ഗംഗയും നാഗവല്ലിയും നകുലനും ഡോക്ടർ സണ്ണിയും ഭാസുരയും കാട്ടുപറമ്പനുമൊന്നും മലയാളിയ്ക്ക് ഇന്ന് വെറും കഥാപാത്രങ്ങളല്ല. ഒന്നുറഞ്ഞു തുള്ളിയാൽ ഏതു ഗംഗയും ഞൊടിയിടയിൽ നാഗവല്ലിയായി മാറും, ഇരുട്ടുകൊണ്ടോ നിഴൽ കൊണ്ടോ നിഗൂഢത കൊണ്ടോ ഭയപ്പെടുത്തുന്ന ഏതു വീടും എത്രപെട്ടെന്നാണ് നമുക്ക് മാടമ്പിള്ളി മേടയായി മാറുന്നത്. പരശതം ‘മണിച്ചിത്രത്താഴ്’ റഫറൻസുകളാൽ സമ്പന്നമാണ് ഓരോ മലയാളിയുടെയും ജീവിതം. ‘മണിച്ചിത്രത്താഴ്’ റിലീസ് ചെയ്തിട്ട് 29 വർഷം പിന്നിടുമ്പോഴും ചിത്രത്തെ കുറിച്ചുള്ള ചർച്ചകളും വ്യാഖാനങ്ങളും പുനർവായനകളും സജീവമാണ്. ഇതുപോലൊരു ചിത്രം ഇനിയുണ്ടാവുമോ എന്നുപോലും സംശയം തോന്നിപ്പിക്കുന്നത്രയും വലിപ്പമുണ്ട് ‘മണിചിത്രത്താഴ്’ ഉണ്ടാക്കിവച്ച ഇംപാക്റ്റിന്. ചിത്രത്തിന്റെ സ്രഷ്ടാക്കളും പ്രേക്ഷകരുമൊക്കെ ആദ്യ കാഴ്ചയിൽ കണ്ട വലിപ്പമല്ല, അതിലുമേറെ ആഴവും പരപ്പും ആർജിച്ച് മൂന്നു ദശാബ്ദത്തിലേറെയായി മലയാളികളുടെ ജീവിതത്തോട് ചേർന്നു നിൽക്കുകയാണ് ഈ ചിത്രം. ഒരാൽമരം പോലെ സ്വയം വിടർന്നുപന്തലിച്ച് അതിന്റെതായ ഭൂമിയും ആകാശവും ‘മണിച്ചിത്രത്താഴ്’ എന്നേ സ്വന്തമാക്കി കഴിഞ്ഞു.
“കഥയല്ല, ആശയമാണ് ആദ്യമുണ്ടാവുന്നത്. ചാത്തനേറ് എന്ന ആശയത്തിൽ നിന്നുമാണ് ‘മണിച്ചിത്രത്താഴിന്റെ’ കഥ പിറക്കുന്നത്. ഒന്നും ശൂന്യതയിൽ നിന്നും ഉണ്ടാക്കുന്നില്ലല്ലോ, നമ്മുടെ സാമൂഹിക ബോധവുമായി ബന്ധപ്പെട്ടാണ് കഥകളുണ്ടാവുന്നത്. നമ്മൾ എഴുതാനായി ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളുമൊക്കെ എത്രയോ പുരുഷാന്തരങ്ങളായി ഉപയോഗിച്ചു വരുന്നവയാണ്. ബാധ, പ്രേതം എന്നിവയൊന്നും നമ്മൾ ഉണ്ടാക്കിയതല്ല, അതിന്റെ പരിഹാരമെന്നു പറയുന്ന മന്ത്രവാദമോ അല്ലെങ്കിൽ സൈക്കോളജിയോ ഒന്നും. എല്ലാ കലാസൃഷ്ടിയും ആത്യന്തികമായി സാമൂഹിക ബോധത്തിന്റെ വ്യഖ്യാനമാണ്. റോ മെറ്റീരിയൽ മുതൽ എല്ലാം പൊതുവകയാണ്. ഇങ്ങനെ സൂക്ഷ്മമായി ചിന്തിക്കുമ്പോൾ ഒന്നും നമ്മുടേതല്ല, എല്ലാറ്റിന്റെയും അടിസ്ഥാനം സാമൂഹികബോധമാണ്. ഒരു ആശയമുണ്ടാവുകയും, അതിലേക്ക് സാമൂഹിക ബോധത്തിൽ നിന്നു കിട്ടിയ അറിവുകളെ സന്നിവേശിപ്പിക്കുകയായിരുന്നു ‘മണിച്ചിത്രത്താഴി’ലും. അമ്മ പറഞ്ഞ ചില കഥകളും ‘മണിച്ചിത്രത്താഴിന്റെ’ എഴുത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്,” ‘മണിച്ചിത്രത്താഴി’ന്റെ എഴുത്തുവഴികൾ ഓർത്തെടുത്ത് മധു മുട്ടം പറഞ്ഞുതുടങ്ങി.
“80 ശതമാനത്തോളം സ്ക്രിപ്റ്റ് എന്റെ മനസ്സിൽ രൂപപ്പെട്ടതിനു ശേഷമാണ് ഫാസിലിനോട് അവതരിപ്പിക്കുന്നത്. തുടർ ചർച്ചകളിൽ സിനിമയുടെ ഫോർമാറ്റിലേക്ക് വഴങ്ങുന്നതും വഴങ്ങാത്തതുമായ നിർദ്ദേശങ്ങൾ കടന്നുവന്നു, കൂടുതൽ വ്യക്തതയും. ഷൂട്ടിംഗിനു മുൻപു തന്നെ പൂർണ്ണമായ സ്ക്രിപ്റ്റ് കൈമാറി കഴിഞ്ഞിരുന്നു. എൻ എൻ പിള്ള നാടക ദർപ്പണത്തിൽ പറയുന്നതു പോലെ, റിഹേഴ്സൽ തുടങ്ങി കഴിഞ്ഞാൽ പിന്നെ അതിന്റെ അടുക്കലേക്ക് അടുപ്പിക്കാൻ പാടില്ലാത്ത ഒരാളുണ്ട്, അത് നാടകകൃത്താണ്. (ചിരിക്കുന്നു) അയാൾ ശല്യം ചെയ്യാൻ തുടങ്ങും, ഒന്നും സമ്മതിക്കില്ല. അതുപോലെയാണ് തിരക്കഥാകൃത്തിന്റെ കാര്യവും, തിരക്കഥാകൃത്തിൽ നിന്നും എല്ലാം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെയത് സംവിധായകന്റെ തട്ടകമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ കൈമാറ്റത്തിനു മുൻപ് മുഴുവനായ സ്ക്രിപ്റ്റ്, ചർച്ചകൾ, ഏറ്റുവാങ്ങലുകൾ എല്ലാം നടന്നിരിക്കണം. അത് മണിച്ചിത്രത്താഴിന്റെ കാര്യത്തിൽ ഉണ്ടായിരുന്നു. ആത്മവിശ്വാസം ദൃഢമായിരുന്നു ഫാസിലിന്റെ കാര്യത്തിൽ. ഷൂട്ടിംഗ് സമയത്ത് വളരെ കുറച്ചു അവസരങ്ങളിൽ മാത്രമാണ് ഞാൻ ലൊക്കേഷനിൽ പോയത്.”
പ്രതീക്ഷകൾക്ക് അപ്പുറം സഞ്ചരിച്ച സിനിമയെന്ന് ഫാസിൽ ‘മണിച്ചിത്രത്താഴിനെ’ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. ചിത്രത്തിനു കിട്ടിയ അപൂർവ്വമായ ഈ സ്വീകാര്യത എപ്പോഴെങ്കിലും അമ്പരപ്പിച്ചിട്ടുണ്ടോ?
ആ സ്വീകാര്യതയിൽ എനിക്കേറെ സന്തോഷമുണ്ട്. എന്തു കൊണ്ട് ഇത്ര കാലം നിന്നു എന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ അതിന്റെ ദൃശ്യപാഠം പഠിച്ച് അവതരിപ്പിച്ചിട്ടുണ്ട് മേക്കേഴ്സ് എന്നാണ് എന്റെ ഉത്തരം. അതിന്റെ ക്രെഡിറ്റ് ഫാസിലിനും അണിയറപ്രവർത്തകർക്കും കൊടുക്കണം. എഴുതിയ വാക്കുകൾക്ക് അപ്പുറം തങ്ങൾക്ക് വഴങ്ങുന്ന, സമൂഹത്തിന് മനസ്സിലാവുന്നൊരു ദൃശ്യപാഠം കണ്ടെത്തുന്നതിൽ അവർ പൂർണമായി വിജയിച്ചു.
‘മണിച്ചിത്രത്താഴിന്റെ’ വിജയത്തിന്, വേറെയുമുണ്ട് കാരണങ്ങൾ. അന്നത്തെ കാലം, പ്രേക്ഷകരുടെ മനോഭാവം, തിയേറ്ററിൽ ലഭിച്ച പ്രതികരണം, അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വൈഭവം. മൂന്നാമത്തെ സുപ്രധാന ഘടകം പ്രേക്ഷകരാണ്, ചിത്രത്തെ അവരേറ്റുവാങ്ങിയ രീതി, അവരുടെ വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ. ചിത്രത്തിന്റെ ദൃശ്യരചനാപാടവം, അതിനകത്തെ ഡ്രാമ, ആനുകാലികമായ വ്യാഖ്യാന സാധ്യതകൾ, പുനർ കാഴ്ചകളിൽ പുതിയതെന്തോ കണ്ടെത്താനുള്ള പഴുതുകൾ, ഇടങ്ങൾ എല്ലാം മണിചിത്രത്താഴിന്റെ ജനപ്രീതിയ്ക്ക് കാരണമായി മാറിയിട്ടുണ്ടാവുമെന്നാണ് ഞാൻ വിചാരിക്കുന്നത്. നമ്മളെന്തോ എഴുതിയെന്നേ പറയാനുള്ളൂ, പിന്നീട് അതിന് കനം വെപ്പിക്കുന്നതൊക്കെ പ്രേക്ഷകരുടെ വേറിട്ട വായനകളും വ്യാഖ്യാനങ്ങളുമാണ്.

മലയാളത്തിൽ മാത്രം ഒതുങ്ങിനിന്നില്ല ‘മണിച്ചിത്രത്താഴ്,’ അഞ്ചു ഭാഷകളിൽ റീമേക്ക് ഉണ്ടായി. റീമേക്കുകളിലൊന്നും ചിത്രത്തിന്റെ ആത്മാവില്ലെന്ന രീതിയിൽ വിമർശനങ്ങൾ പരക്കെ ഉയർന്നിരുന്നു. ‘മണിച്ചിത്രത്താഴ്‘ റീമേക്കുകളെ എങ്ങനെയാണ് നോക്കി കാണുന്നത്?
എല്ലാം ഞാൻ കണ്ടിട്ടില്ല, തമിഴ് റീമേക്ക് മാത്രമാണ് കണ്ടത്. ആ റീമേക്കുകൾ മോശമാണെന്ന് നമ്മൾ പറയുന്നതിലും ഇങ്ങനെ വേണമെന്ന് ശാഠ്യം പിടിക്കുന്നതിലും അർത്ഥമില്ല. അത് അവരുടെ കുഴപ്പമല്ല, ഉദാഹരണത്തിന് തമിഴിന് അവരുടേതായൊരു ഭാവുകത്വമുണ്ട്. അതങ്ങനെ കൊടുത്താലേ സ്വീകരിക്കപ്പെടൂ, മലയാളികളുടെ ഭാവുകത്വത്തിന് അനുസരിച്ച് അവതരിപ്പിച്ചാൽ അതവിടെ സ്വീകരിക്കപ്പെടണമെന്നില്ല. തമിഴ് മാത്രമല്ല, എല്ലാ ഭാഷാ റീമേക്കുകളുടെയും കാര്യത്തിൽ അതേ പറയാനുള്ളൂ. അവരുടെ ഭാവുകത്വത്തെ തൃപ്തിപ്പെടുത്തുന്ന ട്രീറ്റ്മെന്റാണ് ഓരോരുത്തരും സ്വീകരിച്ചത്.
നാഗവല്ലി, ഭാസുര, നകുലൻ, അല്ലി – ‘മണിചിത്രത്താഴിലെ’ പേരുകളിലുമുണ്ട് അപൂർവ്വത?
കഥാപാത്രങ്ങൾക്ക് പേരു നൽകുമ്പോൾ അവയുടെ കഥാപരമായ ചില ധ്വനികൾക്കായി ഞാൻ ധ്യാനിക്കാറുണ്ട്. ജീവിതപരിസരങ്ങളിൽ കേട്ടു മറന്ന പേരുകളൊക്കെ തന്നെയാണ് അല്ലിയും ഭാസുരയുമൊക്കെ. ഉള്ളതും എന്നാൽ അത്ര സുലഭമല്ലാത്തതുമായവ എന്ന രീതിയിലാണ് ആ പേരുകളെ സമീപിച്ചത്.
