ഇതവര്‍ക്കാണ് – എന്‍റെ ഏറ്റവും വലിയ പ്രചോദനവും ആദര്‍ശ മാതൃകകളുമായ അമ്മയ്ക്കും അമ്മൂമ്മയ്ക്കും.

സ്വപ്‌നങ്ങളിലേക്കുള്ള യാത്ര ആയാസമേറിയതാണ്.  സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന സമയമാണിപ്പോള്‍. സ്വപ്നങ്ങളെ സധൈര്യം പിന്തുടരൂ എന്ന് നാം ഒരു സ്ത്രീയോട് എങ്ങനെ പറയും?

പൊതുവില്‍ സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തേണ്ട സമയമായില്ലേ? ഈ മാറ്റിനിറുത്തല്‍ എത്ര കാലം?

സ്ത്രീകളെ സ്വപ്നം കാണാന്‍ അനുവദിക്കൂ… നിങ്ങള്‍ക്ക് വേണ്ടി പലപ്പോഴായി മാറ്റി വച്ച സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മുന്‍കൈയ്യെടുക്കൂ…

ഇതാണ് തന്‍റെ ‘ഒരേ കനാ’ എന്ന വനിതാ ദിന സിംഗിളിനോടൊപ്പം ശക്തിശ്രീ തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ കുറിച്ച വാക്കുകള്‍. ഗുരു എന്ന ചിത്രത്തിന്‍റെ തമിഴ് പകര്‍പ്പിന് വേണ്ടി
ഏ. ആര്‍. റഹ്മാന്‍ സംഗീതം പകര്‍ന്ന് വൈരമുത്തു എഴുതിയ ഗാനമാണ് ശക്തിശ്രീ തന്‍റെ ശബ്ദത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.

ഹൃദയത്തിനുളളിൽ ഒരു സ്വപ്നമുണ്ടെന്നും, ജീവന് തുല്യം കാത്തു രക്ഷിക്കുമെന്നും, ആകാശം ഇടിഞ്ഞു വീണാലും അത് സാക്ഷാത്കരിക്കുമെന്നും പാടുന്ന വരികള്‍.  ഒരിറ്റു സ്നേഹം തന്നാല്‍ അമ്പിളി മാമനെ പിടിച്ചു തരാം എന്നും ‘ഒരേ കനാ’ കൂട്ടിചേര്‍ക്കുന്നു.

ധിരുഭായി അംബാനിയുടെ ജീവിത കഥ പറയുന്ന ഗുരു എന്ന ചിത്രം സംവിധാനം ചെയ്തത് മണിരത്നമാണ്. ജീവിതത്തിലെ ഒരു ഘട്ടത്തില്‍ വീണു പോകുന്ന ഗുരുവിന്‍റെ തിരിച്ചു വരവാണ് ഈ ഗാനത്തിലൂടെ പ്രതിപാദിക്കുന്നത്. അതേ വരികളാണ്, വനിതാ ദിനത്തിന്‍റെ ഈ വേളയില്‍ ഗായികയുടെ പുനരാവിഷ്കരണത്തിലൂടെ പ്രസക്തി നേടുന്നത്.  പുതിയ പതിപ്പിന്‍റെ പിന്നണിയില്‍ പ്രശാന്ത്‌ ടെക്നോ (മ്യൂസിക്‌ പ്രൊഡക്ഷന്‍), ടോബി ജോസഫ്‌ (മിക്സിംഗ്), ഡേവിഡ്‌ വെസ്ടോന്‍ (ക്യാമറ), മദന ഗോപാല്‍ (എഡിറ്റിംഗ്) എന്നിവരാണ്.

ശക്തിശ്രീ ഗോപാലന്‍

2008ട്ടില്‍ പിന്നണി ഗാനത്തെത്തിയ ശക്തിശ്രീ തമിഴില്‍ ഏ ആര്‍ റഹ്മാന്‍, അനിരുദ്ധ് രവിചന്ദര്‍, ഡി ഇമ്മാന്‍, ഹാരിസ് ജയരാജ്, സന്തോഷ്‌ നാരായണന്‍, യുവന്‍ ശങ്കര്‍ രാജ, ജി വി പ്രകാശ് എന്നിവരുടെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മലയാളത്തില്‍ ഗോപി സുന്ദര്‍, ദീപാങ്കുരന്‍, നിഖില്‍ ജെ മേനോന്‍ എന്നിവരോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചാര്‍ളിയിലെ പുലരികളോ, മരിയാനിലെ എങ്ക പോന രാസാ, കടല്‍ എന്ന ചിത്രത്തിലെ നെഞ്ചുക്കുള്ളേ എന്നിവയാണ് ശക്തിശ്രീയുടെ ശ്രദ്ധേയമായ ഗാനങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