മലയാളത്തിലെ നായകന്മാരും നായികമാരും ബാലതാരങ്ങളുമെല്ലാം സിനിമയുടെ ലോകത്ത് നിന്നും അപ്രത്യക്ഷമായിട്ടുണ്ടാകാം. അവരെല്ലാം ജീവിതത്തിലെ പുതിയ മേഖലകള്‍ കണ്ടെത്തിയാകും കടന്നുപോയിട്ടുളളത്. എന്നാല്‍, കുറച്ചു കാലം മുമ്പ് മലയാള സിനിമയില്‍ ഏറെ ശ്രദ്ധേയമായ വേഷം അഭിനയിച്ച് മികച്ച ബാലതാരത്തിനുളള അവാര്‍ഡ് നേടിയ ബാലന്‍ പിന്നെ എവിടെ പോയി?
ആരുമറിഞ്ഞില്ല. ഇടയ്ക്ക് റോഡ് പണി ചെയ്യുന്ന കൗമാരം പിന്നിടാത്ത ആ ചെറുപ്പക്കാരനെ മാധ്യമങ്ങള്‍ കോഴിക്കോട് കണ്ടെത്തി. പിന്നെ വീണ്ടും എവിടെയോ പോയി മറഞ്ഞു. കൂലിപ്പണിക്കാരനായി. കേരളത്തിലും കര്‍ണാടകത്തിലുമൊക്കെ തൊഴില്‍ തേടി ആ ചെറുപ്പക്കാരന്‍ അലഞ്ഞു. ഇന്നും കൂലിപ്പണിക്കാരനായി തുടരുന്ന ആ താരം തന്‍റെ കഥ പറയുന്നു.
പതിനൊന്നു വര്‍ഷം മുമ്പ് വെള്ളിത്തിരയില്‍ മോഹന്‍ലാലിനൊപ്പം ‘ചെല്ലം ചാടി നടക്കണ പുല്‍ച്ചാടി’ എന്നു പാടി തുള്ളിക്കളിക്കുന്ന കൊച്ചു പയ്യന്‍റെ മുഖം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പിന്നീട് എവിടെയൊക്കെയോ വാര്‍ത്തകളില്‍ കണ്ടു മറഞ്ഞു.
മണിയേയും കാത്ത് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയ്ക്കു മുന്നിലെ കല്‍ബെഞ്ചിലിരിക്കുമ്പോള്‍ ചോദിക്കാനുള്ള ചോദ്യങ്ങള്‍ മാറ്റിയും മറിച്ചും മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു. വന്നു പോകുന്ന ഓരോ ആളും മണിയാണോ എന്നു തിരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോറിക്ഷയില്‍ മണി വന്നിറങ്ങി. അന്നു കണ്ട പതിനൊന്നുകാരന്‍റെ അതേ നിഷ്‌കളങ്കമായ ചിരിയോടെ മണി നടന്നു വന്നു. ജീവിതത്തിന്‍റെ കടലാഴങ്ങളിലൂടെ കടന്ന പോയി കഴിഞ്ഞിട്ടുണ്ടായിരുന്നു ഈ പതിനൊന്ന് വര്‍ഷത്തിനുളളില്‍ മണി എന്ന മനുഷ്യന്‍.
Read More: ഒന്നിൽ മോഹൻലാൽ, മൂന്നിൽ മമ്മൂട്ടി: താരമായി മണി
ഒരിക്കല്‍ മണി ‘കാടിറങ്ങിയപ്പോള്‍’ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരവും വാങ്ങിയാണ് തിരിച്ചു പോയത്. പിന്നെ കഴിഞ്ഞു പോയ പതിനൊന്ന് വര്‍ഷം, പലപ്പോഴും വയനാടന്‍ ചുരമിറങ്ങിട്ടുണ്ട് മണി, ജീവതത്തെ മുന്നോട്ട് നയിക്കാന്‍.
വയനാടിന്‍റെ ഉള്‍ത്തുടപ്പില്‍ നിന്നും മറ്റൊരു ജീവിതത്തിന്‍റെ ഉടലേറ്റെടുക്കാന്‍ ആ പഴയ ‘പുല്‍ച്ചാടി’. ഉണ്ണികൃഷ്ണന്‍ ആവള തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഉടലാഴം’ എന്ന ചിത്രത്തില്‍ നായകനായാണ് മണിയുടെ രണ്ടാം വരവ്. പതിനൊന്ന് വര്‍ഷത്തെ നിര്‍ബന്ധിത വനവാസത്തിന് ശേഷം കേരളത്തിലെ മികച്ച ബാലനടന്‍ നായകനായി വരുന്നു.
തന്നെ അവഗണിച്ചവരോടും പറഞ്ഞു പറ്റിച്ചവരോടും മണിക്ക് പരിഭവമേതുമില്ല. പക്ഷേ മണിയുടെ വരവ് മലയാള സിനിമയുടെ ചരിത്രത്തെ തന്നെ തിരുത്തിയെഴുതുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ആദിവാസി നായകനാകുന്നു. അഭിമുഖീകരിക്കാന്‍ ധൈര്യം കാണിക്കാതിരുന്ന ഒരു വിഷയം സിനിമയാകുന്നു. അങ്ങനെ വ്യത്യസ്തകളുടെ സമന്വയം കൂടെയാണ് മണിയുടെ രണ്ടാം വരവിനെ കൂടുതല്‍ പ്രസക്തമാക്കുന്നത്.

മലയാളത്തിന്‍റെ മഹാനടനൊപ്പം അഭിനയിച്ചിട്ടും, സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയിട്ടും അവഗണനയുടെ ലോകത്ത് കഷ്ടപ്പാടുകളായിരുന്നു മണിയെ കാത്തിരുന്നത്. മരുന്ന് മണം ഒഴുകി പരക്കുന്ന ആശുപത്രി വരാന്തയിലിരുന്ന് മണി മടിയേതുമില്ലാതെ ആദ്യ സിനിമയുടെ ഓര്‍മ്മകളുടെ പടിയിറങ്ങി.
“ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ എന്‍റെ അച്ഛനായി അഭിനയിച്ച ചേട്ടനെ പഠിപ്പിച്ച ആളാണ് റെജി മാഷ്. റെജി മാഷെ അന്വേഷിച്ച് വന്നതായിരുന്നു ഫോട്ടോഗ്രാഫറിന്‍റെ സംവിധായകന്‍. ഞാന്‍ അപ്പോള്‍ എന്‍റെ വീട്ടിലായിരുന്നു. ഞങ്ങളെ കുറേ പേരെ വിളിച്ച് ഫോട്ടോ ഒക്കെ എടുത്തു. പിന്നെ എന്നോടു ചോദിച്ചു ‘നിനക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം ഉണ്ടോ’ എന്ന്. ഞാന്‍ പറഞ്ഞു അച്ഛനോടും അമ്മേനോടും ചോദിക്കാന്‍. സിനിമ കാണലല്ലേള്ളൂ. സിനിമേനെക്കുറിച്ചൊന്നും എനിക്കറിയില്ലല്ലോ. അച്ഛനോടും അമ്മേനോടും ചോദിച്ചപ്പോ അഭിനയിച്ചോളാന്‍ പറഞ്ഞു.”
താമിയെന്ന കഥാപാത്രമാകാന്‍ തനിക്ക് പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നുമില്ലായിരുന്നെന്ന് മണി.
“എനിക്കൊന്നും അറിയില്ലായിരുന്നു. എന്നോട് പറഞ്ഞത് പോലെ ഞാനഭിനയിച്ചു. നല്ല പേടി ആയിരുന്നു. എങ്കിലും ഒരു രസമുണ്ടായിരുന്നു. ലാലേട്ടനാരാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. മോഹന്‍ലാലിനെ സിനിമേല് കണ്ടിട്ടല്ലേള്ളൂ. നേരിട്ട് കണ്ടപ്പോ ഭയങ്കര അത്ഭുതായിപ്പോയി.” പതിനൊന്നു വര്‍ഷത്തിനിപ്പുറവും കണ്ണില്‍ കൗതുകം നിറച്ച് മണി പറഞ്ഞു.
കഴിഞ്ഞ പതിനൊന്നു വര്‍ഷം എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരംപറയാന്‍ മണിക്ക് ഒരുപാടൊന്നും ആലോചിക്കേണ്ടിവന്നില്ല.
“ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. കൂലിപ്പണിയായിരുന്നു. ഫോട്ടോഗ്രാഫറില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ആറാം ക്ലാസിലായിരുന്നു. ഒമ്പതാംക്ലാസ് വരെയേ പഠിക്കാന്‍ പറ്റിയുള്ളൂ. പിന്നെ പണിക്ക് പോയി.
അതിന്‍റെടേല് ആരൊക്കെയോ അഭിനയിക്കാനെന്നൊക്കെ പറഞ്ഞ് വിളിച്ചിരുന്നു. കാണാന്‍ വരാന്ന് പറയും. പിന്നെ ആരും വരില്ല. ആദ്യത്തെ സിനിമ കഴിഞ്ഞപ്പോള്‍ അതിനോട് ഇഷ്ടം തോന്നി. ഇനിയും അഭിനയിക്കണം എന്നും തോന്നി. കുറേ കഴിഞ്ഞപ്പോള്‍ അതൊക്കെ നിര്‍ത്തി പണിക്കു പോണതാ നല്ലതെന്ന് മനസ്സിലായി. അപ്പളും ഉള്ളിലൊരു പ്രതീക്ഷ ഉണ്ടായിരുന്നു എന്നെങ്കിലും സിനിമയിലെത്തും വീണ്ടും എന്ന്.”

കുറേ പരിഹാസങ്ങളും അപമാനങ്ങളും അനുഭവിച്ചെങ്കിലും മണിക്ക് ആരോടും പരാതിയില്ല. “സിനിമയുണ്ടെന്ന് പറഞ്ഞ് ഓരോരുത്തര് വിളിക്കുമ്പളും ഞാന്‍ കൂട്ടുകാരോടും നാട്ടുകാരോടും പറയും. പിന്നാരും വിളിക്കില്ല. കുറേ ദിവസം കഴിയുമ്പോ അവരൊക്കെ കളിയാക്കാന്‍ തുടങ്ങും. പണിക്കൊക്ക പോകുമ്പോള്‍ സിനിമാ നടനല്ലേ, എന്തിനാ പണിക്ക് വരണത് എന്നൊക്കെ ചോദിക്കും. ഞാനൊന്നും മിണ്ടില്ല. എന്‍റെ പണീം ചെയ്ത് തിരിച്ച് വീട്ടില്‍ പോകും. അല്ലാതെ എന്തു പറയാനാ…”
മോഹന്‍ലാല്‍ മാത്രം ഇടയ്ക്ക് തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് മണി. “പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോഴും ലാലേട്ടനോട് പറഞ്ഞു. ലാലേട്ടന് ഭയങ്കര സന്തോഷായിരുന്നു.”
നായകനായി തിരിച്ചു വരുന്നു എന്ന് ഓരോ തവണ പറയുമ്പോഴും സന്തോഷം കൊണ്ട് മണി നിറഞ്ഞ് ചിരിക്കുകയായിരുന്നു.
“ഉടലാഴം എന്ന സിനിമയെക്കുറിച്ച് പറയാന്‍ ഉണ്ണ്യേട്ടന്‍ (ഉണ്ണികൃഷ്ണന്‍ ആവള) വിളിക്കുമ്പോള്‍ ഞാന്‍ കര്‍ണാടകയിലായിരുന്നു. നേരത്തേ പറഞ്ഞതുപോലെ കുറേ പേര്‍ പറഞ്ഞ് പറ്റിച്ച അനുഭവം ഉള്ളതോണ്ട് ഞാന്‍ പറഞ്ഞു ‘വേണ്ട ഉണ്ണ്യേട്ട, ഞാനില്ല. അത് ശരിയാവൂല’ എന്ന്. പിന്നെ ഉണ്ണ്യേട്ടന്‍ എന്നെ കാണാന്‍ വന്നു. സിനിമയെക്കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ ഷൂട്ട് തുടങ്ങണംന്ന് പറഞ്ഞു. അപ്പോ ആയിക്കോട്ടേന്ന് ഞാനും പറഞ്ഞു. നായകനാന്നൊന്നും എനിക്കറിയില്ലായിരുന്നു. പിന്നെ ഉണ്ണ്യേട്ടന്‍ എന്നെ വീട്ടിലേക്ക് കൊണ്ടോയി. നിലമ്പൂരായിരുന്നു.
എന്‍റെ ആദ്യ സിനിമയും നിലമ്പൂര്‍ തന്നെ ആയിരുന്നു. വീണ്ടും അവിടെ എത്ത്യേപ്പോ വല്ലാത്ത സന്തോഷം തോന്നി. ചെറുപ്പത്തില്‍ കണ്ട സ്ഥലല്ലേ… അന്ന് ഷൂട്ടിങിനിടയില്‍ വീട്ടില്‍ പോണംന്നൊക്കെ പറഞ്ഞ് ഞാന്‍ കരയാറുണ്ടായിരുന്നു. സംവിധായകനോട് വഴക്കിട്ട് മുറിയില്‍ അടച്ചിരിക്കും, മരത്തിന്‍റെ മുകളില്‍ കയറിയിരിക്കും. അതൊക്കെ എന്തിനാന്നൊന്നും ഓര്‍മ്മയില്ല.
പിന്നെ വീട്ടില്‍ പോയി വരും. അപ്പോ ശെരിയാവും. ‘ഉടലാഴ’ത്തിന്‍റെ ഷൂട്ടിനിടയിലും വീട്ടുകാരെ കാണാന്‍ തോന്നുമ്പോ ഞാന്‍ വരും. ഭാര്യേം മക്കളും ഉണ്ട്. അവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പവിഴം എന്നാണ് ഭാര്യയുടെ പേര്. മൂന്നു വര്‍ഷത്തോളമായി ഈ സിനിമയ്ക്ക് വേണ്ടി ഇവര്‍ടെ കൂടെ കൂടിയിട്ട്. രണ്ടാമതായി ക്യാമറയ്ക്ക് മുന്നില്‍ നിക്കുമ്പോ നല്ല ചമ്മലായിരുന്നു. പിന്നെ പത്‌ക്കെ ശരിയായി വന്നു.”

ആറ് നാടന്‍ കോളനിയിലെ ഭിന്നലിംഗക്കാരനായ യുവാവായ ഗുളികന്‍റെ കഥയാണ് ‘ഉടലാഴ’ത്തിന്‍റെ പ്രമേയം. ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവ് പുതിയ ജോലിക്കായി ശ്രമിക്കുമ്പോള്‍ സമൂഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന പെരുമാറ്റമാണ് പ്രമേയം. തന്‍റെ തന്നെ തിരക്കഥയില്‍ ഉണ്ണികൃഷ്ണന്‍ ആവളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അനുമോള്‍ നായികയാകുന്ന ചിത്രത്തില്‍ ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍ എന്നിവരും അഭിനയിക്കുന്നു. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മിഥുന്‍ ജയരാജ്, സിതാര എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ചിറങ്ങിയ ഡോക്ടര്‍മാരുടെ (ഡോക്ടർ സജീഷ് എം, ഡോക്ടർ മനോജ് കെ.ടി, ഡോക്ടർ രാജേഷ് കുമാർ എം.പി) കൂട്ടായ്മയായ ഡോക്ടേഴ്‌സ് ഡിലിമ നിര്‍മ്മിക്കുന്ന പ്രഥമ ഫീച്ചര്‍ സിനിമയാണ് മണി നായകനാകുന്ന ‘ഉടലാഴം’.
ഉടലാഴത്തിന് ശേഷം എന്തെന്നൊന്നും മണിക്കറിയില്ല. “വേറെ സിനിമ വന്നാല്‍ സിനിമയിലേക്ക് പോകും. അല്ലെങ്കില്‍ കൂലിപ്പണി തന്നെ. ഇടയ്ക്ക് ഞാനെന്‍റെ ഭാര്യേനോട് പറയാറുണ്ടായിരുന്നു ഫോട്ടോഗ്രാഫറില്‍ അഭിനയിക്കണ്ടായിരുന്നു. അതോണ്ടല്ലെ പിന്നേം ആഗ്രഹിച്ചതും, പരിഹസിക്കപ്പെട്ടതും എന്നൊക്കെ. എനിക്ക് ഇംഗ്ലീഷറിയില്ല, ഹിന്ദി അറിയില്ല, മലയാളം പോലും കുറച്ചേ അറിയൂ. ഞങ്ങടെ ഭാഷ പണിയ ഭാഷയാണ്. സ്‌കൂളിലൊക്കെ പഠിക്കുമ്പളും ബുദ്ധിമുട്ടായിരുന്നു. ശരിക്കുള്ള മലയാളം ഞാന്‍ ഇപ്പോ പഠിച്ചു വരണതേ ഉള്ളൂ.”

നടന്‍ ജോയ് മാത്യൂ തിരക്കഥ എഴുതി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ‘അങ്കിള്‍’ എന്ന ചിത്രത്തിലും മണി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയാണ് സിനിമയിലെ നായകന്‍. മലയാളത്തിലെ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം മുഴുവന്‍ മണിയുടെ മുഖത്തുണ്ട്.
വായിക്കാം: ‘അങ്കിള്‍’ സിനിമാ റിവ്യൂ
മുത്തങ്ങയിലെ ചിതറിപ്പോയ ബാല്യങ്ങളെക്കുറിച്ചായിരുന്നു രഞ്ജന്‍ പ്രമോദ് ഫോട്ടോഗ്രാഫറിലൂടെ പറഞ്ഞത്. ചിതറിപ്പോയ ജീവിതം തന്നെയായിരുന്നു മണിയുടെ കഴിഞ്ഞ കാലവും. പുല്‍പ്പള്ളിയിലെ ചെതലയം താത്തൂര്‍ കോളനിയിലെ മണിയുടെ വീട്ടില്‍ വീണ്ടും സന്തോഷത്തിന്‍റെ മണി മുഴക്കമാണ്. പ്രതീക്ഷയാണ് മണിയുടെ മനസ് നിറയെ.