വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് രഞ്ജിത് ശങ്കർ. അദ്ദേഹത്തിന്റെ ആദ്യ ചിത്രം ‘പാസഞ്ചർ’, മലയാളികൾ അധികം കണ്ടു പരിചയിച്ചിട്ടില്ലാത്ത സമയബന്ധിതമായ ത്രില്ലർ ആയിരുന്നു. തുടർന്ന് ‘പുണ്യാളൻ അഗർബത്തീസ്’, ‘സു സു സുധിവാത്മീകം’, ‘വർഷം’, ‘രാമന്റെ ഏദൻതോട്ടം’, ‘പ്രേതം’ തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ നിരവധി ചിത്രങ്ങൾ അദ്ദേഹം എഴുതി സംവിധാനം ചെയ്തു. അജു വർഗീസിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം ‘കമല’ നവംബർ 29ന് തിയേറ്ററുകളിലെത്തുകയാണ്. ‘കമല’യുടെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളവുമായി പങ്കു വയ്ക്കുകയാണ് മലയാളത്തിന്റെ ഈ പ്രിയ സംവിധായകൻ.
എന്താണ് ‘കമല’യുടെ പ്രമേയം ?
‘കമല’ ഒരു ത്രില്ലറാണ് . 36 മണിക്കൂറിനുള്ളിൽ നടക്കുന്ന ഒരു കഥയാണ് ഈ സിനിമയുടേത്. സഫർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അജു വർഗീസാണ്. തിരുവനന്തപുരം തമിഴ്‌നാട് ബോർഡർ വഴിയുള്ള സഫറിന്റെ യാത്രക്കിടയിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ആധാരം. അയാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ് അത്, ആ ദിവസത്തിൽ അയാൾ അഭിമുഖീകരിക്കുന്ന ഒരു നിഗൂഢതയാണ് കമല എന്ന് പറയുന്നത്. കമല എന്താണ്? ഒരു വ്യക്തിയാണോ, ഒരു ചിന്തയാണോ, ഒരു സങ്കൽപ്പമാണോ, ഒരു ആശയമാണോ, ആണാണോ പെണ്ണാണോ എന്നൊക്കെയുള്ള അന്വേഷണമാണ് ഈ സിനിമ.
സഫർ എന്ന പേരിൽ എനിക്കൊരു അടുത്ത സുഹൃത്തുണ്ട്. എറണാകുളത്തുള്ള വ്യക്തിയാണ്. ഞാൻ സ്ഥിരമായി കാണുന്നൊരാളാണ്. അദ്ദേഹവും ഒരു ബ്രോക്കറാണ്. ‘കമല’യിലെ സഫറിനെ പോലെ തന്നെ വളരെ വിശ്വസ്തനും സഹായിയുമെല്ലാമാണ് അദ്ദേഹവും. അപ്പോ അയാളിൽ ഒരു സിനിമക്കുള്ള സാധ്യത ഉണ്ടെന്നു എനിക്ക് തോന്നി. ഞാൻ വളരെ മുൻപ് എഴുതിയതാണ് ഇതിന്റെ കഥ. പിന്നെ ഞാനതിനെ പറ്റി ഓർത്തില്ല. ‘പ്രേതം’ സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞു പിന്നെ ഞാനൊരു ഇടവേള എടുത്തിരുന്നു. അത് കഴിഞ്ഞു ഇനിയെന്ത് ചെയ്യുമെന്നുള്ള ചിന്തയിൽ ഇരിക്കുമ്പോഴാണ് ഞാൻ ‘പാസഞ്ചറി’നു മുൻപ് എഴുതിയ സ്ക്രിപ്റ്റുകൾ എടുത്തു നോക്കുന്നത്, അക്കൂട്ടത്തിൽ വീണ്ടും ഈ കഥ വായിച്ചപ്പോൾ അതിലൊരു സ്പാർക്ക് തോന്നി. ഞാൻ ആ തിരക്കഥ വീണ്ടും വർക്ക് ചെയ്യാൻ തുടങ്ങി, അങ്ങനെയാണ് ‘കമല’ രൂപപ്പെട്ടു വന്നത്.
താങ്കളുടെ സിനിമകളിലെ ഒരു സ്‌ഥിരസാന്നിധ്യമാണ് അജു വർഗീസ്. പക്ഷേ ആദ്യമായാണ് അജു ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അജു വർഗീസ് വളരെ സെന്സിബിളായിട്ടുള്ളൊരു നടനാണ്. അജു ഇതിനു മുൻപ് അഭിനയിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു സീരിയസ് റോൾ ആണ് ഇതിൽ ചെയ്തിരിക്കുന്നത്. സഫർ ഒരു ബ്രോക്കർ ആണ്, എന്ത് കച്ചവടവും നടത്താൻ പ്രാപ്തിയുള്ള, കൗശലക്കാരനായ ഒരു ബ്രോക്കർ. മീൻ മുതൽ വില കൂടിയ കാറും സ്ഥലവും വരെ കച്ചവടം നടത്താൻ മിടുക്കുള്ള ഒരാൾ. കുറച്ചു തരികിട ഒക്കെ കൈയിലുള്ള റിയൽ ആയിട്ടുള്ള കഥാപാത്രമാണ് അജു ചെയ്തിരിക്കുന്നത്. വളരെ സീനിയർ ആയിട്ടുള്ളതോ അതോ സ്ഥിരം നായികന്മാരെയോ ഈ കഥാപാത്രത്തിനായി ഉപയോഗിച്ചിരുന്നെങ്കിൽ, സഫറെന്ന കഥാപാത്രം ഭയങ്കര ഡാർക്ക് ആയി പോകുമോ എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു, അതു കൊണ്ടാണ് ഞാൻ അജുവിനെ തന്നെ ഈ കഥാപാത്രം ഏല്പിച്ചത്. അജു അവതരിപ്പിച്ചാൽ കൂടുതൽ പ്രേക്ഷക സ്വീകാര്യത കിട്ടുമെന്ന് എനിക്ക് തോന്നി.
റൂഹാനി ശർമയെ പ്രധാന കഥാപാത്രമായി തിരഞ്ഞെടുക്കാനുള്ള കാരണം ?
ഈ സിനിമയിൽ ഞാൻ നേരിട്ട ഏറ്റവും വല്യവെല്ലുവിളി, ഈ ഒരു പ്രത്യേക കഥാപാത്രത്തെ ആരെക്കൊണ്ട് ചെയ്യിപ്പിക്കും എന്നുള്ളതായിരുന്നു. തിരക്കഥ എഴുതിയപ്പോൾ തന്നെ എനിക്ക് തോന്നിയത് ഞാൻ ചെയ്തിട്ടുള്ള സിനിമകളിലേറ്റവും സങ്കീർണമായ കഥാപാത്രമായിരിക്കും അതെന്നുള്ളതാണ്. 21-22 വയസ്സ് പ്രായത്തിലുള്ള നടിയായിരിക്കണം ആ കഥാപാത്രം ചെയ്യേണ്ടത്, അവരൊരു പുതുമുഖം ആയിരിക്കണം. 36 മണിക്കൂറിനുള്ളിൽ നടക്കുന്ന കഥയിൽ ഒരു എട്ടോ ഒന്പതോ വ്യക്തിത്വങ്ങളുള്ള ഒരു കഥാപാത്രമാണ് ഇത്. ഓരോ വ്യക്തിത്വങ്ങളിലും അവരുടെ രൂപം ചിലപ്പോ വ്യത്യസ്തമായിരിക്കും, ഭാഷ വ്യത്യസ്തമായിരിക്കും, അവരുടെ ഭാവം വ്യത്യസ്തമായിരിക്കും, അത് ഒരാൾക്ക് പറ്റുമോ എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു, അതുകൊണ്ടാണ് ഒരു പുതുമുഖത്തെ ഞാൻ ഈ കഥാപാത്രത്തിനായി തിരഞ്ഞത്.
സിനിമ ചെയ്യാൻ തീരുമാനിച്ച ശേഷം ഈ കഥാപാത്രത്തിനായി ഒരുപാട് പേരെ ഓഡിഷൻ ചെയ്തു. ഏറ്റവും കൂടുതൽ ഓഡിഷൻ നടത്തിയത് ഈ കഥാപാത്രത്തിന് വേണ്ടിയായിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി ഓഡിഷൻ ചെയ്തത് തന്നെ തെറ്റായി പോയി എന്ന്. കാരണം ഇത്രയും സങ്കീർണമായ കഥാപാത്രത്തെ ഒരു പുതുമുഖത്തെ കൊണ്ട് ചെയ്യിപ്പിക്കുന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പരിപാടിയായി പോവും. അങ്ങനെയിരിക്കുമ്പോഴാണ് ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുന്നത്.
ഞാൻ എല്ലാ വർഷവും നിർബന്ധമായും കണ്ടിരിക്കുന്ന രണ്ടു സിനിമകൾ, ഒന്ന് ദേശിയ അവാർഡ്‌സിൽ മികച്ച തിരക്കഥയ്ക്ക് പുരസ്‌കാരം ലഭിച്ച ചിത്രവും പിന്നെ മികച്ച തിരക്കഥയ്ക്ക് ഓസ്കാർ കിട്ടിയ ചിത്രവുമാണ്. ആ വർഷം മികച്ച തിരക്കഥക്കു ദേശിയ അവാർഡ് ലഭിച്ച ചിത്രം തെലുഗ് ചിത്രമായ ‘ചി ല സൗ’ ആയിരുന്നു. അതിലെ നായികാ ആയിരുന്നു റൂഹാനി ശർമ്മ. ആ സിനിമ കണ്ടപ്പോൾ റൂഹാനിയാണ് ആ സിനിമയെ പിടിച്ചിരുത്തുന്നതെന്ന് തോന്നി. അത്രക്ക് മികച്ചതായിരുന്നു അവരുടെ അഭിനയം.
അവരിൽ എവിടെയോ എനിക്ക് ‘കമല’യുടെ ഛായ തോന്നുകയും കഥാപാത്രത്തിനായി സമീപിക്കുകയും ചെയ്തു. അപ്പോഴും അതൊരു പരീക്ഷണമായിരുന്നു. പക്ഷേ റൂഹാനിയുടെ കഥാപാത്രത്തോടുള്ള ആത്മാർത്ഥതയും അർപ്പണബോധവും കണ്ടപ്പോൾത്തന്നെ എനിക്ക് മനസിലായി ഈ കഥാപാത്രം അവരുടെ കൈയിൽ ഭദ്രമായിരിക്കുമെന്ന്. എന്നെ വളരെ അത്ഭുതപ്പെടുത്തിയ ഒരു നടിയാണ് റൂഹാനി ശർമ്മ. അവരെ എങ്ങനെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് കണ്ടറിയാൻ ഏറെ ആകാംക്ഷയുണ്ട്.
അനൂപ് മേനോന്റെ ഒരു തിരിച്ചു വരവ് കൂടിയാകുമോ ‘കമല’ ?
അനൂപ് ഒരു സിനിമ ഡയറക്റ്റ് ചെയുന്നുണ്ട്. അതു കൊണ്ടാവും അഭിനയത്തിൽ നിന്നും മാറി നിൽക്കുന്നത്. അനൂപും ഞാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഈ സിനിമ അനൗൺസ് ചെയ്തപ്പോൾ എന്നെ ആദ്യം വിളിച്ച ആൾക്കാരിൽ ഒരാൾ അനൂപ് ആയിരുന്നു. ഈ സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് അനൂപ് ചെയ്യുന്നത്.
താങ്കളുടെ എല്ലാ സിനിമകളുടെയും തിരക്കഥയും സംവിധാനവും താങ്കൾ തന്നെയാണ് ചെയ്തിരിക്കുന്നത്. ഇത് മനഃപൂർവമായ ഒരു തീരുമാനമാണോ?
സിനിമ സംവിധായകന്റെ കലയാണ്. നമ്മൾ എഴുതുന്ന കഥ ദൃശ്യവൽക്കരിക്കാൻ പറ്റുന്ന ഒരാളാകണം ഡയറക്ടർ. എനിക്ക് സത്യത്തിൽ സംവിധായകൻ ആവാൻ താല്പര്യമില്ലായിരുന്നു. പക്ഷേ ഞാൻ പറയുന്ന കഥകൾ അതേപടി മനസിലാക്കാൻ പറ്റുന്ന സംവിധായകരെ കണ്ടെത്താൻ പറ്റിയില്ല എന്നുള്ളതാണ് സത്യം. അതു കൊണ്ടാണ് സംവിധായകന്റെ വേഷമണിയാൻ ഞാൻ നിര്ബന്ധിതനായത്. ഭാവിയിൽ, സമാനമനസ്കരായ സംവിധായകർ വന്നാൽ തീർച്ചയായും എന്റെ തിരക്കഥ അവരെ കൊണ്ട് സംവിധാനം ചെയ്യിക്കാൻ ഞാൻ തയ്യാറാണ്.
താങ്കളുടെ സിനിമകളുടെ പ്രമേയങ്ങളെല്ലാം തന്നെ വളരെ വ്യത്യസ്തതയും പുതുമയും പുലർത്തുന്നവയാണ്. എങ്ങനെയാണ് ഇത് സാധിക്കുന്നത് ?
നമ്മൾ നമ്മളെ തന്നെ നവീകരിക്കുന്നു എന്നൊരു പ്രക്രിയ ഉണ്ടല്ലോ . എന്റെ സിനിമകൾ നിന്നും വ്യത്യസ്തമായൊരു സിനിമ ആയിരുന്നു ‘പ്രേതം’. അത് ആളുകൾ സ്വീകരിക്കുകയും ചെയ്തു. വ്യത്യസ്തമായതു കൊണ്ട് മാത്രം കാര്യമില്ലല്ലോ, ആളുകൾക്ക് ഇഷ്ടമാവുക കൂടി വേണം. ആദ്യം നമ്മൾ ഒരു നല്ല കാഴ്ചക്കാരനാവുക എന്നുള്ളതാണ് പ്രധാനം. എല്ലാ തരം സിനിമകളും കാണാൻ താല്പര്യമുള്ള ഒരാളാണ് ഞാൻ. പിന്നെ ഒന്നും പ്രീ പ്ലാൻഡ് ആയിട്ടു ചെയുന്നതല്ല, ഒരു ധൈര്യത്തിന്റെ പുറത്തു ചെയ്യുന്നതാണ്. ഞാനിതൊരു യാത്രയായിട്ടാണ് കാണുന്നത്. എന്റെ എല്ലാ സിനിമകളും അങ്ങനെ തന്നെയാണ്. ചെയ്യാൻ പറ്റുമോ എന്ന് നമുക്ക് അറിയില്ല . അത് തന്നെയാണ് അതിന്റെ ത്രില്ല് എന്ന് പറയുന്നതും.
‘കമല’യുടെ കാര്യം പറയുകയാണെങ്കിൽ, അതിന്റെ തിരക്കഥ വായിക്കുമ്പോൾ തന്നെ നമ്മളെ ഭയപ്പെടുത്തുന്ന ഒരു സിനിമയാണ്, അത് ചിത്രീകരിക്കുക എന്ന് പറയുന്നത് അതിനേക്കാൾ ഭയപ്പെടുത്തുന്ന ഒരു പ്രോസസ്സ് ആണ്. ‘കമല’യുടെ ലൊക്കേഷനൊക്കെ കൂടുതലും ഉൾനാട്ടിലൊക്കെയാണ്, അവിടെ ലൈറ്റിന്റെ പ്രശ്നങ്ങളൊക്കെ ആലോചിച്ചു ടെൻഷൻ ആയിരുന്നു. നമ്മൾ കൂടുതൽ ആലോചിക്കാതിരുക്കുക എന്നുള്ളതാണ് കാര്യം. ചങ്കൂറ്റത്തോടെ അത് ചെയുക എന്നുള്ളിടത്താണ് വിജയം.
പല തരത്തിലുള്ള സിനിമകൾ എന്ന് പറയുമ്പോൾ, പല തരത്തിലുള്ള ശ്രമങ്ങളാണ്. തിരക്കഥ തിരഞ്ഞെടുക്കുമ്പോൾ മുതൽ നമ്മൾ പുതുമയാണ് അന്വേഷിക്കുന്നത്. ‘കമല’യുടെ കാര്യം എടുക്കുകയാണെങ്കിൽ, മലയാളി പ്രേക്ഷകർ ഇപ്പോൾ എല്ലാ തരത്തിലുള്ള സിനിമകളും കാണുന്നുണ്ട്. അവർക്കു പുതുതായി എന്ത് നൽകാനാവും എന്ന ചിന്തയാണ് ‘കമല’ എന്ന കഥ തിരഞ്ഞെടുക്കാൻ കാരണം. ‘കമല’ പോലൊരു സിനിമ നമ്മൾ മുൻപ് കണ്ടിട്ടുണ്ടാവാൻ സാധ്യതയില്ല.
ത്രില്ലർ തന്നെ വലിയൊരു ഴോണറാണ്. അതിൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് നമ്മൾ കണ്ടു പരിചയിച്ച ഒരു വിഭാഗം, അത് പോലെ ആക്ഷൻ ത്രില്ലറുകൾ, ക്രൈം ത്രില്ലറുകൾ, ഇതെല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ്. ‘കമല’യുടെ പ്രത്യേകത, ഒരു സാധാരണക്കാരന്റെ ബുദ്ധി ഉപയോഗിച്ചാണ് നിഗൂഢതകളുടെ സത്യാവസ്ഥ അന്വേഷിക്കുന്നത്. അങ്ങനെയുള്ളൊരു സിനിമ ഞാൻ കണ്ടിട്ടുള്ളത് ‘പാസഞ്ചറാ’ണ്. ഞാനൊരു കഥ തിരഞ്ഞെടുക്കുമ്പോൾ ആദ്യം നോക്കുന്നത് അത് എന്നെ പ്രചോദിപ്പിക്കുന്നുണ്ടോ എന്നാണ്.
താങ്കളുടെ മിക്ക സിനിമകളും ഒരു ‘ഫീൽ ഗുഡ്’ അനുഭവമാണ്. അത് മനഃപൂർവം കൊണ്ടുവരുന്ന ഒന്നാണോ ?
(ചിരിക്കുന്നു) ഞാൻ ചെയ്ത പല സിനിമകളും കണ്ടു അങ്ങനെ തോന്നുന്നെങ്കിൽ എന്റെ ഒരു കാഴ്ചപ്പാടായിരിക്കുമല്ലോ അത്. മനഃപൂർവം കൊണ്ട് വരുന്നതല്ല ‘ഫീൽ ഗുഡ്’ മൂഡ്.
Read more: ചാന്‍സ് ചോദിയ്ക്കാന്‍ മടിയില്ല: അജു വർഗീസ്