“എല്ലാ പുകഴും ഒരുവൻ ഒരുവനുക്കെ
നീ നദിപോലെ ഓടികൊണ്ടിര്
ഇന്ത വേർവയ്ക്കും വെട്രിഗൾ വേർ വൈകുമേ
ഉന്നൈ ഉള്ളത്തിൽ ഊർ വൈകുമേ”
ബിഗ് ബോസ്സ് മലയാളം സീസൺ മൂന്നിന്റെ ഗ്രാൻഡ് ഫിനാലെ വേദിയിൽ വിജയിയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്നോടിയായി മണിക്കുട്ടൻ പാടിയ പാട്ടിലെ വരികളാണ് ഇത്. ‘നിങ്ങൾ ഒരു നദി പോലെ ഒഴുകിക്കൊണ്ടിരിക്കുക, കഠിനാധ്വാനം ചെയ്യുക, പ്രശസ്തി പിന്നാലെ വരും,’ എന്നർത്ഥം വരുന്ന ഈ വരികളെ അന്വർത്ഥമാക്കുകയാണ് മണിക്കുട്ടന്റെ വിജയം.
സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ച, അതിനായി നിരന്തരം പരിശ്രമിച്ച, അംഗീകാരങ്ങളോ ആദരമോ ഒന്നും ഇത്രനാൾ തേടിയെത്താതിരുന്നിട്ടും തന്റെ സ്വപ്നത്തെ മുറുകെപിടിച്ച് മുന്നോട്ട് നടക്കാൻ ശീലിച്ച, ഒടുവിൽ മലയാളികളുടെ മൊത്തം സ്നേഹം കവർന്ന മണിക്കുട്ടന്റെ ജീവിതം ഇന്ന് ഒരുപാട് പേർക്ക് പ്രചോദനമാവുകയാണ്. തീവ്രമായി ആഗ്രഹിച്ചാൽ, അതിനായി പരിശ്രമിച്ചാൽ ഒരിക്കൽ തീർച്ചയായും വിജയം തേടിയെത്തുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
ബിഗ് ബോസ് വിജയകിരീടം ചൂടിയ സന്തോഷത്തിൽ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് മണിക്കുട്ടൻ.

ബിഗ് ബോസ് ജേതാവായി പ്രഖ്യാപിക്കപ്പെട്ട ആ നിമിഷം എന്തു തോന്നി?
എന്നും സിനിമ തന്നെയാണ് എന്റെ ആഗ്രഹം. സിനിമയിലേക്കുള്ള വഴികളാണ് എനിക്കെല്ലാം. ഒരു സ്റ്റേജ് ഷോയിൽ ഡാൻസ് ചെയ്യുമ്പോൾ പോലും ഇത് നന്നായി വന്നാൽ, അതു കണ്ടിട്ട്, നല്ല വേഷങ്ങൾ ലഭിച്ചാലോ എന്നാണ് ആലോചിക്കുക. ക്രിക്കറ്റ് കളിക്കാൻ പോയപ്പോഴും, ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കളിക്കുമ്പോഴും നന്നായി പെർഫോം ചെയ്താൽ കൂടുതൽ ആളുകൾ തിരിച്ചറിയുമല്ലോ അത് സിനിമയ്ക്ക് ഗുണമാവുമല്ലോ എന്ന് ഓർക്കും.
മുൻപ് ബിഗ് ബോസിന്റെ ഒന്നാം സീസണിലേക്കും രണ്ടാം സീസണിലേക്കും എന്നെ വിളിച്ചിരുന്നു. ആദ്യ സീസൺ സമയത്ത് കമ്മാരസംഭവത്തിന്റെ ഷൂട്ടിലായിരുന്നു ഞാൻ. രണ്ടാമത് വിളിച്ചപ്പോൾ മാമാങ്കം, മരക്കാർ എന്നീ ചിത്രങ്ങളുടെ തിരക്കിലും. ലോക്ക്ഡൗൺ സമയത്ത് വർക്കുകളൊന്നുമില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് വീണ്ടും വിളി വരുന്നത്. കൂടിപോയാൽ രണ്ടോ മൂന്നോ ആഴ്ച, നിൽക്കാവുന്നിടത്തോളം നിൽക്കാം എന്ന് ഓർത്താണ് യെസ് പറഞ്ഞത്. എന്തായാലും തിയേറ്ററുകൾ തുറക്കാനും സിനിമയിൽ നിന്നും അവസരങ്ങൾ വരാനുമൊക്കെ സമയമെടുക്കും. ബിഗ് ബോസിലാവുമ്പോൾ പ്രേക്ഷകർക്ക് കാണാനും അവരുമായി കണക്റ്റ് ചെയ്യാനും അവസരം ലഭിക്കുകയും ചെയ്യുമല്ലോ.
ബിഗ് ബോസ് വീട്ടിൽ നിന്നപ്പോഴും എങ്ങനെ നൂറുദിവസം അവിടെ നിൽക്കാം, ഫ്ളാറ്റ് നേടാൻ എന്തുചെയ്യണം എന്നൊന്നും പ്ലാൻ ചെയ്തിരുന്നില്ല. ഇന്നത്തെ ദിവസം എങ്ങനെ നിൽക്കും എന്നു മാത്രമാണ് ഓരോ ദിവസവും ആലോചിച്ചത്. ഒരു വലിയ യാത്രയായിരുന്നു ബിഗ് ബോസ് ജീവിതം. ആ അവസരം കിട്ടിയത് പോലും സിനിമയ്ക്ക് പിന്നിലുള്ള എന്റെ 15 വർഷത്തെ അധ്വാനം കൊണ്ടാണ്. സിനിമയ്ക്ക് വേണ്ടിയാണ് ഞാൻ ഓരോ കാര്യവും ചെയ്യുന്നത്. ജിമ്മിൽ പോവുന്നതും ശരീരം ടോൺ ചെയ്യുന്നതും ഡാൻസും എയറോബിക്സും സുംബയും മാർഷൽ ആർട്സുമെല്ലാം പഠിക്കുന്നതുമെല്ലാം… സിനിമയിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ് ഇതെല്ലാം പഠിക്കുന്നത്.
ബിഗ് ബോസ് വീട്ടിൽ എത്തി രണ്ടാഴ്ച പിന്നിട്ടപ്പോൾ, ടാസ്കുകളും മറ്റും കിട്ടി തുടങ്ങിയതോടെയാണ് ഇതെനിക്ക് പ്രയോജനപ്പെടുത്താവുന്ന നല്ലൊരു പ്ലാറ്റ്‌ഫോമാണല്ലോ എന്ന് തോന്നി തുടങ്ങിയത്. ആ പ്ലാറ്റ്‌ഫോമിൽ ഞാനിത്രയും നാൾ നടത്തിയ ഹോംവർക്ക് ഉപയോഗിക്കുകയാണ് ചെയ്തത്.
ഇപ്പോൾ സിനിമ മാറി കൊണ്ടിരിക്കുകയാണ്. പലയിടത്തും കാസ്റ്റിംഗ് ഡയറക്ടേഴ്സ് ആണ് അഭിനേതാക്കളെ തീരുമാനിക്കുന്നത്. ഇന്നയാൾക്ക് അവസരം കൊടുക്കാം, ഇന്നയാൾ ആ വേഷത്തിന് അനുയോജ്യനാണ് എന്നതൊക്കെ കാസ്റ്റിംഗ് ഡയറക്ടേഴ്സിന്റെ നിർദ്ദേശമാണ് പലപ്പോഴും. അവസരങ്ങൾക്കായി അവരെ സമീപിക്കുമ്പോൾ ഒരു സ്ക്രീനിംഗിനു പോലും വരാൻ അവർ വിളിക്കാറില്ല. അങ്ങനെയൊരു സാഹചര്യത്തിൽ എനിക്ക് കിട്ടിയ വലിയ അവസരമായിരുന്നു ബിഗ് ബോസ്. ഓരോ ടാസ്കിലും പെർഫോം ചെയ്യുമ്പോൾ ഇത് ആരെങ്കിലുമൊക്കെ കാണട്ടെ, എന്റെ വർക്കിന് പ്രയോജനപ്പെടുമല്ലോ എന്നായിരുന്നു ചിന്ത.

