അഭിനയം, സംവിധാനം, എഴുത്ത്, സംഗീത സംവിധാനം എന്നിങ്ങനെ ഒരു സിനിമയുടെ അടിസ്ഥന ഘടകങ്ങളിൽ എല്ലാം തന്നെ കൈയ്യൊപ്പ് പതിപ്പിച്ച പ്രതിഭയാണ് വിപിൻ അറ്റ്ലീ. അദ്ദേഹം ആദ്യമായി തിരക്കഥ എഴുതി, കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഹോംലി മീൽസ്’ ശ്രദ്ധേയമായത് അതിന്റെ കഥ പറഞ്ഞ രീതിയും, ഉപയോഗിച്ച ആക്ഷേപ ഹാസ്യശൈലിയും, പാത്രസൃഷ്ടിയിലെ വ്യത്യസ്ഥയും കൊണ്ടായിരുന്നു. തുടർന്ന് അദ്ദേഹം സംവിധാനം ചെയ്ത ‘ബെൻ’ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ ചിത്രത്തിലെ അഭിയനയത്തിനു ഗൗരവ് മേനോന് മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
കഴിഞ്ഞ വര്‍ഷം അദ്ദേഹം സംവിധാനം ചെയ്ത ‘വട്ടമേശ സമ്മേളന’ത്തെ തുടര്‍ന്ന് ഈ വര്‍ഷം മറ്റൊരു വ്യത്യസ്ഥ പ്രമേയവുമായി എത്തിയിരിക്കുകയാണ് അറ്റ്ലീ. അദ്ദേഹം എഴുതി സംവിധാനം ചെയ്ത ‘മ്യൂസിക്കൽ ചെയർ’ എന്ന ചിത്രം ‘മെയിൻസ്ട്രീം ടി വി ആപ്പ്’ എന്ന ഓ ടി ടി പ്ലാറ്റ്ഫോം വഴി ഈ മാസം ആദ്യം റിലീസ് ചെയ്തു. പ്രമേയവും, അവതരണവും കൊണ്ട് ഇതിനോടകം തന്നെ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട് ‘മ്യൂസിക്കൽ ചെയർ.’
മരണ ഭയം, മരണമെന്ന അവസ്ഥയുടെ സാദ്ധ്യതകൾ എന്നിവയെല്ലാം വളരെ ‘റിയലിസ്റ്റിക്കായ’ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുകയാണ് അറ്റ്ലീ ‘മ്യൂസിക്കൽ ചെയറിൽ.’ രചനയും സംവിധാനവും മാത്രമല്ല ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അറ്റ്ലീ തന്നെയാണ്. കൂടാതെ ചിത്രത്തിന്റെ ആത്മാവാകുന്ന ഇതിലെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നതും ഈ ബഹുമുഖ പ്രതിഭയാണ്.
മുഖ്യധാരാ സിനിമയുടെ സകല ചട്ടക്കൂടുകളും ഭേദിക്കുന്ന ചെറിയ, പരീക്ഷണാത്മക സിനിമകള്‍ ചെയ്തു മലയാള സിനിമയില്‍ സ്വന്തമായ ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കുക വഴി സിനിമയെന്ന സ്വപ്നവുമായി നടക്കുന്ന എല്ലാവർക്കും ഒരു വഴി കാണിക്കുകയാണ് വിപിന്‍ അറ്റ്ലീ. താൻ വന്ന വഴികളെ പറ്റിയും, തന്റെ പുതിയ സിനിമയെ കുറിച്ചും അറ്റ്ലീ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളവുമായി സംസാരിക്കുന്നു.
Read Here: Musical Chair Movie Review: മരണത്തിന്റെ കസേര കളി; ‘മ്യൂസിക്കൽ ചെയർ’ റിവ്യൂ
അറ്റ്ലീ എന്ന കലാകാരന്റെ തുടക്കം
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ആകാശവാണിയിൽ നാടകങ്ങളൊക്കെ ചെയ്യുമായിരുന്നു. അത് കഴിഞ്ഞു കുറച്ചു നാൾ ഡിജെ ആയി കൊച്ചിയിൽ കറങ്ങി നടന്നു.തുടർന്ന് ഞാൻ സന്തോഷ് ശിവന്റെ അച്ഛൻ ശിവൻ സാറിന്റെ കീഴിൽ സിനിമാട്ടോഗ്രഫി പഠിക്കാൻ പോയി. അത് കഴിഞ്ഞു ചാനലിൽ ആങ്കറിംഗ് പരിപാടികളൊക്കെ ആയി നടന്നു. അങ്ങനെ എല്ലാ മേഖലകളിലും ഒരു റൗണ്ട് പയറ്റിയിട്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ‘ഹോംലി മീൽസിന്റെ’ ഡയറക്ടർ അനൂപ് കണ്ണൻ എന്റെ അടുത്ത സുഹൃത്താണ്. പുള്ളിയാണ് ആ കഥ സിനിമയാക്കാൻ താല്പര്യം കാട്ടിയതും, എന്നോട് തന്നെ അഭിനയിക്കാൻ പറഞ്ഞതും.
‘മ്യൂസിക്കൽ ചെയറി’ന്റെ ആശയം
ഞാൻ ഡിജെ പരിപാടിയുമായി നടന്നിരുന്ന കാലത്ത്, ഒരു ഫ്ലാറ്റിന്റെ പരിപാടിക്ക് ഞാൻ പ്ലേയ് ചെയ്യുന്നതിനൊപ്പം ‘മ്യൂസിക്കൽ ചെയർ’ കളിക്കുകയായിരുന്നു അവിടത്തെ ആളുകൾ. കളിക്കിടയിൽ ഒരു അമ്മാവന്റെ കസേര പോയി, ഇയാൾ അവിടത്തെ വല്യ പ്രമാണിയായ ഒരു മനുഷ്യനായിരുന്നു, പക്ഷേ ഇയാൾ ഒരു കാരണവശാലും കസേര വിട്ടു കൊടിക്കില്ല എന്ന വാശിയായി. അപ്പോ ബാക്കിയുള്ള ആളുകൾ പുള്ളിയെ ഗൗനിക്കാതെ കളി തുടർന്നു. ആ സമയത്ത് ഞാനാ പുള്ളിയുടെ മുഖം ശ്രദ്ധിച്ചു. മരണ വിഷമത്തിലെന്നതു പോലെയായിരുന്നു അയാളുടെ മുഖത്തെ ഭാവം.
അന്നെനിക്ക് തോന്നിയതാണ് ‘മ്യൂസിക്കൽ ചെയർ’ എന്ന സിനിമയുടെ ആശയം. 2007 -ഇൽ ഞാൻ എഴുതിയതാണ് ‘മ്യൂസിക്കൽ ചെയറി’ന്റെ തിരക്കഥ, പക്ഷേ പല കാരണങ്ങൾ കൊണ്ട് അത് നീണ്ടു പോയി. എനിക്ക് മരണത്തെ പറ്റി തോന്നിയ കുറേ വട്ട് ചിന്തകൊളൊക്കെ തന്നെയാണ് ആ സിനിമയിൽ പറയാൻ ശ്രമിച്ചിരിക്കുന്നത്. സിനിമയിൽ കാണിക്കുന്ന ഒരു അനിമേഷൻ വീഡിയോ ഉൾപ്പെടെ എല്ലാം എന്റെ ചിന്തകൾ ആ രൂപത്തിലാക്കി എടുത്തതാണ്.
കഥാപാത്രങ്ങൾ ജീവിതവുമായി അടുക്കുമ്പോള്‍
തൊണ്ണൂറ്റി ഒൻപത് ശതമാനവും ഞാൻ തന്നെയാണ് ആ കഥാപാത്രങ്ങൾ. അടുത്ത പടത്തിലെങ്കിലും അതൊന്നു മാറ്റി പിടിക്കണമെന്ന് ആഗ്രഹമുണ്ട് (ചിരിക്കുന്നു). ഞാനെഴുതിയ കഥകളും കഥാപാത്രങ്ങളുമാണ് ഈ രണ്ടു സിനിമയിലും, അപ്പൊ എന്റെ എല്ലാ പ്രശ്നങ്ങളും ആ കഥാപാത്രങ്ങളിലും സ്വാഭാവികമായി വന്നതാകാം.
Read Here: ഓടിടിയില്‍ എത്തിയ പുതിയ മലയാള ചിത്രങ്ങള്‍; റിവ്യൂ വായിക്കാം
‘വല്യ ആർട്ടിസ്റ്റുകളില്ലാത്ത’ സിനിമ
വലിയ താരങ്ങളെയൊക്കെ ഉൾപ്പെടുത്തി, വല്യ പ്രൊജെക്ടുകളൊക്കെ ചെയ്യണമെന്നുള്ള ചിന്ത തീർച്ചയായും ഉണ്ട്. ഞാൻ 2007 -ഇത് എഴുതിയ കഥയാണ് 2020 ആയപ്പോൾ സിനിമ ആയത്. എനിക്കിപ്പോൾ കിട്ടുന്ന പ്രതികരണങ്ങളും, അംഗീകാരവും കിട്ടുന്നത് 2007 -ലെ എനിക്കാണ്. ഈ പതിമൂന്നു വർഷത്തിനിടയിൽ ഞാൻ ഒരുപാടു മാറിയിട്ടുണ്ട്, അത് കൊണ്ട് തന്നെ വേറെ പല കഥകളും ആശയങ്ങളുമൊക്കെ ഉണ്ട് . വലിയ താരങ്ങളെ വെച്ച് സിനിമ ചെയ്യണമെന്നുള്ള ആഗ്രഹവും ഇതിനിടയിൽ ഉണ്ടായിട്ടുണ്ട്.
‘മ്യൂസിക്കൽ ചെയർ’ കുറെ നാളെടുത്തു ഷൂട്ട് ചെയ്ത ഒരു ചിത്രമാണ്. വല്യ ആർട്ടിസ്റ്റുകളാവുമ്പോള് നമ്മുടെ കൂടെ അത്രയും ദിവസം സഹകരിക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവും. അപ്പൊ അത്തരം ടെന്‍ഷനുകൾ ഒഴിവാക്കാം എന്ന നിലയ്ക്കാണ് ചെറിയ രീതിയിലെങ്കിലും അറിയപ്പെടുന്ന താരങ്ങളെ സമീപിക്കാതിരുന്നത്.
പിന്നെ ഞാൻ ഇത് വരെ ചെയ്ത സിനിമയെലാം എന്റെ ‘കംഫര്‍ട്ട് സോണിൽ’ നിന്നാണ് ചെയ്തിട്ടുള്ളത്. ഞാൻ അത്ര ‘ഓർഗനൈസ്ഡ്’ ആയ ഒരു മനുഷ്യനല്ല. കൃത്യം 6 മണിക്ക് എഴുന്നേൽക്കുക, 7 മണിക്ക് ലൊക്കേഷനിൽ എത്തുക, ഇതൊന്നും എനിക്ക് പറ്റില്ല. സംവിധാനം ഒക്കെ ചെയ്യുന്ന നേരത്ത് ഞാൻ ഓരോന്നിനെ പറ്റിയും ആലോചിച്ചാലോചിച്ച് കിടക്കുമ്പോൾ തന്നെ നേരം വെളുക്കും. ഇതൊക്കെ കൊണ്ട് തന്നെ സമയനിബന്ധിതമായി വർക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരാളാണ് ഞാൻ. താരങ്ങളൊക്കെ വന്നാൽ എന്റെ ഈ പരിപാടി നടക്കില്ല. കൈയ്യിൽ നിൽക്കാത്ത സമ്മർദ്ദമാവും. ഇതാവുമ്പോൾ എന്നോട് ചോദിക്കാനും പറയാനും ആരുമില്ല, എനിക്ക് ചെറിയ പൈസക്ക് നല്ല പടങ്ങളും ചെയ്യാം.
‘മ്യൂസിക്കൽ ചെയറി’ലെ അന്ധനായ പാസ്റ്റർ
ഞാൻ ആ കഥാപാത്രം എഴുതി കഴിഞ്ഞപ്പോൾ ഞാൻ അന്ധനായ ഒരാളെ അന്വേഷിച്ചു നടന്നു, അപ്പോൾ നമ്മുടെ പരിചയത്തിലെ ഒരു ചേട്ടൻ പറഞ്ഞു കോട്ടയത്തു പുള്ളിക്ക് അറിയാവുന്ന ഒരു ലോട്ടറി കച്ചോടക്കാരനുണ്ടെന്നു. അങ്ങനെ ഞാൻ അയാളെ കാണാൻ ചെന്നു. പുള്ളി ലോട്ടറി വിറ്റ് കൊണ്ടിരിക്കുകയായിരുന്നു. ഞാൻ പറഞ്ഞു ‘ചേട്ടാ സിനിമയിൽ അഭിനയിക്കണം, പുള്ളി പറഞ്ഞു എനിക്ക് അറിയാൻ പാടില്ല.’ ഞാൻ പറഞ്ഞു ‘അതൊന്നും പ്രശ്നമില്ല, ചേട്ടൻ വന്നാൽ മതി.’ അങ്ങനെ ഞാൻ പുള്ളിയെ കൊണ്ട് വന്നു അഭിനയിപ്പിച്ചു, ഡബ്ബിങ്ങും ചെയ്യിപ്പിച്ചു.
അങ്ങനെ നമുക്ക് ഇഷ്ടമുള്ള ആൾക്കാരെ കൊണ്ട് വന്നു അഭിനയിപ്പിക്കുക ആയിരുന്നു. അതേ പോലെ തന്നെയായിരുന്നു ഇതിലെ ബാക്കി അഭിനേതാക്കളുടെ കാര്യവും. സിനിമയുമായി ഒരു ബന്ധമില്ലാത്തവരാണ് ഇതിലെ മിക്ക അഭിനേതാക്കളും. ഇതൊക്കെക്കൊണ്ടാണ് ആ സിനിമയ്ക്കു ഒരു ഫ്രഷ്നെസ്സ് തോന്നുന്നത്.
എപ്പോഴും ഇങ്ങനത്തെ ഒരു സിനിമ എടുക്കാൻ പറ്റില്ല എന്നുള്ളതാണ് സത്യം. പിന്നെ ഈ പ്രോസസ്സ് ആസ്വദിച്ചു ചെയുക എന്നുള്ളതിലാണ് കാര്യം. ഞാനുൾപ്പെടെ നാല് പേരാണ് ഈ സിനിമ ചെയ്യാൻ ഉണ്ടായിരുന്നത്. മൂന്ന് വർഷം എടുത്താണ് ഈ ചിത്രം പൂർത്തിയാക്കിയത്. 2016 ഇൽ ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ടു പിന്നെ ഡബ്ബിങ്, പോസ്റ്റ് പ്രൊഡക്ഷൻ 2019 വരെ നീണ്ടു. ഞാൻ ഈ ചിത്രം ഫെസ്റ്റിവൽ റിലീസ് എന്ന നിലയ്ക്കാണ് ചെയ്തത്. പക്ഷേ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഉൾപ്പെടെ എല്ലാം കഴിഞ്ഞു വന്നപ്പോൾ ഇവിടെ കോറോണയും ലോക്കഡൗണുമൊക്കെ ആയി, രാജ്യാന്തര മേളകളൊക്കെ മുടങ്ങി, അങ്ങനെയാണ് ഓ ടി ടി റിലീസ് ചെയ്യാമെന്ന തീരുമാനത്തിൽ എത്തിയത്.
എന്തായാലും, നമ്മൾ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ സിനിമ ഇപ്പോള്‍ കാണുന്നുണ്ട്. തീയേറ്ററൊക്കെ തുറക്കാൻ ഇനി എന്തായാലും കുറച്ചു നാളും കൂടിയെടുക്കും, അത്രയും നാൾ ഇതു പോലെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ചെറിയ സിനിമകൾ റിലീസ് ആവുന്നത്, അത്തരം സിനിമകൾ ചെയ്യുന്നവർക്കും, പ്രേക്ഷകർക്കും ഒരേ പോലെ പ്രയോജനപ്പെടും. അതേ സമയം ടെലിഗ്രാം, ടോറന്റ് പോലെയുള്ള സംവിധാനങ്ങൾ വഴി പൈറേറ്റഡ് വേർഷൻ ഇറങ്ങുന്നതും ഇത്തരം റിലീസുകൾക്ക് ഒരു തലവേദനയാണ്.
എന്നിരുന്നാലും ഇനിയുള്ള കാലം ചെറിയ മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രങ്ങൾ ‘പേ പെർ വാച്ച്’ സംവിധാനത്തിൽ കാണാൻ സാധിക്കുന്ന ഒരുപാട് പ്ലാറ്റ്ഫോമുകൾ ഇവിടെ ഉണ്ടാകും, അത് സിനിമ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്യും. അതുണ്ടായാൽ പിന്നെ ‘ബാഹുബലി’ പോലെയുള്ള പടങ്ങൾ കാണാൻ മാത്രമേ ജനങ്ങൾ തീയേറ്ററുകളിൽ പോകു.
എനിക്ക് പ്രേക്ഷകരോട് പറയാനുള്ളത്, ഇത്തരം ചെറിയ സിനിമകള്‍ നിങ്ങൾ ദയവു ചെയ്തു പൈറേറ്റഡ് കോപ്പി കാണാതിരിക്കുക. ‘മ്യൂസിക്കൽ ചെയർ’ ഓൺലൈൻ വഴി കാണാൻ വെറും 40 രൂപയാണ്. അത്രേം തുച്ഛമായ പൈസ എങ്കിലും നിങ്ങൾ മുടക്കിയില്ലെങ്കിൽ നമ്മളെ പോലത്തെ ആളുകൾക്ക് ഇനി സിനിമ ചെയ്യാൻ കഴിയില്ല.
‘മ്യൂസിക്കൽ ചെയര്‍,’ ‘ബെൻ’ എന്നിവയുടെ സംഗീതം
എല്ലാ തരത്തിലുള്ള പാട്ടുകൾ കേൾക്കുന്നതു കൊണ്ടു ഓരോ സന്ദർഭത്തിനും ഏത് തരത്തിലുള്ള സംഗീതമാണ് അനുയോജ്യമാവുക എന്നൊരു ധാരണയുണ്ട്. അത് വെച്ച് അങ്ങ് ചെയ്യുന്നു എന്നേയുള്ളു.
Read Here: വെബ് സീരീസ് ലോകത്തെ ദക്ഷിണേന്ത്യൻ കൈയ്യൊപ്പ്
അടുത്ത ചിത്രങ്ങൾ
ഞാൻ ഇപ്പോൾ ഒരു ഇംഗ്ലീഷ് വെബ് സീരിസിന്റെ പണി തുടങ്ങിയിട്ടുണ്ട്. ‘വാനിഷിംഗ്’ എന്നാണ് പേര്. അത് എവിടെ റിലീസ് ചെയുമെന്നുള്ള തീരുമാനം ഒന്നുമായിട്ടില്ല. ‘ആന്റപ്പന്റെ അത്ഭുത ലോകം’ എന്ന സിനിമയും പൂർത്തിയായി കഴിഞ്ഞു. ഡബ്ബിങ് നടന്നു വരികയാണ്. പിന്നെ എന്റെ സ്ക്രിപ്റ്റിൽ അനൂപ് കണ്ണൻ സംവിധാനം ചെയ്യുന്ന പടവും ആരംഭ ഘട്ടത്തിലാണ്.
ഇഷ്ട സംവിധായകർ
ഓരോ കാലത്തും ഓരോ സംവിധായകരോട് ഇഷ്ടം തോന്നാറുണ്ട് . എന്നാലും എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകൾ മണിരത്നത്തിന്റെ ‘ഇരുവർ,’ കൈസാദ് ഗുസ്താദിന്റെ ‘ബോംബെ ബോയ്സ്,’ ശേഖർ കപൂറിന്റ ‘ബാൻഡിറ് ക്വീൻ’ എന്നിവയാണ്.