്കാവുന്ന രീതിയിലേക്ക് ആക്റ്റിംഗ് കംഫര്‍ട്ട് എന്നൊരു സംഭവം വന്നു. അഭിനേതാക്കളുടെ ജോലി കൂടുതല്‍ കൂടുതല്‍ എളുപ്പമാവുകയാണ് ചെയ്തത്.

അഭിനേതാക്കള്‍ക്ക് റിലാക്‌സ്ഡ്‌ ആയി വര്‍ക്ക് ചെയ്യാവുന്ന അന്തരീക്ഷം ഉണ്ടാക്കുന്നതില്‍ പഴയ സിനിമയേക്കാള്‍ മികച്ചത് പുതിയ സിനിമയാണെന്നു തോന്നിയിട്ടുണ്ട്. അഭിനേതാക്കള്‍ക്ക് കഥാപാത്രങ്ങളായി മാറാന്‍ വേണ്ട സമയവും സൗകര്യവും നല്‍കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്ന ഒരു സംവിധാനം ഇന്നുണ്ട്. പുതിയ സംവിധായകര്‍ അതിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. മികച്ച സാങ്കേതികതയും ഇതിന് സഹായിക്കുന്നു. അഭിനേതാവ് അഭിനയത്തില്‍ മാത്രം ഫോക്കസ് ചെയ്താല്‍ മതി എന്ന അന്തരീക്ഷം ഇന്നുണ്ട്.

സിനിമ തന്ന ഭാഗ്യങ്ങളും നഷ്ടങ്ങളും

ലാലേട്ടന്‍, മമ്മൂക്ക എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത്. മമ്മൂക്കയ്ക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്നത് ‘ബല്‍റാം vs താരാദാസി’ലാണ്. അതും ഐവി ശശി സാറിന്റെ ചിത്രത്തില്‍. ഒരു കാലത്ത് സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്ന ഒരാളാണ് ഐവി ശശി സാര്‍. ഞാന്‍ ഐവി ശശി സാറിന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്നത് എനിക്ക് വളരെ അഭിമാനകരമായൊരു കാര്യമാണ്. ആ സിനിമയില്‍ മമ്മൂക്ക പൊലീസുകാരനും ഞാന്‍ ചോദ്യം ചെയ്യപ്പെടുന്ന പ്രതിയുമായാണ് ആദ്യം അഭിനയിച്ചത്.

ഇന്നത്തെ സിനിമ മിസ് ചെയ്യുന്ന വലിയ രണ്ടു അഭിനോതാക്കളാണ് തിലകന്‍ ചേട്ടനും അമ്പിളി ചേട്ടനും (ജഗതി ശ്രീകുമാര്‍). ഇക്കാലത്തെ സിനിമയിലും ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് തോന്നിയിട്ടുണ്ട്. ചില സംവിധായകരൊക്കെ അവരെ മിസ് ചെയ്യുന്നുവെന്ന് നേരിട്ട് പറയുകയും ചെയ്തിട്ടുണ്ട്. ആ പ്രതിഭകള്‍ക്കൊപ്പം ഒന്നിച്ച് ജോലി ചെയ്യാനും വളരെ അടുത്ത സൗഹൃദം ഉണ്ടാക്കാനും സമയം ചെലവഴിക്കാനുമൊക്കെ സാധിച്ചതാണ് സിനിമ തന്ന മറ്റു ചില ഭാഗ്യങ്ങള്‍.

ബഹദൂര്‍ സാറിനെ പരിചയപ്പെടുന്നത് ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ന്റെ സെറ്റില്‍ വെച്ചാണ്. അതേ സിനിമാ സെറ്റില്‍ വെച്ചാണ് കുതിരവട്ടം പപ്പു ചേട്ടന്‍ മരിച്ചുവെന്ന വാര്‍ത്ത കേള്‍ക്കുന്നത്. ഞാന്‍ പപ്പു ചേട്ടന്റെ വലിയൊരു ഫാനാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചില്ല എന്നത് നഷ്ടമായി തോന്നിയിട്ടുണ്ട്, അതു പോലെ തന്നെ ഏറെ ബഹുമാനിക്കുന്ന മുരളി സാറിനൊപ്പവും അഭിനയിക്കാന്‍ കഴിയാതെ പോയി.

arun, arun actor, arun malayalam actor, malayalam actor interview, film interviews, movie star interview, അരുണ്‍, താരങ്ങള്‍, അഭിമുഖം, സിനിമ വാര്‍ത്ത, സിനിമ വിശേഷം,

വിജയചിത്രങ്ങളുടെ ഭാഗമാവുന്നവര്‍ ഭാഗ്യതാരങ്ങളായി കണക്കാക്കപ്പെടുന്നു

വ്യക്തിപരമായി അത്തരം കാര്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. സിനിമയില്‍ വന്ന കാലത്ത് അത്തരം അന്ധവിശ്വാസങ്ങള്‍ സിനിമയില്‍ കൂടുതലായി കണ്ടിരുന്നു. വിശ്വാസങ്ങള്‍ക്ക് ഞാനെതിരല്ല, വിശ്വാസം ആളുകളെ ശക്തിപ്പെടുത്തുന്നു എന്നും തോന്നിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ വര്‍ക്കിന് മൂല്യം കൊടുക്കാതെയുള്ള ഉപരിപ്ലവമായ, അന്ധമായ വിശ്വാസങ്ങളോട് യോജിക്കുന്നില്ല.

നടന്‍ എന്ന രീതിയില്‍ നമ്മള്‍ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. സങ്കരകല എന്നല്ലേ സിനിമയെ പറയുന്നത് തന്നെ, വലിയൊരു ഗ്രൂപ്പിന്റെ ശ്രമത്തിന്റെ ഫലമാണ് സിനിമ. അതില്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ ‘ലക്ക് ഫാക്റ്റര്‍’ ഒന്നും ഘടകമായി തോന്നിയിട്ടില്ല. സിനിമയുടെ ക്വാളിറ്റിയാണ് പ്രധാനം. പിന്നെ, എന്റെയുള്ളിലെ സ്വാര്‍ത്ഥനായ ആക്റ്ററോട് നിങ്ങള്‍ ഈ ചോദ്യം ചോദിക്കുകയാണെങ്കില്‍, അങ്ങനെ ആളുകള്‍ക്ക് തോന്നിയാല്‍ സന്തോഷമെന്നേ പറയൂ. അത് വഴി നമുക്ക് ഗുണമുണ്ടാകും, കൂടുതല്‍ വേഷങ്ങള്‍ തേടിയെത്തും.

എവിടെ പോയി ഇടയ്ക്ക്?

ചെറിയൊരു ശതമാനം ആളുകള്‍ക്ക് മാത്രമേ സിനിമയില്‍ ഹീറോ പരിവേഷം ഉണ്ടാവുകയും അത് കൃത്യമായി പരിപാലിച്ചു കൊണ്ടു പോവാന്‍ കഴിയുകയും ചെയ്യുന്നുള്ളൂ. സിനിമയില്‍ ഒരു മുന്‍നിര ഹീറോയായി നിലനില്‍ക്കുക എന്നു പറയുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമാണ്. മികച്ച വേഷങ്ങളോ മുന്‍പ് പറഞ്ഞ ലക്ക് ഫാക്ടറോ മാത്രം പോര അതിന്. ഒരു വ്യക്തി എന്ന നിലയില്‍ നമുക്ക് ചില സ്‌കില്‍സ് കൂടി വേണം. എന്നിലെ അത്തരം കുറവാകാം ഒരു കാരണം.

രണ്ടാമത്, ‘ഫോര്‍ ദ പീപ്പിള്‍’ പോലൊരു വിജയചിത്രത്തിലെ നായകനായി അഭിനയിച്ചു. എന്നാല്‍, പിന്നെ തുടര്‍ച്ചയായി വിജയചിത്രങ്ങളുടെ ഭാഗമാവുക എന്നൊരു കാര്യമുണ്ട്. അത് അക്കാലത്തുണ്ടായില്ല. ഒരു കാലഘട്ടത്തിന്റെ അവസാനം കൂടിയായിരുന്നു അത്, സിനിമയില്‍ മാറ്റങ്ങള്‍ വന്നു കൊണ്ടിരുന്ന ഒരു കാലം. ഇന്നത്തെ നല്ല സംവിധായകരൊക്കെ അന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ആയിരുന്നു.

