27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് വച്ചാണ് മേള അരങ്ങേറുന്നത്. ഇന്ന് വൈകീട്ട് 3.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റിയാണ് വിശിഷ്ടാതിഥി.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്കി മുഖ്യമന്ത്രി ആദരിക്കും. ജൂറി ചെയര്‍മാനും ജര്‍മ്മന്‍ സംവിധായകനുമായ വീറ്റ് ഹെല്‍മറും ചടങ്ങിലുണ്ടായിരിക്കും. എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും.തുടർന്ന്
ടോറി ആന്റ് ലോകിത എന്ന ചിത്രം പ്രദർശിപ്പിക്കുന്നതോടെ മേളയ്ക്ക് തുടക്കമാകും.
മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. 12000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഇരുന്നോളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കുന്ന മേളയില്‍ 40 പേർ വിദേശികളാണ്.