കൊച്ചി: സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) നല്‍കിയ ഹര്‍ജിയില്‍ ഒടുവിൽ അനുകൂല വിധി. ചലച്ചിത്ര സംഘടനകളിലും ചിത്രീകരണ ലൊക്കേഷനുകളിലും പരാതി പരിഹാര സംവിധാനം വേണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് 2018 ലാണ് ഡബ്ല്യുസിസി ഹര്‍ജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് എംഎസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉൾപ്പെട്ട ബഞ്ചിന്റെ ഉത്തരവിലെ നിർദേശങ്ങൾ ഇങ്ങനെ:
- പത്തുപേരിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണം
- ഓരോ സിനിമയെയും ഓരോ സ്ഥാപനമായി കണക്കാക്കി സമിതി രൂപീകരിക്കണം
- സിനിമാ സംഘടനകളില്‍ സ്ത്രീകള്‍ 10 പേരില്‍ കൂടുതല്‍ ഉണ്ടങ്കില്‍ നിര്‍ബന്ധമായും സമിതി രൂപീകരിക്കണം. സ്ത്രീകള്‍ പത്തില്‍ താഴെയാണങ്കില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാദേശിക സമിതികളെ സമീപിക്കണം
- താരസംഘടനയായ അമ്മ, പാര്‍ലമെന്റ് പാസാക്കിയ നിയമ പ്രകാരമുള്ള പരാതി പരിഹാര സെല്‍ രൂപീകരിക്കണം
- സിനിമാ മേഖലയിലെ സംഘടനകള്‍ക്കു മൊത്തത്തില്‍ ഒരു സമിതി രൂപീകരിക്കുന്നത് അഭികാമ്യമായിരിക്കും
- ജോലിസ്ഥലത്ത് പീഡനത്തിനിരയായാല്‍ സ്ത്രീകള്‍ സര്‍ക്കാര്‍ തലത്തിലുള്ള പ്രാദേശിക സമിതിയില്‍ പരാതി നല്‍കണം
രാഷ്ട്രീയ പാർട്ടികളിലും സമിതി: ആവശ്യം തള്ളി
അതേസമയം, രാഷ്ട്രീയ പാർട്ടികളിലും സമാന സംവിധാനം വേണമെന്ന ആവശ്യം കോടതി നിരസിച്ചു. തൊഴിലാളി- തൊഴിലുടമ ബന്ധം ഇല്ലാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടികളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന ആവശ്യം കോടതി തള്ളിയത്.
സമിതി രൂപീകരിക്കാൻ തയാറാണെന്ന് സംഘടനകൾ
സമിതി രൂപീകരിക്കാൻ തയാറാണെന്ന് സംഘടനകളായ അമ്മ ഫെഫ്കയും കോടതിയെ അറിയിച്ചിരുന്നു. ചലച്ചിത്രമേഖലയിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടന്ന് വനിതാ കമ്മിഷനും അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്നാണ് സമിതി രൂപീകരിക്കണമെന്ന ആവശ്യമുമായി ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.
എന്താണ് ഐ സി സി?
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 പ്രകാരമുള്ള സമിതിയാണ് ആഭ്യന്തര പരാതിപരിഹാര കമ്മിറ്റി അഥവാ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി (ഐ സി സി). നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷമാണ് ഡബ്ല്യുസിസി ഈ ആവശ്യവുമായി ശക്തമായി രംഗത്തുവന്നത്. ബോളിവുഡ് അടക്കമുള്ള സിനിമാ ഇൻഡസ്ട്രികളിൽ ഇന്ന് ആഭ്യന്ത പരാതി പരിഹാര സെല്ലുകളുണ്ട്.
Read Here: എന്താണ് ഇന്റേണൽ കംപ്ലൈന്റസ് കമ്മിറ്റി ( ഐ സി സി)? അവിടെ ആർക്കൊക്കെ എങ്ങനെ പരാതി നൽകാം?
തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ‘1744 വെറ്റ് ആള്‍ട്ടോ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നിർമാതാക്കളായ കബനി ഫിലിംസ് ഇന്റേണല്‍ കംപ്ലയിന്റ്‌സ് സെല്‍ രൂപീകരിച്ച് പെരുമാറ്റച്ചട്ടം നടപ്പാക്കിയത് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.
സിനിയിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാൻ നിയമം
സിനിമാ മേഖലയിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി നിയമനിര്‍മാണം നടത്തുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ, അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചചെയ്തശേഷമായിരിക്കും നിയമനിര്‍മണത്തിലേക്കു കടക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് നടപ്പാക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ നിരസിച്ചിരുന്നു. കോടതിക്കു സർക്കാരിനോട് നിർദേശിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സർക്കാരിൻ്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്.
കമ്മിഷനു സാക്ഷികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ദിശ എന്ന സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്. പീഡന പരാതികള്‍ പരിഗണിക്കുന്നതിന് ജില്ലാതല ങ്ങളിലായി 258 നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നു കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.