ഞാന്‍ അഭിനയിച്ച ‘ക്വട്ടേഷന്‍’ എന്ന സിനിമ അന്ന് ഷൂട്ട് ചെയ്തത് മൂന്നു സിനിമോട്ടോഗ്രാഫര്‍മാര്‍ ആണ്- രാജീവ് രവി ആയിരുന്നു പ്രധാന ഛായാഗ്രഹകന്‍. ക്ലാഷ് വര്‍ക്ക് ചെയ്യാന്‍ അമല്‍ നീരദ്, മധു നീലകണ്ഠന്‍ എന്നിവരും ഉണ്ടായിരുന്നു. ആ ചിത്രത്തിന്റെ അസോസിയേറ്റ് അന്‍വര്‍ റഷീദായിരുന്നു. അന്നതിന്റെ അസിസ്റ്റന്റ് ക്യാമറമാന്‍ ആയിരുന്നു സമീര്‍ താഹിര്‍. അവരെല്ലാം ഇന്ന് സമകാലിക സിനിമയിൽ വലിയൊരു പങ്കു വഹിക്കുന്ന ആളുകളാണ്.

സജീവമായ അഭിനയത്തില്‍ നിന്നും ഗ്യാപ് വരാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അതില്‍ മറ്റൊന്ന്, മുഖ്യധാരയില്‍ നില്‍ക്കാനുള്ള പബ്ലിക് റിലേഷന്‍ ശ്രമങ്ങളൊക്കെ എന്റെ ഭാഗത്തു നിന്നും കുറവായിരുന്നു. സിനിമയും നമ്മള്‍ ചെയ്ത കഥാപാത്രങ്ങളും നമുക്ക് വേണ്ടി സംസാരിക്കും എന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല, നിരന്തരം അഭിമുഖം കൊടുക്കാനോ ആളുകളോട് ഇരുന്ന് സംസാരിക്കാനോ മാത്രം ‘വോളിയം ഓഫ് വര്‍ക്ക്’ ഞാന്‍ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നുമില്ല.

ഇടയ്ക്ക് ഒരു അപകടം പറ്റി എന്റെ വലതുകാല്‍ ഒടിഞ്ഞു. ഒരു വര്‍ഷത്തോളം കിടപ്പിലായിരുന്നു. ആ അപകടവും കരിയറില്‍ ബ്രേക്ക് ഉണ്ടാക്കുകയും ചില വേഷങ്ങള്‍ ചെയ്യാന്‍ പരിമിതികള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം കാര്യങ്ങളിലൂടെയൊക്കെ കടന്നു പോയിട്ടും സിനിമയില്‍ തന്നെ ജോലി ചെയ്യുന്നു, ഇവിടെ തന്നെ നില്‍ക്കാന്‍ ശ്രമിക്കുകയാണ്. നല്ല സിനിമകളും നല്ല വേഷങ്ങളും സംഭവിക്കുന്നത് വരെ നമ്മളിവിടെ തന്നെ നില്‍ക്കുക എന്നതാണ്.

 

ഒന്നിച്ച് സിനിമ സ്വപ്‌നം കണ്ട കൂട്ടുകാര്‍

സമീര്‍ താഹിര്‍, ഷൈജു ഖാലിദ് പോലുള്ള സുഹൃത്തുക്കളൊക്കെ ഒന്നിച്ച് സിനിമ സ്വപ്‌നം കണ്ടവരില്‍ ചിലരാണ്. നിരന്തരം സിനിമയെ കുറിച്ച് സംസാരിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്ത കൂട്ടായിരുന്നു അത്. ക്യാമറയ്ക്ക് പിറകിലെ സാങ്കേതിക വശങ്ങളായിരുന്നു അന്നൊക്കെ കൂടുതല്‍ ആകര്‍ഷിച്ചത്. അഭിനയത്തോടും ഒരിഷ്ടമുള്ളതു കൊണ്ടും അഭിനയം ആദ്യം തേടി വന്നതു കൊണ്ടുമാണ് നടനായി മാറിയത്. അന്നു കൂടെയുണ്ടായിരുന്ന ബാക്കി സുഹൃത്തുക്കളൊക്കെ ക്യാമറയ്ക്ക് പിറകിലേക്ക് പോവുകയാണ് ചെയ്തത്. ആ ഇടം ഇപ്പോഴും എന്നെ കൊതിപ്പിക്കുന്നുണ്ട്. നടനായി ജോലി ചെയ്യുന്ന ഇക്കാലം ഞാന്‍ ഉപയോഗിക്കുന്നത് എന്റെ സിനിമ സ്റ്റഡിയ്ക്ക് വേണ്ടിതന്നെയാണ്.

ഇപ്പോള്‍, ‘അഞ്ചാം പാതിര’യില്‍ അഭിനയിച്ചപ്പോഴുള്ള ഒരു സ്വകാര്യസന്തോഷം എന്റെ ഒരു സുഹൃത്തിന്റെ കൂടെ, ഇന്ന് വളരെ സക്സസ്ഫുള്‍ ആയി നില്‍ക്കുന്ന ഒരു സുഹൃത്തിനൊപ്പം (ഷൈജു ഖാലിദ്) വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നതാണ്. വളരെ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഞാനും ഷൈജുവും ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നത് ഇതാദ്യമായിട്ടാണ്, ഞങ്ങളിതു വരെ അതിനു ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. ഇതിപ്പോള്‍ യാദൃശ്ചികമായി ഒത്തു വന്നതാണ്.

ലൈഫില്‍ എടുത്തു പറയേണ്ട ഒരാള്‍ തന്നെയാണ് ഷൈജു. സിനിമ സ്വപ്‌നം കണ്ടു നടക്കുന്ന കാലത്ത് എനിക്ക് പരിചയമുള്ള ആദ്യത്തെ ‘ഇന്റര്‍നാഷണല്‍ സിനിമ വ്യൂവര്‍’ ഷൈജുവാണ്. ഇന്നത്തെ ‘ഡാറ്റാ ബേസ്’ ഒന്നും ലഭ്യമല്ലാതിരുന്ന അക്കാലത്തും, ഇന്നത്തെ ഒരു സിനിമ ഫ്രീക്ക് പയ്യന്റെ അറിവും നിരീക്ഷണവും ഷൈജുവിനുണ്ടായിരുന്നു. പുറത്തു നിന്ന് സിനിമ സ്വയം പഠിച്ചിട്ട്, കൃത്യമായി പരിണമിച്ച ആളായിട്ടാണ് എനിക്ക് ഷൈജുവിനെ തോന്നിയിട്ടുള്ളത്.

നമ്മള്‍ കോമോഴ്സിനോടും ശാസ്ത്രവിഷയങ്ങളോടുമെല്ലാം മല്ലിടുമ്പോള്‍ സിനിമ തന്നെ പഠനവിഷയമായി പഠിക്കാന്‍ ഭാഗ്യം കിട്ടിയ ‘അര്‍ജുനന്മാരായ’ ആളുകളോടാണ് തെല്ലൊരു അസൂയ തോന്നിയിട്ടുള്ളത്. എന്നാല്‍ ഷൈജുവൊക്കെ ഏകലവ്യനെ പോലുള്ള ആളുകളാണ്. പുറത്തു നിന്ന് സ്വയം പഠിച്ചവരാണ് അവര്‍. പണ്ട് സൗത്ത് ഇന്ത്യന്‍ സിനിമയില്‍, സിനിമോട്ടോഗ്രാഫിയില്‍ ബാലു മഹേന്ദ്രയ്ക്ക് സാധിച്ചത് ഇന്ന് മലയാള സിനിമയില്‍ ഷൈജുവിന് സാധിക്കുമെന്നാണ് എനിക്കു തോന്നുന്നത്, ചിലപ്പോള്‍ അതിനു മുകളില്‍ പോവാനും.

മലയാള സിനിമയില്‍ പ്രതീക്ഷയാവുന്നവര്‍

സിനിമയെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്താന്‍ പറ്റുന്ന സംവിധായകര്‍ ഇന്ന് നമ്മുടെ ഇന്‍ഡ്രസ്ട്രിയിലുണ്ട്. ഒപ്പം സിനിമയുമായി ബന്ധപ്പെട്ട മറ്റു സാങ്കേതികതകളും മികച്ചതാണ്. ഒരു കാലഘട്ടത്തില്‍ സമാന്തരസിനിമയുണ്ടാക്കിയ കെജി ജോര്‍ജ് സാർ, ഭരതന്‍ സാര്‍, ഹരിഹരന്‍ സാര്‍ അങ്ങനെ കുറേ ആളുകളുണ്ട്. അവരുടെയൊക്കെ സിനിമ ഇന്നത്തെ സാങ്കേതിക പ്രവര്‍ത്തകരെയും നൂതന സാങ്കേതികവിദ്യകളും അര്‍ഹിച്ചിരുന്നു എന്നെനിക്ക് തോന്നാറുണ്ട്. അന്ന് ചെയ്ത് വെച്ചത് മോശമാണെന്നല്ല പറയുന്നത്. എന്നിലെ സിനിമാ ആരാധകന്റെ തോന്നലുകളാണ് പറയുന്നത്.

കെജി ജോര്‍ജ് സാറിന്റെ ഒരു സിനിമ ഇന്നത്തെ ടെക്‌നിക്കല്‍ സൗകര്യങ്ങളോടെ ഷൈജു ഖാലിദ് ഷൂട്ട് ചെയ്താല്‍ എങ്ങനെയുണ്ടാകും എന്നു ആലോചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല വര്‍ക്കുകളും ഉഗ്രന്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അര്‍ഹിച്ചിരുന്നു എന്നു തോന്നിയിട്ടുണ്ട്. അതുപോലെ ഭരതൻ സാറിന്റെ ഒരു സിനിമ രാജീവ് രവിയോ മധു നീലകണ്ഠനോ ഷൂട്ട് ചെയ്തിരുന്നെങ്കില്‍ ടെക്‌നിക്കലി അതെങ്ങനെ വരുമായിരുന്നു എന്നാലോചിക്കാറുണ്ട്. അതെല്ലാം രണ്ടു കാലങ്ങളെയും കൗതുകത്തോടെ നോക്കി കാണുന്ന എന്റെ ഉളളിലെ സിനിമാ ആരാധകന്റെ തോന്നലുകളാണ്.

അതുപോലെ ലിജോ പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍, അന്‍വര്‍ റഷീദ്, ആഷിഖ് അബു, എബ്രിഡ് ഷൈൻ- ഇവരൊക്കെ ഒന്നാന്തരം ഫിലിംമേക്കേഴ്‌സ് ആണ്. മലയാള സിനിമയെ ഇനിയും ഉയരത്തില്‍ അന്തര്‍ദ്ദേശീയ തലത്തിലേക്ക് കൊണ്ടു പോവാന്‍ സാധിക്കുന്നവര്‍. പോരാത്തതിന് ഇവരെല്ലാം നിര്‍മാതാക്കള്‍ കൂടിയാണ്. പറയാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍, മറ്റൊരാളുടെ സഹായമില്ലാതെ, മറ്റൊരാള്‍ക്ക് റിസ്‌ക് കൊടുക്കാതെ, സ്വയം ഏറ്റെടുത്ത് ചെയ്യാന്‍ ധൈര്യം കാണിക്കുന്നവര്‍ കൂടിയാണ്. മലയാള സിനിമ ഏറ്റവും മനോഹരമായ ഒരു പിരീഡിലൂടെയാണ് കടന്നു പോവുന്നത്.

എഴുത്തിന്റെ കാര്യത്തിലാണെങ്കില്‍, പഴയ എഴുത്തുകാരാണ് മികച്ചത് എന്നു പറയാറുണ്ട്. ഞാന്‍ വിശ്വസിക്കുന്നത്, ഇന്നും നല്ല എഴുത്തുകാര്‍ നമുക്കുണ്ട് എന്നു തന്നെയാണ്. ഈ കാലം ആവശ്യപ്പെടുന്ന എഴുത്തുകാര്‍ ഇവിടെയുണ്ട്. രഘുനാഥ് പലേരി എനിക്കിഷ്ടമുള്ള ഒരു എഴുത്തുകാരനാണ്, അദ്ദേഹത്തിനൊപ്പം ഞാനിന്ന് കാണുന്ന ആളുകളാണ് ശ്യാം പുഷ്കരൻ, മുഹ്‌സിന്‍ പരാരി എന്നിവരൊക്കെ. അവർ ഇനിയെന്ത് സ്‌ക്രിപ്റ്റ് ആണ് കൊണ്ടു വരുന്നതെന്ന് ഞാന്‍ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. അതുപോലെ തന്നെ ഹാഷിര്‍ മുഹമ്മദിന്റെ കാര്യത്തിലും അത്തരമൊരു പ്രതീക്ഷയുണ്ട്.

പുതിയ സംവിധായകരില്‍ ആണെങ്കില്‍ ഖാലിദ് റഹ്മാന്‍, ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ ചെയ്ത ഗിരീഷ്. ഉഗ്രന്‍ സംവിധായകര്‍ വന്നു കൊണ്ടിരിക്കുകയാണ്. ഞാനൊക്കെ വന്ന കാലത്ത് ഇതു പോലെ തിരക്ക് അഭിനയിക്കാന്‍ എത്തുന്നവരുടെ കാര്യത്തിലാണ്. ഇന്ന് ഫിലിം മേക്കര്‍ ആവാനാണ് കൂടുതല്‍ തിരക്ക്. ഒന്നാന്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാന്‍ പോവുന്നു എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.

സത്യസന്ധമായി സിനിമയെ സമീപിക്കുന്ന, സിനിമയ്ക്ക് ഏറെ പ്രാമുഖ്യം കൊടുക്കുന്ന ഫിലിം മേക്കേഴ്‌സ് ഉണ്ടാവുക എന്നതാണ് സിനിമയ്ക്ക് വേണ്ട പ്രധാന ഘടകം. മാര്‍ക്ക് ചെയ്യപ്പെടുന്ന, പിന്നാലെ വരുന്നവര്‍ക്ക് പ്രചോദനമാവുന്ന സിനിമകള്‍ ധാരാളമായി ഉണ്ടാവണം എന്നാണ് ഒരു സിനിമാ ആസ്വാദകനെന്ന രീതിയില്‍ എന്റെ ആഗ്രഹം. നടനെന്ന രീതിയില്‍, ഇത്തരം ഫിലിംമേക്കേഴ്‌സിന്റെ സിനിമകളുടെ ഭാഗമാവാനാണ് ആഗ്രഹിക്കുന്നത്. കാരണം, നല്ല എഴുത്തുകാരുടെയും നല്ല സംവിധായകരുടെയും കയ്യില്‍ പെടുക എന്നതാണ് ഒരു നടനെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം.

Read Here: പരാജയപ്പെട്ട സിനിമകളാണ് ശരികളിലേക്ക് നയിച്ചത്:  ജയസൂര്യയുമായി ദീര്‍ഘസംഭാഷണം

Get the latest Malayalam news and Interview news here. You can also read all the Interview news by following us on Twitter, Facebook and Telegram.

Web Title: Malayalam actor arun long interview

Next Story
ഈ ചിത്രത്തിന്റെ ആദ്യ ഷോ പ്രേക്ഷകര്‍ക്കൊപ്പം കാണണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു: കുഞ്ചാക്കോ ബോബന്‍Kunchacko Boban, കുഞ്ചാക്കോ ബോബൻ, Anjaam Pathira, അഞ്ചാം പാതിര, Kunchacko boban Anjaam Pathira, Kunchacko boban latest films, Kunchacko boban photos. Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com