scorecardresearch
Latest News

അത് ക്രൈമാണ്, ലാഘവത്തോടെ കാണരുത്; ഐസിസി വിഷയത്തിൽ മാല പാർവതി

“ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിജയ് ബാബു നടത്തിയത് ക്രൈം തന്നെയാണ്. ഈ രാജ്യത്ത് നിലവിലുള്ള നിയമത്തെ ബഹുമാനിക്കാതിരിക്കുകയാണത്. എന്താണ് ഇതിന്റെ കുഴപ്പമെന്ന് അമ്മയിലെ ചിലർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല”

അത് ക്രൈമാണ്, ലാഘവത്തോടെ കാണരുത്; ഐസിസി വിഷയത്തിൽ മാല പാർവതി

തിങ്കളാഴ്ചയാണ് അമ്മ ആഭ്യന്തര പരാതി പരിഹാരസമിതി (ഐസിസി)യിൽ നിന്ന് നടി മാല പാര്‍വതി രാജിവച്ചത്. ലൈംഗീക പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ അമ്മ അച്ചടക്ക നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. മാല പാർവതിയ്ക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരും ഇപ്പോൾ ഐസിസിയിൽ നിന്നും രാജി വച്ചിരിക്കുകയാണ്. ആറംഗ കമ്മറ്റിയിൽ നിന്നും പകുതിയോളം പേർ രാജിവച്ച സാഹചര്യത്തിൽ, എന്താണ് രാജിയിലേക്ക് നയിച്ചതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് വ്യക്തമാക്കുകയാണ് ഐസിസി അംഗമായിരുന്ന മാല പാർവതി.

സ്വതന്ത്രമായും നീതിയുക്തമായും പ്രവർത്തിക്കേണ്ട ഒരു കമ്മറ്റിയാണല്ലോ ഐസിസി (ആഭ്യന്തരപരാതിപരിഹാര സമിതി- Internal Complaints Committee) എന്നത്. എന്നാൽ, ഇവിടെ ഐസിസി അമ്മയുടെ തന്നെ ഒരു ഡമ്മി കമ്മറ്റിയായി ഒതുങ്ങുകയാണോ?

അങ്ങനെ പറയാനാവില്ല. കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ട് ഒന്നു രണ്ടുമാസമേ ആവുന്നുള്ളൂ. ഐസിസി രൂപീകരിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ആദ്യം ട്രെയിനിംഗ് തന്നു. അമ്മയിൽ വനിതാദിന ആഘോഷങ്ങൾ സംഘടിപ്പിച്ചതെല്ലാം സ്ത്രീകളുടെ ശബ്ദം ഇനിയിവിടെ കേൾക്കപ്പെടുമെന്ന ഉറപ്പിന്റെ പുറത്താണ്. ഒരു മാറ്റമായിരിക്കും എന്ന് പറഞ്ഞിട്ടാണ് എക്സിക്യൂട്ടീവ് കൗൺസിലിൽ ഇത്രയേറെ സ്ത്രീകളെ ഉൾപ്പെടുത്തിയതും.

ഐസിസി എന്നത് അമ്മയുടെ കമ്മറ്റിയല്ല എന്നാണ് പ്രധാനമായും മനസ്സിലാക്കേണ്ടത്. അതൊരു സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്മറ്റിയാണ്. അതുകൊണ്ടാണ് അതിൽ അമ്മയ്ക്ക് വെളിയിൽ നിന്നുള്ള നിയമവിദഗ്ധരൊക്കെയുള്ളത്. ഇന്ത്യയിലെ ഓരോ സ്ഥാപനങ്ങളിലെ ഐസിസിയും നിരന്തരമായി സൂക്ഷ്മനിരീക്ഷണത്തിനു വിധേയമായി കൊണ്ടിരിക്കുകയാണ്. എപ്പോഴും ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കേണ്ട കമ്മറ്റിയാണ് ഐസിസി. സുപ്രീം കോടതിയുടെ വിധി പ്രകാരമാണ് അമ്മ സംഘടനയിലും ഐസിസി രൂപീകരിച്ചത്. എന്നാൽ അതിന് ആ സംഘടന പ്രാപ്തമായിരുന്നോ എന്നറിയില്ല! കാരണം ഇതിന്റെ ട്രെയിനിംഗും പോഷ് ആക്റ്റിനെ കുറിച്ചുള്ള കാര്യങ്ങളും നിയമവശങ്ങളും പരിമിതികളും സാധ്യതകളുമൊക്കെ പഠിപ്പിച്ചത് ഐസിസി മെമ്പേഴ്സിനെ മാത്രമാണ്. അമ്മ സംഘടനയിലെ അംഗങ്ങളെയും എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മെമ്പേഴ്സിനെയും അക്കാര്യങ്ങളെ കുറിച്ച് ബോധവത്കരിക്കണമായിരുന്നു എന്നു തോന്നുന്നു.

വിജയ് ബാബു കേസിൽ, നീതിയുക്തമായി പ്രവർത്തിക്കാനുള്ള ഐസിസിയുടെ സ്വതന്ത്ര്യത്തെ റദ്ദ് ചെയ്തുകൊണ്ട് അമ്മ തന്നെ തീരുമാനം എടുക്കുന്നുവെന്നത് പ്രകടമാവുകയല്ലേ ഇവിടെ?

നിയമവശങ്ങളിൽ നിന്നുകൊണ്ട് ചെയ്യേണ്ട ചില കാര്യങ്ങൾ ഐസിസിയ്ക്ക് ചെയ്തേ പറ്റൂ, ഐസിസിയുടെ നിർദേശങ്ങൾ നടപ്പിൽ വരുത്താൽ എക്സിക്യൂട്ടീവ് കമ്മറ്റി ബാധ്യസ്ഥരാണ് താനും. എന്നാൽ അതു കേൾക്കാൻ കൂട്ടാക്കാതെ വളരെ ലാഘവത്തോടെയാണ് അവർ വിഷയത്തെ സമീപിച്ചത്. ഐസിസിയുടെ സ്വതന്ത്ര്യത്തെ റദ്ദ് ചെയ്യുന്ന രീതിയിലുള്ള ഒരു തീരുമാനമാണ് അമ്മ എടുത്തിരിക്കുന്നത്. അതിൽ പ്രതിഷേധിച്ചാണ് ആറുപേരുള്ള കമ്മിറ്റിയിൽ നിന്ന് ഇപ്പോൾ മൂന്നുപേർ രാജിവച്ചിരിക്കുന്നത്.

മാറ്റി നിർത്തുന്നതും രാജി വയ്ക്കുന്നതും വളരെ വ്യത്യസ്തമായ വാക്കുകളാണ്. ആ വാക്കുകളുടെ അർത്ഥം പോലും മനസ്സിലാവാത്തയാളുകളാണോ സംഘടനയിൽ ഉള്ളത്?

അവർ പറയുന്നത്, ‘എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് വിജയ് ബാബു തത്ത്വത്തിൽ മാറിയല്ലോ, അതല്ലേ ഐസിസി ആവശ്യപ്പെട്ടത്? നിങ്ങൾ പറഞ്ഞത് തന്നെയല്ലേ ഞങ്ങൾ ചെയ്തത്?’ എന്നാണ്. സ്വയമേവ മാറാൻ അനുവദിക്കുകയല്ല, മാറ്റി നിർത്തുകയാണ് ചെയ്യേണ്ടതെന്ന് അവർക്ക് മനസ്സിലാവുന്നില്ല. അവർ പറയുന്നത് രണ്ടും ഒന്നാണെന്നാണ്, പക്ഷേ പൊതുസമൂഹത്തിന് അതങ്ങനെയാണോ? ഉദാഹരണത്തിന് ഞാൻ ഐസിസിയിൽ നിന്ന് സ്വയമേവ രാജിവച്ചതാണ്, അവർ എന്നെ മാറ്റിനിർത്തിയതല്ല. ഈ വ്യത്യാസം എന്താണെന്നു മനസ്സിലാക്കിയാൽ ഇതെല്ലാം മനസ്സിലാവും. വിജയ് ബാബുവിനെ അമ്മ ഇടപ്പെട്ട് മാറ്റി നിർത്തണം എന്നായിരുന്നു ഞങ്ങൾ പറഞ്ഞത്, ഇപ്പോൾ ചെയ്തിരിക്കുന്നത് അതല്ല.

നിയമത്തിന് കീഴടങ്ങാതെയും പിടികൊടുക്കാതെയും ഒളിവിൽ കഴിയുന്ന ഒരു പ്രതിയിൽ നിന്ന് കത്ത് വാങ്ങിച്ച്, പ്രതി ഉന്നയിച്ച നിർദേശത്തിന്റെ പുറത്ത് അമ്മയെ പോലൊരു സംഘടന നിലപാട് കൈകൊള്ളുമ്പോൾ ഒരർത്ഥത്തിൽ ക്രൈമിന് കൂട്ടുനിൽക്കുന്ന നിലപാടല്ലേ ഇത്?

പൊലീസ് ലുക്കൗട്ട് നോട്ടീസ് കൊടുത്തൊരു വ്യക്തിയെ സംഘടനയ്ക്ക് കോണ്ടാക്റ്റ് ചെയ്യാൻ പറ്റി, അയാളിൽ നിന്നും കത്തുവാങ്ങിച്ചു എന്നു പറയുമ്പോൾ അത് നിയമപരമായി സാധൂകരിക്കാവുന്ന ഒന്നല്ല. ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന് വിവിധ കോടതികളുടെ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിജയ് ബാബു നടത്തിയത് ക്രൈം തന്നെയാണ്. ഈ രാജ്യത്ത് നിലവിലുള്ള നിയമത്തെ ബഹുമാനിക്കാതിരിക്കുകയാണത്. ആ ചെയ്ത പ്രവൃത്തിയുടെ ആഴവും പരപ്പും മനസ്സിലാക്കാതെ, അതിനെ അഡ്രസ്സ് ചെയ്യാതെ അങ്ങേയറ്റം ലാഘവത്തോടെയാണ് പലരും കാണുന്നത്. എന്താണ് ഇതിന്റെ കുഴപ്പമെന്ന് അമ്മയിലെ ചിലർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

മീറ്റു ആരോപണങ്ങൾ മുതൽ നടിയെ ആക്രമിച്ച കേസുവരെ… അതിന്റെയൊക്കെ പശ്ചാത്തലത്തിൽ കൂടിയാണല്ലോ, സ്ത്രീകൾക്ക് സുരക്ഷിതമായൊരു തൊഴിലിടമൊരുക്കുക എന്ന ഉദ്ദേശം കൂടി കണക്കിലെടുത്ത് ഐസിസി പോലുള്ള കമ്മറ്റികൾ രൂപീകരിക്കുന്നത്? എന്തൊക്കെയായിരുന്നു ഐസിസി നടപ്പിൽ വരുത്താനിരുന്ന കാര്യങ്ങൾ?

ഏറ്റവും സ്വതന്ത്രമായി സ്ത്രീകൾക്ക് ജോലി ചെയ്യാവുന്ന ഒരു തൊഴിലിടം ഒരുക്കുക എന്നത് തന്നെയായിരുന്നു അതിൽ പ്രധാനം. ഒപ്പം ജെൻഡർ ഇക്വാലിറ്റി ഉറപ്പുവരുത്തുക, സ്ത്രീകളുടെ ശബ്ദം ഉയർന്നു കേൾക്കുന്ന ഒരു അന്തരീക്ഷമുണ്ടാക്കുക, സ്ത്രീകൾക്ക് സുരക്ഷ നൽകുന്ന നിയമപരിരക്ഷ പ്രാബല്യത്തിൽ വരുത്തുകയും അതിക്രമങ്ങൾ തടയുകയും ചെയ്യുക, സ്ത്രീകൾക്ക് നിയമം ഉറപ്പു നൽകുന്ന അവകാശങ്ങളെ കുറിച്ച് അംഗങ്ങളെ ബോധവത്കരിക്കാനായി ഒരു സെമിനാർ വയ്ക്കാനും വിദഗ്ധരെ കൊണ്ട് ക്ലാസ് എടുപ്പിക്കാനുമൊക്കെ ഉദ്ദേശിച്ചിരുന്നു. ആർക്കെങ്കിലും പരാതികൾ ഉന്നയിക്കാൻ ഉണ്ടെങ്കിൽ സത്യസന്ധമായി അതു കേൾക്കുകയും ഉചിതമായ നടപടികൾ കൈകൊള്ളുമെന്നും ഞങ്ങൾ ഉറപ്പുനൽകിയിരുന്നു. ശ്വേത മേനോനും കുക്കു പരമേശ്വരനുമൊക്കെ ഇക്കാര്യത്തിൽ ഉറച്ച നിലപാടുള്ളവരായിരുന്നു. പക്ഷേ, ഐസിസി ഇടപ്പെട്ട ആദ്യകേസിൽ തന്നെ ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സമീപനമാണ് അമ്മയുടെ ഭാഗത്തുനിന്നുണ്ടായത്.

സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തിയതിന്റെ പുറത്ത് ഇപ്പോൾ സംഘടനയിലെ ചിലരെങ്കിലും നിങ്ങളെ എതിർചേരിയിൽ കാണുന്നുണ്ടോ. എങ്ങനെയാണ് ഈ ഒരു സാഹചര്യത്തെ നോക്കി കാണുന്നത്?

എങ്ങനെയാണ് സംഘടനയിലെ മറ്റുള്ളവർ ഇതിനെ നോക്കി കാണുന്നത് എന്നെനിക്കറിയില്ല. ഞാനിന്ന് അമ്മയ്ക്ക് ഒരു മെയിൽ അയച്ചിട്ടുണ്ട്, വൈസ് പ്രസിഡന്റായ മണിയൻപിള്ള രാജു പറഞ്ഞ കാര്യത്തിൽ വിശദീകരണം തേടികൊണ്ട്, ‘സ്ത്രീസംഘടനയിൽ പൊയ്ക്കോളൂ’ എന്നുള്ള രീതിയിലുള്ള പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനമാണോ അതോ അമ്മ സംഘടനയുടെ അഭിപ്രായമാണോ എന്നു ചോദിച്ചുകൊണ്ട്. ആ മെയിലിനു മറുപടി വന്നിട്ടില്ല, മറുപടി കാത്തിരിക്കുകയാണ് ഞാൻ. അമ്മ ചെയ്ത നല്ല കാര്യങ്ങൾ എല്ലായ്‌പ്പോഴും ഉറക്കെ പറഞ്ഞിട്ടുള്ളയാൾ തന്നെയാണ് ഞാൻ. അതുപറഞ്ഞുകൊണ്ട് തന്നെയാണ് ഇപ്പോൾ ഈ വിഷയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചതും. നമ്മൾ പറയുന്നത് അവർക്ക് മനസ്സിലാവുന്നുണ്ടോ അതോ എതിർചേരിയായാണോ കാണുന്നതെന്നൊക്കെ വരും ദിവസങ്ങളിൽ മനസ്സിലാവുമായിരിക്കും.

രാജി വെക്കുന്ന നിലപാടിനോട് അമ്മയിലെ മറ്റു അംഗങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത്?

ഈ വിഷയത്തിൽ അധികം പ്രതികരണമൊന്നും ഞാൻ കേട്ടില്ല. ‘രാജിയെ ബഹുമാനിക്കുന്നു’ എന്നു ബാബുരാജ് മാധ്യമങ്ങളോട് പ്രതികരിച്ചതു മാത്രമാണ് ഞാൻ കേട്ടത്.

Stay updated with the latest news headlines and all the latest Interview news download Indian Express Malayalam App.

Web Title: Actress maala parvathi open up about her exit from icc

Best of Express