ദേവികാ റാണി മുതലിങ്ങോട്ട്‌ തുടുങ്ങുന്ന ഇന്ത്യന്‍ സിനിമയിലെ പെണ്‍ ചരിതങ്ങള്‍ക്ക് തുടര്‍ച്ചയായി ഈ വനിതാ ദിനത്തില്‍ ഒരു കൂട്ടായ്മ പിറവിയെടുക്കുന്നു, ഛായാഗ്രഹണ രംഗത്തെ വനിതകള്‍ക്കായി – ഇന്ത്യന്‍ വിമെന്‍ സിനിമാട്ടോഗ്രാഫേര്‍സ് കളക്റ്റിവ്.

വെസ്റ്റേണ്‍ ഇന്ത്യാ സിനിമാട്ടോഗ്രാഫേര്‍സ് അസ്സോസിയേഷന്‍ അവരുടെ വെബ്‌സൈറ്റില്‍ അറിയിച്ചതാണീ വിവരം.

‘ലോക സിനിമയില്‍ ഇത്തരം കൂട്ടായ്മകള്‍ സജീവമാണ് – ICFC (America), illuminatrix (UK), CinematographersXX എന്നിങ്ങനെ. ഇന്ത്യയിലും ഇത് അത്യന്താപേക്ഷിതമായി വന്നിരിക്കുന്നു’ കളക്റ്റിവ് അംഗം സവിതാ സിംഗ് പറയുന്നു.

ഫൌസിയ ഫാത്തിമ

സീനിയര്‍ ഛായാഗ്രാഹകയായ ഫൌസിയാ ഫാത്തിമയുടെ ആശയത്തില്‍ ഉരുത്തിരിഞ്ഞ കളക്റ്റിവില്‍ ഇപ്പോള്‍ 60 പേരാണ് അംഗങ്ങളായുള്ളത്.

‘ഈ രംഗത്തെ മറ്റു വനിതകളെ കണ്ടു മുട്ടും വരെ തീര്‍ത്തും ഒറ്റപ്പെട്ടവരായിരുന്നു ഞങ്ങള്‍ ഓരോരുത്തരും. ഇനി അങ്ങനെ ഉണ്ടാവരുത്’, കൂട്ടായ്മയുടെ തുടക്കത്തെക്കുറിച്ച് ഫൌസിയ.

ഇപ്പോള്‍ സജ്ജമായികൊണ്ടിരിക്കുന്ന www.iwcc.in എന്ന വെബ്‌സൈറ്റ് കേന്ദ്രീകൃതമായിട്ടായിരിക്കും കളക്റ്റിവിന്‍റെ പ്രവര്‍ത്തനങ്ങള്‍. വനിതാ ഛായാഗ്രാഹകരുടെ ഡാറ്റാബേസ്, അവര്‍ ചിത്രീകരണങ്ങളുടെ പ്രദര്‍ശനങ്ങള്‍, സാങ്കേതികവും സര്‍ഗാത്മകവുമായ സംവേദനങ്ങള്‍, ബ്ലോഗുകള്‍, പോഡ്കാസറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാവും ഈ വെബ്‌സൈറ്റ്.

‘ആണ്‍ – പെണ്‍ കാഴ്ചകള്‍ വ്യതസ്തമാണ് എന്നതില്‍ ഒരു സംശയവുമില്ല. ക്യാമറക്ക് മുന്നില്‍ സ്ത്രീകള്‍ മാറ്റുരച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ക്യാമറക്ക് പിന്നിലും അതുണ്ടാവാതെ തരമില്ല. സ്ത്രീകള്‍ കഥ പറഞ്ഞു തുടങ്ങമ്പോള്‍ തുറക്കാന്‍ പോകുന്നത് പുതിയൊരു ലോകമാണ്’ – എന്നാണു പ്രിയാ സേത്തിനു പറയാനുള്ളത്.

ക്യാമറ രംഗത്തെ സ്ത്രീകളുടെ ഇടപെടലുകള്‍ കൂടുതലായി മാധ്യമങ്ങളിലേക്കും സോഷ്യല്‍ മീഡിയയിലേക്കും എത്തിക്കാനും കളക്റ്റിവ് ശ്രമിക്കും. ഇതിനെല്ലാമുപരി ഛായാഗ്രഹണവും അതിനു അനുബന്ധപ്പെട്ട മേഖലകളിലേക്കും (ഗാഫെര്‍, ഗ്രിപ്പ്, ഛായാഗ്രഹണ സഹായം) എത്താന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം കൂടിയുണ്ട് ഈ കൂട്ടായ്മക്ക്.

പ്രീത ജയരാമന്‍

അതിനെ കുറിച്ച് പ്രീത ജയരാമന്‍ പറയുന്നതിങ്ങനെ, ‘കഴിവ് മാത്രം ആധാരമാക്കി, പുതിയ കഥാലോകം സൃഷ്ടിക്കാന്‍ ഉള്ള ശ്രമമാണിത്. സ്ത്രീകള്‍ ഈ മേഖലയിലേക്ക് വരണം, അതോരാളാണെങ്കില്‍ കൂടി, അതുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും’.

രാജ്യത്തെ ആദ്യത്തെ വനിതാ ഛായാഗ്രഹകയായ ബി ആര്‍ വിജയലക്ഷ്മിയെ ആദരിച്ചു കൊണ്ട് തുടക്കം കുറിച്ച ഈ സംഘടന, ശക്തമാകുന്നതിലൂടെ ഇന്ത്യന്‍ സിനിമയില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

‘ലിംഗഭേദമില്ലാതെ അംഗീകാരിക്കപ്പെടുന്ന ഒന്നാണ് മികവ്. മാറ്റത്തിനു വഴി തുറക്കുന്നതും അത് തന്നെ. അതിലേക്കുള്ള ഭൂമികയാവട്ടെ ഈ കൂട്ടായ്മ’, ദീപ്തി ഗുപ്ത കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