റോട്ടർഡാമിൽ ഇന്നലെ സമാപിച്ച അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ അരുൺ കാർത്തിക്ക് സംവിധാനം നിർവ്വഹിച്ച തമിഴ് ചിത്രം ‘നസീർ’ ഏറ്റവും മികച്ച ഏഷ്യൻ സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടി. കോയമ്പത്തൂർ സ്വദേശിയായ അരുണിന്റെ രണ്ടാമത്തെ സിനിമയാണ് ‘നസീർ’. ആദ്യ സിനിമയായ ‘ശിവപുരാണ’ ത്തിന് നാലു വർഷങ്ങൾക്ക് മുൻപ് ഇതേ ചലച്ചിത്രമേളയിൽ മികച്ച ആദ്യ ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

ഈ വർഷം ചലച്ചിത്രോത്സവത്തിലെ പ്രധാന മത്സരത്തിലേയ്ക്ക് (ടൈഗർ അവാർഡ്) ലോകത്താകെ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച പത്ത് ചലച്ചിത്രങ്ങളിൽ ഒന്ന് ‘നസീർ’ ആയിരുന്നു. വലതുപക്ഷ തീവ്രവാദം പടരുന്ന ഒരു നഗരത്തിലെ ജൗളിക്കടയിൽ ജോലിയെടുക്കുന്ന മധ്യവയസ്‌കനായ നസീറിന്റെ സംഘർഷങ്ങളുടെ കഥയാണ് സിനിമ പറയുന്നത്.
International Film Festival Rotterdam, NETPAC award, Nasir film, Arun Karthick, Nasir tamil movie, Indian express malayalam, IE Malayalam

ഇൻഡോ-ഫ്രഞ്ച് നാടക സംവിധായകനും നടനുമായ കുമരനെ വളവനെയാണ് നസീറായി അഭിനയിച്ചത്. നസീറിന്റെ ഭാര്യയുടെ വേഷത്തിൽ എത്തിയത് സുധാ രംഗനാഥൻ ആണ്. പതിവ് സിനിമാസങ്കേതങ്ങളിൽ നിന്നും അകൽച്ച പാലിക്കുന്ന ചിത്രം 4:3 എന്ന അനുപാതത്തിലാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

പ്രശസ്ത തമിഴ് എഴുത്തുകാരനായ ദിലീപ്‌കുമാറിന്റെ ഒരു കഥയെ അവലംബിച്ച് നിർമ്മിച്ച സിനിമയുടെ ചിത്രീകരണം മുഴുവനും കോവൈ നഗരത്തിലായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ഗ്രാൻഡായ നെതർലൻഡ്സ് ഫിലിം ഫണ്ടും പ്രശസ്തമായ ഹ്യുഗോ ബാൽസ് ഫണ്ടും നേരത്തെ തന്നെ ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.

Read more: വിഖ്യാത കാൻസർ വിദഗ്‌ധനെ കരയിച്ച മോഹൻലാൽ ചിത്രം

നസീറിന്റെ ശബ്ദലേഖനം നിർവ്വഹിച്ചിട്ടുള്ളത് മുംബയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളിയായ ഗൗതം നായർ ആണ്. അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫർ ആയ അനൂപാണ് ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യം.

റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ഇതിന് മുൻപ് 2017ൽ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘സെക്സി ദുർഗ്ഗ’യ്ക്ക് ഏറ്റവും നല്ല ചിത്രത്തിനുള്ള ടൈഗർ അവാർഡ് ലഭിച്ചിരുന്നു. 1995ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിർവ്വഹിച്ച ‘വിധേയനും’ ഏറ്റവും നല്ല ഏഷ്യൻ ചലച്ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് സ്വന്തമാക്കിയിരുന്നു. മണി കൗളിന്റെ ‘ദി സെർവന്റ്സ് ഷർട്ട്’ (1999) എന്ന ചിത്രവും നെറ്റ്പാക്ക് അവാർഡ് കരസ്ഥമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook