scorecardresearch
Latest News

ഹോളിവുഡിൽ ശ്രദ്ധ നേടി എം എസ് വിശ്വനാഥന്റെ കൊച്ചുമകൾ

‘ക്രിസ്മസ് ഈസ് ക്യാൻസൽഡ്’ എന്ന ചിത്രത്തിന്റെ സംവിധായിക പ്രാർത്ഥന മോഹൻ സംസാരിക്കുന്നു

Prarthana Mohan, Prarthana Mohan film, who is Prarthana Mohan, Christmas is Cancelled, Christmas is Cancelled film, MisEducation of Bindu

ജനിച്ചുവളർന്ന നാട്ടിൽ ഒരു സിനിമ സംവിധായികയായി മാറുക എന്നതിലും വെല്ലുവിളി നിറഞ്ഞതാണ്, യാതൊരുവിധ വേരുകളുമില്ലാത്ത ഒരു നാട്ടിൽ ഫിലിം മേക്കറായി കരിയർ പടുത്തുയർത്തുക എന്നത്. പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത്, ഇന്ന് ഹോളിവുഡിന്റെ ശ്രദ്ധ കവരുകയാണ് പ്രാർത്ഥന മോഹൻ എന്ന പെൺകുട്ടി. സിനിമയുടെ ലോകം പ്രാർത്ഥനയ്ക്ക് പുതുമ നിറഞ്ഞതല്ല, കാരണം പ്രശസ്ത സംഗീതസംവിധായകൻ എം എസ് വിശ്വനാഥന്റെ കൊച്ചുമകളാണ് പ്രാർത്ഥന.

പ്രാർത്ഥന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘ക്രിസ്മസ് ഈസ് ക്യാൻസൽഡ്’ ജനപ്രീതി നേടി കൊണ്ടിരിക്കുകയാണ്. ഡിസംബറിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. ജനൽ പാരിഷ്, ഡെർമോട്ട് മൾറോണി, ഹെയ്‌ലി ഒറാന്റിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രാർത്ഥനയുടെ ആദ്യ ചിത്രമായ ‘മിസ് എഡ്യൂക്കേഷൻ ഓഫ് ബിന്ദു’വും പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്. അമേരിക്കയിലെ ഫിലിംമേക്കർ എന്ന നിലയിലുള്ള അനുഭവവും താൻ നേരിട്ട പ്രതിസന്ധികളും തന്റെ സിനിമായാത്രയുടെ അനുഭവങ്ങളുമൊക്കെ ഇന്ത്യൻ എക്സ്പ്രസുമായി പങ്കുവയ്ക്കുകയാണ് പ്രാർത്ഥന.

“ചെന്നൈയിലെ ഒരു സിനിമാ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എം എസ് വിശ്വനാഥൻ എന്റെ മുത്തച്ഛനാണ്. കുട്ടിക്കാലം മുതലേ എന്നെ സിനിമയൊരുപാട് സ്വാധീനിച്ചിട്ടുണ്ട്. ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത വ്യത്യസ്തമായ അനുഭവമാണ് ഇന്ത്യയിൽ സിനിമ കാണാൻ പോകുന്നത് തന്നെ. ദക്ഷിണേന്ത്യൻ സിനിമയിലെ ശ്രദ്ധേയ വ്യക്തിത്വമായ എന്റെ മുത്തച്ഛനൊപ്പം ഞാൻ നിരവധി റെക്കോർഡിംഗുകൾക്ക് പോയി. ആളുകൾ അദ്ദേഹത്തോട് സംസാരിക്കുന്നതും, അദ്ദേഹത്തിന്റെ സംഗീതം അവരുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്നതിനെ കുറിച്ച് അവർ സംസാരിക്കുന്നത് കേൾക്കുന്നതുമൊക്കെ എനിക്ക് വളരെ കൗതുകം സമ്മാനിച്ചു. അദ്ദേഹത്തിന്റെ പാട്ടുകൾ കുട്ടികൾക്ക് താരാട്ടായും, ആദ്യപ്രണയത്തിന്റെ ഗാനമായും, വിവാഹം, മരണം പോലുള്ള വേദികളിലുമൊക്കെ ഉപയോഗിക്കുന്നതു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. സിനിമ മനുഷ്യരുമായി എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് മനസിലാക്കിയപ്പോൾ, അതിൽ ഒരു ഭാഗമാകാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു,” സിനിമയുമായി തന്റെ പ്രണയം തുടങ്ങിയ നാളുകളോർത്ത് പ്രാർത്ഥന പറയുന്നു.

“കുട്ടിക്കാലത്ത്, ഞാൻ സിനിമ കാണുകയും മറ്റുള്ളവർക്കായി സിനിമ മുഴുവൻ അഭിനയിച്ചു കാണിക്കുകയും ചെയ്യുമായിരുന്നു. അടിസ്ഥാനപരമായി ഞാനൊരു ശല്യക്കാരി കുട്ടിയായിരുന്നു, മറ്റുള്ളവർ കാണുന്നതിനു മുൻപെ അവരോട് സിനിമയുടെ കഥയൊക്കെ പറഞ്ഞ് സ്പോയിലർ ചെയ്യുന്ന കുട്ടി. ഞാൻ രംഗങ്ങൾ അഭിനയിക്കും, പാട്ടുകൾ പാടും. തിരിഞ്ഞു നോക്കുമ്പോൾ അഭിനയവും പാട്ടും എന്നതിലുപരി, ഞാൻ കഥ പറയുമ്പോൾ ആളുകൾ എങ്ങനെ പ്രതികരിച്ചു എന്നതായിരുന്നു (ആഖ്യാനരീതി) എന്നെ ഏറ്റവും ആവേശഭരിതയാക്കിയത്. ഇന്ത്യയിൽ ആയിരുന്ന കാലത്ത് വിദേശസിനിമകൾ കാണുകയൊക്കെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇഷ്ടപ്പെട്ട വിദേശ സിനിമകൾ ശേഖരിക്കാവോ എന്ന് വിസിഡി സ്റ്റോറുകളിൽ പോയി അക്ഷരാർത്ഥത്തിൽ അവരോട് യാചിച്ചിട്ടുണ്ട്. അന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു.”

2000കളുടെ തുടക്കത്തിലാണ് ഞാൻ യുഎസിൽ എത്തിയത്. ഒരുപാട് പ്രതിബന്ധങ്ങൾ ആദ്യകാലത്ത് നേരിടേണ്ടിവന്നിട്ടുണ്ട്. ഞാനാദ്യമായി ഇവിടെ വരുമ്പോൾ എനിക്കിവിടെ കുടുംബമോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. ഒരു ബിരുദ വിദ്യാർത്ഥിയായാണ് ഞാൻ യുഎസിൽ എത്തിയത്. ഇന്ത്യയിലായിരുന്നു ഞാനെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു, എന്റെ മുത്തച്ഛന്റെ പ്രശസ്തി കാരണം അവിടെ സിനിമ ചെയ്യുന്നത് കൂടുതൽ എളുപ്പമാകുമായിരുന്നു. പക്ഷേ ഇന്ത്യയിൽ ലഭ്യമല്ലാത്ത, കുറച്ചുകൂടി ഗൗരവകരമായ ചലച്ചിത്രനിർമ്മാണത്തെ കുറിച്ചുള്ള ഒരു ഔപചാരിക വിദ്യാഭ്യാസം ഞാൻ ആഗ്രഹിച്ചു. ഞാൻ പേഴ്‌സണൽ അസിസ്റ്റന്റായും അല്ലാതെയുമൊക്കെ സിനിമാ സെറ്റുകളിൽ പോയിത്തുടങ്ങി. പക്ഷേ ശരിയായ രീതിയിൽ ആ ക്രാഫ്റ്റ് പഠിക്കുന്നത് ബുദ്ധിമുട്ടായിരുന്നു.

ഇന്ത്യയിലെ ചലച്ചിത്രനിർമ്മാണം വളരെ വ്യത്യസ്തമാണ്, പല തരത്തിലും അതൊരു ഓർഗാനിക് ആയ പ്രക്രിയ ആണ്. ധാരാളം ആളുകൾ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നു, റോളുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല, ഞാൻ ഈ സംസാരിക്കുന്നത് 2000ന്റെ തുടക്കക്കാലത്തെ കുറിച്ചാണ്. ഇപ്പോൾ കാര്യങ്ങൾ വളരെ വ്യത്യസ്തമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

അങ്ങനെ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ദൈർഘ്യമേറിയൊരു ഫിലിം പ്രോഗ്രാം കാലിഫോർണിയയിലെ ചാപ്മാൻ യൂണിവേഴ്സിറ്റിയിൽ ഞാൻ കണ്ടെത്തി. ആരെയും പരിചയമില്ലാത്ത ഒരു വിദേശരാജ്യത്തെ സിനിമാലോകത്തേക്ക് കടക്കുക എന്നതായിരുന്നു തുടക്കത്തിൽ എനിക്ക് നേരിടേണ്ടി വന്ന വലിയ വെല്ലുവിളി. എന്നെത്തന്നെ പിന്തുണയ്ക്കുകയും എല്ലാം അതിജീവിക്കുകയും വേണം. എന്റെ ആദ്യ സിനിമ യാഥാർത്ഥ്യമാകാൻ ഏറെ സമയമെടുത്തത്, അവിടെയെനിക്കൊരു മേൽവിലാസമുണ്ടാക്കാനായി ഒരു ജോലി ആദ്യം കണ്ടെത്തണം എന്നതുകൊണ്ടാണ്. വളരെ പിന്തുണ നൽകുന്ന ഒരു കുടുംബം നാട്ടിലും ഇപ്പോൾ ഇവിടെയും ഉണ്ടെന്നതിൽ ഞാനേറെ ഭാഗ്യവതിയാണ്.

ആ സിനിമ സംവിധാനം ചെയ്യാൻ അവരെന്നെ തിരഞ്ഞെടുത്തതാണ്. 2021 മാർച്ചിലാണ് സിനിമയുടെ സ്‌ക്രിപ്റ്റ് എനിക്ക് ലഭിച്ചത്. തയ്യാറെടുപ്പുകൾക്കായി ഞങ്ങൾക്ക് മൂന്നാഴ്ച ലഭിച്ചു. 16 ദിവസം കൊണ്ടാണ് ഞങ്ങൾ ആ സിനിമ ചിത്രീകരിച്ചത്. ഞാനൊരു ക്രിസ്മസ് സിനിമ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ ഇതൊരു അസാധാരണ ക്രിസ്മസ് സിനിമയാണ്. ക്രിസ്മസ് അല്ല ചിത്രത്തിന്റെ കേന്ദ്രബിന്ദു, എന്നാൽ ക്രിസ്മസ് എന്നത് പ്ലോട്ടിലെ ഒരു സമയപരിധി പോലെയാണ് താനും. സിനിമയിലെ കോമഡി കൂടുതൽ ഫിസിക്കൽ കോമഡിയാണ്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ ഞാനിത് ചെയ്യാൻ ആഗ്രഹിച്ചു.

ഇന്ത്യൻ സിനിമയിലെ സൗഹൃദങ്ങൾ

എന്റെ ഛായാഗ്രാഹകൻ ഡാനി സാഞ്ചസ്- ലോപ്പസ് ഒരു സ്പാനിഷ്ക്കാരനാണ്. അദ്ദേഹം മഹാനടിയിലും മറ്റ് രണ്ട് ഇന്ത്യൻ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ അദ്ദേഹം ഇന്ത്യയിൽ എന്റെ വിവാഹത്തിന് വന്നു. എന്റെ ആദ്യ സിനിമയുടെയും കോളേജ് ഷോർട്ട് ഫിലിമുകളുടെയും ഛായാഗ്രാഹകനും അദ്ദേഹമായിരുന്നു. ഇന്ത്യൻ സിനിമയിൽ ജോലി ചെയ്യുന്ന ഏതാനും കോസ്റ്റ്യൂം ഡിസൈനർ സുഹൃത്തുക്കളും എനിക്കുണ്ട്. ഞങ്ങൾ ഇടയ്‌ക്കൊക്കെ സംസാരിക്കാറുണ്ട്. പക്ഷേ, രണ്ടും ലോകവും വളരെ വ്യത്യസ്തമാണ്. സിനിമാ വ്യവസായത്തിലെ സംഭവവികാസങ്ങളും മാറ്റങ്ങളും അറിയുന്നത് സന്തോഷമുള്ള കാര്യമാണ്. സ്വാഗതാർഹമായ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്.

ഒരു സംവിധായകയെന്ന നിലയിൽ നിങ്ങളുടെ സിനിമകളിലൂടെ എന്താണ് പ്രതിനിധാനം ചെയ്യാൻ ശ്രമിക്കുന്നത്?

ഇത് യഥാർത്ഥത്തിൽ കഥ എന്താണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. രസകരമായ സ്ത്രീ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി കഥകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. രസകരമായ സ്ത്രീകൾ എന്ന് അർത്ഥമാക്കുന്നത് എല്ലാം തികഞ്ഞ സ്ത്രീകളെന്നല്ല. മറിച്ച് വിവിധ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന, വൈവിധ്യതയുള്ള സ്ത്രീകഥാപാത്രങ്ങളെന്നാണ്. ഒരു സംവിധായകയെന്ന നിലയിൽ എന്റെ സിനിമകൾ വിനോദവും രസകരവും ചിന്തോദ്ദീപകവും ചർച്ചകൾക്ക് തിരികൊളുത്തുന്നതുമായ ഒന്നായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.

നിങ്ങളുടെ മികച്ച വിമർശകർ ആരാണ്?

ഞാനാണെന്റെ ഏറ്റവും മോശം വിമർശക, കാരണം ഞാൻ ചെയ്യുന്നതിൽ ഏറ്റവും മോശമായതാണ് കണ്ടുപിടിക്കുന്നത് ഞാനാണ്. ഒരു ഫിലിം സ്‌കൂളിന്റെ പശ്ചാത്തലത്തിൽ നിന്ന് വന്ന എനിക്ക് ആശ്രയിക്കാനും ഫീഡ്‌ബാക്ക് നൽകാനും ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരുണ്ട്. ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയായ എന്റെ ഭർത്താവ് എഡ്വേർഡ് ടിംപെയും വലിയ പിന്തുണയാണ് നൽകുന്നത്. എന്റെ സിനിമകൾ വളരെ പ്രാരംഭഘട്ടത്തിൽ തന്നെ കാണുന്ന ഒരാൾ അദ്ദേഹമാണ്. ഓരോ സിനിമയും ഏത് ഘട്ടത്തിലാണ് എന്നതിന് അനുസരിച്ച് ചിന്തകൾ പങ്കിടാനും നിർദ്ദേശങ്ങൾ നൽകാനും കഴിയുന്ന വലിയൊരു സൗഹൃദക്കൂട്ടവും എനിക്കുണ്ട്.

നിങ്ങൾ ഇന്ത്യയിലെ ഒരു ചലച്ചിത്രകാരൻ ആയിരുന്നെങ്കിൽ, പ്രത്യേകിച്ച് ഒരു സ്ത്രീ എന്ന നിലയിൽ എന്തായിരിക്കും വ്യത്യാസം? വെല്ലുവിളികൾ വ്യത്യസ്തമായിരിക്കുമോ?

എനിക്കറിയില്ല, ഒരുപക്ഷേ എന്റെ മുത്തച്ഛന്റെ സ്വാധീനം കാരണം ഇന്ത്യയിൽ സിനിമകൾ നിർമ്മിക്കുന്നത് എനിക്ക് എളുപ്പമായിരുന്നിരിക്കാം. എന്നിരുന്നാലും, ഒരു വനിതാ സംവിധായിക എന്ന നിലയിൽ എല്ലായിടത്തും സമരം ഒരുപോലെയാണെന്ന് ഞാൻ കരുതുന്നു. ആളുകൾ നിങ്ങളെ ഗൗരവമായി എടുക്കുന്നതിന് വളരെയധികം പരിശ്രമം ആവശ്യമാണ്. ഒരു അവസരം ലഭിക്കുന്നതിന് നിങ്ങൾ ഒരുപാട് കാര്യങ്ങൾ തെളിയിക്കേണ്ടതുണ്ട്. ഇൻഡസ്ട്രിയിൽ എന്റേതായൊരു വഴി കണ്ടെത്തേണ്ടതിനാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് കഠിനമായൊരു യാത്രയായിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ, നിങ്ങളുടെ ആശയങ്ങളെക്കുറിച്ച് ഉറച്ചുനിൽക്കുക മാത്രമല്ല, മറ്റുള്ളവർക്ക് നിങ്ങളെ ശ്രദ്ധിക്കാൻ തോന്നുകയും വേണം. ഭാഗ്യവശാൽ, ആളുകൾ എന്റെ ആശയങ്ങൾ ശ്രദ്ധിക്കുകയും ക്രിയാത്മകമായി സഹകരിക്കുകയും എന്റെ ജോലിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്ന ഒരു സർഗ്ഗാത്മക അന്തരീക്ഷം വളർത്തിയെടുക്കാൻ കഴിഞ്ഞു.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Christmas is cancelled director prarthana mohan interview