തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK2018) തീം ‘റീ ബില്‍ഡിങ്’ എന്നാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ‘പ്രളയത്തിനു ശേഷം ജീവിതം തിരിച്ചുപിടിക്കുന്ന പാതയിലാണ് നമ്മള്‍. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ തീം റീ ബില്‍ഡിങ് ആണ്. ഈ വിഭാഗത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സിഗ്നേച്ചര്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്,’ കമല്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

ഡിസംബര്‍ ഏഴു മുതല്‍ 13 വരെ തിരുവനന്തപുരത്ത് 12 തിയേറ്ററുകളില്‍ വച്ചായിരിക്കും ഇത്തവണത്തെ ചലച്ചിത്രമേള നടക്കുക. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കി എട്ടുദിവസം എന്നത് ഏഴു ദിവസമാക്കിയായിരിക്കും ഇത്തവണത്തെ മേളയെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല സിനിമകളുടെ എണ്ണത്തിലും ഇത്തവണ ഗണ്യമായ കുറവുണ്ടാകും.

Read More: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 വരെ

‘സാധാരണ ഗതിയില്‍ 180 വരെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ 120 മുതല്‍ 130 വരെ സിനിമകളേ പ്രദര്‍ശിപ്പിക്കൂ. ഡെലിഗേറ്റ് പാസ്സിന്റെ തുക 2000മായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സിനിമാ പ്രേമികള്‍ക്കായി ഏറ്റവും മികച്ച ചിത്രങ്ങള്‍ തന്നെ പ്രദര്‍ശിപ്പിക്കേണ്ട ഉത്തരവാദിത്തവും ഉണ്ട്,’ കമല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാവും. നവാഗതരുടെ ആറ് സിനിമകളുള്‍പ്പെടെ ആകെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടു ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലായിരിക്കും.

മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യവേദിയില്‍ വൈകുന്നേരങ്ങളില്‍ നടത്താറുള്ള കലാ സാംസ്‌കാരിക പരിപാടികള്‍, ശില്‍പശാല, എക്‌സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഓപ്പണ്‍ ഫോറം തുടരും.

പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിശാഗന്ധിയില്‍ ഉദ്ഘാടന ചടങ്ങ് ലളിതമായി നടത്തി ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. ലളിതമായ രീതിയില്‍ നടത്തുന്ന സമാപന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അവാര്‍ഡ് ലഭിച്ച ചിത്രം പ്രദര്‍ശിപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook