യുവതാരങ്ങളിൽ ശ്രദ്ധേയയായ സാന്നിധ്യമാണ് ലിയോണ ലിഷോയ്. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ആൻ ശീതൾ, ലിയോണ എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ച ‘ഇഷ്ക്’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തെ കുറിച്ചും തന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും പ്രിയപ്പെട്ട ചിത്രങ്ങളെ കുറിച്ചും ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് ലിയോണ.
മരിയ എന്ന കഥാപാത്രമാകാൻ ധൈര്യം പകർന്നത് സംവിധായകൻ അനുരാജ് മനോഹറും തിരക്കഥാകൃത്ത് രതീഷ് രവിയുമാണെന്നാണ് ലിയോണ പറയുന്നത്. ”ഞാൻ ചെയ്യാത്ത ക്യാരക്ടറാണെന്നും എനിക്ക് ചെയ്യാൻ പറ്റുമെന്നും പറഞ്ഞത് അനുരാജേട്ടനാണ്. എനിക്ക് ധൈര്യം പകർന്നത് അനുരാജേട്ടന്റെയും രതീഷേട്ടന്റെയും വിശ്വാസമായിരുന്നു. എന്റെ കഥാപാത്രം മരിയ നന്മയുളള വ്യക്തിയാണ്. ഇഷ്കിന്റെ കഥ വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ അനുരാജേട്ടനെ വിളിച്ചു, ചില ഡയലോഗുകളൊക്കെ ഭയങ്കര കട്ടിയായിരുന്നു, മാത്രമല്ല മോശം പദപ്രയോഗങ്ങളും ഉണ്ടായിരുന്നു. സിനിമ കാണുന്നവർക്ക് ഇതു ഇഷ്ടമാകുമോയെന്ന് അനുരാജേട്ടനോട് ഞാൻ ചോദിച്ചിരുന്നു. പിന്നീട് എനിക്ക് തോന്നി പ്രേക്ഷകരോട് പറയേണ്ട കഥയാണിതെന്ന്. പ്രേമിച്ചു നടന്നവർക്കെല്ലാം ‘ഇഷ്കി’ലെ പോലെ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാവും,” ലിയോണ പറഞ്ഞു.

”ഞാൻ തിരഞ്ഞെടുത്ത സിനിമകളൊക്കെ എന്നെ വിശ്വസിച്ച് ഏൽപ്പിച്ചവയാണ്. സിനിമയുടെ പുറകേ ഞാൻ പോയിട്ടില്ല. എല്ലാം വന്നു ചേർന്നവയാണ്, ഇഷ്കും അതുപോലെയാണ്,” ലിയോണ കൂട്ടിച്ചേർക്കുന്നു. ”ഇഷ്കിന്റേത് ഭൂരിഭാഗവും നൈറ്റ് ഷൂട്ടായിരുന്നു. എന്റെ ഷൂട്ടിന്റെ സമയമായപ്പോഴേക്കും ഷെയ്നിന്റെയും (ഷെയ്ൻ നിഗം), ഷൈനിന്റെയും (ഷൈൻ ടോം ചാക്കോ), ആനിന്റെയും (ആൻ ശീതൾ) ഷൂട്ട് ഏകദേശം കഴിഞ്ഞിരുന്നു. അപ്പോഴേക്കും അവർക്ക് നൈറ്റ് ഷൂട്ട് ബുദ്ധിമുട്ടില്ലാതായി. പക്ഷേ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഷെയ്നും ഷൈനും ഷൂട്ട് കഴിഞ്ഞാലും ക്യാരക്ടറിനുളളിലാണ്. എന്റെ ഷൂട്ട് കഴിയുമ്പോൾ എനിക്ക് സംസാരിക്കാൻ ആരുമില്ലായിരുന്നു. അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഞാൻ കുറേ കാര്യങ്ങൾ പഠിച്ച സിനിമയായിരിക്കും ഇഷ്ക്.”
‘ആൻ മരിയ കലിപ്പിലാണ്’, ‘മായാനദി’, മറഡോണ’, ‘അതിരൻ’ തുടങ്ങി നിരവധിയേറെ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ലിയോണയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളെടുത്താൽ അതിൽ പ്രധാനം മോഹൻലാലിന്റെയും മഞ്ജുവാര്യരുടെയും ചിത്രങ്ങൾ തന്നെ. ” വാനപ്രസ്ഥം, കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാൻ- മൊത്തം ആ കോമ്പിനേഷൻ ആയോ, ലാലേട്ടൻ അല്ലെങ്കിൽ മഞ്ജുവാര്യർ അതാണ് ഇഷ്ടം,” ലിയോണ പറയുന്നു.
ഒറ്റയ്ക്കാവാൻ ഇഷ്ടമില്ല
എനിക്ക് ഡിപ്പൻഡന്റ് ആവാൻ ഇഷ്ടമാണ്. ഡിപ്പൻഡന്റ് ആവാൻ പറ്റുന്ന ഒരാളെങ്കിലും എന്റെ സൈഡിൽ എപ്പോഴും വേണം. എനിക്ക് തനിച്ച് ഭക്ഷണം കഴിക്കാൻ പറ്റില്ല. പൊതുവെ തനിച്ചിരിക്കാൻ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ, എപ്പോഴും ആരെങ്കിലും കൂടെ വേണം. ചിലർ സോളോ ട്രിപ്പ് ഒക്കെ പോവില്ലേ, എനിക്കങ്ങനെ ആലോചിക്കാൻ കൂടി പറ്റില്ല. ഒരു ഇൻഹിബിഷനും ഇല്ലാതെ, ഓപ്പണായി, ഏതു ഇമോഷനും എക്സ്‌പ്രസ് ചെയ്യാൻ പറ്റുന്ന ഒരാൾ ലൈഫ് ലോങ്ങ് എന്റെ കൂടെ വേണം, അതെനിക്ക് നിർബന്ധമാണ്. സുഹൃത്തോ ബോയ് ഫ്രണ്ടോ ചേട്ടനോ അങ്ങനെ ആരെങ്കിലും ഒരാൾ വേണം.

അച്ഛന്റെ സ്വാധീനം
അച്ഛൻ സിനിമയിൽ അധികമൊന്നും എന്നെ സ്വാധീനിച്ചിട്ടില്ല. അച്ഛൻ വീട്ടിൽ അച്ഛൻ തന്നെയായിരുന്നു, സിനിമാക്കാരൻ എന്ന പോലെ പെരുമാറുകയോ അധികം സിനിമാ ബന്ധങ്ങളോ ഒന്നും ഇല്ല അച്ഛന്. അച്ഛന്റെ സുഹൃത്തുക്കൾ കൂടുതലും സിനിമയ്ക്ക് പുറത്തുള്ള ആളുകളാണ്. നാടകമാണ് അച്ഛന് കൂടുതൽ ഇഷ്ടം. അച്ഛന്റെ സിനിമാ സെറ്റുകളിലേക്കാളും ഞാൻ കൂടുതൽ പോയിട്ടുള്ളത് അച്ഛന്റെ നാടക ക്യാമ്പുകളിലാണ്. അതിനെ കുറിച്ച് എനിക്ക് എന്തെങ്കിലും ഐഡിയയുണ്ടായിരുന്നു, പക്ഷേ സിനിമയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഞാൻ ശരിക്കും ഒരു ന്യൂ കമർ തന്നെ ആയിരുന്നു സിനിമയിൽ വരുമ്പോൾ.
അച്ഛന്റെ സ്വാധീനം എന്നു പറയുന്നത്, സിനിമയെ കുറച്ചു കൂടി നന്നായി അച്ഛനറിയാം എന്നതാണ്. എന്നേക്കാളും അച്ഛന് ആളുകളെ അറിയാം. എനിക്ക് പലരെയും അറിയില്ല. അതൊക്കെ അച്ഛൻ പറഞ്ഞു തരും. ഇപ്പോഴത്തെ ആളുകളാണെങ്കിൽ ഞാൻ അച്ഛനു പറഞ്ഞു കൊടുക്കും. പഴയ ആളുകളാണെങ്കിൽ അച്ഛൻ എനിക്കു പറഞ്ഞു തരും. ഞങ്ങളൊരു മ്യൂച്ചൽ അണ്ടർസ്റ്റാൻഡിംഗിൽ പോവുകയാണ്.
ആദ്യകാലത്ത് ഓഫർ വരുമ്പോൾ അച്ഛൻ സെലക്ഷന്റെ കാര്യമൊക്കെ പറയുമായിരുന്നു. പിന്നെ ഞാൻ സ്വയം പഠിച്ചു. നിനക്കിഷ്ടമുള്ളത് ചെയ്തോളൂ എന്നൊരു സ്പെയ്സ് അദ്ദേഹം തന്നു. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ഉള്ള ഫ്രീഡം അന്നും ഇന്നും അച്ഛൻ തന്നിട്ടുണ്ട്.
അമ്മയാണ് ഞങ്ങളുടെ വിമർശക
വളരെ മൈന്യൂട്ട് ആയ കാര്യങ്ങൾ വരെ അമ്മ ശ്രദ്ധിക്കും. ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ മുടി മുതൽ വിരൽത്തുമ്പുവരെയുള്ള സകല കാര്യങ്ങളും അമ്മ ശ്രദ്ധിച്ചിരിക്കും. ചിലപ്പോൾ സിനിമ കണ്ടോണ്ടിരിക്കുമ്പോൾ ഇതിന്റെ കണ്ടിന്യൂവിറ്റി തെറ്റാണല്ലോ എന്നൊക്കെ പറയും. അമ്മ നല്ല ക്രിട്ടിസൈസർ ആണ്, എന്റെയും അച്ഛന്റെയും. എല്ലാ കാര്യത്തിലും അതെ.

സൗഹൃദങ്ങൾ
സ്കൂൾകാലം മുതൽ കൂടെയുള്ള രണ്ടുപേരാണ് ഇപ്പോഴും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. എന്റെ അടുത്ത് ക്ലോസ് ആവണമെങ്കിൽ എന്നെ മുഴുവനായും അറിയണം. എന്റെ ജീവിതത്തിലെ അതുവരെയുള്ള എല്ലാ കഥകളും സംഭവങ്ങളുമെല്ലാം ഞാനവരോട് പറയും. എന്റെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ, സൗഹൃദങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാവാറില്ല. ഉണ്ടായാലും അപ്പോൾ തന്നെ പറഞ്ഞു തീർക്കും. അല്ലാതെ, അതിന്റെ പേരിൽ കുറേകാലം മിണ്ടാതിരിക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല. ബന്ധങ്ങൾക്ക് ക്ലാരിറ്റി വേണം എന്നെനിക്ക് നിർബന്ധമാണ്.
മധുരം കഴിച്ച് സ്ട്രെസ്സിനെ ഓടിക്കും
സ്ട്രെസ്സ് വന്നാൽ ഞാൻ ധാരാളം സ്വീറ്റ്സ് കഴിക്കും. എന്നെ കണ്ടാൽ മനസ്സിലാവും ഞാൻ സ്ട്രെസ്സിലാണ് എന്ന്, ഇങ്ങനെ ഉരുണ്ടിരിക്കും. തൃശൂരിൽ ഒരു ശ്രീകൃഷ്ണ സ്വീറ്റ്സ് ഉണ്ട്. അവിടെ പോയി ജിലേബിയും അതുമിതുമൊക്കെ വാങ്ങി കഴിക്കും. അതാണ് എന്റെ സ്ട്രെസ്സ് റിലീഫർ. (ചിരിക്കുന്നു)
Read more: Ishq Movie Review: സദാചാര പോലീസിംഗിന്റെ കരണത്തടിച്ച് ‘ഇഷ്ക്’