scorecardresearch

മുൻബെഞ്ചുകാരുടെ പൾസറിഞ്ഞ സംവിധായകൻ; ഐ വി ശശിയെക്കുറിച്ച് രഞ്ജിത്ത്

‘തിയറ്ററിൽ മുൻ ബെഞ്ചിലിരുന്ന് സിനിമ കാണുന്ന ഒരാളുടെ മനസുണ്ടായിരുന്നു ശശിയേട്ടന്,’ മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ ഐ വി ശശിയുടെ ഓർമ്മദിനത്തിൽ രഞ്ജിത്

iv sasi , renjith, iemalayalam, interview

സിനിമയാണ്​ തന്റെ പാഠശാല എന്നു വിശ്വസിച്ച സംവിധായകനായിരുന്നു ഐ വി ശശി. ആ പേര് സ്ക്രീനിൽ തെളിയുമ്പോൾ തിയറ്ററുകൾ ഇളകി മറിഞ്ഞൊരു കാലവും മലയാള സിനിമയ്ക്കുണ്ടായിരുന്നു. അതിസുന്ദരനായകൻമാരിലേക്ക് ഫോക്കസ് ചെയ്യാതെ, പരുക്കൻ മുഖവും സ്വഭാവവുമുള്ള കഥാപാത്രങ്ങളെ ഐ വി ശശി സധൈര്യം സ്ക്രീനിൽ അവതരിപ്പിച്ചു. താരമല്ല, സിനിമയുടെ ഉള്ളടക്കമാണെന്ന് പ്രധാനമെന്ന് വിശ്വസിച്ച, വേറിട്ട ചിന്താഗതിയുള്ള സംവിധായകൻ കൂടിയായിരുന്നു ഐ വി ശശി.

മലയാള മുഖ്യധാരാസിനിമയിലെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന ഐ വി ശശിയുടെ മൂന്നാം ചരമവാർഷികമാണ് ഇന്ന്. ഐ വി ശശിയുമൊത്തുള്ള കാലത്തെ ഓർമകൾ പങ്കു വയ്ക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്. മമ്മൂട്ടി നായകനായെത്തിയ ‘നീലഗിരി’, മലയാള സിനിമാ ചരിത്രത്തിലെ തന്നെ ‘കള്‍ട്ട് മൂവി’കളില്‍ ഒന്നായ ‘ദേവാസുരം’ എന്നീ ചിത്രങ്ങൾക്കു പിറകിലെ അനുഭവങ്ങളെ കുറിച്ചും, ഒരു നഗരം ഒന്നിപ്പിച്ചെടുത്ത സ്നേഹസാഹോദര്യത്തെക്കുറിച്ചും രഞ്ജിത് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് മനസ് തുറന്നു.​

iv sasi, iv sasi death anniversary, renjith

ഒരു നഗരം ഒരു കലാകാരനിലേക്ക് ഇത്രകണ്ട് ഇഴചേരുക, ഐ വി ശശിയുടെ കാര്യത്തില്‍ അത് വളരെ സ്‌പഷ്ടമായി കാണാം. കോഴിക്കോടിന്റെ ആ കലാകാരനെ എങ്ങനെ ഓര്‍ക്കുന്നു?

കോഴിക്കോട് നിന്നുയർന്നു വന്ന മറ്റു സിനിമാപ്രവർത്തകരെ പോലെ തന്നെ എനിക്കും എന്നും പ്രചോദനമായ പേരുകളിൽ ഒന്നായിരുന്നു ഐ വി ശശി. ഹരിഹരൻ, എംടി, ടി. ദാമോദരൻ എന്നിങ്ങനെ വിൻസെന്റ് മാഷിന്റെ പേര് തൊട്ട് തുടങ്ങുന്ന പട്ടികയിൽ മുൻനിരയിൽ തന്നെ എന്നും ശശിയേട്ടനുണ്ടായിരുന്നു. എന്റെ കൗമാരക്കാലത്താണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ ഇറങ്ങുന്നത്. അന്നു തൊട്ട് അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്, കാരണം പ്രേംനസീറൊക്കെ തിളങ്ങി നിൽക്കുന്ന അക്കാലത്ത് ശശിയേട്ടൻ തന്റെ ആദ്യ സിനിമയിൽ നായകനാക്കിയത് കെ പി ഉമ്മറിനെയാണ്.

താരങ്ങൾക്കോ അവരുടെ ഡേറ്റിനോ അല്ല, സിനിമയുടെ ഉള്ളടക്കത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് താനെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും. പ്രേംനസീറിന്റെയോ അന്നുള്ള മറ്റ് താരങ്ങളുടെയോ പിറകെയോ ഒന്നും അദ്ദേഹം പോയില്ല. താരങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും സിനിമകൾ ഹിറ്റാക്കാൻ അദ്ദേഹത്തിന് അറിയാമായിരുന്നു, അതിനി പുതുമുഖങ്ങളെ വച്ചാണെങ്കിൽ പോലും. മറ്റുള്ളവരിൽ നിന്നു വിഭിന്നമായ ശശിയേട്ടന്റെ രീതികളും മേക്കിങ് സ്റ്റൈലുമൊക്കെ കോളേജ് കാലം മുതൽ ഞാൻ ശ്രദ്ധിച്ചിരുന്നു. സത്യത്തിൽ, ശശിയേട്ടന്റെയും ഭരതേട്ടന്റെയും പപ്പേട്ടന്റെയുമൊക്കെ സിനിമകൾ കണ്ടാണ് സിനിമ പഠിച്ചു തുടങ്ങുന്നത്.

ശശിയേട്ടൻ എന്നെ തിരക്കുന്നുവെന്ന് ഞാനറിഞ്ഞ ദിവസം, എനിക്ക് മറക്കാൻ പറ്റാത്ത ഒന്നാണ്. കോഴിക്കോട് മഹാറാണി ഹോട്ടലിൽ ‘ജോർജ് കുട്ടി കെയർ ഓഫ് ജോർജ് കുട്ടി’ എന്ന ചിത്രത്തിന്റെ ചർച്ചകളുമായി ബന്ധപ്പെട്ട് താമസിക്കുകയാണ് ഞാൻ. അതേ ഹോട്ടലിൽ തന്നെ മോഹൻലാലുമുണ്ട്, ‘ഭരതം’ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വന്നതാണ് ലാൽ. ഒരു ദിവസം രാവിലെ, തൊട്ടപ്പുറത്തെ പാരാമൗണ്ട് ഹോട്ടലിൽ നിന്ന് ഒരു ദുഖ വാർത്ത എത്തുന്നു, പത്മരാജൻ മരിച്ചു. വിവരമറിഞ്ഞ് പാരമൗണ്ടിലേക്ക് ആദ്യം ഓടിച്ചെന്നത് ഞാനും നടൻ അഗസ്റ്റിനും മോഹൻലാലുമൊക്കെയാണ്. രഘുനാഥ് പലേരി, ഗുഡ്നൈറ്റ് മോഹനൻ, നിതീഷ് ഭരദ്വാജ്​ എന്നിവരും അവിടെയുണ്ടായിരുന്നു. എത്തിയപ്പോൾ, കട്ടിലിനു താഴെയായി നിലത്ത് മരിച്ചു കിടക്കുന്ന പപ്പേട്ടനെയാണ് ഞങ്ങൾ കാണുന്നത്.

ഞങ്ങൾ തിരികെ മഹാറാണിയിലെത്തി, പപ്പേട്ടന്റെ ശരീരം അവിടെ പൊതുദർശനത്തിന് വച്ചു. അപ്പോഴാണ് കണ്ണൂരിൽ ഷൂട്ടിങ് തിരക്കിലായിരുന്ന ഐവി ശശിയും അദ്ദേഹത്തിന്റെ ക്യാമറാമാനായിരുന്ന വില്യംസും കൂടി മഹാറാണിയിലേക്ക് വരുന്നത്. പൊതുദർശനമൊക്കെ കഴിഞ്ഞ് പപ്പേട്ടനെ തിരുവനന്തപുരത്തേക്കു കൊണ്ടു പോയി കഴിഞ്ഞ് വല്ലാത്തൊരു നിർവികാരതയോടെ മഹാറാണിയിലിരിക്കുമ്പോഴാണ് വില്യംസ് എന്നോട് പറയുന്നത്, ‘രഞ്ജീ… നിങ്ങളെ ശശി അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന്.’  അന്നാണ് ശശിയേട്ടനുമായി ഞാനാദ്യം നേരിട്ട് സംസാരിക്കുന്നത്. അങ്ങനെ ഒരു ദിവസമായതു കൊണ്ടു തന്നെ, ആ കൂടിക്കാഴ്ച പ്രയാസമുള്ളതും മറക്കാനാവാത്തതുമാണ്.

തിരക്കഥാകൃത്ത് എന്ന നിലയില്‍ ഐ വി ശശിയ്ക്ക് ഒപ്പം രണ്ടു ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത് – നീലഗിരിയും ദേവാസുരവും. രണ്ടു തരം അനുഭവങ്ങളായിരുന്നിരിക്കുമല്ലോ?

ആദ്യം നേരിൽ കണ്ടപ്പോൾ ശശിയേട്ടൻ എന്നോട് ആവശ്യപ്പെട്ടത്, എനിക്കൊരു സ്ക്രിപ്റ്റ് വേണം എന്നാണ്. കുറച്ചു ദിവസം ഞാൻ കണ്ണൂരുണ്ട്. ഒരു കഥയുമായി അങ്ങോട്ട് ഇറങ്ങൂ എന്ന ക്ഷണമായിരുന്നു അത്. ആ സംസാരമാണ് പിന്നീട് ‘നീലഗിരി’യിൽ എത്തിച്ചത്.

ഞാൻ പുള്ളിയ്ക്ക് വേണ്ടി ആദ്യമെഴുതിയത് മറ്റൊരു സിനിമയായിരുന്നു, ഹൈദരാബാദിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു അത്. മമ്മൂട്ടിയെ ആണ് നായകനായി തീരുമാനിച്ചത്. തിരക്കഥ പൂർത്തിയായ സമയത്താണ്, ഹൈദരാബാദിൽ കലാപമുണ്ടായത്, തൊണ്ണൂറിൽ. ഹൈദരാബാദിൽ 144 പ്രഖ്യാപിച്ചു, എല്ലായിടത്തും പ്രശ്നങ്ങൾ. ആ അവസ്ഥയിൽ അവിടെ പോയി ഷൂട്ട് ചെയ്യാൻ പറ്റില്ല. അപ്പോൾ പകരം എന്ന രീതിയിൽ ഉണ്ടായൊരു സിനിമയാണ് ‘നീലഗിരി.’

ശശിയേട്ടന് പൊതുവെ എല്ലാത്തിലും ഒരു ധൃതിയുണ്ട്. ‘നീലഗിരി’ എഴുതുമ്പോൾ അത് വേണമോയെന്ന് ഞാൻ ആശങ്ക പ്രകടിപ്പിച്ചതാണ്. പക്ഷേ ഉടനെ വേണം എന്നായിരുന്നു ശശിയേട്ടന്റെ പ്രതികരണം. ആ സിനിമ അത്ര നല്ലതായിരുന്നില്ല, വ്യക്തിപരമായി എനിക്കത് ഇഷ്ടമായില്ല. അദ്ദേഹത്തിനും ഇഷ്ടമായിരുന്നില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്.

‘നീലഗിരി’യുമായി ബന്ധപ്പെട്ട് എനിക്ക് മറക്കാൻ പറ്റാത്തൊരു അനുഭവമുണ്ട്. ലൊക്കേഷനിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ശശിയേട്ടൻ വിളിച്ചു, ‘വന്ന് ഈ ഫ്രെയിം ഒന്ന് കാണൂ.’  ഞാൻ അമ്പരന്നു പോയി, സംവിധായകൻ തിരക്കഥാകൃത്തിനെ ഫ്രെയിം കാണിച്ചു കൊടുക്കുക എന്നതൊക്കെ വളരെ അപൂർവമായ കാര്യമാണ്. പ്രത്യേകിച്ചും ആദ്ദേഹത്തെപ്പോലെ മുതിർന്നൊരു സംവിധായകൻ, എന്നെ പോലെ ജൂനിയറായ തിരക്കഥാകൃത്തിന്. അങ്ങനെ അദ്ദേഹമെന്നെ ഐപീസിലൂടെ ഒരു ഫ്രെയിം കാണിച്ചു തന്നു. അന്നദ്ദേഹം എന്നോട് തമാശയായി പറഞ്ഞൊരു കാര്യം ഞാനിപ്പോഴും ഓർക്കുന്നു. ‘ഞാനിതു പോലെ എന്റെ ഫ്രെയിമുകളൊക്കെ പപ്പനെ വിളിച്ചു കാണിക്കുമായിരുന്നു, അത് പിന്നീട് എനിക്ക് പാരയായി. അവനെനിക്ക് സ്ക്രിപ്റ്റ് തരാതെയായി, സ്വയം സിനിമകൾ സംവിധാനം ചെയ്തു തുടങ്ങി,’ ചിരിയോടെയാണ് ശശിയേട്ടനത് പറഞ്ഞത്.

പിന്നീട് മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു ‘ദേവാസുരം’ സംഭവിക്കുന്നത്. അങ്ങനെയൊരു കഥ എന്റെ കയ്യിലുണ്ടെന്ന് അഗസ്റ്റിനാണ് ശശിയേട്ടനോട് പറയുന്നത്. മഹാറാണിയിൽ ഇരുന്നാണ് ഞാൻ ‘ദേവാസുര’ത്തിന്റെ കഥ ശശിയേട്ടനോട് പറയുന്നത്.

പിന്നീട് മോഹൻലാലിനോട് കഥ പറയാനായി ഞാനും ശശിയേട്ടനും പാലക്കാട് പോയി. ലാൽ അന്നവിടെ ‘വിയറ്റ്നാം കോളനി’യിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ലാൽ താമസിക്കുന്ന ഹോട്ടലിൽ ചെന്ന് ഞാൻ തിരക്കഥ വായിച്ചു കൊടുത്തു. പത്തിരുപത് സീൻ കഴിഞ്ഞപ്പോഴേക്കും ലാൽ ഭയങ്കരമായി​ അസ്വസ്ഥനാവുന്നത് കണ്ടു. എന്താ കാര്യമെന്നു തിരക്കിയപ്പോൾ, ‘ലൊക്കേഷനിൽ നിന്ന് കാർ വന്ന് താഴെ വെയിറ്റ് ചെയ്യുകയാണ്. ഞാനൊന്നു പോയി ഒരു സീൻ തീർത്തിട്ടു വന്നോട്ടെ?’ എന്നു ചോദിച്ചു. ഞങ്ങൾ ശരി എന്നു പറഞ്ഞു.

ലാൽ പക്ഷേ അങ്ങനെ പോയപ്പോൾ ശശിയേട്ടന് ടെൻഷനായി. ‘എന്താണ്? കഥ ലാലിന് ഇഷ്ടമായില്ലേ? അതാണോ, പെട്ടെന്നു പോയത്?’ എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു. ‘എനിക്ക് കോൺഫിഡൻസ് ഉണ്ട്, ചേട്ടനെന്താ പ്രശ്നം,’ എന്നൊക്കെ ചോദിച്ച് ഞാൻ സമാധാനിപ്പിച്ചു.

ലാലും കുഞ്ചനും ഒന്നിച്ചാണ് കാറിൽ ലൊക്കേഷനിലേക്ക് പോയത്. കുറച്ചു കഴിഞ്ഞ് കുഞ്ചൻ തിരിച്ചു വന്നു. കുഞ്ചൻ വന്നു പറഞ്ഞു ‘ലാൽ വളരെ എക്സൈറ്റഡാണ് കെട്ടോ… പോവുന്ന വഴിയ്ക്ക് കാറിലിരുന്ന് മുഴുവൻ സംസാരിച്ചത് തിരക്കഥയെക്കുറിച്ചാണ്. ആള് വളരെ ഹാപ്പിയാണ്.’  അതു കേട്ടപ്പോഴാണ് ശശിയേട്ടന്റെ ശ്വാസം നേരെ വീണത്.

 

Read Here: ജനപ്രിയസിനിമയുടെ അമരക്കാരന്‍

മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഐ വി ശശി. താങ്കളുടെ എഴുത്ത് അദ്ദേഹം സംവിധാനം ചെയ്തപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടോ?

അദ്ദേഹത്തിന്റെ വലിയൊരു പ്രത്യേകത, തിരക്കഥാകൃത്ത് എഴുതിവച്ച സംഭാഷണം ഒരിക്കലും അദ്ദേഹം വെട്ടിത്തിരുത്തില്ല എന്നതാണ്. ആ സംഭാഷണം ഇങ്ങനെ മാറ്റിയാലോ എന്നൊക്കെ നടന്മാർ ചോദിച്ചാൽ പോലും അദ്ദേഹം അതിന് അനുവദിക്കില്ല. തിരക്കഥാകൃത്തിന്റെ സാന്നിധ്യം എപ്പോഴും ലൊക്കേഷനിൽ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്ത സംവിധായകനായിരുന്നു അദ്ദേഹം.

എഴുത്തുകാരൻ അങ്ങനെയെഴുതിയതിന് അതിന്റേതായ ഒരു കാരണമുണ്ടാവുമെന്ന് വിശ്വസിച്ച സംവിധായകനായിരുന്നു ഐ വി ശശി. ഒരിക്കൽ ഞാൻ വായിച്ച് തൃപ്തിപ്പെട്ടതാണല്ലോ, പിന്നെ മറ്റൊരാരാളുടെ അഭിപ്രായം കേട്ട് എന്തിന് തിരുത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എഴുത്തുകാരനോട് അദ്ദേഹത്തിന് എപ്പോഴും ആദരവുണ്ടായിരുന്നു, എഴുത്തെന്ന തൊഴിലിനോട് ഏറെ ബഹുമാനവും. എഴുതുന്നത് എംടിയോ ദാമോദരൻ മാഷോ ഞാനോ തീർത്തും ജൂനിയറായ ഒരു തിരക്കഥാകൃത്തോ ആരുമാവട്ടെ, ഒരേ ബഹുമാനത്തോടെയാണ് അദ്ദേഹം നോക്കിക്കാണുക.

താങ്കളുടെ ഒരു നിരീക്ഷണത്തില്‍, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇത്രകണ്ട് ജനപ്രിയമാവാനുള്ള കാരണം എന്താവാം?

തിയറ്ററിൽ മുൻ ബെഞ്ചിലിരുന്ന് സിനിമ കാണുന്ന ഒരാളുടെ മനസുണ്ടായിരുന്നു ശശിയേട്ടന്. ആ മനസുമായാണ് അദ്ദേഹം സിനിമകളെ കാണുക. ആ പ്രേക്ഷകർ എവിടെ ആവേശം കൊള്ളും, എവിടെ സൈലന്റാവും, എവിടെ കയ്യടിക്കും, എവിടെ രോഷാകുലനാകും ഇതിനെക്കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ട്. ആ മുൻബെഞ്ചുകാരുടെ പൾസായിരുന്നു ശശിയേട്ടന് മുഖ്യം. അല്ലാതെ നിരൂപകർ എന്തു പറയും, അംഗീകാരം കിട്ടുമോ അത്തരം കാര്യങ്ങളിൽ ഒന്നുമായിരുന്നില്ല ശശിയേട്ടന്റെ മുൻഗണന. സിനിമയ്ക്കായി പണം ഇറക്കുന്ന ആൾക്ക് മുടക്കുമുതലും ലാഭവും ഉറപ്പിക്കുന്ന, സാധാരണ ജനങ്ങളുടെ മനസ്സ് അറിഞ്ഞു കൊണ്ടുള്ള സിനിമകൾ ഒരുക്കുകയെന്നതിന് ശശിയേട്ടൻ പ്രാധാന്യം നൽകി. ‘അങ്ങാടി’, ‘ഈ നാട്,’ ‘ആൾക്കൂട്ടത്തിൽ തനിയെ’… എന്ത് തരം തിരക്കഥകൾ കൈകാര്യം ചെയ്യുമ്പോഴും ആ വിജയം ആവർത്തിക്കാൻ അദ്ദേഹത്തിനായി. പ്രേക്ഷകരുടെ കാര്യത്തിൽ ‘ഐ ഡോണ്ട് കെയർ’ എന്നൊരു സമീപനം അദ്ദേഹത്തിനില്ലായിരുന്നു.

ഒരു കാര്യം കൂടി…

ശശിയേട്ടന്റെ ചരമവാർഷിക ദിനത്തിൽ, എനിക്കൊരു ഖേദകരമായ കാര്യം കൂടി പറയാനുണ്ട്. ഫെഫ്കയോടും അവർ വഴി സാംസ്കാരിക മന്ത്രി എ കെ ബാലനോടും ഞാൻ പലയാവർത്തി പറഞ്ഞ് മടുത്തൊരു ആശയമാണ്; കോഴിക്കോട്ടെ സർക്കാർ തിയറ്ററുകളായ കൈരളി, ശ്രീ എന്നിവ അടങ്ങിയ തിയറ്റർ കോംപ്ലക്സിന് നിങ്ങൾ ഐ വി ശശി തിയറ്റർ കോംപ്ലക്സ്​ എന്നു പേരിടൂ. ഐ വി ശശിയുടെ ഒരു അർദ്ധകായ പ്രതിമ അവിടെ സ്ഥാപിക്കൂ, ഒപ്പം ഒരു ലഘു ജീവചരിത്രവും. അധികം കാശ് ചെലവുള്ള കാര്യമൊന്നുമല്ലല്ലോ. മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ സിനിമയുടെ കുലപതിയായ ഐ വി ശശി, അത്തരമൊരു ആദരവ് അർഹിക്കുന്ന ആളാണ്.

പക്ഷേ, എന്ത് അലംഭാവമാണെന്ന് അറിയില്ല. ഇതുവരെ ഫെഫ്ക പോലുള്ള സംഘടനകളോ മന്ത്രി ബാലനോ ഇക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ല. ഈ മന്ത്രിസഭയുടെ കാലാവധി തീരുന്നതിനു മുൻപെങ്കിലും സാംസ്കാരിക മന്ത്രിയ്ക്ക് ചെയ്യാവുന്ന ഒരു കാര്യമാണിത്. കണ്ണുതുറക്കാൻ ഇനിയും സമയമുണ്ട് എ കെ ബാലന്!

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Iv sasi death anniversary director ranjith shares memories