scorecardresearch

ഇതാണ് സമയം, ഗാനരചന നിർത്തുന്നു: അനു എലിസബത്ത് ജോസ്

മലയാളികളുടെ ഹൃദയത്തിൽ മുത്തുച്ചിപ്പി പോലെ സൂക്ഷിച്ച ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ് അനു എലിസബത്ത് ജോസ് . മലയാളത്തിൽ സിനിമയ്‌ക്കായി ഏറ്റവും കൂടുതൽ ഗാനങ്ങളെഴുതിയിട്ടുള്ള വനിതയും അനുവാണ്. വിനീത് ശ്രീനിവാസൻ നിർമിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്‌ത ആനന്ദം എന്ന ചിത്രത്തിലൂടെ അനു ഗാനരചന നിർത്തുകയാണ്. ജീവിതത്തിൽ പുതിയ ഉദ്യമങ്ങളിലേക്കും സന്തോഷങ്ങളിലേക്കും കടക്കുകയാണ് ഈ കലാകാരി. അനുവുമായുള്ള സംഭാഷണത്തിൽ നിന്ന്… മലയാളത്തിലെ ചുരുക്കം ചില വനിത ഗാനരചയിതാക്കളിൽ ഒരാളാണ് അനു. എങ്ങനെയാണ് ഈ രംഗത്തേക്ക് […]

ഇതാണ് സമയം, ഗാനരചന നിർത്തുന്നു: അനു എലിസബത്ത് ജോസ്

മലയാളികളുടെ ഹൃദയത്തിൽ മുത്തുച്ചിപ്പി പോലെ സൂക്ഷിച്ച ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ് അനു എലിസബത്ത് ജോസ് . മലയാളത്തിൽ സിനിമയ്‌ക്കായി ഏറ്റവും കൂടുതൽ ഗാനങ്ങളെഴുതിയിട്ടുള്ള വനിതയും അനുവാണ്. വിനീത് ശ്രീനിവാസൻ നിർമിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്‌ത ആനന്ദം എന്ന ചിത്രത്തിലൂടെ അനു ഗാനരചന നിർത്തുകയാണ്. ജീവിതത്തിൽ പുതിയ ഉദ്യമങ്ങളിലേക്കും സന്തോഷങ്ങളിലേക്കും കടക്കുകയാണ് ഈ കലാകാരി. അനുവുമായുള്ള സംഭാഷണത്തിൽ നിന്ന്…

മലയാളത്തിലെ ചുരുക്കം ചില വനിത ഗാനരചയിതാക്കളിൽ ഒരാളാണ് അനു. എങ്ങനെയാണ് ഈ രംഗത്തേക്ക് വന്നത്?

കോളജിൽ എന്റെ സീനിയറായിരുന്ന നാരായണൻ ഉണ്ണി പുറത്തിറക്കിയ ഗീത് എന്ന ആൽബത്തിനു വേണ്ടി വരികളെഴുതിയിരുന്നു. അതും ഉണ്ണി ചേട്ടൻ നിർബന്ധിച്ചതുകൊണ്ട് വെറുതെ എഴുതി നോക്കിയതാണ്. പിന്നീട് എന്റെ സുഹൃത്തായ ആനന്ദത്തിന്റെ സംവിധായകൻ ഗണേശ് രാജാണ് വിനീത് ശ്രീനിവാസന് എന്നെ പരിചയപ്പെടുത്തുന്നത്. പക്ഷേ അപ്പോഴും എനിക്ക് സംശയമായിരുന്നു. എനിക്കിത് സാധിക്കുമോ എന്നെല്ലാം.
പക്ഷേ അവരെല്ലാം പ്രോത്സാഹിപ്പിച്ചതിന്റെ ബലത്തിലാണ് തട്ടത്തിൻ മറയത്തിലെ മൂന്ന് ഗാനങ്ങൾ എഴുതിയത്. മുത്തുച്ചിപ്പിയടക്കം എല്ലാം ഹിറ്റായപ്പോൾ നല്ല സന്തോഷം തോന്നി. പ്രതീക്ഷിക്കാതെ കിട്ടിയ സൗഭാഗ്യങ്ങളായിരുന്നു. അതിലെ ശ്യാമാംബരം ആണ് ഇന്നും എന്റെ ഇഷ്‌ട ഗാനം.

