scorecardresearch
Latest News

ചലച്ചിത്ര മേളകളിൽ മുഖ്യധാരാ സിനിമകള്‍ ഉള്‍പ്പെടുത്തുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല: അടൂർ ഗോപാലകൃഷ്ണൻ

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അന്‍പതാം പതിപ്പ്, ഇന്ന് ഗോവയില്‍ ആരംഭിക്കാനിരിക്കെ, ചലച്ചിത്ര മേളകള്‍ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും തുടര്‍ച്ചയായി വ്യതിചലിക്കുന്നതിനെക്കുറിച്ചും അഭിപ്രായവൈവിധ്യം ജനാധിപത്യത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതും ചര്‍ച്ച ചെയ്യുകയാണ് മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

ചലച്ചിത്ര മേളകളിൽ മുഖ്യധാരാ സിനിമകള്‍ ഉള്‍പ്പെടുത്തുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല: അടൂർ ഗോപാലകൃഷ്ണൻ

ലോകസിനിമയുടെ ശ്രദ്ധ ഇന്ത്യൻ സിനിമയിൽ പതിക്കുന്നതിൽ പ്രധാന പങ്കു വെച്ച ഐതിഹാസിക സംവിധായകരിൽ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. എഴുപതുകളുടെ തുടക്കത്തിൽ സത്യജിത് റേ, മൃണാൾ സെൻ പോലുള്ള പ്രഗത്ഭരായ സംവിധായകരോടൊപ്പം ചേര്‍ന്ന് സമാന്തര സിനിമയുടെ വഴികാട്ടിയായി പ്രവർത്തിച്ച അദ്ദേഹം രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മ വിഭൂഷൺ , ദാദ സാഹിബ് ഫാൽക്കെ അവാർഡ് എന്നീ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി.

ഇന്ത്യ-കേരള സര്‍ക്കാരുകള്‍ നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേളകളുടെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ച അദ്ദേഹം  അവ ഇപ്പോള്‍ നടന്നു വരുന്ന രീതിയെക്കുറിച്ചും അവയെ ചുറ്റിപറ്റിയുള്ള വിവാദങ്ങളെക്കുറിച്ചും ഇന്ത്യൻ എക്സ്പ്രസ്സ് മലയാളവുമായി സംസാരിക്കുന്നു.

സ്വതന്ത്ര സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കുക ചലച്ചിത്ര മേളകളുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ പ്രധാനം.  എന്നാല്‍ മറിച്ച്,  കച്ചവട സിനിമകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതാണ് ഇപ്പോള്‍ കണ്ടു വരുന്നത്?

നമ്മുടെ രാജ്യത്തു നിർമിച്ച മികച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുക എന്നുള്ളത് മാത്രമല്ല മേളകളുടെ ലക്ഷ്യം.  സമകാലിക ലോക സിനിമയിലെ മികച്ച ചിത്രങ്ങൾ നമ്മുടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതിനൊപ്പം കഴിഞ്ഞ കാലത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങൾ അത്തരം സംവിധായകരോടുള്ള ബഹുമാനസൂചകമെന്നോണം പ്രദർശിപ്പിക്കാനും കൂടിയുള്ള ഇടമാണ് ചലച്ചിത്ര മേളകൾ.

IFFI 2019: ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; അമിതാഭ് ബച്ചൻ മേള ഉദ്ഘാടനം ചെയ്തു

ഇത്തരം മേളകളുടെ പ്രധാന പ്രേക്ഷകര്‍  സിനിമ പ്രവർത്തകരും, ചലച്ചിത്ര വിദ്യാർത്ഥികളും, നിരൂപകരും, സിനിമയെ ഗൗരവകരമായ കാണുന്നവരുമാണ്. നമ്മുടെ രാജ്യത്തിൽ ഓരോ വർഷവും നിർമിക്കുന്ന മികച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വിഭാഗം എന്ന നിലയിൽ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയിലെ ‘ഇന്ത്യൻ പനോരമ’ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. അന്താരാഷ്ട്ര മേളകളിൽ ഇന്ത്യൻ പനോരമ വിഭാഗം വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചവരിൽ ചിലരായിരുന്നു ഞാനുൾപ്പെടുന്ന രാജ്യത്തെ ചില സിനിമ പ്രവർത്തകരും , നിരൂപകരും.

ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രങ്ങൾ, വിട്ടുവീഴ്ചകൾ ചെയ്യാത്ത,  സ്വതസിദ്ധമായ ആഖ്യാനശൈലിയുള്ളചിത്രങ്ങൾ ആയിരിക്കണം.  പക്ഷേ അടുത്ത കാലത്തായി ഈ തത്വത്തിൽ വെള്ളം ചേർത്തു കൊണ്ട്, കച്ചവട സിനിമകൾ കുത്തികയറ്റുന്ന പ്രവണത കൂടുന്നതായി കാണാം. പനോരമ വിഭാഗത്തിൽ 26 ചിത്രങ്ങൾ ആണുള്ളത്, 26 ചിത്രങ്ങളിൽ ഇപ്പൊള്‍ 12 എണ്ണം മുഖ്യധാരാ ചിത്രങ്ങളും, 14 ചിത്രങ്ങൾ സമാന്തര ചിത്രങ്ങൾക്കുമായി ചുരുങ്ങി.

മുഖ്യധാരാ സിനിമകൾക്ക് ചലച്ചിത്രമേളകളിൽ എന്താണ് പങ്കെന്ന് മനസിലാകുന്നില്ല. ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ചതിനെ ലോകത്തിനു മുന്നിൽ കാണിക്കുക എന്ന ആശയത്തിന് നേർവിപരീതമാണ് ഈ പ്രവണത. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രങ്ങളെ കുറിച്ച് പ്രമുഖ പത്രങ്ങളും, മാസികകളും എഴുതുകയും, വിദേശ മേളകളിലെ സംവിധായകരും സെലെക്ടർമാരും പനോരമയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളെ പറ്റി ചര്‍ച്ച ചെയുകയും അവയെ വിദേശ മേളകളിക്കു തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

ലോകത്തെമ്പാടും ചലച്ചിത്ര മേളകൾസംഘടിപ്പിക്കുന്നതു ആഗോള സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ള സിനിമ വിദഗ്ധരാണ്. കച്ചവട സിനിമകൾ കാണാൻ വേണ്ടിയല്ല നിരൂപകരും സെക്ടർമാരും ചലച്ചിത്ര മേളകൾക്കു വരുന്നത്. നിർഭാഗ്യവശാൽ, അതുല്യ പ്രതിഭയുള്ള സംവിധായകർക്ക് കൊടുക്കുന്ന അതേ പ്രാധാന്യവും സ്ഥാനവുമാണ് മൂല്യരഹിത സിനിമകൾ നിര്‍മ്മിക്കുന്നവരെ പ്രീതിപ്പെടുത്താനായി ഇവിടെ കൊടുക്കുന്നത്. സത്യത്തിൽ മുഖ്യധാരാ ജനപ്രിയ സിനിമകൾക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഒരു ഇടവുമില്ല.

കലാമൂല്യമുള്ള ചിത്രങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ചലച്ചിത്ര മേളകള്‍. ലോക സിനിമയുമായി താരതമ്യം ചെയുമ്പോൾ നമ്മുടെ സിനിമ എവിടെ നില്കുന്നു എന്ന് മനസിലാക്കാനും പഠിക്കാനുമുള്ള ഒരു വേദിയുമാണ്‌. ഒരു പുതിയ കലാസൃഷ്ടിയെന്നോണം നിർമിക്കുന്ന ഓരോ സിനിമയോടൊപ്പവും കലയും അതിന്റെ സാങ്കേതികതയും മാറുകയും വളരുകയും ചെയുന്നു. എന്റെ ധാരണയിൽ, ഇന്ത്യൻ പനോരമയുടെ ഭാഗമായി മുഖ്യധാരാ സിനിമകളെ എഴുന്നള്ളിക്കുന്നത് മേളയുടെ ഉദ്ദേശശുദ്ധി നശിപ്പിക്കുന്നതിലുപരി വളരെ തെറ്റായ ഒരു പ്രവണതയാണ്.

Read Here: Don’t know why mainstream films are included in festivals: Adoor Gopalakrishnan

സാങ്കേതികതയുടെ വികാസവും ആസ്വാദന സംസ്കാരങ്ങളിലെ മാറ്റത്തെ കുറിച്ചും ?

1977-ഇൽ ഞങ്ങൾ കുറച്ചു പേരുടെ നിർദേശമനുസരിച്ച് സർക്കാർ മേളകളിൽ ഇന്ത്യന്‍ പനോരമ വിഭാഗം ഉൾപ്പെടുത്തി .അങ്ങനെ 1978-ഇൽ മദ്രാസിൽ നടന്ന ആദ്യ ഇന്ത്യൻ പനോരമ സംഘടിപ്പിച്ചു. അതിൽ എന്റെ ചിത്രമായ ‘കൊടിയേറ്റ’വും പ്രദർശിപ്പിച്ചു .

അന്നത്തെ കാലത്ത് സാങ്കേതികവിദ്യ ഇത്രകണ്ട് വികസിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ സബ്ടൈറ്റില്‍ കൊടുക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു. പക്ഷേ എന്റെ അടുത്ത സിനിമ പൂർത്തിയായപ്പോഴേക്കും ഉഷ്ണതരംഗങ്ങൾ ഉപയോഗിച്ച് സബ്ടൈറ്റില്‍ കൊടുക്കുന്ന വിദ്യ നിലവിൽ വന്നു. വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയിരുന്നു അത്. ‘കൊടിയേറ്റം’ സിനിമക്കായുള്ള സബ്ടൈറ്റില്‍ എഴുതി അച്ചുകളിലാക്കി അത് ഫിലിമിൽ പതിപ്പിച്ചത് ഞാൻ ഓർക്കുന്നു.

അത് കഴിഞ്ഞാണ് രാസപദാർത്ഥം ഉപയോഗിച്ച് സബ്ടൈറ്റിലിംഗ് ചെയ്തു തുടങ്ങുന്നത് . ഇതിനായി നമ്മൾ ഇന്ത്യക്കു പുറത്തായി, പ്രധാനമായും സ്വിറ്റസർലണ്ടിൽ സബ്ടൈറ്റിലിംഗ് ചെയ്യാൻ സിനിമകൾ അയക്കുക പതിവായിരുന്നു. എൻ ഡി എഫ് സി അതിനു ശേഷം സബ്ടൈറ്റിലിംഗ് ഇവിടെ തന്നെ ചെയ്യുന്നതിനായി അത്തരം യന്ത്ര സംവിധാനങ്ങൾ ഇറക്കുമതി ചെയ്തു. ഇപ്പോൾ ഏറ്റവും പുതിയതായി ലേസർ സംവിധാനമാണ് സബ്ടൈറ്റിലിംഗിനായി ഉപയോഗിക്കുന്നത്.

ഡിജിറ്റൽ ടെക്നോളോജിയുടെ വരവോടു കൂടി, ചലച്ചിത്ര നിർമാണത്തിന്റെ പല സങ്കീർണതകളും കുറഞ്ഞു വന്നു പറയാം. പഴയതിൽ നിന്നധികമായി ഡിജിറ്റൽ യുഗത്തിൽ കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ട് . സ്വന്തമായി സിനിമ നിർമിക്കാൻ പഠിച്ചവരും, അല്ലാതെ ഫിലിം സ്കൂളിൽ പോയി പഠിച്ചവരുമെല്ലാം ഇപ്പോൾ സ്വന്തമായി സിനിമകൾ ചെയ്യാൻ മുതിരുന്നുണ്ട്, അവയിൽ പലതും നിലവാരമുള്ളവയാണു താനും.

എന്നാൽ കച്ചവട സിനിമ വ്യവ്യസായം ഇത്തരം ഓഫ് ബീറ്റ സിനിമകളോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്. ഇവിടത്തെ താരാധിപത്യത്തില്‍ നിന്നും സാമ്പ്രദായിക കാഴ്ച ശീലങ്ങളില്‍ നിന്നും ഒക്കെ വ്യതിചലിക്കുന്നത്‌ ഇത്തരം ചിത്രങ്ങളെ മുഖ്യധാരാ ചലച്ചിത്ര വ്യവസായം തഴയുന്നതുത്. ഭാഗ്യവശാൽ, ഇങ്ങനെ മാറി നടക്കുന്ന, വല്യ താരങ്ങളില്ലാത്ത, പണക്കൊഴുപ്പില്ലാത്ത ചില മലയാള ചിത്രങ്ങൾ എങ്കിലും പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട് . മാറ്റം സംഭവിക്കുന്നുണ്ട്, അതിനെ നമ്മൾ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും നിലനിർത്താൻ വേണ്ട നടപടികൾ സ്വീകരിക്കുകയുമാണ് ചെയേണ്ടത്.

ഐ എഫ് എഫ് കെയിലേക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ കുറിച്ച്

കേരള രാജ്യാന്തര ചലചിത്രമേളയുടെ (International Film Festival of Kerala, IFFK) കാര്യത്തിൽ, മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടുത്താനുള്ള നിബന്ധനയുണ്ട്. ഞാൻ ചലച്ചിത്ര അക്കാഡമിയുടെ ചെയർമാനായിരുന്ന സമയത്തു വന്നൊരു ആശയമാണ്, രണ്ടിൽ കൂടുതൽ ലോക നിലവാരമുള്ള സിനിമകൾ മലയാളത്തിൽ നിന്നുണ്ടായാൽ, അവ പ്രദർശിപ്പിക്കാനുള്ള അവസരം ചലച്ചിത്ര മേളയിൽ വേണം. അങ്ങനെയുള്ള ചിത്രങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം വേണമെന്നുള്ള ആശയം നമ്മൾ മുന്നോട്ടു വെച്ചു. പരമാവധി രണ്ടോ മൂന്നോ സിനിമകളാണ് ഈ വിഭാഗത്തിൽ ഉൾപെടുത്താൻ ഉദ്ദേശിച്ചിരുന്നത്. എന്റെ  കാലാവധി കഴിഞ്ഞതിനു ശേഷം അതിന്റെ എണ്ണം ഏഴായി കൂടി, പിന്നെ അത് പത്തായി, ഇപ്പോൾ പന്ത്രണ്ടു സിനിമകൾ മലയാളം വിഭാഗത്തിലുണ്ട്.

യാഥാർഥ്യമെന്തെന്നാൽ, ലോകനിലവാരത്തിലുള്ള 14 ചിത്രങ്ങൾ മലയാളത്തിൽ ഒരു വർഷത്തിൽ ഉണ്ടാകുന്നില്ല എന്നതാണ്. ഇപ്പോൾ അവർ എണ്ണം തികക്കുന്നതിനായി മുഖ്യധാരാ കച്ചവട ചിത്രങ്ങൾ കുത്തി നിറയ്ക്കുകയാണ്, അത് തെറ്റായ രീതിയാണ്. അത് നിർത്തലാക്കുക തന്നെ വേണം. സ്വതന്ത്ര-സമാന്തര ചിത്രങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ചതിനെ നീതിപൂർവം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. സാമ്പ്രദായിക കാഴ്ച ശീലങ്ങളെ വെല്ലു വിളിക്കുന്ന, നൂതനമായ ആഖ്യാന രീതികൾ പരീക്ഷിക്കുന്ന ചിത്രങ്ങളെ ഉൾപ്പെടുത്തുന്നതിന് പകരം കച്ചവട സിനിമകൾക്കു പ്രാമുഖ്യം കൊടുക്കുന്നത് മേളക്ക് ഭൂഷണല്ല. അതു കൊണ്ടാണ് ചില യുവ സംവിധായകർ ഇതിനെതിരെ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

Read Here: IFFK 2019: ഐഎഫ്എഫ്കെ സ്വതന്ത്ര സിനിമകളെ ഒഴിവാക്കുന്നതായി പരാതി

പനോരമയിൽ സെലക്ട് ചെയുന്ന ചിത്രങ്ങൾക്ക് സർക്കാർ ചെറിയ രീതിയിൽ ധന സഹായം നൽകുന്നുണ്ട്. പോസ്റ്റ് പ്രൊഡക്ഷനും സബ്ടൈറ്റിലിംഗിനും വേണ്ടിയാണു ഈ സഹായം. ഇത് നല്ലൊരു തീരുമാനമാണ്, പക്ഷേ വാണിജ്യ വിജയം നേടിയ ചിത്രങ്ങൾക്ക് എന്തിനാണ് സർക്കാർ വീണ്ടും ധന സഹായം കൊടുക്കുന്നത് ? റിലീസ് ചെയ്യപ്പെടാത്ത ചിത്രങ്ങൾ മാത്രമേ മത്സര വിഭാഗത്തിലും പനോരമയിലും തിരഞ്ഞെടുക്കുകയുള്ളുവെന്നൊരു നിബന്ധന കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്.

മലയാളം വിഭാഗം പതിനാലില്‍ നിന്ന് പരമാവധി അഞ്ചു ചിത്രങ്ങളായി കുറയ്ക്കണം. അങ്ങനെ വരുമ്പോൾ സർക്കാർ കൊടുക്കുന്ന ധനസഹായം രണ്ടു ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷം വരെ ഉയർത്താം, അർഹതപ്പെട്ട ചിത്രങ്ങൾക്കേ അത് ലഭിക്കുകയുള്ളുവെന്നു ഉറപ്പു വരുത്തുകയും ചെയ്യാം.

international film festival, goa international film festival, filmmaker, adoor gopalakrishnan, netflix, film festivals, art and culture news, cinema, movies, indian express news, iffk,
അടൂര്‍ ഗോപാലകൃഷ്ണന്‍, ചിത്രം. ഗൗതം വി എസ്

മേളകൾ അവയുടെ പ്രാഥമിക ഉദേശങ്ങളിൽ നിന്ന് മാറുന്ന ഈ അവസരത്തിൽ സർക്കാർ ഇനിയും ഇതിനായി പണം ചെലവാക്കേണ്ടതുണ്ടോ ?

മേളകൾ നടത്തുന്നത് വളരെ ചിലവേറിയ കാര്യമാണ്. മത്സര വിഭാഗങ്ങൾക്കായി വിദഗ്ധരുൾപെടുന്ന അന്താരഷ്ട്ര ജൂറിയെ നിയമിക്കണം, മറ്റു വിഭാഗങ്ങൾക്കായി വേറെ ജൂറി പാനലുകൾ. അത് പോലെ ലോക സിനിമകൾ ഇവിടെ പ്രദശിപ്പിക്കാനായി കൊടുക്കേണ്ടി വരുന്ന വാടക, പ്രദർശന വേദികളുടെ വാടക, ഇതിനെല്ലാം സർക്കാരിന്റെ ധനസഹായം അത്യാവശ്യം തന്നെയാണ്. പക്ഷേ മേളകളുടെ പ്രാഥമിക ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുമ്പോൾ ഇതിന്റെ നടത്തിപ്പിനു വേണ്ടി ചെലവഴിക്കുന്ന തുക വിപരീതഫലം ചെയ്യും.

ഇപ്പോൾ നെറ്ഫ്ലിക്സ് , ആമസോൺ പ്രൈം പോലെയുള്ള ഓൺലൈൻ പ്ലാറ്റുഫോമുകൾ വഴി സിനിമകള്‍ ‘പേ പെർ വാച്ച്’ അടിസ്ഥാനത്തിൽ കാണാൻ കഴിയും. ഇത് നമ്മുടെ തിയേറ്റർ സംസ്കാരത്തെ, മേളകളെ ബാധിക്കും എന്ന് അങ്ങ് കരുതുന്നുണ്ടോ ?

നെറ്ഫ്ലിസ് പോലെയുള്ള സംരംഭങ്ങൾ നിലവാരമുള്ള ചിത്രങ്ങൾ വാങ്ങുന്നുണ്ടോയെന്നു സംശയമാണ്. അവര്‍ അത്തരം ചിത്രങ്ങൾക്കായി അധികം തുകയും ചെലവാക്കാറില്ല എന്നാണ് അറിവ്. പ്രാദേശികമായി നിർമിക്കുന്ന ചിത്രങ്ങൾക്കു പരമാവധി 30 ലക്ഷം രൂപയാണ് അവർ വാഗ്ദാനം ചെയുന്നത്. ഇത് നാമമാത്രമായ തുകയാണ്, അതേ സമയം വാണിജ്യ വിജയം നേടിയ ചിത്രങ്ങൾ അവർ അതിൽ കൂടുതൽ തുക കൊടുത്തു വാങ്ങുകയും ചെയ്യും. സാങ്കേതികത്തികവോടു കൂടി ഒരു നല്ല ചിത്രം പൂർത്തിയാക്കാൻ ഇതിലും എത്രയോ ഇരട്ടി ചിലവാക്കേണ്ടി വരും.

ഈ പ്രതിസന്ധി തരണം ചെയ്യാൻ പുതു തലമുറയിലെ പ്രേക്ഷകർക്കിടയിൽ ആസ്വാദന അഭിരുചി വികസിപ്പിക്കുകയാണ് വേണ്ടത്. സമാന്തര കാഴ്ചശീലങ്ങളെ പരിപോഷിപ്പിക്കാനായുള്ള ഇടങ്ങളെ നിലനിർത്തുകയാണ് വേണ്ടത്.

ഇത് എങ്ങനെ സാധ്യമാകും ?

കേരളത്തിൽ കാര്യങ്ങൾ കുറച്ചുകൂടി മെച്ചമാണ്, ഇവിടെ സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള തീയേറ്ററുകൾ ഉണ്ട്. ഞാൻ അധ്യക്ഷനായിരുന്ന കമ്മിറ്റി നിർദേശിച്ച ഒരു പ്രധാന കാര്യമെന്തന്നാൽ സ്വതന്ത്ര സമാന്തര ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കാനായി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകൾ വിട്ടുകൊടുക്കുക എന്നുള്ളതായിരുന്നു. കാണികൾ അധികം ഇല്ലെങ്കിൽ കൂടി അത്തരം തീയറ്ററുകളിൽ ലാഭേച്ഛ കൂടാതെ സമാന്തര ചിത്രങ്ങൾ മൂന്നോ നാലോ ആഴ്ച നിർബന്ധമായും പ്രദർശിപ്പിക്കണം. അങ്ങനെ വരുമ്പോൾ പതുക്കെ ആണെങ്കിൽ കൂടി പ്രേക്ഷകർക്ക് അത്തരം സിനിമകളെ പറ്റി അറിയാനും കാണാനും അവസരം ലഭിക്കും. വ്യക്തമായ പ്രചരണ മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം ചിത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കണം, അതിനായി ദൃശ്യ -അച്ചടി മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം. ഇതൊക്കെ നടത്താൻ കഴിയുന്ന കാര്യങ്ങളാണ്. കമ്മിറ്റി മുന്നോട്ടു വെച്ച ഒരു നിർദേശം പോലും പ്രയോഗത്തിൽ വന്നതായി എനിക്ക് അറിവില്ല.

മേളകളില്‍ വര്‍ഷം തോറും ഡെലിഗേറ്റ് പ്രാതിനിധ്യം കൂടുന്നതായി കാണാം. ഇത് അവയുടെ വിജയത്തിന്റെ മാനദണ്ഡമായി കാണാനാകുമോ ?

തീർച്ചയായും. ഇത്രയധികം പണം അതിനു വേണ്ടി ചെലവാകുമ്പോൾ അതിന്റെ ഗുണഭോക്തരാകുന്നവരുടെ എണ്ണം കൂടുതലാകുന്നത് നല്ലതു തന്നെയാണ്. പ്രത്യേകിച്ചും ചെറുപ്പക്കാർ കൂടുതലായും വരുന്നത് പ്രധാനമാണ്. പക്ഷേ പലപ്പോഴും ചെറുപ്പക്കാർ പക്വതയോടെയല്ല ഇത്തരം സിനിമയെ സമീപിക്കുന്നത്. ഗൗരവമേറിയ, അധികം ത്രസിപ്പിക്കാത്ത സിനിമകൾ കാണാനുള്ള ക്ഷമയില്ലായ്മ പ്രകടമാകാറുണ്ട്. പലപ്പോഴും സിനിമ പ്രദര്‍ശനങ്ങൾക്കിടയിൽ നിന്ന് കാണികൾ ഇറങ്ങി പോകുന്ന പ്രവണത മേളകളിൽ കാണാറുണ്ട്. ഇത് അപക്വവും ധാരണയില്ലായ്മയുടെയും ലക്ഷണമാണ്.

നമ്മുടെ പ്രേക്ഷകർക്കിടയിൽ ക്ഷമയും ആസ്വാദന അഭിരുചിയും വളർത്തേണ്ടത് അത്യാവശ്യമാണ്. മികച്ച ലോക സിനിമകൾ ഒരുപക്ഷേ കച്ചവട സിനിമകൾ പോലെ ഉത്തേജിപ്പിക്കുന്നവയാവില്ല, നമ്മുടെ കാണികൾ ചലച്ചിത്ര മേളകളിലേക്കു വരുമ്പോൾ അത് ഓർമയിൽ ഉണ്ടായിരിക്കണം. സിനിമയെ ഗൗരവമായി കാണുന്ന ഇടമാണ് ചലച്ചിത്ര മേളകൾ, അതിനെ ഒരു അക്കാഡമിക് വ്യവഹാരമായി വേണം കാണാൻ.

ചലച്ചിത്രമേളകളിൽ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്ന ചിത്രങ്ങൾ തിയേറ്റര്‍ റിലീസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഈ വൈരുധ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ?

അതെ, അത് എല്ലാ കാലത്തും അങ്ങനെ തന്നെയാണ്. നിങ്ങൾ പുസ്തക മേളകൾ നോക്കു; കടകളിൽ വിറ്റുപോകുന്നതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ മേളകളിൽ ചിലവാകുന്നു. ഇതേ രീതിയിൽ ചലച്ചിത്രമേളകളിൽ ആളുകൾ ഒത്തു കൂടുന്നത് നല്ല സിനിമകൾ കാണാനുംചർച്ച ചെയ്യാനും മാത്രമാണ്. അതൊരു പ്രത്യേക അന്തരീക്ഷമാണ്.

ആൾക്കൂട്ടകൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിനെ തുടർന്നുണ്ടായ വിവാദങ്ങളെ കുറിച്ച്

വിദ്വേഷം വമിക്കുന്ന ഈമെയിലുകളും കത്തുകളും പലപ്പോഴായി വരാറുണ്ട് (ചിരിക്കുന്നു.) ചില ആളുകൾ പൂർണ്ണമായും തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. അവരെ അപകടകരമാം രീതിയിൽ നയിക്കുന്ന ലോബികൾ ഇവിടെ സജീവമാണ്. അതില്‍ നമുക്കൊന്നും ചെയ്യാനില്ല.

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച്?

നമ്മുടെ ജനാധിപത്യ അവകാശങ്ങളെ ഒരുതരത്തിലും വിട്ടു വീഴ്ച ചെയ്യാൻ പാടില്ല; ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്ന നയങ്ങളെ ചോദ്യം ചെയുക എന്നുള്ളത് അവകാശം എന്നതിലുപരി നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. അതിനു വേണ്ടി ശക്തമായി നിലയുറക്കുക തന്നെ വേണം. ജനങ്ങൾക്കിടയിൽ അവബോധം വളർത്തിയാൽ തന്നെ ഇത്തരം അടിച്ചമർത്തലുകൾ തടയാനാകും.

ഒരു തരത്തിലുള്ള മൗലികവാദങ്ങളും ജനാധിപത്യ പ്രക്രിയക്ക് ചേർന്നതല്ല. ജനാധിപത്യം നിലനിൽക്കുന്നത് തന്നെ അനേകത്ത്വത്തിലാണ്, അല്ലെങ്കിൽ അത് സ്വേച്ഛാധിപത്യമായി പരിണമിക്കും. നമ്മുടെ സമ്മതിദായകർ വിഡ്ഢികളാണെന്നു ഞാൻ വിശ്വസിക്കുന്നില്ല, അവർ ഇതിനെതിരെ ജനാധിപത്യ രീതിയിൽ തന്നെ പ്രതികരിക്കുമെന്ന് കരുതട്ടെ.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Adoor gopalakrishnan on iffi 2019 iffk mainstream films in film festivals