അഹംഭാവിയായ ശ്രീകുമാറിനെ കുസൃതി കാട്ടി പേടിപ്പിക്കുന്ന ‘നോക്കത്താദൂരത്തിലെ’ വികൃതിയായ ഗേളിയെ ആർക്കാണ് മറക്കാൻ കഴിയുക? അന്നുമിന്നും നദിയ മൊയ്തു സ്ക്രീനിലെ ആകർഷകമായ സാന്നിധ്യമാണ്. ‘നോക്കെത്താദൂരത്ത്’ മാത്രമല്ല, തമിഴ്- തെലുങ്ക് സിനിമാലോകത്തെ തിരക്കേറിയ താരമാവുന്നതിനു മുൻപ് മമ്മൂട്ടിയ്ക്കൊപ്പം ‘ശ്യാമ’ എന്ന ചിത്രത്തിലും അവിസ്മരണീയമായ വേഷം നദിയ ചെയ്തിട്ടുണ്ട്. 11 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയ്ക്ക് ഒപ്പം വീണ്ടും അഭിനയിക്കുമ്പോൾ നമ്മള് ഇത് വരെ കണ്ട, കണ്ടു ശീലിച്ച നദിയ മൊയ്തുവിനെയല്ല ‘ഭീഷ്മപര്വ്വ’ത്തില് കാണാനാവുക. തീര്ത്തും സബ്ഡ്യൂഡ് ആയ, സ്വന്തം ശബ്ദത്തില് സംസാരിക്കുന്ന ഒരു നദിയ മലയാളിയ്ക്ക് പുതുമ മാത്രമല്ല സമ്മാനിക്കുന്നത്, അവിസ്മരണീയമായ ഒരു കഥാപാത്രത്തെക്കൂടിയാണ് – ഫാത്തി.
ഭീഷ്മപർവ്വം എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ നടത്തിയ പ്രസ്താവനയുടെ പേരിൽ നദിയ വീണ്ടും അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ തന്നെയാണ്, വളരെ കൂളായി, “മമ്മൂട്ടിയെപ്പോലെയോ മറ്റ് സൂപ്പർതാരങ്ങളെപ്പോലെയോ സ്ത്രീ അഭിനേതാക്കൾ അവരുടെ രൂപവും ആരോഗ്യവും നിലനിർത്തിയാലും സ്ത്രീകൾക്ക് പ്രധാന കഥാപാത്രങ്ങൾ ലഭിക്കുന്നില്ല എന്ന് പറഞ്ഞത്. പത്രസമ്മേളനത്തിടെ നടത്തിയ ആ പ്രസ്താവനയെ കുറിച്ചും ഭീഷ്മപർവ്വത്തിന്റെ വിശേഷങ്ങളെ കുറിച്ചും സിനിമാ വ്യവസായത്തിലെ സമത്വത്തെക്കുറിച്ചുമൊക്കെയുള്ള തന്റെ കാഴ്ചപ്പാടുകൾ ഇന്ത്യൻ എക്സ്പ്രസുമായി പങ്കുവെക്കുകയാണ് നദിയ.
സൗബിൻ, ശ്രിന്ദ, ശ്രീനാഥ് ഭാസി തുടങ്ങിയ യുവതലമുറയിലെ അഭിനേതാക്കളുമായി ഭീഷ്മപർവ്വത്തിലൊപ്പം വർക്ക് ചെയ്ത അനുഭവം എങ്ങനെയായിരുന്നു?
ഞാൻ എപ്പോഴും അവരുടെ വർക്കുകളെ വിസ്മയത്തോടെ കാണുന്നു. കോവിഡ് കാലത്ത്, എനിക്ക് അവരുടെ ഒരുപാട് സിനിമകൾ കാണാൻ കഴിഞ്ഞു, ഒടിടിയ്ക്ക് നന്ദി! അവരുമായി സഹകരിക്കുന്നത് ശരിക്കും സന്തോഷകരമായിരുന്നു. ഈ ന്യൂ ജെൻ അഭിനേതാക്കളുടെ അഭിനയ ശൈലി അൽപ്പം വ്യത്യസ്തമാണ്, കൂടുതൽ സൂക്ഷ്മമാണ്. അവർ വളരെ ശാന്തരായ ചെറുപ്പക്കാർ കൂടിയാണ്. സെറ്റിൽ ഒരുപാട് രസകരമായ നിമിഷങ്ങൾ ഉണ്ടായിരുന്നു.
നമ്മൾ മുതിർന്ന അഭിനേതാക്കളോ പുതുമുഖങ്ങളോ ആകട്ടെ, ആത്യന്തികമായി പരിണമിക്കാൻ നമ്മൾ എല്ലാവരും പഠിക്കേണ്ടതുണ്ട്. അമൽ നീരദിനെപ്പോലുള്ള സംവിധായകർ ഇതുവരെ നമ്മൾ ചെയ്യാത്ത വ്യത്യസ്തമായ ചിലത് നമ്മളിൽ നിന്നും കണ്ടെത്തുന്നു. അതാണ് ഏറ്റവും ആവേശകരമായ വശമെന്നു ഞാൻ കരുതുന്നു. ഒരിക്കലും സങ്കൽപ്പിക്കാത്ത പ്രൊജക്റ്റുകളുടെ ഭാഗമായി, കരിയറിൽ ഒരിക്കലും ചെയ്യാൻ കഴിയില്ലെന്ന് നമ്മൾ കരുതിയ കാര്യങ്ങൾ ചെയ്യാൻ നമുക്കു കഴിയും. അദ്ദേഹത്തിന്റെ സിനിമാ നിർമ്മാണ ശൈലിയും വ്യത്യസ്തമാണ്. ഇതെല്ലാം വ്യത്യസ്ത തലമുറയിൽപ്പെട്ടവരായ ഞങ്ങളെപ്പോലുള്ള അഭിനേതാക്കൾക്ക് പുത്തനുണർവ് നൽകുന്നു.
ഭീഷ്മപർവത്തിലെ വേഷം സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്താണ്?
ഫാത്തിമ എന്ന കഥാപാത്രത്തെ ഞാനേറ്റെടുക്കാൻ പ്രധാന കാരണം അമൽ നീരദ് ചിത്രമെന്നതാണ്, പിന്നെ തീർച്ചയായും മമ്മൂക്ക എന്ന നായകന്റെ സാന്നിധ്യം. എന്റെ കഥാപാത്രത്തിന് അധികം സ്ക്രീൻ സ്പേസ് ഇല്ലെന്ന് എനിക്കറിയാമായിരുന്നു, എന്നിരുന്നാലും ഫാത്തിമ സിനിമയിലെ ശക്തയായ കഥാപാത്രമാണ്. ഭീഷ്മപർവ്വത്തിൽ കഴിവുള്ള ഒരുപാട് അഭിനേതാക്കൾ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്, അതിനാൽ എല്ലാവർക്കും താരതമ്യേന സ്ക്രീൻ സ്പെയ്സ് കുറവായിരിക്കുമെന്ന് വ്യക്തമാണ്, എന്നാൽ സ്ക്രിപ്റ്റും മേക്കിംഗും ശരിയാകുമ്പോൾ എല്ലാവരും സ്കോർ ചെയ്യുകയല്ലേ! ഭീഷ്മപർവ്വത്തിലെ എന്റെ കഥാപാത്രത്തോട് അതെ എന്ന് പറയുമ്പോൾ ഞാൻ നോക്കിയത് ഇത്രമാത്രമാണ്.
ഭീഷ്മപർവത്തിന്റെ വാർത്താസമ്മേളനത്തിൽ താങ്കൾ നടത്തിയ പ്രസ്താവനയെക്കുറിച്ച്? എന്താണ് സ്ത്രീ അഭിനേതാക്കൾക്ക് പ്രധാന കഥാപാത്രങ്ങളെ ലഭിക്കുന്നതിന് മുന്നിലെ തടസ്സം?
ഈയടുത്ത കാലത്ത് രസകരമായ ചില കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് പുത്തൻ പുതുകാലൈയിലെ കഥാപാത്രം. അത് കാമ്പുള്ള കഥാപാത്രമാണ്. ഇപ്പോൾ, ഞാൻ ഫഹദ് ഫാസിലിനൊപ്പം ഒരു ആന്തോളജിയിൽ അഭിനയിക്കുന്നുണ്ട്, എം ടി വാസുദേവൻ നായരുടെ ചെറുകഥയെ അടിസ്ഥാനമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സെഗ്മെന്റിന് ഷെർലക് എന്നാണ് പേര്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന മറ്റൊരു ആന്തോളജിയിലും ഞാൻ പ്രവർത്തിക്കും, ആ സിനിമയുടെ തിരക്കഥയും ആകർഷകമാണ്.
സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള കൂടുതൽ തിരക്കഥകളും സിനിമകളും ഇപ്പോൾ വരുന്നുണ്ട്, പക്ഷേ ആ പ്രക്രിയ മന്ദഗതിയിലാണ്, പക്ഷേ അത് തീർച്ചയായും സംഭവിക്കുന്നുണ്ട്. കൂടുതൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള കഥകൾ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നാണ് നമ്മൾ വരുന്നത്, എവിടെയോ ആ പ്രവണത നമുക്ക് നഷ്ടപ്പെട്ടു. എന്നാൽ വൈവിധ്യമാർന്ന ഒടിടി പ്ലാറ്റ്ഫോമുകൾ കാരണം ഇപ്പോൾ അത് പതുക്കെ തിരിച്ചുവരുന്നു. ഈ പ്ലാറ്റ്ഫോമുകൾ നിരവധി വ്യത്യസ്ത തിരക്കഥാകൃത്തുക്കൾക്ക് ഇടം നൽകുന്നു, അവർ സിനിമയുടെ സാമ്പത്തികവശങ്ങൾക്കു മാത്രമല്ല സർഗ്ഗാത്മക ഇടത്തിന്റെ പ്രാധാന്യത്തിനും മുൻഗണന നൽകുന്നു, കൂടാതെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെടുന്നു. ബോളിവുഡിലും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നത് ഞാൻ കാണുന്നു. സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള നിരവധി സിനിമകൾ അവിടെ നിർമ്മിക്കപ്പെടുന്നു, എന്നാൽ ദക്ഷിണേന്ത്യൻ ഇൻഡസ്ട്രിയിൽ അത് ആ അളവിൽ ദൃശ്യമല്ല. അവബോധം ഇപ്പോഴുണ്ട്, മാറ്റം പതുക്കെ സംഭവിക്കും. വ്യത്യസ്ത സംവേദനക്ഷമതയുള്ള ധാരാളം വനിതാ സംവിധായകർ ഉണ്ട്, കൂടുതൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സ്ക്രീനിൽ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Read Here: Bheeshma Parvam Movie Review & Rating: ഒരു ക്ലാസ് മാസ് പടം; ‘ഭീഷ്മപർവ്വം’ റിവ്യൂ

അഭിനയത്തിൽ നിന്നുണ്ടായ നീണ്ട ഇടവേള കരിയറിനെ ബാധിച്ചതായി കരുതുന്നുണ്ടോ?
അഭിനയത്തിൽ നിന്നുമൊരു ഇടവേള എടുക്കുകയെന്നത് തീർത്തും എന്റെ തീരുമാനമായിരുന്നു. അതിലേക്ക് ഞാൻ തിരിഞ്ഞുനോക്കുകയോ ഖേദിക്കുകയോ ചെയ്യുന്നില്ല. കുട്ടികളായിരുന്നു അന്നെന്റെ മുൻഗണന. പിന്നെ എം കുമാരൻ s/o മഹാലക്ഷ്മി ചെയ്തുമ്പോൾ അതൊരു പരീക്ഷണം പോലെയാണ് കണ്ടത്. കുടുംബവും ഭർത്താവും എന്റെ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകി.
ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയപ്പോൾ അമ്മ കഥാപാത്രങ്ങളെയാണല്ലോ കൂടുതൽ ലഭിച്ചത്, 80 കളിലും 90 കളിലും ഒപ്പം കൂടെ അഭിനയിച്ച താരങ്ങൾ ഇപ്പോഴും നായക വേഷങ്ങൾ ചെയ്തുകൊണ്ടിരുന്നു. എങ്ങനെയാണ് ഇതിനെ നോക്കി കാണുന്നത്?
അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ വിചിത്രമാണ് കാര്യങ്ങൾ, പക്ഷേ അതങ്ങനെയാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിച്ചേ മതിയാകൂ. ആ യാഥാർത്ഥ്യത്തിന് അകത്തുനിന്ന് എങ്ങനെ നമ്മളുടെ സ്പേസ് കണ്ടുപിടിക്കാം എന്ന് ചിന്തിക്കണം. ഞാൻ ചെയ്ത അമ്മ കഥാപാത്രങ്ങൾ എപ്പോഴും നമ്മൾ കാണുന്ന സാധാരണ അമ്മ കഥാപാത്രങ്ങളായിരുന്നില്ല. അമ്മ കഥാപാത്രങ്ങൾ എന്ന് വിളിക്കുന്നതിനേക്കാൾ ശക്തമായ ചില സ്ത്രീ കഥാപാത്രങ്ങളെയാണ് എനിക്ക് ലഭിച്ചത്.
ഒരു അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല, പക്ഷേ പൊതുവായി പറഞ്ഞാൽ, ഒരു സ്ത്രീ വിവാഹം കഴിച്ച് അമ്മയാവുന്നതോടെ അവളുടെ ജീവിതം നഷ്ടമാവുമെന്ന് ഞാൻ കരുതുന്നില്ല. അതുമാത്രമല്ല അവൾ, തനിക്കു ചുറ്റുമുള്ള സമൂഹത്തിൽ അവൾക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അമ്മമാരെ സംബന്ധിച്ചിടത്തോളം നടക്കാത്ത ഒരുപാട് ആഗ്രഹങ്ങളുണ്ട് അവരുടെയുള്ളിൽ, അവർക്ക് ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. എന്നാലിപ്പോൾ കാര്യങ്ങൾ മാറുകയാണ്. ഈ പ്രായത്തിൽ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ് ഞാൻ അനുഭവിക്കുന്നത്. എനിക്ക് ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ടതില്ല, എന്റെ കുട്ടികൾ വളർന്നു. ഇപ്പോൾ എനിക്ക് എന്നെ കുറിച്ച് ചിന്തിക്കാൻ സമയമുണ്ട്. എന്നാൽ എന്നെ പോലെയുള്ള ഭാഗ്യം പലർക്കുമുണ്ടാവില്ല, കാരണം അവർക്ക് പ്രായമായ മാതാപിതാക്കളെ നോക്കേണ്ട ഉത്തരവാദിത്വമോ മറ്റു ബാധ്യതകളോ ഉണ്ടാവും. അതിനാൽ നിങ്ങൾക്ക് കുടുംബത്തിനുള്ളിൽ നിന്ന് തന്നെ പിന്തുണ ഉണ്ടായിരിക്കണം. ഏതൊരു സ്ത്രീയ്ക്കും താൻ നേടിയതിൽ സന്തോഷമോ സംതൃപ്തിയോ അനുഭവിക്കാനാവുക കുടുംബത്തിൽ നിന്നും അവൾക്കുള്ള പിന്തുണാ കൊണ്ടാണ്. അല്ലെങ്കിൽ അത് സാധ്യമല്ല.
വരാനിരിക്കുന്ന അഭിനേത്രികൾക്ക് അവരുടെ കരിയർ ഗ്രാഫ് നിലനിർത്താൻ എന്ത് ഉപദേശമാണ് നൽകാൻ കഴിയുക?
സ്ത്രീകൾ മാത്രമല്ല, സ്വന്തം പാഷനെ പിന്തുടരാൻ ആഗ്രഹിക്കുന്ന ഏതൊരാളും ആദ്യം വ്യക്തിയെന്ന രീതിയിൽ വളരണം. നമുക്ക് ചുറ്റും സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടണം. നമുക്ക് നമ്മുടെ സ്വന്തം വഴികളിൽ കർക്കശകാരായിരിക്കാൻ കഴിയില്ല. എഴുതപ്പെട്ട കഥാപാത്രങ്ങൾക്കായി നിങ്ങൾ നിങ്ങളെ വിട്ടുകൊടുക്കണം. ചിലപ്പോൾ താരപകിട്ടിൽ നിങ്ങൾ കുടുങ്ങിപ്പോവും. എന്നാൽ അങ്ങനെ കുടുങ്ങിപ്പോയാൽ വ്യത്യസ്തമായ ഒന്നും പരീക്ഷിക്കാൻ നിങ്ങൾ തയ്യാറാകില്ല. അതുകൊണ്ട് നമ്മൾ എല്ലാവരും ആ റിസ്ക് എടുക്കണം. ചിലപ്പോൾ അത് വർക്കാവും, ചിലപ്പോൾ ആവില്ല. അതാണ് ജീവിതം. അതിനാൽ എല്ലാവരും റിസ്ക് എടുത്ത് നമ്മുടെ സ്വന്തം കഴിവിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കേണ്ടതുണ്ട്.
നടിമാരുടെ വിപണി മൂല്യവും നടന്മാരുടെ വിപണിമൂല്യവും തമ്മിലുള്ള അന്തരത്തെ എങ്ങനെ നോക്കി കാണുന്നു?
തുല്യതയിലും തുല്യ വേതനത്തിലും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, എന്നാൽ സിനിമയെ സംബന്ധിച്ചിടത്തോളം അതിന്റെ സാമ്പത്തികശാസ്ത്രം വേറെയാണ്. എൺപതുകളിൽ എനിക്ക് നായകനേക്കാൾ കൂടുതൽ പ്രതിഫലം ലഭിച്ച ഒരു കാലമുണ്ടായിരുന്നു. നിങ്ങൾ ഒരു സിനിമ നിങ്ങളുടെ തോളിൽ ചുമക്കുകയാണെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകേണ്ടതുണ്ട്. യഥാർത്ഥത്തിൽ, ഞങ്ങൾ സ്ത്രീകൾക്ക് ഇപ്പോൾ നൽകുന്നതിനേക്കാൾ കൂടിയ വേതനം നൽകേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. അവർക്ക് വേതനത്തിന്റെ ഈ ഗ്രാഫുകൾ മെച്ചപ്പെടുത്താൻ കഴിയും. ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള കൂടുതൽ തിരക്കഥകൾ ഉണ്ടാകണമെന്ന് ഞാൻ കരുതുന്നു. ഭീഷ്മപർവ്വം പ്രസ് മീറ്റിൽ പുരുഷ അഭിനേതാക്കൾക്ക് ലഭിക്കുന്നത് പോലെയുള്ള നായക കഥാപാത്രങ്ങൾ സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്ന് ഞാൻ ലഘുവായി സൂചിപ്പിച്ചിരുന്നു, നിർഭാഗ്യവശാൽ അത് സത്യമാണ്. പക്ഷേ, ഇന്ന് കാര്യങ്ങൾ മാറുന്നുണ്. മുമ്പത്തെപ്പോലെയുള്ള പുരുഷാധിപത്യ മനോഭാവം മാറി വരുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ പെൺമക്കളെ പഠിപ്പിക്കുന്നു, സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രചോദിപ്പിക്കുന്നു. സ്ത്രീകൾക്ക് അവർക്കിഷ്ടമുള്ള പുരുഷനെ തിരഞ്ഞെടുക്കാനുള്ള ഡേറ്റിംഗ് സൈറ്റുകളുണ്ട്. അങ്ങനെ മാറ്റങ്ങൾ സംഭവിക്കുന്നു. സമൂഹം കൂടുതൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അത് എല്ലാവരുടെയും പ്രയത്നത്താൽ മാത്രമേ സാധ്യമാകൂ. പുരുഷന്മാരും ഈ കാര്യത്തിന് ഒരുപോലെ പിന്തുണ നൽകണം.
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള അഭിനേത്രിയാണ് താങ്കൾ. ശ്യാമ എന്ന സിനിമയിൽ നിങ്ങൾ ടൈറ്റിൽ റോൾ ചെയ്തു. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ വന്ന മാറ്റത്തെ എങ്ങനെ നിരീക്ഷിക്കുന്നു?
സാധ്യമെങ്കിൽ, എന്റെ 50 കളിലും 70കളിലും ടൈറ്റിൽ റോൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു (ചിരിക്കുന്നു). ചോദ്യത്തിലേക്ക് വന്നാൽ, മലയാള സിനിമ തുടക്കം മുതൽ തന്നെ അതിന്റെ ഉള്ളടക്കത്തിന് പേരുകേട്ടതാണ്. അക്കാര്യത്തിൽ മലയാളസിനിമയ്ക്ക് സ്ഥിരതയുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോഴും മലയാള സിനിമ കാണുന്നു, ഗുണനിലവാരമുള്ള ഉള്ളടക്കത്തിന് നന്ദി. എന്നാൽ നടിയെന്ന നിലയിൽ, മികച്ച പ്രതിഫലം ലഭിക്കുന്നതിനാലോ മികച്ച പരിചരണം നൽകുന്നതിനാലോ ഞങ്ങൾ മറ്റ് ഇൻഡസ്ട്രിയിലേക്ക് വളരെ എളുപ്പത്തിൽ ആകർഷിക്കപ്പെടും. കുറച്ചുകൂടി ഭേദപ്പെട്ട പ്രതിഫലം നൽകിയിരുന്നെങ്കിൽ, മലയാള സിനിമയിൽ നമ്മുടെ നല്ല പ്രതിഭകളെ നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരെ വിട്ടയക്കാതെ സൂക്ഷിക്കുക.
കഴിഞ്ഞ ദിവസം ഞാനും മമ്മൂക്കയും സംസാരിച്ചത് പഴയ കാലത്തെ കുറിച്ചാണ്. നമസ്തേ, ഹായ് എന്നൊക്കെ പറഞ്ഞ് ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്യാറുണ്ടായിരുന്നു. അന്ന് ഹസ്തദാനം ചെയ്തിരുന്ന ഒരേ ഒരു അഭിനേത്രി ഞാനാണെന്ന് ഓർക്കുന്നു. ഇപ്പോൾ പക്ഷേ ആളുകൾ വ്യത്യസ്തമായി അഭിവാദ്യം ചെയ്യുന്നു, ഞങ്ങൾ എല്ലാവരേയും ആലിംഗനം ചെയ്യുന്നു. അതിനാൽ സഹപ്രവർത്തകർക്കിടയിൽ കൂടുതൽ ഊഷ്മളതയുണ്ട്, കൂടുതൽ സൗഹാർദ്ദമുണ്ട്. എനിക്കും യൗവ്വനത്തിലുള്ള കുട്ടികളുള്ളതിനാൽ പുതിയ തലമുറയിലെ നടീനടന്മാർക്കൊപ്പം പ്രവർത്തിക്കാനും അവരുടെ ചിന്താരീതിയും തമാശകളും മനസ്സിലാക്കാനും എളുപ്പമാണ്. എല്ലാ വ്യക്തികളും അവരുടെ പ്രായം കണക്കിലെടുക്കാതെ അവർക്കുള്ളിലെ കുട്ടിത്തം കാത്തുസൂക്ഷിക്കണമെന്ന് ഞാൻ കരുതുന്നു. ഞാൻ ഇപ്പോഴും എന്നിലെ കുട്ടിയെ നിലനിർത്താൻ ശ്രമിക്കുന്നു, എന്നിലെ കുസൃതിയെ നിലനിർത്താനുള്ള സാധ്യതകളൊന്നും പാഴാക്കുന്നില്ല, ഉള്ളിലെ കുട്ടിത്തം നഷ്ടപ്പെടുത്താൻ ഒരിക്കലും ഞാൻ ആഗ്രഹിക്കുന്നില്ല.
പുതിയ തലമുറയിലെ അഭിനേത്രിമാരിലെ മാറ്റങ്ങളെ എങ്ങനെ കാണുന്നു, പ്രത്യേകിച്ചും ഡബ്ല്യുസിസി പോലുള്ള കൂട്ടായ്മകളിലും മറ്റുമുള്ള അവരുടെ നിലപാടുകളെ?
ഇൻഡസ്ട്രിയിലെ സ്ത്രീകളുടെ ന്യായമായ ആവശ്യങ്ങളെ തീർച്ചയായും അവർ ശ്രദ്ധിക്കുന്നുണ്ട്, അത് നല്ല കാര്യമാണ്. അതിനായി അവർ ധാരാളം സമയം ചെലവഴിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് അവരുടെ അഭിപ്രായങ്ങൾ പറയാൻ കൂടുതൽ വേദികളുണ്ട്. എല്ലാവർക്കും അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. ഞാൻ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത ആളല്ല. എന്നാൽ, പ്രധാനമായും ചുറ്റുമുള്ള പല കാര്യങ്ങളിലും എനിക്ക് അറിവില്ലാത്തതിനാലാണ് കാര്യങ്ങൾ പറയാത്തത്. എന്നാൽ, എനിക്ക് അറിയാവുന്ന വിഷയങ്ങളിൽ തീർച്ചയായും ഞാനെന്റെ അഭിപ്രായം പ്രകടിപ്പിക്കും.
Read Here: ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ല് ഗേളിയായതിനെക്കുറിച്ച് നദിയ മൊയ്തു