കവിത, പാട്ട്.. അങ്ങനെ ഈ രംഗവുമായി മുൻ പരിചയം ഉണ്ടായിരുന്നോ ?

പാട്ട് ഒരുപാട് കേൾക്കുമായിരുന്നു എന്നല്ലാതെ സംഗീതവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന ആളാണ് ഞാൻ. കവിതയൊന്നും എഴുതി പരിചയമില്ല. വലിയ ഗാനരചയിതാക്കളെ പോലെ അത്ര പദസമ്പത്തുളള ആളുമല്ല. എനിക്കറിയാവുന്ന പോലെ പാട്ടിന്റെ സന്ദർഭം മനസ്സിൽ കണ്ട് എഴുതിപോകുന്നതാണ്. ഇത്രയുമൊക്കെ ചെയ്യാൻ സാധിച്ചതു തന്നെ ഭാഗ്യമായി കരുതുന്നു. എനിക്ക് തന്നെ അത്ഭുതമാണ് ഇത്രയും എഴുതിയതിൽ.

anu elizabeth jose, anu elizabeth, anu lyricist, women lyricist, malayalam songs, muthuchippi song

ഒരു മുൻപരിചയവും ഇല്ലാത്ത ആൾ ഇത്രയും ഹിറ്റുകൾ ഉണ്ടാക്കി​ ?

ഞാൻ പറഞ്ഞല്ലോ എഴുത്തിൽ എനിക്ക് മുൻപരിചയം ഒന്നുമുണ്ടായിരുന്നില്ല. ഞാൻ പാട്ടുകൾ എഴുതുന്നത് സംഗീതം കേട്ടാണ്. അതുവച്ച് സന്ദർഭം മനസ്സിൽ കാണുമ്പോൾ തോന്നുന്നത് എഴുതുകയാണ് പതിവ്. എഴുതിയ പാട്ടുകൾ ഹിറ്റാകുമ്പോൾ സന്തോഷം.

ഞാൻ ഒരിക്കലും സിനിമാ സെറ്റുകളിൽ പോയിരുന്ന് എഴുതിയിട്ടില്ല. എനിക്ക് അയച്ചുതരുന്ന പാട്ടിന്റെ സംഗീതത്തിനനുസരിച്ചാണ് എഴുത്ത്. അല്ലാതെ ഇതുവരെ എഴുതിയിട്ടില്ല. കടൽ കടന്നൊരു മാത്തുക്കുട്ടി മാത്രമാണ് സംഗീത സംവിധായകന്റെ കൂടെയിരുന്ന് എഴുതിയിട്ടുളളത്.

ഇത്രയും അവസരങ്ങൾ കിട്ടിയിട്ടും സിനിമ വിടാൻ തീരുമാനിച്ചത് ?

2012ലാണ് ആദ്യ സിനിമ ചെയ്യുന്നത്. അന്ന് ഞാൻ എൻജിനീയറിങ് കഴിഞ്ഞ് ടിസിഎസിൽ ജോലി ചെയ്യുകയായിരുന്നു. ഒഴിവു സമയത്ത് എഴുതുകയായിരുന്നു അന്ന്. ഗാനരചന ഒരു ജോലിയായി അന്നും ഇന്നും കണ്ടിട്ടില്ല. എനിക്ക് സന്തോഷം തോന്നുന്ന ഒരു കാര്യം ചെയ്യുന്നുവെന്നേ കരുതിയിട്ടുളളൂ. പിന്നീട് രണ്ട് വർഷം നീണ്ട ടിസിഎസിലെ ജോലി ഉപേക്ഷിച്ച് ഇന്റീരിയർ ഡിസൈനിങ് പഠിച്ചു. അപ്പോഴും പാട്ടുകൾ എഴുതുന്നുണ്ടായിരുന്നു. 17 സിനിമകളിലായി 33 ഗാനങ്ങൾ എഴുതി. കൂടാതെ കുറച്ച് ആൽബങ്ങൾക്കു വേണ്ടിയും എഴുതി. എന്നെങ്കിലും ഇത് നിർത്തണമെന്നു പണ്ടേ കരുതിയിരുന്നു. നല്ല സമയത്ത് നിർത്തുന്നതല്ലേ എപ്പോഴും നല്ലത്. ഇപ്പോഴാണ് പറ്റിയ സമയം എന്നു തോന്നി.

ഇനി പുതിയ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യണം. ഇന്റീരിയർ ഡിസൈനിങ്ങാണ് ഇപ്പോൾ ഇഷ്‌ടം. അതു ചെയ്യാനാണ് താത്പര്യം. കൂടാതെ ഭർത്താവ് മർച്ചന്റ് നേവിയിലാണ്. അദ്ദേഹത്തിന്റെ കൂടെ ഷിപ്പിൽ പോകേണ്ടി വരും. എല്ലാം കൂടി ഒന്നിച്ച് കൊണ്ടുപോകാനും ബുദ്ധിമുട്ടാണ്.

anu elizabeth jose, anu elizabeth, anu lyricist, women lyricist, malayalam songs, muthuchippi song

എന്തുകൊണ്ടാണ് ഈ രംഗത്തേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരാത്തത് ?

പെൺകുട്ടികൾ എന്തുകൊണ്ടാണ് കുറവ് എന്നെനിക്കറിയില്ല. ഞാനും അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ഒരുപക്ഷേ സെറ്റിൽ പോയിരുന്ന് എഴുതി തിരുത്താനുളള ബുദ്ധിമുട്ടാകാം. എന്റെ ഭാഗ്യത്തിനാണ് വിനീത് ചേട്ടനെ പോലുളള ഒരാൾ എന്നെ ഇൻഡസ്ട്രിയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ പിന്തുണ കൊണ്ടെല്ലാമാണ് എനിക്കിത്രയും ചെയ്യാൻ കഴിഞ്ഞത്. സംവിധായകരെല്ലാം എനിക്ക് പാട്ടിന്റെ ട്യൂൺ വാട്സാപ്പിൽ അയച്ചു തന്ന് ഞാൻ വരികൾ എഴുതുകയായിരുന്നു. അങ്ങനെയൊക്കെ സഹകരിച്ച് ചെയ്യാൻ എല്ലാവരും തയാറാകണമെന്നില്ലല്ലോ.

ഗാനരചയിതാവിന് വേണ്ട പരിഗണന ലഭിക്കാറില്ലെന്നു തോന്നിയിട്ടുണ്ടോ ?

ഒരു പാട്ട് നന്നാകുന്നത് എപ്പോഴും ഗായകരുടേയും സംഗീത സംവിധായകന്റെയും ഗാനരചയിതാവിന്റെയും മികവ് കൊണ്ടാണ്. മിക്കപ്പോഴും ഒരു ഗാനം അറിയപ്പെടുന്നത് ഗായകന്റെയും സംഗീത സംവിധായകന്റെയും പേരിലാണ്. പലപ്പോഴും വരികൾ എഴുതിയ ആൾക്കുളള കടപ്പാട് പറയാറില്ല. അതു മാറണമെന്നു തോന്നിയിട്ടുണ്ട്. ഒരു നല്ല ഗാനം ജനിക്കുന്നത് എഴുതുന്ന ആളുടെയും സംഗീത സംവിധായകന്റെയും പരിശ്രമ ഫലമായാണ്. രണ്ടുപേരെയും ഒരുപോലെ പരിഗണിക്കണം.

കുടുംബം ?

മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ ദീപക് ആനന്ദാണ് ഭർത്താവ്. അദ്ദേഹത്തിന്റെ വീട് ബെംഗളൂരുവിലാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Interview with anu elizabeth jose lyricist