scorecardresearch
Latest News

അഞ്ചു മാസം കൊണ്ട് 24 കിലോ കൂട്ടിയ കഥ: ഷിബില പറയുന്നു

ഒരു സിനിമയ്ക്കു വേണ്ടി തടി വെയ്ക്കുകയും പിന്നീട് അത്ര തന്നെ കഷ്ടപ്പെട്ട് ശരീരം ഷേപ്പ് ചെയ്തെടുക്കുകയും ചെയ്ത അഭിനേതാക്കളുടെ കഥകൾ അധികം പറയാനുണ്ടാവില്ല. ബോളിവുഡിൽ ആമിർ ഖാനും ഭൂമി പഡേക്കറും ഒക്കെ പിൻതുടർന്ന പാതയിലൂടെ സഞ്ചരിക്കുകയാണ് മലയാള സിനിമയിൽ നിന്നും ഒരു നായിക, ഫറാ ഷിബില

അഞ്ചു മാസം കൊണ്ട് 24 കിലോ കൂട്ടിയ കഥ: ഷിബില പറയുന്നു

Kakshi Ammini Pilla Actor Fara Shibila Interview: കഥാപാത്രത്തിനു വേണ്ടി മെലിയുന്ന അഭിനേതാക്കളെ കുറിച്ച് മുൻപും നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ ഒരു സിനിമയ്ക്കു വേണ്ടി തടി വെയ്ക്കുകയും പിന്നീട് അത്ര തന്നെ കഷ്ടപ്പെട്ട് ശരീരം ഷേപ്പ് ചെയ്തെടുക്കുകയും ചെയ്ത അഭിനേതാക്കളുടെ കഥകൾ അധികം പറയാനുണ്ടാവില്ല. ബോളിവുഡിൽ ആമിർ ഖാനും ഭൂമി പഡേക്കറും ഒക്കെ പിൻതുടർന്ന പാതയിലൂടെ സഞ്ചരിക്കുകയാണ് മലയാള സിനിമയിൽ നിന്നും ഒരു നായിക. അവതാരകയായി മിനിസ്ക്രീനിൽ തിളങ്ങിയ ഫറാ ഷിബിലയാണ് തന്റെ ആദ്യ സിനിമയ്ക്കു വേണ്ടി ഇത്രയും വലിയൊരു ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലെ കാന്തിയെന്ന കഥാപാത്രത്തിന് ഷിബില ജീവൻ പകർന്നിരിക്കുന്നത് 63 കിലോയിൽ നിന്നും 24 കിലോയോളം കൂട്ടിയാണ്. ജീവിതത്തിൽ ഏറ്റെടുത്ത ആ വലിയ ചലഞ്ചിനെ കുറിച്ചും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചും ജീവിതത്തിൽ പലപ്പോഴായി നേരിടേണ്ടി വന്ന ‘ബോഡി ഷേമിംഗിനെ’ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു ഷിബില.

“കക്ഷി അമ്മിണിപ്പിള്ളയിലേക്ക് വേണ്ടി വണ്ണമുള്ള പെൺകുട്ടികളെ അന്വേഷിക്കുന്നു എന്നു പറഞ്ഞു കൊണ്ടുള്ള ഓഡിഷൻ കോൾ കണ്ടപ്പോൾ തന്നെ ഞാൻ ‘ഇംപ്രസ്‌ഡ്’ ആയി. ഞാനെപ്പോഴും കുറച്ച് ഒരു ‘ഓവർ വെയ്റ്റ്’ കുട്ടിയാണ്. ആ ആത്മവിശ്വാസത്തിലാണ് ഞാൻ ഫോട്ടോ അയച്ചത്. കൂട്ടത്തിൽ വണ്ണം തോന്നുന്ന ഫോട്ടോകളാണ് അയച്ചു കൊടുത്തത്. ഓഡിഷനു പോയപ്പോൾ അവിടെയെല്ലാം എന്നേക്കാളും വണ്ണമുള്ള കുട്ടികൾ. ഇവർക്ക് നന്നായി തടിച്ച ഒരു കുട്ടിയെ ആണ് വേണ്ടതെങ്കിൽ എനിക്കത്ര തടിയില്ലല്ലോ എന്നൊക്കെ മനസ്സിൽ വിചാരിച്ചു. ആദ്യമായി തടിയില്ലാത്തതു കൊണ്ട് വിഷമം തോന്നുന്നത് അപ്പോഴാണ്,” മിനിസ്ക്രീനിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള യാത്രയെ കുറിച്ച് ഷിബില പറഞ്ഞു തുടങ്ങി.

“എന്തെങ്കിലുമൊക്കെ മനസ്സിൽ വിചാരിച്ച് അഭിനയിച്ചു കാണിക്കാനാണ് ഓഡിഷനിൽ ആദ്യം പറഞ്ഞത്. പിന്നെ ഈ സിനിമയിലെ തന്നെ മൂന്നു നാലു സീനുകൾ അഭിനയിക്കാൻ പറഞ്ഞു. ഒരു ഇമോഷണൽ സീൻ ചെയ്തു കാണിച്ചപ്പോൾ എല്ലാവരും കയ്യടിച്ചു. അതു കണ്ടപ്പോൾ സന്തോഷമായി. പക്ഷേ എനിക്ക് മുൻപ് വന്നവർ നന്നായി ചെയ്തിട്ടുണ്ടോ, വേറെ ആർക്കെങ്കിലും സാധ്യതയുണ്ടോ ഒന്നുമറിയില്ലല്ലോ. ഓഡിഷനു ചെന്നപ്പോൾ തന്നെ കാന്തി എന്ന കഥാപാത്രത്തെ കുറിച്ച് അവർ പറഞ്ഞു തന്നിരുന്നു. സന്തോഷത്തോടെ ജീവിക്കുന്ന, തന്റെ ശരീരത്തിൽ വളരെ കംഫർട്ടബിള്‍ ആയൊരു ആളാണ് കാന്തി. അതൊക്കെ കേട്ടപ്പോൾ ഈ കഥാപാത്രമാകാൻ അവസരം കിട്ടുന്ന കുട്ടിക്ക് നല്ല ഭാഗ്യമാണല്ലോ എന്നൊക്കെ ഞാൻ വിചാരിച്ചു,” ഷിബില ഓർക്കുന്നു.

നാലു ദിവസങ്ങൾക്കു ശേഷം സംവിധായകൻ വിളിച്ച് കാന്തിയാവാൻ ഏറെക്കുറെ യോജിച്ച വ്യക്തിയാണെന്ന് അറിയിച്ചപ്പോൾ സന്തോഷം കൊണ്ട് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു താനെന്നും ഷിബില പറയുന്നു.

“ഏറെക്കുറെ കാന്തിയാണ്.  പക്ഷേ ഉറപ്പു പറയുന്നില്ല, ഞങ്ങൾക്ക് ഇത്രയും തടി പോരാ,’ എന്നായിരുന്നു ദിൻജിത്ത് അയ്യത്താൻ പറഞ്ഞത്. ഓഡിഷൻ സമയത്ത് തടി കൂട്ടാൻ സാധിക്കുമോ എന്നവർ എന്നോടു ചോദിച്ചിരുന്നു. പിന്നെന്താ, അതൊക്കെ അത് സിംപിൾ കാര്യമല്ലേ എന്നു ഞാനപ്പോൾ പറയുകയും ചെയ്യുമായിരുന്നു. പക്ഷേ അതു നടക്കുമോ എന്ന ടെൻഷൻ അവർക്ക് അപ്പോഴുമുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ട് ഞാൻ തടിക്കാൻ തുടങ്ങി. ഒടുവിൽ ഷൂട്ട് ആയപ്പോഴേക്കും കാന്തിയുടെ തടിയിൽ ഞാനെത്തി.”

kakshi ammini pilla, kakshi ammini pilla review, kakshi ammini pilla song, kakshi ammini pilla release, kakshi ammini pilla cast, fara shibila, കക്ഷി അമ്മിണിപ്പിള്ള, കക്ഷി അമ്മിണിപ്പിള്ള ഷിബില, ഷിബില, ആസിഫ് അലി

അഞ്ചു മാസം, കൂട്ടിയത് 24 കിലോ

അഞ്ചു മാസങ്ങൾ കൊണ്ട് 24 കിലോയോളം ശരീരഭാരമാണ് ഷിബില കൂട്ടിയത്. അതെങ്ങനെ സാധിച്ചു എന്നതും ഷിബില അഭിമുഖത്തില്‍ വെളിപ്പെടുത്തി.

“ശരീരഭാരം കൂട്ടാനുള്ള ഹെൽത്തിയായ വഴി പ്രോട്ടീനും കാർബോ ഹൈഡ്രേറ്റും കഴിക്കുകയാണ്. എന്നാൽ എനിക്ക് സമയ പരിമിതിയുള്ളതുകൊണ്ടും ശരീരത്തിന്റെ സ്ട്രെക്ച്ചറിൽ തടി ഫീൽ ചെയ്യണമെന്നുള്ളതുകൊണ്ടും ഞാൻ മധുര പലഹാരങ്ങളാണ് ധാരാളമായി കഴിച്ചത്. എന്റേത് ബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണ്, ഗോതമ്പും ചിക്കനും കഴിച്ചാൽ ഈ ബ്ലഡ് ഗ്രൂപ്പുള്ളവർ വണ്ണം വയ്ക്കും. അത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു.”

കൂടിയ തടി കുറയാതെ നോക്കുക എന്ന ചാലഞ്ച് കൂടിയുണ്ടായിരുന്നു ഷിബിലയ്ക്ക്.

“സനിലേഷേട്ടൻ (തിരക്കഥാകൃത്ത്) എന്നോടു പറഞ്ഞത്, തടി മെയിന്റെൻ ചെയ്യാൻ രണ്ടു വഴികളാണുള്ളത്- ഒന്നുകിൽ ബീഫും ബിയറും കഴിക്കുക, അല്ലെങ്കിൽ ഐസ്ക്രീം കഴിക്കുക. ഷൂട്ടിനിടയിൽ ബിയർ ഒക്കെ ബുദ്ധിമുട്ടായതുകൊണ്ട് ഐസ്ക്രീം ആയിരുന്നു രക്ഷ. തലശ്ശേരിയിലായിരുന്നു ഷൂട്ട്, അവിടെ ധാരാളം ഫലൂദ ഷോപ്പുകളുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് പോവുമ്പോൾ ഫലൂദ വാങ്ങി കൊണ്ടു പോകും. തണുപ്പോടെ കഴിക്കാൻ പറ്റാത്തതു കൊണ്ട്, നന്നായി അലിഞ്ഞ് പായസപരുവം ആയതിനു ശേഷമാണ് കഴിക്കുക. നന്നായി അലിഞ്ഞ ഫലൂദ കഴിച്ചാൽ പെട്ടെന്ന് തടി വയ്ക്കുമത്രേ. സനിലേഷേട്ടന്റെ അത്തരം ചില ടിപ്സ് ഒക്കെ ചെയ്താണ് തടി പരിപാലിച്ചത്.” ഷിബില കൂട്ടിച്ചേർക്കുന്നു.

 

തടി കുറച്ചത് ആരോഗ്യകരമായ രീതിയിൽ

അനാരോഗ്യകരമായ രീതിയിലാണ് പെട്ടെന്ന് ചിത്രത്തിനു ആവശ്യമായ തടി കൂട്ടിയതെങ്കിലും കൃത്യമായ വ്യായാമത്തിലൂടെയാണ് താൻ ശരീരഭാരം കുറച്ചതെന്ന് ഷിബില വ്യക്തമാക്കി.

“ഷൂട്ട് കഴിഞ്ഞ ഉടനെ ഞാൻ ജിമ്മിൽ ജോയിൻ ചെയ്തു. ക്രാഷ് ഡയറ്റിലൂടെ തടി കുറക്കണമെന്ന് എനിക്കില്ലായിരുന്നു, ഹെൽത്തി ആയ രീതിയിൽ തന്നെ വേണം എന്നുണ്ടായിരുന്നു. അതാണ് ജിമ്മിൽ ചേർന്നത്. കാർഡിയോയും വെയിറ്റ് ട്രെയിനിംഗും ചേർന്ന ട്രെയിനിംഗ് ആയാൽ മാത്രമേ വ്യത്യാസം വരൂ, പേശികൾക്കൊക്കെ കരുത്തു വരൂ എന്ന് ട്രെയിനർ പറഞ്ഞു. അതു തന്നെയാണ് ഫോളോ ചെയ്തതും. വീട്ടിൽ ഡയറ്റ് നോക്കാനും കലോറി ചെക്ക് ചെയ്യാനുമൊന്നും പ്രത്യേകിച്ച് ആരുമില്ലാത്തതിനാൽ എല്ലാം തനിയെ ചെയ്യണമായിരുന്നു. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയെങ്കിലും ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ ട്രാക്കിലായി.”

കാന്തി- ആത്മവിശ്വാസത്തിന്റെ ആൾരൂപം

ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തില്‍ കാന്തി എന്ന കഥാപാത്രമായാണ് ഷിബില എത്തുന്നത്‌.  അസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.

“കാന്തിയെന്ന കഥാപാത്രത്തെ കുറിച്ചു പറയാൻ ശരിയായ സമയം ഇതാണെന്ന് എനിക്കു തോന്നുന്നു. കാരണം ബോഡി ഷേമിംഗ് നേരിടുന്ന,​ അൽപ്പം തടി വയ്ക്കുമ്പോഴേക്ക് ആത്മവിശ്വാസം എല്ലാം ചോർന്നു പോവുന്ന ഒന്നോ രണ്ടോ പേരേയെങ്കിലും നമ്മൾ നിത്യജീവിതത്തിൽ എന്നവണ്ണം കാണുന്നുണ്ടാകും. അവിടെയാണ് കാന്തി എന്ന കഥാപാത്രത്തിന്റെ പ്രസക്തി. തന്നിൽ പൂർണ ആത്മവിശ്വാസമുള്ളവളാണ് കാന്തി. ശരീരഭാരം നൽകുന്ന കോംപ്ലക്സുകൾ ഇല്ലാതെ, ഇൻഹിബിഷൻ ഒന്നുമില്ലാതെ പെരുമാറുന്നവൾ. വിവാഹദിവസം ആ ശരീരവും വെച്ച് ഭർത്താവിന്റെ മുന്നിൽ ഡാൻസ് ചെയ്യാൻ ധൈര്യം കാണിക്കുന്നവൾ.”

kakshi ammini pilla, kakshi ammini pilla review, kakshi ammini pilla song, kakshi ammini pilla release, kakshi ammini pilla cast, fara shibila, കക്ഷി അമ്മിണിപ്പിള്ള, കക്ഷി അമ്മിണിപ്പിള്ള ഷിബില, ഷിബില, ആസിഫ് അലി

‘ധം ലഗാക്കെ ഹൈഷ’യുമായി ബന്ധമില്ല

സമാനമായ പ്രമേയം പറഞ്ഞ ചിത്രമാണ് ഹിന്ദിയിലെ ധം ലഗാക്കെ ഹൈഷ.  എന്നാല്‍ ‘ധം ലഗാക്കെ ഹൈഷ’യുമായി പ്രത്യക്ഷത്തിൽ ‘കക്ഷി അമ്മിണിപ്പിള്ള’യ്ക്ക് ബന്ധമൊന്നുമില്ല എന്നും ഷിബില പറഞ്ഞു.

“ലുക്കിൽ എനിക്ക് റഫറൻസ് തന്നത് ഭൂമി പഡേക്കറെ (ധം ലഗാക്കെ ഹൈഷയിലെ നായിക) ആയിരുന്നു.​ അത് അതുപോലെ മറ്റൊരു റഫറൻസ് ചൂണ്ടികാണിക്കാൻ ഇല്ലാത്തതു കൊണ്ടാണ്. ‘ധം ലഗാക്കെ ഹൈഷ’, ‘കക്ഷി അമ്മിണിപ്പിള്ള’- രണ്ടും സംസാരിക്കുന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്, രണ്ടുതരം സിനിമകളാണ് എന്നു പറയാം. ‘ധം ലഗാക്കെ ഹൈഷ’ അൽപ്പം സട്ടിൽ ആണല്ലോ. എന്നാൽ ‘കക്ഷി അമ്മിണിപ്പിള്ള’ നാച്യുറലായ കാര്യങ്ങൾക്കൊപ്പം അൽപ്പം സീരിയസ് കാര്യങ്ങളും തമാശയുമെല്ലാമുള്ള ഒരു ചിത്രമാണ്. തലശ്ശേരിരിയുടെ ഒരു പശ്ചാത്തലമുള്ളതുകൊണ്ട് അൽപ്പം റിച്ചാണ് ‘കക്ഷി അമ്മിണിപ്പിള്ള’.”

എന്റെ ശരീരത്തിൽ ഞാൻ മാത്രം കംഫർട്ടബിള്‍ ആയാൽ മതി

അടുത്ത കാലത്തായി നമ്മുടെ സമൂഹത്തിൽ ബോഡി ഷേമിംഗും ഫിസിക്കൽ കമന്റുകളും കൂടുതലാണെന്നാണ് ഷിബിലയുടെ നിരീക്ഷണം.

“പണ്ടൊക്കെ സുഖമാണോ​ എന്നാണ് ഒരാളെ നേരിൽ കാണുമ്പോൾ ചോദിക്കുക.? എന്നാൽ ഈയിടയ്ക്കാണ് ഫിസിക്കൽ കമന്റ്സ് കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്. അയ്യോ ഇതെന്താ വണ്ണം വെച്ചത്, ക്ഷീണിച്ചല്ലോ… എന്നൊക്കെയാണ് ചോദിക്കുന്നത്. പറയുന്ന​ ആൾക്ക് ചിലപ്പോൾ മറ്റേയാളുടെ കോൺഫിഡൻസിൽ കുത്തുന്ന ഒരു സുഖം കിട്ടുന്നുണ്ടാവും, അതിലപ്പുറം ഒന്നും കിട്ടുന്നുണ്ടാവില്ല അതിൽ നിന്നും. എന്നാൽ എതിർഭാഗത്തു നിൽക്കുന്ന ആളെ ആ കമന്റ് ഒരു ദിവസം മുഴുവൻ ബാധിച്ചെന്നിരിക്കാം. തടിക്കാനോ മെലിയാനോ വേണ്ടി കഷ്ടപ്പെടുന്ന ആളായിരിക്കും അയാൾ ചിലപ്പോൾ. അതവരുടെ മാനസികാരോഗ്യത്തെ തന്നെ ബാധിക്കും. ഇങ്ങനെ കേട്ടു കേട്ടു ഭ്രാന്തായ ഒരാളായിരുന്നു ഞാനൊരിക്കൽ, ടീനേജിലൊക്കെ ഞാൻ അമിതവണ്ണമുള്ള ഒരാളായിരുന്നു. ഈ തടി വെച്ച് കല്യാണം ഒന്നും കിട്ടില്ലല്ലോ എന്നൊക്കെയാണ് അന്ന് മുഖത്തു നോക്കി ആളുകൾ പറയുക. അത് തെറ്റാണ്, അത്തരം കമന്റുകളോട് നമ്മൾ പ്രതികരിക്കുക തന്നെ വേണം. അതൊരു തമാശയല്ല, ചിരിക്കാനുള്ള ഒരു കാര്യവുമല്ല.”

kakshi ammini pilla, kakshi ammini pilla review, kakshi ammini pilla song, kakshi ammini pilla release, kakshi ammini pilla cast, fara shibila, കക്ഷി അമ്മിണിപ്പിള്ള, കക്ഷി അമ്മിണിപ്പിള്ള ഷിബില, ഷിബില, ആസിഫ് അലി

ഓരോ മനുഷ്യന്റെും ഫിറ്റ്നസ്സ് സ്കെയിൽ വ്യത്യാസമാണ്. സ്വന്തമായി ഷൂലേസ് കെട്ടാനും  ചെയ്യേണ്ട കാര്യങ്ങളൊക്കെ ആരോഗ്യത്തോടെ ചെയ്യാനും പറ്റുന്നുണ്ടെങ്കിൽ അതാണ്  ഫിറ്റ്നസ്സ് പോയിന്റ്, അല്ലാതെ വേറെ ഒരാളുടെ സ്കെയിലിലേക്കോ, മറ്റൊരാൾ ഉദ്ദേശിക്കുന്ന സ്കെയിലിലേക്ക് നമ്മൾ വരുന്നതോ അല്ല ഫിറ്റ്നസ്സ് എന്നാണ് ഷിബിലയുടെ പക്ഷം.

“എന്റെ ശരീരത്തിൽ ഞാൻ മാത്രം ‘കംഫർട്ടബിള്‍’ ആയാൽ മതി. ഹെൽത്തി ആയിരിക്കണം, ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കണം, ഭക്ഷണരീതികൾ അനാരോഗ്യകരമാണെങ്കിൽ അതു തിരുത്തണം. അതല്ലാതെ നമ്മുടെ നിത്യജീവിതത്തിൽ മറ്റൊരാൾ ഇടപെടേണ്ട കാര്യമില്ല,” ഷിബില വ്യക്തമാക്കുന്നു.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Kakshi ammini plla asif ali fara shibila interview