മലയാള സിനിമയിൽ ‘ഐ സി സി (ഇൻേറണൽ കംപ്ലെയിൻറ് കമ്മിറ്റി) രൂപപ്പെടുത്തുന്ന ആദ്യ ചിത്രം എന്ന ടാഗ് ലൈനോടെ പ്രഖ്യാപനം. ‘തിങ്കളാഴ്ച്ച നിശ്ചയം’ എന്ന ചിത്രത്തിന്റെ വലിയ സ്വീകാര്യതയ്ക്ക് ശേഷം സെന്ന ഹെഗ്ഡെ എന്ന യുവസംവിധായകൻ ഒരുക്കുന്ന അടുത്ത ചിത്രം. റിലീസിന് മുൻപ് തന്നെ ‘1744 വൈറ്റ് ആൾട്ടോ’ ശ്രദ്ധയിലേക്ക് വന്നതും ചർച്ചയായതും ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ്.
ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ തന്റെ സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെകുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളവുമായുള്ള അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് സെന്ന.

‘1744 വൈറ്റ് ആൾട്ടോ’യുടെ പ്രമേയം എന്താണെന്നു പറയാമോ..
ഇതൊരു കോമഡി ഡ്രാമ ചിത്രമാണ്. ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ വളരെ സില്ലിയായിട്ടുള്ളൊരു കഥയാണിത്. ഒരു കൂട്ടം ആളുകൾ പല ഭാഗങ്ങളിൽ നിന്നായി വരുന്നു, തികച്ചും സാങ്കൽപികമായിട്ടുളള സ്ഥലത്താണ് കഥ നടക്കുന്നത്. കേരളത്തിലെ ഒരു പ്രത്യേക പ്രദേശത്താണ് കഥ നടക്കുന്നതെന്ന് പറയാനാകില്ല. ചില ആളുകളുടെ കാറുകൾ തമ്മിൽ മാറി പോകുന്നു തുടർന്ന് തങ്ങളുടെ കാർ കണ്ടെത്താനായി അവർ നടത്തുന്ന യാത്രമാണ് കഥയുടെ പ്രമേയം. ഇതിനിടയിൽ പോലീസ് വരുന്നുണ്ട്, അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ ഒത്തു കൂടുന്നു അവരുടെ ജീവിതവും അതിലെ തമാശകളുമായി കഥ മുന്നോട്ട് പോകുന്നു.
കഥ സാങ്കൽപികമായൊരു സ്ഥലത്താണ് സംഭവിക്കുന്നതെന്നു പറഞ്ഞു… പിന്നെ എന്തു കൊണ്ടാണ് ‘മെയ്ഡ് ഇൻ കാഞ്ഞങ്ങാട്’ എന്ന ടാഗ് ലൈൻ കൊടുത്തത്?
അതു ‘മെയ്ഡ് ഇൻ ചൈന’ എന്നു പറയുന്നതു പോലെയെയുളളൂ. ചിത്രത്തിന്റെ കൂടുതൽ പ്രവർത്തനങ്ങളും സംഭവിച്ചത് കാഞ്ഞങ്ങാടാണ്. പ്രമേയത്തെക്കുറിച്ചുളള ചർച്ചകൾ, പോസ്റ്റ് പ്രൊഡക്ഷൻ, പ്രീ പ്രൊഡക്ഷൻ അങ്ങനെ എല്ലാം അവിടെയായിരുന്നു. കഥയുമായിട്ട് കാഞ്ഞങ്ങാടിനു യാതൊരു ബന്ധവുമില്ല, നേരത്തെ പറഞ്ഞതു പോലെ ഇതൊരു ഫിക്ഷണൽ സ്ഥലത്തു നടക്കുന്ന കഥ മാത്രമാണ്.
‘തിങ്കളാഴ്ച്ച നിശ്ചയ’ത്തിന്റെ സംവിധായകന്റെ സിനിമ, അതു മതി ഈ ചിത്രം കാണാൻ’ എന്ന പ്രതികരണങ്ങളെ എങ്ങനെ നോക്കി കാണുന്നു?
പ്രേക്ഷകർ ഒരു ചിത്രം കാണുന്നതിനു മുൻപ് അതിൽ ആരൊക്കെയാണ് അഭിനയിച്ചിരിക്കുന്നത്, സംവിധായകൻ ആരാണെന്നൊക്കെ നോക്കും. അതു പോലെ തന്നെയാണ് ഇതും. ‘തിങ്കളാഴ്ച്ച നിശ്ചയ’ത്തിനു നല്ല പ്രതികരണങ്ങളാണ് ഒടിടിയിൽ നിന്നു ലഭിച്ചത്. അതു കൊണ്ട് തന്നെ ഈ ചിത്രവും നല്ലതായിരിക്കും എന്ന പ്രതീക്ഷ ആളുകളിലുണ്ടാകും. ഞങ്ങളും ഇത്തരത്തിലുളള അഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. ചിലപ്പോൾ ഇതു കേൾക്കുമ്പോൾ പേടി തോന്നാറുണ്ട്, പക്ഷേ അതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
അഭിനേതാക്കളെ കുറിച്ച്…
കഥാപാത്രത്തിനു ചേരുന്നവരെ കാസ്റ്റ് ചെയ്യാനായി ശ്രമിക്കാറുണ്ട്. ഞാനും ശ്രീരാജും ചേർന്ന് തിരക്കഥ എഴുതുമ്പോൾ തന്നെ മനസ്സിൽ ഉണ്ടായത് ഷറഫുദ്ദീനാണ്. അദ്ദേഹവും ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയായിരുന്നു. മറ്റു താരങ്ങളായ വിൻസി, ആനന്ദ് മൻമദൻ, സജിൻ, അരുൺ കുര്യൻ, രഞ്ജി, ആര്യ സലീം അവരെല്ലാം കഥാപാത്രങ്ങളിലേക്ക് വന്നു ചേർന്നതാണ്.
പുറത്തിറങ്ങിയ ഗാനം വളരെ വ്യത്യസ്ത രീതിയിലുളളതാണല്ലോ. ചിത്രത്തിൽ ഗാനങ്ങൾക്കു എത്രത്തോളം പ്രസക്തിയുണ്ട്?
ഗാനങ്ങളേക്കാൾ പശ്ചാത്തല സംഗീതത്തിനാണ് ചിത്രത്തിൽ പ്രാധാന്യമെന്നാണ് എനിക്കു തോന്നുന്നത്. മുജീബ് നല്ല രീതിൽ അതു ചെയ്തിട്ടുണ്ട്. സൗണ്ട് ഡിസൈനേഴ്സിന്റെ കാര്യം എടുത്തു പറയേണ്ടതാണ്. പലപ്പോഴും അവരെക്കുറിച്ച് പറയാൻ മറന്നു പോകാറുണ്ട്. ചിത്രത്തിനു കൂടുതൽ മൂല്യം നൽകുന്നത് സൗണ്ട് ഡിസൈനേഴ്സാണെന്ന് വേണം പറയാൻ. ചിത്രത്തിൽ ഒരു ഗാനവും മുഴുവനായിട്ടില്ല, ഇടയ്ക്കിടയ്ക്കു വന്നു പോകുന്നുവെന്നെയുളളൂ. പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ‘വാട്ടാ’ വീഡിയോ സോംഗ് ചെയ്തത്.
ശബരിമല സ്ത്രീപ്രവേശനം, ലൗ ജിഹാദ് പോലെയുളള സമകാലിക സംഭവങ്ങളെക്കുറിച്ച് താങ്കളുടെ ചിത്രങ്ങളിൽ പറഞ്ഞു പോകാറുണ്ട്. അതെല്ലാം മനപൂർവ്വം ഉൾപ്പെടുത്തുന്നതാണോ?
നിരീക്ഷണങ്ങളിൽ നിന്നാണ് എന്റെ പല എഴുത്തുകളും ജന്മമെടുക്കുന്നത്. രസകരമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അതു കഥയിൽ ഉൾപ്പെടുത്താൽ ശ്രമിക്കാറുണ്ട്. ഒന്നും മനപൂർവ്വം കൊണ്ടുവരാൻ നോക്കാറില്ല, കഥയുമായി ചേർന്നു പോകണം എന്നതാണ് പ്രധാനം. നിരീക്ഷണങ്ങളിൽ നിന്നു കിട്ടുന്ന അത്തരം ചിന്തകൾ കഥയ്ക്കു യോജിക്കുമെന്നു തോന്നിയാൽ അതിൽ വർക്ക് ചെയ്യാറുണ്ട്. ഒരു ‘പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്’ എന്റെ സിനിമയിലുണ്ടാകണമെന്ന് ചിന്തിച്ചിട്ടില്ല. ഹാസ്യം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. സീരിയസായ പല കാര്യങ്ങളും ഹ്യൂമറിലൂടെ പരിഹരിക്കാനാകും. മാത്രമല്ല, ചിന്തയെ ഉണർത്താനും ഇതു സഹായിക്കും. അതാണ് എന്റെ ലക്ഷ്യവും. അതു എത്രത്തോളം വിജയിക്കുമെന്നറിയില്ല. പക്ഷേ, ഞാനതു ചെയ്യാൻ ശ്രമിക്കും, ഈ ചിത്രത്തിലും അങ്ങനെ കുറച്ചു രംഗങ്ങളുണ്ട്.
തീയേറ്റർ റിലീസിനെത്തുന്ന ആദ്യ ചിത്രം… എക്സൈറ്റടാണോ?
ഒടിടി ആയാലും തിയേറ്ററായാലും എനിക്കു ഒരു പോലെയാണ്. രണ്ടിലും ആളുകൾ കാണുന്നു അവരുടെ അഭിപ്രായം പറയുന്നു. അതിൽ യാതൊരു വ്യത്യാസവുമില്ല. തിയേറ്ററിൽ പോയി സിനിമ കാണുക എന്നത് ഒരു സെലിബ്രേഷന്റെ ഭാഗമാണ്. ഒരു കൂട്ടം അപരിചിതരുടെ കൂടെ സിനിമ കാണുന്നു, എല്ലാവരും ഒന്നിച്ച് ചിരിക്കുന്നു. പ്രേക്ഷകരെ സംബന്ധിച്ച് അതു വേറിട്ട ഒരു അനുഭവമാണ്. പക്ഷേ എന്നെ അതു ബാധിക്കുന്നില്ല. എവിടെയായാലും ആളുകളുടെ പ്രതികരണമാണ് സിനിമയുടെ ഭാവിയെ നിശ്ചയിക്കുന്നത്. തീയേറ്ററിൽ റിലീസ് ചെയ്തു എന്നതു കൊണ്ട് ഒരു മോശം സിനിമ നല്ലതായിക്കൊള്ളണമെന്നില്ല.