scorecardresearch

ആനമറുത ശരിക്കും ആനയാണോ, അറുകൊല ഉപദ്രവിക്കുമോ?; ഭൂതങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി ഒരു മുത്തശ്ശന്‍

'കേട്ടിട്ടില്ലേ' എന്ന് തുടങ്ങിയാണ് ഇടശ്ശേരി ഭൂതക്കഥയുടെ കെട്ടഴിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം 'കണ്ടിട്ടുണ്ട്' എന്ന് തുടങ്ങി തന്റെ ഭൂതക്കഥകളുടെ കെട്ടഴിക്കുകയാണ് പാഴുമടത്തിൽ നാരായണപ്പണിക്കർ കേശവപ്പണിക്കർ. മകനും ചലച്ചിത്രകാരനുമായ സുരേഷ് എറിയാട്ടിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ അനിമേഷന്‍ ചിത്രത്തിലൂടെയാണ് പണിക്കരുടെ പൂതവര്‍ണ്ണനകള്‍

'കേട്ടിട്ടില്ലേ' എന്ന് തുടങ്ങിയാണ് ഇടശ്ശേരി ഭൂതക്കഥയുടെ കെട്ടഴിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം 'കണ്ടിട്ടുണ്ട്' എന്ന് തുടങ്ങി തന്റെ ഭൂതക്കഥകളുടെ കെട്ടഴിക്കുകയാണ് പാഴുമടത്തിൽ നാരായണപ്പണിക്കർ കേശവപ്പണിക്കർ. മകനും ചലച്ചിത്രകാരനുമായ സുരേഷ് എറിയാട്ടിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ അനിമേഷന്‍ ചിത്രത്തിലൂടെയാണ് പണിക്കരുടെ പൂതവര്‍ണ്ണനകള്‍

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kandittund, Kandittund animation film, director Suresh Eriyat interview, കണ്ടിട്ടുണ്ട്

മാടനും മറുതയും കുട്ടിച്ചാത്തനുമൊക്കെ നിറയുന്ന മുത്തശ്ശിക്കഥകള്‍ തുടങ്ങി 'ലോക്കല്‍ മിത്തു'കളില്‍ നിറയുന്ന ഭൂത-പ്രേതാദികളെ വരെ ശരാശരി മലയാളിക്ക് നല്ല പരിചയമാണ്. കണ്ടിട്ടും കേട്ടിട്ടുമില്ലെങ്കിലും ഒരോരുത്തരുടേയും മനസ്സില്‍ ഒരു ഭൂതമുണ്ടാവും. പറയുന്നവരുടെ ഭാവനയനുസരിച്ച് മാറിമറിയുന്ന ഒരു രൂപമായി, അല്ലെങ്കില്‍ ഒരു കഥയായി.

Advertisment

ഇടശ്ശേരിയുടെ വിഖ്യാതമായ 'പൂതപ്പാട്ടി'ല്‍ നല്ല മണിപ്പൂതത്തെ വര്‍ണ്ണിക്കുന്നുണ്ട്, രക്തദാഹിയായ പൂതം പിന്നീട് എങ്ങനെ ശാന്തനും ദുഖിതനുമായി എന്നും. മലയാളത്തിലെ ഏറ്റവും വിശിഷ്ടമായ കവിതയിലൂടെ ഇപ്പോഴും മനസ്സുകളെ സ്പര്‍ശിക്കുന്ന പൂതം അനശ്വരനായത് ആളെക്കൊന്നിട്ടല്ല, മറിച്ച് സ്നേഹത്തിന്റെ മറുവാക്കായിട്ടാണ്.

'കേട്ടിട്ടില്ലേ' എന്ന് തുടങ്ങിയാണ് ഇടശ്ശേരി ഭൂതക്കഥയുടെ കെട്ടഴിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം 'കണ്ടിട്ടുണ്ട്' എന്ന് തുടങ്ങി തന്റെ ഭൂതക്കഥകളുടെ കെട്ടഴിക്കുകയാണ് പാഴുമടത്തിൽ നാരായണപ്പണിക്കർ കേശവപ്പണിക്കർ. മകനും ചലച്ചിത്രകാരനുമായ സുരേഷ് എറിയാട്ടിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ അനിമേഷന്‍ ചിത്രത്തിലൂടെയാണ് പണിക്കരുടെ പൂതവര്‍ണ്ണനകള്‍.

മാടനും ആനമറുതയും ​അറുകൊലയും കുട്ടിച്ചാത്തനുമൊക്കെ കഥാപാത്രങ്ങളാവുന്ന ഈ അനിമേഷൻ ചിത്രത്തെ മകന്‍ സുരേഷ് വിശേഷിപ്പിക്കുന്നത് 'ഭൂതങ്ങളുടെ മാന്വൽ' എന്നാണ്. കഥയും കാര്യവുമൊക്കെ ഒരല്‍പം ഭാവനയുടെ മേമ്പൊടി ചേര്‍ത്ത് വിളമ്പുന്ന അച്ഛനെ വിശേഷിപ്പിക്കുന്നത് 'നാടൻകഥകളുടെ അപ്പോസ്തലനായ വിടൽ കാസ്ട്രോ' എന്നും. അച്ഛന്റെ കഥകള്‍ ചിത്രമായി തീര്‍ന്നതെങ്ങനെ എന്ന് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് സുരേഷ്.

Advertisment
&t=4s

"അച്ഛന്റെ കഥകൾ കുട്ടിക്കാലം മുതൽ അമ്പരപ്പോടെയാണ് ഞാൻ കേൾക്കാറുള്ളത്. സിനിമാക്കഥകളും നാടൻ കഥകളും അൽപ്പം നുണയും നർമവുമൊക്കെ ചേർത്താണ് അച്ഛൻ ആളുകളോട് സംസാരിക്കുന്നത്. പക്ഷേ പിന്നീടാണ് അതിന്റെ 'യൂണിക്നെസ്' എനിക്ക് മനസ്സിലായത്. അച്ഛൻ എല്ലാവരെയും പോലെയുള്ള ഒരാളല്ല, അൽപ്പം വ്യത്യസ്തമായൊരു വ്യക്തിയാണെന്ന് തോന്നി തുടങ്ങി. പതിനേഴു വയസ് മുതലാണ് പഠനവും മറ്റുമായി ബന്ധപ്പെട്ട് ഞാൻ വീട്ടിൽ നിന്നും മാറി താമസിക്കാൻ തുടങ്ങിയത്. അഹമ്മദാബാദിലെ എൻഐഡിയിൽ (National Institute of Design) ചേർന്നു. അതോടെ അച്ഛനുമായുള്ള കൂടിക്കാഴ്ചയുടെ ഇടവേളകൾ കൂടി.

എന്നിരുന്നാലും ഞാനും അച്ഛനുമൊരുമിച്ച് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്, ഇന്ത്യയ്ക്ക് അകത്തും വിദേശത്തുമൊക്കെയായി. ആ യാത്രയ്ക്കിടയിലാണ് അച്ഛന്റെ പല പല വശങ്ങളും ഞാൻ കൂടുതൽ മനസ്സിലാക്കുന്നത്. അച്ഛനെന്ന യൂണിക് കക്ഷിയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുന്നത്.

ഒരിക്കൽ അച്ഛനെയും അമ്മയേയും കൊണ്ട് ഞാൻ മഹാരാഷ്ട്രയിലെ കൊലാട് എന്ന സ്ഥലത്തു പോയി. ശാന്തമായൊരിടത്ത് ന്യൂ ഇയർ ആഘോഷിക്കുക എന്നതായിരുന്നു പ്ലാൻ. ഒരു തടാകക്കരയിൽ ആയിരുന്നു താമസം. അവിടെ വച്ച്, അച്ഛന്റെ പഴയ കഥകളൊക്കെ ഞാൻ റെക്കോർഡ് ചെയ്തോട്ടെ എന്നു ചോദിച്ചു. ആള് സമ്മതിച്ചു. അച്ഛൻ കഥ പറയുന്നതൊക്കെ അന്ന് ഞാൻ റെക്കോർഡ് ചെയ്തു.

Kandittund, Kandittund animation film, director Suresh Eriyat interview, കണ്ടിട്ടുണ്ട്
പാഴുമടത്തിൽ നാരായണപ്പണിക്കർ കേശവപ്പണിക്കർ

'അന്ന് മുതൽ ഇതൊരു ഫിലിമാക്കണമെന്ന് എനിക്കുണ്ട്. അച്ഛന്റെ കഥകളും കുറച്ച് ഡ്രോയിങ്ങ്സുമൊക്കെ വച്ചൊരു ഫോർമാറ്റ് ആയിരുന്നു ഞാനുദ്ദേശിച്ചത്. ഇക്കാര്യം സുഹൃത്തുക്കളിൽ പലരുമായും സംസാരിച്ചു, പക്ഷേ അന്നാർക്കും അതിലെ സ്പാർക്ക് കിട്ടിയില്ല. മൂന്നു നാലു പേരോട് സംസാരിച്ചെങ്കിലും ആരും വലിയ താൽപ്പര്യം കാണിക്കാതെയായപ്പോൾ, എനിക്ക് മാത്രം തോന്നിയതാവും ഇതത്ര വലിയ സംഭവമൊന്നുമായിരിക്കില്ല എന്ന് ഞാനും ചിന്തിച്ചു തുടങ്ങി.​എങ്കിലും വർഷങ്ങളോളം ഈ ആശയം മനസ്സിനകത്ത് ചുരുണ്ടു കൂടി കിടന്നു.

അതിനിടെയാണ് അദിതി കൃഷ്ണദാസ് എൻഐഡിയിൽ നിന്നു പാസ്സായി എന്റെ അടുത്ത് ഒരു ജോലിയ്ക്ക് അപ്ലൈ ചെയ്തത്. ഈ ആശയം പറഞ്ഞപ്പോൾ അദിതിയ്ക്ക് ഇഷ്ടമായി. വളരെ താൽപ്പര്യത്തോടെയാണ് അദിതി മുന്നോട്ട് വന്നത്. അതായിരുന്നു 'കണ്ടിട്ടുണ്ട്' എന്ന പ്രൊജക്റ്റിന്റെ പുനർജന്മം. സംവിധായിക എന്ന രീതിയിൽ മാത്രമല്ല, ഈ പ്രൊജക്റ്റിനായി അദിതി നൽകിയ ശ്രദ്ധയും കരുതലും അദിതിയുടെ പാഷനുമെല്ലാം എടുത്തു പറഞ്ഞേ മതിയാകൂ. ചിത്രത്തിന്റെ ആർട്ടിസ്റ്റിക് വശങ്ങളിലെല്ലാം അദിതി ഏറെ സൂക്ഷ്മത പുലർത്തിയിട്ടുണ്ട്.

അച്ഛനെ ഒരു കഥാപാത്രമാക്കി തന്നെ കഥ പറഞ്ഞാലോ എന്നത് അദിതിയുടെ ആശയമായിരുന്നു. യഥാർത്ഥ ജീവിതത്തിലും സംസാരവും പ്രകൃതവും ശബ്ദവുമൊക്കെ കൊണ്ട് ഒരു അനിമേറ്റഡ് കഥാപാത്രത്തെ ഓർമിപ്പിക്കുന്ന ഒരാളാണ് അച്ഛൻ. അദിതി വരച്ച ചിത്രങ്ങളും സ്കെച്ചുകളും കണ്ടപ്പോൾ അച്ഛനെ പോലെ തന്നെയുണ്ടായിരുന്നു. അങ്ങനെയാണ് ആ സ്കെച്ചുകളും അച്ഛന്റെ ശബ്ദവും മാത്രം എടുത്താൽ മതി എന്ന് തീരുമാനിച്ചത്.

സെപ്റ്റംബർ 2019ൽ ആണ് ഞങ്ങൾ ഇതിന്റെ ജോലികൾ തുടങ്ങിയത്. തീർന്നത് 2021 ഏപ്രിലിൽ. പതിനൊന്നു മിനിറ്റ് ദൈർഘ്യമേ വീഡിയോയ്ക്ക് ഉള്ളൂ. പക്ഷേ ചിത്രങ്ങൾ വരയ്ക്കാനും പൂർണത വരുത്താനുമൊക്കെയായി ഞങ്ങൾ ഒരുപാട് സമയം ഈ പ്രൊജക്റ്റിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്ലാക്ക് ആന്റ് വൈറ്റ് തീമിൽ മതി വിഷ്വൽ എന്നത് ഞങ്ങളുടെ ബോൾഡായ തീരുമാനമായിരുന്നു. കാരണം ഈ ഭൂതപ്രേതപിശാചുകളെ പൊതുവെ നിശാചരൻമാർ എന്നാണല്ലോ പറയുക. രാത്രിയെ പ്രണയിക്കുന്ന, ഇരുട്ടിന്റെ മറവിൽ നടക്കാൻ ഇഷ്ടപ്പെടുന്ന സത്വങ്ങൾ. ആ പ്രിമൈസ് (കഥാപരിസരം) എനിക്കിഷ്ടായി, അവരുടെ കഥ പറയാൻ ഇരുട്ടും വെളിച്ചവും സമന്വയിപ്പിക്കുന്നതാണ് മികച്ച വഴിയെന്ന് തോന്നി.

publive-image

അച്ഛൻ ഭൂതങ്ങളെ കുറിച്ചൊക്കെ പറയുന്നത് കേട്ടിരിക്കാൻ നല്ല രസമാണ്, അവയുടെ വലിപ്പവും നീളവും രൂപവുമൊക്കെ വിശദമായി ഇങ്ങനെ വർണ്ണിച്ച് പറയും. സത്യത്തിൽ ഭൂതങ്ങളുടെ ഒരു മാനുവൽ എന്ന രീതിയിലും രസകരമായി നോക്കി കാണാവുന്ന​ ഒരു ചിത്രമാണ് 'കണ്ടിട്ടുണ്ട്'. ശ്രദ്ധിക്കപ്പെടും എന്നറിയാമായിരുന്നെങ്കിലും ഇത്രയേറെ ആളുകൾ അതിനെ സ്വീകരിക്കുമെന്നു ഞാനോർത്തില്ല. 'കണ്ടിട്ടുണ്ട്' കണ്ടിട്ട് ഒരുപാട് ആളുകൾ വിളിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ആസ്വദിക്കുന്നു എന്നറിയുമ്പോൾ സന്തോഷമുണ്ട്. സ്റ്റോറി ടെല്ലിംഗ്, ക്രാഫ്റ്റ്, എസ്തെറ്റിക്സ് എന്നിവ കൊണ്ടെല്ലാം വേറിട്ടു നിൽക്കുന്നു എന്നാണ് പൊതുവെ ലഭിക്കുന്ന പ്രതികരണം.

അച്ഛന്റെ ഇത്തരത്തിലുള്ള ഒരുപാട് കഥകൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇതൊരു സീരിസ് ആക്കണമെന്നാണ് ആഗ്രഹം. നെറ്റ്ഫ്ലിക്സ് ടീമിനെയും ഞാനിത് കാണിച്ചിരുന്നു, അവർക്കൊക്കെ ഇഷ്ടപ്പെട്ടു. ഇതിനകം വിവിധ ഫെസ്റ്റിവലുകളിൽ ആയി 34 ഒഫീഷ്യൽ സെലക്ഷൻ കിട്ടി, ആറു അന്തർദ്ദേശീയ അവാർഡുകളും. പരസ്യചിത്രങ്ങളും അനിമേഷൻ ചിത്രങ്ങളുമടക്കം 450 ലേറെ ചിത്രങ്ങൾ ഞാനിതുവരെ ചെയ്തിട്ടുണ്ട്, പക്ഷേ 'കണ്ടിട്ടുണ്ട്' എന്നെ സംബന്ധിച്ച് വളരെ വൈകാരികമായി ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണ്,' സുരേഷ് പറഞ്ഞു നിർത്തി.

Kandittund, Kandittund animation film, director Suresh Eriyat interview, കണ്ടിട്ടുണ്ട്
ഒരു യാത്രയ്ക്കിടയിൽ പണിക്കർ

മകനും സുഹൃത്തുക്കളും ചേർന്നൊരുക്കിയ അനിമേഷൻ ചിത്രം വാർത്തകളിൽ ഇടം പിടിക്കുമ്പോഴും അവാർഡുകൾ നേടുമ്പോഴും എല്ലാം കണ്ടും കേട്ടും സന്തോഷത്തിലാണ് തൃപ്പൂണിത്തുറയിൽ പാഴുമടത്തിൽ വീട്ടിൽ പണിക്കർ.

ഈ ഭൂതങ്ങളെയൊക്കെ ശരിക്കും കണ്ടിട്ടുള്ളതാണോ എന്ന ചോദ്യത്തിന്, "ഇതിൽ പറഞ്ഞിരിക്കുന്ന സംഗതികളെല്ലാം തന്നെ എന്റെ അനുഭവത്തിൽ പെട്ടതും, ചിലത് വിശ്വസനീയമായി പറഞ്ഞു കേട്ടതുമാണ്. ഉദാഹരണത്തിന് ആനമറുതയുടെ കാര്യം, കുട്ടിയായിരിക്കുമ്പോൾ അച്ഛനാണ് ആനമറുതയെ കണ്ടോ എന്നു ചോദിക്കുന്നത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും ആന മറുത അപ്രത്യക്ഷമായിരുന്നെങ്കിലും ചങ്ങലയുടെ കിലുക്കം ഞാൻ കേട്ടുകൊണ്ടേയിരുന്നു," എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

"സിനിമ കണ്ടതിനു ശേഷം അങ്ങേയറ്റത്തെ സന്തോഷം തോന്നി. രണ്ടു വർഷം മുൻപ് മഹാരാഷ്ട്രയിൽ വച്ച് മകൻ മൊബൈലിൽ എന്റെ കഥകൾ റെക്കോർഡ് ചെയ്തെടുത്തപ്പോൾ ഞാനിത്രയും കരുതിയിരുന്നില്ല. കളിയായി തുടങ്ങിയതാണ് ഇങ്ങനെയായത്. പിന്നീട് ട്രെയിലർ കണ്ടപ്പോൾ അമ്പരന്നു പോയി. ഇത്ര മഹത്തായ രീതിയിൽ ഇത് രൂപപ്പെടുത്തി എടുത്തല്ലോ എന്നോർത്ത് എനിക്ക് എന്റെ കുട്ടിയോട് അങ്ങേയറ്റത്തെ സ്നേഹവും ഒരു മതിപ്പും തോന്നി," അഭിമാനത്തോടെ ആ അച്ഛൻ പറഞ്ഞു.

തൊണ്ണൂറ്റിയൊന്നാം വയസ്സിൽ തന്നെ തേടിയെത്തിയ 'വിടൽ കാസ്ട്രോ' എന്ന പേരിനെയും ചിരിയോടെ നെഞ്ചോട് ചേർക്കുകയാണ് അദ്ദേഹം. "വിടൽ കാസ്ട്രോ എന്നു കേട്ടപ്പോൾ ആദ്യമെനിക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല. പിന്നീട് കുട്ടികളാണ് എന്നെ പറഞ്ഞു മനസ്സിലാക്കിയത്, അത് തള്ളുന്ന ഒരാളെ പറയുന്ന പേരാണെന്ന്. ആ വിളി കേൾക്കുമ്പോൾ, പുതിയ പേരു കേൾക്കുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു, ഞാനത് ആസ്വദിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ സുരേഷ് എറിയാട്ട് രണ്ടുതവണ ദേശീയ ചലച്ചിത്രഅവാർഡ് നേടിയ അനിമേഷൻ ഫിലിം ഡയറക്ടറാണ്. മുബൈ കേന്ദ്രീകരിച്ച് ഈക്സോറസ് എന്ന അനിമേഷൻ സ്റ്റുഡിയോ നടത്തുന്നുണ്ട് ഇദ്ദേഹം.

Film

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: