ഹാസ്യ നടനെന്ന ലേബലിൽ നിന്നും അജു വർഗീസിനെ പുറത്തെത്തിച്ച സിനിമയാണ് ‘ഹെലൻ’. ചുമ്മാ വന്നു തമാശ പറഞ്ഞ് ചിരിപ്പിച്ചു പോകുന്ന അജുവിനെയല്ല ‘ഹെലനി’ൽ കണ്ടത്. നവംബര്‍ 29ന് പുറത്തിറങ്ങാനിരിക്കുന്ന ‘കമല’യും അജുവിന്റെ കരിയറിൽ വഴിത്തിരിവാകുന്നതാണ്. സുരാജ്, സലിം കുമാര്‍ തുടങ്ങിയ ഹാസ്യനടന്മാരെ പോലെ അജുവും ട്രാക്ക് മാറ്റുന്നുണ്ടോയെന്നാണ് എന്നതാണ് ‘കമല’യും ‘ഹെലനും’ ഉയര്‍ത്തുന്ന ചോദ്യം.

അജുവിന് പറയാൻ ഒരുത്തരമേയുളളൂ, ‘അന്നും ഇന്നും ഏതു സിനിമയിൽ ആരു വിളിച്ചാലും പോയി അഭിനയിക്കുന്ന ഒരാൾ മാത്രമാണ് ഞാനെന്ന്.’ നൂറിലധികം സിനിമകൾ ചെയ്തിട്ടും ചാൻസ് ചോദിക്കാൻ ഒരു മടിയുമില്ലാത്ത ഒരു നടനാണ് താനെന്ന് അജു തുറന്നു പറയുന്നു. ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് അജു വർഗീസ് നൽകിയ അഭിമുഖം.

‘കമല’യിൽ ഞാൻ നായകനല്ല

‘കമല’യിൽ ഞാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ എന്നുറപ്പായപ്പോള്‍ അത്ഭുതം തോന്നി. കാരണം രഞ്ജിത് ശങ്കർ തന്റെ ആദ്യ സിനിമയായ ‘പാസഞ്ചർ’ മുതൽ ‘പ്രേതം 2’ വരെ താരങ്ങളെ വച്ചാണ് ചെയ്തത്. ഞാൻ അദ്ദേഹത്തെ വിളിച്ചു, നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോയെന്ന് തമാശയ്ക്ക് ചോദിച്ചു. അദ്ദേഹത്തിന്റെ ഏഴു സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഇത് എട്ടാമത്തെയാണ്. ആ ഒരു സ്വാതന്ത്ര്യം ഉളളതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്. എനിക്ക് താരം വേണ്ട, പരിമിതികളുളള നടൻ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഥയും ക്യാരക്ടറും ഡിമാൻഡ് ചെയ്യുന്നതിന് അനുസരിച്ച് കാസ്റ്റിങ് നടത്തുന്ന ആളാണ് അദ്ദേഹം. ‘കമല’യിൽ ഞാൻ നായകനല്ല, എന്റേത് കേന്ദ്രകഥാപാത്രമാണ് എന്ന് മാത്രം. അത് ചെയ്യാൻ ക്യാരക്ടർ റോൾ ചെയ്യുന്നൊരാൾ മതിയാകും. അതിനു ഞാൻ മതിയെന്ന് രഞ്ജിത്തേട്ടനു തോന്നിയതു കൊണ്ടാണ് എന്നെ വിളിച്ചത്.

 

‘ഹെലനി’ൽ അഭിനയിക്കാൻ പോയത് കോമഡി കഥാപാത്രമാണെന്ന് കരുതി

‘ഹെലനി’ൽ പൊലീസിന്റെ ക്യാരക്ടർ ആണെന്ന് വിനീത് (ശ്രീനിവാസൻ) പറഞ്ഞിരുന്നു. ഒരു ‘ഇറിറ്റേറ്റഡ് ക്യാരക്ടർ’ ആണെന്നാണ് പറഞ്ഞത്. ചൊറിയൻ ആണെങ്കിലും ഫണ്ണി ക്യാരക്ടർ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. അങ്ങനെ വിചാരിച്ചാണ് അഭിനയിക്കാൻ ചെന്നത്. അഭിനയിക്കുന്ന സമയത്തും എന്റെ ക്യാരക്ടർ കഥയിൽ എങ്ങനെ വരുമെന്ന് എനിക്കറിയില്ലായിരുന്നു. ഡബ്ബിങ് സമയത്താണ് ഒരു നെഗറ്റീവ് ടച്ചുളള കഥാപാത്രമാണെന്ന് ശരിക്കും മനസിലായത്. ആ റോളിന് ഇത്രയും പ്രധാന്യം ഉണ്ടെന്നു സിനിമ കണ്ടപ്പോഴാണ് അറിയുന്നത്.

‘ഹെലന്റെ’ ഡബ്ബിങ് പുതിയ അനുഭവം

ഞാൻ ഇതു വരെ ചെയ്ത സിനിമയിലൊക്കെ ഹാസ്യമായിരുന്നു. എന്നാൽ ഹെലനിൽ സീരിയസ് സീനുകളുണ്ട്. അതെങ്ങനെ ഡബ്ബ് ചെയ്യണമെന്ന് എനിക്കറിയില്ല. കാരണം ഞാൻ ഇതിനു മുൻപ് അങ്ങനെ ചെയ്തിട്ടില്ല. ഈ സമയത്ത് ‘ഹെലന്റെ’ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ കൂടെയിരുന്ന് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതന്നു. ഷൂട്ടിങ്ങിലും ഡബ്ബിങ്ങിലും മാത്തുക്കൂട്ടിയുടെ പൂർണ ഗെെഡൻസ് ഉണ്ടായിരുന്നു.

 

ഇതു വരെ ഒരു സിനിമയുടെയും തിരക്കഥ വായിച്ചിട്ടില്ല

ഞാൻ സാധാരണ ഒരു സിനിമയുടെയും കഥയോ ക്യാരക്ടറോ ആരോടും ചോദിക്കാറില്ല. ചിലപ്പോൾ ഷൂട്ടിങ്ങിന്റെ തലേ ദിവസം ക്യാരക്ടർ എന്താണെന്ന് ചോദിക്കാറുണ്ട്. അതല്ലാതെ ഷൂട്ടിങ് സമയത്ത് സംവിധായകൻ പറയുന്നതെന്താണോ അത് ചെയ്യും. ഇതു വരെ ഒരു സിനിമയുടെയും തിരക്കഥ വായിച്ചിട്ടില്ല. ‘കമല’യുടെയും തിരക്കഥ വായിച്ചിട്ടില്ല. സംവിധായകൻ പറയുന്നത് എന്താണോ അതു കേട്ട് ചെയ്യുകയാണ് ചെയ്തത്. നമ്മളെ വ്യക്തമായി ജഡ്ജ് ചെയ്യാൻ ഒരു സംവിധായകൻ ഉണ്ടെങ്കിൽ അത് മതിയാകും.

സിനിമയുടെ മുഴുവൻ കഥ കേട്ടാൽ എനിക്ക് ത്രിൽ നഷ്ടപ്പെടും. പല സിനിമയിലും ഞാൻ മുഴുവൻ കഥ അറിയേണ്ട കാര്യമില്ല. കുറച്ചു സ്ഥലങ്ങളിൽ വന്നു പോകുന്നതായിരിക്കും എന്റെ ക്യാരക്ടർ. പിന്നെ അതെന്റെ ജോലി അല്ലല്ലോ. അതിനാണല്ലോ തിരക്കഥാകൃത്തും സംവിധായകനും ആ പദവിയിൽ ഇരിക്കുന്നത്.

എഴുതി വയ്ക്കുന്ന ഡയലോഗ് അല്ലാതെ മാറ്റി പറയാറില്ല

അഭിനയിക്കുന്ന സിനിമകളിൽ തിരക്കഥയിൽ കൈ കടത്താറില്ല. എഴുതി വച്ചിരിക്കുന്ന ഡയലോഗ് അല്ലാതെ മാറ്റി പറയാറില്ല. നല്ലതാണെങ്കിൽ തിയേറ്ററിൽ വർക്കാകും. മോശമാണെങ്കിൽ അതെനിക്ക് മോശമായി വരാറുണ്ട്. അതെന്റെ ജോലി അല്ലെന്നാണ് ഞാൻ കരുതുന്നത്. ആ കഥയും കഥാപാത്രയും നന്നായി മനസിലാക്കിയിട്ടുണ്ടാവുക തിരക്കഥാകൃത്തും സംവിധായകനുമായിരിക്കും. ഞാൻ അതിൽ എന്തെങ്കിലും കൂട്ടിച്ചേർത്താൽ ചിലപ്പോൾ ആ സിനിമയിൽ അനുയോജ്യമാകണമെന്നില്ല. അല്ലെങ്കിൽ അങ്ങനെയുളള ക്യാരക്ടർ ചെയ്ത് തെളിയിച്ചിട്ടുണ്ടാവണം. അങ്ങനെയാണെങ്കിൽ എനിക്ക് എന്റേതായത് ചേർക്കാനാവും.

പക്ഷേ എനിക്ക് ഇതു വരെ അങ്ങനെയൊരു കഥാപാത്രം വന്നിട്ടില്ല. എല്ലാം തമാശ ക്യാരക്ടറാണ്. ഒന്നോ രണ്ടോ സീനിൽ വന്നു പോയി ചിരിപ്പിക്കുന്ന കഥാപാത്രമാണ് എനിക്ക് കിട്ടിയിട്ടുളളത്. ഒരു ക്യാരക്ടർ എന്നു പറയാവുന്നത് തന്നത് രഞ്ജിത്തേട്ടൻ ‘സു സു സുധി വാല്‌മീക’ത്തിലാണ്. പിന്നെ പ്രിയദർശൻ സാർ ‘ഒപ്പ’ത്തിലും.

aju varghese, ie malayalam

വിനീത് ശ്രീനിവാസന്‍ എന്ന ‘മെന്റര്‍’

വിനീതിനോട് സിനിമയിൽ അഭിനയിക്കണം എന്നല്ല, വരണം എന്നാണ് ആവശ്യപ്പെട്ടത്. ‘മലർവാടി’ വരെ ജീവിതത്തിൽ അഭിനയിക്കണം എന്നാഗ്രഹിച്ചിട്ടില്ല. പക്ഷേ സിനിമയിൽ എന്തു ചെയ്യാനും റെഡിയായിരുന്നു. ‘മലർവാടി ആർട്സ് ക്ലബിൽ’ അഭിനയിക്കുന്നതു വരെ ഒരു സ്റ്റേജിൽ പോലും ഞാൻ കയറിയിട്ടില്ല. മോണോ ആക്ടോ സ്കിറ്റോ ഒന്നും ചെയ്തിട്ടില്ല. അഭിനയം പഠിക്കണമെന്ന ആഗ്രഹം വരുന്നത് ‘മലർവാടി’ കഴിഞ്ഞിട്ടാണ്.

എന്റെ ജീവിതത്തിൽ വലിയൊരു മാറ്റം തന്നത് വിനീതാണ്. ഒരു സുഹൃത്തിനെക്കാളുപരി ‘മലർവാടി’ കഴിഞ്ഞതു മുതൽ എന്റെ മെന്ററിൽ ഒരാളാണ്. ആദ്യമായി സിനിമ ചെയ്ത് തന്നു സഹായിച്ചു. അതു കൊണ്ട് കാര്യമില്ലെന്ന് മനസിലായപ്പോൾ അതിലും കുറച്ചു കൂടി നല്ലൊരു കൊമേഴ്സ്യൽ സിനിമയായ ‘തട്ടത്തിൻ മറയത്തിൽ’ അവസരം തന്നു. അവിടെനിന്നും എനിക്ക് സിനിമകൾ കിട്ടി തുടങ്ങി. പിന്നെ ‘ഒരു വടക്കൻ സെൽഫി’യിലൂടെ എന്നെ എസ്റ്റാബ്ലിഷ് ചെയ്തു. ഇപ്പോൾ ‘ഹെലനി’ലൂടെ ഒരു മാറ്റമുളള ക്യാരക്ടർ നൽകാനും വിനീത് തന്നെ കാരണമായി.

മൂന്നു സൂപ്പർ ഹിറ്റ് സിനിമകൾ നഷ്ടമായി

‘1983’, ‘ആക്ഷൻ ഹീറോ ബിജു’, ‘കായംകുളം കൊച്ചുണ്ണി’ എന്നീ മൂന്നു സിനിമകളും എനിക്ക് നഷ്ടമായവയാണ്. മൂന്നും നിവിന്റെ സിനിമകളും സൂപ്പർ ഹിറ്റുകളുമായിരുന്നു. ‘1983’ സിനിമയിൽ കുറച്ചു സീനുകൾ അഭിനയിച്ച ശേഷമാണ് മറ്റൊരു സിനിമയുടെ ഡേറ്റ് ക്ലാഷായതു മൂലം നഷ്ടമായത്. ‘ആക്ഷൻ ഹീറോ ബിജു’വിന്റെ സമയത്താണ് ‘ടൂ കൺട്രീസ്’, ‘അടി കപ്യാരേ കൂട്ടമണി’, ‘സുസു സുധി വാല്‌മീകം’ സിനിമയുടെ ഷൂട്ടിങ്. അതു മൂലം ‘ആക്ഷൻ ഹീറോ ബിജു’വിൽ അഭിനയിക്കാനായില്ല.

റോഷൻ ആൻഡ്രൂസിന്റെ പുറകേ നടന്നാണ് ‘കായംകുളം കൊച്ചുണ്ണി’യിൽ ഒരു വേഷം തന്നത്. പക്ഷേ ആ സിനിമയുടെ ഷൂട്ടിങ് നീണ്ടു പോയി. ആ സമയത്ത് ഞാൻ ‘ലവകുശ’ ചെയ്യുന്നുണ്ടായിരുന്നു. രണ്ടു സിനിമയിലും രണ്ടു ഗെറ്റപ്പായിരുന്നു. അങ്ങനെ അതു ചെയ്യാനായില്ല. ‘ആക്ഷൻ ഹീറോ ബിജു’ എനിക്ക് തിയേറ്ററിൽ പോയി കണ്ടപ്പോൾ വളരെ ഇഷ്ടമായ സിനിമയാണ്.

ഒരു സീനാണെങ്കിൽ പോലും ആരു വിളിച്ചാലും പോയി അഭിനയിക്കും

എന്നെ വിളിച്ചിട്ടുളള എല്ലാ സിനിമകളിലും എനിക്ക് ഡേറ്റുണ്ടെങ്കിൽ, അല്ലെങ്കിൽ എനിക്ക് പറ്റുന്നുണ്ടെങ്കിൽ ഞാൻ ചെയ്തിട്ടുണ്ട്. ഒരു സീനാണെങ്കിൽ പോലും ഞാൻ ചെയ്തിട്ടുണ്ട്. എന്റെ സുഹൃത്തുക്കളോ പരിയചമുളളവരോ ആരു വിളിച്ചാലും ഞാൻ അഭിനയിക്കാൻ പോകും. ഇപ്പോഴും അതിൽ മാറ്റമില്ല.

‘ആട്’, ‘ആട് 2’ വിലും ഒന്നോ രണ്ടോ സീനേയുളളൂ. ആ സിനിമ മിഥുന്റെയും (സംവിധായകൻ മിഥുൻ മാനുവൽ തോമസ്) ജയേട്ടന്റെയും (ജയസൂര്യ) ആണ്. അവർ രണ്ടു പേരും എനിക്ക് വളരെ അടുപ്പമുളളവരാണ്. ‘നേര’ത്തിൽ ഒരു സീനേ ഉളളൂ. ഇതൊക്കെ എനിക്ക് അടുപ്പമുളളവരുടേതാണ്. പിന്നെ അതൊക്കെ എനിക്കൊരു ‘ലേണിങ്’ ആണ്. ‘ഹെലനി’ലും ‘കമല’യിലും കോമഡി കഥാപാത്രമാണെങ്കിലും ഞാൻ ചെയ്തേനെ.

aju varghese, ie malayalam

ആരോടും ചാൻസ് ചോദിക്കുന്നതിൽ മടിയില്ല

‘1983’, ‘ആക്ഷൻ ഹീറോ ബിജു’വൊക്കെ ഞാൻ ചാൻസ് ചോദിച്ച് കിട്ടിയ സിനിമകളാണ്. അങ്ങനെയുളള സിനിമകൾ എനിക്ക് വർക്ക്ഔട്ടായില്ല. ഒന്നുകിൽ അത് നടന്നിട്ടില്ല, അല്ലെങ്കിൽ അത് ഓടിയിട്ടില്ല. ഇനിയിപ്പോൾ നാച്ചുറലി വരുന്നതു തന്നെ മതിയെന്ന തീരുമാനത്തിലായി.

സത്യൻ അന്തിക്കാട്, ലാൽ ജോസ് എന്നിവരോട് 8 വർഷമായി ഞാൻ ചാൻസ് ചോദിക്കുന്നു. അവർ മനഃപൂർവം എനിക്ക് റോൾ തരാത്തത് അല്ല. എനിക്ക് പറ്റിയ റോളുകൾ ഇല്ലാത്തതു കൊണ്ടാണ്. എന്നു പറഞ്ഞ് ഞാൻ ചാൻസ് ചോദിക്കുന്നത് നിർത്തില്ല, ഇനിയും തുടരും.

അൻവർ റഷീദ്, ആഷിഖ് അബു എന്നിവരോടൊക്കെ ചാൻസ് ചോദിച്ചിട്ടുണ്ട്. ചാൻസ് ചോദിക്കുന്നതിൽ എനിക്ക് മടിയില്ല. ഞാൻ അവരുടെ വീട്ടിൽ പോയി കാശു തരുമോ എന്നല്ല ചോദിക്കുന്നത്, അവരുടെ കൂടെ ജോലി ചെയ്യാൻ ഒരു അവസരം തരൂവെന്നാണ്. ഇതിഹാസ നടന്മാരിൽ ഒരാളായ മമ്മൂട്ടി പോലും പറഞ്ഞിട്ടുണ്ട്, സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല, നമുക്കാണ് സിനിമ ആവശ്യം. അങ്ങനെയെങ്കിൽ എല്ലാ ദിവസവും ചാൻസ് ചോദിച്ചിരിക്കണം.

അന്നും ഇന്നും പ്രിയപ്പെട്ട’മലർവാടി’

അന്നും ഇന്നും എനിക്ക് പ്രിയപ്പെട്ടത് ‘മലർവാടി ആർട്സ് ക്ലബ്’ മാത്രമേയുളളൂ. അതെന്നാണെന്നാൽ അതിലെ എന്റെ അഭിനയത്തിൽ ഒരുപാട് കുഴപ്പങ്ങളുണ്ട്. വൃത്തികെട്ട അഭിനയമാണ്. അതു കൊണ്ടാണ് എനിക്ക് പ്രിയപ്പെട്ടത്. ആ സിനിമയിൽ എന്റെ അഭിനയം അത്രയും മോശമായതു കൊണ്ടാണ് എനിക്ക് അത് പഠിക്കണമെന്ന് തോന്നിയത്. അതു കൊണ്ട് മലർവാടി തന്നെയാണ് എനിക്ക് പ്രിയപ്പെട്ടത്.

തിയേറ്ററിൽ കാണാൻ ഇഷ്ടം ചിരിപ്പടം

എല്ലാ ടൈപ്പ് സിനിമകളും കാണാറുണ്ട്. പക്ഷേ തിയേറ്ററിൽ പോയി കാണാൻ ഇഷ്ടം ചിരിപ്പടങ്ങളാണ്. അതിനേ ഞാൻ പോകാറുളളൂ. പക്ഷേ ‘ട്രാഫിക്’ പോലൊരു സിനിമയും തീർച്ചയായും ഞാൻ ആസ്വദിക്കും. പക്ഷേ ‘പ്രാഞ്ചിയേട്ടൻ’, ‘മീശമാധവൻ’, ‘ഉദയനാണ് താരം’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ പോലുളള സിനിമകളാണ് കുറച്ചു കൂടി തിയേറ്ററിൽ പോയി കാണാൻ എനിക്കിഷ്ടം.

aju varghese, ie malayalam

അജു വര്‍ഗീസ്‌

അടുത്ത സുഹൃത്തുക്കൾക്കിടയിൽ തമാശക്കാരനാണ്

വളരെ കംഫർട്ടബിൾ ആയ സുഹൃത്തുക്കൾക്കിടയിൽ ഞാൻ തമാശക്കാരനാണ്. ചിലപ്പോൾ നിങ്ങൾ സ്ക്രീനിൽ കണ്ടിട്ടുളള എന്റെ കഥാപാത്രങ്ങളിൽ ഒരാൾ തന്നെയാവും അവർക്കിടയിൽ ഞാൻ.

നടനായിരുന്നില്ലെങ്കിൽ…

എച്ച്ഡിഎഫ്സി ബാങ്കിലെ എച്ച്ആർ സെഷനിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. ഒരുപാട് ഞാൻ ആസ്വദിച്ച് ചെയ്ത ജോലിയായിരുന്നു. മാനേജ്മെന്റ് ജോലിയായതു കൊണ്ട് പ്രൊമോഷനൊക്കെ എംബിഎ വേണം. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ എംബിഎ പഠിച്ച് മാനേജ്മെന്റ് ഫീൽഡിലേക്ക് പോയേനെ.

Read Here: ബേബിമോൾക്ക് ജീവിതത്തിലും ‘വെറവൽ’ ഉണ്ടായിട്ടുണ്ട്; അന്ന ബെൻ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook