സിനിമ ഉപജീവനമായി തിരഞ്ഞെടുക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സിനിമയിൽ അവസരം തേടി എത്തുന്നവരോട് മൺമറഞ്ഞ അനശ്വര നടൻ പ്രേംനസീർ സ്ഥിരമായി പറയാറുള്ളൊരു വാചകമുണ്ട്, “കഠിനപ്രയത്നവും ഭാഗ്യവും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കിലേ സിനിമ മേഖലയിലേക്ക് കടന്നുവരാനും നിലനിൽക്കാനും സാധിക്കൂ.” കാരണം, അനിശ്ചിതത്വങ്ങളുടെയും ഭാഗ്യനിർഭാഗ്യങ്ങളുടെയും നൂൽപ്പാലത്തിലൂടെയാണ് ഓരോ സിനിമാക്കാരന്റെയും സഞ്ചാരം. ചിലപ്പോൾ പ്രശസ്തിയുടെ ഉച്ഛസ്ഥായിലേക്ക് കാലം കൈപിടിച്ച് കയറ്റും, ചിലപ്പോൾ വിസ്മൃതിയുടെ ചതുപ്പിലേക്ക് തള്ളിയിടും.
വിജയിച്ച സിനിമാപ്രവർത്തകരുടെ ചരിത്രം നമ്മൾ വായിക്കുന്നത് വീണുപോയവരുടെ, എവിടെയും രേഖപ്പെടുത്താതെ പോയവരുടെ കല്ലറകൾക്കു മുകളിൽ നിന്നു കൂടിയാണ്. ആ അനിശ്ചിതത്വങ്ങളിലിടയിലും പരസ്പരം ചേർത്തു പിടിക്കുന്ന സൗഹൃദങ്ങളാണ് ആത്യന്തികമായി ഓരോ സിനിമാപ്രവർത്തകന്റെയും ശേഷിപ്പ്. സിനിമ തന്ന ആത്മബന്ധങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാബു ഷാഹിർ.
ചിരിയോടെ അല്ലാതെ ആ മനുഷ്യനെ ഞാൻ കണ്ടിട്ടില്ല
എന്നും സ്നേഹം കൊണ്ടും കരുതൽ കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ താരമാണ് പ്രേംനസീർ. ‘മറക്കില്ലൊരിക്കലും’ സിനിമയുടെ ഷൂട്ടിംഗ് മൂന്നാറിൽ നടക്കുന്നു. നസീർ സാർ, അംബികയൊക്കെയുണ്ട് ലൊക്കേഷനിൽ. ഞാനന്ന് ആ പടത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ്. ഷോട്ട് കഴിഞ്ഞ് ലൈറ്റൊക്കെ സെറ്റ് ചെയ്യുന്ന ഗ്യാപ്പിൽ ഞാൻ പുൽമേട്ടിൽ പോയി കിടക്കും. തൊട്ടടുത്ത് നസീർ സാർ ഒരു കസേരയിൽ പത്രവും വായിച്ച് ഇരിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഞാൻ ഷോട്ട് റെഡിയായോ എന്ന് തലപൊക്കി നോക്കും. സാറെന്റെ ചലനങ്ങളൊക്കെ നോക്കി കൊണ്ടിരിക്കുകയാണ്. ഞാനിടയ്ക്ക് വീണ്ടും തലപൊക്കി നോക്കിയപ്പോൾ, സാറെന്നെ അടുത്തേക്ക് വിളിച്ചു. ‘എന്തു പറ്റി? മുഖത്തൊക്കെ നല്ല ക്ഷീണമുണ്ടല്ലോ? രാവിലെ എന്താ കഴിച്ചത്?’ ഇഡ്ഡലിയും സാമ്പാറും, ഞാൻ പറഞ്ഞു. ‘അതു മാത്രം പോരാ ബാബൂ, മൾട്ടി വിറ്റാമിൻ ടാബ്ലെറ്റ് എന്തെങ്കിലും കഴിക്കണം. ഒരു പേപ്പറും പേനയും എടുത്തു വരൂ, ഞാനെഴുതി തരാം.’ സ്ട്രെസ്സ് കാപ്സ്യൂൾ രാവിലെ, സർബെക്സ് ടി രാത്രി കഴിക്കണമെന്നൊക്കെ പറഞ്ഞ് കുറിച്ചു തന്നു.
പിറ്റേന്ന് രാവിലെ കണ്ടപ്പോൾ, ‘ബാബുവിന് മരുന്നു കിട്ടിയോ?’ എന്നായി അന്വേഷണം. മൂന്നാറിലെല്ലാം ഞാൻ അന്വേഷിച്ചെങ്കിലും അവിടെ അതു കിട്ടാനില്ലായിരുന്നു, അക്കാര്യം അറിഞ്ഞപ്പോൾ ഞാൻ അറേഞ്ച് ചെയ്ത് തരാമെന്ന് പറഞ്ഞ് അദ്ദേഹം ഡ്രൈവറെ വിട്ട് മരുന്നു വാങ്ങിപ്പിച്ച് എനിക്ക് ലൊക്കേഷനിൽ എത്തിച്ചു തന്നു. നസീർ സാർ പറഞ്ഞ ആ വാക്കുകൾ ഞാൻ അക്ഷരം പ്രതി അനുസരിച്ചു, ഏതാണ്ട് 30 വർഷത്തോളം, ആ കമ്പനി പൂട്ടുന്നതു വരെ ഞാൻ ആ മൾട്ടിവിറ്റാമിൻ ഗുളികകൾ കഴിച്ചിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് രണ്ടു മാസത്തോളം കഴിഞ്ഞാണ് മദ്രാസിൽ വച്ച് ചിത്രത്തിന്റെ ഡബ്ബിംഗ് നടന്നത്. അന്നെന്നെ കണ്ടപ്പോൾ ആദ്യം ചോദിക്കുന്നത്, ‘മരുന്നിപ്പോഴും കഴിക്കുന്നുണ്ടോ?’ എന്നാണ്. അത്രത്തോളം ഓർമയിൽ മറ്റുള്ളവരെയും കൊണ്ടു നടന്ന മനുഷ്യനായിരുന്നു അദ്ദേഹം.
ഡബ്ബിംഗിനിടയിൽ മറക്കാനാവാത്ത മറ്റൊരു അനുഭവം കൂടിയുണ്ടായി. നസീർ സാറിനെ വീട്ടിൽ പോയി കൂട്ടികൊണ്ടുവരാൻ പ്രൊഡക്ഷൻ കൺട്രോളർ എന്നോട് പറഞ്ഞു. ഞാനാദ്യമായി സാറിന്റെ കോടമ്പാക്കത്തെ വീട്ടിൽ പോയത് അന്നാണ്. നമ്പർ 16 പ്രേംനസീർ എന്നെഴുതിയ വീട്. ഞാൻ ചെല്ലുമ്പോൾ ബനിയനൊക്കെ ഇട്ട് ആരോടോ ട്രങ്ക് കോളിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ് സാർ. സമയമിങ്ങനെ പോവുന്നു. അവിടെയാണെങ്കിൽ ഡബ്ബിംഗിനു വേണ്ടി സാറിനെ കാത്തിരിക്കുകയാണ് എല്ലാവരും. ഫോൺ വച്ചയുടനെ നസീർ സാർ ഓടിപ്പോയി ഷർട്ടൊക്കെയിട്ട് പോവാം പോവാം എന്നു പറഞ്ഞ് ഓടിയിറങ്ങി വന്നു.

ഞങ്ങൾ ധൃതിപിടിച്ച് കാറെടുത്ത് വീട്ടിൽ നിന്നു പുറത്തിറങ്ങിയപ്പോൾ, കുറേയാളുകൾ സഹായം ചോദിച്ച് വണ്ടിയ്ക്കു മുന്നിലേക്ക് ചാടി. അപ്പോഴത്തെ ആ തിരക്കിൽ സാർ, ‘പോ പോ…’ എന്ന് അവരെ ഒഴിവാക്കി ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞു. കുറച്ചു മുന്നോട്ടു പോയി കാണും, കോടമ്പാക്കം പാലം കയറുന്നതിനു മുൻപായി അദ്ദേഹം ഡ്രൈവറോട് വണ്ടി തിരിക്കാൻ പറഞ്ഞു. കാർ വീടിനടുത്ത് എത്താനായതും വണ്ടി നിർത്തി ഡോർ തുറന്ന് പുറത്തിറങ്ങി അദ്ദേഹം വേഗത്തിൽ നടക്കുകയാണ്. ഞാനിറങ്ങി നോക്കുമ്പോഴുണ്ട്, പൈസ കൊടുക്കാതെ നേരത്തെ ഓടിച്ച ആ ധർമ്മക്കാരെയൊക്കെ തിരികെ വിളിച്ച് പോക്കറ്റിൽ നിന്ന് പൈസയെടുത്ത് അവർക്ക് കൊടുക്കുകയാണ്. വീണ്ടും തിരികെ ഓടിവന്ന് വണ്ടിയിൽ കയറി, ഡ്രൈവറോട് പോവാം എന്നു പറഞ്ഞു. ഞാൻ അന്തംവിട്ടു ഇരിക്കുകയാണ്, ഇങ്ങനത്തെ ഒരു മനുഷ്യനുണ്ടാവുമോ? അവരോട് നോ പറഞ്ഞതിലുള്ള കുറ്റബോധമാണ് അദ്ദേഹത്തെ തിരികെ വരാൻ പ്രേരിപ്പിച്ചത്.
മറ്റൊരിക്കൽ, എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്നു. കച്ചേരിപ്പടിയിലൊരു വീട്ടിലാണ് ഷൂട്ടിംഗ്. നസീർ സാറൊരു ഊഞ്ഞാലിൽ പേപ്പറും വായിച്ച് ഇരിക്കുകയാണ്. ഞാനെന്തോ പരുങ്ങി നിൽക്കുന്നത് കണ്ടിട്ട് അടുത്തേക്കു വിളിച്ചു. ‘എന്താ കാര്യം?’ എന്നു ചോദിച്ചു. ‘സാർ, നാളെ കേരളത്തിൽ ബന്ദാണ്, ഷൂട്ടിംഗ് നടക്കുന്ന കാര്യം പ്രയാസമാണ്. പൂർണിമയ്ക്ക് ആണെങ്കിൽ മദ്രാസിൽ നിന്നും പെട്ടെന്ന് എത്തണമെന്ന് പറഞ്ഞ് കോൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ആകെ പ്രയാസത്തിലാണ്, മറ്റന്നാളെങ്കിലും കയറ്റി വിടണമെന്നാണ് അവർ പറയുന്നത്.’
‘എപ്പോഴാണ് ബന്ദ് തുടങ്ങുക? ആറു മണിയ്ക്ക് ആയിരിക്കില്ലേ, എല്ലാവരോടും അഞ്ചു മണിയ്ക്ക് വരാൻ പറയൂ, നേരത്തെ വന്ന് ഷൂട്ടിംഗ് തുടങ്ങിയാൽ വിചാരിച്ച പോലെ സമയത്തിനു തീർക്കാമല്ലോ,’ അദ്ദേഹം നിർദ്ദേശിച്ചു, ഫാസിൽ സാറിനോട് അദ്ദേഹം തന്നെ ഈ ഐഡിയ പറഞ്ഞു. ‘അത്ര നേരത്തെ എത്തുക സാറിനു ബുദ്ധിമുട്ടാവില്ലേ?,’ ഫാസിൽ ചോദിച്ചു. ‘എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല, എല്ലാവരും എത്തിയാൽ മതി,’ നസീർ സാർ പറഞ്ഞു. പിറ്റേന്ന് ഞാനും ഫാസിൽ സാറും ക്യാമറാമാനുമൊക്കെ അഞ്ചേ മുക്കാൽ ആയപ്പോൾ ആ വീട്ടിലേക്ക് കയറി വരുമ്പോഴുണ്ട്, നസീർ സാർ റെഡിയായി പേപ്പറും വായിച്ച് അതേ ഊഞ്ഞാലിൽ ഇരിക്കുന്നു. അദ്ദേഹം പറഞ്ഞ സമയത്തു തന്നെ എത്തിയിരിക്കുകയാണ്, അതു കണ്ട് ഫാസിൽ സാറൊക്കെ ഞെട്ടിപ്പോയി. അതാണ് പ്രേംനസീർ, ജോലിയോടുള്ള ഡെഡിക്കേഷൻ, പ്ലാനിംഗ്… അതൊക്കെ തന്നെയാവാം അദ്ദേഹത്തിന്റെ വിജയം. എത്ര സിനിമകളാണ് അഭിനയിച്ചു വച്ചിരിക്കുന്നത്, ടൈം മാനേജ്മെന്റിന്റെ കൂടെ മിടുക്കുകൊണ്ടാണ് അദ്ദേഹത്തിന് അതെല്ലാം സാധ്യമായത്.
നേരിട്ടു കാണുമ്പോൾ കണ്ണെടുക്കാതെ നോക്കിയിരുന്നു പോവും, അത്രയ്ക്കും സുന്ദരനായിരുന്നു. പഴുത്ത മാങ്ങയിൽ പോലും എവിടെയെങ്കിലും ഒരു കറുത്ത പാടുണ്ടാവില്ലേ, അദ്ദേഹത്തിന്റെ മുഖത്താണെങ്കിൽ അതു പോലും കാണില്ല. എപ്പോഴും നിറഞ്ഞ ചിരിയോടെ ഇങ്ങനെയിരിക്കും. പുള്ളി എന്തോ കണ്ടിട്ട് ചിരിക്കുകയാണോ എന്നു നമ്മൾ സംശയിച്ചുപ്പോവും. പക്ഷേ അല്ല, അദ്ദേഹത്തിന്റെ സ്ഥായിഭാവം ആ ചിരിയായിരുന്നു. അനുഗ്രഹമുള്ള ഒരു ജന്മം തന്നെയായിരുന്നു പ്രേംനസീർ. 1989 ജനുവരി 16നാണ് അദ്ദേഹം മരിച്ചത്. അന്നു ഞങ്ങൾ മദ്രാസിലുണ്ട്, ‘വർഷം പതിനാറി’ന്റെ ഷൂട്ടിംഗ് നടക്കുന്ന സമയാണ്. ആ മരണവാർത്ത കേട്ടപ്പോൾ വലിയ പ്രയാസമായിരുന്നു. ഡയറക്ടർ ഹരിഹരൻ സാർ, ജോഷി, കെപി കൊട്ടാരക്കര, ഫാസിൽ സാർ, ടികെ ബാലചന്ദ്രൻ, ഞാൻ അങ്ങനെ കുറച്ചു പേർ ചെന്നൈയിലെ വീട്ടിൽ പോയി കണ്ട് ആദരാഞ്ജലി അർപ്പിച്ചു. പിന്നീട് കേരളത്തിലേക്ക് മൃതദേഹം കൊണ്ടു വരികയായിരുന്നു.

ഫിലോമിന ചേച്ചിയുടെ ആ മുഖം എനിക്ക് മറക്കാനാവില്ല
ഫാസിൽ സാറിന്റെ ഒരു പടവുമായി ചെന്നൈ ലൊക്കേഷനിൽ ഉള്ളപ്പോഴാണ് സിദ്ദിഖ് എറണാകുളത്തു നിന്നു വിളിക്കുന്നത്, ‘ഗോഡ് ഫാദറിലേക്ക് നമുക്ക് ഫിലോമിന ചേച്ചിയെ വേണം, ചേച്ചിയെ ഒന്നു പോയി കണ്ട് സംസാരിക്കൂ.’ ചേച്ചിയ്ക്ക് മദ്രാസിൽ സ്വന്തമായി വീടൊന്നുമില്ല, വാടക വീടുകളിലാണ് താമസം. എനിക്കറിയാവുന്ന അഡ്രസ്സിൽ അന്വേഷിച്ചപ്പോൾ ചേച്ചി അവിടുന്ന് വീടു മാറി പോയെന്നറിഞ്ഞു. ഞാൻ ഡബ്ബിംഗ് ആർട്ടിസ്റ്റ് ശാന്തനെ വിളിച്ച് ചേച്ചി എവിടെയുണ്ടെന്ന് അന്വേഷിച്ചു. ട്രസ്റ്റ്പുരത്തെവിടെയോ ഉണ്ടെന്ന് ശാന്തൻ. ഞാൻ അവിടെയെത്തി അന്വേഷിച്ചപ്പോഴാണ് അവിടെ നിന്നും മാറിപ്പോയെന്ന് അറിയുന്നത്. പരിസരത്തുള്ളവർ പുതിയ വീടിന്റെ അഡ്രസ്സ് തന്നു, അവിടെ ചെന്നപ്പോൾ അവിടുന്നും മാറിയെന്നാണ് മറുപടി. സ്ഥിരമായൊരു ലൊക്കേഷൻ ആർക്കും പറയാനില്ല. ഞാനാകെ നിരാശനായി സിദ്ദിഖിനെ വിളിച്ചു, ‘പല സ്ഥലത്ത് അന്വേഷിച്ചിട്ടും ആളെ കുറിച്ചൊരു വിവരവുമില്ല, ചേച്ചിയെ കിട്ടാൻ വഴിയില്ലട്ടോ.’ ‘അയ്യോ ചേച്ചിയില്ലാതെ പറ്റില്ല, ചേച്ചി നിർബന്ധമാണ്, ചേച്ചിയെ കൊണ്ടേ ആ കഥാപാത്രം പറ്റൂ’ എന്നായി സിദ്ദിഖ്.
ഞാനിങ്ങനെ വഴിമുട്ടി നിൽക്കുകയാണ്. ഒരു ദിവസം ഞാൻ വഴിയിൽ വച്ച് ശാന്തനെ കണ്ടു. ‘ചേച്ചിയെ കിട്ടിയോ?’ ശാന്തൻ തിരക്കി. ഇല്ലെന്നു പറഞ്ഞപ്പോൾ ‘ചേച്ചി ഇന്ന് ട്രെയിനിൽ വന്ന് ഇറങ്ങിയിട്ടുണ്ട്, തന്റെ കാര്യം ഞാൻ സൂചിപ്പിച്ചിട്ടുണ്ട്, കമല തിയേറ്ററിനു മുന്നിലെ വഴിയിലെ ഒരു വീട്ടിൽ മകനൊപ്പമുണ്ട് ചേച്ചി. നീ വേഗം പോയി കാണൂ,’ ശാന്തൻ പറഞ്ഞു.
ഞാൻ അപ്പോൾ തന്നെ ചേച്ചിയെ പോയി കണ്ട് കാര്യം പറഞ്ഞു, ‘സിദ്ദിഖ് ലാലിന്റെ പടത്തിൽ ഒരു നല്ല റോൾ ഉണ്ട്, ചേച്ചി തന്നെ വേണമെന്നാണ് അവരു പറയുന്നത്. കഥയൊക്കെ ചേച്ചിയോട് അവരു പറയും, ഫോൺ നമ്പർ തന്നാൽ ഞാൻ കൊടുക്കാം.’ ‘എറണാകുളത്തു പോവുമ്പോൾ ഞാൻ തൊടുപുഴ വാസന്തിയുടെ വീട്ടിലാണ് താമസിക്കുക, അവിടുത്തെ നമ്പർ തരാം,’ ചേച്ചി തന്ന നമ്പറും വാങ്ങി ഞാനവിടെ നിന്നും ഇറങ്ങി. സിദ്ദിഖിനെ വിളിച്ചു കാര്യം പറഞ്ഞു.
ചേച്ചിയ്ക്ക് ഒരു അഡ്വാൻസ് കൊടുത്തേക്കൂട്ടോ എന്ന് സിദ്ദിഖ്. അങ്ങനെ 25,000 രൂപയുടെ ചെക്കും എഴുതി ഞാൻ വീണ്ടും ചെല്ലുന്നു. ചെക്ക് കണ്ട ചേച്ചി, ‘പൊന്നുമോനേ, പറ്റിക്കുകയാണോ? ഇത് പാസാകുമോ?’ ഞാനാകെ വല്ലാതെയായി, ഇത് നല്ല പ്രൊഡക്ഷൻ ആണ്, പൈസയുടെ പ്രശ്നമൊന്നുമില്ല, ചെക്കൊന്നും മടങ്ങില്ല എന്നു ഞാൻ പറഞ്ഞു മനസ്സിലാക്കി. ‘എനിക്കൊരുപാട് പ്രയാസങ്ങളൊക്കെയുണ്ട് മോനേ, ഇതു പോലുള്ള ഒരുപാട് ചെക്കുകൾ ഇവിടെ മാറാൻ പറ്റാതെ ഇരിപ്പുണ്ട്,’ സങ്കടത്തോടെ ചേച്ചി പറഞ്ഞു.
ഞാനുടനെ തന്നെ ചേച്ചിയോട് ആ ചെക്കിന്റെ പിന്നിൽ ഒപ്പിട്ടു തരാൻ പറഞ്ഞു, ചെക്കും കൊണ്ട് ടിനഗറിലെ ഫെഡറിൽ ബാങ്കിൽ പോയി ചെക്ക് മാറി കാശാക്കി തിരിച്ചു ചെന്നു. ചേച്ചിയുടെ കയ്യിൽ വച്ചു കൊടുത്തപ്പോൾ ചേച്ചിയുടെ കണ്ണൊക്കെ നിറഞ്ഞു ഒഴുകുകയാണ്, ‘എന്നോട് ഇങ്ങനെയാരും ചെയ്തിട്ടില്ല മോനേ, പൈസ തരാം എന്നു പറഞ്ഞ് വിളിക്കും, അഭിനയിച്ചു കഴിയുമ്പോ പിന്നെ തരില്ല.’ ആ ദിവസവും ചേച്ചിയുടെ വാക്കുകളും എനിക്കൊരിക്കലും മറക്കാനാവില്ല.
‘വിയറ്റ്നാം കോളനി’യിൽ അഭിനയിക്കാൻ എത്തിയപ്പോൾ, ചേച്ചി ഏറെ അവശതയിലായിരുന്നു. ഷുഗർ കൂടിയതു കാരണം ചേച്ചിയുടെ കയ്യിലെ രണ്ടു വിരലുകൾ മുറിച്ചിട്ടുണ്ട്, കാലിലൊക്കെ പഴുപ്പു കയറിയിരിക്കുന്ന സമയത്താണ് ആ ചിത്രത്തിൽ ചേച്ചി അഭിനയിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ചേച്ചിയെ എടുത്തു കൊണ്ടു നടക്കുന്ന സീനൊക്കെ ഷൂട്ട് ചെയ്യുമ്പോൾ ചേച്ചിയ്ക്ക് അത്രയും വയ്യ, കാലൊക്കെ പഴുത്ത് പൊട്ടിയിരിക്കുകയാണ്. മറ്റാരാണെങ്കിലും ചിലപ്പോൾ ആ സീൻ ചെയ്യാൻ മടിക്കും, പക്ഷേ മോഹൻലാലും ചേച്ചിയും അതൊന്നും കാര്യമാക്കിയില്ല. സിനിമയെ അത്രത്തോളം ജീവനായി കരുതുന്ന രണ്ടു അഭിനേതാക്കളാണല്ലോ അവർ.
മമ്മൂക്ക, ശങ്കരാടി ചേട്ടൻ, സുകുമാരി ചേച്ചി
ശങ്കരാടി ചേട്ടനൊപ്പം ഞാൻ ആദ്യമായി ഒന്നിച്ചു വർക്ക് ചെയ്യുന്നത് 1991ൽ ‘ഗോഡ്‌ഫാദറി’ലാണ്. ഞാൻ അന്ന് ആ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആണ്. കോഴിക്കോട് മഹാറാണിയിൽ എന്റെ റൂമിന്റെ എതിർവശത്തായിരുന്നു അദ്ദേഹത്തിന്റെ റൂം. ഞാൻ റൂമിൽ നിന്നു പുറത്തിറങ്ങുമ്പോൾ പുള്ളിയുണ്ടാവും വാതിൽക്കൽ തന്നെ. കൈകൊട്ടി എന്നെ വിളിക്കും, ‘എന്റെ സീൻ എപ്പോഴാണ്?’ എന്നു തിരക്കും. വൈകിട്ടാണെന്ന് പറയുമ്പോൾ തിരിച്ചൊരു നടപ്പുണ്ട്, തലയും കുമ്പിട്ട് കയ്യൊക്കെ പിന്നിൽ കെട്ടി രസകരമായ സ്റ്റെലിലാണ് നടക്കുക. റൂമിലെത്തി കഴിയുമ്പോൾ വീണ്ടും തിരിഞ്ഞുനോക്കി കൈകൊട്ടി വിളിക്കും, ‘സമയമാവുമ്പോൾ പറയണം കേട്ടോ’ എന്നു പറഞ്ഞ് അകത്തോട്ട് കയറിപ്പോവും. അടുത്ത തവണ കാണുമ്പോൾ, ‘എന്നാലും എപ്പോഴാവും ഉദ്ദേശം എന്റെ സീൻ കാണുക’ എന്നാവും ചോദ്യം.

മറ്റൊരു ദിവസം, ഇതു പോലെ തന്നെ കൈകൊട്ടി വിളിക്കുന്നു. ഷൂട്ടിംഗിന്റെ എന്തെങ്കിലും കാര്യമാവും എന്നോർത്ത് ചെന്നപ്പോൾ ‘വാ, അകത്തോട്ട് വാ’ എന്നു പറഞ്ഞ് മുറിയിലേക്ക് വിളിച്ചു. പോക്കറ്റിൽ നിന്നും 10 രൂപയെടുത്ത് ‘ചിങ്ങം ഒന്നാണ് ഇന്ന്, കൈനീട്ടമാണ് നീ വെച്ചോ’ എന്നു പറഞ്ഞ് തന്നു. വലിയ പിശുക്കനാണ് അദ്ദേഹമെന്നാണ് എല്ലാവരും പൊതുവെ പറയാറുള്ളത്. ശങ്കരാടി ചേട്ടൻ കൈനീട്ടം തന്ന കഥ ഞാൻ സിദ്ദിഖിനോടും ജനാർദ്ദൻ ചേട്ടനോടുമൊക്കെ പറഞ്ഞപ്പോൾ ‘അയ്യോ, ഇതാദ്യത്തെ സംഭവമാവും, പത്തു പൈസ ആർക്കും കൊടുക്കാത്ത ആളാണ്’ എന്നായിരുന്നു അവരുടെ പ്രതികരണം. എന്നോട് പുള്ളിയ്ക്ക് സ്നേഹം തോന്നിയതാവണം, എന്തായാലും ആ പടത്തിന്റെ റിലീസിന് ശേഷം എപ്പോഴുമെന്നെ വിളിക്കും. ‘അടുത്ത പടം എപ്പോഴാ?’ കഥ പോലും റെഡിയായി കാണില്ല അപ്പോൾ. ‘കഥയൊക്കെ ആവുന്നേയുള്ളൂ’ എന്നു പറയുമ്പോൾ, ‘ഞാനുണ്ടാവുംട്ടോ, ഇനി ഫാസിലിനെ വിളിക്കണോ, നിന്നോട് പറഞ്ഞാൽ പോരെ?’ എന്നു ചോദിക്കും.
ഫാസിൽ സാർ കഥ പറയാൻ വിളിക്കുമ്പോൾ, ശങ്കരാടി ചേട്ടനു ചേരുന്ന കഥാപാത്രമെന്തെങ്കിലും വരുമ്പോൾ ഞാനദ്ദേഹത്തെ ഓർക്കും. ‘ശങ്കരാടി ചേട്ടൻ വിളിച്ചിട്ടുണ്ട്, നിർബന്ധമായും റോൾ വേണംട്ടോ സാറേ,’ ഞാൻ ഫാസിലിനോട് പറയും. കഥ കേൾക്കാൻ പോവുന്ന കാര്യമൊക്കെ പലപ്പോഴും ഞാൻ ശങ്കരാടി ചേട്ടനോട് പറയാറുണ്ട്. ആ ദിവസങ്ങളിൽ രാത്രിയൊരു പത്തു മണിയാവുമ്പോഴേക്കും പുള്ളിയെന്നെ നിർബന്ധമായും വിളിച്ചിരിക്കും. എന്തായി, എനിക്കെന്തെങ്കിലും റോളുണ്ടോ എന്നൊക്കെ ചോദിക്കും. വിളിച്ച് ‘ഫോളോ അപ്പ്’ ചെയ്യാൻ ചേട്ടന് ഒരു മടിയുമില്ല.
പിറ്റേ ദിവസവും വിളിക്കും, ‘എവിടെയാണ് ഷൂട്ടിംഗ്?’ എന്നാവും അടുത്ത ചോദ്യം. പൊള്ളാച്ചിയാണെന്ന് പറഞ്ഞാൽ, ‘അവിടെയാണേൽ മണീസിൽ റൂം പറഞ്ഞാൽ മതി, എനിക്കാണെന്ന് പറയണം. അവിടെയെനിക്കൊരു സ്ഥിരം റൂമുണ്ട്.’ ചേട്ടൻ അപ്പോഴേക്കും അത്രയും പ്ലാൻ ചെയ്തിട്ടുണ്ടാവും. അന്ന് പൊള്ളാച്ചിയിൽ സിനിമാക്കാർ കൂടുതലായി താമസിക്കുന്ന ഹോട്ടലാണ് മണീസ്. എപ്പോഴും അവിടെ സിനിമാക്കാരുടെ ടീമിനെ കാണാം, ഞങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ അവിടെ ‘ചിന്നതമ്പി’യുടെ ടീം മൊത്തമുണ്ടായിരുന്നു.
പടമില്ലെങ്കിലും ശങ്കരാടി ചേട്ടൻ വിളിക്കും, ‘എനിക്ക് പടമില്ലേ, നീയെന്നെ മറന്നോ?’ എന്നൊക്കെ ചോദിക്കും. പോകെ പോകെ അദ്ദേഹത്തിന്റെ ഓർമ കുറഞ്ഞു വന്നു. അതോടെ ഫോൺ വിളികളും കുറഞ്ഞു. പിന്നീട് ‘അനിയത്തി പ്രാവ്’, ‘സുന്ദരക്കില്ലാഡി’ ഒക്കെ ചെയ്തു. ‘സുന്ദരക്കില്ലാഡി’യ്ക്ക് വേണ്ടി പൊള്ളാച്ചിയിൽ വന്നപ്പോൾ അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു. ഷൂട്ടിംഗിനിടയിൽ വെപ്രാളത്തോടെ നടന്നു പോവുന്നത് കാണാം, ഓർമയൊക്കെ ഇടയ്ക്ക് മിസ്സാവുന്നുണ്ട്. ഒരു ദിവസം ഫാസിൽ സാർ എന്നോട് പറഞ്ഞു, ‘ദേ നോക്ക് ശങ്കരാടി ചേട്ടൻ നടന്നെങ്ങോ പോവുന്നു, പോയി വിളിക്കൂ.’ ഞാൻ ചെന്ന് വിളിക്കുമ്പോളാണ് സ്ഥലകാലബോധം വരിക.
അതു പോലെ അടുപ്പമുണ്ടായിരുന്ന ഒരാളാണ് എംജി സോമേട്ടൻ, നെടുമുടി വേണു ചേട്ടൻ, കുതിരവട്ടം പപ്പു ചേട്ടൻ… ഇടയ്ക്കൊക്കെ വിളിച്ച് പരിചയം പുതുക്കിയിരുന്നവർ. എന്നും സ്നേഹത്തോടെ മാത്രം പെരുമാറിയവർ. വേണു ചേട്ടൻ മരിക്കുന്നതിന്റെ നാലഞ്ചു ദിവസം മുൻപു പോലും വിളിച്ചിരുന്നു. പപ്പു ചേട്ടനൊപ്പം ‘വിയറ്റ്നാം കോളനി’, ‘ചന്ദ്രലേഖ’, ‘സുന്ദരക്കില്ലാഡി’യൊക്കെ ചെയ്തു. ‘ഭാർഗവി നിലയ’ത്തിലെയൊക്കെ കഥകളൊക്കെ പറഞ്ഞു തരുമായിരുന്നു എനിക്ക്, ഞാനാണെങ്കിൽ പഴയ കഥകളൊക്കെ കുത്തികുത്തി ചോദിച്ചോണ്ടിരിക്കും.
ശങ്കരാടി ചേട്ടനെ പോലെ തന്നെ, അഭിനയിക്കണം എന്ന ആഗ്രഹം തീക്ഷ്ണമായി കൊണ്ടുനടന്ന ആളാണ് സുകുമാരി ചേച്ചിയും. ഇടയ്ക്ക് വിളിച്ച്, റോളുണ്ടോ എന്ന് അന്വേഷിക്കും. മദ്രാസിൽ വർക്കുള്ളപ്പോൾ ചേച്ചി ഞങ്ങൾക്കൊക്കെ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടു വന്നു തരും, നമ്മളെ ഭക്ഷണം കഴിപ്പിക്കാനൊക്കെ വലിയ താൽപ്പര്യമാണ് ആൾക്ക്. കൂടെയുള്ളവർക്കൊക്കെ സ്വാദിഷ്ടമായ ഭക്ഷണം നൽകാനും കഴിപ്പിക്കാനും ഇഷ്ടമുള്ള മറ്റൊരാൾ മമ്മൂക്കയാണ്. മമ്മൂക്ക ആദ്യമേ പറയും, ‘ബാബു കഴിക്കരുത്ട്ടോ, വീട്ടിൽ നിന്നു ഫുഡ് വരുന്നുണ്ടെന്ന്.’

മമ്മൂക്ക ഭക്ഷണത്തിൽ വളരെ ശ്രദ്ധിക്കുന്ന ആളാണ്. എണ്ണ, മുളക് ഒന്നും അധികം ഉപയോഗിക്കില്ല. നമ്മളെ ഉപദേശിക്കുകയും ചെയ്യും, അതൊന്നു അധികം കഴിക്കുന്നത് നല്ലതല്ലെന്ന്. പാൽച്ചായ കുടിച്ചതിന് ഒരിക്കൽ എന്നോട് പറഞ്ഞു, ‘ഇനി മേലാൽ കുടിക്കരുത്, കട്ടൻചായ കുടിക്ക്. പാൽചായ കുടിച്ചാൽ ആരോഗ്യം നശിച്ചു പോവും. എന്തൊക്കെ പാലാണ്, എങ്ങനെയാണ് വരുന്നതെന്നറിയില്ലല്ലോ, ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കും.’ 10-30 വർഷം മുൻപ് പറഞ്ഞ കാര്യമാണ്, അതെനിക്കിപ്പോഴും ഓർമയുണ്ട്. ഞാനും അന്നു മുതൽ കട്ടൻചായയാണ് കുടിക്കുന്നത്, വല്ലപ്പോഴും വല്ലിടത്തും പോവുമ്പോൾ ഒഴിവാക്കാനാവാത്ത അവസരങ്ങളിൽ മാത്രമാണ് പാൽച്ചായ കുടിക്കുന്നത്.
എന്നും സഹായഹസ്തം നീട്ടി ഇന്നസെന്റും സുരേഷ് ഗോപിയും
‘റാംജി റാവു സ്പീക്കിംഗി’ൽ ആണ് ഞാനാദ്യം ഇന്നസെന്റിനെ പരിചയപ്പെടുന്നത്. സിദ്ദിഖ്- ലാൽ കഥ എഴുതുമ്പോൾ തന്നെ ഇന്നസെന്റിനെ മനസ്സിൽ കണ്ടാണ് ആ കഥാപാത്രം എഴുതിയത്. പക്ഷേ ഡേറ്റ് ഇഷ്യൂ കാരണം ഇന്നസെന്റിനു പറ്റില്ല എന്ന അവസ്ഥ വന്നപ്പോൾ, മാന്നാർ മത്തായിയെന്ന കഥാപാത്രമാവാൻ മാള അരവിന്ദനെ തിരഞ്ഞെടുത്തു. അദ്ദേഹം വന്നു കഥയൊക്കെ കേട്ട് ഓകെ പറഞ്ഞു. സിനിമ തുടങ്ങാൻ ഏതാണ്ട് തീരുമാനവുമായി.
അതിനിടയിൽ, മുകേഷ് ഇന്നസെന്റിനെ വിളിച്ച് ബ്രെയിൻ വാഷ് തുടങ്ങി. ‘നിങ്ങൾ ഈ റോൾ മിസ്സ് ചെയ്താൽ പിന്നീട് ജീവിതത്തിൽ ഇതു പോലൊരു കഥാപാത്രത്തെ കിട്ടില്ല. വലിയ മണ്ടത്തരമാവും, എങ്ങനെയെങ്കിലും അഭിനയിക്കാൻ നോക്കൂ.’ മുകേഷിന്റെ സംസാരം കേട്ട് ഇന്നസെന്റ് ചേട്ടനാകെ കൺഫ്യൂഷനായി, അദ്ദേഹം അപ്പോൾ അഭിനയിക്കുന്ന പടത്തിന്റെ പ്രൊഡ്യൂസറോട് ചെന്നു കാര്യം അവതരിപ്പിച്ചു, ‘എന്നെ എങ്ങനെയെങ്കിലും അന്നേക്ക് ഒന്നു ഒഴിവാക്കി തരണം.’ പക്ഷേ ആ പ്രൊഡ്യൂസർ സമ്മതിച്ചില്ല. മുകേഷ് വീണ്ടും വീണ്ടും ഇന്നസെന്റ് ചേട്ടനെ വിളിച്ചു കൊണ്ടേയിരുന്നു. ഒടുക്കം ആ പ്രൊഡ്യൂസറോട് ഇന്നസെന്റ് ചേട്ടൻ ‘നിങ്ങളെന്തെങ്കിലും ചെയ്യൂ, എനിക്ക് പോയേ പറ്റൂ, ഞാൻ വേണേൽ പിന്നീട് വന്നിട്ട് ചെയ്തു തരാം,’ എന്നു പറഞ്ഞു വന്നാണ് ‘റാംജി റാവു സ്പീക്കിംഗി’ൽ ജോയിൻ ചെയ്തത്.

ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ, ‘ഈ കഥാപാത്രം ഞാൻ ചെയ്യാതെയിരുന്നെങ്കിൽ അതെന്റെ ജീവിതത്തിലെ വലിയ പരാജയമായേനെ’ എന്ന് ഇന്നസെന്റ് ചേട്ടൻ പറഞ്ഞു. ‘റാംജി റാവു സ്പീക്കിംഗി’നു വേണ്ടി പറഞ്ഞതിലും പത്തു ദിവസത്തോളം കൂടുതൽ അദ്ദേഹത്തിനു വർക്ക് ചെയ്യേണ്ടി വന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോവുമ്പോൾ അതിനുള്ള അധികപൈസ കൂടി നൽകാൻ ഫാസിൽ സാർ എന്നോട് പറഞ്ഞു. ‘ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ്, ചോദിക്കുന്ന പൈസ പോലും പലരും തരാറില്ല, അപ്പോഴാണ് ഒരു പ്രൊഡ്യൂസർ ഇവിടെ പറഞ്ഞതിലും അധികം പൈസ തരുന്നത്,’ എന്ന് പറഞ്ഞ് ഇന്നസെന്റ് ചേട്ടൻ അന്ന് ഇമോഷണലായി.
‘റാംജി റാവു സ്പീക്കിംഗ്’ മുതലുള്ള ആ ബന്ധം ഇപ്പോഴും ഒരു പോറലുമേൽക്കാതെ ഞങ്ങൾ കൊണ്ടുനടക്കുന്നു. ‘ഗോഡ് ഫാദർ,’ ‘വിയറ്റ്നാം കോളനി,’ ‘കാബൂളിവാല,’ ‘മണിച്ചിത്രത്താഴ്’… ഓരോ സിനിമ കഴിയുന്തോറും ഞങ്ങളുടെ സൗഹൃദവും കൂടുതൽ ആഴമേറിയതായി. ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്നൊരാളാണ് ചേട്ടൻ. എന്റെ വിശേഷം മാത്രമല്ല, അന്നു കൂടെ ജോലി ചെയ്ത ആളുകളെയൊക്കെ തിരക്കും, അവരൊക്കെ സുഖമായി ഇരിക്കുന്നോ, വല്ല പ്രയാസവുണ്ടെങ്കിൽ പറയണേ, നമുക്കവരെ സഹായിക്കാം എന്നൊക്കെ പറയും. എംപിയായിരുന്ന സമയത്ത് കഷ്ടപ്പെടുന്ന അത്തരം ആളുകൾക്കൊക്കെ സഹായമെത്തിച്ചു കൊടുക്കാൻ അദ്ദേഹം മുൻകയ്യെടുത്തിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ആശുപത്രിയിലാണെന്നു പറഞ്ഞു, കുറച്ച് ആരോഗ്യപ്രശ്നങ്ങളുമൊക്കെയായി ഇരിക്കുകയാണെന്ന് പറഞ്ഞു.
അതു പോലെ തന്നെയാണ് സുരേഷ് ഗോപിയും. ‘പൂവിനു ഒരു പൂന്തെന്നൽ’ എന്ന ചിത്രം ചെയ്യുമ്പോൾ ഒരു റൂമിലായിരുന്നു ഞങ്ങൾ താമസം. അന്നത്തെ അതേ അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു. എന്നോട് സിനിമയിലെ പഴയ സഹപ്രവർത്തകരുടെയൊക്കെ ക്ഷേമം അന്വേഷിക്കുകയും ആളുകൾക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുകയുമൊക്കെ ചെയ്യും.
ജഗതി ശ്രീകുമാർ: സ്നേഹത്തിന്റെ അമ്പിളിക്കല
‘എന്നെന്നും കണ്ണേട്ടന്റെ’ ലൊക്കേഷനിലാണ് അമ്പിളിച്ചേട്ടനെ പരിചയപ്പെടുന്നത്. അന്ന് അമ്പിളി ചേട്ടൻ അത്ര സ്റ്റാറായിട്ടില്ല. പിന്നീടെപ്പോഴോ എന്നെ ഒരു സഹോദരനെ പോലെ കാണാൻ തുടങ്ങി. എറണാകുളത്ത് വന്നാൽ വിളിക്കാതെ പോവാത്തത്രയും സൗഹൃദമായി. മൊബൈൽ എന്ന സംഭവം അദ്ദേഹം ഉപയോഗിക്കാത്ത ആളാണ് അദ്ദേഹം. ഡ്രൈവറെ വിളിച്ചാൽ അദ്ദേഹത്തെ അന്ന് ലൈനിൽ കിട്ടും. പക്ഷേ ആ നമ്പർ അദ്ദേഹം ആർക്കുമങ്ങനെ കൊടുക്കില്ല, വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രം. എനിക്ക് പക്ഷേ ആദ്യമേ ആ നമ്പർ തന്നിരുന്നു.

അടുത്തിടെ ‘സിബിഐ5’ന്റെ ലൊക്കേഷനിൽ വച്ച് കണ്ടപ്പോൾ എന്നെ ഓർമ്മയുണ്ടാവുമോ എന്ന് സംശയിച്ച് ആദ്യം ഞാനൊന്നു മാറി നിന്നു. കുറച്ചു കഴിഞ്ഞ് അടുത്തുചെന്ന് ‘ഓർക്കുന്നുണ്ടോ ചേട്ടാ?’ എന്നു തിരക്കിയപ്പോൾ അദ്ദേഹം സ്നേഹത്തോടെ കുറേ നേരം എന്റെ താടിയിൽ തലോടികൊണ്ടിരുന്നു. അമ്പിളി ചേട്ടന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു അപ്പോൾ, എവിടെയൊക്കെയോ എന്തൊക്കെയോ ഓർമകൾ അദ്ദേഹത്തിൽ ബാക്കിയുണ്ടെന്ന് എനിക്കു തോന്നി.
കേട്ടക്കഥകളിലെ തലക്കനമുള്ള താരത്തെയല്ല ഞാനവിടെ കണ്ടത്
ഫാസിൽ സാർ ചെന്നൈയിൽ ‘കാതലുക്ക് മര്യാദൈ’ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ പ്രിയന്റെ ‘ചന്ദ്രലേഖ’യുടെ ലൊക്കേഷനിലാണ്. ഫാസിൽ സാർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രമായിരുന്നു ‘ചന്ദ്രലേഖ’. പ്രൊഡക്ഷന്റെ മുഴുവൻ ഉത്തരവാദിത്വം എനിക്കാണ്. അതിനിടയിൽ, ‘ബാബുവിന് അവിടുന്ന് ഇടയ്ക്കൊന്നു വന്നു പോവാമെങ്കിൽ ചെന്നൈയിലേക്ക് വരൂ,’ എന്ന് ഫാസിൽ സാർ വിളിച്ചു പറഞ്ഞു. ‘ബാബു ഇപ്പോൾ പോയാൽ ശരിയാവില്ല’ എന്ന് പ്രിയനും. ‘ചന്ദ്രലേഖ’യുടെ ഷൂട്ടിംഗ് തീർത്തതിനു ശേഷമാണ് ഞാൻ ‘കാതലുക്ക് മര്യാദൈ’യുടെ സെറ്റിലേക്ക് ചെല്ലുന്നത്.
അതു വരെ വിജയിനെ കുറിച്ച് ഞാൻ കേട്ടിരിക്കുന്നത് വലിയ തലക്കനമുള്ള ആളാണെന്നാണ്. പക്ഷേ നേരിൽ കണ്ടപ്പോൾ ആ മുൻധാരണയൊക്കെ മാറി. തമാശയൊക്കെ പറഞ്ഞ് നമ്മളുടെ തോളിൽ കയ്യിട്ട് നടക്കുന്ന, താര ജാഢകളൊന്നുമില്ലാതെ പെരുമാറുന്ന, ഒരു സാധാരണക്കാരൻ. പിന്നീട് ‘കണ്ണുക്കുൾ നിനവ്’ ലൊക്കേഷനിലും ഒന്നിച്ചുണ്ടായിരുന്നു, ശാലിനി, വിജയ്… ഞങ്ങൾ എല്ലാവരും ഒന്നിച്ച് ഫുഡ് കഴിക്കാനൊക്കെ പോവും.
അതിനു ശേഷം അദ്ദേഹത്തിന്റെ ‘സുറ’യുടെ ഷൂട്ടിംഗ് പത്തു ദിവസത്തോളം ആലപ്പുഴയുണ്ടായിരുന്നു, അന്ന് കണ്ടപ്പോഴും ആദ്യം കണ്ട അതേ സ്നേഹം തന്നെ അനുഭവിക്കാനായി. ‘ഫാസിൽ സാറിന്റെ ഒരു പടം കൂടി എനിക്ക് ചെയ്യണമെന്നുണ്ട്. ബ്രേക്ക് സമയത്തെപ്പോഴെങ്കിലും അദ്ദേഹത്തെ നേരിൽ പോയി ഒന്നു കാണണം. പാക്കപ്പാവുമ്പോൾ പോയി കളയരുത്, നമുക്കൊരുമിച്ച് പോവാം,’ എന്നൊക്കെ പറഞ്ഞു.
ഷൂട്ട് കഴിഞ്ഞപ്പോൾ ഞങ്ങളൊരുമിച്ച് ഫാസിൽ സാറിന്റെ വീട്ടിൽ പോയി. ‘എനിക്ക് കാതലുക്ക് മര്യാദൈ പോലുള്ളൊരു പടം വേണം’ എന്നൊക്കെ ഫാസിൽ സാറിനോട് പറഞ്ഞു. പക്ഷേ അത്തരമൊരു പടം പിന്നീട് വിജയിന് നൽകാൻ ഫാസിൽ സാറിനു പറ്റിയില്ല.