‘ഹലാൽ ലവ് സ്റ്റോറി’ കണ്ടിറങ്ങുമ്പോൾ സ്ക്രീനിൽ നിന്നുമിറങ്ങി പ്രേക്ഷകർക്കൊപ്പം സഞ്ചരിക്കുന്നൊരു കഥാപാത്രമാണ് ഗ്രേസ് ആന്റണിയുടെ സുഹറ. മലബാറിലെ ഒരുപാട് സത്രീജീവിതങ്ങളെ ഓരോ പ്രേക്ഷകനും സുഹറയിൽ കാണാം. അത്രയേറെ തന്മയത്വത്തോടെയാണ് ഗ്രേസ് സുഹറയെ അവതരിപ്പിച്ചിരിക്കുന്നത്. വാക്കിലും നോക്കിലും നടത്തത്തിലും ചലനങ്ങളിലുമെല്ലാം സുഹറയായി പരകായപ്രവേശനം നടത്താൻ ഗ്രേസിനു കഴിഞ്ഞിട്ടുണ്ട്. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ആയതുമുതൽ അഭിനന്ദനങ്ങൾക്കും പ്രേക്ഷകരുടെ സ്നേഹാദരങ്ങൾക്കും നടുവിലാണ് ഗ്രേസ്.

“അർദ്ധരാത്രി തന്നെ പടം കണ്ടിട്ട് കുറേപേർ മെസേജ് ചെയ്തു.ഞങ്ങളെ പോലെ തന്നെ ചിത്രം കാണാനായി ഇത്രയും ആളുകൾ കാത്തിരിക്കുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. ആളുകളുടെ മെസേജുകൾ നിർത്താതെ വന്നുകൊണ്ടിരിക്കുകയാണ്, അതിന്റെ ഒരു എക്സൈറ്റ്മെന്റിൽ​ ആണ്. സിനിമ കണ്ട് കുറേ ഇത്താത്തമാരൊക്കെ എനിക്ക് മെസേജ് അയച്ചു, സുഹറയിൽ ഞങ്ങളുണ്ട് എന്നു പറഞ്ഞു. കുറേ ചേട്ടന്മാർ പറഞ്ഞത്, അവരുടെ ഉമ്മയെ പോലെ, ഭാര്യയെ പോലെയൊക്കെ തോന്നി എന്നാണ്. അതൊരു വലിയ സന്തോഷമാണ്.” ഗ്രേസ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

സിനിമയിൽ ആദ്യം അഭിനയമറിയാത്ത ആളായി പെരുമാറണം, പിന്നീട് പെർഫോമൻസിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കണം- സുഹറ എന്ന കഥാപാത്രം ഗ്രേസിന് എത്രത്തോളം വെല്ലുവിളി ഉയർത്തിയിട്ടുണ്ട്?

നമ്മൾ എത്ര ഗൗരവത്തോടെയാണ് ഓരോ കഥാപാത്രത്തെയും നോക്കി കാണുന്നത് എന്നതിനനുസരിച്ചാണ് കഥാപാത്രവും ചലഞ്ചിംഗ് ആയി മാറുന്നത്. ഒരു കഥാപാത്രം കിട്ടുമ്പോൾ നമുക്കതിനെ രണ്ട് രീതിയിൽ അവതരിപ്പിക്കാം, ഒന്ന് സംവിധായകനും തിരക്കഥാകൃത്തുമൊക്കെ പറയുന്ന നിർദ്ദേശങ്ങൾ അതുപോലെ അനുസരിച്ച് ലളിതമായി​ അവതരിപ്പിക്കുക. മറ്റൊന്ന്, അതിലേക്ക് നമ്മുടെ ഭാഗത്ത് നിന്നുള്ള ഇൻപുട്ട് കൂടി നൽകി മനോഹരമാക്കാൻ ശ്രമിക്കുക. സുഹറയാവാൻ അവസരം ലഭിച്ചപ്പോൾ എനിക്ക് ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു. നല്ല കഥ, നല്ലൊരു സംവിധായകൻ, മികച്ച ടീം… ഇത്രയുമൊക്കെ മുന്നിൽ നിൽക്കുമ്പോൾ എനിക്ക് ഈസിയായി ചെയ്തിട്ട് പോരാൻ പറ്റില്ല. അവിടെ എന്റെ ഉത്തരവാദിത്വം കൂടുതലാണ്. പോരാത്തതിന് തുടക്കം മുതൽ അവസാനം വരെയുള്ള ഒരു കഥാപാത്രമാണ്, അതിന്റെ ഗ്രാഫ് ഒരു കാരണവശാലും താഴോട്ട് പോവരുതേ എന്നോർത്താണ് ചെയ്യുന്നത്.

കഥാപാത്രത്തിനായി ഹോം വർക്ക് ചെയ്യാറുണ്ട്. മുൻപ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഇരുപ്പോ നടപ്പോ നോട്ടമോ സംസാരമോ ഒന്നും കോപ്പി വരാൻ പാടില്ല എന്നതായിരുന്നു പ്രധാനം. ഓരോ ഷോട്ടും എടുക്കും മുൻപ് ഞാൻ സംവിധായകനോടും എഴുത്തുകാരനോടും സംസാരിക്കും. രണ്ടുപേരുടെ അടുത്തുനിന്ന് കിട്ടുന്ന അറിവും നമ്മുടെ ഭാഗത്തുനിന്നുള്ള കാര്യങ്ങളും ചേർത്ത് അവതരിപ്പിക്കുമ്പോഴേ കഥാപാത്രം ഭംഗിയായി വരൂ എന്നാണ് ഞാൻ മനസ്സിലാക്കിയത്. എന്ത് സംശയം ചോദിച്ചാലും പറഞ്ഞു തരുന്ന ആളുകളായിരുന്നു ടീമിൽ നിറയെ. ഞാനൊരു സംശയരോഗിയാണെന്നാണ് അവർ തമാശയ്ക്ക് പറയുക.​ എപ്പോഴും സംശയം ചോദിച്ച് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ഇടയ്ക്ക് ഞാനൊന്നും ചോദിക്കാതെ മാറിയിരിക്കുമ്പോൾ സക്കരിയ എന്നെ നോക്കും, എന്തേ ഇന്ന് സംശയമൊന്നുമില്ലേ? എന്ന അർത്ഥത്തിൽ. എന്താണ് ചെയ്യേണ്ടതെന്നതിൽ ഒരു വ്യക്തത കിട്ടികഴിഞ്ഞാലേ എനിക്ക് ഈസിയായി വർക്ക് ചെയ്യാൻ പറ്റൂ. സുഹറ എന്നെ സംബന്ധിച്ചടത്തോളം ഒരു മാജിക്കായിരുന്നു.

എല്ലാം പറഞ്ഞു തന്നാലും ചില ഏരിയകളിൽ നമ്മൾ സ്വയം കയ്യിൽ നിന്ന് ഇടേണ്ട ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് സിനിമയിൽ പോസ്റ്റ്മാൻ വന്ന് കത്ത് തരുന്ന ഒരു സീനുണ്ട്. ആ സമയത്തെ എന്റെ ബോഡി ലാംഗ്വേജ് രസകരമായിരുന്നു എന്നൊക്കെ കുറേപ്പേർ അഭിപ്രായം പറഞ്ഞു. സക്കരിയ സീൻ പറഞ്ഞു തരുമ്പോഴെല്ലാം ഞാൻ ചോദിക്കുക, ആ സീനിൽ കഥാപാത്രത്തിന്റെ ഇമോഷൻ എന്താണെന്നാണ്. പോസ്റ്റ്മാൻ വന്ന് കത്ത് തരുന്ന രംഗത്തിൽ അഭിനയിക്കുമ്പോൾ ഒട്ടും ആത്മവിശ്വാസമില്ലാത്ത, ഉള്ളിൽ പേടിയുള്ള സുഹറയെ ആണ് ആ സീനിൽ ആവശ്യം എന്നായിരുന്നു സംവിധായകന്റെ നിർദ്ദേശം. ആ ഇമോഷന് യോജിക്കുമെന്നു തോന്നിയ ബോഡി ലാംഗ്വേജ് നൽകുകയാണ് ചെയ്തത്.

 

സുഹറയായി മാറാനുള്ള മുന്നൊരുക്കങ്ങൾ?

