Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

സിനിമയെന്നാല്‍ എനിക്ക്: അംബികാ റാവു ജീവിതം പറയുന്നു

‘എത്രയോ കാലങ്ങളായി സിനിമയിൽ പെട്ട് എവിടെയും എത്താതെ പോകുന്ന എത്രയോ പേരുണ്ട്. ഞാനൊക്കെ അക്കൂട്ടത്തിൽ പെടുന്ന ആളാണ്,’ അംബികാ റാവു ജീവിതം പറയുന്നു

ambika rao, ambika rao actress, ambika rao kumbalangi nights, ambika rao wikipedia, malayalam film industry, women in malayalam cinema, ambika rao interview, ambika rao films, അംബിക റാവു, അംബികാ റാവു, ഐഇ മലയാളം, iemalayalam

International Women’s Day 2020: ഒരുപക്ഷേ മലയാള സിനിമയിലെ സജീവമായ ആദ്യ വനിത സഹസംവിധായികയായിരിക്കും അംബിക റാവു. ബാലചന്ദ്രൻ മേനോൻ മുതൽ ആഷിഖ് അബു വരെയുള്ളവരുടെ സിനിമകളുടെ പിന്നിലെ സാന്നിദ്ധ്യമായിരുന്ന അംബികാ റാവുവിനെ മലയാളികൾക്ക് ഇന്ന് പരിചിതം, ‘കുമ്പളങ്ങി നൈറ്റ്സി’ലെ ബേബി മോളുടെയും സിമിയുടെയും അമ്മയായി​ ആവും. പതിനെട്ടു വർഷമായി സിനിമയുടെ അണിയറയിലും അരങ്ങിലുമായാണ് ഈ തൃശൂർകാരിയുടെ ജീവിതം.

അപ്രതീക്ഷിതമായി എത്തിയ അസുഖവുമായുള്ള പോരാട്ടത്തിലാണ് അംബിക റാവു ഇപ്പോള്‍. അഭിമുഖത്തിനായി, തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനരികിലെ ഫ്ളാറ്റിലെത്തുമ്പോൾ തലേ ദിവസത്തെ ഡയാലിസിസിന്റെ ക്ഷീണത്തിലായിരുന്നു അവർ. കൊച്ചിയിലെ സിനിമാസൗഹൃദങ്ങളും ഫ്ളാറ്റുമെല്ലാം വിട്ട് ചികിത്സാർത്ഥം തൃശൂരിലേക്ക് കൂടുമാറിയിരിക്കുകയാണ്. സംസാരം സിനിമയെക്കുറിച്ചായപ്പോൾ അസുഖത്തിന്റെ ക്ഷീണത്തിലും അവർ ഉന്മേഷവതിയായി. രണ്ടു പതിറ്റാണ്ടോളം മലയാള സിനിമയുടെ ഓരം ചേർന്നുള്ള യാത്രയും അനുഭവങ്ങളും അവർ ഓർത്തെടുത്തു.

അവരുടെ കഥയില്‍ മലയാള സിനിമയിലെ അതികായന്മാര്‍ മുതല്‍ തുടക്കക്കാര്‍ വരെ കഥാപാത്രങ്ങളായി. രണ്ടു ദശാബ്ദത്തോളം വരുന്ന സിനിമാ അനുഭവങ്ങളുടെ തിരിച്ചറിവുകള്‍ സന്തോഷമായും ചിലപ്പോള്‍ സങ്കടമായും അവരുടെ വാക്കുകളില്‍ പടര്‍ന്നു. സ്വന്തമായൊരു സിനിമ, എന്ന് പറയുമ്പോഴെല്ലാം മുഖത്ത് പ്രത്യാശയും ഓജസ്സും തെളിഞ്ഞു വന്നു. ആ പ്രതീക്ഷയുടെ വെളിച്ചത്തിലാണ് അവരുടെ ജീവിതം എന്ന് പോലും തോന്നി. സഹോദരങ്ങൾക്കൊപ്പം തൃശൂർ രാഗം തിയേറ്ററിൽ പൊരിവെയിലിൽ സിനിമ കാണാനായി മണിക്കൂറുകളോളം കാത്തു നിന്നിരുന്ന പെൺകുട്ടിയിൽ നിന്നും ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിൽ വരെ എത്തി നിൽക്കുന്ന സിനിമാ-ജീവിതയാത്രയെ കുറിച്ച് അംബികാ റാവു മനസ്സ് തുറക്കുന്നു.

ambika rao, ambika rao actress, ambika rao kumbalangi nights, ambika rao wikipedia, malayalam film industry, women in malayalam cinema, ambika rao interview, ambika rao films, അംബിക റാവു, അംബികാ റാവു, ഐഇ മലയാളം, iemalayalam
അംബികാ റാവു

സിനിമ കാണല്‍ ആഘോഷമാക്കിയ പെണ്‍കുട്ടി

സിനിമ കാണൽ കുട്ടിക്കാലം മുതൽ തന്നെ ഇഷ്ടമാണ്. ഒരു സിനിമാ ഭ്രാന്തിയായിരുന്നു. അന്ന്, തൃശൂർ പോലൊരു സ്ഥലത്ത് പെൺകുട്ടികൾ തനിയെ സിനിമയ്ക്ക് പോവുന്ന പരിപാടിയൊന്നുമില്ല. പക്ഷേ വീട്ടിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്റെ അച്ഛൻ മറാത്തിയാണ്, പുറത്തൊക്കെ പോയി പരിചയമുള്ള ആളായതു കൊണ്ട് ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നാണ് വളർത്തിയത്. പക്ഷേ, അമ്മയ്ക്ക് ഞങ്ങൾ സിനിമയ്ക്ക് പോവുന്നതൊന്നും അത്ര ഇഷ്ടമില്ലായിരുന്നു. ഞങ്ങൾ സിനിമയ്ക്ക് പോവാൻ തുടങ്ങിയതോടെ അടുത്തുള്ള വീടുകളിലെ കുട്ടികളെയും ഞങ്ങളുടെ കൂടെ വിടാൻ തുടങ്ങി. അങ്ങനെ ഞങ്ങളുടെയൊരു ഗ്രൂപ്പ് തന്നെയുണ്ടായി.

രാഗം തിയേറ്ററിലൊക്കെ പോയി വെയിലും കൊണ്ട് മണിക്കൂറുകളോളം ഗെയിറ്റ് തുറക്കാൻ കാത്തു നിന്നതൊക്കെ ഇപ്പോഴും ഓർമ്മയുണ്ട്. ഗെയിറ്റ് തുറക്കുമ്പോൾ ഒരോട്ടമാണ്, ആ ഓട്ടത്തിൽ ചിലപ്പോൾ ചെരിപ്പൊക്കെ തെറിച്ചു പോവും. എത്ര ആൾക്കൂട്ടത്തിലും ഞാനെങ്ങനെയെങ്കിലും മൂന്നാമതോ നാലാമതോ ആയി കയറിപ്പറ്റും. അങ്ങനെയാണ് അക്കാലത്ത് സിനിമ കണ്ടുകൊണ്ടിരുന്നത്.

അച്ഛനിലൂടെ കിട്ടിയ കലാഭിരുചി

മഹാരാഷ്ട്രയിൽ നിന്നും ട്രാൻസ്ഫർ ആയി തൃശൂരിൽ എത്തിയ ആളായിരുന്നു അച്ഛൻ. എന്റെ അമ്മയുടെ വീടിന്റെ മുന്നിലെ വീട്ടിലായിരുന്നു അച്ഛൻ അക്കാലത്ത് വാടകയ്ക്ക് താമസിച്ചത്. അച്ഛന് അന്ന് മലയാളം ഒട്ടും അറിയില്ല, സംസാരിക്കാനും മിണ്ടി പറഞ്ഞിരിക്കാനും അടുത്താരുമില്ല. എന്റെ മുത്തച്ഛൻ ഹെഡ്മാഷായിരുന്നു. ഇംഗ്ലീഷിലെങ്കിലും സംസാരിക്കാമല്ലോ എന്നോർത്ത് അച്ഛൻ മുത്തച്ഛന്റെ അടുത്ത് വരും. അങ്ങനെയാണ് അമ്മയും അച്ഛനും കാണുന്നതും ഇഷ്ടപ്പെടുന്നതും.

അവരുടെ കല്യാണം ഉറപ്പിച്ചപ്പോൾ ആദ്യം ബന്ധുക്കൾക്കൊക്കെ ഇഷ്ടക്കേട് ഉണ്ടായിരുന്നു, ‘ഈ വാര്യർമാര് എന്തിനാ മകളെ മലയാളം അറിയാത്ത ആൾക്ക് കെട്ടിച്ചു കൊടുക്കുന്നത്,’ എന്നൊക്കെയായിരുന്നു മുറുമുറുപ്പെന്ന് കേട്ടിട്ടുണ്ട്. മുത്തച്ഛൻ പക്ഷേ അടിപൊളി കക്ഷിയായിരുന്നു, ‘വേണേൽ വന്ന് സദ്യ ഉണ്ട് പൊയ്ക്കൊള്ളൂ. എന്റെ മകളെ പോറ്റാൻ പറ്റുന്ന ആളാണോ എന്നെ ഞാൻ നോക്കുന്നുള്ളൂ’ എന്നൊക്കെ പറഞ്ഞ് കല്യാണം നടത്തി. തമാശ എന്താണെന്നു വെച്ചാൽ, കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അമ്മേടെ വീട്ടുകാർക്ക് അച്ഛനില്ലാതെ യാതൊരു പരിപാടിയുമില്ല എന്നായി. റാവു ചേട്ടൻ എന്നാണ് വിളിക്കുക. കുടുംബത്തിലെ പ്രണയകേസുകൾ ഒക്കെ സഹായത്തിനും ഉപദേശത്തിനും അച്ഛനെയായിരുന്നു തേടിയെത്തിയിരുന്നത്.

ആറു മക്കളാണ് ഞങ്ങൾ. ഞാൻ അഞ്ചാമത്തെയാളാണ്. അച്ഛന് പൊതുവെ കലകളോടെല്ലാം താൽപ്പര്യമുണ്ടായിരുന്നു. നാലു വയസ്സു മുതൽ ചേച്ചിയെ ഡാൻസ് പഠിപ്പിക്കാൻ തുടങ്ങി. ചേച്ചി വസന്ത അരവിന്ദ് ഒരു ക്ലാസിക്കൽ ഡാൻസറാണ്. ചേച്ചിയുടെ ഡാൻസ് പരിപാടികൾ, അതിന്റെ റിഹേഴ്സൽ ഒക്കെയായി വീട്ടിലെപ്പോഴും കലയുടേതായ ഒരു പരിസരമായിരുന്നു. പോരാത്തതിന്, ചേട്ടനും അനിയനും തബലയും മൃദംഗവുമൊക്കെ പഠിക്കുന്നുണ്ടായിരുന്നു. ചെണ്ടപ്പുറത്ത് കോല് വീഴുന്ന എല്ലാ പരിപാടികൾക്കും അച്ഛൻ ഞങ്ങളെ കൊണ്ടു പോവും. ചിലപ്പോൾ ശാസ്ത്രീയ സംഗീതം കേൾക്കാൻ, ക്ലാസ്സിക്കൽ ഡാൻസ് കാണാൻ… അന്ന് അതിന്റെ ഒന്നും വാല്യു നമുക്കറിയില്ല. പിന്നീടാണ് എത്ര മാത്രം ഭാഗ്യം നിറഞ്ഞ ദിവസങ്ങളായിരുന്നു അതെന്ന് മനസ്സിലായത്.

മുപ്പത്തിയാറാം വയസ്സിൽ സിനിമയിലേക്ക്

കോളേജ് പഠനമൊക്കെ കഴിഞ്ഞ് ഞാൻ കോഴിക്കോട് ജോലിയ്ക്ക് കയറി. അന്ന് കമ്പ്യൂട്ടർ സെന്റർ ഒക്കെ വന്നു കൊണ്ടിരിക്കുന്ന സമയമാണ്. ടാറ്റാ എൻട്രി ഓപ്പറേറ്ററുടെ ജോലി ചെയ്തു കുറച്ചു കാലം, അന്നത് വലിയ സംഭവമാണ്. യാദൃശ്ചികമായി മോഹൻ കുപ്ലേരിയുടെ ഒരു സീരിയൽ ലൊക്കേഷനിൽ എത്തിപ്പെട്ടു. കൈരളിയിൽ വന്ന ‘യാത്ര’ എന്നൊരു സീരിയൽ. അതു വരെ ഷൂട്ടിംഗിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ല. ആദ്യമായൊരു ഷൂട്ടിംഗ് ലൊക്കേഷൻ കാണുന്നത് അതാണ്. ആ സീരിയലിന്റെ നിർമാതാവ് ചെലവൂർ വേണു എന്നെ അക്കൗണ്ട്സ് നോക്കാൻ വിളിപ്പിച്ചതായിരുന്നു. രാവിലെ തരുന്ന പൈസയൊക്കെ ഞാൻ വൈകുന്നേരമാകുമ്പോഴേക്കും ഡിസ്ട്രിബ്യൂട്ട് ചെയ്തു തീർക്കും. ഇതിങ്ങനെയല്ല ചെയ്യേണ്ടതെന്നൊക്കെ അദ്ദേഹം പറഞ്ഞു തരും. സത്യം പറഞ്ഞാൽ, എനിക്ക് അക്കൗണ്ട്സ് ഒന്നും നോക്കാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബോറടിച്ചു. അപ്പോഴാണ്, എന്നെ അസിസ്റ്റന്റ് ഡയറക്ടർ ആക്കാവോ എന്നു ചോദിക്കുന്നത്. ഒരു ഷെഡ്യൂളിൽ ചുറ്റിപ്പറ്റി നിന്ന് ഏതാണ്ട് കാര്യങ്ങളൊക്കെ കണ്ട് മനസ്സിലാക്കി.

അതിനിടയിൽ ഒരിക്കൽ ബാലചന്ദ്രൻ മേനോൻ സാറിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ അസിസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അടുത്ത പടത്തിൽ നോക്കാം എന്നായി അദ്ദേഹം. അദ്ദേഹത്തിന്റെ ‘കൃഷ്ണ ഗോപാലകൃഷ്ണാ’ എന്ന ചിത്രത്തിലാണ് ഞാനാദ്യമായി അസിസ്റ്റ് ചെയ്യുന്നത്. ഇന്നത്തെ സിനിമാ സെറ്റൊന്നുമല്ല അക്കാലത്ത്. ഭയങ്കര സ്ട്രിക്റ്റ് ആണ്. ഇന്ന ടൈപ്പ് ഡ്രസ്സ് മാത്രമേ പാടുള്ളൂ, സ്ലീവ് ലെസ് ഡ്രസ് പാടില്ല അങ്ങനെ കുറേ നിബന്ധനകൾ ഒക്കെയുണ്ടായിരുന്നു പല സെറ്റുകളിലും. എല്ലാ സെറ്റും ഒരു പോലെയായിരുന്നു എന്നല്ല പറയുന്നത്. ‘ക്യാപ്റ്റൻ ഓഫ് ദ ഷിപ്പ്’ എന്നാണല്ലോ സംവിധായകനെ പറയുക. നിർമാതാക്കളുടെയോ സംവിധായകന്റെയോ വ്യക്തിപരമായ ശീലങ്ങളോ ചിട്ടകളോ ഒക്കെയായിരിക്കും ഓരോ സെറ്റിലും പ്രതിഫലിക്കുക.

അന്നത്തെ സെറ്റുകൾ വച്ചു നോക്കുമ്പോൾ, ഇന്നത്തെ സെറ്റുകളിൽ വർക്ക് ചെയ്യുന്ന പെൺകുട്ടികൾ കുറച്ചു കൂടി ഭാഗ്യമുള്ളവരാണ്. അന്ന് പകുതി പേർക്കും സ്ത്രീകളെ എങ്ങനെ ഡീൽ ചെയ്യണം എന്നറിയില്ലായിരുന്നു. അണിയറയിൽ ജോലി ചെയ്യുന്ന സ്ത്രീകളും താരതമ്യേന കുറവായിരുന്നു. അതു കൊണ്ടു തന്നെ അടിച്ചമർത്താനുള്ള ഒരു ടെൻഡൻസിയും കൂടുതലായിട്ട് ഉണ്ടായിരുന്നു. അന്ന് ആകെ എടുത്തു പറയാൻ ശ്രീബാലയെ പോലെ വളരെ കുറച്ച് പെൺകുട്ടികളെ ഉള്ളൂ അസിസ്റ്റന്റ് ഒക്കെയായി വർക്ക് ചെയ്യാൻ. പെൺകുട്ടികളാകുമ്പോൾ പ്രായോഗികമായ ബുദ്ധിമുട്ടുകളുമുണ്ട്, അവർക്കൊരു റൂം കൊടുക്കണം, ആൺകുട്ടികളാണെങ്കിൽ അഞ്ചാറു പേർക്ക് ഒരു റൂം മതി. ഇതെല്ലാം പടത്തിന്റെ ബഡ്ജറ്റിനെ ബാധിക്കുമല്ലോ.

വിവാഹമോചിതയായതിനു ശേഷം, 36-ാം വയസിലാണ് ഞാൻ സിനിമയിലേക്കു വരുന്നത്. മകനെ അച്ഛന്റെയും അമ്മയുടെയും കൂടെയാക്കി. സിനിമയിൽ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും നിന്നത് അന്നത് ആവശ്യമായിരുന്നതു കൊണ്ടാണ്. പിന്നെ ആലോചിച്ചപ്പോൾ, സിനിമയിൽ മാത്രമല്ല കുഴപ്പം, എല്ലാ ഇൻഡസ്ട്രിയിലും അതുണ്ട്. മുൻപ് ഞാൻ ഹോട്ടൽ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്തിട്ടുണ്ട്. അവിടെയും ഇത്തരം പ്രശ്നങ്ങളുണ്ട്, ആണും പെണ്ണും ഒന്നിച്ച് ജോലി ചെയ്യുന്ന എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങൾ ഇല്ലേ?

എന്തൊക്കെ പറഞ്ഞാലും ഡബ്ല്യൂസിസിയൊക്കെ വന്നതോടെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പൊളിറ്റിക്കൽ കറക്ട്നസ്സിനെ കുറിച്ചൊക്കെ ചെറിയൊരു ബോധമെങ്കിലും ഉണ്ടായിട്ടുണ്ട് സിനിമാലോകത്തും എഴുത്തുകാർക്ക് ഇടയിലുമൊക്കെ. ഒരു മാറ്റവും വരാത്തവർ ഇപ്പോഴുമുണ്ടെങ്കിലും കുറച്ചു പേരെങ്കിലും മാറി ചിന്തിക്കുന്നുണ്ട് എന്നത് നല്ല കാര്യമാണ്. മലയാളസിനിമയുടെ ആറ്റിറ്റ്യൂഡ് മാറുന്നുണ്ട്. സ്ത്രീകൾക്കും സ്‌പേസ് ഉണ്ടിന്ന്. ബി ഉണ്ണികൃഷ്ണനെ പോലെയുള്ള സംവിധായകരൊക്കെ ഒരു ഫീമെയിൽ ഡയറക്ടറുടെ പടം നിര്‍മ്മിക്കുന്നു, അതൊക്കെ വളരെ പോസിറ്റീവ് ആയ വാർത്തകളായാണ് ഞാൻ കാണുന്നത്. സിനിമയെ സീരിയസായി സമീപിക്കുന്ന പെൺകുട്ടികൾക്ക് ഇന്ന് കുറച്ചു കൂടി പ്രോത്സാഹനപൂര്‍വ്വമായ അന്തരീക്ഷമുണ്ട്.

മുൻപ് അതല്ലാതിരുന്നു സ്ഥിതി, സിനിമയ്ക്ക് അകത്തെ പ്രശ്നങ്ങളെ അഡ്രസ് ചെയ്യാനോ എന്തിന് പ്രശ്നങ്ങളാണെന്ന് മനസ്സിലാക്കാനോ പോലും പലർക്കും കഴിഞ്ഞിരുന്നില്ല. അത്തരം അടിച്ചമർത്തിയുള്ള പെരുമാറ്റങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന ചിന്ത കൂടി പലരിലും ഉണ്ടായിരുന്നില്ല. ഞാനൊക്കെ പ്രതികരിക്കുന്നതു കൊണ്ട് ആളുകൾക്ക് അന്ന് ഭയങ്കര ദേഷ്യമായിരുന്നു. ഇഷ്ടപ്പെടാത്തത് ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നതും പണം കണക്ക് പറഞ്ഞ് വാങ്ങുന്നതുമൊന്നും ആർക്കും താൽപ്പര്യമുള്ള കാര്യമായിരുന്നില്ല.

ambika rao, ambika rao actress, ambika rao kumbalangi nights, ambika rao wikipedia, malayalam film industry, women in malayalam cinema, ambika rao interview, ambika rao films, അംബിക റാവു, അംബികാ റാവു, ഐഇ മലയാളം, iemalayalam
വിമലാ രാമനുമൊത്ത്

അന്യഭാഷാ താരങ്ങളുടെ പ്രിയപ്പെട്ട ഭാഷാ സഹായി

വിനയൻ സാറിന്റെ ‘വെള്ളിനക്ഷത്രം’ സിനിമയിൽ തരുണി സച്ച്ദേവ് എന്ന കുട്ടിയെ മലയാളം പഠിപ്പിക്കുക എന്നൊരു ജോലി തേടിയെത്തി. അതൊരു തുടക്കമായിരുന്നു. ആ കുട്ടിയെ കൊണ്ട് സിനിമയ്ക്കു വേണ്ട മലയാളം ഡയലോഗുകൾ പഠിപ്പിച്ച് പറയിപ്പിക്കുക എന്നതായിരുന്നു എന്റെ ജോലി. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് കൊണ്ട് ആദ്യം കുറച്ചു ബുദ്ധിമുട്ടി, പക്ഷേ അതൊരു മിടുക്കി കുട്ടിയായിരുന്നു, ‘സിനിമാ കൊച്ച്’ എന്നൊക്കെ പറയുന്നതു പോലെ. പെട്ടെന്ന് പഠിച്ചെടുത്തു. ക്യാമറയുടെ മുന്നിൽ അസാധ്യപ്രകടനം ആയിരുന്നു. അതു വരെ പിന്നാലെ നടന്നാലും ക്യാമറയ്ക്ക് മുന്നിലെത്തിയാൽ വേറെ ഒരാളാണ്, അതിനിടയിൽ നമ്മളെന്തെങ്കിലും പറഞ്ഞു കൊടുക്കാൻ ചെന്നാൽ ‘ഐ നോ ഐ നോ’ എന്നു പറഞ്ഞ് കളയും.

അമ്പിളി ചേട്ടൻ അന്ന് പറയുമായിരുന്നു, അംബിക ആ കുട്ടിയെ സ്വന്തം കുട്ടിയെ പോലെയാണല്ലോ കൊണ്ടു നടക്കുന്നതെന്ന്. സെറ്റിൽ പലരുടെയും വിചാരം അതെന്റെ മോളാണ് എന്നായിരുന്നു. അവര് ജൈനമത വിശ്വാസികളായിരുന്നു. വേരു പോലുള്ള ഭക്ഷണങ്ങൾ ഒന്നും കഴിക്കില്ല. ഷൂട്ടിംഗ് കഴിഞ്ഞ് പോയപ്പോഴും അവർ ഹാപ്പി ആയിരുന്നു. പിന്നീട് ‘സത്യം’ എന്ന സിനിമയുടെ ഷൂട്ടിന് വരും മുൻപും ഞാനുണ്ടാകുമോ എന്നൊക്കെ അന്വേഷിച്ചിട്ടാണ് വരുന്നത്.

ആ കുട്ടിയുടെ മരണ വാർത്ത പിന്നീട് കേട്ടപ്പോൾ ഭയങ്കര ഷോക്കായിരുന്നു. ഇത്ര വർഷം കഴിഞ്ഞിട്ടും ആ കുട്ടിയുടെ മുഖം അതു പോലെ ഓർമ്മയിലുണ്ട്. തരുണിയ്ക്ക് ഒപ്പം അമ്മയും ആ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. ഏറെ ഭക്തിയുള്ളൊരു സ്ത്രീയായിരുന്നു, എപ്പോഴും ജപിച്ചുകൊണ്ടിരിക്കുന്ന ഒരു അമ്മ. ഏതോ അമ്പലത്തിൽ പോയി വരുമ്പോഴാണ് ആ മരണമെന്നതാണ് മറ്റൊരു ട്രാജഡി.

പിന്നീട് കുറേയേറെ അന്യഭാഷാ നടിമാരുടെ ഭാഷാസഹായി ആയി. ‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിൽ ലയ, ‘രാജമാണിക്യം’ സിനിമയിൽ പത്മപ്രിയ, ചിത്ര ഷേണായി, ‘പ്രണയം’ എന്ന സിനിമയിൽ ജയപ്രദ, അനുപം ഖേർ, ആഷിഖിന്റെ ‘ഡാഡി കൂളി’നു വേണ്ടി റിച്ച, കുറേയേറെ ചിത്രങ്ങൾക്ക് ലക്ഷ്മി റായി എന്നിവരെയെല്ലാം മലയാളം പഠിപ്പിച്ചു.

‘പോത്തൻ വാവ’യ്ക്ക് വേണ്ടി ഉഷാ ഉതുപ്പിനെ സഹായിച്ചത് രസകരമായൊരു അനുഭവമായിരുന്നു. ഞാൻ ചെല്ലും മുൻപെ അവര് റെഡിയായി നിൽപ്പുണ്ടാവും, മൊത്തം ടെൻഷനിലാവും. ടെൻഷൻ കയറുമ്പോൾ അവര് നഖം കടിക്കാൻ തുടങ്ങും. ടെൻഷൻ കൊണ്ട് നഖമൊക്കെ കടിച്ച് ഒരുവിധമായിട്ടുണ്ടാവും. ഞാൻ ഡയലോഗ് പറഞ്ഞു കൊടുക്കുമ്പോൾ, ‘അയ്യോ! മക്കളുടെ അടുത്ത് എങ്ങനെയാ ഈ ഡയലോഗ് പറയുക,’ എന്നൊക്കെ ചോദിക്കും. ‘എന്റെ പൊന്നുചേച്ചി, ഇത് നിങ്ങളല്ല പറയുന്നത്, കഥാപാത്രമല്ലേ,’ എന്നൊക്കെ ചോദിച്ച് ഞാൻ സമാധാനിപ്പിക്കും. വളരെ പോസിറ്റീവ് ആയൊരു വ്യക്തിയായിരുന്നു അവർ. അവരൊന്നുമായും സൗഹൃദം സൂക്ഷിക്കാൻ ഞാൻ ശ്രമിച്ചില്ല, പൊതുവെ ‘കീപ്പ് ഇൻ ടച്ച്’ സ്വഭാവമൊക്കെ കുറവാണ് എനിക്ക്. അല്ലെങ്കിലും ഇതൊന്നും ‘താങ്ക്ഫുൾ ജോബ്’ അല്ലല്ലോ.

കഴിഞ്ഞ ദിവസം എന്നോട് രമേഷ് പിഷാരടി ചോദിച്ചു, സിങ്ക് സൗണ്ടും കാര്യങ്ങളും ഒക്കെ ആയതിൽ പിന്നെ, മലയാളി നടികൾ കൂടുതലായി വന്ന് അഭിനയിക്കാൻ തുടങ്ങിയതോടെ ചേച്ചിക്ക് പണി കുറഞ്ഞല്ലേ എന്ന്? ഞാൻ ചിരിച്ചു പോയി അത് കേട്ടിട്ട്.

ambika rao, ambika rao actress, ambika rao kumbalangi nights, ambika rao wikipedia, malayalam film industry, women in malayalam cinema, ambika rao interview, ambika rao films, അംബിക റാവു, അംബികാ റാവു, ഐഇ മലയാളം, iemalayalam
ഉഷാ ഉതുപ്പുമൊത്ത് അംബികാ റാവു

സിനിമയെന്ന സ്വപ്നത്തിന് ചിറകുകൾ സമ്മാനിച്ച ചെറുപ്പക്കാര്‍

ആദ്യകാലത്ത് അസിസ്റ്റന്റായി നിൽക്കുമ്പോഴും സ്വന്തം സിനിമ എന്ന സ്വപ്നത്തെ കുറിച്ച് സീരിയസായി ചിന്തിച്ചിരുന്നില്ല. കുറേ ബാധ്യതകളുണ്ടായിരുന്നു അന്ന്. ഭർത്താവ് ഉണ്ടാക്കി വച്ച കടങ്ങൾ, കേസുകൾ അങ്ങനെ കുറേ പ്രശ്നങ്ങൾ. അന്നൊക്കെ അതിജീവനം മാത്രമായിട്ടാണ് സിനിമയെ കണ്ടു കൊണ്ടിരുന്നത്. ഇടയ്ക്ക് അഭിനയിക്കാൻ വിളിക്കുമ്പോൾ അതിനു പോവും. പിന്നീട് കുറച്ചു കൂടി ചെറുപ്പക്കാരായ കുട്ടികളുടെ കൂടെ വർക്ക് ചെയ്യാൻ തുടങ്ങിയതിനു ശേഷമാണ് നമ്മൾ കണ്ട ലോകം, ലോകപരിചയം അതൊക്കെ വെച്ച് ഒരു സിനിമയൊക്കെ ചെയ്തു നോക്കാം എന്ന് ആലോചിച്ചു തുടങ്ങിയത്.

അൻവർ റഷീദ്, അമൽ നീരദ്, ആഷിഖ് അബു പോലുള്ള ചെറുപ്പക്കാർ ഒക്കെ വരുന്നതിനു മുൻപെ, ഒരു സിനിമ തുടങ്ങുമ്പോൾ അവിടെ പോയി ജോലി ചെയ്തു തുടങ്ങുകയാണ് പതിവ്. അല്ലാതെ നമുക്ക് സജഷൻ പറയാനോ ത്രോട്ട് പ്രോസസിൽ ഭാഗമാവാനോ അവസരങ്ങളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. ഇവരൊക്കെ വന്നു തുടങ്ങിയതിനു ശേഷമാണ് അതിനൊരു മാറ്റം വന്നത്. ആഷിഖ്, ശ്യാം പുഷ്കരൻ, അൻവർ ഇവരുടെയൊക്കെ തുടക്കക്കാലം മുതലുള്ള പരിചയമാണ്. അവരൊക്കെ നമ്മളോട് കാര്യങ്ങൾ ചർച്ച ചെയ്യാനും നിർദേശങ്ങൾ ചോദിക്കാനും തുടങ്ങി. ഇതിങ്ങനെയായാൽ ശരിയാവുമോ, ഈ സിറ്റുവേഷനിൽ ഒരു സ്ത്രീ കഥാപാത്രം ചിന്തിക്കുന്നത് എങ്ങനെയായിരുക്കും? എന്നൊക്കെ ചോദിക്കും. സ്ത്രീ സൗഹൃദപരമായൊരു സിനിമാ അന്തരീക്ഷമാണ് അവർ ഒരുക്കിയത്. സ്ത്രീകളെ തുല്യരായി കാണുന്ന ആളുകൾ വരാൻ തുടങ്ങിയത് സ്ക്രിപ്റ്റുകളിലും വ്യക്തമായി കാണാവുന്ന മാറ്റമാണ്.

എല്ലാവരും ഒരുപാട് കഷ്ടപ്പെട്ട്, ഏറെ അനിശ്ചിതത്വങ്ങളിലൂടെ വന്നവരാണ്. നമ്മൾ പലപ്പോഴും നോക്കുന്നത് വിജയിച്ച ആളുകളെയാണ്, അതിനു മുൻപത്തെ കഷ്ടപ്പാടിന്റെ കാലം ആർക്കും അറിയില്ല. എത്രയോ കാലങ്ങളായി സിനിമയിൽ പെട്ട് എവിടെയും എത്താതെ പോകുന്ന എത്രയോ പേരുണ്ട്. ഞാനൊക്കെ അക്കൂട്ടത്തിൽ പെടുന്ന ആളാണ്, ഒരുപാട് കഴിവുണ്ട് എന്നല്ല പറയുന്നത്. ശ്രമങ്ങളൊക്കെ ഒരുപാട് നടത്തി നോക്കിയെങ്കിലും എവിടെയും എത്തിയില്ല. ഇപ്പോൾ ശാരീരികമായ പ്രശ്നങ്ങളും, ഇനി ഒരു സിനിമ ചെയ്യാനാവുമോ എന്നൊന്നും അറിയില്ല.

സിനിമാക്കാരുടെ ‘അഭയവീട്’

എനിക്ക് എപ്പോഴും എല്ലാവരെയും കൂടെ നിർത്താൻ ഇഷ്ടമാണ്. ഒറ്റയ്ക്ക് ജീവിക്കുന്നു എന്നൊക്കെ പറഞ്ഞാലും എനിക്കെപ്പോഴും ആൾക്കാർ കൂടെ വേണം. സിനിമയിൽ വർക്ക് ചെയ്യുന്ന കുറേ പെൺകുട്ടികൾ വരും, എറണാകുളത്ത് താമസിക്കാൻ സ്ഥലമില്ലാതെ പെട്ടുപോകുന്നവർ വരും. അങ്ങനെയങ്ങനെ എന്‍റെ വീടൊരു സിനിമാ വീടായി. കിടക്കാൻ ഒരിടമുണ്ടാകും എന്ന ഉറപ്പോടെയായിരുന്നു അവരൊക്കെ വന്നു കൊണ്ടിരുന്നത്. ഞാനേത് ഫ്ളാറ്റിൽ താമസിച്ചാലും ഇതു തന്നെ സ്ഥിതി. രണ്ടു വർഷമൊക്കെ റൂമേറ്റ്സ് ആയി കൂടെ താമസിച്ചവരൊക്കെ ഉണ്ട്. ജോമോൻ ടി ജോണിനെ പോലുള്ള കുട്ടികളൊക്കെ എത്രയോ കാലം വീട്ടിലുണ്ടായിരുന്നു.

ഓരോരുത്തരും വരുമ്പോൾ കേട്ട കഥകളും ചെയ്യാൻ പോകുന്ന സിനിമകളുടെ കഥകളുമൊക്കെ പറയും. എപ്പോഴും സിനിമയാൽ ചുറ്റപ്പെട്ട ഒരു അന്തരീക്ഷമായിരുന്നു അത്. അന്നൊക്കെ ഞാൻ വിചാരിച്ചു, ഞാൻ സിനിമ ചെയ്യുമ്പോൾ എല്ലാവരും സപ്പോർട്ടായി കൂടെയുണ്ടാവും എന്നൊക്കെ. അതൊക്കെ പക്ഷേ വെറുതെയായിരുന്നു, അത് വേറൊരു കഥയാണ് (ചിരിക്കുന്നു).

സ്ക്രിപ്റ്റ് ഒക്കെ എഴുതി റെഡിയാക്കിയതിനു ശേഷം, ആറേഴു വർഷത്തോളം ഞാനൊരു സിനിമ ചെയ്യാനായി നടന്നു. പ്രൊഡ്യൂസേഴ്സിനെ ആദ്യം ശരിയാക്കണോ, അതോ ആർട്ടിസ്റ്റിനെ കണ്ടെത്തണോ എന്നൊക്കെ ആയിരുന്നു ആദ്യത്തെ ടെൻഷൻ. ആർട്ടിസ്റ്റിനെ സമീപിക്കുമ്പോൾ, എപ്പോഴും കാണുന്നവരെ പോലും കഥ പറയാൻ കണ്ടുകിട്ടാത്ത ബുദ്ധിമുട്ട്. അവരൊക്കെ നമ്മളെ എങ്ങനെയാണ് ശരിക്കും കണ്ടിരുന്നത് എന്ന് അപ്പോഴാണ് മനസ്സിലാക്കിയത്. നമുക്കൊരു ആവശ്യം വരുമ്പോഴാണല്ലോ റിയാലിറ്റി എന്താണെന്ന് മനസ്സിലാവുക. ആര്? അംബികയോ? അവരെ കൊണ്ട് സിനിമ ചെയ്യാൻ പറ്റുമോ തുടങ്ങിയ സംശയങ്ങളായിരുന്നു പലർക്കും.

‘സ്മരണ’യിലേക്ക് എത്തിയത്

ഡിപ്രഷന്റെ മൂർധന്യത്തിൽ നിൽക്കുമ്പോൾ തോന്നിയൊരു ചിന്തയായിരുന്നു ‘സ്മരണ’ എന്ന ഷോര്‍ട്ട് ഫിലിം ആയി മാറിയത്. നാടൊക്കെ വിട്ട് വന്ന് നമ്മൾ മറ്റൊരു സിറ്റിയിൽ ജീവിക്കുന്നു. നിത്യം കാണുകയും അടുത്ത് ഇടപഴകുകയും ചെയ്യുന്ന നിരവധി ആളുകളുണ്ട്. പക്ഷേ ആർക്കും ആരെ കുറിച്ചും കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല. കൊച്ചിയിലെ എന്റെ ഫ്ളാറ്റിൽ വരുന്ന കുട്ടികളോട് ഞാൻ ചോദിക്കുമായിരുന്നു, ‘പെട്ടെന്ന് ഞാൻ മരിച്ചു പോയാൽ എന്നെ എങ്ങോട്ടാണ് കൊണ്ടു പോവേണ്ടത് എന്ന് നിങ്ങൾക്ക് അറിയാമോ? എന്റെ മകന്റെ പേരറിയോ? എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരെയാണ് അറിയിക്കേണ്ടത് എന്നറിയോ?’ ആ ചിന്തകളില്‍ നിന്നാണ് ‘സ്മരണ’ ഉണ്ടാകുന്നത്.

സംവിധാനം ചെയ്യാന്‍ തീരുമാനിച്ച നേരത്ത് അധികം കാശൊന്നും കയ്യിലില്ല. സുഹൃത്തുക്കൾ കുറച്ചു പേരൊക്കെ കാശ് തന്നു സഹായിച്ചു. താമസിക്കുന്ന ഫ്ളാറ്റിൽ തന്നെ ഷൂട്ട് ചെയ്തു, അവിടെ നിത്യം വരുന്ന പിളേളരൊക്കെ തന്നെയാണ് ക്യാമറയ്ക്ക് പിറകിലും മുന്നിലും സഹകരിച്ചത്. കൃത്യമായി എഴുതിയൊരു സ്ക്രിപ്റ്റ് ഒന്നുമുണ്ടായിരുന്നില്ല, അഭിനേതാക്കൾക്ക് സിറ്റുവേഷൻ പറഞ്ഞു കൊടുത്തു, മനോധർമ്മം പോലെ ഡയലോഗുകൾ പറയാനുള്ള സ്വാതന്ത്ര്യവും നൽകി.

കുറേ നല്ല റിവ്യൂസ് ഒക്കെ ആ ഷോർട്ട് ഫിലിമിന് ലഭിച്ചു. ഒരു സ്ത്രീ ചിന്തിക്കുന്ന ഒരു വിഷയമായി തോന്നിയില്ല, ആണുങ്ങൾ ചിന്തിക്കുന്നതു പോലെ എന്നൊക്കെ ചിലർ പറഞ്ഞു. ;ഇനിയും ഷോർട്ട് ഫിലിം ചെയ്യൂ, സാധാരണ മനുഷ്യർ ചിന്തിക്കുന്ന രീതിയിലുള്ള ഒന്ന് ചെയ്യൂ,’ എന്നായിരുന്നു ചിലരുടെ കമന്റ്. (ചിരിക്കുന്നു)

 

വിദേശസിനിമ അനുഭവങ്ങള്‍

ഞാൻ ജോലി ചെയ്ത ഇന്റർനാഷണൽ പ്രൊഡക്ഷന്‍സില്‍ എല്ലാം ഞാൻ ശ്രദ്ധിച്ച കാര്യം, അവിടെയെല്ലാം അണിയറയിൽ കൂടുതൽ സ്ത്രീകളാണ് എന്നതാണ്.  ഇറ്റാലിയൻ ചിത്രം ‘ഫ്ളൈയിംഗ് ലെസ്സൺസ്’ (Flying Lessons) സംവിധാനം ചെയ്തതും ഒരു സ്ത്രീയായിരുന്നു. ഫ്രാൻചെസ്ക ആർച്ചിബുഗെ (Francesca Archibugi). അവരുടെ അച്ഛനും സംവിധായകനാണ്.

ഫോർട്ട് കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്, 2006ൽ. ആ ചിത്രത്തിന്റെ കോസ്റ്റ്യൂം ടീമിനെയാണ് ഞാൻ സഹായിച്ചത്. വളരെ ഹോം വർക്ക് ചെയ്താണ് അവർ കേരളത്തിലെത്തിയത്, ഇവിടുത്തെ ആളുകളുടെ വസ്ത്രധാരണരീതിയൊക്കെ അവർ നല്ല രീതിയിൽ നിരീക്ഷിച്ച് മനസ്സിലാക്കിയിരുന്നു. ചെറുപ്പത്തിലെ ദത്തെടുത്ത് ഇറ്റലിയിലേക്കെത്തിയ ഒരു കുട്ടി അവന്റെ ഇറ്റാലിയൻ സുഹൃത്തിന്‍റെ കൂടെ തന്റെ വേരുകൾ തിരഞ്ഞ് കേരളത്തിലെത്തുന്നതാണ് കഥ. ഏഞ്ചൽ ടോം കരുമാത്തി എന്ന ഒരു പയ്യനായിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തത്, മലയാളികളായ അച്ഛനമ്മമാരുടെ മകനാണ് ആ ചെറുപ്പക്കാരൻ. ഇറ്റലിയിൽ ജനിച്ചു വളർന്നതു കൊണ്ട് മലയാളത്തെ കുറിച്ച് വലിയ പിടിപാടില്ല, അവന് മലയാളത്തിൽ ആകെ അറിയുന്നത് മമ്മൂക്കയെ മാത്രം. ഞാൻ അക്കാര്യം മമ്മൂക്കയെ വിളിച്ചു പറഞ്ഞപ്പോൾ, ‘ആണോ, അവനെ ഇങ്ങു കൊണ്ടു വാ,’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. അങ്ങനെ ഞങ്ങൾ മമ്മൂക്കയെ പോയി കണ്ടു. സന്തോഷത്തോടെ ഫോട്ടോ ഒക്കെയെടുത്താണ് ആ ചെറുപ്പക്കാരൻ മടങ്ങിയത്. രസകരമായ അനുഭവമായിരുന്നത്.

മറ്റൊരു വിദേശ പ്രൊഡക്ഷൻ, സന്തോഷ് ശിവന്റെ ‘ബിഫോർ ദ റെയിൻസ്’ ആയിരുന്നു. അതിലൊരു ഷോട്ടിൽ ഞാനഭിനയിച്ചിട്ടുമുണ്ട്. മൂന്നാറായിരുന്നു ലൊക്കേഷൻ. വളരെ പ്രൊഫഷണൽ ആയ ആറ്റിറ്റ്യൂഡ് ആണ് അവരുടെയൊക്കെ.

ambika rao, ambika rao actress, ambika rao kumbalangi nights, ambika rao wikipedia, malayalam film industry, women in malayalam cinema, ambika rao interview, ambika rao films, അംബിക റാവു, അംബികാ റാവു, ഐഇ മലയാളം, iemalayalam
ജാക്കി ഷ്രോഫിനൊപ്പം

ക്യാമറയ്ക്ക് മുന്നിലേക്ക്

അഭിനയിക്കാൻ മടിയോ ചമ്മലോ ഒന്നുമില്ലായിരുന്നു. പണ്ടു മുതലേ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ അത്രയ്ക്കും ശ്രദ്ധിക്കപ്പെടുന്നതോ ജീവിതം മാറ്റിമറിക്കുന്നതോ ആയ കഥാപാത്രങ്ങളൊന്നും തേടി വന്നില്ല. ‘കുമ്പളങ്ങി നൈറ്റ്സി’നേക്കാളും സ്ക്രീൻ സ്പേസ് ഉള്ള ചിത്രങ്ങളൊക്കെ മുൻപും ചെയ്തിട്ടുണ്ട്. ‘മീശമാധവനി’ലെ കഥാപാത്രമൊക്കെ അതു പോലെയുള്ളതാണ്. അന്ന് പക്ഷേ അതൊന്നും അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ല.

പിന്നെ അന്നില്ലാത്ത ഒന്ന് ഇന്നുണ്ട്, അത് സോഷ്യൽ മീഡിയയുടെ സാന്നിധ്യമാണ്. അന്ന് സോഷ്യൽ മീഡിയയൊക്കെ ഇന്നത്തെ പോലെ ആക്റ്റീവ് ആയിരുന്നെങ്കിൽ ചിലപ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കപ്പെട്ടേനെ എന്നു തോന്നിയിട്ടുണ്ട്. എത്രയോ നല്ല ആർട്ടിസ്റ്റുകൾ നമുക്ക് ചുറ്റുമുണ്ട്, കൃത്യമായ സ്ലോട്ടിൽ നമ്മൾ വന്നു വീഴുക എന്നതാണ് പ്രധാനം.

സിനിമയും സ്ത്രീകളും

സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങൾ താരതമ്യേന കുറവാണ്. അതു കൊണ്ടാണല്ലോ ‘ലേഡീ സൂപ്പർസ്റ്റാർ’ എന്ന് മഞ്ജു വാര്യരെ പറയുന്നത്. ഒരു പടം ആളുകളെ ആകർഷിച്ച് തിയേറ്ററുകളിലേക്ക് എത്തുമ്പോൾ മാത്രമേ സിനിമയുടെ ബിസിനസ് നടക്കുന്നുള്ളൂ. മാർക്കറ്റ് ഉള്ളൊരു ആർട്ടിസ്റ്റിനെ കൊണ്ടു വന്നാൽ അത് ആ സിനിമയ്ക്കും ഗുണകരമാവും. ഇവിടെ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തൽ ബുദ്ധിമുട്ടാണ്. നായകന്റെ സിനിമ തന്നെയാണ് എന്നും തിയേറ്ററിൽ കൂടുതലും വിജയം തേടുന്നത്. പോസിറ്റീവ് ആയൊരു കാര്യം, സ്ത്രീ കേന്ദ്രീകൃതമായ പടങ്ങൾ നിർമ്മിക്കാൻ ആളുകൾ മുന്നോട്ട് വരുന്നുണ്ട് എന്നതാണ്.

നമുക്കിപ്പോഴും സിനിമ കാണാൻ പോവുക എന്നത് ഒരു ചടങ്ങാണ്, കുടുംബം, സുഹൃത്തുക്കൾ ഒക്കെയായാണ് പലപ്പോഴും പോക്ക്. അങ്ങനെ പോവുമ്പോൾ കൂടുതൽ പേർക്കും ഇഷ്ടപ്പെടുന്ന വിഷയം നോക്കും. അല്ലാതെ സിനിമ കണ്ടിട്ട് വരാം എന്നോർത്ത് ഒറ്റയ്ക്ക് പോവുന്ന രീതി കുറവാണ്. പക്ഷേ ഈ ജനറേഷനോടെ കുറേ മാറ്റം വരാൻ സാധ്യതയുണ്ട്. ഹിന്ദിയിൽ ‘തപ്പട്’ പോലെയുള്ള ഉഗ്രൻ പടങ്ങൾ വരുന്നുണ്ട്. അത്തരം സിനിമകൾ മലയാളത്തിൽ കൂടുതലായി വന്നു തുടങ്ങണം.

മൊത്തത്തിൽ സമൂഹത്തിന്‍റെ ഒരു മനോഭാവം തന്നെയാണ് സിനിമയിലും പ്രതിഫലിപ്പിക്കുന്നത്. അടുത്തിടെ ഒരാൾ പറയുന്നത് കേട്ടു, ഷെയ്ൻ നിഗം അമ്മയേയും കൊണ്ടാണ് ലൊക്കേഷനിൽ വരുന്നത് എന്ന്. ഒരാൺകുട്ടിയ്ക്ക് അമ്മ കൂട്ടു വരുന്നത് മോശം കാര്യമാണെന്ന രീതിയിൽ. ഇവിടെ എത്രയോ കാലമായിട്ട് പെൺകുട്ടികളുടെ കൂടെ അമ്മമാരും അച്ഛന്മാരുമൊക്കെയല്ലേ വരുന്നത്. ഇപ്പോഴല്ലേ, കുറച്ചു കുട്ടികൾ എങ്കിലും തനിയെ വരാൻ തുടങ്ങിയത്. പിന്നെ എന്താ നായകന്റെ കൂടെ അമ്മ വന്നാൽ ഇത്ര നാണക്കേട്. അതിനെ എന്തിനാ ഇത്ര പുച്ഛിച്ചു സംസാരിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല.

അവസ്ഥയില്‍ മാറ്റം വരുക എന്ന് പറഞ്ഞാല്‍, അത് സിനിമയിൽ മാത്രമായി വരില്ലല്ലോ, മൊത്തത്തിൽ സമൂഹത്തിന്റെ പ്രതിഫലനമാണല്ലോ സിനിമാ ഇൻഡസ്ട്രിയും. സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാൻ ചിലർ മുന്നോട്ട് വരുന്നു എന്നത് തന്നെ പോസിറ്റീവ് കാര്യമാണ്. അവരുടെ നിലനിൽപ്പു പോലും നോക്കാതെ പറയാനുള്ളത് ധൈര്യത്തോടെ പറഞ്ഞു എന്നത് തന്നെ വലിയ കാര്യമാണ്. നമ്മുടെ ഇൻഡസ്ട്രിയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഇതുണ്ട്, നായകനും നായികയ്കും ഒരേ വേതനമല്ല മിക്ക ഇൻഡസ്ട്രികളിലും. സ്ത്രീകൾക്ക് കിട്ടുന്ന കഥാപാത്രങ്ങളും കുറവാണ്.

വീടുകളിൽ പോലുമുണ്ട് ഇത്തരത്തിലുള്ള അസമത്വങ്ങൾ, അതാണല്ലോ അന്ന് റിമ പറഞ്ഞത്. പക്ഷേ എല്ലാവരും ചേര്‍ന്ന് അതിനെ ‘പൊരിച്ച മീൻ’ എന്ന് കളിയാക്കാൻ തുടങ്ങി. എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക്കുകയല്ല, ഉദാഹരണമായി പറഞ്ഞ കാര്യമെടുത്താണ് ട്രോളുന്നത്. സമത്വമില്ലായ്മ വീടിനകത്ത് തന്നെ ഉണ്ടെന്ന് അച്ഛനമ്മമാർ മനസ്സിലാക്കുമ്പോൾ മാത്രമേ ഈ സിസ്റ്റത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാവൂ.

ambika rao, ambika rao actress, ambika rao kumbalangi nights, ambika rao wikipedia, malayalam film industry, women in malayalam cinema, ambika rao interview, ambika rao films, അംബിക റാവു, അംബികാ റാവു, ഐഇ മലയാളം, iemalayalam
‘കുമ്പളങ്ങി നൈറ്റ്‌സില്‍’ നിന്നും

പുതിയ തലമുറ പുഷ്പ്പിക്കുമ്പോള്‍

കൂടെയുണ്ടായിരുന്നവരിൽ പലരും ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം ഒന്ന് രണ്ട് പടം കൊണ്ടു തന്നെ താരങ്ങളായി മാറുന്നത് കാണുന്നത് സന്തോഷമാണ്. അതിലൊരാളാണ് ജോമോൻ ടി ജോൺ, ഹിന്ദിയിലൊക്കെ പോയി ഇപ്പോൾ സിനിമ ചെയ്യുന്നു അതൊക്കെ സന്തോഷമുള്ള കാര്യമാണ്. അതു പോലെ ശ്യാമൊക്കെ (ശ്യാം പുഷ്ക്കരന്‍) വന്ന കാലം മുതൽ കാണുന്ന ആളാണ്. ഇപ്പോൾ മലയാളത്തിനു കിട്ടിയ ഏറ്റവും നല്ല തിരക്കഥാകൃത്തുകളിൽ ഒരാളായി മാറിയില്ലേ. ദിലീഷ് പോത്തനും ഒരുപാട് കഷ്ടപ്പെട്ട് വന്ന ആളാണ്. ദിലീഷിനെ എനിക്ക് ശ്യാം പുഷ്കരൻ വഴിയാണ് പരിചയം. ‘സാൾട്ട് ആൻഡ് പെപ്പറി’ന്റെ എഴുത്തിന്റെ സമയത്താണ് കൂടുതൽ അറിയുന്നത്. അനുഭവങ്ങളാണല്ലോ ഒരാളെ നല്ല കലാകാരനാക്കുന്നത്, നാടകം, വായന ഒക്കെയായി ‘ഇവോള്‍വ്’ ചെയ്തു വന്ന കലാകാരനാണ് ദിലീഷ്. രസകരമായ ചിന്തകളാണ് ദിലീഷിന്റേത്.

ഒരേ ടൈപ്പിലുള്ള സിനിമകൾ മാറി, പുതിയ കാഴ്ചപ്പാടിലുള്ള സിനിമകൾ ഉണ്ടാവണമെന്നത് ആഗ്രഹിച്ചിട്ടുണ്ട്; പുതിയ ആർട്ടിസ്റ്റുകളെ സിനിമകൾ കണ്ടെടുക്കുന്നത് കാണാനും. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘മഹേഷിന്റെ പ്രതികാരം’ അത്തരം ചിത്രങ്ങളൊക്കെ കാണുമ്പോൾ സന്തോഷമാണ്.

‘കുമ്പളങ്ങി നൈറ്റ്സ്’ ഒക്കെ ശ്യാമൊക്കെ പണ്ട് വീട്ടിൽ വരുന്ന കാലത്തേ പറയുന്ന കഥയാണ്. ഇപ്പോൾ കാണുന്ന രൂപമോ സ്ട്രെക്ച്ചറോ ഒന്നും ആ കഥയ്ക്ക് അന്ന് ഉണ്ടായിരുന്നില്ല. ഒരു ത്രെഡ് പോലെ, നാലു സഹോദരന്മാർ ഇങ്ങനെയായാൽ എങ്ങനെയിരിക്കും എന്നൊക്കെ ചർച്ച ചെയ്യും. പിന്നെയാണ് ആരാണ് ആ കഥാപാത്രം ചെയ്യണം എന്നൊക്കെയുള്ള ആലോചനകൾ വരുന്നതും സിനിമയായി മാറുന്നതും. അവരും മാറിപ്പോയില്ലേ, അതിന് അനുസരിച്ച് സിനിമയും വലുതായി.

അത് പോലെ അസിസ്റ്റൻസ് ഡയറക്ടറായിരുന്ന സമയത്തുള്ള പരിചയമാണ് സൗബിനുമായി. ഒരുപാട് പടങ്ങളിൽ ഞങ്ങൾ അസിസ്റ്റന്റും അസോസിയേറ്റ്സുമൊക്കെയായി ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. സെറ്റിലെ എന്റർടെയിനർ ആയിരുന്നു ആള്, തമാശകളും കളി ചിരികളുമൊക്കെയായി. അഭിനയത്തിലേക്ക് അവൻ കടക്കുമെന്ന് കരുതിയിരുന്നില്ല. അവന്റെ വളർച്ചയൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്. കുറച്ച് ഷൈ ഒക്കെയാണ് ആള്. പക്ഷേ അടുപ്പമുള്ളവർക്കിടയിൽ വളരെ ഫ്രണ്ട്‌ലി ആയ, തമാശയൊക്കെ പറയുന്ന ഒരാളാണ് സൗബിൻ. കംഫർട്ടബിൾ ആയവരുടെ അടുത്ത് ഭയങ്കര ഫ്രീയാണ്. അഭിമുഖങ്ങളിൽ ഒന്നും അധികം കാണാത്തതു കൊണ്ട് സൗബിൻ ഒരു ഇൻട്രോവെർട്ട് ആണെന്ന് പലരും കരുതാറുണ്ട്. എന്നാൽ സൗബിൻ, സമീർ താഹിർ, ഷൈജു ഖാലിദ് ആ ഗ്രൂപ്പൊക്കെ അഭിമുഖങ്ങൾ കൊടുക്കുന്നതിനേക്കാൾ ‘സിനിമകൾ സംസാരിക്കട്ടെ’ എന്നു കരുതുന്നവരാണ്. അവർക്ക് തിയേറ്ററിൽ കിട്ടുന്ന കയ്യടികളൊക്കെ നമുക്ക് രോമാഞ്ചം പകരുന്ന നിമിഷങ്ങളാണ്.

സൗബിനെ അറിയുന്ന സംവിധായകർക്ക് അവനെ ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അവനിലെ അഭിനയപ്രതിഭ മനസ്സിലാവുന്നത്. അവനെ എങ്ങനെ യൂട്ടലൈസ് ചെയ്തു എന്നുള്ളതാണ്. പല സെറ്റുകളിലും അവൻ അത്ര കംഫർട്ടബിൾ അല്ലായിരുന്നു, തമാശ ചെയ്യുന്ന ഒരു പയ്യൻ എന്ന രീതിയിലാണ് പലതിലും അവതരിപ്പിച്ചത്. അതു കാണുമ്പോൾ മനസ്സിലാവും. കുറച്ച് അവസരങ്ങൾ വന്നപ്പോൾ സർവൈവലിന്റെ ഭാഗമായി ചെയ്തതാവാം. ഇന്ന് പക്ഷേ, ഒരു കഥാപാത്രം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരു സ്റ്റാൻഡിലേക്ക് ആള് വന്നിട്ടുണ്ട്. ‘മഹേഷിന്റെ പ്രതികാര’ത്തിൽ ഏറെ ഇഷ്ടപ്പെട്ടു. ‘കുമ്പളങ്ങി’യിൽ അവന്റെ റേഞ്ച് വേറെയാണ്. സൂക്ഷ്മമായാണ് ഓരോ ഇമോഷൻസും കൈകാര്യം ചെയ്യുന്നത്. നടക്കുന്നതും നോക്കുന്നതും സംസാരിക്കുന്നതുമെല്ലാം.

അത് പോലെ, (ശ്രീനാഥ്) ഭാസി. ‘പ്രണയം’ സെറ്റിലാണ് ഞാനാദ്യം ഭാസിയെ കാണുന്നത്. വേവ് ലെങ്ങ്ത്ത് ഫീൽ ചെയ്തിരുന്നു അന്നേ. ഭാസി നല്ല നടനായി മാറികൊണ്ടിരിക്കുകയാണ്. ‘കുമ്പളങ്ങി’യിൽ ഒരു അക്ഷരം പോലും പറയാതെ ആളുകളുടെ മനസ്സ് കവർന്നു. അതൊക്കെ വലിയ കാര്യങ്ങളാണ്. നമ്മളെ അറിയുന്ന, നമ്മുടെ വൈബ് മനസ്സിലാക്കുന്ന സംവിധായകരും എഴുത്തുകാരും ഉണ്ടെങ്കിൽ ഭയങ്കര മാജിക്കലായ ഒരു സാധനം സംഭവിക്കുകയാണ്. അതാണ് ഇപ്പോൾ സിനിമയിൽ തെളിഞ്ഞു കാണുന്ന കാര്യം. ടിപ്പിക്കൽ സിനിമാ സെറ്റപ്പുകളോ ഹൈറാർക്കിയോ ഒന്നും അവർക്ക് പറ്റില്ല. കുറച്ച് സൗഹൃദമൊക്കെ ഫീൽ ചെയ്യുന്ന സെറ്റുകളിലാണ് അവർ ശരിക്കും ‘പുഷ്പിക്കുക’.

നസ്രിയയേയും ചെറുതായിരിക്കുമ്പോഴേ അറിയാം, ‘പളുങ്കി’ൽ ഞാൻ അസിസ്റ്റ് ചെയ്തിരുന്നു. അന്ന് ആ കുട്ടി ആറിലോ ഏഴിലോ പഠിക്കുകയാണ്. ‘കുമ്പളങ്ങി’ നൂറാം ദിവസം എനിക്ക് മൊമന്റോ തന്നത് നസ്രിയയാണ്. കുഞ്ഞു കുട്ടിയായി കണ്ടിട്ട് പിന്നെ നമ്മളഭിനയിച്ച സിനിമയുടെ പ്രൊഡ്യൂസറായി മുന്നിൽ വന്നു നിൽക്കുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിനേറെ സന്തോഷമുള്ള കാര്യങ്ങളാണ്.

മമ്മൂട്ടി-മോഹന്‍ലാല്‍

രണ്ടു പേര്‍ക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്. അവരുടെ പ്രൊഫഷണലിസം അതിശയിപ്പിക്കുന്നതാണ്. മമ്മൂക്ക ഒരു സബ്ജെക്ട് കേൾക്കുമ്പോഴുള്ള എക്സൈറ്റ്മെന്റ് ഒന്ന് കാണണം. ഒരാഴ്ചയൊക്കെയാണ് രണ്ടു സിനിമകൾക്കിടയിൽ അദ്ദേഹം പലപ്പോഴും വിശ്രമിക്കുന്നത്, വർഷങ്ങളായി അങ്ങനെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. അതു പോലെ, പുതിയ പിള്ളേരെയൊക്കെ ഇങ്ങനെ പ്രമോട്ട് ചെയ്യാൻ മമ്മൂക്ക തന്നെയുള്ളൂ.

വളരെ കംപാഷനേറ്റായ സ്നേഹമുള്ള മനുഷ്യനാണ് മമ്മൂക്ക, പക്ഷേ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനാണെന്ന് തോന്നിയിട്ടുണ്ട്. തിക്കും തിരക്കുമൊക്കെ കാണുമ്പോൾ പെട്ടെന്ന് റിയാക്റ്റ് ചെയ്യും, ദേഷ്യം വരും, അത് ജെനുവിനായ മനുഷ്യനായതു കൊണ്ടാണ്. എല്ലാറ്റിനെക്കുറിച്ചും അപ്ഡേറ്റ്ഡ്‌ ആണ് അദ്ദേഹം. എല്ലാ പുതിയ സിനിമകളും വീട്ടിലെ തിയേറ്ററിൽ കാണും. പുതിയ ആളുകളെ കുറിച്ചൊക്കെ അറിയാം. എന്നും മനസ്സിനെ ചെറുപ്പമാക്കി വെയ്ക്കുക, കൗതുകം നിലനിര്‍ത്തുക, പുതിയ കാര്യങ്ങൾ പഠിക്കുക. നമിക്കണം ആ മനുഷ്യനെ.

ലാലേട്ടന്റെ അടുത്തേക്ക് എത്താൻ കുറച്ചു കൂടി പാടാണ്. ലാലേട്ടനെ പുതിയ സംവിധായകരുടെ ചിത്രങ്ങളിൽ കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. ലിജോ ജോസ്, ആഷിഖ് പോലുള്ള ആളുകൾ മോഹൻലാലിനെ വെച്ച് പടമെടുത്താൽ എങ്ങനെയിരിക്കും എന്നൊക്കെ ആലോചിക്കാറുണ്ട്. ലാലേട്ടൻ വേറെ ലെവലാണ്. കൂടെ വർക്ക് ചെയ്യാൻ നല്ല സുഖമാണ്. എത്ര നേരത്തെ ഷോട്ട് വേണമെന്ന് പറഞ്ഞാലും ആളെത്തും. രണ്ടു പേരുടെയും ഡെഡിക്കേഷൻ തന്നെയാണ് അവരെ നിലനിർത്തുന്നത്.

ambika rao, ambika rao actress, ambika rao kumbalangi nights, ambika rao wikipedia, malayalam film industry, women in malayalam cinema, ambika rao interview, ambika rao films, അംബിക റാവു, അംബികാ റാവു, ഐഇ മലയാളം, iemalayalam
മോഹന്‍ലാല്‍. അംബികാ റാവു

താരങ്ങളും അഭിനേതാക്കളും

പണ്ടൊക്കെ സിനിമകൾ തിയേറ്ററിൽ പോയി തന്നെ കാണണം, അതിനൊരു മാജിക്കൽ സ്വഭാവം ഉണ്ട്. അത് കൊണ്ട് തന്നെ അഭിനേതാക്കള്‍ക്ക് ഒരു താരപരിവേഷം സ്വാഭാവികമായി വന്നു ചേരും. അവര്‍ നമ്മുടെ ആരാധനാപാത്രങ്ങള്‍ ആവും. പക്ഷേ നല്ല അഭിനേതാവായാല്‍ മാത്രമേ താരമാകാനും സാധിക്കൂ. ഇന്ന് ലോകം കൈത്തുമ്പിലാണ്. നെറ്റ്ഫ്ളിക്സ്, ആമസോൺ പോലുള്ളവ വഴി ലോകത്തുള്ള എല്ലാ തരം സിനിമകളും കാണാം. അപ്പോള്‍ അതിന്‍റെ സെന്‍സിബിലിറ്റികള്‍ക്കും ഒരു സ്വീകാര്യത വരും.

താരപരിവേഷത്തിനപ്പുറം അഭിനയസാധ്യതകളോ, സിനിമയുടെ ഈസ്തെറ്റിക്ക്സോ ഒക്കെ അന്വേഷിക്കുന്ന തരം ചിത്രങ്ങള്‍ ഇപ്പോള്‍ നമ്മള്‍ കണ്ടു ശീലിച്ചു കഴിഞ്ഞു. ആ ഒരു സെന്‍സിബിലിറ്റി പുതിയ സംവിധായകരുടെ, അവരുടെ പുതിയ സിനിമാ ചിന്തകളുടെ ഭാഗമാണ്. അത്തരത്തില്‍ ആലോചിക്കുന്നവര്‍ ഒരുപക്ഷേ ഒരു താരത്തെക്കാളും ഒരു അഭിനേതാവിനെയാവും കൂടുതല്‍ പ്രിഫര്‍ ചെയ്യുക.

അതൊരു നല്ല മാറ്റമാണ്. അതോടൊപ്പം തന്നെ പറയേണ്ട ഒരു കാര്യം, മലയാളത്തില്‍ എല്ലാ കാലത്തും താരങ്ങളും അഭിനേതാക്കളും ഉണ്ടായിരുന്നു എന്നതാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്ളപ്പോള്‍ തന്നെ, ഭരത് ഗോപിയ്ക്കും മുരളിയ്ക്കും തിലകനും ഒക്കെ ആദരണീയമായ ഒരിടം മലയാള സിനിമയില്‍ എന്നുമുണ്ടായിരുന്നു.

അപ്രതീക്ഷിതമായി എത്തിയ വില്ലൻ

അഭിനയവും സിനിമാ ജോലികളുമൊക്കെയായി പോവുമ്പോഴാണ് രണ്ടു കൊല്ലം മുൻപ് ആദ്യം അഡ്മിറ്റായത്, കിഡ്നി പണിമുടക്കി. കുറേ കാലം ഡയാലിസിസ് ഒന്നും ചെയ്യാതെ മുന്നോട്ടു പോയി. ആദ്യം മുതൽ എനിക്ക് ബിപി കൂടുതലാണ്, പക്ഷേ മരുന്നൊന്നും കഴിച്ചിരുന്നില്ല. അതൊക്കെയാണ് പിന്നീട് ഇങ്ങനെയായി മാറിയത്. രോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തതു കൊണ്ട് ലാസ്റ്റ് സ്റ്റേജിൽ എത്തിയപ്പോഴാണ് മനസ്സിലായത്.

ചികിത്സയ്ക്ക് വേണ്ടിയാണ് എറണാകുളം വിട്ട് തൃശൂരിലേക്ക് വന്നത്, അവിടെ ഒറ്റക്കായതു കൊണ്ട് ആശുപത്രിയിൽ പോവാനൊന്നും ആരും സഹായത്തിനില്ല. ഇവിടെ മകനും സഹോദരങ്ങളുമെല്ലാം ഉണ്ട്. ഇവിടെ നിന്നാണ് ‘കുമ്പളങ്ങി നൈറ്റ്സി’ൽ അഭിനയിക്കാൻ പോവുന്നത്. അതിനിടയിൽ ഒരു വെബ്സീരീസ് ചെയ്തു, ‘ഇൻസ്റ്റഗ്രാം’. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. വേറെയും ചിത്രങ്ങളിൽ ചെറിയ റോളുകൾ ചെയ്തു. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രത്തിലും ഒരു റോൾ ചെയ്തു. സറ്റയർ സ്വഭാവം ഉള്ളൊരു സിനിമയാണത്.

ശാരീരിക അവസ്ഥ വെച്ച് എനിക്ക് ചെയ്യാൻ പറ്റുന്നത് ഇപ്പോൾ അഭിനയമാണ്. ഇടയ്ക്ക് മൂന്നു നാലു പടത്തിൽ നിന്നും വിളിച്ചപ്പോഴും ഡയാലിസിസ് കാരണം പോവാൻ പറ്റിയില്ല. ക്രിയാറ്റിൻ ലെവൽ ഒന്നു കുറഞ്ഞിട്ടു വേണം, വീണ്ടും ഒന്നു കൂടെ ആക്റ്റീവ് ആവാൻ. ഡയാലിസിസ് നടക്കുന്നുണ്ട് ഇപ്പോഴും. സിനിമയിലെ സുഹൃത്തുക്കളും ഫെഫ്ക്കയുമെല്ലാം ഇടയ്ക്ക് സഹായിക്കുന്നുണ്ട്.

അസുഖകാലത്തെ ഒറ്റപ്പെടൽ

അസുഖത്തിന്റെ മാനസികാവസ്ഥ വേറെയാണ്. ഈ അന്തരീക്ഷമൊന്നും എനിക്ക് പറ്റുന്നില്ല. മിണ്ടാനും പറയാനുമൊന്നും ആളുകളില്ലാതെ വരുമ്പോഴൊക്കെ ഡൗൺ ആവും. ഒന്നിനും ഒരു ഉത്സാഹം തോന്നുന്നില്ല. ഞാനിങ്ങനെ വാതില്‍ തുറന്നിട്ട് ആളുകളെ ക്ഷണിച്ചതു പോലെയൊന്നും ആരും തിരിച്ച് ചെയ്യില്ലെടോ… ഞാനിവിടെ വന്നിട്ട് ഇപ്പോൾ ഇത്രയും കാലമായില്ലേ, വിളിച്ച് എങ്ങനെയുണ്ട് എന്നൊക്കെ ചോദിക്കുന്നവരൊക്കെ കുറവാണ്. വളരെ അപൂർവ്വം പേരെ വിളിക്കുന്നൊക്കെയുള്ളൂ.

കഴിഞ്ഞ തവണ എനിക്ക് വലിയ വെപ്രാളമായിരുന്നു, ഞാനെല്ലാവരെയും അങ്ങോട്ട് വിളിക്കുകയായിരുന്നു. ഇത്തവണ പക്ഷേ ഞാനും ആരെയും വിളിക്കാൻ പോയില്ല. ഇങ്ങോട്ട് വിളിച്ചാൽ സംസാരിക്കും. നമ്മളെ പ്രയോറിറ്റി ആയി കാണാത്തതു കൊണ്ടു കൂടിയാവാം വിളിക്കാത്തത്. ആവശ്യമുള്ള കാലത്ത് വിളിച്ച് അന്വേഷിക്കുമായിരുന്നു, ഇപ്പോൾ നമ്മളെ കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതുകൊണ്ട് വിളിയുമില്ല.

എന്നോട് ഒരാൾ പറഞ്ഞു, അംബിക ഒരു പടം ചെയ്താൽ എല്ലാ പ്രശ്നങ്ങളും മാറുമെന്ന്. സക്സസ് മാത്രമേ നമുക്കു വേണ്ടി സംസാരിക്കൂ, അല്ലെങ്കിൽ പണം ഉണ്ടാക്കണം. ഇതു രണ്ടുമില്ലാത്തവരെ കേൾക്കാൻ ആളുകൾ ഉണ്ടാവില്ല.

Read More From ieMalayalam Long Interview Series Here: ദീര്‍ഘസംഭാഷണങ്ങള്‍

Get the latest Malayalam news and Interview news here. You can also read all the Interview news by following us on Twitter, Facebook and Telegram.

Web Title: Ambika rao on cinema life and times

Next Story
ഇമോഷണൽ സിനിമകളുടെ ആരാധകനാണ് ഞാൻ: ടൊവിനോ തോമസ്Forensic movie, forensic malayalam movie, Forensic movie review, Forensic movie rating, Forensic review, Forensic rating, Forensic download, Forensic full movie download, Forensic tamilrockers, tovino thomas, ഫോറന്‍സിക് റിവ്യൂ
The moderation of comments is automated and not cleared manually by malayalam.indianexpress.com