മ്യൂസിയം-വെള്ളയമ്പലം റോഡിൽ വയലാർ പ്രതിമ മുതൽ ആൽത്തറ ജംഗ്ഷനിലെ ജി. ദേവരാജൻ പ്രതിമ വരെയുള്ള 180 മീറ്റർ ദൂരം തിരുവനന്തപുരത്തിന്റെ സാംസ്കാരിക ഇടനാഴിയാണ്. കലയെയും കലാകാരന്‍മാരെയും നിശബ്ദരാക്കാന്‍ ഓരോ കാലത്തും ഉണ്ടായ ശ്രമങ്ങളെ ചെറുത്തു തോല്പിച്ച ചരിത്രമാണ് മാനവീയം വീഥിയെന്ന തെരുവോരത്തിന്. ഈ തെരുവിൽ പറഞ്ഞും പാടിയും അഭിനയിച്ചുമാണ് ഷൈലജ പി. അമ്പു എന്ന കലാകാരി വളർന്നത്.
തെരുവുനാടകങ്ങളും മറ്റുമായി 1994 മുതൽ കലാരംഗത്ത് സാന്നിദ്ധ്യമറിയിച്ച ഷൈലജ 2000ത്തിലാണ് തിരുവനന്തപുരത്തെ അഭിനയ നാടക പഠന കേന്ദ്രത്തിലെത്തുന്നത്. അവിടെ നിന്ന് 2001ൽ മാനവീയത്തിലേക്ക്. പിന്നീടങ്ങോട്ട് അവിടത്തെ സെക്രട്ടറിയായും പ്രസിഡന്റായും നാടൻപാട്ട് കലാകാരിയായും നാടകക്കാരിയായുമെല്ലാം ആ തെരുവിന്റെ ഭാഗമായി ഷൈലജ. ഒരു സാംസ്കാരിക ഇടനാഴിയിലേക്കുള്ള മാനവീയത്തിന്റെ വളർച്ചയിൽ മുന്നിൽ നിന്ന് നയിച്ചു.
ഇന്ന് ശൈലജ വാര്‍ത്തകളില്‍ നിറയുന്നത് അഭിനയത്തിനുള്ള രാജ്യാന്തരപുരസ്കാരങ്ങള്‍ നേടിയാണ്. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത ‘കാന്തി’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ ഇൻറർനാഷണൽ ഫെസ്റ്റിവൽ ഓഫ് ബോസ്റ്റൺ യു.എസ് 2020 ൽ മികച്ച നടിയായി ഷൈലജ. നാടകവും പാട്ടും സിനിമയും എല്ലാം ചേര്‍ന്ന് കിടക്കുന്ന തന്റെ ജീവിതവഴികളെക്കുറിച്ച് ശൈലജ സംസാരിക്കുന്നു.
? നാടകരംഗത്തേക്കുള്ള ചുവടുവയ്പ്പ്
സ്കൂൾ കാലം കഴിഞ്ഞപ്പോൾ മുതലേ പുരോഗമന കലാസാഹിത്യ സംഘത്തിലും വനിതാ സാഹിതിയിലുമൊക്കെ സജീവമായിരുന്നു. അന്നു തൊട്ടേ തെരുവു നാടകങ്ങളും നാടൻപാട്ടുകളും ജീവിതത്തിന്റെ ഭാഗമായിരുന്നു. ഡിഗ്രി മ്യൂസിക്കാണ് ചെയ്തത്. അന്ന് അനൂപേട്ടൻ (നടൻ അനൂപ് ചന്ദ്രൻ) കാവാലം നാരയണപ്പണിക്കരുടെ ‘സോപാന’ത്തിൽ നാടകം ചെയ്യുന്ന സമയം. ഇടയ്ക്ക് ‘അഭിനയ’ നാടകക്കളരിയിളും വരാറുണ്ടായിരുന്നു. അനൂപേട്ടനാണ് ജ്യോതിഷേട്ടന് (നാടക സംവിധായകന്‍ ജ്യോതിഷ് എം ജി) എന്നെ പരിചയപ്പെടുത്തുന്നത്. ‘അഭിനയ’യുടെ ഡയറക്ടറായ ഡി.രഘൂത്തമൻ സാറിന്റെ ശിക്ഷണത്തിലാണ് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പോടെ ഞാനവിടെ നാടക പഠനം തുടർന്നത്. നാടക പഠനത്തോടൊപ്പം അക്കാലങ്ങളിൽ ‘അഭിനയ’യുടെ എല്ലാ നാടകങ്ങളിലും സജീവമായി പ്രവർത്തിച്ചു.
? മാനവീയത്തിലെ പ്രവർത്തനങ്ങൾ
മാനവീയം വീഥിയുടെ തുടക്കം മുതൽ ഈയടുത്ത കാലംവരെയും സജീവ പ്രവർത്തകയായിരുന്നു. കൊറോണ കാലഘട്ടമായതു കൊണ്ട് അവിടെയിപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഒരു പൊതു ഇടം ആയതു കൊണ്ട് തന്നെ പലതരത്തിലുള്ള ആളുകൾ വരികയും യോജിപ്പിന്റേയും വിയോജിപ്പിന്റേയും സ്വരങ്ങൾ ഉയരുകയും ചെയ്യാറുണ്ട് അവിടെ. ഒരു കാലഘട്ടം മുഴുവൻ ‘അഭിനയ’യായിരുന്നു മാനവീയത്തെ മുന്നോട്ട് കൊണ്ടു പോയിരുന്നത്. 2014 മുതലാണ് മാനവീയം തെരുവോരക്കൂട്ടം എന്ന സംഘടന രൂപം കൊള്ളുന്നത്. മാനവീയം തെരുവോരക്കൂട്ടമായപ്പോൾ നിരവധി സാംസ്കാരിക പരിപാടികൾക്ക് അവിടം വേദിയായി. ഞാനതിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. അവിടുത്തെ പ്രവർത്തനങ്ങളിൽ സജീവമായി എന്നോടൊപ്പം നിന്നിരുന്നത് ശ്രീ കൃഷ്ണൻ ബാലകൃഷ്ണനും ആർ.എസ് അജിത് കുമാറുമാണ്. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ സംഘടനയ്ക്ക് പുറത്ത് ആദ്യമായി ഒരു ദൃശ്യത നൽകിയത് മാനവീയം തെരുവോരക്കൂട്ടം സംഘടിപ്പിച്ച മാനവീയം Queer Fest ആണ്.
? സംഗീതത്തിലായിരുന്നു ബിരുദം എന്നു പറഞ്ഞല്ലോ. അഭിനയത്തിലും, നാടകത്തിലെ രംഗാവതരണത്തിലുമെല്ലാം അത് എത്രത്തോളം സഹായകരമായിട്ടുണ്ട്.
ക്ലാസിക്കൽ മ്യൂസിക്കിന്റേയും നാടൻ പാട്ടിന്റേയും അടിത്തറയുണ്ട് എനിക്ക്. അഭിനയയിൽ എത്തിയപ്പോൾ കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ചിരുന്നു. അതിന് സഹായിച്ചത് എന്റെ സംഗീതം തന്നെയാണ്. അഭിനയിക്കുമ്പോൾ ശബ്ദക്രമീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സംഗീതം സഹായകരമായിട്ടുണ്ട്.
? ഒരു ട്രെയിൻഡ് ആക്ടറാണ് ഷൈലജ. സിനിമയിലേക്കെത്തുമ്പോൾ ആ പരിശീലനം എത്രത്തോളം ഗുണം ചെയ്തിട്ടുണ്ട്? അഭിനേതാക്കൾക്ക് പരിശീലനം ആവശ്യമാണെന്ന് കരുതുന്നുണ്ടോ
ഏറ്റവും പ്രധാനമായി ഒരു കഥാപാത്രത്തെ മനസിലാക്കാൻ നമുക്ക് സാധിക്കും. ഓരോ ഘട്ടത്തിലും ആ കഥാപാത്രം എന്തു കൊണ്ട് അങ്ങനെ പെരുമാറുന്നു എന്ന് മനസിലാക്കാൻ സാധിക്കും. ചെറിയ സമയംകൊണ്ടുള്ള ഒന്നല്ല പരിശീലനം. ഒരു നാടകത്തിന്റെ പരിശീലനം എന്നാൽ ആറു മാസത്തോളം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. ആ കാലയളവിൽ നാടകത്തേ കുറിച്ച് മാത്രം ചർച്ച ചെയ്യുകയും, എന്തു പറഞ്ഞു വന്നാലും നാടകത്തിൽ ചെന്ന് അവസാനിക്കുകയും ചെയ്യും. സ്ക്രിപ്റ്റിന് പുറത്ത് മനുഷ്യരെ നിരീക്ഷിക്കുന്നതും ഒരു തരം പരിശീലനമാണ്. അവരുടെ ശരീര ഭാഷ ശ്രദ്ധിക്കുകയും അതിൽ നിന്ന് നമുക്ക് വേണ്ടത് എടുക്കുകയും ആവശ്യമില്ലാത്തത് ഉപേക്ഷിക്കുകയും ചെയ്യും. അങ്ങനെയാണ് ഒരു കഥാപാത്രം രൂപപ്പെടുന്നത്. ‘അഭിനയ’യിൽ പരിശീലനം നേടിയ എല്ലാവർക്കും ആ സ്കിൽ ഉണ്ട്.
അഭിനയത്തിൽ മാത്രമല്ല, ജീവിതത്തിലും ആ ട്രെയിനിങ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മനുഷ്യരെ മനസിലാക്കാൻ, അവരോട് കുറച്ചു കൂടി അനുകമ്പയുള്ളവരാകാൻ, പൊട്ടിത്തെറിക്കുന്ന ഒരു മനുഷ്യനോട് തിരിച്ച് ദേഷ്യപ്പെടാതെ അവരെ കേട്ടിരിക്കാൻ സാധിക്കും. ചിലപ്പോൾ ഒന്ന് പൊട്ടിത്തെറിച്ചാൽ അവരുടെ ഉള്ള് ശാന്തമാകും എന്ന തിരിച്ചറിവിൽ അവരെ പ്രകോപിപ്പിക്കാനും കഴിയും.
അപ്പുറത്തു നിൽക്കുന്ന ആളോട് സെൻസിറ്റീവാകുന്നത് പോലെ നമുക്ക് നമ്മളോടും സെൻസിറ്റീവാകാൻ സാധിക്കും. കരയേണ്ട സമയത്ത് കരയാനും ദേഷ്യപ്പെടേണ്ട സമയത്ത് ദേഷ്യപ്പെടാനും പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാനും പറ്റും. ഈ ട്രെയിനിങ് എല്ലാതരം അഭിനേതാക്കൾക്കും ആവശ്യമാണ്. അഭിനയത്തിൽ മാത്രമല്ല ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും ഈ ട്രെയിനിങ് വേണം എന്ന അഭിപ്രായക്കാരിയാണ് ഞാൻ.
Read more: കഥാപാത്രത്തോട് അഭിനേതാവ് പൂർണമായും യോജിക്കണം എന്നില്ല: കനി കുസൃതി
? ഒരു കാലഘട്ടം വരെ, ആരോ എന്നോ എവിടെയോ നിർണയിച്ച് വച്ച സൗന്ദര്യത്തെ മാനദണ്ഡമാക്കിയാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തിരുന്നത്. സമീപകാലത്ത് ആ പ്രവണതയ്ക്ക് മാറ്റം വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ
തീർച്ചയായും ഉണ്ട്. കണ്ണാടിയിൽ നോക്കി ‘ഞാൻ കൊള്ളാം’ എന്നൊരാൾക്ക് തോന്നിയാൽ അഭിനയത്തിൽ ഒരു കൈ നോക്കാമെന്ന ആത്മവിശ്വാസമൊക്കെയാകുന്ന ഒരു ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ജീവിതം തന്നെയല്ലേ സിനിമയിൽ കാണിക്കുന്നത്. അതിൽ എല്ലാതരം ആളുകളും ഇല്ലേ. കറുത്തവരും തടിച്ചവരും ഉയരം കുറഞ്ഞവരും എല്ലാം. കറുത്തതും ഉയരമില്ലാത്തവരുമായ ഐഎഎസ് ഉദ്യോഗസ്ഥനും ഐപിഎസ് ഉദ്യോഗസ്ഥനുമൊക്കെ ഇല്ലേ. സിനിമയിൽ വരുമ്പോൾ പക്ഷേ ആറടി പൊക്കവും സുന്ദരനുമായിരിക്കണം.
? തിയേറ്റർ പശ്ചാത്തലത്തിൽ നിന്ന് സിനിമയിലെത്തി പുരസ്കാരങ്ങൾ നേടിയ നിരവധി അഭിനേതാക്കൾ ഉണ്ട്. എന്നാൽ പുരസ്കാരത്തിനപ്പുറത്തേക്കുള്ള അംഗീകാരം അവർക്ക് സിനിമയിൽ ലഭിക്കുന്നുണ്ടോ? സ്റ്റാർഡത്തെ കുറിച്ചാണ് ചോദ്യം
ഇല്ല എന്ന് തന്നെയാണ് ഉത്തരം. മുഖ്യധാരാ അഭിനേതാക്കൾ പലപ്പോഴും അവാർഡ് ഒരു ഭാരമാണെന്ന് പറയാറുണ്ട്. പക്ഷേ ഞങ്ങളെ പോലുള്ളവർക്കാണ് അവാർഡ് ശരിക്കും ഭാരമാകുന്നത്. ഭാരം എന്ന് അവർ പറയുന്നത്, ഇതിനെക്കാൾ മേലെ തങ്ങൾക്കിനി ഒന്നും ചെയ്യാനില്ല എന്ന തോന്നലിൽ നിന്നാണ്. അല്ലെങ്കിൽ ഇതിനെക്കാൾ മികച്ച എന്തെങ്കിലും ഒന്ന് കാണിക്കണം എന്ന വാശിയിൽ നിന്നാകാം. പക്ഷേ എനിക്കാ വാശിയില്ല. ഏത് കഥാപാത്രം ചെയ്യുമ്പോഴും എന്നെക്കൊണ്ട് എത്ര വൃത്തിയാക്കാൻ പറ്റും എന്നതാണ് ചിന്ത. അവാർഡിന് മുൻപ് ഞാനെങ്ങനാണ് അവാർഡിന് ശേഷം ഞാൻ എങ്ങനാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഞാൻ ഇങ്ങനാണ്. അവാർഡിന് മുൻപ് നൂറ് ശതമാനം ആസ്വദിച്ചാണ് ഞാൻ എന്റെ കരിയറിൽ ഓരോന്നും ചെയ്തിരുന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. അവാർഡ് എന്നെ വ്യക്തിപരമായി ഒട്ടും ബാധിക്കുന്നില്ല. അംഗീകരിക്കപ്പെടുന്നു എന്നതിൽ സന്തോഷമുണ്ട്. ആളുകൾ വിളിക്കുന്നു, അഭിനന്ദനങ്ങൾ അറിയിക്കുന്നു… അത് രണ്ടോ മൂന്നോ ദിവസത്തെ മാത്രം കാര്യമാണ്. ഷൈലജ എന്ന അഭിനേത്രി അതിനു മുൻപും ഇവിടെ ഉണ്ടായിരുന്നു അതിന് ശേഷവും ഉണ്ട്. അത് തിരിച്ചറിഞ്ഞ് അതിനെ ചൂസ് ചെയ്യാൻ മറ്റുള്ളവർക്ക് കഴിയണം. അത് സാധിക്കാതെ പോകുന്നത് സ്റ്റാർഡത്തിന്റെ പ്രശ്നം കൊണ്ടാണ്. അങ്ങനെ സ്റ്റാർഡമൊന്നും ഇല്ലെന്നേ, എല്ലാവരും ചെയ്യുന്നത് അഭിനയമാണ്. തെങ്ങ് കയറുന്നത് പോലെ, കാറോടിക്കുന്നത് പോലെ, ഡോക്ടറാകുന്നത് പോലെ, കിളയ്ക്കാൻ പോകുന്നത് പോലെ ഒരു തൊഴിൽ തന്നെയാണ് അതും.
സിനിമ അത്ര എളുപ്പമുള്ള ഒരു മേഖലയല്ല. അവിടെ മേധാവിത്വമുണ്ട്. എല്ലാവരും അങ്ങനെ കയറി വരരുത് എന്ന് ചിന്തിക്കുന്നവരുണ്ട്.
? സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന നിരവധി കലാകാരർ മൂന്നോ നാലോ സിനിമകൾ കഴിഞ്ഞാൽ പതിയെ നിശബ്ദരാകുകയും അവരുടെ കരിയറിലേക്ക് മാത്രം ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയെ കുറിച്ച്…
അതൊരുപക്ഷേ ഒഴിവാക്കപ്പെടും എന്ന ഭയം കൊണ്ടായിരിക്കാം. എന്നെ സംബന്ധിച്ചിടത്തോളം ഇത്രയും നാൾ ഒരു നാടകക്കാരിയായി ഞാൻ എന്താണോ പറഞ്ഞു കൊണ്ടും ചെയ്തു കൊണ്ടും ഇരുന്നത്, അത് കൂടുതൽ ശക്തമായി തുടരാൻ തന്നെയാണ് തീരുമാനം. സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു കൊണ്ട് നാടകത്തിൽ കുറച്ചു കൂടി സജീവമാകാനാണ് എനിക്ക് ആഗ്രഹം.
? അപ്പോൾ, സിനിമ നടി എന്നതിനെക്കാൾ ഒരു നാടക നടി എന്ന് അറിയപ്പെടാനാണോ ഇഷ്ടം
അതാണെനിക്ക് അഭിമാനം. കാരണം അതൊരു ചെറിയ ലോകമല്ല, ചെറിയ പണിയല്ല. അതിന് പുറകിൽ ഒരു ജീവിത്തതിന്റെ സമരമുണ്ട്. നാടകക്കാരായിരിക്കുക എന്നത് ഒരു സമരമാണ്. ജീവിതത്തോട്, സമൂഹത്തോട് ഒക്കെയാണ് ആ സമരം. കൃത്യമായി വരുമാനമുള്ള ഒരു മേഖല പോലുമല്ല അത്. ഭൂരിപക്ഷം കേൾക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളായിരിക്കും നമുക്ക് സമൂഹത്തോട് പറയാനുള്ളത്. എന്നിട്ടും ഇരുപതോളം വർഷമായി നാടകം തന്നെ ചെയ്യുന്നു എന്നത് അതിനോടുള്ള പാഷൻ കാരണമാണ്.
? മുഴുവൻ സമയ നാടകപ്രവർത്തനം അല്ലാതെ മറ്റെന്തെങ്കിലും തൊഴിൽ
വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ കൊല്ലം ജില്ലാ കോഡിനേറ്റർ ആയിട്ടാണ് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത്. സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി. ക്ലാസിക്കൽ കല, അഭിനയകല ലളിതകല, ഫോക് ലോർകലകൾഎന്നീ കലാരൂപങ്ങളിൽ ആയി ആയിരം കലാകാരന്മാർക്ക് സംസ്ഥാനമൊട്ടാകെ ഫെലോഷിപ്പ് നൽകി വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന ഇടങ്ങളിൽ കലാകാരന്മാർ പഠിതാക്കൾക്ക് ഫീസ് ഇല്ലാതെ ക്ലാസുകൾ എടുക്കുന്നു. എൺപതിനായിരത്തോളം പഠിതാക്കൾ ഈ പദ്ധതിയുടെ കീഴിൽ പ്രായഭേദമന്യേ പഠനം നടത്തി കൊണ്ടിരിക്കുന്നു.
പഠിപ്പിക്കുക എന്നതിനെക്കാൾ ആളുകളിൽ കലയെ കുറിച്ച് അവബോധമുണ്ടാക്കുക എന്നതാണ് ഈപദ്ധതിയുടെ ലക്ഷ്യം. കലയെ മനസിലാക്കാൻ സാധിക്കുമ്പോൾ നമുക്ക് മനുഷ്യരെ കുറച്ചുകൂടി സ്നേഹിക്കാൻ കഴിയും.
? അഭിനേതാവ് കഥാപാത്രത്തിന്റെ സ്വഭാവത്തേയോ ചെയ്തികളേയോ പൂർണമായും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് കരുതുന്നുണ്ടോ
ഒരു കഥാപാത്രത്തെ കുറിച്ച് എനിക്ക് സംശയമുണ്ടെങ്കിൽ ഞാനതിൽ വ്യക്തത വരുത്തും. മനസിലാകുന്നത് വരെ ഞാൻ ചോദിച്ചു കൊണ്ടിരിക്കും. വ്യക്തത വന്നാലേ എനിക്ക് അഭിനയിക്കാൻ പറ്റൂ. ഒരുപക്ഷേ ഞാൻ അഭിനയിച്ചു എന്നിരിക്കും. പക്ഷേ ആത്മസംതൃപ്തി ഉണ്ടാകില്ല. എന്നെ അത് അലട്ടിക്കൊണ്ടിരിക്കും. ഇനി, കഥാപാത്രം ചെയ്യുന്നത് ശരിയല്ല എന്ന് തോന്നിയാലും ഞാനത് ചെയ്യും. കാരണം മനുഷ്യർ അങ്ങനെയല്ലേ. 32 വയസിൽ ഞാൻ ചെയ്ത പല കാര്യങ്ങളും ശരിയല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് നാൽപ്പതാം വയസിൽ എനിക്ക് തോന്നാറുണ്ട്. പക്ഷേ 32ാമത്തെ വയസിൽ നമ്മളത് ചെയ്യും. അതു പോലെയാണ് കഥാപാത്രവും. ചെയ്തു കഴിഞ്ഞ്, നാൽപ്പതാമത്തെ വയസിൽ അയാൾ ആലോചിച്ചോട്ടെ.

? സ്വന്തം നിലപാടുകളോട് യോജിക്കാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കില്ല എന്ന് നിരവധി അഭിനേതാക്കൾ പറയുന്ന ഒരു കാലം കൂടിയാണ്. ഒരു ട്രെയിൻഡ് ആക്ടർ എന്ന നിലയിൽ അതേക്കുറിച്ചെന്ത് തോന്നുന്നു
മനുഷ്യർക്കിടയിൽ എല്ലാ തരത്തിലുള്ള ആളുകളുമുണ്ട്. അതിനെ അവതരിപ്പിക്കുക എന്നതാണ് ഒരു നടിയാണെങ്കിലും നടനാണെങ്കിലും ചെയ്യേണ്ട ജോലി. ഒരു നടൻ കള്ളു കുടിച്ചതു കൊണ്ടോ കഞ്ചാവടിച്ചതുകൊണ്ടോ എല്ലാ ആളുകളും പോയി അത് ചെയ്യും, അതു കൊണ്ട് ആ കഥാപാത്രം ചെയ്യാൻ പറ്റില്ല എന്നെങ്ങനെ പറയാൻ പറ്റും? സമൂഹത്തിൽ എല്ലാതരം ആളുകളുമുണ്ട്. അതിനെ പ്രതിഫലിപ്പിക്കുക എന്നതാണ് ഒരു അഭിനേതാവിന്റെ ധർമം. അയാൾ ജീവിതത്തിൽ എങ്ങനെയാണോ അത് മാത്രം സ്വീകരിച്ചാൽ മതി പ്രേക്ഷകർ. അഭിനയം അയാളുടെ തൊഴിലാണ്. മമ്മൂട്ടിയും മോഹൻലാലും എന്താണോ സിനിമയിൽ കാണിക്കുന്നത് അതാണ് യഥാർഥ മമ്മൂട്ടിയും മോഹൻലാലും എന്ന് നമ്മളങ്ങ് വിചാരിക്കും. വ്യക്തി വേറെ, നടൻ വേറെ.
അതേ സമയം, സമൂഹം മാറണമെന്ന് ഞാൻ വിചാരിക്കുന്നതു കൊണ്ട്, സ്ത്രീവിരുദ്ധത ഒരു പരിധിക്കപ്പുറം ഞാൻ പറയില്ല. ദലിത് വിരുദ്ധത ഞാൻ പറയില്ല. ദലിതരെ അപമാനിച്ചു കൊണ്ടുള്ള തെറികളും ചീത്തവാക്കുകളുമുണ്ട്. അത് ഞാൻ പറയില്ല. കാരണം സമൂഹം മാറണമെന്ന് ഉറച്ച് ഞാൻ വിശ്വസിക്കുന്നുണ്ട്.
? ഒരു പരിധിക്കപ്പുറം പറയില്ല, എന്നു പറയുമ്പോൾ ആ പരിധി ഏതുവരെയാകാം എന്നുകൂടി വ്യക്തമാക്കേണ്ടേ…
അതൊരു വിഷയമാണ്. അത് ആ കഥാപാത്രത്തെ അനുസരിച്ചിരിക്കും. എനിക്ക് സ്ത്രീ വിരുദ്ധത പറയാൻ വലിയ ബുദ്ധിമുട്ടാണ്. സ്ത്രീവിരുദ്ധമോ ദലിത് വിരുദ്ധമോ ആയ പരാമർശങ്ങൾ സ്ക്രിപ്റ്റിൽ ഉണ്ടെങ്കിൽ, അതൊഴിവാക്കുന്നതാകും നല്ലത് എന്ന് ഞാൻ അഭിപ്രായപ്പെടാറുണ്ട്. പക്ഷേ തീർത്തും സ്ത്രീവിരുദ്ധയായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കിൽ ഞാൻ സ്ത്രീ വിരുദ്ധത പറയും. എന്നാൽ സിനിമ കാണുന്ന സമൂഹത്തിന് മനസിലാകണം, ഈ കഥാപാത്രം പറയുന്നത് മുഴുവൻ സ്ത്രീവിരുദ്ധമാണ് എന്ന്. അത്തരത്തിലൊരു കഥാപാത്രമാണെങ്കിൽ ഒരു മടിയുമില്ലാതെ ഞാനത് മുഴുവൻ പറയും.
? ഇനി ‘കാന്തി’യിലേക്ക് വരാം. സിനിമയെ കുറിച്ചും, നീലമ്മ എന്ന കഥാപാത്രത്തെ കുറിച്ചും…
അനിൽ മുഖത്തല തിരക്കഥയെഴുതി അശോക് ആർ നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ‘കാന്തി.’ ഇതൊരു വലിയ മുതൽമുടക്കുള്ള ചിത്രമൊന്നും അല്ല. ഈ സ്ക്രിപ്റ്റുമായി അവർ നിരവധി പേരെ സമീപിച്ചിരുന്നു, പലരും പറ്റില്ലെന്ന് പറഞ്ഞു. കൊല്ലത്തുള്ള എം ജി സുനിൽ എന്ന നാടക സുഹൃത്താണ് എന്റെ പേര് നിർദേശിച്ചത്. മാനവീയം വീഥിയിൽ വച്ചാണ് ഞാനീ കഥ കേൾക്കുന്നത്. കഥ കേട്ടപ്പോൾ തന്നെ ഈ കഥാപാത്രം ചെയ്യാം എന്ന് ഞാൻ ഉറപ്പിച്ചു.
അരികുവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിലെ ഒരു അമ്മയുടേയും അവരുടെ അന്ധയായ മകളുടേയും അതിജീവനത്തിന്റെ കഥയാണ് ‘കാന്തി.’ നീലമ്മ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. ‘കാന്തി’ എന്ന ടൈറ്റിൽ റോളിലെത്തുന്നത് കൃഷ്ണശ്രീയാണ്. ഒരു ഫോറസ്റ്റ് ഗാർഡിനെ പ്രണയിച്ച്, ഗർഭം ധരിക്കുകയാണ് നീലമ്മ. ഊരുവിലക്കിന് മുൻപ് അവർ നാട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയും മകളെ പ്രസവിച്ച് വളർത്തുകയുമാണ്. കാഴ്ചയില്ലെങ്കിലും അവൾക്ക് കാടറിയാം. ഓരോ പൂവിന്റേയും മണവും പക്ഷികളുടെ ശബ്ദവും അവൾക്കറിയാം. ഏത് സ്ത്രീയും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം എന്ന സാധ്യതയിൽ ജീവിക്കുന്ന ഈ ലോകത്ത് തന്റെ മകൾ വളർന്നുവരുന്ന ആശങ്കയാണ് നീലമ്മയ്ക്ക്.
ഏതൊരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളവും ഇത്തരത്തിലൊരു കഥാപാത്രം ലഭിക്കുന്നത് അനുഗ്രഹമാണ്. നീലമ്മ കറുത്തവളും ആദിവാസിയുമായതുകൊണ്ടാകാം ഒരുപക്ഷേ പലരും വേണ്ടെന്ന് വച്ചത്. ഞാൻ മനസിലാക്കിയിടത്തോളം എത്ര സത്യമുള്ളവരാണെന്നോ ആദിവാസി സമൂഹത്തിലെ ആളുകൾ. അവർക്ക് പ്രകൃതിയെ അറിയാം, കാടിനെ അറിയാം പക്ഷികളേയും മൃഗങ്ങളേയും അറിയാം… നമുക്കല്ലേ ഒന്നും അറിയാത്തത്. ഈ കഥാപാത്രം ചെയ്യുക എന്നുള്ളത് എന്റെ ഉത്തരവാദിത്തമായാണ് എനിക്ക് തോന്നിയത്.

സഹസ്രാര സിനിമയുടെ ബാനറിൽ സന്ദീപ് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് സുനിൽ പ്രേം ആയിരുന്നു. ഇന്ത്യൻ ഇൻറർനാഷണൽ ഫെസ്റ്റിവൽ ഓഫ് ബോസ്റ്റൺ യു.എസ് 2020 ൽ മികച്ച ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ ഫിലിം, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, എൽജിബിടി വിഭാഗങ്ങളിലെ നൂറിലധികം ചിത്രങ്ങൾ ഈ മേളയിൽ മത്സരിച്ചു. മേളയിലെ മികച്ച ഫീച്ചർ ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു.
മുംബൈ ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവൽ- 20 ലെ മികച്ച ഫീച്ചർ ചിത്രമായി കാന്തി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുർക്കിയിലെ അന്താക്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പൂനെയിലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഫൈനലിസ്റ്റായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. അന്താക്യയിൽ സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചിരുന്നു.
Read more: ഒരു സംഭവമായി തിരിച്ചുവരാം എന്നോർത്താണ് ഞാൻ ചെന്നൈയിലേക്ക് വണ്ടികയറിയത്; സ്വാസികയുടെ കഥ