കേരളവും മലയാള സിനിമയും കണ്ട ഹീനമായ പ്രവര്‍ത്തികളില്‍ ഒന്നായിരുന്നു 2017 ഫെബ്രുവരി മാസം, ഓടുന്ന കാറില്‍ വച്ച് മലയാളത്തിന്റെ ഒരു മുന്‍നിര നടി ആക്രമിക്കപ്പെട്ടത്. നടന് ദിലീപ് പ്രതിയായതോടെ പുതിയ മാനങ്ങള്‍ കൈവന്ന കേസില്‍ നടി നടത്തുന്ന പോരാട്ടത്തിനു കൈത്താങ്ങാവുന്നത് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ് (ഡബ്ല്യൂ സി സി) ആണ്. ഇതേ കേസിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട ഡബ്ല്യൂ സി സി സിനിമയിലെ സ്ത്രീ പ്രവര്‍ത്തകരുടെ ഉന്നമനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവരാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് മറ്റൊരു നിര്‍ണ്ണായകമായ സന്ധിയിലേക്ക് എത്തുമ്പോള്‍, ഇരയായ പെണ്‍കുട്ടിയ്ക്ക് അവളുടെ ജോലിസ്ഥലം കൂടിയായ സിനിമാ വ്യവസായം എന്ത് തരത്തിലുള്ള പിന്തുണയാണ് നല്‍കിയത് എന്ന് സംവിധായികയും ഡബ്ല്യൂ സി സി അംഗവുമായ അഞ്ജലി മേനോന് വിലയിരുത്തുന്നു. സിനിമയിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകിയ ഹേമ കമ്മിഷന് റിപ്പോര്‍ട്ട് വൈകുന്നതിനെക്കുറിച്ചും സിനിമാ മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങളെ കുറിച്ചും അഞ്ജലി മേനോൻ സംസാരിക്കുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
പോസ്റ്റ് ഷെയറിങ്ങിലൊതുക്കപ്പെടുന്ന ഐക്യദാർഢ്യം
ആക്രമിക്കപ്പെട്ട നടി സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ ഒരു പോസ്റ്റ് ഇടാൻ ധൈര്യം കാണിച്ചപ്പോൾ എല്ലാവരും അത് പങ്കിടുന്നു. ആക്രമണം അതിജീവിച്ച ഈ നടിക്ക് സംഭവിച്ചത് പോലെയുള്ള ഒരു കാര്യം സിനിമാ വ്യവസായത്തിലെ മറ്റൊരു സ്ത്രീക്ക് നേരെ ഉണ്ടാകാതിരിക്കാൻ കഴിഞ്ഞ അഞ്ച് വർഷമായി ഇവര്‍ എന്താണ് ചെയ്തത്? ഇപ്പോള്‍ ചെയ്തിട്ടുള്ളത് വളരെ നിസാരമായ ഒന്നാണ്. പക്ഷേ, അവൾക്ക് അത്തരത്തിലെങ്കിലും ഒരു പിന്തുണ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ഒന്നുമില്ല എന്നതിനേക്കാൾ നല്ലതല്ലേ.
എന്നാൽ ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. നമ്മുടെ ഇൻഡസ്ട്രിയിലെ താരങ്ങളിൽ പലരും അതിശക്തരാണ്. Protection of Women from Sexual Harassment (POSH) Act നടപ്പിലാക്കിയില്ലെങ്കിൽ ആ സെറ്റിൽ പ്രവർത്തിക്കില്ല എന്ന് അവർ തീരുമാനിച്ചാൽ, അത് മതിയാകും നമ്മുടെ സിസ്റ്റം മെച്ചപ്പെടാൻ. ഇവരില്‍ പലരും നിർമ്മാതാക്കളാണ്, സ്വന്തമായി പ്രൊഡക്ഷൻ ഹൗസുകൾ ഉണ്ട്, അവർ സ്വന്തം സെറ്റിൽ മാറ്റം വരുത്തിയിരുന്നെങ്കിൽ, അത് തന്നെ ഒരു പ്രധാന മാറ്റമായേനേ.
പരിഹാരം പറയുന്നു, പക്ഷേ പ്രശ്നം എന്തെന്ന് പറയുന്നില്ല
ഹേമാ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വരാത്തതില്‍ കടുത്ത നിരാശയുണ്ട്. അതേ സമയം ഇത്തരത്തില്‍ ഉള്ള ഒരു പഠനം ഇതാദ്യമായാണ് നടക്കുന്നത് എന്നും മനസ്സിലാക്കേണ്ടതുണ്ട്. ഇത് എന്ത് ചെയ്യണം, അല്ലെങ്കില്‍ എങ്ങനെ ചെയ്യണം എന്നൊന്നും പലര്‍ക്കും അറിയില്ല. പക്ഷേ സര്‍ക്കാര്‍ കമ്മീഷന് രൂപീകരിച്ചു, അനേകം സ്ത്രീകള്‍ അവര്‍ നേരിട്ട പല പ്രശ്നങ്ങളും അവരോടു സംസാരിച്ചു, കമ്മീഷന് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. ഡബ്ല്യൂ സി സി തന്നെ കമ്മീഷനെ സഹായിക്കാന്‍ ഉതകുന്ന പല സിനിമാ സംബന്ധമായ വിവരങ്ങളും നല്കി. ഇത്രയുമെല്ലാം അധ്വാനിച്ചിട്ട് അതിനു ഫലം ഉണ്ടാവണം എന്ന് ആരാണ് ആഗ്രഹിക്കാത്തത്?
പോഷ് ആക്ട് നടപ്പില്ലാക്കാത്ത ഒരു വ്യവസായമാണ് നമ്മുക്കുള്ളത്. ഇത് സുപ്രീം കോടതി അനുവദിച്ച ഒരു അവകാശമാണ്, ജോലിസ്ഥലത്ത് പ്രൊഫഷണൽ സ്ത്രീകൾ എന്ന നിലയിൽ നമുക്ക് ആ അവകാശത്തിന്റെ പ്രയോജനങ്ങൾ ഉണ്ടാവണം. പക്ഷേ ഇവിടെ അത് പ്രാവര്‍ത്തികമാക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ, ഒരു പഠനം നടത്തണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയും അത് പൂർത്തിയാക്കുകയും ചെയ്തപ്പോൾ, ഫലം പുറത്തു വരുന്നില്ല അല്ലെങ്കിൽ വൈകുന്നു. അതേ സമയം പോഷ് ആക്ട് നടപ്പിലാക്കുന്നുമില്ല. അപ്പോള്‍ രണ്ടു തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളാണ് ഞങ്ങള്‍ നേരിടുന്നത്.
ഇപ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്നത് കമ്മീഷന്റെ കണ്ടെത്തലുകൾ ഔദ്യോഗികമായി അവതരിപ്പിക്കണം എന്നതാണ്. അത് ചെയ്യാത്തതിന് നിരവധി ന്യായീകരണങ്ങളുണ്ട്, ഇത് ഒരു രഹസ്യ റിപ്പോർട്ടാണ്, സാക്ഷിമൊഴികൾ നൽകിയ സ്ത്രീകളുടെ പേരുകൾ വെളിപ്പെടുത്താൻ കഴിയില്ല അങ്ങനെ പലതും. പക്ഷേ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അവതരിപ്പിക്കാന്‍ എന്താണ് പ്രശ്നം? അസംബ്ലിയിൽ ഒരു ബഹളമുണ്ടായപ്പോൾ, ചില ശുപാർശകളുടെ ഒരു ലിസ്റ്റ് പുറത്തു കൊണ്ടു വന്നു, എന്നാൽ ആ ശുപാർശകൾ എന്തടിസ്ഥാനത്തിലാണ് നടത്തിയതെന്ന് വ്യക്തമല്ല. അത് പോലെ തന്നെ, ഇതാണ് പരിഹാരമെന്ന് പറയുന്നു, എന്നാൽ എന്താണ് പ്രശ്നമെന്ന് പറയുന്നില്ല. ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകൾ എന്ന നിലയിൽ ഞങ്ങൾക്ക് പ്രശ്നങ്ങളെക്കുറിച്ച് നന്നായി അറിയാം, പക്ഷേ അത് ഔദ്യോഗികമായി രേഖപ്പെടുത്തേണ്ടതുണ്ട്. സിനിമയിലെ പ്രശ്നങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുക എന്നതായിരുന്നു പഠനത്തിന്റെ ഉദ്ദേശവും. അത് കൊണ്ട് തന്നെ ഔദ്യോഗിക രേഖ ഉണ്ട്, പക്ഷേ അതാരുമായും പങ്കിടില്ല എന്ന് പറയുന്നത് അന്യായമാണ്. കണ്ടെത്തലുകൾ പ്രത്യേകം നൽകാത്ത വിധത്തിലാണ് റിപ്പോർട്ട് എഴുതിയിരിക്കുന്നതെങ്കിൽ (റിപ്പോർട്ടിൽ ഒരു കൂട്ടം സാക്ഷ്യപത്രങ്ങളുണ്ടെന്നും പ്രത്യേക കണ്ടെത്തലുകളൊന്നും നൽകിയിട്ടില്ലെന്നും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്) കമ്മിറ്റിയോട് അവരുടെ കണ്ടെത്തലുകൾ ഉൾപ്പെടുത്താൻ ആവശ്യപ്പെടണം.
എന്തു കൊണ്ടാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് പിടിച്ചു വയ്ക്കുന്നതെന്ന് അറിയില്ല, പക്ഷേ അറിയാവുന്നത്, ആ നടപടി തീർച്ചയായും സിനിമാ വ്യവസായത്തിലെ സ്ത്രീകളെ സഹായിക്കുന്നില്ല എന്നതാണ്. ആര് ആരോട് എന്ത് ചെയ്തു എന്നറിയാന്‍ താത്പര്യമില്ല, ഇവിടെ നടക്കുന്നത് ഔദ്യോഗികമായി രേഖപ്പെടുത്തപ്പെടണം എന്ന് മാത്രം. അതുണ്ടായാല്‍ മാത്രമേ പരിഹാരങ്ങളെക്കുറിച്ച് സംസാരിച്ചിട്ടു കാര്യമുള്ളൂ.
ഇവിടെ നടക്കുന്ന പ്രശ്നങ്ങളെ പൂർണ്ണമായും നിഷേധിക്കുന്ന ഒരു വ്യവസായത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഈ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ, ഇത് സംഭവിച്ചിട്ടില്ല, മലയാളം ഇൻഡസ്ട്രി ഒരു വലിയ സന്തുഷ്ട കുടുംബമാണ് എന്നൊക്കെയുള്ള പരിഹാസ്യമായ പ്രസ്താവനകളുമായി വന്ന നിരവധി ആളുകൾ നമുക്കിടയില്‍ ഉണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് പൂർണ്ണമായും നിഷേധിക്കുന്ന ഒരു വ്യവസായം ഉള്ളപ്പോൾ ഈ റിപ്പോർട്ട് കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്ന് വിശ്വസിക്കുന്നു.
അത് കൊണ്ട് ഹേമ കമ്മീഷന്റെ കണ്ടെത്തലുകൾ വെളിപ്പെടുത്തുകയും അവയുമായി ബന്ധപ്പെട്ട ശുപാർശകൾ നടപ്പാക്കുകയും വേണം. അതാവണം ആദ്യപടി. സിനിമയിലെ നിരവധി വനിതകൾ കമ്മീഷന് മുന്പില് എത്തി തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തിയത് നല്ലൊരു നാളെയെ പ്രതീക്ഷിച്ചു കൊണ്ടാണ്.
അവളുടെ പോസ്റ്റ് ഷെയർ ചെയ്തവർ മാത്രം, ഈ സാഹചര്യം മാറ്റാൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ
ഒരു വ്യവസായമെന്ന നിലയിൽ ഒരു പുതിയ സാങ്കേതിക വിദ്യ വന്നാൽ, ഇപ്പോള്‍ ഓ ടി ടി വന്ന പോലെ… എത്ര പെട്ടെന്നാണ് എല്ലാവരും അതിനനുസരിച്ച് മാറുന്നതും പൊരുത്തപ്പെടുന്നതും. തിയേറ്ററുകളിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ അതുമായി പൊരുത്തപ്പെട്ടു. ആപ്പിൾ പുതിയ ഐ-ഫോൺ അവതരിപ്പിച്ചപ്പോൾ, അതില്‍ ഷൂട്ട് ചെയ്യാം എന്ന് പറയുമ്പോള്‍ എല്ലാവരും അതിനോട് പൊരുത്തപ്പെട്ടു. ഈ ടെക്നോളജി പഠിക്കാൻ വർക്ക്ഷോപ്പിലേക്കും ട്യൂട്ടോറിയലുകളിലേക്കും പോകുന്നു. എന്നാൽ അടിസ്ഥാനപരമായ എന്തെങ്കിലും മാറ്റം വരുമ്പോൾ വ്യവസായത്തെ അതിനനുസൃതമാക്കാനോ അതുമായി പൊരുത്തപ്പെടാനോ ആഗ്രഹമില്ല. എന്തു കൊണ്ടാണത്? ഒരു പോസ്റ്റ് ഷെയർ ചെയ്യുക എന്നതിന് അപ്പുറമുള്ള ഐക്യദാർഢ്യത്തിന്റെ അഭാവമുണ്ട്. ഈ ആളുകൾ ഓരോരുത്തരും ഒരു ചെറിയ കാര്യം ചെയ്താൽ മതി, അതായത് അവൾ കടന്നുപോയ അവസ്ഥയിലൂടെ ഇനി ഒരു പെൺകുട്ടിയും കടന്നു പോകരുതെന്ന് ഉറപ്പാക്കിയാൽ മാത്രം മതി ഈ വ്യവസായം മാറും. അവളുടെ പോസ്റ്റ് ഷെയർ ചെയ്തവർ മാത്രം, ഈ സാഹചര്യം മാറ്റാൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ, വ്യവസായത്തിൽ വളരെ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു.
ഒരു സംവിധായിക എന്ന നിലയിൽ, തിരഞ്ഞെടുപ്പുകൾ നടത്താൻ എനിക്ക് തീർച്ചയായും കൂടുതൽ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഞാന്‍ നേരിട്ട വിവേചനങ്ങളാണ് ഇന്നത്തെ എന്റെ പ്രവര്‍ത്തികള്‍ക്കുള്ള പ്രചോദനം ആവുന്നത്. ഇവിടെ കൂടുതൽ വിവേചനം നേരിടുന്നത് ക്രൂവിലെ സ്ത്രീകളാണ്. ക്രൂവിൽ ജോലി ചെയ്യുന്ന അജ്ഞാതരായ സ്ത്രീകളേക്കാൾ കൂടുതൽ വിശേഷാധികാരമുള്ളവരാണ് നടിമാർ. അജ്ഞാതരായ ആ സ്ത്രീകളുടെ അഭിമുഖം ആർക്കും ആവശ്യമില്ല, അവർ കടന്നു പോകുന്ന കാര്യങ്ങള്‍, അവരുടെ അനുഭവങ്ങൾ അറിയാൻ ആരും ആഗ്രഹിക്കുന്നില്ല. മാധ്യമങ്ങൾ എപ്പോഴും നടിമാരുടെ പുറകെ പോകും, എന്നാൽ ക്രൂ അംഗങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ ഒരിക്കലും തയ്യാറല്ല. അവരുടെ അനുഭവങ്ങൾ ഏറ്റവും അടിച്ചമർത്തപ്പെട്ടതും പുറത്തു വരാത്തതുമാണ്. നടിമാർക്ക് ഉയർന്ന പ്രൊഫൈൽ ഉണ്ട്, സംസാരിക്കാൻ കൂടുതൽ വഴികളുണ്ട്, കൂടുതൽ പിന്തുണയുണ്ട്, എന്നാൽ പൊതുസഞ്ചയത്തിൽ അദൃശ്യരായ ക്രൂ അംഗങ്ങളുടെ കാര്യമോ? കഠിനാധ്വാനം ചെയ്യുന്ന അവര്‍ സുരക്ഷയെ കുറിച്ചും ശമ്പളത്തെ കുറിച്ചും ഒന്നും ഉറപ്പില്ലാതെ, അർഹമായ ക്രെഡിറ്റ് ലഭിക്കുമോ എന്ന് പോലും അറിയാതെ തുടരുന്നു. അത് വളരെ ദുഷ്ക്കരമായ ജീവിതമാണെന്ന് ഞാൻ പറയും. അത്തരം ആളുകൾ കൂടുതൽ അംഗീകാരം അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു.
ഡബ്ല്യൂ സി സി ക്കൊപ്പമുള്ള അഞ്ചു വര്‍ഷങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ വ്യക്തി എന്ന നിലയിലും കൂട്ടായ്മ എന്നാ നിലയിലും, വളർച്ചയുടെ ഒരു ഘട്ടമായിരുന്നു. തുടങ്ങിയതില്‍ നിന്ന് മാറി, ഞങ്ങള്‍ എല്ലാവരും തന്നെ ഇപ്പോള്‍ വ്യത്യസ്തരായ ആളുകളാണ്. വളരെ ശക്തമായ മനസ്സുള്ളവരാണ്. പഠിക്കാനും വ്യത്യസ്ത തരത്തിലുള്ള സ്ത്രീകളെ അറിയാനും അവരുടെ അനുഭവങ്ങൾ പങ്കു വെക്കാനും എനിക്ക് ഒരു അത്ഭുതകരമായ അവസരം ലഭിച്ചു. എന്റെ ഉള്ളിലേക്ക് തന്നെ നോക്കാനും എന്റെ പ്രത്യേകാവകാശങ്ങൾ തിരിച്ചറിയാനും, സഹാനുഭൂതി വളർത്തിയെടുക്കാനും സാധിച്ചു എന്ന് കരുതുന്നു.