ഒരു ‘കൾട്ട് – ക്ലാസിക്’ എന്ന രീതിയാലാണ് ‘മണിച്ചിത്രത്താഴ്’ ഇന്ന് ചർച്ച ചെയ്യപ്പെടുന്നത്. ധാരാളം പുനർവായനകളും ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്നു? ഗംഗ- നകുലൻ ദാമ്പത്യത്തിലെ അസ്വസ്ഥകളോ അതൃപ്തികളോ ആവാം ഗംഗയിൽ മാനസിക വിക്ഷോഭങ്ങളായി മാറിയതെന്നൊക്കെ സമീപകാലങ്ങളിൽ ചില വ്യാഖ്യാനങ്ങൾ കണ്ടിരുന്നു, മനശാസ്ത്രപരമായ പുനർവായനകൾ. ഇതിനെയെല്ലാം എങ്ങനെയാണ് നോക്കി കാണുന്നത്?
‘മണിച്ചിത്രത്താഴ്’ പുനർവായനകളെ കുറിച്ച് പലരും പറഞ്ഞ് ഞാനും കേട്ടു. അതെല്ലാം ആസ്വാദകരുടെ അവകാശമാണ്. കാലാകാലങ്ങളിൽ വേണ്ട തിരുത്തലുകൾ അവർ വരുത്തും. ഞാനും അതിന്റെ വിനീതനായൊരു വ്യാഖ്യാതാവു മാത്രമാണ്. ഞാൻ നേരത്തെ പറഞ്ഞില്ലേ, എല്ലാ കലാസൃഷ്ടിയും ആത്യന്തികമായി സാമൂഹിക ബോധത്തിന്റെ വ്യഖ്യാനമാണ്. റോ മെറ്റീരിയൽ മുതൽ എല്ലാം പൊതുവകയാണ്. അങ്ങനെ നോക്കുമ്പോൾ കർത്തൃത്വം എന്നു പറയുന്നത് സമൂഹത്തിന് വിഭജിച്ചു കൊടുക്കാനുള്ളതേയുള്ളൂ. പിന്നെ ചിത്രത്തിലെ മനശാസ്ത്രപരമായ വശങ്ങൾ, സൈക്കോളജിയെ ഒരു ഉപകരണമായാണ് ‘മണിച്ചിത്രത്താഴിൽ’ സമീപിച്ചിരിക്കുന്നത്.
ഒരു സൃഷ്ടിയും ഒരെഴുത്തുകാരനെ പൂർണമായി സംതൃപ്തനാക്കണമെന്നില്ല, പിന്നീട് കാണുമ്പോൾ മാറ്റം വരുത്താമായിരുന്നുവെന്നോ ഒഴിവാക്കാമായിരുന്നെന്നോ തോന്നിയേക്കാവുന്ന കഥാസന്ദർഭങ്ങളോ സംഭാഷണങ്ങളോ ഒക്കെയുണ്ടാവും. വേറൊരു കാലത്താണ് ‘മണിച്ചിത്രത്താഴ്‘ എഴുതുന്നതെങ്കിൽ വന്നേക്കാമായിരുന്ന മാറ്റങ്ങൾ?
ഒരു നദീപ്രവാഹം പോലെയാണ് ഞാനെഴുത്തിനെ കാണുന്നത്. നമ്മളെന്തോ എഴുതി, അത് ഒഴുകിപ്പോയി. അന്നത്തെ തിര, ഞാൻ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിയ ജലം… അതില്ല ഇപ്പോൾ. പിന്നെ എന്തിനാണ് നവീകരിക്കുന്നത്? കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ നദിക്കില്ലല്ലോ. നദി തുടരെ നവീകരിച്ചു കൊണ്ടേയിരിക്കുന്നു. അതുപോലെ നമ്മളും നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
പിന്നെ കലാസൃഷ്ടി എന്നു പറയുന്നത് അപൂർണതാബോധമാണ്. അത് സ്വാഭാവികമായും സദാ പൂർണ്ണതയെ തേടുന്നു. (അതു കൊണ്ടാണ് ആർഷസാഹിത്യമൊക്കെ അവസാനം പോയി മൗനത്തിൽ കലാശിക്കുന്നതും എഴുത്തുകാരൻ മുനിയായി മാറുന്നതും). അപൂർണത എന്നും അസ്വസ്ഥമാണ്. ആ അസ്വാസ്ഥ്യമാണ് അതിന്റെ ചലനപരത. ഈ പ്രപഞ്ചം മുഴുവൻ ചലിച്ചു കൊണ്ടിരിക്കുകയാണ്, ഒരു നിമിഷം പോലും നിന്നു പോവുന്നില്ലല്ലോ. അതിന്റെതായൊരു ചുണയുണ്ട്, അതിന്റെ പേരാണ് ഗംഗ, സദാ ഗമിക്കുന്നത്, ഊർജ്ജമാണത്, ശക്തിയാണ്, പ്രകൃതിയാണത്, അത് സ്ത്രീത്വമാണ്. ഉച്ഛൃംഖലമാണത്. അതിന്റെ സ്വകീയമായ കാരുണ്യത്തിനല്ലാതെ പുറമേ നിന്നുള്ള കരുത്തിന് അതിനെ തളയ്ക്കാനാകില്ല. കാരണം ഇക്കണ്ട കരുത്തെല്ലാം ‘അവൾ’ തന്നെയാണല്ലോ. ഇതെല്ലാം ചിത്രത്തിൽ അന്തർലീനമായി കിടപ്പുണ്ട്.
‘മണിച്ചിത്രത്താഴിലെ’ ഇഷ്ട സീനുകൾ?
ഒരു വിഷയം ഡയറക്ടർക്ക് പരിചയപ്പെടുത്തി കഴിഞ്ഞാൽ ഡയറക്ടർ അതെങ്ങനെയാണ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് എന്നത് പ്രധാനമാണ്. ഡയറക്ടോറിയൽ വർക്കിന്റെതായ ഒരു വൈഭവമാണ് ഇതിനെല്ലാം അടിസ്ഥാനം, ഡയറക്ടർ പകർന്നുകൊടുക്കുന്നത് ഏറ്റു വാങ്ങാൻ പ്രതിഭയുള്ള നടീനടന്മാർ അതിനെ നിർദ്ദിഷ്ടമായ രീതിയിൽ അവരുടേതായ ശൈലിയിൽ വ്യാഖ്യാനിക്കുന്നു. അതിനെ ആസ്വാദകർ വീണ്ടും വ്യാഖ്യാനിക്കുന്നു, സർവ്വത്ര വ്യാഖ്യാനമാണ് പിന്നെ. കൺമുന്നിലുള്ള പാഠത്തെ എല്ലാവരും അവരുടേതായ രീതിയിൽ- അവരുടെ മനസ്സിന്റെയും അറിവിന്റെയും സങ്കോച- വികാസങ്ങൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയാണ്. ചുരുക്കത്തിൽ ഡയറക്ഷൻ, നടീനടന്മാരുടെ വൈഭവം, ഡയറക്ഷൻ, മേക്കപ്പ്, ആർട്ട് എന്നിവ ഒരുക്കിയ കലാകാരൻമാരുടെ വ്യാഖ്യാപാടവം… ഒടുവിൽ അനുകൂലമാകുന്ന ആസ്വാദകശ്രദ്ധ- ഇവ എല്ലാം കൂടി ശരിയായ അനുപാതത്തിൽ ചേരുന്നതാണ് ഒരു സിനിമയുടെ വിജയത്തിന് ആധാരം.
‘മണിച്ചിത്രത്താഴ്’ എന്നുമെനിക്ക് കാണാനിഷ്ടമുള്ള ചിത്രമാണ്. പലരും എന്നോട് ചിത്രത്തിലെ ആ കുളിമുറി സീനിനെ കുറിച്ച് പറയാറുണ്ട്. ആ സീനിൽ യഥാർത്ഥത്തിൽ കെപിഎസി ലളിതയില്ലല്ലോ. പക്ഷേ ശബ്ദം കൊണ്ട് അവർ ഉണ്ടാക്കിയ ഒരു പശ്ചാത്തലം… അതു വളരെ കൗതുകമായ കാര്യമാണ്.

ആസ്വാദനത്തിന്റെ ചില മാനസഭൂമികകളുണ്ട്, ആനുകൂല്യങ്ങളുണ്ട്. സോഷ്യൽ മീഡിയയുടെ സാന്നിധ്യം, ടെലിവിഷനിൽ ആവർത്തിച്ചു വരുന്നതുവഴിയുള്ള തുടരെ കാണൽ തുടങ്ങിയ ആനുകൂല്യങ്ങളൊക്കെ ആസ്വാദനത്തിന് പുതിയ തലങ്ങൾ സമ്മാനിക്കുന്നു. ചിത്രമിപ്പോഴും നിലനിന്നുപോവുന്നതിനുള്ള പല കാരണങ്ങളാണ് ഇതൊക്കെ. പിന്നെ ആനുകാലികമായി കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള ചിത്രത്തിന്റെതായൊരു ശേഷി. പുതിയ കുട്ടികളെ വരെ ആ ചിത്രം രസിപ്പിക്കുന്നുവെങ്കിൽ, അത്തരം സാധ്യതയുടെ ഇടങ്ങൾ ചിത്രത്തിൽ നിലനിൽക്കുന്നു എന്നു തന്നെയാണ് കാണിക്കുന്നത്.
പുതിയ കാലം, പുതിയ തലമുറ പുതിയ ഭാഷ്യങ്ങളുമായി വരുമ്പോഴാണ് ‘ഞാനുണ്ടാക്കിയ കഥ’ എന്ന പറച്ചിൽ നിരർത്ഥകമാകുന്നത്. സിനിമയുടെ ഓരോ കാഴ്ചയിലും കാണികൾ പുതിയ കഥകൾ രചിച്ചു കൊണ്ടേയിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ സിനിമയും നോവലും കഥകളുമൊക്കെ എഴുതിക്കഴിയുന്നില്ല. പിന്നെ അതു ആസ്വാദകരുടെ വിശകലനത്തിലൂടെ, കണ്ടെത്തലുകളിലൂടെ തുടർന്നു കൊണ്ടേയിരിക്കുന്നു. അതിൽ ആദ്യത്തെ എഴുത്തുകാരന് എന്തു കാര്യം?!
ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ ഗാനങ്ങളിലൊന്നാണ് ‘വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും,’ എന്നു തുടങ്ങുന്ന ഗാനം. ഒരു സ്ത്രീയുടെ മനസ്സുണ്ട് ആ പാട്ടിലെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും…
അതങ്ങനെ തോന്നുന്നത്, അതിന്റെ പ്ലെയ്സിംഗ് കൊണ്ട് കൂടിയാണ്. ഉദാഹരണത്തിന് ഒരു മാലയെ കുറിച്ചോർത്തുനോക്കൂ, അത് പുരുഷനിട്ട് നടക്കുമ്പോൾ അങ്ങനെ, സ്ത്രീ അണിഞ്ഞു നടക്കുമ്പോൾ വേറെ രീതിയിൽ. അല്ലാതെ മാലയ്ക്ക് മാത്രമായി സ്ത്രീത്വമുണ്ടോ? പിന്നെ സ്ത്രീയെ ‘കാണാ’നാണു പുരുഷപക്ഷത്തിനു കൗതുകം. പാട്ടിലും ഒരു സ്ത്രീ വരുമ്പോൾ സ്ത്രീപക്ഷത്തു കാണാനാവും പ്രേക്ഷകർക്കിഷ്ടം. കാത്തിരിക്കൽ സ്ത്രൈണം, തേടിയിറങ്ങൽ പൗരുഷം എന്ന പഴയ നിലപാടും ഓർക്കുക.
ആദ്യം അതൊരു കവിത പോലെയാണ് എഴുതിയത്, പ്രസിദ്ധീകരിച്ചു വരികയും ചെയ്തു. അതു കണ്ടിട്ട് പ്രമേയബന്ധം ഉള്ളതിനാൽ ഫാസിൽ അതു ചിത്രത്തിലേക്ക് എടുക്കുകയാണുണ്ടായത്. സിനിമയുടെ അവസാനം ആ പാട്ട് വീണ്ടും ആവർത്തിച്ചു വരുന്നുണ്ട്, അവിടെ പക്ഷേ വരികൾ വേറെയാണ്. ആ നാലു വരികൾ പിന്നീട് എഴുതിയതാണ്. പ്രതീക്ഷയില്ലാത്ത കാത്തിരിപ്പാണല്ലോ ആദ്യത്തേത്. പിന്നീട് അതിലേക്ക് പ്രത്യാശ നൽകികൊണ്ട് കൂട്ടിച്ചേർത്തതാണ് റ്റെയിൽ എൻഡിലെ ആ വരികൾ.
‘കൊതിയോടെ ഓടിപ്പോയി പടിവാതിലിൽ ചെന്നെൻ മിഴിരണ്ടും നീട്ടുന്ന നേരം,
നിറയെ തളിർക്കുന്നു, പൂക്കുന്നു, കായ്ക്കുന്നു കനവിന്റെ തേന്മാവിൻകൊമ്പ്,
എന്റെ കരളിലെ തേന്മാവിൻകൊമ്പ്…’