സമപ്രായക്കാരായ നിരവധി സുഹൃത്തുക്കൾ എനിക്ക് മലബാറിലുണ്ട്. പക്ഷേ, സുഹറയെ പോലെയുള്ള ഒരാളെയോ അതുപോലൊരു അന്തരീക്ഷത്തിൽ ജീവിക്കുന്ന സ്ത്രീകളുടെ ജീവിതമോ ഞാൻ അടുത്ത് കണ്ടിരുന്നില്ല. ഞാൻ മുളന്തുരുത്തിയിൽ ജനിച്ചുവളർന്ന ആളായതിനാൽ തന്നെ എനിക്ക് പരിചിതമായിരുന്നില്ല ആ അന്തരീക്ഷം. അവരുടെ സംസാരരീതിയെ കുറിച്ചൊക്കെ ഏതാണ്ടൊരു ധാരണയുണ്ടായിരുന്നു എന്നുമാത്രം. പക്ഷേ സിങ്ക് സൗണ്ടിൽ ആ ഭാഷയിൽ ഡയലോഗ് എങ്ങനെ അവതരിപ്പിക്കും എന്നറിയില്ല. ഞാനെന്റെ ടെൻഷൻ സക്കരിയയോട് പറഞ്ഞപ്പോൾ, ഷൂട്ടിംഗിന് ഒരു ദിവസം നേരത്തെ വന്ന് ഈ അന്തരീക്ഷമൊക്കെ കണ്ട് മനസ്സിലാക്കൂ എന്നു പറഞ്ഞു.

എല്ലാ ദിവസവും ഞാൻ ഷൂട്ടിന് നേരത്തെ ചെല്ലും. അവിടെ അടുത്തുള്ള വീടുകളിലൊക്കെ കറങ്ങിനടക്കും. ഷൂട്ടിംഗ് കാണാൻ ലൊക്കേഷനിലും കുറേ ഇത്തമാരൊക്കെ വരുമായിരുന്നു. അവരോടൊക്കെ സംസാരിക്കും. വളരെ സ്നേഹമുള്ള ആളുകളായിരുന്നു അവരൊക്കെ. നമ്മൾ സംസാരിക്കുമ്പോൾ അവർക്കും വലിയ സന്തോഷമാണ്. ഞാൻ പക്ഷേ അതിനിടയിൽ എന്റെ ഹോം വർക്ക് ചെയ്യുകയാണെന്ന് അവർക്ക് അറിയില്ലല്ലോ. അവർ സംസാരിക്കുന്ന രീതി, തട്ടമിടുന്ന സ്റ്റൈൽ ഒക്കെ നോക്കി പഠിച്ചു. അവരറിയാതെ ഞാൻ അവരുടെ മാനറിസങ്ങൾ അടിച്ചുമാറ്റിയിട്ടുണ്ട്. (ചിരിക്കുന്നു)

പരിചയസമ്പന്നരായ സഹതാരങ്ങൾക്കൊപ്പമുള്ള അഭിനയം? അനുഭവങ്ങൾ?

വളരെ കഴിവുള്ള, പരിചയസമ്പന്നരായ ആളുകളാണെങ്കിലും അവരുടെ പെരുമാറ്റത്തിലൊന്നും ആ ഭാവം കാണിക്കില്ല. സൗഹൃദത്തോടെയാണ് എല്ലാവരും പെരുമാറിയത്. ക്യാമറയ്ക്ക് മുൻപിൽ അവർ പെർഫോം ചെയ്യുമ്പോഴാണ് നമ്മൾ ഞെട്ടുക. ചില സമയത്ത് ജോജു ചേട്ടന്റെ പെർഫോമൻസ് കണ്ട് ഞാൻ കണ്ണും തള്ളി ഇരുന്നിട്ടുണ്ട്. ഇന്ദ്രേട്ടൻ ആണെങ്കിലും കംഫർട്ടബിൾ ആയി വർക്ക് ചെയ്യാനുള്ള ഒരു സ്പേസ് തന്നിരുന്നു. എത്ര വർഷമായി അഭിനയിക്കുന്ന വ്യക്തിയാണ്, എന്നാലും ഈ ഡയലോഗ് നമുക്കൊന്ന് പറഞ്ഞുനോക്കിയാലോ ഇന്ദ്രേട്ടാ എന്നൊക്കെ ചോദിച്ചാൽ ഒരു മടിയും കൂടാതെ റിഹേഴ്സൽ ചെയ്യാൻ വരും. പാർവതി ചേച്ചിയും അതെ. ചേച്ചിയ്ക്ക് കുറച്ചു സീനുകളെ സിനിമയിൽ ഉള്ളുവെങ്കിലും ഒരുപാട് സ്നേഹത്തോടെയാണ് ഇടപ്പെട്ടത്. ആ വർക്ക് ഷോപ്പ് സീനിൽ സുഹറയെ എങ്ങനെ കൊണ്ടുനടന്നോ അതുപോലെ കാര്യമായാണ് എന്നെയും നോക്കിയത്. ഇത്രയും ആളുകൾ ഒരേ മനസ്സോടെ വർക്ക് ചെയ്യുന്നത് കാണുമ്പോൾ പുതുമുഖമെന്ന രീതിയിൽ എനിക്കും ഒരുപാട് കാര്യങ്ങൾ അവരിൽ നിന്നും കണ്ടുപഠിക്കാൻ ഉണ്ട്.

 Grace Antony, Grace Antony interview, Grace Antony Halal Love Story, Halal Love Story Review, Halal Love Story Malayalam Review, Halal Love Story, Halal Love Story release, Halal Love Story rating

ഒരു തിരക്കഥ തിരഞ്ഞെടുക്കുമ്പോൾ  എന്തൊക്കെയാണ് ഗ്രേസ് പരിഗണിക്കുന്നത്?

സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുക, പടം കമ്മിറ്റ് ചെയ്യുക ഇതു രണ്ടുമാണ് എന്നെ സംബന്ധിച്ച് ഏറ്റവും പേടിയുള്ളതും ബുദ്ധിമുട്ടുള്ളതുമായ ജോലി. ഒരിക്കൽ ഒരു തീരുമാനം എടുത്തിട്ട് പിന്നീട് വേണ്ട എന്നു വയ്ക്കാൻ പറ്റില്ലല്ലോ. പുതിയ സ്ക്രിപ്റ്റ് കേൾക്കുമ്പോൾ, മുൻപു ചെയ്ത കഥാപാത്രത്തെ പോലെ ആവാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ‘ഹാപ്പി വെഡ്ഡിംഗി’നു ശേഷം അതുപോലുള്ള കുറേ കഥാപാത്രങ്ങൾ വന്നിരുന്നു. ദൈവാധീനം കൊണ്ടാവാം അതൊന്നും ഞാനെടുത്തില്ല. പിന്നീട് വന്നതൊക്കെ ചെറിയ ചെറിയ കഥാപാത്രങ്ങൾ ആയപ്പോൾ ഞാനൊന്ന് ബ്രേക്ക് എടുത്ത് മാറി നിന്നു, അപ്പോഴാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ സംഭവിച്ചത്. എനിക്ക് പെർഫോം ചെയ്യാൻ പറ്റുന്ന, രസകരമായ സിനിമകൾ ചെയ്യുക, നല്ല ടീമിന്റെ കൂടെയാണെങ്കിൽ ഏറെ സന്തോഷം. അതുമാത്രമാണ് ഇപ്പോൾ നോക്കുന്നത്.

സിനിമാഗ്രൂപ്പുകളിലെ ചർച്ചകളിൽ ‘ഉർവശിയുടെ ലൈറ്റ് വേർഷൻ’ എന്നാണ് പലരും ഗ്രേസിനെ വിശേഷിപ്പിക്കുന്നത്?

അയ്യോ… ആളുകൾ ഇങ്ങനെയൊക്കെ പറയുമ്പോൾ ടെൻഷനാണ്, അങ്ങനെ ഉപമിക്കാൻ മാത്രമൊക്കെ കഴിവുണ്ടോ എനിക്കെന്ന് സംശയമാണ്. പക്ഷേ കേൾക്കുമ്പോൾ സന്തോഷവുമുണ്ട്, കാരണം അത്രയും ഇഷ്ടമാണ് ഉർവശി ചേച്ചിയെ ഒക്കെ.

ഉർവശി ചേച്ചി, ശോഭന ചേച്ചി, കൽപ്പന ചേച്ചി- ഇവരുടെ സിനിമകൾ കണ്ടാണ് അഭിനയത്തോടുള്ള ഇഷ്ടം തുടങ്ങുന്നത്. ഒരുപാട് അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്, പണ്ട് എന്റെ വീട്ടിൽ ടിവി ഇല്ലായിരുന്നു, ദൂരദർശൻ കാലമാണത്. അടുത്ത വീട്ടിൽ ശനിയാഴ്ചയും ഞായറാഴ്ചയുമൊക്കെ സിനിമ കാണാൻ​​ അമ്മ കൊണ്ടുപോവും. അന്നേരം കാണുന്ന സിനിമകളാണ് ‘മണിച്ചിത്രത്താഴും’ ‘തലയണമന്ത്ര’വുമൊക്കെ… അതൊക്കെ കണ്ട് അന്തം വിട്ടിരുന്നിട്ടുണ്ട്. അന്നേ ഞാൻ പറയും എനിക്ക് സിനിമാനടിയാവണം എന്ന്. ഇവരെയൊക്കെ കണ്ടിട്ടാണ് പറയുന്നത്. പക്ഷേ അന്നറിയില്ലല്ലോ, അഭിനയമെന്നത് അത്ര എളുപ്പമുള്ള ജോലി അല്ലെന്ന്. ഇപ്പോഴാണ് അവരൊക്കെ​ എത്ര കഷ്ടപ്പെട്ടാണ് ഓരോ കഥാപാത്രങ്ങളെയും ഇത്രയും ഭംഗിയാക്കിയത് എന്നു മനസ്സിലാവുന്നത്.

Kumbalangi Nights, Grace Antony, ie malayalam

മലയാള സിനിമയിൽ  സ്ത്രീപക്ഷ സിനിമകൾ താരതമ്യേന കുറവാണ്. എന്നാൽ ഇപ്പോൾ അത്തരം സിനിമകളും വരുന്നുണ്ട്, ‘ഹലാൽ ലവ് സ്റ്റോറി’ പോലും ഒരർത്ഥത്തിൽ സുഹറയുടെ കഥയാണ്. ഈ മാറ്റത്തെ എങ്ങനെ നോക്കി കാണുന്നു?

വളരെ സന്തോഷമാണ്. ഇതൊക്കെ എഴുതുന്നത് പുരുഷന്മാരാണ് എന്നതാണ് അതിലും സന്തോഷം. മാറ്റങ്ങൾ വന്നു തുടങ്ങിയെന്നാണ് അത് കാണിക്കുന്നത്. നന്നായി പെർഫോം ചെയ്യുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എല്ലാ നടിമാർക്കും​ ആഗ്രഹം കാണും. പക്ഷേ കൂടുതലും ഒരു കാമുകൻ, കാമുകി, അവർ പാട്ടുപാടുന്നു, ഡാൻസ് ചെയ്യുന്നു, അതിലേക്ക് ഒതുങ്ങുകയാണ് നായികമാരുടെ വേഷങ്ങൾ. അതിൽ നിന്നൊക്കെ മാറി സ്ത്രീകൾക്ക് പ്രാധാന്യമുള്ള സിനിമകൾ വരുന്നത് നല്ല പ്രവണതയാണ്.

മലയാളസിനിമയിൽ അത്തരം മാറ്റങ്ങൾ പ്രകടമായി കാണാം ഇപ്പോൾ. സിനിമയ്ക്ക് അകത്തുള്ളവർ മാത്രമല്ല, പ്രേക്ഷകരും സിനിമകളെ കൃത്യമായി നിരീക്ഷിക്കുകയും വിമർശിക്കുകയും വിലയിരുത്തുകയും ഒക്കെ ചെയ്യുന്നുണ്ട്. നമ്മൾ പോലും ചിന്തിച്ചിട്ടില്ലാത്ത വീക്ഷണകോണുകളിൽ നിന്നൊക്കെയാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഞാനൊരു ഷോർട്ട് ഫിലം ചെയ്തപ്പോൾ എനിക്കത് നേരിട്ട് മനസ്സിലായതാണ്. ചെറുപ്പക്കാർ ആ സിനിമയെ കുറിച്ചു തന്ന അഭിപ്രായങ്ങളും നിർദേശങ്ങളും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. സൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രേക്ഷകർ ചുറ്റും ഉണ്ടാകുമ്പോൾ അത്രയും ഗൗരവത്തോടെ തന്നെ നമ്മളും അഭിനയിക്കുകയും സിനിമകൾ ഉണ്ടാക്കുകയും ചെയ്യണമല്ലോ. ഈ മാറ്റങ്ങളിലൊക്കെ ഭാഗമാവാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്.

പുതിയ പ്രൊജക്റ്റ്?

ശ്രീനാഥ് ഭാസിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ‘സിമ്പിളി സൗമ്യ’യാണ് ഷൂട്ട് തുടങ്ങാൻ ഇരിക്കുന്ന സിനിമ.

Read more: ‘വാതുക്കല് വെള്ളരിപ്രാവ്…’ പ്രിയപ്പെട്ട ഗാനത്തിനൊപ്പം ഗ്രേസ് ആന്റണി, വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook