Latest News

International Women’s Day 2017: രാജു അവന്റെ മനസ്സിൽ തട്ടിയാണ് അത് പറഞ്ഞത്: മല്ലിക സുകുമാരൻ

അവന്റെ പ്രതികരണം ആത്മാർഥമായിട്ടാണ്. ഞങ്ങളാരോടും അഭിപ്രായം ചോദിച്ചിട്ടല്ല അവനത് പറഞ്ഞത്. അവന്റെ അഭിപ്രായത്തിൽ എനിക്ക് അഭിമാനമുണ്ട്

mallika sukumaran, prithviraj

മലയാള സിനിമയിലെ വേറിട്ട​ ശബ്ദത്തിനുടമയാണ് പൃഥ്വിരാജ്. എപ്പോഴും പൃഥ്വിയുടെ നിലപാടുകൾക്കും കാഴ്ചപ്പാടുകൾക്കും മറ്റുളളവരിൽനിന്നും വ്യത്യസ്തതയുണ്ടാകും. ഈ വ്യത്യസ്തതയാൽ പലപ്പോഴും പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അപ്പോഴും പൃഥ്വിരാജ് ഒറ്റയാനായി നിന്നു. പ്രമുഖ നടിക്കെതിരെ അക്രമമുണ്ടായപ്പോഴും ചലച്ചിത്ര ലോകത്തുനിന്നുമുണ്ടായ ശക്തമായ പ്രതികരണം പൃഥ്വിരാജിന്റേതായിരുന്നു. ഫെയ്സ്ബുക്കിലൂടെ നടിക്ക് പിന്തുണയേകിയ പൃഥ്വി മാധ്യമങ്ങൾക്കു മുന്നിലും പിന്തുണയുമായി എത്തി. മാത്രമല്ല മറ്റാരും സ്വീകരിക്കാത്ത ഒരു നിലപാടും കൈകൊണ്ടു. ഇനി ഒരിക്കലും താൻ സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്നു പൃഥ്വിരാജ് വ്യക്തമാക്കി.

പക്വതയില്ലാത്ത പ്രായത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശങ്ങളുളള സിനിമകളുടെ ഭാഗമായത്. അന്നു പറഞ്ഞ പല വാക്കുകളും സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അതെനിക്ക് നേടിത്തന്ന ഓരോ കയ്യടിക്കും ഞാനിപ്പോൾ തല കുനിക്കുന്നു. ഇനി ഒരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുട ഭാഗമാകില്ലെന്നും അത്തരം സിനിമകളിൽ നടത്തിയ പരാമർശങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും പൃഥ്വിരാജ് തുറന്നു പറഞ്ഞു. പൃഥ്വിരാജിന്റെ ഈ നിലപാടിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരെത്തി. ചിലർ പൃഥ്വിരാജ് അഭിനയിക്കുന്നതാണെന്നുവരെ പറഞ്ഞു. പൃഥ്വി സ്വീകരിച്ച ഈ നിലപാടിനെക്കുറിച്ച് വനിതാ ദിനത്തിൽ ഐഇ മലയാളത്തോട് പ്രതികരിക്കുകയാണ് നടിയും അമ്മയുമായ മല്ലിക സുകുമാരൻ.

രാജുവിന്റെ നിലപാടിൽ അവന്റെ അമ്മയെന്ന നിലയിൽ ഞാൻ അഭിമാനം കൊളളുന്നു. അവന്റെ മനസ്സിൽ തട്ടിയാണ് അവനത് പറഞ്ഞത്. ഒരു സിനിമാ താരത്തിന്റെ പക്ഷം ചേർന്നു സംസാരിക്കാനോ അവരുമായി തർക്കത്തിലേർപ്പെടാനോ അവൻ മുതിരാറില്ല. ഇനിയും അവനത് ചെയ്യില്ല. അവനോടൊപ്പം ഒരുപാട് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച സഹപ്രവർത്തക അല്ലെങ്കിൽ ഒരു നല്ല കൂട്ടുകാരിയ്ക്കുണ്ടായ അനുഭവം അവനെ ഏറെ വേദനിപ്പിച്ചു. ആ വേദനയിൽ നിന്നാണ് അവൻ അത് പറഞ്ഞത്.

അവൻ തിരഞ്ഞെടുക്കുന്ന സിനിമയും കഥാപാത്രവും അവന്റെ സ്വന്തം തീരുമാനപ്രകാരമാണ്. രാജുവിന്റേതെല്ലാം സ്വന്തമായ തീരുമാനങ്ങളാണ്. അതിൽ അമ്മയെന്ന നിലയിൽ എനിക്കോ ഭാര്യയെന്ന നിലയിൽ സുപ്രിയയ്ക്കോ കൈകടത്താൻ കഴിയാറില്ല. അവന്റെ പ്രവൃത്തികളെല്ലാം ചെറുപ്പത്തിൽ അവന് ഞാനും അവന്റെ അച്ഛനും പകർന്നു നൽകിയ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതിൽനിന്നുകൊണ്ടാണ് അവൻ പ്രതികരിക്കുന്നത്.

ബന്ധങ്ങൾക്ക് വലിയ സ്ഥാനം കൊടുക്കുന്ന വ്യക്തിയാണ് രാജു. അഭിമാനത്തോടെ എനിക്കത് പറയാൻ സാധിക്കും. അത് അവന്റെ അച്ഛനിൽനിന്നും പകർന്നു കിട്ടിയ അറിവാണ്. അവന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു, ആ പ്രായത്തിൽ മക്കൾ വഴിതെറ്റിപ്പോകാം. ആ ഭയം എനിക്കുണ്ടായിരുന്നു. വളരെ ശ്രദ്ധിച്ച് എന്റെ ചിറകുകൾക്കുളളിൽ വച്ച് ഞാൻ വളർത്തി വലുതാക്കിയതാണ് ഇന്ദ്രനെയും രാജുവിനെയും. രണ്ടുപേരെയും നന്നായി പഠിപ്പിക്കണമെന്നത് സുകുവേട്ടന്റെ വലിയ ആഗ്രഹമായിരുന്നു. മറ്റൊരാളുടെ മുന്നിൽ ചെന്നു നിന്നാൽ തല ഉയർത്തി സംസാരിക്കാനുളള കഴിവ് അവർക്കുണ്ടാകണം എന്നദ്ദേഹത്തിനുണ്ടായിരുന്നു. എന്റെ ജീവിത ലക്ഷ്യമായിരുന്നു അത്. എന്റെ മക്കളെ മിടുക്കരാക്കി വളർത്തിയാൽ മാത്രമേ സുകുവേട്ടനോടുളള എന്റെ കടപ്പാട് തീരൂ എന്നുറച്ചു വിശ്വസിച്ചിരുന്ന ഭാര്യയായിരുന്നു ഞാൻ.

അവന്റെ പ്രതികരണം ആത്മാർഥമായിട്ടാണ്. ഞങ്ങളാരോടും അഭിപ്രായം ചോദിച്ചിട്ടല്ല അവനത് പറഞ്ഞത്. അവന്റെ അഭിപ്രായത്തിൽ എനിക്ക് അഭിമാനമുണ്ട്. ഉചിതമായ സമയത്ത് ഉചിതമായ രീതിയിലാണ് അവൻ പ്രതികരിച്ചത്. അവന്റെ പ്രതികരണത്തെ വിമർശിച്ചവരുമുണ്ട്. അവരോടൊക്കെ ഒന്നേ പറയാനുളളൂ. പൃഥ്വിരാജ് ഇവിടയുളള നടീ നടന്മാരെയോ മറ്റേതെങ്കിലും വ്യക്തികളെയോ തിരുത്തിക്കൊള്ളാമെന്നു പറഞ്ഞിട്ടില്ല. ഞാൻ ഇതു ചെയ്യുമെന്നേ പറഞ്ഞിട്ടുളളൂ. ചലച്ചിത്ര രംഗം മൊത്തമായിട്ടോ സാംസ്കാരിക രംഗം മൊത്തമായിട്ടോ ശുദ്ധീകരിക്കുമെന്നും പറഞ്ഞിട്ടില്ല. ഒരു വ്യക്തി എന്ന നിലയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന സിനിമകളിൽ അഭിനയിക്കില്ല എന്നേ പറഞ്ഞിട്ടുളളൂ.
mallika sukumaran, prithviraj

രാജുവിനെ വിമർശിക്കുന്നവരോടൊക്കെ ഞാൻ ഒന്നു ചോദിച്ചോട്ടേ, അവനവന്റെ മകൾക്കോ ഭാര്യയ്ക്കോ സഹോദരിക്കോ ആണ് ഈ അനുഭവം ഉണ്ടായതെങ്കിൽ അവർ എങ്ങനെയായിരിക്കും പ്രതികരിക്കുക. സാരമില്ല പോട്ടേ ആരോടും പറയണ്ട എന്നായിരിക്കുമോ അവർ പറയുക. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിക്കണം. പ്രതികരണശേഷി ഇല്ലാത്ത സമൂഹത്തിൽ ജീവിക്കുന്നത് നമുക്ക് ഒരു ബ്ലാക്ക്മാർക്കാണ്.

രാജുവിന്റെ ഈ നിലപാട് മലയാള സിനിമയിൽ മാറ്റമുണ്ടാക്കുമോയെന്നറിയില്ല. സിനിമയിൽ നടന്മാരുടെ ഇടയിലും ഈഗോയുണ്ട്. ഇവനാര് ഇങ്ങനെയൊക്കെ പറയാൻ എന്നു ചിന്തിക്കുന്നവരുണ്ടാകാം. അതു പക്ഷേ വലിയ നടന്മാർക്കില്ല. അവർ നല്ലതു പറഞ്ഞാൽ നല്ലതെന്നു അംഗീകരിക്കും. രാജു ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് അതിനെതിരെ ഒരു സിനിമയുണ്ടാക്കി സ്ത്രീകളെ അപമാനിക്കുന്നത് ചർച്ചയാകുമോ എന്നൊരു ചിന്ത തീർച്ചയായും വന്നിട്ടുണ്ട്.

ഞാൻ ഒരാളിൽനിന്നും കൈക്കൂലി വാങ്ങാതെ അർഹതപ്പെട്ടവന്റെ എല്ലാ പരാതികളും പരിഹരിച്ചു കൊടുക്കുമെന്നു ഒരു മന്ത്രി തീരുമാനിക്കുകയാണ്. പക്ഷേ എല്ലാ മന്ത്രിമാരും അങ്ങനെ ചെയ്യണമെന്നു പറഞ്ഞാൽ നടക്കുമോ. അതെല്ലാ മേഖലയിലുമുണ്ട്, അതു സിനിമയിലുമുണ്ട്. ഒരാൾ നല്ലത് ചെയ്താലും ബാക്കിയുളളവർക്കും അതു തോന്നണം. ഇതേ പ്രശ്നമാണ് സിനിമയിലും. ഒരാൾ അതിനു തയാറായി. നമ്മളും അതുപോലെ ചെയ്താൽ അവനെ അനുസരിച്ചതു പോലെയാകില്ലേ. ഈ ഈഗോയാണ്. അതിൽ മാറ്റം വരാൻ സിനിമാക്കാരെല്ലാം ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. അതിൽ എത്രപേർ ഒന്നിച്ചു നിൽക്കുമെന്ന് അറിയില്ല. എല്ലാവരെയും നന്നാക്കിയെടുക്കാൻ ഒരാൾക്കാവില്ല. പക്ഷേ സ്വയം ഒരാൾക്ക് നന്നാവാൻ സാധിക്കും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: International womens day 2017 mallika sukumaran about prithviraj statement on no more anti women characters dialogue after actress attack

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com