scorecardresearch
Latest News

‘ചെമ്മീനി’ലെ പഞ്ചമി ഇവിടെയുണ്ട്!

അഭിനേത്രിയും ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമൊക്കെയായി ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന ലത രാജുവുമായി നടത്തിയ ദീർഘസംഭാഷണം

‘ചെമ്മീനി’ലെ പഞ്ചമി ഇവിടെയുണ്ട്!

തൂവാനത്തുമ്പികളിലെ രാധ (പാർവതി), കൂടെവിടെയിലെ ആലീസ് (സുഹാസിനി), കാണാമറയത്തിലെ ഷേർലി (ശോഭന), നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളിൽ സോഫിയ (ശാരി), നീലത്താമരയിൽ കുഞ്ഞിമാളു (അംബിക) ഈ നായികമാരെല്ലാം സംസാരിച്ചത് ഗായിക ലത രാജുവിന്റെ ശബ്ദത്തിലായിരുന്നു. അഭിനേത്രി, ഗായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം കയ്യൊപ്പു ചാർത്തിയ പ്രതിഭയാണ് ലത രാജു.

ലത രാജു ജനിച്ചുവീണതേ സംഗീതത്തിന്റെ ലോകത്തേക്കാണ്. അമ്മ ആദ്യകാല പിന്നണി ഗായികമാരിൽ ഒരാളായ ശാന്ത പി നായർ. അച്ഛൻ മലയാള പ്രക്ഷേപണത്തിന്റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന എഴുത്തുകാരനും സംവിധായകനുമായ കെ. പത്മനാഭൻ നായർ. ഭർത്താവ് ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജെ.എം. രാജു. മകൻ ഗായകനും സംഗീതജ്ഞനുമായ ആലാപ് രാജു. മകൾ അനുപമയ്ക്കും സംഗീതമെന്നത് ജന്മസിദ്ധമായൊരു വരം പോലെ കിട്ടിയ കഴിവാണ്. ശ്വസിക്കുന്ന വായുവിലും ജീവിതത്തിലും സംഗീതം കലർന്ന ഏഴു പതിറ്റാണ്ടുകളുടെ കഥ പറയാനുണ്ട് ലത രാജുവെന്ന ഈ എഴുപത്തിയൊന്നുകാരിയ്ക്ക്. അമ്മ, അച്ഛൻ, കുട്ടിക്കാലം, അഭിനയകാലം, സംഗീത ജീവിതം, കുടുംബം… പോയ കാലത്തിന്റെ പ്രിയപ്പെട്ട ഓർമകളും വിശേഷങ്ങളും ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കിടുകയാണ് ലത രാജു.

ശാന്ത പി നായര്‍ എന്ന മെലഡികളുടെ രാജ്ഞി
മലയാള ഗാനശാഖയുടെ ആരംഭ കാലത്തിലെ ഗൃഹാതുര ശബ്ദമാണ് ശാന്ത പി നായര്‍‌. കലാരംഗത്ത് സ്ത്രീകൾ പ്രവർത്തിക്കുന്നത് അത്ര സ്വീകാര്യമല്ലാതിരുന്ന ഒരു കാലത്താണ് വാസുദേവ പൊതുവാളിന്റേയും ലക്ഷ്‌മിയുടേയും മകളായ ശാന്ത ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. എട്ടാം വയസുമുതല്‍ കര്‍ണ്ണാടിക്‌ സംഗീതം പഠിച്ച ശാന്തയുടെ ഗുരുക്കന്മാര്‍ ചേര്‍ത്തല ഗോപാലൻ നായരും രാംനാട് കൃഷ്‌ണനും ആയിരുന്നു. പത്താം വയസുമുതല്‍ തന്നെ കീര്‍ത്തനങ്ങള്‍ പാടിതുടങ്ങി. ചെന്നൈയിലെ വിദ്യാഭ്യാസത്തിന്‌ ശേഷം ആകാശവാണി കോഴിക്കോട്‌ നിലയത്തില്‍ അനൗണ്‍സറായി ശാന്ത പി നായര്‍ ജോലിയില്‍ പ്രവേശിച്ചു.

shantha p nair, Latha Raju mother, singer Santha p nair
ലതയുടെ അമ്മ ഗായിക ശാന്ത പി നായർ

1953 ല്‍ ‘തിരമാല’ എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്ത പി നായർ ചലച്ചിത്രപിന്നണിഗാനരംഗത്തേക്ക് എത്തിയത്. പിൽക്കാലത്ത് പിന്നണിഗാന രംഗത്ത് ശ്രദ്ധ നേടിയ പല പ്രഗത്ഭരുടെയും ആദ്യഗാനം ആലപിക്കുന്നത് ശാന്ത പി നായരാണ്. വയലാർ രാമവർമ്മ രചിച്ച ആദ്യഗാനം ‘തുമ്പി തുമ്പി വാവാ’ (ചിത്രം: കൂടപിറപ്പ്- 1956), എം.എസ്.ബാബുരാജ് ഈണംപകര്‍ന്ന ആദ്യചിത്രമായ ‘മിന്നാമിനുങ്ങി’ലെ ഒരു വട്ടിപ്പൂ തരേണം, രാഘവന്‍മാസ്റ്റര്‍ ഈണംപകര്‍ന്ന ആദ്യചിത്രായ ‘നീലക്കുയിലിലെ’ ഉണരൂരുണൂ ഉണ്ണുകണ്ണാ’, വയലാറും ദേവരാജന്‍മാസ്റ്ററും ഒന്നിച്ച ആദ്യചിത്രമായ ‘ചതുരംഗം’ എന്നിവയിലെല്ലാം ശാന്ത പി നായർ പാടിയ പാട്ടുകൾ ശ്രദ്ധ നേടി. കെ.ജെ. യേശുദാസ് തന്റെ ആദ്യയുഗ്മഗാനം പാടിയതും ശാന്ത പി നായരോടൊപ്പമാണ്. ‘നാഴിയൂരിപാലുകൊണ്ട് നാടാകെകല്യാണം’ എന്ന ഗാനമൊക്കെ മലയാളി എന്നെന്നും ഓർത്തിരിക്കുന്ന ഗാനമാണ്.

“അമ്മ പാടുന്ന കാലത്ത് വളരെ കുറച്ചുസ്ത്രീകളെ പാട്ടുകാരായി ഉണ്ടായിരുന്നുള്ളൂ. സിനിമയിലേക്ക് എത്തും മുൻപ് അമ്മ സ്ഥിരമായി കച്ചേരികൾക്കൊക്കെ പോവുമായിരുന്നു. ആകാശവാണിയിൽ ലളിതഗാനങ്ങൾ പാടും. അമ്മയുടെ ഒരു ലളിതഗാനം കേട്ടിട്ടാണ് ‘തിരമാല’ എന്ന ചിത്രത്തിൽ പാടാൻ ക്ഷണം ലഭിക്കുന്നത്. ഞാൻ അന്ന് കൈകുഞ്ഞാണ്, ബോംബെയിൽ വച്ചായിരുന്നു ആ പാട്ടിന്റെ റെക്കോർഡിംഗ്. എന്നെ വല്യമ്മയെ ഏൽപ്പിച്ചാണ് അമ്മ ആദ്യത്തെ റെക്കോർഡിംഗിനു പോയത്. ഞാൻ കുഞ്ഞായിരുന്ന സമയത്തൊക്കെ അമ്മ സിനിമയിൽ വലിയ തിരക്കാണ്. അന്ന് നാലഞ്ചു മണിക്കൂറൊക്കെയാണ് പ്രോഗ്രാം, ആദ്യത്തെ രണ്ടു മണിക്കൂർ ക്ലാസിക്കൽ കച്ചേരിയും, പിന്നെ സിനിമാഗാനങ്ങൾ പാടും. അമ്മ പാടിയിട്ടുള്ള പല പരിപാടികൾക്കും ബാബുക്ക (ബാബുരാജ്)യായിരുന്നു ഹാർമോണിയം വായിച്ചിരുന്നത്. ഒന്നു രണ്ടു വേദികളിൽ അമ്മയ്ക്കൊപ്പം ഞാനും പാടിയിട്ടുണ്ട്,” ലത രാജു പറഞ്ഞു.

Santha P Nair

“മലയാള സിനിമയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ എറണാകുളത്ത് നടക്കുന്ന സമയം. മലയാളസിനിമയിലെ അക്കാലത്തെ ഒട്ടുമിക്ക പ്രഗത്ഭരുമുണ്ടായിരുന്നു വേദിയിൽ. ഞാനന്ന് പാവാട പ്രായമാണ്. ആ പരിപാടിയിൽ സാരിയൊക്കെ ഉടുത്ത് അമ്മയ്ക്ക് ഒപ്പം സ്റ്റേജിൽ പാടിയതൊക്കെ ഓർമ്മയുണ്ട്. ‘പാലാട്ടു കോമനി’ലെ പൂവേ നല്ല പൂവേ എന്ന പാട്ടായിരുന്നു അത്. സിനിമയിൽ ആ പാട്ട് ഒർജിനലായി പാടിയത് അമ്മയും ജിക്കിയമ്മയും കൂടിയായിരുന്നു. അമ്മ പാടിയതിൽ എനിക്കേറെയിഷ്ടം ‘ഉണരുണരൂ ഉണ്ണിക്കണ്ണാ’, ‘തേങ്ങിടല്ലേ തേങ്ങിടല്ലേ’ തുടങ്ങിയ പാട്ടുകളാണ്. ഏഴു രാത്രികൾ എന്ന ചിത്രത്തിലെ ‘മക്കത്തുപോയ്‌വരും മാനത്തെഹാജിയാർക്ക്’ എന്ന ഗാനത്തിന്റെ സംഗീതസംവിധാനം അമ്മയാണ് നിർവ്വഹിച്ചത്. ആ പാട്ട് സിനിമയിൽ പാടിയത് ഞാനും.”

“ചെന്നൈയിലെ ക്യൂൻ മേരീസിൽ ആയിരുന്നു അമ്മയുടെ കോളേജ് പഠനമൊക്കെ. പുറത്തൊക്കെ പോയി പഠിച്ചതിന്റെ ഒരു എക്സ്പോഷർ ഒക്കെ അമ്മയ്ക്ക് ചെറുപ്പത്തിലേ കിട്ടിയിരുന്നു. നല്ല ഫാഷൻ സെൻസുള്ള ഒരാളായിരുന്നു അമ്മ. എലഗന്റായി അണിഞ്ഞൊരുങ്ങാൻ ഇഷ്ടപ്പെടുന്ന, ഭംഗിയായി സാരിയുടുക്കുന്ന ഒരാൾ. സാരിയ്ക്ക് ചേർന്ന വളകൾ, ആഭരണങ്ങൾ, വലിയ കമ്മലുകൾ ഒക്കെ അണിയാൻ അമ്മയ്ക്ക് ഇഷ്ടമായിരുന്നു. ഹിന്ദി സിനിമകളുടെയും പാട്ടുകളുടെയും വലിയ ആരാധികയായിരുന്നു അമ്മ. ലത മങ്കേഷ്കറിനെ അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു, ലതാജിയോടുള്ള ആരാധന കൊണ്ടാണ് അമ്മ എനിക്ക് ലത എന്നു പേരിട്ടത്.”

ലത മങ്കേഷ്കറിനൊപ്പം ലത രാജു

അച്ഛൻ സൃഷ്ടിച്ച ചരിത്രം
“കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു അച്ഛൻ. ഓൾ ഇന്ത്യ റേഡിയോയുടെ ആദ്യത്തെ മലയാളം ന്യൂസ് റീഡറെന്ന വിശേഷണവും അച്ഛനു സ്വന്തമാണ്. ഓൾ ഇന്ത്യ റേഡിയോയിൽ അച്ഛൻ എത്തിപ്പെട്ടതൊക്കെ രസകരമായൊരു കഥയാണ്. 1940കളിലാണ് അത്. അന്ന് റേഡിയോയിലെ മലയാള പരിപാടികളൊക്കെ വലിയ മോശമായിരുന്നു, ഇക്കാര്യം ചൂണ്ടികാട്ടി അച്ഛൻ റേഡിയോയിലേക്ക് ഒരു കത്തയച്ചു. ‘നിങ്ങൾ വിമർശിക്കുന്നുണ്ടല്ലോ, എങ്കിൽ നിങ്ങൾക്ക് എടുത്ത് നടത്താൻ പറ്റുമോ?’ എന്നവർ അച്ഛനോട് ചോദിച്ചു. വെല്ലുവിളി ഏറ്റെടുക്കുന്നതുപോലെയാണ് അച്ഛൻ അവിടെയെത്തിയത്.

ഡൽഹിയിലായിരുന്നു അച്ഛൻ അന്ന് താമസം. പിന്നീട് ആകാശവാണിയുടെ പുതിയ സ്റ്റേഷൻ കോഴിക്കോട് തുടങ്ങിയപ്പോൾ അച്ഛൻ കേരളത്തിലേക്ക് വന്നു. ഭാസ്കരൻ മാഷ്, ഉറൂബ്, തിക്കോടിയൻ, രാഘവൻ മാസ്റ്റർ ഒക്കെ കോഴിക്കോടൻ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന കാലമാണത്. അച്ഛൻ അവരുമായൊക്കെ സൗഹൃദത്തിലായി. ആകാശവാണിയിൽ വച്ചുതന്നെയാണ് അച്ഛൻ അമ്മയെ പരിചയപ്പെടുന്നതും. 1950ൽ അവർ വിവാഹിതരായി. അമ്മയുടെ കരിയറിനു ഏറ്റവും കൂടുതൽ പിന്തുണ നൽകിയ ഒരാൾ അച്ഛനായിരുന്നു. അമ്മയിലെ ഗായിക ഉയരങ്ങളിലേക്ക് പോവണമെന്ന് ആഗ്രഹിക്കുകയും എപ്പോഴും പിന്തുണ നൽകുകയും ചെയ്തൊരു അച്ഛനാണ് എന്റെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത്.

കുട്ടിക്കാലത്ത് കുറച്ചുനാൾ ഞാനും കോഴിക്കോട് പഠിച്ചിട്ടുണ്ട്. മലയാള സിനിമയുടെ വേരുകൾ മൊത്തം അക്കാലത്ത് ചെന്നൈയിൽ ആയിരുന്നല്ലോ, പതിയെ ഞങ്ങളെല്ലാവരും ചെന്നൈയിലേക്ക് താമസം മാറി. 60 വർഷമായി ‘മദിരാശിയെന്ന സിനിമ നഗര’മാണ് ഞങ്ങളുടെ ലോകം. വിട്ടുപോവാനാവാത്ത രീതിയിൽ ഈ നഗരം ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്. ജീവിക്കാൻ ഇവിടെയല്ലാതെ മറ്റൊരിടം ആലോചിക്കാൻ കൂടി പറ്റില്ല.”

latha raju, singer Latha Raju

പാട്ടിന്റെ ലോകം
പലരും എന്നോട് ചോദിക്കാറുണ്ട്, അമ്മയാണോ ആദ്യം പാട്ടുപഠിപ്പിച്ചതെന്ന്. അമ്മ അങ്ങനെ അടുത്തിരുത്തി പാട്ടു പഠിപ്പിച്ചിട്ടൊന്നുമില്ല. കുട്ടിക്കാലം മുതൽ എന്റെ ചുറ്റും സംഗീതമുണ്ട്. അതെന്നെ സ്വാധീനിക്കുകയായിരുന്നു. അമ്മ റിഹേഴ്സലിനൊക്കെ പോവുമ്പോൾ ഞാനും കൂടെ പോവും. കേട്ടു കേട്ടാവാം ആ പാട്ടുകളും ഈണങ്ങളുമൊക്കെ എനിക്ക് കാണാപ്പാഠമാവുകയായിരുന്നു. ആറു വയസ്സിൽ അതായിരുന്നു എന്റെ ആദ്യത്തെ സ്റ്റേജ് പെർഫോമൻസ്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഒരു പരിപാടിയ്ക്കിടയിൽ ബോധേശ്വരന്റെ ‘ജയ ജയ കോമള കേരള ധരണി’ എന്ന ഗാനമാണ് ഞാനാദ്യം സ്റ്റേജിൽ പാടിയത്.

ഞാനൊറ്റ കുട്ടിയായതിനാൽ കുഞ്ഞുനാൾ മുതലേ അമ്മ റിഹേഴ്സലിനും റെക്കോർഡിംഗുമൊക്കെ പോവുമ്പോൾ എന്നെയും കൂടെ കൊണ്ടുപോവും. ‘സ്വർഗ്ഗരാജ്യം’ എന്ന ചിത്രത്തിന്റെ റെക്കോർഡിംഗിനിടെ എന്നെ കണ്ട മ്യൂസിക് ഡയറക്ടർ എംബി ശ്രീനിവാസൻ അങ്കിൾ ഒരു പാട്ടു പാടാൻ പറഞ്ഞു. പറയേണ്ട താമസം, ഞാൻ മുകേഷിന്റെ ഒരുപാട്ടു പാടി. അതുകേട്ട് ഇഷ്ടമായ ശ്രീനിവാസൻ അങ്കിളാണ് മെറിലാൻഡിന്റെ ‘ സ്നേഹദീപം’ എന്ന ചിത്രത്തിലേക്ക് എന്നെ നിർദ്ദേശിച്ചത്. ആ ചിത്രത്തിൽ ബേബി വിനോദിനിയ്ക്ക് വേണ്ടിയാണ് ഞാൻ പാടിയത്, “ഒന്നാം തരം ബലൂൺ തരാം, ഒരു നല്ല പീപ്പി തരാം,” എന്ന ഗാനം.

പിന്നീട് ‘കണ്ണും കരളും’ എന്ന സിനിമയിൽ കമലഹാസനു വേണ്ടി ‘താതെയ്യം കാട്ടില് തക്കാളി കാട്ടില്’ എന്ന പാട്ടു പാടി. ഇപ്പോൾ കാണുമ്പോഴും കമലഹാസൻ ഈ പാട്ടിനെ കുറിച്ച് പറയുകയും എന്നെ പാട്ടു പാടി കേൾപ്പിക്കുകയുമൊക്കെ ചെയ്യും.

ആ സമയത്ത് ഞാൻ പാടിയതിൽ 90 ശതമാനം പാട്ടുകളും കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. സിനിമയിൽ ഒരു കുട്ടിയ്ക്ക് പ്രാധാന്യമുള്ള ഗാനരംഗം ഉണ്ടെങ്കിൽ സ്വാഭാവികമായും ആ പാട്ട് എന്നെ തേടിയെത്തുമായിരുന്നു. മഞ്ഞക്കിളി സ്വർണ്ണക്കിളീ മയിൽപ്പീലിക്കാട്ടിലെ വർണ്ണക്കിളി (സേതുബന്ധനം), ഇവിടുത്തെ ചേച്ചിക്കിന്നലെ മുതലൊരു (അഴകുള്ള സലീന), ചിപ്പീ ചിപ്പീ മുത്തുചിപ്പീ (അരനാഴികനേരം), ആലുവ പുഴക്ക് അക്കരെ ഒരു പൊന്നമ്പലം (ആദ്യത്തെ കഥ), വാ മമ്മീ വാ മമ്മീ വാ, കാറ്റുമൊഴുക്കും കിഴക്കോട്ട് (പണിതീരാത്ത വീട്), കിഴക്കു കിഴക്കൊരു ആന (ത്രിവേണി), പാപ്പി അപ്പച്ചാ (മയിലാടുംകുന്ന്) എന്നിവയൊക്കെയാണ് എനിക്ക് ശ്രദ്ധ നേടി തന്ന പ്രധാന ഗാനങ്ങൾ. മലയാളത്തിനു പുറമെ ചില തമിഴ്, കന്നട, തുളു ഭാഷാഗാനങ്ങളും ഞാൻ പാടി. അക്കാലത്തെ പ്രഗത്ഭരായ ഒട്ടുമിക്ക മ്യൂസിക് ഡയറക്ടർമാർക്കൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞു.

അഭിനയലോകത്തേക്ക്
‘മൂടുപട’ത്തിൽ ആണ് ഞാനാദ്യമായി അഭിനയിക്കുന്നത്. രാമു കാര്യാട്ട്, വിൻസെന്റ് മാഷ് ഒക്കെ ഞങ്ങളുടെ കുടുംബസുഹൃത്തുക്കളായിരുന്നു. ഇടയ്ക്ക് വീട്ടിലൊക്കെ വരുന്ന ആളുകൾ. ‘മൂടുപട’ത്തിൽ എന്റെ പ്രായമുള്ള ഒരു കുട്ടിയെ വേണമായിരുന്നു. രാമു കാര്യാട്ട് അങ്കിളിന് എന്റെ മുഖമാണ് ഓർമ വന്നത്. ഷീല ചേച്ചിയുടെ കുട്ടിക്കാലമാണ് ചിത്രത്തിൽ ഞാൻ അവതരിപ്പിച്ചത്.

പിന്നീട് അദ്ദേഹത്തിന്റെ തന്നെ ചെമ്മീനിൽ അഭിനയിച്ചു, കറുത്തമ്മയുടെ അനുജത്തിയായി. പഞ്ചമി എന്ന ആ കഥാപാത്രം ശ്രദ്ധ നേടി. അന്നെനിക്ക് 12 വയസ്സാണ് പ്രായം. ആ ചിത്രത്തിന്റെ പ്രാധാന്യമൊന്നും അന്നറിയില്ല. ഇപ്പോൾ ആലോചിക്കുമ്പോഴാണ് വലിയ വലിയ ആളുകൾക്കൊപ്പം, മലയാള സിനിമയിലെ തന്നെ നിർണായകമായൊരു പടത്തിലാണല്ലോ അഭിനയിച്ചത് എന്നൊക്കെ ഓർക്കുന്നത്. രാമു കാര്യാട്ട്, സലിൽ ചൗധരി, ഋഷികേശ് മുഖർജി… അണിയറയിലൊക്കെ പ്രഗത്ഭരായ നിരവധിപേർ.

ചെമ്മീനിൽ ലത രാജു
ചെമ്മീനിൽ ലത രാജു

രാവിലെ എണീറ്റ് ലോക്കേഷനിൽ പോവുന്നതും എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നത് ഷൂട്ടിനിട വേളയിൽ കുട്ടികൾക്കൊപ്പം കടപ്പുറത്തുപോയി കളിക്കുന്നതുമൊക്കെ ഇപ്പോഴും ഓർമയുണ്ട്. ചിത്രത്തിൽ ചെമ്പൻകുഞ്ഞ് ആദ്യമായി വള്ളം മേടിച്ച് കൊണ്ടുവരുന്ന സമയത്ത് പഞ്ചമി പോയി മീൻ പെറുക്കാൻ നോക്കുന്നൊരു രംഗമുണ്ട്. അപ്പോൾ ദേഷ്യം വന്ന് ചെമ്പൻകുഞ്ഞ് ചവിട്ടുന്നുണ്ട്. ഷൂട്ടിനിടയിൽ ശരിക്കും എനിക്ക് ചവിട്ടി കിട്ടി. വളരെ നാച്യുറലായിട്ടായിരുന്നു കൊട്ടാരക്കര ശ്രീധരൻ സാറിന്റെ അഭിനയം.”

ചെമ്മീൻ കഴിഞ്ഞ് പകൽ കിനാവ് എന്നൊരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പറയത്തക്ക റോളൊന്നുമല്ല അത്. ‘ഏഴു രാത്രികൾ’ ആയിരുന്നു എന്റെ അവസാനത്തെ ചിത്രം. രാമു കാര്യാട്ട് തന്നെയായിരുന്നു ആ ചിത്രത്തിന്റെ സംവിധായകൻ. ഞാനതിൽ നായികയായിരുന്നു. ഒരു അന്ധയായ ഗായികയുടെ വേഷമായിരുന്നു എനിക്ക്. ആലുമൂടൻ, ജെസി, കമല ദേവി, രാധാമണി ഒക്കെയായിരുന്നു മറ്റു താരങ്ങൾ. അതൊരു പരീക്ഷണ ചിത്രമായിരുന്നു എന്നു പറയാം. 18 ദിവസം അരുണാചലം സ്റ്റുഡിയോയിൽ സെറ്റിട്ട് രാവിലെ മുതൽ രാത്രി വരെ ഷൂട്ട് ചെയ്ത് ഒറ്റയടിയ്ക്ക് തീർത്തതാണ് ആ സിനിമ.

ശബ്ദകലയുടെ ലോകത്തേക്ക്
ഡബ്ബിംഗ് ലോകത്തേക്ക് എങ്ങനെയാണ് എത്തിപ്പെട്ടതെന്ന് കൃത്യമായി പറയാൻ അറിയില്ല. അച്ഛൻ ധാരാളം തിരക്കഥകൾ എഴുതുമായിരുന്നു. അച്ഛന്റെ ഒന്നു രണ്ടു പടങ്ങളിൽ ഞാൻ പാടിയിട്ടുണ്ട്. അച്ഛൻ തിരക്കഥ എഴുതിയ ‘വിധി’ എന്ന ചിത്രത്തിൽ ആണ് ആദ്യമായി ഡബ്ബ് ചെയ്തത് എന്നാണ് ഓർമ. പിന്നെ ‘കാർത്തിക’ എന്നൊരു പടം ചെയ്തു. മിക്ക ചിത്രങ്ങളിലും കുട്ടികൾക്കു വേണ്ടിയാണ് അന്നൊക്കെ ഞാൻ ഡബ്ബ് ചെയ്തത്. ‘പൂമ്പാറ്റ’യിൽ ബേബി ശ്രീദേവിയ്ക്ക് വേണ്ടിയും ഡബ്ബ് ചെയ്തു.

മുതിർന്നപ്പോൾ, കുറേ നായികമാർക്കു വേണ്ടി ഡബ്ബ് ചെയ്തു. പത്മരാജന്റെ ഒരുപാട് പടങ്ങൾക്ക് ഞാൻ ഡബ്ബ് ചെയ്തു. കൂടെവിടെ, ആദാമിന്റെ വാരിയെല്ല്, രാക്കുയിലിൻ രാജസദസ്സ്… കാണാമറയത്ത് ശോഭന, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിൽ ശാരി, ഉർവശിയ്ക്ക് വേണ്ടി വിശ്വംഭരന്റെ ഒരു പടത്തിൽ, നിർമാല്യത്തിൽ സുമിത്ര, നീലത്താമരയിൽ അംബിക…

‘ശാലിനി എന്റെ കൂട്ടുകാരി’യിൽ നടി ശോഭയ്ക്ക് വേണ്ടിയും ഡബ്ബ് ചെയ്തിട്ടുണ്ട്. ഞാൻ ശബ്ദം നൽകിയ നായികമാർ ആരുമായും എനിക്ക് അങ്ങനെ വ്യക്തിപരമായ അടുപ്പമോ സൗഹൃദമോ ഒന്നുമില്ലായിരുന്നു. അക്കൂട്ടത്തിൽ എനിക്ക് മുൻപേ അറിയാവുന്ന ഒരാൾ ശോഭയായിരുന്നു. കുട്ടിക്കാലം മുതൽ അറിയാം. നീലക്കുയിലിൽ ശോഭയുടെ അമ്മ അഭിനയിച്ചിട്ടുണ്ടല്ലോ, അക്കാലം മുതൽ ശോഭയുടെ കുടുംബവും എന്റെ കുടുംബവുമായി പരിചയമുണ്ടായിരുന്നു.”

ലതയും ഭർത്താവ് ജെ എം രാജുവും

ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജെ.എം. രാജുവാണ് ലതയുടെ ജീവിത പങ്കാളി. 1967ൽ ദേവരാജന്റെ സംഗീതത്തിൽ നാടന്‍പെണ്ണ് എന്ന സിനിമയ്ക്കുവേണ്ടി ‘നാടന്‍ പ്രേമം നാടോടി പ്രേമം’ എന്ന പാട്ടുപാടിക്കൊണ്ടായിരുന്നു ജെ എം രാജുവിന്റെ തുടക്കം. “ഒരു പ്രോഗ്രാമിലാണ് ഞാനാദ്യം അദ്ദേഹത്തെ പരിചയപെടുന്നത്. പിന്നീട് നല്ല സൗഹൃദമായി. 1974 ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. സിനിമയിൽ പാടണം എന്ന് ആഗ്രഹിച്ച് സംഗീതലോകത്തേക്ക് വന്നയാളാണ് അദ്ദേഹം, എന്നാൽ പിന്നീട് സംഗീതസംവിധാനത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. 1970ൽ ക്രിസ്ത്യൻ ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ അദ്ദേഹം ജോലിയ്ക്ക് ചേർന്നു, പിന്നീട് അവരുടെ അവരുടെ സ്ഥിരം ഗായകനായി മാറി. ദുഖത്തിന്റെ പാനപാത്രം, ഹൃദയകവാടത്തിൽ മുട്ടിവിളിക്കുന്ന.. എന്നിങ്ങനെ അദ്ദേഹം പാടിയ പല ക്രിസ്തീയ ഭക്തിഗാനങ്ങളും ഇന്നും പ്രസിദ്ധമാണ്. വിദേശത്തൊക്കെ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. ദാസേട്ടന്റെ തരംഗിണിയ്ക്ക് വേണ്ടിയും അദ്ദേഹം കുറേ പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്.”

“ഞങ്ങളൊന്നിച്ച് ഏതാണ്ട് 1000ത്തിൽ ഏറെ സ്റ്റേജുകളിൽ ഒന്നിച്ച് പെർഫോം ചെയ്തിട്ടുണ്ട്. ചിലപ്പോൾ ഇത്രയേറെ വേദികളിൽ ഒന്നിച്ച് പാടിയ ഗായകരായ ദമ്പതികൾ ഞങ്ങളാവും. 1992ൽ പുറത്തിറങ്ങിയ ഷെവലിയർ മിഖായേൽ എന്നചിത്രത്തിൽ അദ്ദേഹത്തിന്റെ സംഗീതത്തിൽ ഞാൻ പാടുകയും ചെയ്തിട്ടുണ്ട്.”

എം ജയചന്ദ്രനൊപ്പം ലതയും ജെ എം രാജുവും

ലത- ജെ എം രാജു ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്, ആലാപും അനുപമയും. “രണ്ടുപേരും നന്നായി പാടും. ബേസ് ഗിറ്റാറിസ്റ്റും ഗായകനുമാണ് ആലാപ്. ആലാപിനായിരുന്നു 2011ലെ മികച്ച പ്ലേ ബാക്ക് സിംഗറിനുള്ള പുരസ്കാരം, ‘കോ’ എന്ന ചിത്രത്തിലെ ‘എന്നമോ ഏതോ’ എന്ന പാട്ടിന്. രാജു തുടങ്ങി വച്ച സ്റ്റുഡിയോ ഇപ്പോൾ ഏറ്റെടുത്ത് നടത്തുന്നത് ആലാപ് ആണ്. മകളും നന്നായി പാടും, അവളൊരു എഴുത്തുകാരിയും കോളമിസ്റ്റുമാണ്.”

പാട്ടിനൊപ്പം തന്നെ, റേഡിയോ പ്രക്ഷേപണരംഗത്തും വർഷങ്ങളുടെ പരിചയമുള്ള ദമ്പതികളാണ് ലതയും ജെ എം രാജുവും. 34 വർഷത്തോളം ആകാശവാണിയിൽ പ്രവർത്തിച്ച ലത രാജു 2011ൽ ഡയറക്ടർ മാർക്കറ്റിംഗ് ആയിട്ടാണ് റിട്ടയർ ചെയ്യുന്നത്. ശ്രീലങ്ക പ്രക്ഷേപണ നിലയത്തിന്റെ ‘വാനമുദം’ പരിപാടിയിലൂടെ ഏഷ്യയിലുടനീളമുള്ള മലയാളികളുടെ പ്രിയപ്പെട്ട പ്രക്ഷേപകനായി മാറാൻ ജെ എം രാജുവിനും സാധിച്ചു.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: In conversation with latha raju singer actress and dubbing artist