scorecardresearch
Latest News

സിനിമ ശ്വസിച്ച് 40 വർഷങ്ങൾ; ബാബു ഷാഹിർ ജീവിതം പറയുന്നു

സിനിമ ശ്വസിച്ചും ജീവനായി കരുതിയും മലയാളസിനിമയിൽ 40 വർഷങ്ങൾ പൂർത്തിയാക്കുന്ന ബാബു ഷാഹിറുമായി നടത്തിയ ദീർഘസംഭാഷണം

Babu Shahir

ഉപ്പയ്ക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ഫോർട്ട് കൊച്ചിയുടെ വഴികളിലൂടെ നടന്നു നീങ്ങുന്ന ഒരു അഞ്ചു വയസ്സുകാരൻ പയ്യൻ. ആടിപ്പാടിയുള്ള ആ പോക്കിൽ ഏതെങ്കിലും തിയേറ്റർ കണ്ടാൽ പിന്നെ അവിടെയൊരൊറ്റ നിൽപ്പാണ്, പ്രേംനസീറും സത്യനും ശാരദയുമൊക്കെ നിറയുന്ന പോസ്റ്ററുകളിലേക്ക് മിഴിനട്ട്, അത്ഭുതത്തോടെ, സ്ഥലകാലബോധം നഷ്ടപ്പെട്ട് നിൽക്കുന്ന ആ കുട്ടിയെ കുലുക്കി വിളിച്ച് കൂടെ നടത്തുന്നത് സഹോദരങ്ങളുടെ ജോലിയാണ്.

ഓല മേഞ്ഞ തിയേറ്ററിലെ വലിച്ചു കെട്ടിയ സ്ക്രീനിനു മുന്നിലിരുന്ന് ആദ്യമായി സിനിമ കണ്ട അവൻ ഇന്റർവെൽ ടൈമിൽ ഓടിപ്പോയി ആദ്യം ചെയ്തത്, സ്ക്രീനിനു പിറകിലേക്ക് എത്തി നോക്കുകയായിരുന്നു. മാറാല പിടിച്ചു കിടക്കുന്ന ആ ചുമരിനു പിറകിലേക്ക് വലിഞ്ഞു കയറുമ്പോൾ, സ്ക്രീനിൽ കണ്ട നായകനും നായികയുമൊക്കെ ഇടവേള സമയത്ത് ആ സ്ക്രീനിനപ്പുറം വിശ്രമിക്കുന്നുണ്ടാവുമെന്നായിരുന്നു ആ കുഞ്ഞിന്റെ മനസ്സിലാക്കൽ. തിയേറ്ററുകളിലേക്കും സിനിമ പോസ്റ്ററുകളിലേക്കും തന്നെ കാന്തം പോലെ വലിച്ചടുപ്പിക്കുന്ന എന്തോ ഒന്നിനെ ആ കുട്ടി എപ്പോഴും മനസ്സിൽ താലോലിച്ചു വളർത്തി.

അവൻ വളരുന്നതിനൊപ്പം അവനുള്ളിലെ സിനിമയോടുള്ള പ്രണയവും വളർന്നു. പക്ഷികൾ ഉപേക്ഷിച്ചു പോയ ഒരു വിത്ത് ഇലപടർപ്പുകളിൽ നിന്നുമടർന്ന് അതിന്റെ മണ്ണ് കണ്ടെത്തുന്നതു പോലെ, കാലാന്തരത്തിൽ ആ കുട്ടി സിനിമയുടെ വിസ്മയഭൂമിയിലെത്തി ചേരുക തന്നെ ചെയ്തു.

ആ കുട്ടിയുടെ പേര് ബാബു ഷാഹിർ; നാലു പതിറ്റാണ്ടായി എത്രയോ സിനിമകളുടെ ടൈറ്റിൽ കാർഡിൽ നിറഞ്ഞു നിൽക്കുന്ന പേര്. അസിസ്റ്റന്റ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ, പ്രൊഡക്ഷൻ കൺട്രോളർ, നിർമാതാവ് എന്നിങ്ങനെ നിരവധി മേൽവിലാസങ്ങളുമായി സിനിമ ശ്വസിച്ചും ജീവനായി കരുതിയും മലയാള സിനിമയിൽ 40 വർഷങ്ങൾ പൂർത്തിയാക്കുകയാണ് ബാബു ഷാഹിർ.

ഓർമ്മ വച്ച നാൾ മുതൽ സിനിമാക്കാരനാവുക എന്നൊരൊറ്റ സ്വപ്നം മാത്രം മനസ്സിൽ പേറിയ ബാബു ഷാഹിറിനെ മലയാളികൾക്ക് വേഗത്തിൽ മനസ്സിലാക്കാൻ മറ്റൊരു മേൽവിലാസം കൂടിയുണ്ട് ഇന്ന്, നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ പിതാവ്.

40 വർഷത്തെ തന്റെ സിനിമാ ജീവിതം സമ്മാനിച്ച ഓർമ്മകൾ, ബന്ധങ്ങൾ, അനുഭവങ്ങൾ, പാഠങ്ങൾ എന്നിവയെ കുറിച്ചൊക്കെ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് ബാബു ഷാഹിർ.

ബാബു ഷാഹിർ

ഒന്നുമറിയാത്ത പ്രായത്തിൽ ഉള്ളിൽ കയറികൂടിയ മോഹം

എന്റെ ഉമ്മ കൊടുങ്ങല്ലൂർകാരിയാണ്, വാപ്പ കൊച്ചിക്കാരനും. ആർമിയിൽ മെഡിക്കൽ സർവീസിലായിരുന്നു വാപ്പ ജോലി ചെയ്തത്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്റ്റിഷണർ ആയിരുന്നു അദ്ദേഹം, കൊച്ചിയിൽ ഒരു ഡിസ്പെൻസറിയൊക്കെയുണ്ടായിരുന്നു വാപ്പയ്ക്ക്. ഒന്നാം ക്ലാസ്സുവരെ ഞാൻ കൊടുങ്ങല്ലൂരാണ് പഠിച്ചത്. അന്നേയുണ്ട് സിനിമാ ഭ്രാന്ത്. എന്റെ ഉമ്മയുടെ സഹോദരിയുടെ മക്കളായ സുഹറയും ഷീഫയും പുല്ലൂറ്റ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജിൽ പഠിക്കുമ്പോൾ തിരക്കഥാകൃത്തായ വി ടി നന്ദകുമാറിന്റെ മകൾ നിർമ്മലയും അവർക്കൊപ്പം പഠിക്കുന്നുണ്ട്, ഇടയ്ക്ക് നിർമല വീട്ടിൽ വരും. ‘ആഭിജാത്യ’ത്തിന്റെ കഥയൊക്കെ എഴുതിയത് വി ടി നന്ദകുമാറായിരുന്നു. ഞാൻ അന്നേ സഹോദരിമാരോട് പറയും, എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന്. ‘നീ നിർമ്മല ചേച്ചിയോട് പറയൂ,’ എന്നാണ് മറുപടി കിട്ടുക.

അന്നു മുതൽ തന്നെ സിനിമ എന്റെ തലയിൽ കയറിയിട്ടുണ്ട്. പിന്നെ തിയേറ്റർ കാണുമ്പോൾ അതിനു മുൻപിൽ പോയി വെറുതെ നിൽക്കുകയാണ് മറ്റൊരു പരിപാടി. എല്ലാവരും കൂടെ നടന്നു പോവുകയാവും, തിയേറ്റർ കണ്ടാൽ ഞാനതും നോക്കി നിൽപ്പാണ്. അവരൊക്കെ പോയിട്ടുണ്ടാവും. പിന്നെയാണ് ബോധം വരിക, ഓടി അവർക്കൊപ്പം എത്തും. പ്രേംനസീർ, സത്യൻ, ശാരദ… അവരൊക്കെ നിരന്നു നിൽക്കുന്ന സിനിമ പോസ്റ്ററുകൾ കണ്ട് നിന്നു പോവുന്നതാണ്.

ഒന്നാം ക്ലാസ് കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ഫോർട്ട്കൊച്ചി ചുള്ളിക്കലിലേക്ക് താമസം മാറി. ഗ്യാലക്സി തിയേറ്റർ വീടിനു എതിർവശത്താണ്. കൊച്ചിയിലെത്തിയപ്പോൾ വാപ്പയുടെ ഒരു സഹോദരിയുണ്ട്, അമ്മായി വലിയ സിനിമാപ്രേമിയാണ്. ‘ശകുന്തള,’ ‘സ്കൂൾ മാസ്റ്റർ,’ ‘കുട്ടിക്കുപ്പായം’ തുടങ്ങിയ സിനിമകളൊക്കെ കാണാൻ എന്നെയും കൊണ്ടു പോവും. ആദ്യമായി സിനിമ കണ്ടത് ഓർമ്മയുണ്ട്. ഇന്റർവെൽ ആവുമ്പോൾ ഞാൻ ഓടി സ്ക്രീൻ നിൽക്കുന്ന സ്റ്റേജിനു പിറകിലേക്ക് നോക്കുകയാണ്. അവിടെ ചെറിയൊരു വാതിലുണ്ട്. അതൊക്കെ തുറന്ന് മാറാലയൊക്കെ വകഞ്ഞു മാറ്റി അകത്ത് ആളെ തപ്പുകയാണ്. സ്ക്രീനിൽ കണ്ട നടീനടന്മാരൊക്കെ അവിടെ നിൽപ്പുണ്ടാവുമെന്നാണ് അന്നെന്റെ വിചാരം. നാടകമൊക്കെ അങ്ങനെയാണല്ലോ, അഭിനയിച്ചു കഴിഞ്ഞാൽ ആളുകൾ സ്റ്റേജിനു പിറകിൽ പോയി നിൽക്കുമല്ലോ! ഞാനിങ്ങനെയുള്ള ചിന്തയിൽ നിൽക്കുമ്പോഴാണ് ഇന്റർവെല്ലിലെ പാട്ട് മുഴങ്ങുക, ഉറക്കെയുള്ള ശബ്ദം കേട്ട് ഞാൻ പേടിച്ചോടി അമ്മായിയുടെ അടുത്തേക്ക് ചെല്ലും. ഞാനെങ്ങോട്ടാണ് പോയതെന്ന് കാണാതെ വിഷമിച്ചു നിൽക്കുകയാണ് അമ്മായി.

പഠിക്കാൻ വലിയ മടിയായിരുന്നു എനിക്ക്. സിനിമ കാണുക, സിനിമയെ കുറിച്ചുള്ള പുസ്തകങ്ങൾ തപ്പിപിടിച്ച് വായിക്കുക അതൊക്കെയായിരുന്നു വളരും തോറുമുള്ള പ്രധാന കലാപരിപാടി. കൊച്ചിയിൽ ഗോവിന്ദ പൈ മെമ്മോറിയൽ എന്ന പേരിലൊരു ലൈബ്രറിയുണ്ടായിരുന്നു. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് നേരേ ലൈബ്രറിയിലേക്ക് നടക്കും, പുസ്തകങ്ങൾ അവിടെയിരുന്ന് വായിക്കണം. എംടിയുടെയും മുട്ടത്തുവർക്കിയുടെയുമൊക്കെ സിനിമയായിട്ടുള്ള കഥകൾ അവിടെ കിട്ടും. ‘അരനാഴികനേരം,’ ‘അടിമകൾ’ ഒക്കെ… വേറെ വായന ഒന്നുമില്ല, സിനിമ സംബന്ധിയായ പുസ്തകങ്ങൾ മാത്രം തിരഞ്ഞ് വായിക്കും. ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കു പോവുകയൊക്കെ അന്ന് വളരെയിഷ്ടമുള്ള കാര്യമാണ്. അങ്ങനെ നടന്ന് നടന്ന് പത്തിൽ തോറ്റു.

നേരെ ഫോർട്ട് കൊച്ചിയിലെ സത്യൻ മാഷിന്റെ ട്യൂട്ടോറിയൽ കോളേജിൽ പോയി ചേർന്നു. അപ്പോഴേക്കും കുറച്ചു ബോധം വന്നു തുടങ്ങിയിരുന്നു, പത്താം ക്ലാസ്സുകൊണ്ടൊന്നും സിനിമയിൽ ഒന്നും ആവില്ല. എങ്ങനെയെങ്കിലും പഠിച്ചേ തീരൂ… എന്റെ വാപ്പ രണ്ടു വിവാഹം ചെയ്തിട്ടുണ്ട്, രണ്ടു ഭാര്യമാരിലും കൂടി 14 മക്കളുണ്ട്. കൂടുതൽ പഠിപ്പിക്കാനൊക്കെ അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് താനും. ആദ്യമൊന്നും വീട്ടുകാരാരും എന്റെ സിനിമഭ്രാന്തിനെ ഗൗരവമായി കണ്ടിരുന്നില്ല. അവന് അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നൊക്കെ വാപ്പ അറിയാവുന്നവരോട് പറയും, അതല്ലാതെ സിനിമാപ്രേമം അസ്ഥിയ്ക്ക് പിടിച്ച് നടക്കുകയാണ് ഞാനെന്നൊന്നും അദ്ദേഹത്തിനറിയില്ല. പ്രീഡിഗ്രി കൂടെ തോറ്റപ്പോൾ വാപ്പയ്ക്ക് മനസ്സിലായി, ഞാൻ പഠിച്ചിട്ട് എങ്ങുമെത്തില്ലെന്ന്. വാപ്പയുടെ ഒരു കസിൻ, സിവിൽ സപ്ലൈ കോർപ്പറേഷന്റെ ഒരു ഏജൻസി നടത്തുന്നുണ്ടായിരുന്നു, എന്നെ കസിന്റെ കീഴിൽ ജോലിയ്ക്കു വിട്ടു.

അവിടെ ജോലി ചെയ്യുമ്പോഴും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമാണ് മനസ്സു നിറയെ. ഞാൻ സിനിമക്കാർക്കൊക്കെ നിരന്തരം കത്തുകൾ അയക്കും. ഉദയ സ്റ്റുഡിയോ, ചിത്രാഞ്ജലി സ്റ്റുഡിയോ, മെറിലാൻഡ് സ്റ്റുഡിയോ അവിടേക്ക് ഒക്കെ കത്തയച്ചു. അന്ന് നാനയുടെ വാർഷിക പതിപ്പിൽ സംവിധായകരുടെ അഡ്രസ്സ് വരുമായിരുന്നു. അന്നെല്ലാവരും മദ്രാസിലാണ് താമസം. അവർക്കെല്ലാം കത്തുകളയച്ച് മറുപടിയുമായി പോസ്റ്റുമാൻ വരുന്നതും കാത്തിരിക്കും. ഒരു മറുപടിയും വന്നില്ല. അതു മാത്രമല്ല, അടിയന്തരാവസ്ഥകാലത്ത് ആ സൊസൈറ്റി സസ്പെൻഡ് ചെയ്തതോടെ ഉള്ള ജോലിയും പോയി കിട്ടി.

അതോടെ വാപ്പ എന്നെ മറ്റൊരു കസിന്റെ സ്ഥാപനത്തിൽ ജോലിയ്ക്കു കയറ്റി. കിറ്റ്കാറ്റ് എന്നൊരു ബാർ ഹോട്ടലുണ്ടായിരുന്നു അന്ന് കൊച്ചിയിൽ, അവിടെ മാനേജറായി കയറി. അതിനിടയിൽ 20-ാമത്തെ വയസ്സിൽ വാപ്പയും ഉമ്മയും കൂടി എന്നെ പിടിച്ചു കല്യാണം കഴിപ്പിച്ചു, അന്ന് ഭാര്യയ്ക്ക് 16 വയസ്സാണ് പ്രായം. ഞാനൊന്നു രക്ഷപ്പെടട്ടെ എന്നോർത്ത് വീട്ടുകാരെന്നെ ഗൾഫിലേക്ക് വിടാനൊക്കെ ശ്രമിക്കുന്നുണ്ട്. അതിനൊന്നും പിടി കൊടുക്കാതെ വഴുതി മാറുകയാണ് ഞാൻ. കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ, ഞാൻ വീട്ടിൽ കള്ളം പറഞ്ഞു, മദ്രാസിലേക്ക് തിരിച്ചു. എന്നെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിട്ടുണ്ട്, ഉടനെ പോയേ പറ്റൂ എന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങുന്നത്. കൊച്ചിയിൽ നിന്നും മദ്രാസിലേക്ക് ട്രെയിൻ കയറി. അവിടെ പോയി എവിഎം സ്റ്റുഡിയോ, വിജയഗാർഡൻ എന്നിവയുടെ മുന്നിലൊക്കെ രണ്ടു ദിവസം ചുറ്റികറങ്ങി നടന്നു, സെക്യൂരിറ്റി ഓടിച്ചു വിട്ടു എന്നല്ലാതെ ആരെയും കാണാൻ കഴിഞ്ഞില്ല. കയ്യിലുള്ള പൈസ തീർന്നപ്പോൾ തിരിച്ചു പോന്നു.

ഇതു കൂടി കണ്ടപ്പോഴാണ് വാപ്പയ്ക്ക് മനസ്സിലായത്, ഇവനിത് കടുത്ത സിനിമ ഭ്രാന്തുമായിട്ട് നടക്കുകയാണെന്ന്. അപ്പോഴേക്കും ഉള്ള ജോലിയും പോയിരുന്നു. ഒരു ദിവസം വാപ്പ എന്നോടു പറഞ്ഞു, ‘കഴിഞ്ഞ ദിവസം ഏതോ ഒരു സിനിമ റിലീസായില്ലേ, എന്തോ ഒരു ‘പൂക്കൾ’ എന്നു പറഞ്ഞിട്ട്. ആലപ്പുഴയിലുള്ള ഒരു ഡയറക്ടറുണ്ടല്ലോ, അയാൾ നാളെ നമ്മുടെ വീട്ടിൽ വരുന്നുണ്ട്. ഒരു നിശ്ചയത്തിന്റെ ആവശ്യത്തിനു വേണ്ടി, ഞാൻ നിന്റെ കാര്യം അയാളോട് പറയാം. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ഒക്കെ സംവിധാനം ചെയ്തു നിൽക്കുന്ന ഫാസിലായിരുന്നു വാപ്പ പറഞ്ഞ ആ ആലപ്പുഴക്കാരൻ. എന്റെ ഒരു കസിനെ ഫാസിലിന്റെ കുടുംബത്തിലേക്കാണ് കല്യാണം കഴിച്ചത്. ആ കല്യാണമുറപ്പിക്കലുമായാണ് ഫാസിൽ വരുന്നത്. അങ്ങനെ ഫാസിൽ വന്നു, വാപ്പ എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി, ‘ഇവൻ സിനിമയിൽ എന്തെങ്കിലും ആവണമെന്ന് പറഞ്ഞ് നടക്കുകയാണ്.’ ‘എന്താ ആവേണ്ടത്?’ ഫാസിലെന്നോട് ചോദിച്ചു. എന്തായാലും മതിയെന്നായി ഞാൻ. ‘എന്നാൽ അസിസ്റ്റന്റ് ആവാമല്ലേ?’ ഞാൻ മതിയെന്നു പറഞ്ഞു. ‘എന്റെ ഒരു പടം വരുന്നുണ്ട്, ‘ധന്യ’, ഉദയയ്ക്ക് വേണ്ടിയാണ്, ഉടനെ തന്നെ തുടങ്ങും. ഒരു മൂന്നു-നാലുമാസം കഴിഞ്ഞ് എന്നെ വിളിക്കൂ,’ എന്നു പറഞ്ഞ് അന്ന് ഫാസിൽ മടങ്ങി.

നദിയ മൊയ്തു, ബാബു ഷാഹിർ

അന്നു മുതൽ എനിക്ക് സ്വസ്ഥതയില്ല. എന്നെ വിളിക്കുന്നില്ലല്ലോ, മറന്നു പോയിട്ടുണ്ടാവും എന്നൊക്കെ ഞാനിങ്ങനെ വാപ്പയോട് പരാതി പറഞ്ഞോണ്ടിരിക്കുകയാണ്. വാപ്പയെന്നെ വീണ്ടും ഫാസിലിന്റെ അടുത്തേക്ക് കൊണ്ടു പോയി. ‘സമയമായില്ല, വിളിക്കാം’ എന്ന് ഫാസിൽ സാർ. അന്ന് ആലപ്പുഴയിലെ തറവാട് വീട്ടിലാണ് അദ്ദേഹം താമസം. കാത്തിരിക്കാൻ എനിക്ക് വയ്യ, ഒരാഴ്ച കൂടുമ്പോൾ കൂടുമ്പോൾ ഞാൻ ആലപ്പുഴയിലേക്ക് പോക്കാണ് പണി, ബസ് കിട്ടിയില്ലെങ്കിൽ ലോറിയിൽ കയറിപ്പോവും. അന്ന് അഞ്ച് രൂപ കൊടുത്താൽ മതി ലോറിക്കാരന്. ശവകോട്ടപാലത്തിന്റെ അവിടെയിറക്കി വിടും ലോറിക്കാര്, പിന്നെ അവിടുന്ന് ഫാസിൽ സാറിന്റെ വീടു വരെ നടക്കും. എന്നെ കൊണ്ട് ഫാസിലിനു ശല്യമായി തുടങ്ങി. എന്നാലും ഞാൻ പോവും. അങ്ങനെ ‘ധന്യ’ തുടങ്ങാനായി. ഒരു ദിവസം ഫാസിൽ വിളിച്ചു പറഞ്ഞു, ‘ഒരു കുഴപ്പമുണ്ട് ബാബു. ഉദയ ആണ് ഇതിന്റെ നിർമ്മാതാക്കൾ. അവർക്ക് ഒരു നിർബന്ധമുണ്ട്, പുറത്തു നിന്ന് ആരേയും അസിസ്റ്റന്റായി നിർത്തേണ്ട, അവിടുത്തെ സ്റ്റാഫുകളെ തന്നെ അസിസ്റ്റന്റുകളായി നിർത്തിയാൽ മതിയെന്ന്. അതു കൊണ്ട്, ഇത്തവണ കൂടി ബാബു കാത്തിരിക്കൂ, ഇതു കഴിഞ്ഞുള്ള പടത്തിൽ വന്നു ജോയിൻ ചെയ്തോളൂ.’

ഞാൻ കാത്തിരിപ്പു തുടർന്നു. അങ്ങനെയാണ് ‘ഈറ്റില്ല’ത്തിലേക്ക് എന്നെ വിളിക്കുന്നത്. ‘ഈറ്റില്ലം’ തുടങ്ങിയപ്പോഴും ചില തടസ്സങ്ങളുണ്ടായി. ഫാസിൽ സാർ വിളിച്ചിട്ട് തിരക്കഥ കോപ്പിയെടുക്കാൻ വരണമെന്ന് പറഞ്ഞു, ഞാൻ സാറിന്റെ വീട്ടിലേക്ക് ചെന്നു. തിരക്കഥ കോപ്പിയെടുക്കൽ നടക്കുന്നു, താമസം അടുത്തുള്ളൊരു ഹോട്ടലിലാണ്. ഷൂട്ടിങ്ങിനുള്ള കാര്യങ്ങളൊക്കെ ശരിയാക്കി ഒരു മാസം കഴിഞ്ഞു കാണും, ചിത്രത്തിൽ നായികയായി അഭിനയിക്കേണ്ട മേനകയ്ക്ക് ഒരു കാർ ആക്സിഡന്റ്, കാലിൽ പൊട്ടലുണ്ടായി. മേനക അന്ന് സൂപ്പർ ഹീറോയിനായി നിറഞ്ഞു നിൽക്കുന്ന സമയമാണ്. അതോടെ മാർച്ചിൽ തുടങ്ങേണ്ട ഷൂട്ടിംഗ് ഡിസംബറിലേക്ക് മാറ്റി. ‘എന്തൊരു കഷ്ടമാണിത്, എന്തൊരു കഷ്ടകാലം പിടിച്ചവനാണ് ഞാൻ, ഒരു തരത്തിലും കരപറ്റുന്നില്ലല്ലോ’ എന്നൊക്കെയുള്ള വിഷമത്തോടെയാണ് അന്ന് തിരിച്ച് നാട്ടിലേക്ക് വണ്ടി കയറിയത്. എന്നാലും ഞാൻ വിട്ടില്ല. എന്തായാലും ഇറങ്ങിത്തിരിച്ചു, കാത്തിരിക്കേണ്ടി വന്നാലും സിനിമ തന്നെയാണ് എന്റെ വഴിയെന്നു തീരുമാനിച്ചു. ആറു മാസത്തെ ആ ബ്രേക്ക് കഴിഞ്ഞ്, ഡിസംബറോടെ ഷൂട്ടിംഗ് ആരംഭിച്ചു. ഫാസിൽ സാറിനൊപ്പം ഞങ്ങൾ നാഗർകോവിലിനു അടുത്തുള്ള ശിവലോകം എന്ന സ്ഥലത്തേക്ക് പോയി, അവിടെയായിരുന്നു ലൊക്കേഷൻ. ഞാനാദ്യമായി അസോസിയേറ്റ് ചെയ്ത പടമാണ് ‘ഈറ്റില്ലം’. അന്നെനിക്ക് 22- 23 വയസ്സേയുള്ളൂ. ഞാൻ സിനിമയിൽ തുടക്കം കുറിച്ചിട്ട് ഈ ഡിസംബർ 10 ആവുമ്പോഴേക്കും 40 വർഷമാവുകയാണ്.

അടുത്ത ചിത്രവും ഫാസിൽ സാറിനൊപ്പം തന്നെ. പ്രേംനസീർ, അംബിക, മോഹൻലാൽ, പൂർണിമ ജയറാം എന്നിവരൊക്കെ അഭിനയിച്ച ‘മറക്കില്ലൊരിക്കലും’ എന്ന പടം. പിന്നീടങ്ങോട്ട് തുടർച്ചയായി ചിത്രങ്ങൾ വന്നു തുടങ്ങി. ഫാസിൽ സാറിന്റെ ഒമ്പതോളം സിനിമകളിൽ അസിസ്റ്റന്റും അസോസിയേറ്റുമൊക്കെയായി ജോലി ചെയ്തു. ‘എന്നെന്നും കണ്ണേട്ടനിൽ’ അസിസ്റ്റന്റായിരുന്നു, ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,’ ‘പൂവിനു പുതിയ പൂന്തെന്നൽ’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അസോസിയേറ്റും. ആ സമയത്താണ് സിദ്ദിഖ്-ലാൽമാരുടെ പ്രവേശനം. ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റ് ആൻഡ് അസിസ്റ്റന്റ് ഡയറക്ടർമാർ എന്ന പോസ്റ്റിലേക്കാണ് അവരെത്തിയത്.

ഞാൻ ഫാസിൽ സാറിനൊപ്പം രണ്ടു തമിഴ് ചിത്രങ്ങളിലും അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുണ്ട്. ‘പൂവിനു പുതിയ പൂന്തെന്നലി’ന്റെ തമിഴ് റീമേക്ക് ‘പൂവിഴി വാസലിലെ,’ ‘എന്നെന്നും കണ്ണേട്ടന്റെ’ തമിഴ് പതിപ്പായ ‘വർഷം പതിനാറ്’ എന്നീ ചിത്രങ്ങൾ. ഖുശ്ബു ആദ്യമായി നായികയായി വരുന്ന ചിത്രമാണ് ‘വർഷം പതിനാറ്’. ആ സമയത്തൊക്കെ സിദ്ദിഖ്-ലാൽമാർ അസിസ്റ്റന്റുമാരായി സെറ്റിലുണ്ട്. അപ്പോഴേക്കും ഫാസിൽ സാർ അവരെ സ്വതന്ത്രസംവിധായകരാക്കാനുള്ള കാര്യങ്ങൾ പ്ലാൻ ചെയ്ത് തുടങ്ങിയിരുന്നു. ഞങ്ങളോടൊക്കെ സൂചിപ്പിച്ചു, ‘അവരോട് ഞാൻ കഥയുണ്ടാക്കാൻ പറഞ്ഞിട്ടുണ്ടെന്നൊക്കെ.’

അന്ന് മദ്രാസ്സിൽ നടൻ സുകുമാരനൊരു വീടുണ്ട്, അവിടെയാണ് ഞങ്ങളെല്ലാവരും വാടകയ്ക്ക് താമസം. അവിടെയാണ് ‘റാംജി റാവു സ്പീക്കിംഗി’ന്റെ ആദ്യഘട്ട ചർച്ചയൊക്കെ നടക്കുന്നത്. അതിനിടയിൽ ഒരു ദിവസം ഫാസിൽ സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘ബാബൂ ഞാനാണ് സിദ്ദിഖിന്റെയും ലാലിന്റെയും ‘റാംജി റാവു സ്പീക്കിംഗ്’ നിർമ്മിക്കുന്നത്, അവരു തുടക്കക്കാരല്ലേ, അതിന്റെ മുഴുവൻ പ്രൊഡക്ഷൻ കാര്യങ്ങളും ബാബു ഏറ്റെടുക്കണം. എനിക്ക് എപ്പോഴും സെറ്റിൽ വരാൻ പറ്റില്ല.’ അവിടം മുതലാണ് ഞാൻ പ്രൊഡക്ഷൻ കൺട്രോളർ എന്ന മേഖലയിലേക്ക് തിരിയുന്നത്. സാമ്പത്തികപരമായും ആ മാറ്റം എനിക്ക് ഗുണം ചെയ്തു. പിന്നീടങ്ങോട്ട് ഫാസിൽ സാറിന്റെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നീ നിലകളിലെല്ലാം ഞാൻ പ്രവർത്തിച്ചു. ഒരാഗ്രഹത്തിന്റെ പുറത്ത് ‘പച്ചക്കുതിര’ എന്ന ചിത്രവും നിർമ്മിച്ചു.

എൻ എൻ പിള്ളയ്‌ക്കൊപ്പം ബാബു ഷാഹിർ

നാലു പതിറ്റാണ്ടിനിടയിൽ ഒരുപാട് വിജയചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടല്ലോ. ഹിറ്റാവുന്ന ചിത്രങ്ങൾ ഷൂട്ടിങ്ങ് ആലോചനഘട്ടത്തിൽ തന്നെ വിജയകരമാവും എന്നൊരു സൂചന ലഭിക്കാറുണ്ടോ?

ചില ചിത്രങ്ങളുടെ കാര്യത്തിൽ അങ്ങനെ തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന്, ‘റാംജി റാവു സ്പീക്കിംഗ്’- കഥ കേട്ട സമയത്ത് ഞാൻ സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ട്, ഹ്യൂമറിന്റെ കാര്യത്തിൽ രസമുള്ളൊരു ചിത്രമായിരിക്കും, ഇതു പൊളിക്കുമെന്ന്. എന്നാലും അവർക്ക് പേടിയുണ്ടായിരുന്നു, ആദ്യ പടമല്ലേ, പേടി സ്വാഭാവികമാണല്ലോ. പിന്നീട് മദ്രാസിൽ പ്രിവ്യൂ നടന്നതിനു ശേഷം ചിത്രം ഓടുമെന്ന കാര്യത്തിൽ അവർക്കും ആത്മവിശ്വാസമായി.

‘റാംജി റാവു’ റിലീസിന്റെ ദിവസം എനിക്കിപ്പോഴും ഓർമ്മയുണ്ട്. അന്ന് ഞാനും സിദ്ദിഖും ലാലും കൂടെ നേരത്തെ തന്നെ ഷേണായിസിന്റെ മുന്നിൽ വന്നു നിൽക്കുകയാണ്. തിയേറ്ററിനു എതിർവശത്തുള്ള കടയുടെ മുന്നിലാണ് ഞങ്ങളുടെ നിൽപ്പം. തിയേറ്ററിലേക്ക് വരുന്ന ആളുകളുടെ തലയെണ്ണുകയാണ് ഞങ്ങൾ, 1, 2, 3…. ആദ്യത്തെ ഷോയ്ക്ക് ആളില്ല അധികം. ലാലും സിദ്ദിഖും പേടിച്ചു പോയി, അവരാകെ തളർന്നു. അന്ന് മയൂര പാർക്കിലൊരു റൂമെടുത്തിരുന്നു ഞങ്ങൾ. തിരിച്ചെത്തി അവിടെ വന്ന് സങ്കടപ്പെട്ടിരിക്കുകയാണ്.

എന്തായാലും തിയേറ്ററിന് അകത്തെ പ്രതികരണമറിയാൻ അടുത്ത ഷോയ്ക്ക് ഞാൻ കുടുംബത്തെയും കൊണ്ട് പടത്തിനു കയറി. അതു കഴിഞ്ഞു ഞാൻ സിദ്ദിഖിനെ വിളിച്ചു, ‘ഇത് ഓടും സിദ്ദിഖേ, പേടിക്കേണ്ട. കണ്ടവരൊക്കെ നല്ല റെസ്പോൺസാണെന്ന്’. ആ തോന്നൽ വെറുതെയായില്ല, സെക്കന്റ് ഷോ മുതൽ അങ്ങോട്ട് ആളുകളുടെ പ്രളയമായിരുന്നു. അതായിരുന്നു സിദ്ദിഖ്-ലാൽ എന്ന സംവിധായകരുടെ ഉദയം, പിന്നെ അവരെ പിടിച്ചാൽ കിട്ടാത്ത രീതിയിലൊരു വളർച്ചയായിരുന്നു. അതിനു ശേഷം ‘ഇൻ ഹരിഹർനഗർ,’ ‘ഗോഡ്‌ഫാദർ’… എത്രയോ വിജയചിത്രങ്ങൾ. ‘ഗോഡ്‌ഫാദർ’ അതുവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്തൊരു ചിത്രമാണ്, 423 ദിവസമാണെന്ന് തോന്നുന്നു ആ പടം തിയേറ്ററിൽ ഓടിയത്. ഇതു വരെ ഒരു മലയാള സിനിമയും അതിനു മുകളിൽ വന്നിട്ടില്ല.

ഫാസിൽ സാറുമായുള്ള പരിചയത്തിനും നാലു പതിറ്റാണ്ടിന്റെ പഴക്കമുണ്ടല്ലോ. സിനിമയാണ്, എന്നും മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന തൊഴിലിടമാണ്. ചിലപ്പോൾ ഒരു കൂട്ടുകെട്ട് ഹിറ്റാവും, ചിലപ്പോൾ അവർ വഴി പിരിയും. അത്തരം സാധ്യതകൾക്കിടയിലും ദീർഘകാലമായി ഈ സൗഹൃദം നിലനിന്നു പോരുന്നതിന്റെ അടിസ്ഥാനമെന്താണ്?

ഫാസിൽ സാർ ഒരു യൂണിവേഴ്സിറ്റിയാണ്, അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഇപ്പോഴും അദ്ദേഹത്തോട് സംസാരിക്കുമ്പോൾ കൂടുതൽ കൂടുതൽ അറിവാണ് ലഭിക്കുക. അദ്ദേഹത്തിന്റെ ഒരു രീതി അനുസരിച്ച് സിനിമാചർച്ചകൾക്കൊക്കെ ഞങ്ങളെയെല്ലാവരെയും വിളിക്കും. ഞങ്ങളെന്നു പറഞ്ഞാൽ അസിസ്റ്റന്റ്സ് ഡയറക്ടർമാർ, ക്യാമറാമാൻ, ആർട്ട് ഡയറക്ടർ…. അന്നൊക്കെ, ഓരോ സിനിമ കഴിയുമ്പോഴും ഞങ്ങളുടെ സംഘം ചേർന്നുള്ള ചില യാത്രകളുണ്ട്. റിലീസായ സിനിമയിൽ ചിലപ്പോൾ ചെറിയ എന്തെങ്കിലും പാളിച്ചകൾ വന്നിട്ടുണ്ടാവും. ഓരോ തിയേറ്ററിലും പോയി ആ ഭാഗം കട്ട് ചെയ്ത് കളയണം. ഞങ്ങളൊരു കാറെടുത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള തിയേറ്ററുകളിൽ പോയി പ്രശ്നമുള്ള ആ ഫിലിം കട്ട് ചെയ്ത് മാറ്റി ജോയിൻ ചെയ്തെടുക്കും. ഇതിങ്ങനെ ഒരു ടീം വർക്കായി ആവർത്തിക്കും. പത്തു പന്ത്രണ്ടോളം പടത്തിന് ഞങ്ങളങ്ങനെ പോയിട്ടുണ്ട്. ഈ യാത്രകളൊക്കെ ഞങ്ങളെ പരസ്പരം ഒഴിവാക്കാനാവാത്ത ഒരു കൂട്ടാക്കി മാറ്റി.

പിന്നെ, പരസ്പരമുള്ള ഒരു മനസ്സിലാക്കലും സഹകരണവുമൊക്കെയുണ്ടായിരുന്നു അന്ന്. ഫാസിൽ സാറിന്റെ ഒരു പടം റിലീസ് ആയി കഴിഞ്ഞേ, സിദ്ദിഖ്-ലാൽ പടം തുടങ്ങൂ. അപ്പോൾ ഞാൻ അങ്ങോട്ട് പോവും. അതു കഴിയാവുമ്പോഴേക്കും, ഫാസിൽ സാർ വിളിക്കും, കഥയൊക്കെ റെഡിയായി വരുന്നുണ്ട്, ഫ്രീയാവുമ്പോൾ ഇങ്ങോട്ട് ഇറങ്ങെന്നു പറയും. സിദ്ദിഖ്-ലാൽ പടം തീർന്നതിനു ശേഷമേ അദ്ദേഹം പടത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ. സമാന്തരമായി രണ്ടു ടീമിനൊപ്പവും ജോലി ചെയ്യാനുള്ള സാവകാശം ഫാസിൽ സാർ എപ്പോഴും തന്നിരുന്നു. പോകെപോകെ അദ്ദേഹമെന്നെ ഒരു കുടുംബാംഗം പോലെ കാണാൻ തുടങ്ങി. അതൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. ഇപ്പോഴും ഡെയിലി വിളിക്കും, ഞങ്ങളുടെ കുടുംബങ്ങൾക്കിടയിലും അതേ സ്നേഹവും അടുപ്പവുമുണ്ട്. ആ വീട്ടിൽ നിന്ന് എത്രയോ തവണ ഭക്ഷണം കഴിച്ചിരിക്കുന്നു, ആ കുടുംബത്തോട് വല്ലാത്തൊരു ആത്മബന്ധമുണ്ട്.

ഫാസിൽ സാറിനോളം തന്നെ ജീവിതത്തോട് ചേർന്നു നിൽക്കുന്നവരാണല്ലോ സിദ്ദിഖ്-ലാൽമാരും?

‘നോക്കെത്താദൂരത്ത്’ മുതലുള്ള ബന്ധമാണ് അവരുമായി. അന്നൊക്കെ ഞങ്ങളൊന്നിച്ചാണ് ഒരു റൂമിൽ. ഉദയ സ്റ്റുഡിയോയിൽ ഒരു ത്രീബെഡ് റൂമൂണ്ട്, റൂം നമ്പർ 2. മിക്കവാറും ഞാനും സിദ്ദിഖും ലാലും അവിടെയാണ്. ഞാൻ രാത്രി 10 മണിയ്ക്ക് കിടന്നുറങ്ങി വെളുപ്പിനെ എണീക്കുന്ന ആളാണ്. പക്ഷേ, 12 മണിയായാലും അവരു രണ്ടു പേരും ലൈറ്റ് ഓഫ് ചെയ്യില്ല, ഗൗരവമേറിയ ഡിസ്കഷനാണ് രണ്ടാളും. അന്നെടുത്ത ഷോട്ടിനെ പറ്റിയും നാളെയെടുക്കേണ്ടതിനെ പറ്റിയുമൊക്കെ. ഞാനവരെ തന്നെ ശ്രദ്ധിച്ചു കിടക്കും. അപ്പോഴേ എന്റെ മനസ്സു പറയും, ഇവരു സിനിമയിലെ ‘കാലന്മാരാവു’മെന്ന്. കാരണം നമ്മളൊക്കെ അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഭക്ഷണവും കഴിച്ച് ക്ഷീണത്തോടെ പോയി ഒരൊറ്റ ഉറക്കമാണ്. ഇവരങ്ങനെയല്ല, എല്ലാ ദിവസവും പഠിച്ചു കൊണ്ടിരിക്കുകയാണ്.

എല്ലാ സിനിമാ ചർച്ചകൾക്കും അവരു എന്നെ വിളിക്കും. മിക്കതും കച്ചേരിപ്പടിയിലെ ‘മയൂര പാർക്ക്’ ഹോട്ടലിൽ വച്ചായിരുന്നു. കഥ പറയാൻ രണ്ടാളും മിടുക്കരാണ്, അവരുടെ കഥ പറച്ചിൽ കേൾക്കുമ്പോൾ തന്നെ നമ്മൾക്ക് ചിരിയടക്കാൻ പറ്റില്ല. അന്നത്തെ ബന്ധം ഇപ്പോഴുമുണ്ട് ഞങ്ങൾക്കിടയിൽ. സിദ്ദിഖ് എന്നെ ബാബു സേട്ട് എന്നാണ് വിളിക്കുന്നത്, അതെന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. പുള്ളിയ്ക്ക് പൊതുവേ സേട്ട് എന്നു വിളിക്കാൻ ഇഷ്ടമാണെന്നു തോന്നുന്നു, ‘വിയറ്റ്നാം കോളനി’യിലെ മൂസ സേട്ടിനെയൊക്കെ ഓർമ്മയില്ലേ?

‘കാബൂളിവാല’യുടെ ലൊക്കേഷനിൽ സിദ്ദിഖിനും ലാലിനുമൊപ്പം

ഫാസിൽ, സിദ്ദിഖ്, ലാൽ- അത്രയും അടുപ്പമുള്ള സുഹൃത്തുക്കളായവർ. എപ്പോഴെങ്കിലും ഉള്ളിലുണ്ടായിരുന്ന അഭിനയമോഹത്തെ കുറിച്ച് അവരോട് പറഞ്ഞിട്ടുണ്ടോ?

അസിസ്റ്റന്റായി വന്നതിനു ശേഷം പിന്നീട് ആരോടും അഭിനയ മോഹത്തെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല. അതിലും എനിക്ക് ചേരുക അസിസ്റ്റന്റ് ജോലിയാണെന്ന് തോന്നിയതു കൊണ്ടാവാം ചിലപ്പോൾ. ഇടയ്ക്ക് ഫാസിൽ സാർ പറയും, ‘ബാബു ആ സീനിലൊന്നു അഭിനയിച്ചേ,’ എന്ന്. ഞാനില്ലെന്നു പറഞ്ഞ് മാറിക്കളയും. ലാലിനോട് പറയുമ്പോൾ ലാലും മാറിക്കളയും, പക്ഷേ സിദ്ദിഖ് കയറി അഭിനയിക്കുമായിരുന്നു അന്ന്.

മറക്കാനാവാത്തെ വേറൊരു സംഭവമുണ്ട്, ഒരു പടത്തിൽ ഇതു പോലെ ലാൽ അഭിനയിക്കാൻ റെഡിയായി നിന്നെങ്കിലും ലാലിനത് ചെയ്യാൻ പറ്റിയില്ല. ‘മാമാട്ടിക്കുട്ടിയമ്മ’യുടെ തമിഴ് റീമേക്കായ ‘എൻ ബൊമ്മക്കുട്ടിയമ്മാവുക്ക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ്. ആ ചിത്രത്തിൽ ഒരു പള്ളീലച്ചന്റെ വേഷമുണ്ട്, മലയാളത്തിൽ എം എസ് തൃപ്പൂണിത്തറ ചെയ്ത റോൾ. പക്ഷേ ലാലിന് ആകെ വെപ്രാളം കയറിയിട്ട് അത് ചെയ്യാൻ പറ്റുന്നില്ല. ആ ചിത്രത്തിന്റെ എഡിറ്റർ അന്തരിച്ച ടി ആർ ശേഖർ സാർ ആയിരുന്നു, ‘അവന് മുടിയാത്, വേറെ ആരേലും ചെയ്യൂ’ എന്നൊക്കെ പറഞ്ഞ് പുള്ളി ലാലിനെ മാറ്റി. ലാലിനത് വലിയ വിഷമമായി. ഞങ്ങളും അന്ന് ലാലിനെ തമാശയ്ക്ക് കളിയാക്കി, ‘വല്ല കാര്യവുമുണ്ടായിരുന്നോ, അസിസ്റ്റന്റ് ഡയറക്ടറായി നിന്നാൽ പോരേ’ എന്നൊക്കെ പറഞ്ഞ്.

അത് പക്ഷേ ലാലിന്റെ ഉള്ളിൽ കയറിയിട്ടുണ്ടായിരുന്നെന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്. അന്ന് അഭിനയിക്കാൻ കഴിയില്ലെന്ന് ശേഖർ സാർ വിധിയെഴുതിയ ആ ആളാണ് പിൽക്കാലത്ത് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയതും സ്റ്റേറ്റ് അവാർഡ് നേടിയതും. മികച്ച നടനുള്ള അവാർഡ് നേടിയപ്പോൾ ഞാൻ ലാലിനെ വിളിച്ചു പറഞ്ഞു, ‘ഒന്ന് ശേഖർ സാറിനെ വിളിച്ചു പറയൂ ഈ സന്തോഷം.’ ‘ബാബൂ, ഞാനത് വിളിച്ച് പറഞ്ഞു കഴിഞ്ഞൂ,’ എന്നായിരുന്നു ലാലിന്റെ മറുപടി.

ഞാനും അന്ന് ശേഖർ സാറിനെ വിളിച്ചു, ‘അന്ന് നമ്മള് ലാലിനെ ഒഴിവാക്കിയില്ലേ,.. ഇപ്പോൾ കണ്ടില്ലേ?’ എന്ന് ചോദിച്ചു. ‘ആ… തെരിയും തെരിയും, അവൻ നല്ലവനാ, മിടുക്കനാ…’ എന്ന് അഭിമാനത്തോടെയാണ് സാർ പറഞ്ഞത്. അന്നേറ്റ വിഷമത്തിനൊപ്പം ലാലിന്റെയൊക്കെ ഉള്ളിൽ അഭിനയമോഹം തിരി കെടാതെ കിടന്നിരിക്കാം. പക്ഷേ എന്റെ ഉള്ളിൽ നിന്ന് അതെപ്പോഴോ പോയി. സിനിമയിൽ വന്നു കയറുക എന്നതു മാത്രമായിരുന്നു എന്റെ സ്വപ്നം.

മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം

ഓരോ സംവിധായകർക്കും അല്ലെങ്കിൽ നിർമ്മാതാക്കൾക്ക് ചില പ്രത്യേക രീതികൾ, വിശ്വാസങ്ങൾ, ഹാബിറ്റസ് ഒക്കെ ഉണ്ടാവുമല്ലോ. അത്തരത്തിലുള്ള എന്തെങ്കിലും രസകരമായ ഓർമകളുണ്ടോ?

അത്തരം ചില വിശ്വാസങ്ങൾ ഞങ്ങൾക്കെല്ലാവർക്കുമുണ്ട്. ഷൂട്ട് ചെയ്യുന്ന സമയം നോക്കുക, ചിലർ ജ്യോത്സരെ പോയി കണ്ടേ ഷൂട്ടിംഗിന് മുഹൂർത്തം കുറിക്കൂ. സിദ്ദിഖിനും ലാലിനുമുണ്ടായ ഒരു അനുഭവം പറയാം. ‘റാംജി റാവു’വിന്റെ ഷൂട്ടിംഗ് ആലപ്പുഴയിൽ നടന്നു കൊണ്ടിരിക്കുമ്പോൾ സെറ്റിൽ വളരെ പ്രായമുള്ള ഒരാൾ വന്നു, ദുരൈ സാർ, ഫാസിൽ സാറിനെയൊക്കെ പഠിപ്പിച്ച അധ്യാപകനാണ്. ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ ഉടനെ അടുത്തു വന്ന് സിദ്ദിഖിനോടും ലാലിനോടും ‘പടം സൂപ്പർഹിറ്റാവും കെട്ടോ, കാരണം പിന്നെ പറയാം’ എന്നു പറഞ്ഞു. അവർക്കൊന്നും മനസ്സിലായില്ല, വല്ല ഷോട്ടും കണ്ട് ഇഷ്ടപ്പെട്ടു പറഞ്ഞതാവും എന്നാണ് അവരോർത്തത്. സിനിമ റിലീസായതിനു ശേഷം വീണ്ടും ദുരൈ സാറിനെ കണ്ടപ്പോൾ, ‘ഞാൻ അന്നേ പറഞ്ഞില്ലേ പടം സൂപ്പർ ഹിറ്റാവുമെന്ന്’ അദ്ദേഹം ആ പഴയ സംഭവം ഓർമിപ്പിച്ചു.

അതെന്താ അങ്ങനെ പറഞ്ഞതെന്ന് സിദ്ദിഖ് ചോദിച്ചു. ‘നിങ്ങൾ ക്യാമറ വയ്ക്കുമ്പോൾ ഒരു ഉപ്പൻ (ചെമ്പോത്ത്) ആ ഫ്രെയിമിലേക്ക് പറന്നു വന്ന് ഇരിക്കുന്നത് ഞാൻ കണ്ടു. ഉപ്പൻ ഐശ്വര്യത്തിന്റെ പ്രതീകമാണ്,’ ദുരൈ സാറിന്റെ മറുപടി കേട്ടപ്പോൾ അതിൽ എന്തോ കാര്യമുണ്ടാവുമെന്ന് ഞങ്ങൾക്കും തോന്നി.

എന്നാൽ, പിന്നീട് അതിന് നേർ വിപരീതമായൊരു അനുഭവവും ഞങ്ങൾക്കുണ്ടായി. ‘ഗോഡ് ഫാദർ’ ഷൂട്ടിംഗിന് വേണ്ടി ഞാനും ലാലും സിദ്ധിഖും കോഴിക്കോട്ടേക്ക് പോവുന്നു. മഹാറാണി ഹോട്ടലിൽ എത്തി കാർ റിവേഴ്സ് എടുക്കുന്നതിനിടയിൽ സെക്യൂരിറ്റി ‘അയ്യോ, അയ്യോ’ എന്നു ശബ്ദം വച്ചുകൊണ്ട് ഓടിവരുന്നുണ്ട്. നോക്കിയപ്പോൾ ഒരു ഉപ്പന്റെ മേൽ ഞങ്ങളുടെ കാർ കയറിയിരിക്കുകയാണ്, ഉപ്പൻ അപ്പോൾ തന്നെ ചത്തു പോയി. ഞങ്ങൾക്ക് ആ നിമിഷം ദുരൈ സാർ പറഞ്ഞ വാക്കുകളാണ് ഓർമ വന്നത്, ‘അന്ന് ഉപ്പൻ പറന്നു വന്നിരുന്നത് ഐശ്വര്യം, പടം സൂപ്പർ ഹിറ്റാവുകയും ചെയ്തു’. ഇന്ന് ഒരു പടം തുടങ്ങാൻ പോവുന്നു, അതിനു മുന്നോടിയായൊരു ഉപ്പൻ ചത്തിരിക്കുന്നു, പടം പ്രശ്നമാവുമോ? എന്നൊന്ന് ഞങ്ങൾ പകച്ചു. പക്ഷേ അതിൽ കാര്യമില്ലെന്നു പിന്നെ മനസ്സിലായി. ഓരോ സിനിമയ്ക്കും ഓരോ തലവിധിയുണ്ടാവും. അതു പോലെയേ സംഭവിക്കൂ.

സൂപ്പർസ്റ്റാറുകൾ ആയതിനു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നിവരെ വച്ച് ‘ഹരികൃഷ്ണൻസ്’ പോലൊരു പടം ചെയ്യാൻ തുടങ്ങുമ്പോൾ എന്തൊക്കെയായിരുന്നു പ്രധാന ഉത്കണ്ഠകൾ?

‘ഹരികൃഷ്ണൻസി’ന്റെ കാര്യത്തിൽ ഫാസിൽ സാർ വളരെയധികം സൂക്ഷിച്ചിരുന്നു, ഒരാൾക്കും കൂടുതൽ പ്രാധാന്യം വരരുത്, രണ്ടു പേരും ഈക്വൽ ആയി മുന്നോട്ട് പോവണം. ക്ലൈമാക്സ് പോലും അങ്ങനെ വന്നത് ആ ചിന്തയിൽ നിന്നാണ്. അളന്നു കുറിച്ചു എഴുതുക എന്നു പറയില്ലേ, അതു പോലെ ഹോംവർക്ക് ചെയ്ത് എഴുതിയതാണ് ആ ചിത്രം. അന്ന് സൂപ്പർതാരങ്ങളെ ഒന്നിച്ച് കൊണ്ടു വരികയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ഗസ്റ്റ് റോൾ ഒന്നുമല്ലല്ലോ, രണ്ടു പേരും നായകരാണ്. ആർക്കും ബുദ്ധിമുട്ടില്ലാതെ അതു മനോഹരമായി ചെയ്യാൻ സാധിച്ചുവെന്നത് ഫാസിൽ സാറിന്റെ മിടുക്കാണ്.

‘ഹരികൃഷ്ണൻസ്’ ലൊക്കേഷനിൽ ഫാസിലിനും മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ബാബു ഷാഹിർ

സ്വന്തമായൊരു സിനിമ നിർമ്മിക്കണമെന്ന് ആഗ്രഹം തോന്നാൻ കാരണം?

ഞങ്ങളിങ്ങനെ ഒരൊഴുക്കിൽ പോവുമ്പോൾ ഇടയ്ക്ക് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് പിരിഞ്ഞു, ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ലത്തീഫിക്ക പോയി ‘അയാൾ കഥയെഴുതുകയാണ്’ എന്നൊരു ചിത്രം നിർമ്മിച്ചു. ലത്തീഫിക്കയൊക്കെ നേരത്തെ തന്നെ ഫീൽഡിലുള്ള ആളാണ്. ‘രാരിച്ചൻ എന്ന പൗരനി’ൽ ബാലതാരമായി അഭിനയിച്ച ആളാണ്. ‘റാംജി റാവു സ്പീക്കിംഗി’ലും ഒരു ചെറിയ സീനിൽ ലത്തീഫ്ക്ക അഭിനയിക്കുന്നുണ്ട്. കടപ്പുറത്തു വച്ച് ശങ്കരാടിയോട് ‘എന്റെ കാര്യം ശരിയാക്കി തരാമോ?’ എന്നു ചോദിക്കുന്ന ആൾ ലത്തീഫിക്കയാണ്. പത്മരാജൻ, കെജി ജോർജ് എന്നു തുടങ്ങി ആ കാലഘട്ടത്തിലുണ്ടായിരുന്നകുറേ സംവിധായകരുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരുന്നു അദ്ദേഹം.

‘നോക്കെത്താദൂരത്തി’ലാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി ലത്തീഫിക്ക ഞങ്ങളുടെ ലൊക്കേഷനിലെത്തുന്നത്. അവിടെ മുതൽ അവസാനപടം വരെ ഞങ്ങൾക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു. ഇവരൊക്കെ പ്രോഡ്യൂസേഴ്സ് ആവുന്നതു കണ്ടപ്പോൾ ഞാനുമൊരു പടം നിർമ്മിച്ചാലോ എന്നൊരു മോഹം എന്റെ ഉള്ളിലും കയറി കൂടി. അതിനിടയിൽ ഒരിക്കൽ സ്വർഗ്ഗചിത്ര അപ്പച്ചൻ എന്നോട് പറഞ്ഞു, ‘നിനക്ക് അതിനുള്ള കഴിവുണ്ട്, പത്തു പൈസ നീ കയ്യിൽ നിന്ന് ഇടേണ്ട, ഞാൻ നോക്കിക്കൊള്ളാം, നീയൊരു പടം പ്രൊഡ്യൂസ് ചെയ്യൂ.’ പക്ഷേ, സിദ്ദിഖിന്റെയും ഫാസിൽ സാറിന്റെയും പടങ്ങളിങ്ങനെ തുടരെതുടരെ വന്നുകൊണ്ടിരുന്നതിനാൽ എനിക്കൊരു ഗ്യാപ്പ് കിട്ടുന്നുണ്ടായിരുന്നില്ല. ചെയ്യാം ചെയ്യാമെന്ന് പറഞ്ഞ് ഞാനിങ്ങനെ നീട്ടി കൊണ്ടു പോവാൻ തുടങ്ങി.

അപ്പോഴേക്കും അപ്പച്ചൻ നേരേ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു. പൈസ ഞാൻ മുടക്കാമെന്ന് പറഞ്ഞ് ആന്റണിയെ അദ്ദേഹം പ്രൊഡ്യൂസറാക്കി. എനിക്ക് കിട്ടേണ്ട ഒരു ചാൻസായിരുന്നു യഥാർത്ഥത്തിൽ അത്. പക്ഷേ ഞാനപ്പോഴും ലൊക്കേഷനിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള ഓട്ടത്തിലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബ്രേക്ക് വന്നു തുടങ്ങി. ഫാസിൽ സാറിന്റെ ചില പടങ്ങൾ പരാജയപ്പെടുന്നു, ചില വർഷം സിനിമയില്ലാതെയിരിക്കുന്നു, സിദ്ദിഖും ലാലും പിരിഞ്ഞപ്പോൾ അവരിൽ നിന്നും ഞാനും പതുക്കെ അങ്ങ് മാറി. നിരന്തരമായി ഓടികൊണ്ടിരുന്ന എന്നെ സംബന്ധിച്ച് ഒരു വർഷമൊക്കെ ജോലി ചെയ്യാതിരിക്കുക എന്നത് മാനസികമായി ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

പെട്ടെന്ന് മനസ്സിൽ തോന്നിയതാണ് ഒരു പടം ചെയ്യാമെന്ന്. ഒരു സബ്ജക്റ്റ് ദിലീപിനോട് പറഞ്ഞു, നമുക്ക് ചെയ്യാമെന്ന് ദിലീപ് ഉറപ്പു തന്നു. കമലിനോട് സംസാരിച്ചു, കമലും ഓകെ പറഞ്ഞു, കമൽ എന്റെ കസിനാണ്. അങ്ങനെയാണ് ‘പച്ചക്കുതിര’യിലേക്ക് എത്തിയത്. ആ പടം ലാഭവുമില്ല, നഷ്ടവുമില്ല എന്ന രീതിയിലാണ് റിസൽറ്റ് കിട്ടിയത്. നഷ്ടം വരാത്തതിനു കാരണം ഈ രംഗത്തെ എന്റെ എക്സ്പീരിയൻസാണ്. എന്റെ സ്ഥാനത്ത് വേറെയേത് പ്രൊഡ്യൂസർ ആയിരുന്നെങ്കിലും 10-20 ലക്ഷം നഷ്ടം വന്നേനെ. പ്രൊഡക്ഷൻ എന്റേതാണ് എന്നതിനാൽ ദിലീപ്, സിദ്ധിഖ് അടക്കമുള്ള ആർട്ടിസ്റ്റുകളൊക്കെ വലിയ രീതിയിൽ പ്രതിഫലം കുറച്ചു. ബാബുക്കയുടെ പടമല്ലേ എന്ന രീതിയിൽ അവരെല്ലാം സഹകരിച്ചു. ഹോട്ടലുകൾ, യൂണിറ്റ്, ക്യാമറ തുടങ്ങി എല്ലാ മേഖലയിൽ നിന്നും അവരെനിക്ക് വലിയ ഡിസ്കൗണ്ട് തന്നു. അന്നത്തെ നിലയിൽ 50-60 ലക്ഷം രൂപയോളം അങ്ങനെ പരിചയത്തിന്റെയും ആളുകളുടെ സഹകരണത്തിന്റെയും പുറത്ത് ലാഭിക്കാൻ സാധിച്ചു.

2.40 കോടിയായിരുന്നു അന്നു ആ ചിത്രത്തിന്റെ ബജറ്റ്, പക്ഷേ പടം തീർന്നത് 2.60 കോടി രൂപയ്ക്കാണ്. അപ്രതീക്ഷിതമായ ചിലവ് വന്നത്, ചിത്രത്തിലെ ഗ്രാഫിക്സിനു വേണ്ടിയാണ്. ചിത്രത്തിൽ ഡബ്ബിൾ റോളിലാണല്ലോ ദിലീപ്, ഒരു കഥാപാത്രത്തെ അഭിനയിച്ചിട്ട് ദിലീപ് വേഷം മാറി മേക്കപ്പിട്ട് അടുത്ത കഥാപാത്രമായി വരുമ്പോഴേക്കും കുറേ ഗ്യാപ്പു വരും, അങ്ങനെ ടൈം ലാപ്സ് കുറേ വന്നു. കുറേ ദിവസങ്ങളും സമയവും അങ്ങനെ പോയിട്ടുണ്ട്, 55 ദിവസം പ്ലാൻ ചെയ്തിട്ട് 70-75 ദിവസത്തോളം ഷൂട്ടിംഗ് നീണ്ടു എന്നാണ് എന്റെ ഓർമ. ഡബിൾ റോളായതു കൊണ്ടു മാത്രം വന്ന ബുദ്ധിമുട്ടാണത്. ഇന്ന് അതൊക്കെ എളുപ്പമാണ്, ടെക്നോളജിയൊക്കെ ഏറെയുണ്ട്, ബ്ലൂമാറ്റ്- ഗ്രീൻ മാറ്റിൽ തന്നെ ഇന്നതൊക്കെ എളുപ്പത്തിൽ ചെയ്യാൻ കഴിയും. അന്നതൊന്നും ഇല്ലല്ലോ.

‘മണിവത്തൂരിലെ ആയിരം ശിവരാത്രിക’ളുടെ ലൊക്കേഷനിൽ മമ്മൂട്ടിയ്ക്കും സുഹാസിനിയ്ക്കുമൊപ്പം

പ്രൊഡക്ഷൻ കൺട്രോളറുടെ ജോലി ഇന്ന് കുറച്ചുകൂടി എളുപ്പമായല്ലോ. അന്നത്തെ കാലം, വെല്ലുവിളികൾ, ഇന്നുവന്ന മാറ്റങ്ങൾ- അതിനെയൊക്കെ എങ്ങനെയാണ് നോക്കി കാണുന്നത്?

തിരിഞ്ഞുനോക്കുമ്പോൾ, അന്നത്തെ വലിയ ബുദ്ധിമുട്ട് കമ്മ്യൂണിക്കേഷനുള്ള സൗകര്യക്കുറവാണെന്നു പറയാം. അന്ന് മൊബൈൽ ഇല്ലല്ലോ. ഒരു ആർട്ടിസ്റ്റിനെ വേണമെങ്കിൽ ട്രങ്ക് കോൾ ബുക്ക് ചെയ്ത് കാത്തിരിക്കണം. അതു പോലെ, ലൊക്കേഷനിലുള്ള വഴിയെ അവരെവിടെയെങ്കിലും മിസ്സാവുകയോ വഴിതെറ്റുകയോ ചെയ്താൽ വിളിച്ചറിയിക്കാനൊക്കെയുളള സൗകര്യവുമില്ല. ‘ഹരികൃഷ്ണൻസ്’ ഷൂട്ടിംഗിനിടെ അതു പോലൊരു സംഭവമുണ്ടായി. കൊടൈക്കനാലിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ഫാമിലാണ് ‘പൊന്നാമ്പൽ പുഴയിറമ്പിൽ’ എന്ന പാട്ട് ഷൂട്ട് ചെയ്യുന്നത്. കൊടൈക്കനാലിൽ നിന്നും വെളുപ്പിനെ അഞ്ചു മണിയ്ക്കെങ്കിലും പുറപ്പെട്ടാലേ എട്ടു മണിയ്ക്ക് ഈ ലൊക്കേഷനിലെത്തൂ, അത്രയും മോശം വഴിയാണ്, റോഡൊന്നുമില്ല, കല്ലു വിരിച്ചൊരു വഴിയാണുള്ളത്. ഒരു ദിവസം ഉച്ചഭക്ഷണത്തിന്റെ സമയമായിട്ടും പ്രൊഡക്ഷന്റെ വണ്ടി കാണുന്നില്ല. ഒരു മണിയായി, രണ്ടായി, മൂന്നായി… വണ്ടി വരുന്നേയില്ല. എല്ലാവർക്കും വിശന്നു തുടങ്ങി, ബിസ്കറ്റ് ഒക്കെ കൊടുത്ത് എല്ലാവരെയും ഒരു വിധത്തിൽ സമാധാനിപ്പിച്ച് ഇരുത്തിയിരിക്കുകയാണ്.

പ്രൊഡക്ഷൻ വണ്ടിയിലുള്ളവരുമായി ബന്ധപ്പെടാൻ ഒരു മാർഗ്ഗവുമില്ല. വല്ലാത്ത അവസ്ഥ. അവസാനം മൂന്നു മണിയൊക്കെ കഴിഞ്ഞപ്പോഴുണ്ട് ഒരു ഫോറസ്റ്റുകാരുടെ ജീപ്പിൽ ഭക്ഷണവും കൊണ്ട് പ്രൊഡക്ഷൻ ടീം വരുന്നു. പ്രൊഡക്ഷന്റെ വണ്ടി വഴിയിൽ വച്ച് ടയർ പഞ്ചറായി പോയതാണ്. സ്റ്റെപ്പിനിയിട്ട് ശരിയാക്കി വണ്ടി മുന്നോട്ട് എടുത്തെങ്കിലും അടുത്തതും പഞ്ചറായി. അവന്മാര് മിടുക്കന്മാരായതു കൊണ്ട് ഉണർന്നു പ്രവർത്തിച്ചു, വഴിയിലൂടെ പോയ ഫോറസ്റ്റുകാരുടെ വണ്ടിയ്ക്ക് കൈകാണിച്ച് നിർത്തി കാര്യം പറഞ്ഞു. ‘ഷൂട്ടിംഗ് നടക്കുകയാണ് മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗളയൊക്കെയുണ്ട് ലൊക്കേഷനിൽ, അവർക്കൊക്കെയുള്ള ഭക്ഷണം ഇതിലാണ്, എങ്ങനെയെങ്കിലും സഹായിക്കണം,’ എന്നു പറഞ്ഞു. ഫോറസ്റ്റുകാർ ഉടനെയൊരു ജീപ്പ് സംഘടിപ്പിച്ചു കൊടുത്തു.

ഇതു പോലെ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട് അന്ന്. നടന്മാരും നടിമാരുമൊക്കെ വഴിയിൽ പെട്ട് പോയിട്ട് അവരെ ലൊക്കേഷനിലെത്തിക്കാൻ ബുദ്ധിമുട്ടിയ അവസരങ്ങൾ. ‘മറക്കില്ലൊരിക്കലും’ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പ്രേംനസീർ സാർ അദ്ദേഹത്തിനുണ്ടായ സമാനമായൊരു അനുഭവം എന്നോട് പറഞ്ഞിട്ടുണ്ട്. ‘വനദേവത’ എന്ന സിനിമ ഷോളയാറിൽ നടക്കുന്നു. ചാലക്കുടിയിലാണ് പ്രേംനസീർ സാർ താമസിക്കുന്നത്. താമസസ്ഥലത്തു നിന്നും ഷോളയാറിലേക്ക് ഒരു അംബാസിഡർ കാറിൽ പോയി കൊണ്ടിരിക്കുന്നതിനിടയിൽ, ടയർ പഞ്ചറായി, സ്റ്റെപ്പിനി മാറ്റിയിട്ടു മുന്നോട്ട് എടുത്തപ്പോൾ അടുത്ത ടയറും പഞ്ചർ. ഒരു ലൊക്കേഷൻ മുഴുവൻ അദ്ദേഹത്തെ കാത്തിരിക്കുകയാണ്. സാർ വണ്ടിയിൽ നിന്നിറങ്ങി അതുവഴി പച്ചക്കറികളുമായി പോയൊരു വാനിനു കൈ കാണിച്ചു നിർത്തി, ആ വണ്ടിയിലാണ് അന്ന് ലൊക്കേഷനിലെത്തിയതെന്ന്.

ഇന്ന് കഥമാറി, മൊബൈൽ ഫോൺ പ്രൊഡക്ഷൻ കൺട്രോളന്മാരുടെ ജോലി കുറച്ചുകൂടി എളുപ്പമാക്കി. ഇന്ന് കൺട്രോളർക്ക് റൂമിലിരുന്നാൽ മതി. ‘വണ്ടി ഹോട്ടലിന്റെ മുന്നിൽ വെയിറ്റ് ചെയ്യുന്നു,’ എന്ന് ആർട്ടിസ്റ്റുകളെ വിളിച്ചു പറയും. ഒരു മുറിയിലിരുന്ന് എന്തും ഫോണിൽ കോർഡിനേറ്റ് ചെയ്യാൻ പറ്റും. ലൊക്കേഷനിലേക്ക് പോവേണ്ട ആവശ്യം കൂടി അധികം വരുന്നില്ല. അന്നത്തെ കാലത്ത് ഞാനൊക്കെ രാവിലെ എല്ലാവരെയും വിളിച്ചുണർത്തി, എല്ലാവരെയും വണ്ടിയിൽ കയറ്റിവിട്ട്, അവസാന വണ്ടിയിലാണ് കയറിപ്പോവുക.

റാംജി റാവു സ്പീക്കിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം

നാലു പതിറ്റാണ്ട് ഒരു ചെറിയ കാലയളവല്ല. ഒരുപാട് പേരുടെ ഉദയങ്ങൾക്കും സാക്ഷിയായിട്ടുണ്ടാവുമല്ലോ?

തീർച്ചയായും. സായ് കുമാറിന്റെ ഉദയം അതിലൊന്നാണ്. ‘റാംജി റാവു’വിലേക്ക് സായ് കുമാറിനെ തിരഞ്ഞെടുത്തപ്പോൾ പലരും സംവിധായകരോട് ചോദിച്ചു, ‘അയാളെകൊണ്ടത് പറ്റുമോ?’ ജയറാമിനായിരുന്നു ആ റോൾ വച്ചിരുന്നത്. സമയക്കുറവു കൊണ്ട് ജയറാമിനത് ഏറ്റെടുക്കാനായില്ല. അങ്ങനെയാണ് സായ് കുമാറിലേക്ക് ബാലകൃഷ്ണൻ എന്ന കഥാപാത്രമെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ സായിയെ കൊണ്ട് അതുപറ്റുമോ എന്നു ശങ്കിച്ചവരുടെ മുന്നിൽ തന്നെ, അയാൾ കയറി അങ്ങ് പെർഫോം ചെയ്യാൻ തുടങ്ങി, ‘ഇയാളൊരു സ്റ്റാർ ആവാൻ സാധ്യതയുള്ള നടനാ’ണെന്ന് അന്ന് ലൊക്കേഷനിൽ എല്ലാവരും പറഞ്ഞു. ‘റാംജി റാവു’ മുതൽ ഇന്നുവരെയുള്ള സായ് കുമാറിന്റെ കരിയർ നോക്കുമ്പോഴാണ് ആ റേഞ്ച് മനസ്സിലാവുക. നെഗറ്റീവോ പോസിറ്റീവോ കോമഡിയോ ഏതു റോൾ കൊടുത്താലും ക്യാമറയ്ക്ക് മുന്നിൽ സായ് തകർക്കും. കൊട്ടാരക്കര, പിജെ ആന്റണി, നെടുമുടി വേണു, മമ്മൂട്ടി, മോഹൻലാൽ, സായ് കുമാർ തുടങ്ങി അങ്ങനെ വളരെ കുറച്ചുപേർക്കു മാത്രമേ ആ ഒരു കഴിവ് കിട്ടിയിട്ടുള്ളൂ എന്നു പറയാം. ‘സിബിഐ 5’ൽ ആണ് ഏറ്റവും ഒടുവിൽ സായിയ്ക്ക് ഒപ്പം ഞാൻ ജോലി ചെയ്തത്.

അതു പോലെ, ഉദിച്ചുയർന്ന ഒരാളാണ് നടൻ സിദ്ദിഖ്. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സിദ്ദിഖ്. പലയിടത്തും ചാൻസ് ചോദിച്ചുനടക്കുന്നതിനിടയിലാണ് ‘ഇൻ ഹരിഹർ നഗറി’ലേക്ക് വരുന്നത്. പക്ഷേ അന്നും എന്തു സീൻ കൊടുത്താലും അഭിനയിക്കാൻ മടിയോ ചമ്മലോ ഒന്നും സിദ്ദിഖ് കാണിച്ചിരുന്നില്ല. ‘ഇൻ ഹരിഹർ നഗറി’ൽ തന്നെ മുകേഷ്, അശോകൻ, ജഗദീഷ് എല്ലാവരും അന്ന് സിദ്ദിഖിനേക്കാൾ എക്സ്പീരിയൻസ് ഉള്ളവരാണ്. പക്ഷേ, ഒട്ടും താഴ്ന്നു കൊടുക്കാതെ അവർക്ക് ഒപ്പത്തിനൊപ്പം നിന്ന് സിദ്ദിഖ് പെർഫോം ചെയ്തു. അന്നു മുതലേ, സ്ക്രിപ്റ്റൊക്കെ ചോദിച്ച് മനസ്സിലാക്കി ഹോം വർക്ക് ചെയ്യുന്ന സിദ്ദിഖിനെയാണ് ഞാൻ കണ്ടിട്ടുള്ളത്. റിഹേഴ്സൽ സമയത്ത് ജഗദീഷും മുകേഷുമൊക്കെ ചെയ്യുന്നത് നിരീക്ഷിച്ചു കൊണ്ട് സിദ്ദിഖ് അടുത്ത് നിൽപ്പുണ്ടാവും. അടുത്ത റിഹേഴ്സലിൽ അവർക്കൊപ്പത്തിനൊപ്പം പെർഫോം ചെയ്യും. ടേക്ക് എന്നു പറയുമ്പോഴേക്കും റിഹേഴ്സസലിൽ കാണിച്ച ആ പെർഫോമൻസിനെ ഒന്നുകൂടി പുതുക്കിയിട്ടുണ്ടാവും ആള്. ഇപ്പോൾ എത്ര ചലഞ്ചിംഗായ കഥാപാത്രത്തെയും കൂളായി കൈകാര്യം ചെയ്യുന്ന നടനെന്ന രീതിയിലേക്ക് സിദ്ദിഖ് വളർന്നു. മമ്മൂക്കയേയും മോഹൻലാലിനെയും പോലെ സിദ്ദിഖും ഇനിയുമേറെ നാൾ പിടിച്ചുനിൽക്കും, അതിനുള്ള പ്രതിഭയുണ്ട്, കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും.

സിനിമാ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ സംഭവം?

അത് ഫാസിൽ സാറിനെ കണ്ടുമുട്ടിയതു തന്നെയാണ്. അന്ന് മറ്റാരുടെയെങ്കിലും അടുത്താണ് ഞാനെത്തിപ്പെട്ടിരുന്നതെങ്കിൽ ചിലപ്പോൾ ബിഗ് സീറോയായി മാറിയേനെ. പുള്ളിയുടെ സ്കൂളിന്റെ ഒരു ഗുണം, കൂടെ നിൽക്കുന്നവരെയും വളർത്തുമെന്നതാണ്. അങ്ങനെയല്ലേ സിദ്ദിഖ്-ലാൽമാരൊക്കെ കയറിവരുന്നത്. നമ്മളെയൊക്കെ വിടാതെ, ഒരു സഹോദരനെ പോലെ ചേർത്തു നിർത്തും ഫാസിൽ സാർ.

Also Read

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Babu shahir movie memories family soubin shahir interview part 1