scorecardresearch
Latest News

Ishq Movie Review: സദാചാര പോലീസിംഗിന്റെ കരണത്തടിച്ച് ‘ഇഷ്ക്’

Shane Nigam Starrer Ishq Audience Review in Malayalam: പ്രണയത്തിനൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയം കൂടി ചർച്ച ചെയ്യുന്ന ‘ഇഷ്ക്’ ഒരു സ്ത്രീപക്ഷ ചിത്രമാണ്

ishq review malayalam, ishq movie review, ishq movie review malayalam, ishq movie audience review, ishq movie public review, ഇഷ്ക്, ഇഷ്‌ക്, ഇഷ്ക് റിവ്യൂ, ishq movie review in malayalam, ishq movie public ratings, shane nigam, ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ആൻ ശീതൾ, ലിയോണ ലിഷോയ്, shine tom chacko, ann sheethal, leona lishoy, malayalam movies, malayalam cinema, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Shane Nigam Starrer Ishq Public Review: സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാവും പ്രണയം. ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘ഇഷ്ക്’ എന്ന ചിത്രത്തിന്റെ പശ്ചാത്തലവും പ്രണയമാണ്. എന്നാൽ, പ്രണയത്തിന്റെ വൈകാരിതയിലേക്ക് മാത്രമല്ല ‘ഇഷ്ക്’ പ്രേക്ഷകരെ ക്ഷണിക്കുന്നത്. പ്രണയത്തിന്റെ നിറപ്പകിട്ടിനൊപ്പം തന്നെ, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈഗോയും മറ്റു വികാരങ്ങളെയും കൂടി പ്രതിപാദിക്കുന്നുണ്ട് ചിത്രം.

സച്ചി എന്ന സച്ചിദാനന്ദൻ ഐടി ജോലിക്കാരനാണ്. ഒരു ശരാശരി മലയാളി യുവാവിന്റെ പരിഛേദം തന്നെയാണ് സച്ചി. അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം കൊച്ചിയിൽ താമസിക്കുന്ന സച്ചിയുടെ പ്രണയിനിയാണ് വസുധ. തമാശയ്ക്കും ടൈംപാസിനുമപ്പുറം ജീവിതത്തിലേക്ക് അവൻ കൂടെ കൂട്ടണമെന്നാഗ്രഹിക്കുന്ന പെൺകുട്ടി. ഇരുവരുമൊന്നിച്ചു നടത്തുന്ന ഒരു യാത്രയും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയുമൊക്കെയാണ് കഥ വികസിക്കുന്നത്.

ആദ്യ സംവിധാനസംരംഭമെന്ന രീതിയിൽ നോക്കുമ്പോൾ സംവിധായകൻ അനുരാജ് കയ്യടികൾ അർഹിക്കുന്നുണ്ട്. ധീരമായ ചില സമീപനങ്ങൾ ‘ഇഷ്കി’ൽ കാണാം, പ്രത്യേകിച്ചും ക്ലൈമാക്സ് ഭാഗങ്ങളിൽ. ചില സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കും മനോഭാവങ്ങളിലേക്കും കൂടിയാണ് സംവിധായകൻ വിരൽ ചൂണ്ടുന്നത്. എവിടെയും എപ്പോൾ വേണമെങ്കിലും അപരന്റെ ജീവിതത്തിലേക്ക് സൂം ചെയ്തൊരു ക്യാമറക്കണ്ണുമായി, വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി ചെല്ലുന്ന സദാചാര പൊലീസിംഗ്. അത്തരത്തിലുള്ള വിഷയങ്ങളെ കൂടി ഗൗരവകരമായി സമീപിക്കുകയാണ് ‘ഇഷ്ക്’.

‘കുമ്പളങ്ങി നൈറ്റ്സി’നു ശേഷം ഷെയ്ൻ നിഗം നായകനായി തിയേറ്ററിലെത്തുന്ന ചിത്രമാണ് ‘ഇഷ്ക്’. തന്റെ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് സച്ചിയെ ജീവസ്സുറ്റതാക്കാൻ ഷെയ്നിനു കഴിഞ്ഞിട്ടുണ്ട്. വസുധയായെത്തിയ ആൻ ശീതളും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. പ്രണയത്തിനപ്പുറം കാഴ്ചയും തിരിച്ചറിവും നിലപാടും ആത്മാഭിമാനവുമുള്ള വസുധയെന്ന കഥാപാത്രം ആൻ ശീതളിൽ ഭദ്രമാണ്.

വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ലിയോണ ലിഷോയ്, മാലാ പാർവ്വതി എന്നിങ്ങനെ പ്രധാന റോളുകളിലെത്തിയവരെല്ലാം ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചിട്ടുണ്ട്. പതിഞ്ഞ താളത്തിൽ പറഞ്ഞുപോകുന്ന കഥയെ ലൈവാക്കി നിലനിർത്തുന്നത് അഭിനേതാക്കളുടെ പ്രകടന മികവ് തന്നെയാണ്.

Read more: ‘ഇഷ്‌ക്’ ഒരു പ്രണയകഥ മാത്രമല്ല; സംവിധായകൻ അനുരാജ് മനോഹർ പറയുന്നു

ഒരു ത്രില്ലിംഗ് സ്വഭാവത്തോടെ മുന്നോട്ട് പോവുന്ന തിരക്കഥ രണ്ടാം പകുതിയിൽ കരുത്താർജ്ജിക്കുകയാണ്. രതീഷ് രവിയുടെ തിരക്കഥ സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ഒരു മനോഭാവത്തിന്റെ മുഖത്ത് ശക്തമായ പ്രഹരം തന്നെയാണ് ഏൽപ്പിക്കുന്നത്.

ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകം പശ്ചാത്തലസംഗീതം ആണ്. ത്രില്ലിംഗും ആകാംക്ഷയുമൊക്കെ നിലനിർത്തി കൊണ്ടുപോവാൻ പശ്ചാത്തലസംഗീതത്തിനു ആവുന്നുണ്ട്. അനർഷയുടെ ഛായാഗ്രഹണവും കിരൺ ദാസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ വിജയിക്കുന്നുണ്ട്. ജേക്ക്സ് ബിജോയുടെ സംഗീതത്തിൽ സിദ്ദ് ശ്രീറാം പാടിയ ‘പറയുവാൻ ഇതാദ്യമായി…’ എന്നു തുടങ്ങുന്ന ഗാനവും മികച്ച അനുഭവം സമ്മാനിക്കുന്നുണ്ട്.

ഇ ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രണയസിനിമകളുടെ പതിവു ട്രാക്കിൽ നിന്ന് മാറി സഞ്ചരിക്കുന്ന ‘ഇഷ്ക്’ ചെറുപ്പക്കാർ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. പ്രണയം അന്ധമാണ് എന്നാണ് പഴമൊഴി. എന്നാൽ പ്രണയത്തിലും തുറന്നുവെച്ചൊരു കണ്ണ് നല്ലതാണെന്ന് കൂടി ‘ഇഷ്ക്’ പറയാതെ പറയുന്നുണ്ട്. സ്വയമൊരു വിലയിരുത്തലിനും തിരുത്തലിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും കൂടി ‘ഇഷ്ക്’ ചിലപ്പോൾ വഴിവെച്ചെന്നും വരാം.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Ishq movie review shane nigam