വെളളിത്തിരയിലെ സ്ത്രീ പ്രാതിനിധ്യം വളരെ കൂടുതലാണ്. പല വേഷത്തിലും ഭാവത്തിലും സ്ത്രീകൾ വെളളിത്തിരയിലെത്താറുണ്ട്. ചിലർ പേരിന് മാത്രമുളള സ്ത്രീ കഥാപാത്രങ്ങളായി ഒതുങ്ങി പോവുമ്പോൾ മറ്റു ചിലർ വളരെ ശക്തമായ വേഷങ്ങളിലൂടെ നമ്മെ വിസ്‌മയിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ക്യാമറയ്ക്ക് പിറകിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മലയാള സിനിമാ രംഗത്ത് സംവിധാനം ചെയ്യുന്ന എത്ര സ്ത്രീകളുണ്ട്?.

അഭിനയത്തിലും വസ്ത്രാലങ്കാരത്തിലും മേക്കപ്പിലും മാത്രമൊതുങ്ങുന്നതല്ല, സ്ത്രീയുടെ സാന്നിധ്യം. ക്യാമറയ്‌ക്ക് പിന്നിൽ സംവിധായികയായും ഛായാഗ്രാഹകയായും സ്ത്രീ ഇന്ന് സിനിമാ മേഖലയിൽ സജീവമാണ്. മലയാള സിനിമയിലെ ക്യാമറയ്ക്ക് പിറകിലെ ശക്തമായ സ്ത്രീ സാന്നിധ്യങ്ങൾ

വിധു വിൻസെന്റ്
ഈ പേര് ആരും മറന്നു പോവാനിടയില്ല. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അതിൽ മുഴങ്ങി കേട്ട ഒരു പേരായിരുന്നു വിധുവിന്റേത്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വനിത മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെടുന്നത്.

തോട്ടിപ്പണിയെടുക്കുന്നവരുടെ ജീവിതം പച്ചയായി ആവിഷ്‌കരിച്ച വിധുവിന്റെ മാൻഹോളാണ് 2016 ലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. വിധു മികച്ച സംവിധായകയുമായി. ചരിത്രത്തിന്റെ വഴികളിൽ നിന്നും വിമോചിപ്പിക്കപ്പെടാതെ ഇന്നും തോട്ടിപ്പണി ചെയ്യേണ്ടി വരുന്നവരുടെ ജീവിതചിത്രമാണ് മാൻഹോൾ. ഐക്യ കേരളത്തിന് മുമ്പ് കേരളത്തിലെത്തിക്കപ്പെട്ടരുടെ തലമുറ കേരളത്തിന് അറുപത് വയസ്സാകുന്ന കാലത്തും പഴയകാലത്തെ അവസ്ഥയിൽ തന്നെ തുടരുന്നുവെന്ന സാമൂഹികാവസ്ഥയുടെ ചിത്രീകരണമാണ് മാൻഹോൾ. മാധ്യമ പ്രവർത്തന രംഗത്ത് നിന്നാണ് വിധു സിനിമാ സംവിധാന രംഗത്തേക്കെത്തുന്നത്.

vidhu vincent, manhole, film director, iffk

ഗീതു മോഹൻദാസ്

സിനിമാ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ വ്യക്തിത്വമാണ് ഗീതു മോഹൻ ദാസ്. ബാല താരമായി സിനിമയിലെത്തിയ ഗീതു വളരെ പെട്ടെന്നാണ് ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത അരികെയിലെ ഗീതുവിന്റെ കഥാപാത്രം വളരെയധികം പ്രശംസ പിിടിച്ചു പറ്റിയിരുന്നു. എന്നാൽ അഭിനയത്തിന് ചെറിയൊരു ബ്രേക്കിട്ട് ഗീതു ക്യാമറയ്ക്ക് പിന്നിലെ വേഷത്തിലേക്ക് മാറി. ഗീതു മോഹൻ ദാസെന്ന സംവിധായികയെ ആദ്യമായി കാണുന്നത് 2008 ൽ പുറത്തിറങ്ങിയ “കേൾക്കുന്നുണ്ടോ” എന്ന ഷോർട്ട് ഫിലിമിലൂടെയായിരുന്നു.

അതിന് ശേഷം വലിയൊരിടവേളക്ക് ശേഷം ഗീതു തന്റെ രണ്ടാമത്തെ സംവിധാന സംരംഭവുമായി എത്തി. ദേശീയ അന്തർദേശീയ തലത്തിൽ വരെ ഗീതുവിന്റെ ചിത്രം ചർച്ച ചെയ്യപ്പെട്ടു. ഗീതാഞ്ജലി ഥാപ്പയെയും നവാസുദ്ധീൻ സിദ്ദിഖിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2013 ൽ ഒരുക്കിയ ബോളിവുഡ് ചിത്രം ലയേഴ്‍‌സ് ഡയസാണ് ഗീതുവിന്റെ രണ്ടാമത്തെ ചിത്രം. രണ്ട് ദേശീയ പുരസ്കാരങ്ങളാണ് ഈ ചിത്രത്തെ തേടിയെത്തിയത്. ഗീതാഞ്ജലി ഥാപ്പ മികച്ച നടിയായപ്പോൾ രാജീവ് രവി മികച്ച ഛായാഗ്രാഹകനായും തിരഞ്ഞെടുക്കപ്പെട്ടു.

മലയാളത്തിൽ പുതിയൊരു ചിത്രം ഒരുക്കാനിരിക്കയാണ് ഗീതു. മൂത്തോൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകനായെത്തുന്നത്. വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. 2018 ൽ ഈ ഗീതു ചിത്രം തിയേറ്ററിലെത്തും. മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

geethu mohan das, actress, director

അഞ്‌ജലി മേനോൻ

മഞ്ചാടിക്കുരു എന്ന ഒരൊറ്റ ചിത്രം മതി അഞ‌്‌ജലി മേനോനിലെ സംവിധായികയെ മനസിലാക്കാൻ. മനസിൽ എവിടെയോ ഒളിച്ചിരിക്കുന്ന എപ്പോഴൊക്കോയോ നമുക്ക് നഷ്ടപ്പെട്ട ബാല്യകാലത്തേക്കുളള തിരിച്ചു പോക്കായിരുന്നു മഞ്ചാടിക്കുരു. 2009ലാണ് അഞ്‌ജലി മേനോൻ എന്ന കോഴിക്കോട്ടുകാരി സിനിമയിലെത്തുന്നത്.

പത്ത് സംവിധായകർ ചേർന്നൊരുക്കിയ കേരളകഫേയായിരുന്നു ആദ്യ ചിത്രം. അതിലെ ദി ഹാപ്പി ജേർണി ആയിരുന്നു അഞ്‌ജലി അണിയിച്ചൊരുക്കിയത്. ഒരു ബസിലെ രാത്രി യാത്രയും ഒരു പെൺകുട്ടി യാത്രക്കാരനെ ബോംബുണ്ടെന്ന് പറഞ്ഞു പേടിപ്പിക്കുന്നതുമാണ് അഞ്‌ജലിയുടെ ചിത്രം പറഞ്ഞത്.

തുടർന്ന് 2013 ൽ അഞ്‌ജലി മഞ്ചാടിക്കുരുവുമായെത്തി മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ബാംഗ്ലൂർ ഡേയ്സ് അണിയിച്ചൊരുക്കിയതും അഞ്‌ജലിയാണ്. മലയാളത്തിന്റെ യുവനിര ഒന്നു ചേർന്ന ചിത്രം വൻ ചലനമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്.

Anjali Menon, Director

ഷീല

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടിയാണ് ഷീല. എന്നെന്നും ഓർമയിൽ വയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങൾ ഷീലയിലെ അഭിനേത്രി നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഷീല ഒരു സംവിധായികയായിരുന്നുവെന്ന് എത്ര പേർക്കറിയാം? അതെ മലയാളത്തിന്റെ സ്വന്തം ഷീല ഒരു സംവിധായികയുമായിരുന്നു. രണ്ട് സിനിമകൾ ഷീല സംവിധാനം ചെയ്‌തിട്ടുണ്ട്. 1976 ൽ പുറത്തിറങ്ങിയ യക്ഷഗാനമാണ് ഷീലയുടെ ആദ്യ സംവിധാന സംരംഭം. 1979 ൽ ഷീല തന്റെ രണ്ടാമത്തെ ചിത്രവും സംവിധാനം ചെയ്‌തു. ജയനെ നായകനാക്കിയുളള ശിഖരങ്ങളായിരുന്നു ഷീലയുടെ രണ്ടാമത്തെ ചിത്രം.
sheela

ശ്രീബാല കെ.മേനോൻ

സംവിധാന രംഗത്തെ മലയാളത്തിന്റെ മറ്റൊരു ശക്തമായ സ്ത്രീ സാന്നിധ്യമാണ് ശ്രീബാല കെ. മേനോൻ. സത്യൻ അന്തിക്കാടിന്റെ കൂടെയായിരുന്നു ശ്രീബാല സംവിധാന രംഗത്തെത്തിയത്. നിരവധി സിനിമകളിൽ അദ്ദേഹത്തിന്റെ കൂടെ സഹ സംവിധായികയായി. 2005 ൽ പുറത്തിറങ്ങിയ ജേർണി ഫ്രം ഡാർക്ക്നെസ് ടു ലൈറ്റ് എന്ന ഷോർട്ട് ഫിലിമാണ് ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭം. 2009 ൽ പന്തീഭോജനം എന്ന ഷോർട്ട് ഫിലിം ചെയ്തു. വൻ സ്വീകാര്യതയാണ് ഈ ഷോർട്ട് ഫിലിമിന് ലഭിച്ചത്. ജാതിയും ഭക്ഷണവുമായിരുന്നു പന്തീഭോജനം ചർച്ച ചെയ്‌തത്.

ദിലീപിനെ നായകനാക്കി ഒരുക്കിയ ലൗ 24*7 ആണ് ആദ്യമായി സംവിധാനം ചെയ്‌ത ഒരു മുഴുനീള ചിത്രം. മാധ്യമ രംഗത്തെ പ്രശ്നങ്ങളും സംഭവങ്ങളുമായിരുന്നു ശ്രീബാല ചിത്രത്തിലൂടെ ചർച്ച ചെയ്‌തത്.

sreebala k menon, director

ശാലിനി ഉഷ നായർ

അകം എന്ന ചിത്രം സംവിധാനം ചെയ്താണ് ശാലിനി സംവിധാന രംഗത്തെത്തുന്നത്. ഫഹദ് ഫാസിലും അനുമോളും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം പുറത്തിറങ്ങിയത് 2013 ലാണ്. മലയാറ്റൂർ രാമകൃഷ്‌ണൻ രചിച്ച യക്ഷി(1967) എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ശാലിനി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

രേവതി എസ്.വർമ്മ

നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായികയായ രേവതി സിനിമാ സംവിധാന രംഗത്തിലേക്ക് എത്തുന്നത് 2005 ലാണ്. തെലുങ്ക്, തമിഴ് ഭാഷകളിൽ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്‌തു. ലാലിനെയും നസ്റിയയെും കേന്ദ്ര കഥാപാത്രങ്ങളായൊരുക്കിയ മാഡ് ഡാഡാണ് മലയാളത്തിൽ സംവിധാനം ചെയ്‌ത ആദ്യ ചിത്രം.

രേവതി

വ്യത്യസ്തമായ വേഷങ്ങളിലൂടെ നമ്മെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടിയാണ് രേവതി. എന്നാൽ ക്യാമറയക്ക് മുന്നിൽ മാത്രം ഒതുങ്ങുന്നതല്ല രേവതിയുടെ സിനിമാ ജീവിതം. ക്യാമറയ്ക്ക് പിറകിലും ശക്തമായ സാന്നിധ്യമറയിച്ച നടിയാണ് രേവതി. ഹിന്ദിയിലും ഇംഗ്ളീഷിലും രേവതി സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. മലയാളത്തിലെ സംവിധാനം സംരംഭം കേരള കഫേയാണ്. സോനാ നായരും ശ്രീനാഥും മുഖ്യ വിഷയത്തിലെത്തുന്ന മകൾ എന്ന ചിത്രമാണ് കേരള കഫേയിൽ രേവതി സംവിധാനം ചെയ്‌തത്.

revathi, actress

ലിജി ജെ. പുല്ലപ്പളളളി

ലിജി ജെ.പുല്ലപ്പളളളിയാണ് മറ്റൊരു സംവിധായിക. സ്വവർഗാനുരാം പ്രമേയമാക്കിയ സഞ്ചാരം എന്ന ചിത്രമാണ് ലിജി സംവിധാനം ചെയ്‌തത്. പക്ഷേ ഈ ചിത്രം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി. സ്വവർഗാനുരാഗമെന്ന വിഷയം വളരെ തുറന്ന് ചർച്ച ചെയ്‌ത സംവിധായികയാണ് ലിജി ജെ. പുല്ലപ്പളളി. രണ്ട് സ്ത്രീകൾക്കിടയിൽ ഇതൾ വിരിയുന്ന പ്രണയവും സൗഹൃദവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

സുമ ജോസൻ
നിരവധി ഷോർട്ട് ഫിലിമുകളൊരുക്കിയാണ് സുമ ജോസൻ സംവിധാന രംഗത്തെത്തുന്നത്.മാധ്യമ പ്രവർത്തക കൂടിയായ സുമയുടെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ജന്മദിനം. ഒരു സ്ത്രീ പക്ഷ സിനിമ എന്നവകാശപ്പെടാവുന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത് നന്ദിതാ ദാസാണ്. സരസു എന്ന സ്ത്രീയുടെ ജീവിതത്തിലൂടെയാണ് ജന്മദിനമെന്ന സിനിമയുടെ സഞ്ചാരം. 1999 ൽ പുറത്തിറങ്ങിയ സാരിയാണ് മറ്റൊരു ചിത്രം. കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് സാരി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