മനുഷ്യനെന്നാൽ ആത്യന്തികമായി ഇരുകാലിയായ മൃഗമാണെന്ന് പറഞ്ഞു വെക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജല്ലിക്കട്ട്’ അതിന്റെ ആഖ്യാന ശൈലി കൊണ്ടും ദൃശ്യ സാധ്യതകളുടെ അത്ഭുതാവഹമായ ഉപയോഗം കൊണ്ടും ഇതിനോടകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. മലയാള സിനിമയുടെ കാഴ്ച ശീലങ്ങളെ വെല്ലുവിളിച്ച പെല്ലിശ്ശേരിയുടെ എന്ന ‘ക്രേസിയായ’ സംവിധായകന്റെ മറ്റൊരു വലിയ ചുവടുവയ്പ്പാണ് ‘ജല്ലിക്കട്ട്’ എന്ന ചിത്രം. ടോറോണ്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബുസാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ പല അന്താരാഷ്ട്ര മേളകളിലും മികച്ച അഭിപ്രായവും നിരൂപക പ്രശംസയും നേടിയതിനു ശേഷമാണു ‘ജല്ലിക്കട്ട്’ കേരളത്തിൽ പ്രദർശനത്തിന് എത്തിയത്.
Read Here: Jallikkattu Movie Review: കണ്ടതൊരു മലയാള സിനിമയോ?: അത്ഭുതമായി ‘ജല്ലിക്കട്ട്’
മലയാള സിനിമ കണ്ടു പരിച്ചയിചിട്ടില്ലത്ത്ത തരത്തിലുള്ള ദൃശ്യാനുഭവ സാദ്ധ്യതകൾ തുറന്നിടുന്നടുത്തു തന്നെയാണ് ‘ജല്ലിക്കട്ടി’ന്റെ വിജയ ഘടകങ്ങളില്‍ ഒന്ന് നിലകൊള്ളുന്നത്. ചടുലമായ ദൃശ്യങ്ങളും, കാടിന്റെയും മനുഷ്യന്റെയും മൃഗത്തിന്റെയും വന്യത ഒപ്പിയെടുക്കുന്നതിലും ലിജോയുടെ വിശ്വസ്തനായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന്റെ പങ്കു ചെറുതല്ല. ലിജോയുടെ തന്നെ ചിത്രമായ ‘അങ്കമാലി ഡയറീസി’ലും ഗിരീഷായിരുന്നു ക്യാമറ ചലിപ്പിച്ചത് . ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് ‘ജല്ലിക്കട്ട്’ എന്ന സിനിമയ്ക്കു വേണ്ടി നടത്തിയ ഒരുക്കങ്ങളും ലിജോയുമായുള്ള തന്റെ സൗഹൃദത്തിനെ കുറിച്ചും മനസ് തുറന്നു.
“ലിജോയുടെ ‘ജല്ലിക്കട്ട്’ സിനിമക്കായി പ്രത്യേകം തയാറെടുപ്പുകളൊന്നും ആവശ്യമായി വന്നില്ല. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥ നേരത്തെ കേട്ടിരുന്നു. ലിജോയുമായി സ്ക്രിപ്റ്റിന്റെ ദൃശ്യ സാദ്ധ്യതകൾ ചർച്ച ചെയ്തിരുന്നു . ഷൂട്ടിംഗ് ലൊക്കേഷനുകൾ കാണാനും തീരുമാനിക്കാനുമൊക്കെ ഞാനും കൂടി പോവാറുണ്ട്,” ഗിരീഷ് പറഞ്ഞു തുടങ്ങി.

വ്യത്യസ്ഥമായ ദൃശ്യാഖ്യാന രീതി കൊണ്ട് വ്യത്യസ്തമാണ് ‘അങ്കമാലി ഡയറീസ്’ ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങള്‍. തുറസ്സായ ‘outdoor environments -ഇൽ കഥാപാത്രങ്ങളുടെ ചലനങ്ങളെ അതേ പടി പിന്തുടരുന്ന രീതി മലയാള സിനിമയിൽ ആദ്യമായി അവതരിപ്പിക്കുന്നത് ഒരുപക്ഷേ ഗിരീഷും ലിജോയുമായിരിക്കും. ഇത്തരം ദൃശ്യങ്ങൾ പകർത്താൻ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും ഗിരീഷ് വിശദമാക്കി.
“ശാരീരികമായി ഏറെ തയാറെടുപ്പുകൾ വേണ്ടി വരുന്നതാണ് ഇത്തരം ഷോട്ട്സ്. കഥാപാത്രം ഓടുകയാണെങ്കിൽ ക്യാമെറയുമായി നമ്മളും പുറകെ ഓടണം, നടക്കുകയാണെങ്കിൽ അങ്ങനെ, അതും കൃത്യമായ ഒരു അകലം പാലിച്ചു, ഷോട്ടിന്റെ ദൃശ്യ ചാരുതയെ ബാധിക്കാത്ത രീതിയിൽ വേണം മൂവിങ് ക്യാമെറയുടെ ഉപയോഗം.”
പ്രേക്ഷകർ ശ്വാസം അടക്കിപിടിച്ചിരുന്നു കണ്ട ‘ജല്ലിക്കട്ട്’ ക്ലൈമാക്സ് സീൻ തന്നെയായിരുന്നു ചിത്രീകരിക്കാൻ ഏറെ ബുദ്ധിമുട്ടിയതെന്നു ഗിരീഷ് വെളിപ്പെടുത്തി.
“അത്രയധികം ആളുകൾ, പോത്തിന്റെ വീ എഫ് എക്സ് , ചെളി – ഇതിനെയെല്ലാം സംയോജിപ്പിച്ചു ക്ലൈമാക്സിന്റെ ഒരു ഭീകര അന്തരീക്ഷം കൊണ്ടു വരാൻ ഏറെ പണിപ്പെടേണ്ടി വന്നു . കിണറ്റിന്റെ ഉള്ളിൽ ചിത്രീകരിച്ച ദൃശ്യങ്ങളും വളരെ റിസ്കെടുത്തു ചെയ്തതായിരുന്നു.”
ലിജോയെന്ന സംവിധായകന്റെ ‘ബ്രില്ലിയൻസും’ അദ്ദേഹവുമായുള്ള സൗഹൃദവും അത് കൊണ്ട് വരുന്ന ഒരു ‘ക്രിയേറ്റിവ് എനര്‍ജി’യും തന്നെയാണ് തന്റെ ദൃശ്യങ്ങളുടെ മികവിന്റെ അടിസ്ഥാനം എന്നും ഗിരീഷ്.
“ലിജോയുമായി എനിക്ക് വളരെ നാളത്തെ സൗഹൃദമുണ്ട് , ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്യാറുണ്ട്, സിനിമയെ പറ്റി ചർച്ച ചെയ്യാറുണ്ട്, അത് കൊണ്ട് ഞാനും ലിജോയുമായി ഒരു ‘കെമിസ്ട്രി’വർക്ക് ആവുന്നുണ്ട് . ലിജോയുടെയും, ചെമ്പന്റെയും (ചെമ്പൻ വിനോദ്) ദൃശ്യ സങ്കല്പങ്ങൾ പുതുമയെ തേടുന്നതാണ് , അത് തന്നെയാണ് അവരുടെ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നതും.”
‘ജല്ലിക്കട്ട്’ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന കാര്യമാണ് മലയാള സിനിമയെ ലോക സിനിമയുടെ നിലവാരത്തിൽ എത്തിക്കുന്ന ദൃശ്യാവിഷ്ക്കരണമാണ് ഈ ചിത്രത്തിന്റേത് എന്ന് .
“താൻ കൂടി ഭാഗമായ ഒരു ചിത്രത്തിന് കിട്ടുന്ന ഈ അംഗീകരം വളരെ അധികം സന്തോഷവും ഊർജവും തരുന്നതാണ്,” ഗിരീഷ് പറഞ്ഞു നിര്‍ത്തി.
Read Here: ‘ജല്ലിക്കട്ട്’ ഓടിത്തീര്‍ക്കുന്ന തൃഷ്ണയുടെ വഴികള്‍