പൊതുവേ സിനിമകൾ സ്ത്രീ പ്രാതിനിധ്യമുളളതല്ലെന്ന വാദം സമൂഹത്തിൽ നില നിൽക്കുന്നുണ്ട്. മിക്ക സിനമകളിലും പാടാനും ആടാനും മാത്രമായി പ്രത്യക്ഷപ്പെടുന്നവരാണ് നായികമാരെന്നാണ് പൊതുവെയുളള വിലയിരുത്തൽ. എങ്കിലും മലയാള സിനിമ പിറവിയെടുത്ത് വർഷങ്ങൾ പിന്നിടുമ്പോൾ എപ്പോഴൊക്കെയോ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്.

മലയാള സിനിമയിൽ എന്നെന്നും ഓർത്തു വെക്കാവുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ…

ഗീത (പഞ്ചാഗ്നി)
മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായാണ് പഞ്ചാഗ്നിയിലെ ഗീതയുടെ കഥാപാത്രം വിലയിരുത്തപ്പെടുന്നത്. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എം.ടി.വാസുദേവൻ നായരാണ്. ഇന്ദിര എന്ന ശക്തമായ കഥാപാത്രമായാണ് ഗീത സിനിമയിൽ എത്തിയിരിക്കുന്നത്. പരോളിൽ പുറത്തെത്തുന്ന ഒരു നക്സലറ്റ് പ്രവർത്തകയുടെ വേഷമാണ് ഗീതയ്‌ക്ക്. ഒരു പോരാളിയുടെ മനസുമായാണ് ഗീത ഈ സിനിമയിലെത്തിയിരിക്കുന്നത്. സ്ത്രീയുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോൾ സ്ത്രീ വേട്ടയാടപ്പെടുമ്പോൾ വേണ്ട വിധത്തിൽ പ്രതികരിക്കുന്ന തന്റേടമുളള ഒരു സ്ത്രീയായാണ് ഗീതയുടെ ഇന്ദിരയെത്തിയത്. എന്നെന്നും ഓർത്തു വെക്കാവുന്ന ഒരു സ്ത്രീകഥാപാത്രം തന്നെയാണ് പഞ്ചാഗ്നിയിലെ ഇന്ദിര.

മഞ്​‌ജു വാര്യർ (കണ്ണെഴുതി പൊട്ടും തൊട്ട്)
ഒരു പെണ്ണിന്റെ(ഭദ്ര) പ്രതികാരത്തിന്റെ കഥയാണ് കണ്ണെഴുതി പൊട്ടും തൊട്ട്. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് തന്റെ മാതാപിതാക്കളെ കൊന്നു കളഞ്ഞ വ്യക്തിയോടും കുടുംബത്തോടുമുളള ഒരു മകളുടെ പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മഞ്‌ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരിക്കും ഭദ്ര. ടി.കെ. രാജീവ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. രൂക്ഷമായ നോട്ടങ്ങളും വ്യത്യസ്‌തമായ ഭാവങ്ങളാലും മഞ്‌ജു വാര്യർ ഗംഭീരമായ അഭിനയമാണ് ചിത്രത്തിൽ കാഴ്‌ചവെച്ചിരിക്കുന്നത്.

ശോഭന (അഗ്നിസാക്ഷി)

ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിനെ ആസ്‌പദമാക്കി ശ്യാമപ്രസാദ് ഒരുക്കിയ ചിത്രമാണിത്. ശോഭനയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഒരു നമ്പൂതിരി കുടുംബത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്‌ത്രീ സ്വാതന്ത്രവും അവകാശങ്ങളുമാണ് ചിത്രം പറയുന്നത്. ഒരു പാട് ആചാരങ്ങൾ പിന്തുടർന്ന് ജീവിക്കുന്ന ഒരു കുടുംബത്തിൽ എത്തിപ്പെടുന്ന ഒരു സ്ത്രീയുടെ സ്വാതന്ത്രത്തിന്റെ കഥയാണ് അഗ്നിസാക്ഷി.

മോഹിനി (പരിണയം)
എം.ടിയുടെ കഥയിൽ ഹരിഹരൻ അണിയിച്ചൊരുക്കിയ ചിത്രമാണ് പരിണയം മലയാളത്തിലെ എക്കാലത്തെയും മികച്ച സ്ത്രീ പക്ഷ സിനിമകളിലൊന്നായാണ് പരിണയത്തെ വിലയിരുത്തുന്നത്. മോഹിനിയുടെ അതി ശക്തമായ കഥാപാത്രമാണ് ഈ സിനിമയുടെ നട്ടെല്ല്. ധാരാളം നിയമാവലികളുളള ഒരു നമ്പൂതിരി കുടുംബത്തിൽ എത്തിപ്പെടുന്ന ഉണ്ണിമായ അന്തർജനമായിരുന്നു മോഹിനിയുടെ കഥാപാത്രം. നമ്പൂതിരി കുടുംബത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾക്കെതിരെ അതിശക്തമായ പ്രതികരണമാണ് ഉണ്ണിമായ നടത്തുന്നത്. മലയാളത്തിലിറങ്ങിയ ഏറ്റവും ശക്തമായ ഫെമിനിസ്റ്റ് ചിത്രങ്ങളിലൊന്നാണ് പരിണയം.

റിമ കല്ലിങ്കൽ (22 ഫീമെയിൽ കോട്ടയം)

ടെസ കെ. എബ്രഹാം എന്ന കോട്ടയത്തുകാരി നഴ്‌സാണ് ഈ സിനിമയിലെ പ്രധാന കഥാപാാത്രം. പ്രതിസന്ധികൾ നേരിടുമ്പോൾ ചതിക്കപ്പെടുമ്പോൾ ഒതുങ്ങാനുളളതല്ല, മറിച്ച് അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും എങ്ങനെ പ്രതികരിക്കണമെന്ന് കാണിച്ചു തരുകയുമാണ് ഈ കോട്ടയത്തുകാരി കഥാപാത്രം. റിമ കല്ലിങ്കലാണ് ടെസയായെത്തിയത്. മലയാള സിനിമയിൽ മാറ്റത്തിന് തുടക്കം കുറിച്ച ഒരു ചിത്രമായിരിക്കും ഇത്. റിമ മാത്രമല്ല, അതിൽ എത്തിയ എല്ലാ സ്ത്രീ കഥാപാത്രങ്ങളും നമ്മൾ കണ്ട് ശീലമില്ലാത്തതും അതി ശക്തവും വ്യത്യസ്തവുമായ കാഴ്‌ചപ്പാടുകളുളളവരുമാണ്. മലയാള സിനിമയ്‌ക്ക് എന്നെന്നും ഓർത്തു വയ്ക്കാവുന്ന ഒരു സ്ത്രീ പക്ഷ സിനിമയാണ് ആഷിഖ് അബു ഒരുക്കിയ 22 ഫീമെയിൽ കോട്ടയം.

വാണി വിശ്വനാഥ് (സൂസന്ന)
വാണി വിശ്വനാഥിനെ കേന്ദ്ര കഥാപാത്രമാക്കി 2000 ത്തിൽ പുറത്തിറങ്ങിയ ടി.വി.ചന്ദ്രൻ ചിത്രമാണ് സൂസന്ന. വാണി വിശ്വനാഥിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് സൂസന്ന വിലയിരുത്തപ്പെടുന്നത്. ഒരു ലൈംഗിക തൊഴിലാളിയായാണ് വാണി ചിത്രത്തിലെത്തുന്നത്. സമൂഹത്തിൽ നിന്ന് അവഗണനയും ചീത്തപ്പേരും നേരിടേണ്ടി വരുമ്പോഴും അതിനെയെല്ലാം മനക്കരുത്ത് കൊണ്ട് നേരിട്ട് ജീവിക്കുന്ന ശക്തയായ സ്ത്രീയുടെ ജീവിതമാണ് സിനിമ പറയുന്നത്. മലയാള സിനിമയ്‌ക്ക് എന്നെന്നും ഓർത്തു വയ്ക്കാവുന്ന ഒരു കഥാപാത്രമാണ് സൂസന്ന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