പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഹൃദയം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ യുവാക്കൾക്കിടയിൽ തരംഗമാകുമ്പോൾ യുവ സംഗീത സംവിധായകനായ ഹേഷാം അബ്ദുൾ വഹാബും ശ്രദ്ധ നേടുകയാണ്. ഹൃദയത്തിലെ ‘ദർശന’ എന്ന ഗാനം സൃഷ്ടിച്ച തരംഗം അടങ്ങും മുൻപ് ‘ഒണക്കമുന്തിരി’ എന്ന ഗാനവും സംഗീതപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.
ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ സംഗീത യാത്ര ആരംഭിച്ച ഹേഷാം 2015ൽ ആണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബിജു മേനോൻ സംഗീത സംവിധായകനായും ഗായകനായും അഭിനയിച്ച ‘സാൾട്ട് മാംഗോ ട്രീ’ എന്ന ചിത്രത്തിലൂടെയാണ് ഹേഷാം മലയാള സിനിമയിൽ തന്റെ സംഗീത ജീവിതം ആരംഭിച്ചത്. സംഗീതസംവിധായകൻ, പിന്നണി ഗായകൻ, ഓഡിയോ എഞ്ചിനീയർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടാൻ ഹേഷാമിനു സാധിച്ചു. പന്ത്രണ്ടോളം സിനിമകൾക്ക് സംഗീതം നൽകിയ ഹേഷാം ഇരുപത്തഞ്ചോളം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്. തന്റെ സംഗീതയാത്രയെ കുറിച്ചും ‘ഹൃദയ’ത്തിലെ പാട്ടുകൾ പിറന്ന കഥയെ കുറിച്ചും ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് മനസ്സു തുറക്കുകയാണ് ഹേഷാം.
‘ഹൃദയ’ത്തിനു വേണ്ടി 15 ഗാനങ്ങളാണ് ഹേഷാം സംഗീതം നൽകിയിരിക്കുന്നത്. “സിനിമയിൽ പതിനഞ്ച് പാട്ടുകൾ വേണമെന്ന് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തിരുന്നില്ല. ഒമ്പത് പാട്ടുകൾ മാത്രമാണ് ഞങ്ങൾ പ്ലാൻ ചെയ്തത്. എന്നാൽ സിനിമയുടെ നിർമ്മാണ വേളയിൽ രണ്ട് ലോക്ക്ഡൗണുകൾ സംഭവിച്ചു. ഈ ലോക്ക്ഡൗൺ കാലയളവിലാണ് സിനിമയിലെ ചില സാഹചര്യങ്ങളെ സംഗീതപരമായി സമീപിക്കാം എന്ന് വിനീത് ചിന്തിച്ചത്. ആ ചിന്തയാണ് സിനിമയിൽ കൂടുതൽ ഗാനങ്ങൾ ഉൾക്കൊള്ളാൻ കാരണം. ഞങ്ങൾ സാഹചര്യങ്ങൾക്കനുസൃതമായി ഗാനങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനമായ ‘ദർശന’ ഒരു പ്രണയഗാനവും ജോബ് കുര്യൻ ആലപിച്ച ‘അരികെ നിന്നാൽ’ എന്ന രണ്ടാമത്തെ ഗാനം വേദനയും നിരാശയും നിറയുന്നതുമാണ്. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ‘ഒണക്ക മുന്തിരി’ എന്ന ഗാനം ആഘോഷ മൂഡിലുള്ള ഒന്നാണ്. ആ ട്രാക്ക് നിർമ്മിച്ചത് വോക്കൽസ് മാത്രം ഉപയോഗിച്ചാണ്,” ‘ഹൃദയ’ത്തിന്റെ പാട്ടുവഴികളെ കുറിച്ച് ഹേഷാം പറഞ്ഞതിങ്ങനെ.
‘ഒണക്ക മുന്തിരി’ എന്ന പാട്ടിന് വോക്കൽസ് മാത്രം ഉപയോഗിക്കാമെന്നത് ഞങ്ങൾ മനഃപൂർവം തീരുമാനിച്ചതല്ല. പാട്ടിനെക്കുറിച്ചുള്ള ആശയം വിനീത് ഫോണിലൂടെ എന്നെ അറിയിച്ചു. വിനീത് എനിക്കു വേണ്ടി പാടിയ അതേ താളം തന്നെയാണ് ഈ ട്രാക്കിലും ഞാൻ ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെയാണ് ഉപകരണങ്ങളോ പശ്ചാത്തല സ്കോറോ ഉപയോഗിക്കാതെ, പാട്ട് വോക്കൽ മാത്രമായി അവസാനിച്ചത്. ഈ പാട്ട് ഒരുക്കുമ്പോൾ ഞങ്ങൾക്ക് വളരെ മൃദുവും ബ്രീസിയുമായ ഒരു ശബ്ദം വേണമായിരുന്നു. വിനീത് ഒരുക്കിയ ഒരു ആൽബത്തിൽ ദിവ്യ പാടിയ ഗാനം ഞാൻ ആകസ്മികമായി കേട്ടിരുന്നു. ആ ശബ്ദം കേട്ടപ്പോൾ തന്നെ ‘ഒണക്ക മുന്തിരി’ എന്ന ഗാനത്തിന് ദിവ്യ അനുയോജ്യയാണെന്ന് എനിക്ക് തോന്നി. ദിവ്യയെ തീരുമാനിച്ചത് ഞങ്ങളുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു, ആ ട്രാക്കിനോട് ദിവ്യ നീതി പുലർത്തുകയും ചെയ്തു.”

“2015ൽ ‘ഖദം ബധ’ എന്ന പേരിൽ ഞാനൊരു ആൽബം ചെയ്തിരുന്നു. സൂഫി ഗാനങ്ങളിൽ നിന്നും പ്രചോദനമുൾകൊണ്ടു ചെയ്ത ആ ആൽബം കേൾക്കാനിടയായ വിനീത് എന്നെ ‘ഹൃദയ’ത്തിലേക്ക് ക്ഷണിച്ചു. പക്ഷേ അതിനുമുമ്പ് അദ്ദേഹത്തിന്റെ ‘തിര’ എന്ന സിനിമയിൽ ‘താഴ്വാരം’ എന്ന ഗാനം പാടാൻ അദ്ദേഹം എനിക്ക് അവസരം തന്നിരുന്നു. ഞാൻ സംഗീത സംവിധാനം നിർവഹിച്ച ‘കപ്പൂച്ചിനോ’ എന്ന ചിത്രത്തിലും വിനീത് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ‘ഹൃദയം’ സംഭവിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വിനീതിനൊപ്പം പ്രവർത്തിക്കുന്നത് എപ്പോഴും മികച്ച അനുഭവമാണ്. ഹൃദയത്തിൽ ജോലി ചെയ്യുമ്പോൾ ആ കംഫർട്ട് സോൺ എനിക്കുണ്ടായിരുന്നു. ഒരു സിനിമയിൽ സംഗീതം എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയാവുന്ന ഒരു മികച്ച സംഗീതജ്ഞനാണ് അദ്ദേഹം. ഓരോ സാഹചര്യത്തിലും എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം, അതെനിക്ക് കൃത്യമായ വഴികാട്ടിയായി.”
“ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് (ദർശന) ആ പാട്ടിലുണ്ടാകണമെന്ന് വിനീതിന് നിർബന്ധമുണ്ടായിരുന്നു. ആദ്യം അതെങ്ങനെ ഇണക്കിച്ചേർക്കുമെന്ന് എനിക്ക് സംശയമുണ്ടായിരുന്നു, പക്ഷേ ദൈവകൃപയാൽ അത് സംഭവിച്ചു. പാട്ട് ആളുകൾ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ, ഇത് ഇത്രയും വലിയ ഹിറ്റാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” ഹേഷാം കൂട്ടിച്ചേർത്തു.
അഭിമുഖത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം