‘ഉപ്പും മുളകും’ പ്രേമികളെ സംബന്ധിച്ച് കേരളത്തിലെ ഏറ്റവും ഭാഗ്യവാന്മാരായ രക്ഷിതാക്കളാണ് ബാലുവും നീലുവും. ഏറ്റവും മിടുക്കരായ അഞ്ചു വികൃതിപ്പിള്ളേർ, അവരുടെ കളിചിരികൾ, തമാശകൾ, ഇണക്കങ്ങൾ, പിണക്കങ്ങൾ, ആരും കൊതിക്കുന്ന കുടുംബാന്തരീക്ഷം.
നീലുവമ്മ എന്ന അഞ്ചു മക്കളുടെ അമ്മയായി നിഷ സാരംഗ് എത്തുമ്പോള്‍ മക്കളെ പ്രാണനുള്ള തുല്യം സ്നേഹിക്കുന്ന ബാലുവെന്ന കഥാപാത്രമായി മലയാളക്കരയുടെ സ്നേഹം കവരുന്നത് ബിജു സോപാനം എന്ന നടനാണ്. ഏറെ കാലം നാടകരംഗത്തെ സജീവസാന്നിധ്യമായ ബിജുവിന്റെ ജീവിതത്തെ ‘ഉപ്പും മുളകി’നു മുൻപും പിൻപും എന്നു തന്നെ രണ്ടായി വേർതിരിക്കാം. അത്രമാത്രം ബിജു സോപാനം എന്ന നടന്റെ കരിയറിൽ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് ‘ഉപ്പും മുളകി’ലെ ബാലു.
ഉപ്പും മുളകും തന്ന ജീവിതം
Happy Father’s Day: ‘ഫാദര്‍സ് ഡേ’യുടെ പശ്ചാത്തലത്തില്‍ തന്റെ ജീവിതത്തിൽ തണലേകിയ അച്ഛനെ കുറിച്ചും തന്റെ മകളെ കുറിച്ചും സീരിയലിലെ മക്കളെ കുറിച്ചുമൊക്കെ ബിജു സോപാനം ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിച്ചു.
“നാലു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ. പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു പറയുന്നു.
പാറുക്കുട്ടിയ്ക്ക് എക്സിറ്റും എൻട്രിയും ഒന്നുമില്ല
പാറുക്കുട്ടി ‘ഉപ്പും മുളകി’ൽ വരും മുൻപ് നൂറ്റമ്പതോളം കുട്ടികൾ സെലക്ഷനു വന്നിരുന്നു. പക്ഷേ ബിജുവിന്റെയും നിഷയുടെയും മുഖഛായ വെച്ചാണ് പാറുക്കുട്ടിയെ സെലക്റ്റ് ചെയ്തത്. നാലു മാസം പ്രായമായപ്പോൾ വന്നതാണ് പാറുക്കുട്ടി, ഇപ്പോൾ ഒരു വയസ്സു കഴിഞ്ഞു.
“പാറുക്കുട്ടി ആദ്യമായി അച്ഛാ എന്നു വിളിക്കുന്നത് എന്നെയാണ്. ടേക്ക് സമയത്താണ് ആദ്യമായി വിളിക്കുന്നത്. സീരിയലിൽ എന്റെ അമ്മയായി അഭിനയിക്കുന്ന ചേച്ചിയുടെ മടിയിൽ തല വെച്ചു കിടക്കുകയാണ് ഞാൻ, അവരെന്റെ മുടിയിൽ തലോടുന്നു. പെട്ടെന്ന് ‘അച്ഛാ’ എന്നൊരു വിളി കേട്ടു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒന്നൂടെ വിളിച്ചു. അവരുടെ പാരന്റ്സിന് ആദ്യം സങ്കടമായിരുന്നു. എനിക്കാണ് ആ ‘അച്ഛാ’ വിളി ആദ്യം കിട്ടിയത് എന്നതു കൊണ്ട്.
ഇപ്പോൾ എല്ലാവരുടെയും കണ്ണിലുണ്ണിയാണ് പാറുകുട്ടി. ഏത് ടേക്കിൽ എപ്പോ വന്ന് കയറുമെന്ന് പറയാൻ പറ്റില്ല. പാറുക്കുട്ടിയ്ക്ക് എക്സിറ്റും എൻട്രിയും ഒന്നുമില്ല. പാറുക്കുട്ടി വരുന്നു കയറുന്നു, പെർഫോം ചെയ്തിട്ട് പോവുന്നു,” പാറുക്കുട്ടിയെക്കുറിച്ച് പറയുമ്പോള്‍ സ്ക്രീനിലെ അച്ഛന് നൂറു നാവാണ്.
മകളെ മിസ്സ് ചെയ്യും
ഗൗരിലക്ഷ്മി എന്നാണ് ബിജുവിന്റെ മോളുടെ പേര്. മകൾ ഇടയ്ക്ക് സെറ്റില്‍ വരാറുണ്ട്, എങ്കിലും അവളെ താന്‍ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് ബിജു പറയുന്നു.
“തിരുവനന്തപുരത്താണ് എന്റെ വീട്.മകൾക്ക് ഫ്രണ്ട്ലിയായ അച്ഛനാണ് ഞാൻ. എല്ലാ ദിവസവും ഷൂട്ട് കഴിഞ്ഞു രാത്രി മോളെ വിളിച്ച് സംസാരിക്കും. അവൾക്ക് ഓർമ്മ വെച്ച നാൾ മുതൽ ഞാൻ നാടകത്തിലാണ്. സിനിമയിലേക്കും സീരിയലിലേക്കും വന്നപ്പോൾ വീണ്ടും തിരക്കായി.
മോളെ കാണാതിരിക്കാൻ പറ്റില്ല. ഇത്രയും അറ്റാച്ച്ഡാവരുത്, മുന്നോട്ടു പോവുമ്പോൾ ബുദ്ധിമുട്ടാണെന്നൊക്കെ സുഹൃത്തുക്കൾ പറയാറുണ്ട്. ഞാൻ മനസ്സു കൊണ്ട് തനിയെ കുറച്ചു മാറി നിൽക്കാൻ ശ്രമിക്കുന്നുണ്ട്. എപ്പോഴും കാണണം എന്നു തോന്നിയാൽ കാണാൻ പറ്റില്ലല്ലോ. ആ നഷ്ടം നികത്തുന്നത് ഇവിടെയുള്ള അഞ്ചെണ്ണമാണ്.”
എന്റെ ഭാവിയെക്കുറിച്ച് അച്ഛനു ഉത്കണ്ഠയുണ്ടായിരുന്നു
ബിജുവിന്റെ അച്ഛൻ ഒരു കൃഷിക്കാരനായിരുന്നു. മക്കൾ പഠിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവണം എന്ന് ആഗ്രഹിച്ചിരുന്ന അദ്ദേഹം മകന് നാടക ഫീൽഡിലേക്ക് ഇറങ്ങിയപ്പോൾ ആദ്യം എതിർത്തു.
“കലാരംഗം തിരഞ്ഞെടുത്തപ്പോൾ ഏത് അച്ഛനമ്മമാരെയും പോലെ ആദ്യമൊക്കെ അച്ഛനും എതിർപ്പുണ്ടായിരുന്നു. പാട്ടും മറ്റുമൊക്കെ ആസ്വദിക്കുമെങ്കിലും സ്വന്തം മക്കൾ ഇതിലേക്ക് വരുമ്പോൾ ഉണ്ടാവുന്ന ഒരു ഉത്കണ്ഠയുണ്ടല്ലോ. അത് നന്നായി അച്ഛനുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറി, ഞാൻ അഭിനയിക്കുന്നതൊക്കെ നന്നായി എൻജോയ് ചെയ്യുന്നുണ്ട്.”
രക്ഷിതാക്കൾക്കുള്ള ഉപദേശം
ജീവിതാനുഭവങ്ങൾ ഒരുപാടുണ്ടെങ്കിലും അച്ഛൻ എന്ന റോളിലുള്ള അനുഭവങ്ങൾ കുറവാണ് എന്ന മുന്‍കൂര്‍ ജാമ്യത്തോടെ ബിജു മറ്റു രക്ഷിതാക്കള്‍ക്കുള്ള ഉപദേശം എന്ന ചോദ്യത്തിന് മറുപടി തന്നത് ഇങ്ങനെ.
“ഞാൻ ലേറ്റായിട്ട് വിവാഹം കഴിച്ച ആളാണ്. മോളിപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. ഉപദേശം കൊടുക്കത്തക്ക അച്ഛനായിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. ഇവിടെ അഞ്ചു മക്കളുടെ അച്ഛനായി അഭിനയിക്കുന്നു. പിള്ളേരെ ദേഷ്യപ്പെട്ട് അടിച്ച് അനുസരണ പഠിപ്പിക്കുകയല്ല വേണ്ടത്. കെയർ ചെയ്യുക. കെയർ ചെയ്യുന്നു എന്നു തോന്നുമ്പോൾ അവർ നമ്മളെ വിട്ടു പോവില്ല, അരുതാത്തതൊന്നും ചെയ്യുകയുമില്ല. കെയറിംഗ് ഇല്ലാത്തതുകൊണ്ട് പലപ്പോഴും അവർ അബദ്ധങ്ങളിൽ ചെന്നു ചാടുന്നത്. അതു കൊണ്ട് സ്നേഹം പ്രകടിപ്പിക്കേണ്ടിടത്ത് പ്രകടിപ്പിക്കുക.