നിങ്ങൾ കണ്ട സ്വപ്നങ്ങൾ നിങ്ങളുടേത് മാത്രമാണോ? ചിലപ്പോഴെങ്കിലും ‘അല്ല’ എന്നാണ് ഉത്തരം. നിങ്ങളുടെ സ്വപ്നങ്ങളെ, തീവ്രമായ ആഗ്രഹങ്ങളെ നദി കടത്താൻ, ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കാലം ചിലരെ നിയോഗിക്കും. ഒരായിരം സ്വപ്നങ്ങളുമായി 40 വർഷം മുൻപ് സിനിമയുടെ ലോകത്തെത്തിയ ബാബു ഷാഹിറിന് ‘സൗബിനെന്ന’ പോലെ ആ മോഹങ്ങൾക്കൊരു തുടർച്ചയുണ്ടാവും, കാലത്തിന്റെതായൊരു കാവ്യനീതിയും.
അഞ്ചു വയസ്സു മുതൽ ആരാവണം എന്ന ചോദ്യത്തിന് സിനിമ നടനാവണം എന്ന് ഉത്തരം പറഞ്ഞാണ് ബാബു ഷാഹിർ ശീലിച്ചത്. അതിനായി സംവിധായകർക്കും ഉദയ സ്റ്റുഡിയോയിലേക്കും ചിത്രാഞ്ജലിയിലേക്കും മെറിലാൻഡിലേക്കുമൊക്കെ നിരന്തരം കത്തുകളയച്ചു. വീട്ടിൽ കള്ളം പറഞ്ഞ് മദ്രാസിലേക്ക് വണ്ടി കയറി. എവിഎം സ്റ്റുഡിയോയ്ക്കും വിജയഗാർഡൻ സ്റ്റുഡിയോയ്ക്കും മുന്നിൽ അലഞ്ഞുത്തിരിഞ്ഞുനടന്നു. അവസരങ്ങളുടെ വാതിലുകളൊന്നും മുന്നിൽ തുറന്നില്ലെന്നു മാത്രമല്ല, കയ്യിലുള്ള പൈസ തീർന്നപ്പോൾ നിരാശനായി തിരിച്ചുപോരേണ്ടിയും വന്നു.
സിനിമയ്ക്കു പിന്നാലെ നടന്ന് ചെരിപ്പുതേഞ്ഞുപോയ എത്രയോ വർഷങ്ങളുടെ കഥ പറയാനുണ്ട് ബാബു ഷാഹിറിന്. ഒടുവിൽ ഓടികിതച്ച്, സിനിമയുടെ ലോകത്തെത്തിയെങ്കിലും അഭിനയമോഹം വഴിയിലെവിടെയോ വച്ച് നഷ്ടമായി കഴിഞ്ഞിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ, പ്രൊഡക്ഷൻ കൺട്രോളർ, നിർമാതാവ് തുടങ്ങിയ വേഷങ്ങളാണ് സിനിമ ബാബു ഷാഹിറിനായി കാത്തുവച്ചത്. പക്ഷേ, വിനീത് ശ്രീനിവാസനെഴുതിയതു പോലെ, ‘ചില ആഗ്രഹങ്ങൾ നമ്മൾ മറന്നാലും പടച്ചോൻ മറക്കില്ല’ എന്ന് പിന്നീട് ബാബു ഷാഹിറിന് മനസ്സിലായത് മകൻ സൗബിൻ നടനും സംവിധായകനുമൊക്കെയായി തിളങ്ങാൻ തുടങ്ങിയപ്പോഴാണ്.
സൗബിനെന്ന നടനെയും സംവിധായകനെയും കുറിച്ച് മനസ്സു തുറക്കുകയാണ് ബാബു ഷാഹിർ.

‘ഒരിക്കലും സൗബിനൊരു നടനാവുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. അവന് താൽപ്പര്യം ഡാൻസിലായിരുന്നു. ഞാനിപ്പോഴുമോർക്കുന്നുണ്ട്, ഡാൻസു കൊണ്ട് അവനെന്നെ ഞെട്ടിച്ച ഒരനുഭവം. ഞാനൊരിക്കൽ കുടുംബസമേതം ചെന്നൈയിലേക്കൊരു ടൂർ പോയി. കിഷ്കിന്ധയിൽ നിന്നും മഹാബലിപുരത്തേക്ക് പോവുന്ന വഴിയിൽ വലിയൊരു പാർക്കുണ്ട്. ഞങ്ങളവിടെ കയറി. കുട്ടികളൊക്കെ കളിക്കുകയാണ്, സൗബിനാണെങ്കിൽ സ്വിമ്മിംഗിൽ പൂളിൽ നീന്തുന്നു. ഇടയ്ക്ക് ഒരു അനൗൺസ്മെന്റ് കേട്ടു, ആ പാർക്കിൽ എന്തോ ഡാൻസ് മത്സരം സംഘടിപ്പിക്കാൻ പോവുന്നു, കുട്ടികൾക്ക് ആർക്കു വേണമെങ്കിലും പങ്കെടുക്കാം, ജയിക്കുന്നവർക്ക് സമ്മാനവുമുണ്ടാവും. സൗബിന് അന്ന് ഏഴെട്ടു വയസ്സേയുള്ളൂ പ്രായം. ഞാൻ നോക്കുമ്പോൾ, അവൻ സ്വിമ്മിംഗ് പൂളിൽ നിന്നും ഓടികയറി വന്ന് ഡ്രസ്സൊക്കെ മാറ്റി നേരെ സ്റ്റേജിൽ ചെന്ന് പെർഫോം ചെയ്യുകയാണ്. പിന്നെ കണ്ടത്, ‘ഫസ്റ്റ് പ്രൈസ് സൗബിൻ ഷാഹിർ’ എന്ന് അനൗൺസ്മെന്റ് കേട്ട് സ്റ്റേജിൽ കയറി സമ്മാനം വാങ്ങുന്ന സൗബിനെയാണ്. ഞാൻ ഞെട്ടിപ്പോയി, ഇതൊക്കെ ഇവനെപ്പോൾ പഠിച്ചു എന്നായി. ഞാനധികവും ഷൂട്ടുമായി പലയിടത്താണല്ലോ, വല്ലപ്പോഴും വീട്ടിൽ വരുന്നയാളല്ലേ, അവന് ഡാൻസിലൊക്കെ താൽപ്പര്യമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു, നാട്ടിലെ കല്യാണസദസ്സുകളായിരുന്നു അവന്റെ പ്രധാനവേദിയെന്ന് പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്.

മറ്റൊരു സംഭവം നടക്കുന്നത് 2002ലാണ്, ഒരു വെക്കേഷന് സമയത്ത് അവൻ വിളിച്ചിട്ട് എവിടെയാണ് ഷൂട്ടിംഗ് എന്നു ചോദിച്ചു. ‘കയ്യെത്തും ദൂരത്തിന്റെ’ ലൊക്കേഷൻ ആലപ്പുഴയിൽ നിന്നും കൊടൈക്കനാലിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന സമയമാണത്. കൊടൈക്കനാലിലേക്ക് പോവുന്നു എന്നു പറഞ്ഞപ്പോൾ ‘ഞാനും വരട്ടെ’ എന്നു ചോദിച്ചു. ‘ശരി, നീയൊരു കാര്യം ചെയ്യ്, നാളെ കുറച്ചു ജൂനിയർ ആർട്ടിസ്റ്റുകൾ കൂടി ഇങ്ങോട്ട് വരുന്നുണ്ട്. ആ വണ്ടിയിൽ കയറിയിങ്ങ് പോര്,’ എന്നു ഞാൻ അനുവാദം കൊടുത്തു. അപ്പോൾ തന്നെ അതിനുള്ള അറേഞ്ച്മെന്റ് എല്ലാം ചെയ്തു. പിറ്റേ ദിവസം വൈകുന്നേരമായപ്പോഴേക്കും അവൻ ലൊക്കേഷനിലെത്തി. അറിയാത്ത ആളുകൾക്കിടയിലെത്തിയതിന്റെ പരിചയക്കേടോ മാറി നിൽക്കുന്ന സ്വഭാവമോ ഇല്ല, എല്ലാവരുമായും അങ്ങട് ചെന്ന് ഇടിച്ചു കയറി കമ്പനിയാവുകയാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായവരുമായി വരെ പെട്ടെന്ന് കൂട്ടാവുന്നു. ഞാനിതൊക്കെ ശ്രദ്ധിക്കുന്നുണ്ട്.
ഒരു ദിവസം ഷാനു (ഫഹദ്) ബസ്സിൽ വന്നിറങ്ങുന്ന ഒരു ഇൻട്രൊഡക്ഷൻ സീൻ ഷൂട്ട് ചെയ്യുകയാണ്. ബസ്സിൽ നിന്ന് ആദ്യം ഷാനു ഇറങ്ങി വരുന്നു, തൊട്ടു പിറകെ തൊപ്പിയൊക്കെ വച്ച് സ്റ്റൈലായി സൗബിനതാ ഇറങ്ങി വരുന്നു! ബസ്സിറങ്ങി ഫഹദ് ഒരു വശത്തേക്കും ഇവൻ എതിർവശത്തേക്കും നടക്കുന്നു…’ ശെടാ, ഇതിനിടയിൽ ഇവൻ കയറി അഭിനയിച്ചോ’ എന്ന് അമ്പരന്ന് ഇരിക്കുകയാണ് ഞാൻ. അടുത്തു വിളിച്ച്, നീ അഭിനയവും തുടങ്ങിയോ എന്നു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് അതെ എന്നും പറഞ്ഞ് അവനങ്ങു പോയി. പിന്നൊരിക്കൽ, ശാന്തി മാസ്റ്റർ ഫഹദിനെ ഡാൻസ് പഠിപ്പിക്കുകയാണ്, കുറച്ചപ്പുറത്ത് മാറിനിന്ന് ഇവനും ആ സ്റ്റെപ്പ് നോക്കി അതു പോലെ കളിക്കുന്നു. അവന്റെ സ്വയം മറന്നുള്ള ഡാൻസ് കണ്ട് എല്ലാവരുടെയും നോട്ടം അവനിലേക്കായി. ഫാസിൽ സാർ എന്നെ വിളിച്ച് കാണിച്ചു തന്നു, ‘ദേ! നോക്ക്, ബാബുവിന്റെ മോൻ നിന്ന് ഡാൻസ് ചെയ്യുന്നത് നോക്കിയേ’ എന്ന്.
2003ൽ സിദ്ദിഖ് ലാലിന്റെ ‘ക്രോണിക് ബാച്ച്ലർ’ ഷൂട്ട് തുടങ്ങാൻ പോവുന്നു. സിദ്ദിഖ് വിളിച്ചിട്ട് പറഞ്ഞു, “ലിസ്റ്റ് പ്രകാരം നോക്കുമ്പോൾ അസിസ്റ്റന്റസ് ഡയറക്ടേഴ്സ് വളരെ കൂടുതലാണ്. പതിനൊന്നു പേരോളമുണ്ട്, മൂന്നുപേരെയെങ്കിലും പറഞ്ഞുവിടേണ്ടി വരും, അവരെ നമുക്ക് അടുത്ത പടത്തിൽ വിളിക്കാം. എല്ലാവരുമെനിക്ക് വേണ്ടപ്പെട്ടവരാണ്, അവരോട് പറ്റില്ലെന്നു പറയാൻ ബുദ്ധിമുട്ടുണ്ട്. ഒന്നു സംസാരിച്ച് എട്ടുപേരായി ചുരുക്കാൻ നോക്കൂ.” ഞാൻ അവരോടൊക്കെ സംസാരിച്ച് എട്ടുപേരെ തീരുമാനമാക്കി. അന്ന് ഞാൻ കൊച്ചിയിലുണ്ട്, വീട്ടിൽ വന്ന് അത്താഴം കഴിച്ചോണ്ടിരിക്കുമ്പോൾ സൗബിൻ വന്നു പറഞ്ഞു. “വാപ്പാ… എന്നാ ഷൂട്ട് തുടങ്ങുന്നത്. ഞാൻ വരാട്ടോ, അസിസ്റ്റന്റ് ആവാൻ.” ഞാനാകെ ബുദ്ധിമുട്ടിലായി, മൂന്നുപേരെ പറഞ്ഞുവിട്ടതേയുള്ളൂ, ഇവനോട് പറ്റില്ലെന്ന് പെട്ടെന്ന് പറയാനും വയ്യ.
ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേദിവസം, ഒടുവിൽ ഞാൻ സിദ്ദിഖിനോട് പതിയെ സൗബിന്റെ കാര്യം സൂചിപ്പിച്ചു. ‘അവൻ പ്ലസ് ടു പഠനമൊക്കെ കഴിഞ്ഞ് നിൽക്കുകയാണ്. അസിസ്റ്റന്റാവണം എന്നൊക്കെ പറയുന്നുണ്ട്.’ അതിനെന്താ വരാൻ പറ എന്നാണ് സിദ്ദിഖ് പറഞ്ഞത്. പിറ്റേ ദിവസം തന്നെ പെട്ടിയുമെടുത്ത് അവൻ ലൊക്കേഷനിലെത്തി. അവിടുന്നങ്ങോട്ട് അവനങ്ങു കയറിപ്പോയി. നേരെ റാഫി മെക്കാർട്ടിന്റെ ‘പാണ്ടിപ്പട’യിലാണ് ജോയിൻ ചെയ്തത്. സിദ്ദിഖിന്റെ ലൊക്കേഷനിൽ പാച്ച് വർക്ക് ചെയ്യാൻ എത്തിയതായിരുന്നു അമൽ നീരദ്, പിന്നെ നോക്കുമ്പോൾ സൗബിൻ അമലുമായി കട്ട കമ്പനി. അമൽ നീരദ്, ആഷിഖ് അബു, അൻവർ റഷീദ് ആ ഒരു ബെൽറ്റിലേക്ക് അവനും ചേർന്നു. ഒരിക്കൽ നടൻ ലാലെന്നോടു പറഞ്ഞു, അമൽ നീരദിന്റെ ‘അൻവർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ‘ബാബു ചെറുപ്പത്തിൽ കാണിച്ചതൊക്കെ അവനും കാണിക്കുന്നു, അവനെ കാണുമ്പോഴൊക്കെ പഴയ കാലമാണ് ഓർമ വരിക’ എന്ന്.

അസിസ്റ്റന്റായി നടക്കുന്നതിനിടയിൽ, ഒരു ദിവസം അവൻ വന്നിട്ട് പറഞ്ഞു, ഞാനൊരു പടം സംവിധാനം ചെയ്യാൻ പോവാണെന്ന്. ‘അവിടെ വരെ എത്തിയോ നീ?’ എന്ന് അമ്പരപ്പോടെ ചോദിച്ചപ്പോൾ ദുൽഖർ സൽമാനാണ് അതിൽ നായകനെന്നു പറഞ്ഞു. അന്ന് കൊടൈക്കനാലിൽ ‘കയ്യെത്തുംദൂരത്തി’ന്റെ സെറ്റിൽ വച്ച് പെരുമാറിയ രീതി കണ്ടപ്പോഴേ അവൻ സിനിമയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. പിന്നെ എല്ലാവരെയും അസിസ്റ്റ് ചെയ്തു സിനിമയ്ക്കു പിന്നാലെ ഓടിനടക്കുമ്പോൾ ഒരു നാൾ സംവിധായകനാവും എന്നും തോന്നിയിരുന്നു, പക്ഷേ, നടൻ എന്ന രീതിയിലേക്ക് അവൻ വളരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല.

സൗബിനെ നടനാക്കിയ ഫഹദ്
ആദ്യം ഫഹദിനെ വച്ചാണ് ‘പറവ’ പ്ലാൻ ചെയ്തത്. ഫഹദിനോട് അവൻ കഥ പറയാൻ പോവുമ്പോൾ ‘അന്നയും റസൂലും’ തുടങ്ങാനിരിക്കുകയാണ്. രാജീവ് രവിയോട് ഫഹദ് ചോദിച്ചു, ‘ആ ആംഗ്ലോ ഇന്ത്യൻ കഥാപാത്രം സൗബിനെ കൊണ്ട് ചെയ്യിപ്പിച്ചാലോ?’. ഞാനില്ല എന്നു പറഞ്ഞ് അവനാദ്യം ഒഴിഞ്ഞുമാറി. പക്ഷേ നീ ചെയ്താൽ മതിയെന്ന് പറഞ്ഞ് ഷാനു പിടിച്ച പിടിയാലെ അവനെകൊണ്ട് സമ്മതിപ്പിച്ചെടുത്തു. ആദ്യത്തെ രണ്ടുമൂന്നു ഷോട്ടുകൾ കഴിഞ്ഞപ്പോൾ ഷാനു എന്നെ വിളിച്ച്, ‘ബാബുക്കാ…അവൻ കലക്കിയിട്ടുണ്ട്’ എന്നു പറഞ്ഞു.
‘അവനെ വെറുതെ പിടിച്ച് നടനാക്കിയതെന്തിനാ, അവനൊരു പടം ചെയ്യാൻ നടക്കുകയല്ലേ?’ എന്ന എന്റെ ചോദ്യത്തിന്, ‘അതൊക്കെ നടക്കും ബാബുക്കാ, അവൻ അഭിനയിക്കുകയും ചെയ്യട്ടെന്നെ’ എന്നായി ഫഹദ്. പിന്നെ ‘ചാർലി,’ ‘പ്രേമം’ ഒക്കെ വന്നപ്പോഴേക്കും നടനെന്ന രീതിയിൽ അവൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. രഞ്ജിത്തിന്റെ ‘ലോഹം’ ഫോർട്ട് കൊച്ചിയിൽ നടക്കുന്നു, അതിൽ ഒരു ചെറിയ സീനിൽ അവനും അഭിനയിക്കുന്നുണ്ട്. ‘അവനെ ഇങ്ങനെ കൊച്ചാക്കല്ലേ, കുറച്ചു കൂടി റോൾ കൊടുക്കൂ’ എന്ന് മോഹൻലാൽ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. മമ്മൂക്ക അതുപോലെ ഒരിക്കൽ എന്നെ വിളിച്ചിട്ട് ‘അവൻ നന്നായി അഭിനയിക്കുന്നുണ്ട്, സംവിധാനമൊക്കെ ചെയ്തോട്ടെ, പക്ഷേ അഭിനയം നിർത്തരുതെന്ന് പറയണമെന്ന്,’ പറഞ്ഞു.
സൗബിന്റെ പടങ്ങളിൽ ‘കുമ്പളങ്ങി നൈറ്റ്സി’ലെ സജിയെന്ന കഥാപാത്രത്തെയാണ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കേറ്റവും ഇഷ്ടം. കൃത്യമായൊരു ഗ്രോത്തുള്ള കഥാപാത്രമാണത്. തമിഴനായ ആ ചങ്ങാതിയുടെ മരണത്തോടെ സജി മാറുകയാണ്. അതിനു ശേഷം അയാളുടെ ഭാര്യയോട് പോയി സംസാരിക്കുമ്പോഴും, എനിക്കെന്തോ കുഴപ്പമുണ്ടെന്ന് സഹോദരനോട് പറയുന്നിടത്തും, ഡോക്ടറോട് സംസാരിക്കുമ്പോഴുമൊക്കെ ഏറെ വേരിയേഷൻ കാണാം. അവിടെയൊക്കെ അവനിലെ നടന്റെ റേഞ്ച് കാണാം, ഇമോഷൻസ് ഒക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നാറുണ്ട്. അതു പോലെ ‘സുഡാനി ഫ്രം നൈജീരിയ’യും എനിക്കിഷ്ടപ്പെട്ട സൗബിൻ ചിത്രമാണ്.
കൂട്ടത്തിൽ എനിക്ക് ഇഷ്ടപ്പെടാതെ പോയൊരു കഥാപാത്രം ‘സിബിഐ5’ലേതാണ്. വളരെ മോശമായിരുന്നു ആ കഥാപാത്രം. സത്യത്തിൽ ഞാൻ റെക്കമെന്റ് ചെയ്തിട്ടാണ് അവൻ വന്നത് അഭിനയിച്ചത്. പക്ഷേ, ആ കഥാപാത്രം ചെയ്യാൻ അവിടെയൊരു വിട്ടു കൊടുക്കൽ ഇല്ലാതായി പോയെന്ന് എനിക്കു തോന്നുന്നു. ഇതാണ് വേണ്ടത് എന്ന് ക്ലാസ് കൊടുക്കുമ്പോഴാണ് പലപ്പോഴും അവന്റെ കയ്യിൽ നിന്നും കൺട്രോൾ പോവുന്നത്. പല സിനിമകളിലും അത് പറ്റിയിട്ടുണ്ട്.’

തനിക്കൊപ്പം വളർന്ന മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരപ്പനാണ് താനെന്ന് ബാബു ഷാഹിർ പറയുന്നു. “സ്കൂൾ കാലത്തൊക്കെ സ്ട്രിക്റ്റ് ആയൊരു അപ്പനായിരുന്നു ഞാൻ. പക്ഷേ പുറമെ കാണിക്കുന്ന ആ ദേഷ്യത്തിനപ്പുറം ഉള്ളിന്റെയുള്ളിൽ അവരോട് ഇഷ്ടമാണെന്ന് അവർക്കറിയാം. ഇപ്പോൾ അവരാണെന്നെ സ്നേഹിച്ചു തോൽപ്പിക്കുന്നത്. എല്ലാവരും കയ്യെത്തും ദൂരത്ത് തന്നെയുണ്ട്. ഓരോ വീക്കെൻഡും എല്ലാവരും കൂടി വീട്ടിലേക്ക് വരും. പിന്നെയിവിടെ ആഘോഷമാണ്. ചിലപ്പോൾ തോന്നും, ഞാനെന്റെ ഉമ്മയേയും ബാപ്പയേയുമൊന്നും ഇത്രയധികം സ്നേഹിച്ചിട്ടില്ലല്ലോ എന്ന്. അത്രയ്ക്ക് സ്നേഹം കൊടുക്കാൻ എനിക്കു പറ്റിയില്ലല്ലോ എന്നോർക്കും.”