സിനിമയിലും നൃത്തത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച കലാകാരിയാണ് ശോഭന. വളരെ ചെറുപ്പത്തില്‍ അഭിനയ രംഗത്തെത്തുമ്പോള്‍ തന്നെ ശോഭന അതിനൊപ്പം നൃത്തഅഭ്യസനവും തുടങ്ങിരുന്നു. തന്‍റെ ക്ലാസിക്കല്‍ നൃത്ത സാധനയും സിനിമയിലെ അഭിനയവും-നൃത്തവും ഒന്നിച്ചു കൊണ്ട് പോകുന്നതിലെ വെല്ലുവിളികളെക്കുറിച്ച് ശോഭന അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിച്ചു.
“സിനിമയും നൃത്തവും ഒന്നിച്ചു കൊണ്ട് പോകുന്നത് വലിയ വെല്ലുവിളിയായിരുന്നു. രണ്ടു മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന് നൃത്തസാധനയുടെ ഒരു കായിക വശം. എന്നും അത് ചെയ്യാനുള്ള ഒരു സാധ്യത ഇല്ലായിരുന്നു. ചെറിയ ഗ്രാമങ്ങളില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ അവിടെയുള്ള ലോഡ്ജുകളില്‍ ആയിരിക്കും താമസം. നീണ്ട മണിക്കൂറുകളുടെ ചിത്രീകരണം കഴിഞ്ഞു മുറിയിലെത്തി പ്രാക്ടീസ് ചെയ്യുക എന്നാല്‍ പ്രയാസമാണ് – എനിക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും. പക്ഷേ ഞാന്‍ അതും ചെയ്തിട്ടുണ്ട്.
അതിനെക്കാളും എനിക്ക് പ്രയാസമായി തോന്നിയത് രണ്ടു ശൈലികളില്‍ ഉള്ള നൃത്തം ചെയ്യുന്നതാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോവുക എന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള ഘട്ടമായിരുന്നു. അതാവട്ടെ, ഒരുപാട് കാലം നീണ്ടു പോവുകയും ചെയ്തു. ക്ലാസ്സിക്കല്‍ നൃത്തത്തിന്റെ ആശയങ്ങള്‍ സിനിമയിലേക്ക്, അവിടെ ചേരുന്ന വിധത്തില്‍ സ്വംശീകരിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്. പലപ്പോഴും എന്നോട് ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലയ്ക്കെടുത്ത് എനിക്ക് ചെയ്യേണ്ടിയും വന്നിട്ടുണ്ട്. നാല്‍പതുകളിലും അന്‍പതുകളിലും അറുപതുകളിലും സിനിമയില്‍ കണ്ട നൃത്തത്തിന് അപ്പോള്‍ നിലവിലുള്ള ശാസ്ത്രീയനൃത്തവുമായി വലിയ വ്യത്യാസമുണ്ടായിരുന്നില്ല. നൃത്തസംവിധായകര്‍ ക്ലാസ്സിക്കല്‍ നര്‍ത്തകരുടെ ശൈലികളാണ് പിന്തുടര്‍ന്നിരുന്നത്. പലരും പേരു കേട്ട നര്‍ത്തകരുടെ ശിഷ്യരുമായിരുന്നു. പാശ്ചാത്യനൃത്തത്തിന്‍റെ സ്വാധീനം അന്ന് കുറവായിരുന്നു.
പക്ഷേ ഞാനൊക്കെ സിനിമയില്‍ എത്തിയ എണ്‍പതുകളില്‍ ക്ലാസ്സിക്കല്‍ നൃത്തം സിനിമയില്‍ നിന്നും പുറത്തു പോയിരുന്നു. നൃത്തം ആസ്പദമാക്കിയ ചുരുക്കം ചില സിനിമകള്‍ ഒഴിച്ച് ബാക്കി എല്ലാത്തിലുമുള്ള ഡാന്‍സ് ഒരു മാറ്റത്തില്‍ കൂടി കടന്നു പോവുകയായിരുന്നു. അതായത് ഇന്ന് ബോളിവുഡ് എന്ന വിളിക്കുന്ന ആ ശൈലിയിലേക്കുള്ള മാറ്റം. ഞാന്‍ അതിന്റെ നടുക്കും. പക്ഷേ എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി, ആ ശൈലി പഠിച്ച് സിനിമയ്ക്കാവശ്യമുള്ള ഫോര്‍മാറ്റില്‍ അവതരിപ്പിക്കുക എന്നതാണ് ഈ ജോലിയെ സംബന്ധിച്ച് പ്രധാനം എന്ന്.
എന്റെ സാമ്പ്രദായിക നൃത്തപരിശീലനം അപ്പോഴും ചിദംബരത്തില്‍ നടക്കുകയായിരുന്നു. അന്നെന്നിക്ക് സിനിമയിലെ മാസ്റ്റര്‍മാരോട് തിരുത്തിപ്പറയാനും മാത്രമുള്ള ജ്ഞാനവുമില്ല. അത് നമ്മുടെ ജോലിയുമല്ല. കാരണം സംവിധായകന് അറിയാം ആ സിനിമയ്ക്ക് എന്താണ് വേണ്ടത് എന്ന്.
എനിക്കത് വരെ പരിചിതമല്ലാത്ത ‘മൂവ്മെന്‍റ്സ്’ പഠിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്. സിനിമാ ക്യാമറ 360 ഡിഗ്രി തിരിയും. അപ്പോള്‍ ശരീരവും അങ്ങനെ ആവാം. അതിനൊപ്പം പോകേണ്ടതുണ്ട്.
എല്ലാം ഒരു വിധത്തില്‍ മാനേജ് ചെയ്തു പോവുകയായിരുന്നു. അപ്പോഴാണ് പ്രഭുദേവയുടെ വരവ്. അദ്ദേഹം ഫിലിം ഡാന്‍സ് എന്ന ആശയത്തെത്തന്നെ പൊളിച്ചെഴുതി. ഞാന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ സുന്ദരം മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സുന്ദരം മാസ്റ്റര്‍ ഗോപീകൃഷ്ണയുടെ ശിഷ്യനായ തങ്കപ്പന്‍ മാസ്റ്ററുടെ ശിഷ്യനാണ്. അത് കൊണ്ട് തന്നെ ക്ളാസ്സിക്കല്‍ രീതിയുടെ ചില അംശങ്ങള്‍ സുന്ദരം മാസ്റ്ററുടെ നൃത്തത്തില്‍ ഉണ്ടായിരുന്നു. അത് പോലെ തന്നെ രഘു മാസ്റ്റര്‍ കൂടുതലും പദ്മാ സുബ്രമണ്യത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നയാളാണ്. പുലിയൂര്‍ സരോജ എന്ന വിഖ്യാതയായ നൃത്തസംവിധായിക ദണ്ഡയുധപാണി പിള്ളയുടെ ശിഷ്യയാണ്. അത് കൊണ്ട് ഇവരെല്ലാം സാമ്പ്രദായിക നൃത്തശൈലി പിന്തുടര്‍ന്ന് പോന്നു. പക്ഷേ പ്രഭു വന്നതോടെ എല്ലാം മാറി. അതോടെയാണ്, സിനിമാ നൃത്തം സംബന്ധിച്ച് എന്‍റെ ആപ്പീസ് പൂര്‍ണ്ണമായും പൂട്ടിപ്പോയത്,” നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദുമായുള്ള സംഭാഷണത്തില്‍ ശോഭന പറഞ്ഞു.
രണ്ടു പതിറ്റാണ്ടുകള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികയായി തുടര്‍ന്ന ശോഭന പിന്നീട് പൂര്‍ണ്ണമായും നൃത്തത്തിലേക്ക് ചുവടു മാറുകയായിരുന്നു. ഇപ്പോള്‍ വളരെ ചുരുക്കം സിനിമകളില്‍ മാത്രം വേഷമിടുന്ന അവര്‍ തന്‍റെ സമയം കൂടുതലും ചെലവഴിക്കുന്നത് തന്‍റെ നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യ്ക്കും അവിടെയുള്ള ശിഷ്യര്‍ക്കുമൊപ്പമാണ്. സിനിമയില്‍ പഴയ പോലെ സജീവമല്ല എങ്കിലും മലയാളി മനസ്സില്‍ ഇന്നും വലിയ സ്ഥാനമാണ് ശോഭന എന്ന നടിയ്ക്ക്. ഈ ലോക്ക്ഡൌണ്‍ കാലത്ത് ശോഭന പങ്കു വച്ച നൃത്തഅഭ്യസന വീഡിയോകളും ഏറെ പ്രചാരം നേടിയിരുന്നു.
Read Here: കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയല്ലത്; സനൂപിന്റെ ഡാൻസിനെ കുറിച്ച് മഞ്ജു വാര്യർ