അങ്ങനെ ഓരോ ദിവസമായി പിന്നിട്ട് ഫിനാലെയിലേക്ക് എത്തിയപ്പോൾ അതൊരു വലിയ സന്തോഷം തന്നെയാണ്. നമ്മളൊരു ആഗ്രഹത്തിനായി പൂർണ്ണ മനസ്സോടെ ഇറങ്ങി തിരിച്ചാൽ അതിനെ പ്രകൃതി പിന്തുണയ്ക്കും. ഇടയ്ക്ക് നമ്മളൊന്നു തളർന്നു പോയാൽ കൂടി പ്രകൃതിയ്ക്ക് അത് മനസ്സിലായി നമുക്ക് കരുത്തു പകരും, ലോകം കൂടെ നിൽക്കും. അതാണ് അവിടെ സംഭവിച്ചത്. ആ ഒരു എക്സൈറ്റ്മെന്റായിരുന്നു ഫിനാലെ വേദിയിൽ നിൽക്കുമ്പോൾ. നമ്മൾ പ്രയത്നിച്ചാൽ മാത്രം മതി, ബാക്കി എല്ലാം പിറകെ വരും. അത് സത്യമാണെന്ന് മനസ്സിലായതിന്റെ സന്തോഷമാണ് നിങ്ങളവിടെ കണ്ടത്.
Read more: ഒടുവിൽ ഞാൻ എന്തെങ്കിലുമൊക്കെ ആയെടാ; ഫിനാലെ വേദിയിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ
ഒരു മോഹൻലാൽ ഫാൻ ബോയ് ആണെന്ന് എപ്പോഴും അഭിമാനത്തോടെ പറയുന്ന ആളാണല്ലോ മണിക്കുട്ടൻ. എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് മോഹൻലാൽ?
സിനിമയെ മനസ്സിലാക്കി തുടങ്ങിയ കാലത്ത് ഞാൻ കാണുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമകളാണ്. ഞാൻ തിരുവനന്തപുരത്ത് താമസിക്കുന്ന ഒരു വ്യക്തിയാണ്. ലാലേട്ടൻ പഠിച്ച സ്കൂൾ, കോളേജ് ഒക്കെ കാണുമ്പോൾ ആഗ്രഹമായിരുന്നു അവിടെ പഠിക്കാൻ. അങ്ങനെയാണ് ലാൽ സാർ പഠിച്ച എംജി കോളേജിൽ പഠിക്കാൻ ചേരുന്നത്. അന്നു മുതലേ ലാലേട്ടന്റെ അഭിമുഖങ്ങളൊക്കെ വായിക്കും. ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ, കരിയറിൽ അദ്ദേഹം നേരിട്ട കഷ്ടപ്പാടുകൾ, ആ കഠിനാധ്വാനം…
നടനായി പിന്നീട് അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ഓരോ സിനിമയേയും അദ്ദേഹം സമീപിക്കുന്ന രീതി കൂടുതൽ അടുത്തുനിന്നു കണ്ടു. സിനിമയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം, സ്റ്റേജ് പെർഫോമൻസുകളോടുള്ള സമീപനം. സിസിഎൽ ടൈമിൽ ഞങ്ങളുടെ ടീം ക്യാപ്റ്റനായിരുന്നു ലാൽ സാർ, ആ പ്ലാറ്റ്‌ഫോമിന് അദ്ദേഹം നൽകുന്ന ബഹുമാനം… ഇതൊക്കെ അടുത്തറിയാൻ സാധിച്ചു. അദ്ദേഹത്തിന്റെ വലിയൊരു ആരാധകൻ തന്നെയാണ് ഞാൻ. സിനിമകൾ, ക്രിക്കറ്റ്, സ്റ്റേജ് ഷോകൾ എന്നിങ്ങനെ ലാൽ സാറുമായി ഇടപഴകാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്, അതെല്ലാം ഭാഗ്യമായി കരുതുന്നു.
ഇത്രയും ജനപിന്തുണയോടെ, അന്തർദ്ദേശീയ നിലവാരമുള്ള ഒരു ഗെയിം ഷോയുടെ വിന്നർ പട്ടം, അദ്ദേഹത്തിൽ നിന്നുതന്നെ സ്വീകരിക്കാനായത് എന്നെ സംബന്ധിച്ച് വലിയ സന്തോഷമാണ്. വിന്നറായപ്പോൾ എന്നെ കെട്ടിപ്പിടിച്ചിട്ട് “സോ പ്രൗഢ് ഓഫ് യൂ, മോനേ” എന്നു പറഞ്ഞു. ഒരു ഫാൻ ബോയ് എന്ന രീതിയിലും അഭിനയവിദ്യാർത്ഥി, അദ്ദേഹത്തിന്റെ കോളേജിൽ ജൂനിയറായി പഠിച്ചൊരാൾ എന്നീ നിലകളിലെല്ലാം ലാൽ സാർ എന്ന ഇതിഹാസത്തിന് എനിക്ക് നൽകാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയായി ഞാൻ ഈ വിജയത്തെ കണക്കാക്കുന്നു.
എനിക്ക് ഇതുവരെ അങ്ങനെ വലിയ അംഗീകാരങ്ങളോ പുരസ്കാരങ്ങളോ ഒന്നും കിട്ടിയിട്ടില്ല. പക്ഷേ അതിലൊന്നും വിഷമിച്ചിരുന്നിട്ടില്ല, അംഗീകാരം കിട്ടിയില്ലല്ലോ എന്നോർത്ത് മനസ്സു മടുത്തിട്ടുമില്ല. ഇപ്പോൾ കിട്ടിയതിന്റെ പേരിൽ മതിമറന്നിട്ടുമില്ല.
ഇപ്പോഴത്തെ ഈ വിജയത്തിനായി പ്രയത്നിച്ച ഒരുപാട് ആളുകളുണ്ട്. ബിഗ് ബോസ് ഒരു ഗെയിം ഷോ അല്ലേ, നമ്മുടെ വിജയങ്ങൾ, പരാജയങ്ങൾ, സങ്കടങ്ങൾ, ജീവിതം ഒക്കെ നൂറുദിവസം കണ്ടാണ് ആളുകൾ നമ്മളെ ഇഷ്ടപ്പെടുന്നത്. ഇവിടെ നമ്മളെ പൂർണ്ണമായും മനസ്സിലാക്കിയാണ് ആളുകൾ കൂടെനിൽക്കുന്നത്. ഫൈനലിൽ ഒമ്പതു കോടിയിലേറെ വോട്ടുകൾ ഉണ്ടായിരുന്നു. കൂടെയുള്ളവരെ ചേർത്തുനിർത്തിയും മത്സരം ജയിക്കാം എന്നാണ് ഞാൻ ഷോയിലൂടെ കാണിക്കാൻ ശ്രമിച്ചത്, അതിന് അംഗീകാരം കിട്ടുമ്പോൾ സന്തോഷം ഇരട്ടിയാണ്.
ബിഗ് ബോസിലേക്ക് പോവാൻ ഭയമുണ്ടായിരുന്നോ?
ആദ്യം രണ്ടുതവണ എനിക്ക് ബിഗ് ബോസിൽ നിന്നും ക്ഷണം വന്നപ്പോഴും അതറിഞ്ഞ് കൂട്ടുകാർ പറഞ്ഞിരുന്നു, “നീ പോവുന്നുണ്ടോ? സൂക്ഷിക്കണേ: എന്ന്. ഇത്തവണ ഞാൻ പോവുന്നത് ആരും അറിഞ്ഞിരുന്നില്ല, ചെന്നൈയിൽ ചെന്ന് ക്വാറന്റൈനിൽ കിടന്ന് ബിഗ് ബോസിൽ കയറുന്നതിന് രണ്ടു ദിവസം മുൻപാണ് അടുത്ത ചങ്ങാതിമാരിൽ ചിലർ പോലും അറിഞ്ഞത്. നിനക്കിത് വേണോ? എന്നാണ് അവരാദ്യം ചോദിച്ചത്.
കോവിഡും ലോക്ക്ഡൗണുമൊക്കെയായി ജീവിതം തന്നെ സ്തംഭിച്ചുനിൽക്കുകയാണ്. എന്റെ കാൽ ആണെങ്കിൽ ആ സമയത്ത് ഒടിഞ്ഞിരിക്കുന്നു. ശാരീരികമായി ഞാനിത്തിരി മുടന്തി നടക്കുന്ന സമയമാണ്, ജീവിതവും മുടന്തി കൊണ്ടിരിക്കുകയാണ്. രണ്ടാമതൊന്നും ചിന്തിക്കാനില്ലായിരുന്നു. മുന്നിൽ വരുന്ന അവസരങ്ങൾ ഉപയോഗിക്കുക എന്നു മാത്രമേയുള്ളൂ. കോവിഡും ലോക്ക്ഡൗണുമൊക്കെ ആണെങ്കിലും ചെലവുകൾക്ക് കുറവൊന്നുമില്ല, അതേസമയം വരുമാനത്തിൽ കുറവുണ്ട് താനും. ആ സമയത്ത് 100 രൂപയെങ്കിലും വരുമാനമായി കിട്ടിയാൽ അത് വലിയ നേട്ടമാണ്.
ഞാൻ വേറൊന്നും ചിന്തിക്കുന്നില്ല, എത്ര ദിവസം നിൽക്കാൻ പറ്റുമോ അത്രനാൾ ഞാനായിട്ട് നിൽക്കുക, ചിലപ്പോൾ ആദ്യത്തെ ആഴ്ചയിൽ തന്നെ എലിമിനേറ്റ് ആയേക്കാം, സാമ്പത്തികപരമായും ഗുണമുള്ള കാര്യമാണല്ലോ എന്നാണ് ഞാൻ കൂട്ടുകാരോട് പറഞ്ഞത്.
ബിഗ് ബോസിലെത്തിയപ്പോൾ, സ്വപ്നം കാണുന്നവരുടെ സീസണായിരുന്നു. മുൻകാല സീസണുകളിൽ പലർക്കും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്, സൂക്ഷിക്കണം എന്നൊക്കെ എനിക്ക് കിട്ടിയതുപോലുള്ള മുന്നറിയിപ്പുകൾ കിട്ടി വന്നവരാണ് അവരും. പക്ഷേ, അതിനെയെല്ലാം തരണം ചെയ്തവരാണ് അവരോരുത്തരും. നൂറുദിവസം നിൽക്കുന്നതോ വിജയിക്കുന്നതോ അല്ല, ബിഗ് ബോസിലേക്ക് പോവാം എന്ന് തീരുമാനമെടുത്ത് ആ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു. ആ തീരുമാനം എടുക്കൽ തന്നെ വലിയൊരു കാര്യമാണ്.
വിജയകിരീടം ചൂടിയപ്പോൾ അച്ഛനമ്മമാരുടെ പ്രതികരണം എന്തായിരുന്നു?
വർക്ക് ഇല്ലെങ്കിൽ ഞാൻ മിക്കവാറും വീട്ടിലുണ്ടാവും. എപ്പോഴും അവർ നമ്മളെ കാണുന്നുണ്ടല്ലോ. ഒരു വർക്ക് കിട്ടുമ്പോഴുള്ള എന്റെ സന്തോഷം, അതിനുള്ള അധ്വാനം, അവസരങ്ങൾ അവസാനനിമിഷത്തിൽ കയ്യിൽ നിന്നും നഷ്ടപ്പെടുമ്പോഴുള്ള എന്റെ നിരാശ, വിഷമം ഒക്കെ അവർ കണ്ടിട്ടുണ്ട്. നിനക്ക് വേറെ പണിയ്ക്ക് പോയി കൂടെ? എന്നവർ ചോദിച്ചിരുന്നെങ്കിൽ തീർന്നേനെ.
മലയാളം ഇൻഡസ്ട്രിയാണ്, ചെറിയ ഇൻഡസ്ട്രിയാണ്, നമുക്ക് കിട്ടുന്ന വരുമാനം കുറവായിരിക്കും. ജീവിച്ചുപോവാനേ കഴിയൂ, കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ട്. അപ്പോഴൊക്കെ അവർ പരാതികളില്ലാതെ പിന്തുണയായി കൂടെ നിൽക്കുക മാത്രമാണ് ചെയ്തത്. അവൻ സിനിമ കളിച്ച് നടക്കുകയാണ്, കൂടെയുള്ളവർക്കൊക്കെ ജോലിയായി കുടുംബമായി എന്നൊക്കെ ആളുകൾ കളിയാക്കി പറയുമ്പോൾ പലപ്പോഴും മറുപടി പറയാനാവാതെ നിശബ്ദരായി നിന്ന അച്ഛനും അമ്മയ്ക്കും ഒരു ആശ്വാസമാണ് ഈ വിജയം.
ബിഗ് ബോസ് തന്ന സൗഹൃദങ്ങൾ?
സീസൺ ഓഫ് ഡ്രീമേഴ്സ് ആയിരുന്നല്ലോ ഇത്തവണ. അവിടെ എല്ലാവർക്കും സ്വപ്നങ്ങളുണ്ട്. നിങ്ങൾ കണ്ട നൂറുദിവസമല്ല, എത്രയോ നാളുകളായി ഓരോരുത്തരും കണ്ട സ്വപ്നങ്ങളും ശ്രമങ്ങളും കഠിനാധ്വാനവുമാണ് അവിടെ എത്തിച്ചത്. എല്ലാവരുടെ സ്വപ്നങ്ങൾക്കും അവരുടെ ജീവിതത്തിൽ പ്രാധാന്യമുണ്ട്. അതിന്റെ ഭാഗമായി ഉണ്ടാവുന്ന ചെറിയ വഴക്കുകൾ ഒക്കെ ബിഗ് ബോസ് വീട്ടിലും ഉണ്ടായിട്ടുണ്ട്.
ബിഗ് ബോസ് വീടിന്റെ വലിയൊരു സവിശേഷതയായി എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്, ഒരു ഹൗസ് പിന്നീടൊരിക്കലും അവർ മറ്റൊരു സീസണിനായി ഉപയോഗിക്കില്ല എന്നതാണ്. മൊത്തത്തിൽ മാറ്റി കളയും. അതുതന്നെയാണ് അവിടെ നിന്നും ഞാൻ മനസ്സിലേക്കെടുത്ത പാഠം. നമ്മുടെ മനസ്സിനെ വേദനിപ്പിച്ചതോ സങ്കടപ്പെടുത്തിയതോ ആയ കാര്യങ്ങളുണ്ടാവും. അതിനെ ഉടച്ചു കളയുക. അതിനുശേഷം ജീവിതം പുതുതായി തുടങ്ങുക. നല്ല ഓർമകൾ കൂടെ കരുതുക, ലേലത്തിൽ പിടിച്ച ആ സാധനങ്ങളെ പോലെ അതെന്നും നല്ല ഓർമകൾ സമ്മാനിച്ച് കൂടെയുണ്ടാവും. ഞാൻ ലേലത്തിൽ പിടിച്ച ഗിഫ്റ്റ് ഡിംപലിന്റെ വീട്ടിൽ തന്നെയെത്തും.
ബിഗ് ബോസ് വീട്ടിൽ ചിലരുമായി എന്റെ വേവ് ലെങ്ങ്ത്ത് കറക്റ്റായിരുന്നു. അതിനകത്ത് ഞാൻ ആത്മാർത്ഥ സുഹൃത്തുക്കൾ എന്നു പറഞ്ഞവർ എന്റെ ആത്മാർത്ഥ സുഹൃത്തുക്കളായും അല്ലാത്തവർ എന്റെ സുഹൃത്തായും ഇനിയങ്ങോട്ടും കൂടെയുണ്ടാവും.
എന്നാണ് പുതിയ ഫ്ളാറ്റിലേക്ക് താമസം മാറുന്നത്?
അതിന് കുറച്ചുകൂടി സമയമെടുക്കും. ഇത്തവണ ഓപ്ഷൻ തന്നിട്ടുണ്ട്, നമുക്ക് സെലക്ട് ചെയ്യാം എന്ന്. ഒന്നും ഞാൻ പ്ലാൻഡ് അല്ല, എവിടെ വേണം ഫ്ളാറ്റ് എന്നൊക്കെ ഇനി വേണം തീരുമാനിക്കാൻ.
നവരസയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ കമന്റ് ബോക്സ് മൊത്തം മണിക്കുട്ടൻ ആരാധകർ കൊണ്ടുപോയല്ലോ?
ബിഗ് ബോസിൽ പോവുന്നതിന് ഒരു മാസം മുൻപ് ഞാൻ ചെയ്ത പ്രൊജക്റ്റ് ആണ് നവരസ. സിസിഎല്ലിൽ നിന്നും തുടങ്ങിയ പരിചയമാണ് പ്രിയൻ സാറുമായി. കളിയ്ക്കിടയിലെ ഇടവേളകളിൽ നമ്മളിങ്ങനെ തമാശകളൊക്കെ പറഞ്ഞ് നടക്കുമ്പോൾ ആവണം സാർ എന്നെ ശ്രദ്ധിച്ചത്. ഒപ്പം, നിമിർ (മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക്), മരക്കാർ എന്നീ ചിത്രങ്ങളിലെല്ലാം പ്രിയൻ സാറിനൊപ്പം ഞാൻ മുൻപു വർക്ക് ചെയ്തിട്ടുണ്ട്. പ്രിയൻ സാറിനൊപ്പം എന്റെ നാലാമത്തെ ചിത്രമാണ് നവരസ.

മണിക്കുട്ടൻ എന്ന പേര് മാറ്റണം, അതുകൊണ്ടാവും രക്ഷപ്പെടാത്തത് എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ പക്ഷേ അങ്ങനെ ചിന്തിച്ചിട്ടേയില്ല. പേരിൽ അല്ല കാര്യമെന്നാണ് എന്റെ വിശ്വാസം. എല്ലാത്തിനും ഒരു സമയമുണ്ട്, നമ്മൾ പ്രയത്നിച്ചുകൊണ്ടിരുന്നാൽ മതി. പ്രയത്നം ഒരിക്കലും കൈവിടാതെയിരുന്നാൽ സമയം തെളിയുമെന്ന് വിശ്വസിച്ചിരുന്നു.
ഓരോ സിനിമ കഴിയുമ്പോഴും ചെറിയ വേഷങ്ങൾ ആണെങ്കിലും, “നിങ്ങൾ കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിച്ചു കെട്ടോ” എന്നൊക്കെ ചിലർ അഭിപ്രായം പറയാറുണ്ട്. അത് പറയാനുള്ള മനസ്സ് കുറച്ചുപേരെങ്കിലും കാണിച്ചിരുന്നു, മുന്നോട്ട് പോവാനുള്ള ഊർജമായിരുന്നു ആ വാക്കുകൾ. ആളുകൾ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്, നല്ല കഥാപാത്രങ്ങൾ വരും എന്ന പ്രതീക്ഷ തോന്നി. ആരും ‘നിർത്തിക്കൂടെ’ എന്നു ചോദിക്കുന്നില്ലല്ലോ, കഴിയുന്ന രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ എന്നത് ആശ്വാസമായിരുന്നു. ബിഗ് ബോസിലെ ടാസ്കുകളിലൂടെയാണ് കൂടുതൽ ആളുകൾ എന്നെ അംഗീകരിക്കാനും പിന്തുണയ്ക്കാനും തുടങ്ങിയത്.
സിനിമ തിയേറ്ററിലൂടെ റിലീസ് ചെയ്യുന്ന കാലത്ത് കൂടി ബിസിനസ് ലിസ്റ്റിൽ എവിടെയും പേരില്ലാത്ത ആളായിരുന്നു ഞാൻ, അപ്പോൾ പിന്നെ സിനിമ ഓടിടിയിലെത്തുമ്പോൾ ഒരിക്കലും ആ ലിസ്റ്റിൽ നമ്മളുണ്ടാവില്ലെന്ന് ഉറപ്പാണല്ലോ. അതിനിടയിലാണ് നവരസയുടെ ട്രെയിലർ എത്തിയത്. ആ ക്യാരക്ടറിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എനിക്കറിയില്ല, പക്ഷേ ആ പ്രൊജക്റ്റിന് വലിയ പ്രാധാന്യമുണ്ട്. മണിരത്നം സാറിന്റെ നിർമാണം, ഇത്രയേറെ താരങ്ങളും സംവിധായകരും ഒന്നിക്കുന്നു… ആ പ്രൊജക്റ്റിൽ ഉണ്ടാവുക എന്നത് തന്നെ എന്നെ സംബന്ധിച്ച വലിയ ഭാഗ്യമാണ്.
നവരസ ട്രെയിലറിനു താഴെ വന്ന ആ കമന്റുകൾ വലിയൊരു അംഗീകാരമായി, ജനങ്ങളിൽ നിന്നു ലഭിച്ച ഒരു അവാർഡ് പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. നമ്മളെടുത്ത അധ്വാനം ആളുകൾ തിരിച്ചറിയുന്നു, നമ്മളെ സ്നേഹിക്കുന്നു…. നമ്മളെത്ര സത്യസന്ധമായി നിൽക്കുന്നുവോ അതിന് അനുസരിച്ച് കാലം നമുക്ക് നല്ലത് കാത്തുവെയ്ക്കും. സ്വപ്നം പാതിവഴിയിൽ ഇട്ടിട്ട് പോവുമ്പോഴാണ് അംഗീകരിക്കാതിരിക്കുന്നത്, എന്നാൽ പൂർണ്ണമായ മനസ്സോടെ, ആത്മാർത്ഥതയോടെ നിന്നു കഴിഞ്ഞാൽ അവർ അംഗീകരിക്കുക തന്നെ ചെയ്യും. അതിനൊരു മടിയും കാണിക്കാത്തവരാണ് മലയാളികൾ. നവരസ ട്രെയിലറിനു താഴത്തെ കമന്റ്സ് കണ്ട് നെറ്റ്ഫ്ളിക്സിൽ നിന്ന് എന്നെ വിളിച്ചിരുന്നു. പ്രിയൻ സാർ വിളിച്ചു, മണിരത്നം സാർ ആരാണ് മണിക്കുട്ടനെന്ന് എന്നെ അന്വേഷിച്ചെന്നു പറഞ്ഞു.